Sunday, December 28, 2025

ഒരു ജന്മദിനം കൂടി




 മോനേ!  ഇന്ന് നിന്റെ ജന്മദിനമാണ്

വർഷങ്ങൾക്കപ്പുറം  പ്രകാശമാനമായ  ഒരു ഡിസംബറിന്റെ പകലിൽ നീ ജനിച്ചു. നീ ഇപ്പോൾ ജീവിച്ചിരുന്നു എങ്കിൽ  ഈ ദിവസം നീ ആഘോഷിച്ചേനെ....കാരണം ആ വക കാര്യങ്ങളിൽ നിനക്ക് നല്ല താല്പര്യം ആയിരുന്നല്ലോ.

 ഗുരുതരമായ കിഡ്നി രോഗം നിന്നെയും കൊണ്ട് പോയി. രോഗ പീഢയാൽ ശരിക്കും നീ വേദന തിന്നിരുന്നു. അപ്പോഴും നിന്റെ പ്രസന്ന ഭാവം നീ ഉപേക്ഷിച്ചിരുന്നില്ല എന്ന് ഞാനിപ്പോഴും ഓർക്കുന്നു.

ജീവിതമേ നിനക്ക്  തമാശയായിരുന്നല്ലോ.

ഏതെല്ലാം മേഖലയിൽ നീ കൈവെച്ചു. കമ്പ്യൂട്ടർ ഹാർഡ്വെയറിൽ നീ ആചാര്യനായിരുന്നു. കുട്ടികളുടെ സിനിമ നിർമ്മിച്ചു. എല്ലാം പരാജയപ്പെട്ടെന്നു മാത്രം. അപ്പോഴും നിനക്ക് ഒരു വിഷമവും കണ്ടില്ല. അതോ ദുഖം ഉള്ളിൽ ഉണ്ടായിരുന്നോ? നീ അതൊന്നും പറയാറില്ലായിരുന്നു.

എന്റെ വഴക്ക് കേട്ടില്ലെങ്കിൽ നിനക്ക് ഉറക്കം വരില്ലായിരുന്നു. നിന്നെ വഴക്ക് പറഞ്ഞില്ലെങ്കിൽ എനിക്കും  ഉറക്കം ഇല്ല. 

എല്ലാം അവസാനിപ്പിച്ച് നീ ഇപ്പോൾ കൊട്ടാരക്കര പള്ളി  പറമ്പിൽ  കാടു മൂടിയ  ആ മൂലയിൽ ഒരു കുഴിമാടത്തിൽ  ഉറങ്ങുകയാണ്. എന്നും വാപ്പാ  ആ മൂലയിലേക്ക് കണ്ണിമക്കാതെ നോക്കി നിൽക്കും. നീ അവിടെ ഉണ്ട് എന്ന ഓർമ്മ മനസ്സിൽ വരുമ്പോൾ വല്ലാത്ത വീർപ്പ് മുട്ടൽ ഉള്ളിലുണ്ടാകുന്നു.

ആ വീർപ്പ് മുട്ടൽ ആരിലേക്കെങ്കിലും പകരുവാൻ ഈ കുറിപ്പുകൾ  നിമിത്തമാകട്ടെ....

Saturday, December 27, 2025

കോൺഗ്രസ്സ്കാരേ!നിങ്ങൾക്ക് ഹാ! കഷ്ടം...

 കോൺഗ്രസ്സ്കാരേ!  നിങ്ങൾക്ക് ഹാ കഷ്ടം....

സോപ്പിട്ട് കഴുകിയാൽ പുള്ളി പുലിയുടെ പുള്ളി മായുമോ? നിങ്ങളുടെ തമ്മിൽ തല്ല് സ്വഭാവം മാറാനേ പോകുന്നില്ല. 10 വർഷം അധികാരത്തിന് പുറത്ത് നിന്നിട്ടും നിങ്ങൾ പഠിക്കുന്നില്ലല്ലോ?!

 ഇന്ന് രാവിലെ പത്രം എടുത്തപ്പോൾ കണ്ട  വാർത്തകളിലൂടെ കണ്ണോടിച്ചപ്പോൾ എന്റെ മനസ്സിൽ ഉണ്ടായ തോന്നലാണ് ഞാൻ പറഞ്ഞത്.

കോർപ്പറേഷൻ മേയർ സ്ഥാനം പാർട്ടിയുടെ നിലനിൽപ്പിനേക്കാളും മുകളിൽ അത്രയും കൊതിപ്പിക്കുന്നതാണോ?

കൊച്ചി,  തൃശൂർ മേയർതെരഞ്ഞെടുപ്പിലുണ്ടായ  അധികാര വടം വലി.....സിനിമാ കഥയേക്കാളും വെല്ലുന്നതാണ്. അധികാരത്തിന് വേണ്ടി എന്ത് കുണ്ടാമണ്ടികളും ഒപ്പിക്കും.

