Tuesday, August 25, 2009

സ്വാമിയും റംസാനും

ബാല്യകാലത്തു എത്ര വയസ്സിലായിരുന്നു ആദ്യ നോമ്പ്‌ എന്നത്‌ മറന്നു പോയെങ്കിലും ആദ്യ കാലത്തെ നോമ്പിനോടൊപ്പം ഓർമ്മയിൽ തെളിയുന്നതു സ്വാമിയുടെ മുഖമാണു.സ്വാമിയുടെ ശരിയായ പേരു ശ്രീധരൻ എന്നാണു. അദ്ദേഹം ആലപ്പുഴയിലെ വട്ടപ്പള്ളിയിൽ ഒരു കുടിപ്പള്ളിക്കൂടം നടത്തിയിരുന്നു. നോമ്പു കാലത്തോടൊപ്പം സ്വാമിയും മറക്കാനാവാത്ത ഓർമകളുമായി മനസ്സിൽ കടന്നു വരുന്നു.
സക്കര്യാ ബസ്സാറിലും വട്ടപ്പള്ളിയിലും വൃത കാലത്തു ചായക്കടകളുടെ മുമ്പിൽ ചാക്കു വിരികൾ കെട്ടി മറക്കും.പകൽ ആഹാരം കഴിക്കുന്നതു നാണക്കേടായി കരുതിയിരുന്ന അന്നു പരസ്യമായി പുക വലിക്കുന്നതു പോലും നിഷിദ്ധമായിരുന്നു. ഇതര സമുദായത്തിൽപ്പെട്ടവരും സ്വമനസ്സാലെ ഇതെല്ലാം അംഗീകരിച്ചിരുന്നു. "ഇന്നു നോമ്പു എത്ര ആയി" എന്നു ചോദിച്ചാൽ കൃത്യമായി മറുപടി പറയാൻ സഹോദര സമുദായത്തിൽപ്പെട്ടവർക്കും കഴിഞ്ഞിരുന്ന സുവർണ്ണദിനങ്ങൾ.!
ഞങ്ങൾ ചെറിയ കുട്ടികൾ സെയ്തു പൂക്കോയാ തങ്ങളുടെ മഖാമിൽ നിന്നും നോമ്പു തുറ സൂചിപ്പിക്കുന്ന വെടിയൊച്ചകൾക്കായി കാതോർത്തു നിമിഷങ്ങൾ തള്ളി നീക്കും. ഒരു വേനല്ക്കാലത്തായിരുന്നു അന്ന് നോമ്പു.കഠിനമായ വെയിലിൽ വട്ടപ്പള്ളിയിലെ മണൽ പരപ്പ്‌ കത്തിജ്വലിച്ചു നിന്നപ്പോൾ അതിയായ ദാഹത്താൽ ഞങ്ങൾ കുട്ടികൾ വലഞ്ഞു. റോഡിൽ പലസ്ഥലങ്ങളിലായി സ്ഥാപിച്ചിരുന്ന മുനിസിപ്പാലിറ്റി വക പൈപ്പുകളിൽ നിന്നായിരുന്നു വട്ടപ്പള്ളിയിൽ കുടിവെള്ളം ലഭിച്ചിരുന്നത്‌. നോമ്പു മൂന്നാം ദിവസം പകൽ രണ്ടു മണി കഴിഞ്ഞപ്പോൾ എന്റെ തൊണ്ട വരണ്ടു. ചുണ്ടുകൾ ഉണങ്ങി. വീട്ടിൽ സൂക്ഷിച്ചിരുന്ന വെള്ളം കട്ടു കുടിക്കുന്നതു കണ്ടാൽ അടി ഉറപ്പു. എന്റെ കൂട്ടുകാരൻ ഗഫൂറിനും ഈ അവസ്ഥ തന്നെ ആയിരുന്നു. ഞങ്ങൾ പരസ്പരം നോക്കി.രണ്ടു പേരുടെയും ആഗ്രഹം ഒന്നായിരുന്നെന്നു ഞങ്ങൾ തിരിച്ചറിഞ്ഞു. വട്ടപ്പള്ളിയിലെ പൈപ്പുകളിൽ നിന്നും പകൽ പരസ്യമായി വെള്ളം കുടിക്കുന്നതു കണ്ടാൽ ആൾക്കാർ പരിഹസിക്കും. അവസാനം ഞങ്ങൾ തീരുമാനിച്ചു. ആലിശ്ശേരിയിൽ പോകാം. സഖാവു സുഗതന്റെ കുടുംബ വീടു സ്ഥിതി ചെയ്യുന്ന ആലിശ്ശേരിയിൽ അധികവും ഹിന്ദുക്കളായിരുന്നു താമസിച്ചിരുന്നതു. ഞങ്ങളെ തിരിച്ചറിയാത്ത ആലിശ്ശേരി വാർഡിലെ ഏതെങ്കിലും പൈപ്പിൽ നിന്നും വെള്ളം കുടിക്കാൻ ചുട്ടു പഴുത്ത മണൽ പരപ്പ്‌ താണ്ടി ഞങ്ങൾ പാഞ്ഞു. ആലിശ്ശേരി അമ്പലത്തിലേക്കു തിരിയുന്ന റോഡിൽ സ്ഥാപിച്ചിരുന്ന പൈപ്പിനു സമീപമെത്തി ഗഫൂർ വെള്ളം കുടിക്കാനായി കുനിഞ്ഞു. പെട്ടെന്നു പുറകിൽ നിന്നും "എടാ" എന്നൊരു വിളി. ഞെട്ടി തിരിഞ്ഞു നോക്കിയപ്പോൾ സ്വാമി! ഞങ്ങളുടെ കുടിപ്പള്ളിക്കൂടം വാദ്ധ്യാർ!
അരികിൽ നിന്ന വേലിയിൽ നിന്നും സ്വാമി വടി ഒടിച്ചെടുത്തു ഞങ്ങളുടെ ചന്തിയിൽ രണ്ടു അടി വീതം തന്നു.
"ദൈവ ദോഷം കാണിക്കുന്നോ" സ്വാമി കയർത്തു.
"ഞങ്ങൾ മുഖം കഴുകാൻ പോകുവായിരുന്നു". ഗഫൂർ തടി തപ്പാൻ നോക്കി.
"നോമ്പും പിടിച്ചു കള്ളവും പറയുന്നോ" എന്നായി സ്വാമി.
അടിയുടെ വേദനയേക്കാൾ കുറ്റബോധം എന്നെ കരയിച്ചു.
എന്റെ കണ്ണീർ കണ്ടതു കൊണ്ടാവാം അദ്ദേഹം ശാന്തനായി. എന്റെ തലയിൽ തലോടി.
"കുഞ്ഞുങ്ങളേ! ....നോമ്പു നോമ്പായി തന്നെ പിടിക്കണം; നോമ്പു പിടിക്കുമ്പോൾ തെറ്റു ചെയ്യരുതു കള്ളം പറയരുതു" സ്വാമി പറഞ്ഞു.
പിൽക്കാലത്തു വായിച്ചും പ്രഭാഷണങ്ങൾ ശ്രവിച്ചും ഞാൻ അറിവു നേടി. പക്ഷേ ആ അറിവിനേക്കാളും സ്വാമി തന്ന ഉപദേശം വൃതം അനുഷ്ഠിക്കുമ്പോൾ എന്റെ മനസ്സിൽ മായാതെ നില നിൽക്കുന്നു.