മേയറുടെ കുപ്പായവും ഇട്ട് മേയർ എന്ന ബോർഡുള്ള കാറിൽ  ആ ഞെളിഞ്ഞിരിപ്പ്...ഹോ അതൊരു സുഖമാണേ....ഫൂ....

നിങ്ങൾക്കറിയാമോ കോൺഗ്രസ്സേ! കഴിഞ്ഞ തദ്ദേശ ഭരണ തെരഞ്ഞെടുപ്പിൽ  ജനം നിങ്ങൾക്കൊപ്പം നിന്നത്  നിങ്ങളെ അത്രക്കങ്ങ് ഇഷ്ടമായിട്ടല്ല. വേറെ നിവർത്തി ഇല്ലാഞ്ഞിട്ടാണ്. കേരള സമൂഹത്തിന്റെ മനസ്സിന് ചേരത്തക്കവിധം മറ്റൊരു കക്ഷി ഇവിടെ വളർന്നിട്ടുമില്ല. അത് കൊണ്ട് തമ്മിൽ ഭേദം തൊമ്മൻ എന്ന്  ചിന്തിച്ച് നിങ്ങൾക്ക് കുത്തി. പിന്നെ കുറേ കൊല്ലമായല്ലോ നിങ്ങൾ പുറത്ത് നിൽക്കാൻ തുടങ്ങിയിട്ട്....ഒരു പക്ഷേ വെന്ത് പരുവമായിട്ടുണ്ടെന്ന് കരുതി ...എവിടെന്ന്!!! 

നിങ്ങൾ നന്നാവൂല്ലാ.... ചുരുക്കം ചില സ്ഥലങ്ങൾ ഒഴികെ  ബാക്കി എല്ലാ സംസ്ഥാനങ്ങളിലും ഭരണത്തിലിരുന്ന നിങ്ങളുടെ അവസ്ഥ ഇന്നെന്താണെന്ന്  അൽപ്പമെങ്കിലും  തിരിച്ചറിഞ്ഞിരുന്നെങ്കിൽ  ഈ അടി പിടിക്ക് ഇറങ്ങി തിരിക്കില്ലായിരുന്നു കട്ടായം...

നിയമ സഭാ തെരഞ്ഞെടുപ്പ് ദാ ഇങ്ങെത്തി. ജനം ഒലത്തി തരും വായും പിളർന്നിരുന്നോ...എല്ലാം കാണുകയും മനസ്സിലാക്കുകയും  ചെയ്യുന്നവരാണ് മലയാളിലളെന്ന തിരിച്ചറിവോടെ  ഇനിയുള്ള സമയം ജീവിച്ചാൽ നിങ്ങൾക്കും നല്ലത് ഈ നാടിനും നല്ലത്....

Monday, December 8, 2025

അനവസരത്തിൽ ഡി.ജി.പി.

 ദിലീപ് കേസിൽ  വിധി വന്ന് 15 മിനിട്ടിനുള്ളിൽ മീഡിയാ വൺ ചാനൽ  മുൻ ഡി.ജി.പി. ആസിഫ് അലിയുടെതായ അഭിമുഖം  പ്രക്ഷേപണം ചെയ്തു.

വിധിന്യായാത്തിലുൾക്കൊള്ളിച്ചതായി  അദ്ദേഹം അവകാശപ്പെട്ട എക്സിബിറ്റിലെ കത്തുകൾ അദ്ദേഹം തന്നെ വായിക്കുകയും  ജഡ്ജിക്ക്  തെറ്റ് പറ്റിയെന്ന് ഉച്ചത്തിൽ  ഘോഷിക്കുകയും ചെയ്തു.

അപ്പോൾ വിധിനായത്തിന്റെ പൂർണ രൂപം പുറത്ത് വരാൻ സമയമായിട്ടില്ല. ജഡ്ജ്മെന്റ് പൂർണ രൂപത്തിൽ പുറത്ത് വരികയും അത് വായിച്ച് വില ഇരുത്തിയതിന് ശേഷം  അപ്രകാരം ഒരു അഭിപ്രായം പഴയ സർക്കാരിന്റെ ഡി.ജി.പി. ഇപ്രകാരം പ്രതികരിക്കുകയും ചെയ്താൽ അതിന് ന്യായീകരണമുണ്ട്. ജഡ്ജ്മെന്റിനെ നിരൂപണം ചെയ്യാൻ  പൗരന് അവകാശം ഉണ്ട്. അതോടൊപ്പം ജഡ്ജിനെ വ്യക്തിപരമായി കുറ്റപ്പെടുത്താൻ  ആർക്കും അവകാശവുമില്ല.