11 comments:

  1. ഒരു വ്യക്തി ജനിക്കുന്നത് അറിവുമായി അല്ല. മറ്റുള്ളവരില്‍ നിന്നാണ് പിന്നെ അറിവ് ലഭിക്കുന്നത്‌ . അത് കൊണ്ടു നമ്മളെക്കാള്‍ മുതര്‍നവരോ ഇളയവരോ പറയുന്ന വാക്കുകള്‍ നല്ലതാണെങ്കില്‍ കേള്‍ക്കുക. നല്ലതാണെങ്കില്‍ മാത്രം.

    ReplyDelete
  2. നല്ല അനുഭവം. ഇന്നത്തെ സ്വാമിമാര്‍ ആസാമിമാര്‍ ആയി പോയത് നമ്മുടെ ശാപം.

    ReplyDelete
  3. നോമ്പു കാല ഓർമ്മകൾ നന്നായി....

    ReplyDelete
  4. തീര്‍ച്ചയായും എന്നും മനസ്സില്‍ സൂക്ഷിക്കാവുന്ന അനുഭവം തന്നെ ഇക്ക.
    നോന്‍പ് ഏത് വരെയായി? ഇപ്പൊ വെള്ളം കുടിക്കണം എന്ന് തോന്നുന്നില്ലല്ലൊ അല്ലെ :)

    ReplyDelete
  5. ജോക്കർ, മനു, ചാണക്യൻ, ഉഗാണ്ടാ രണ്ടാമൻ, അരീക്കോടൻ മാഷ്‌, ജിഷ്ണു, സാപ്പി, വാഴക്കോടൻ, കമന്റിനു നന്ദി.
    വാഴേ! നോൻപു പുരോഗമിക്കുന്നു.നേരം വെളുക്കുന്നതു പത്താം നോൻപു.പിന്നീട്‌ വെള്ളം കുടിക്കാൻ തോന്നിയപ്പോഴെല്ലാം സ്വാമിയുടെ അടി ഓർമ വരും;ഉപദേശവും.

    ReplyDelete
  6. സ്വാമിയുടെ അടി കലക്കി അല്ലെ. ഇപ്പോഴും അതിന്റെ സുഖം ഓര്‍മയില്‍ ഉണ്ടല്ലോ.

    ReplyDelete
  7. നല്ലയൊരോര്‍മക്കു ഭാവുകങ്ങള്‍

    ReplyDelete