ഏത് ന്യായാധിപനും  തെറ്റ് പറ്റും.  അത് ചൂണ്ടിക്കാണിച്ച് അപ്പീൽ കോടതികളിൽ പോകാം. അല്ലാതെ  ഇന്ന് ആസിഫലി  ചെയ്തത് പോലെയുള്ള ശരീര ഭാഷയിൽ ആക്രോശിച്ചാൽ ആ  തരത്തിലുള്ള പ്രതികരണം  കാരണം ഹാനി സംഭവിക്കുന്നത് നീതി ന്യായ  വ്യവസ്ഥക്കാണെന്ന്  തിരിച്ചറിയേണ്ടത് വക്കീലന്മാരാണ്.

ഒരു കേസിൽ എന്റെ താല്പര്യപ്രകാരം ഞാൻ ഉദ്ദേശിച്ച രീതിയിലെ വിധി വരണമെന്ന്  ബന്ധപ്പെട്ടവർക്കോ  ഫെമിനിസ്റ്റുകൾക്കോ ഇതര സ്ത്രീ പക്ഷ വാദികൾക്കോ  ആഗ്രഹിക്കാനും അപ്രകാരമൊരു വിധി വന്നില്ലെങ്കിൽ  വായിൽ തോന്നിയത്  പ്രതികരിക്കാനും  കഴിഞ്ഞേക്കാം.  പക്ഷേ അത് പോലെ ഒരു അഭിഭാഷകൻ  പ്രതികരിക്കുന്നത് ഒട്ടും ഭൂഷണമല്ല. മുൻ ഡി.ജി.പിയോടൊപ്പം മറ്റൊരു അഭിഭാഷകനും തൽസമയം പ്രതികരിച്ചിരുന്നത് എത്ര സംയമനത്തോടെയായിരുന്നു. അദ്ദേഹം പറഞ്ഞു ജഡ്ജ്മെന്റ് പുരത്ത് വരട്ടെ അത് വായിച്ചതിന് ശേഷം ഗൂഡാലോചന ആരോപണം എങ്ങിനെ തള്ളിയെന്ന കണ്ടെത്തൽ ശരിയോ തെറ്റോ എന്ന്  പ്രത്കർക്കാമെന്ന്. 

അതല്ലേ ശരി. അതായിരിക്കണം ശരി. അല്ലാതെ  മുൻ ഡിജി.പി.യാണെന്ന് പറഞ്ഞ്  ആവേശം കാട്ടരുതേ സാറേ!.

Friday, December 5, 2025

കാക്ക ചതിക്കപ്പെടുന്നു....

വഞ്ചിക്കപ്പെട്ട പുരുഷന്മാരെ  മനസ്സിൽ  പ്രതിഷ്ഠിച്ച് പണ്ട് എപ്പോഴോ എഴുതി പ്രസിദ്ധീകരിച്ച ഈ കഥ  ഒന്നു കൂടി പോസ്റ്റ് ചെയ്യുന്നു.

കാക്ക ചതിക്കപ്പെടുന്നു.

കിളിച്ചുണ്ടൻ മാവിന്റെ കൊമ്പിലിരുന്നു കുയിൽ കുഞ്ഞു വികൃത സ്വരത്തിൽ കരയുന്നതും കാക്ക തന്റെ ചുണ്ടിലെ തീറ്റ അതിന്റെ വായിൽ വെച്ചു കൊടുക്കുന്നതും അവൾ നോക്കി നിന്നു.

എത്രയോ നേരമായി താനിതു ശ്രദ്ധിക്കുന്നു.
 മനസ്സിലെ അസഹിഷ്ണത മുഖത്തു പ്രകടമായതു കൊണ്ടാവാം ഭർത്താവു ചോദിച്ചു:-
"എന്താ മാലിനീ നിനക്കൊരു വല്ലായ്മ.."

അവൾ മറുപടി പറയാതെ ദൂരെ കളിച്ചു കൊണ്ടിരുന്ന മകനെ ശ്രദ്ധിച്ചു.
രണ്ടു വയസ്സുകാരൻ മകൻ മരക്കുതിരയിൽ ആടുകയാണു.

പന്തു കളിച്ചു കൊണ്ടിരുന്ന അഛനും മകനും എപ്പോഴാണു കളി നിർത്തിയതെന്നോ മകൻ മരക്കുതിരയിൽ കയറി ഇരുന്നതെപ്പോഴെന്നോ അവൾ അറിഞ്ഞതേയില്ല. കരയുന്ന കുയിൽ കുഞ്ഞിനെയും അതിനു തീറ്റി കൊടുക്കുന്ന കാക്കയെയുമായിരുന്നു കുറേ നേരമായി അവൾ ശ്രദ്ധിച്ചിരുന്നതു.
മുഖത്തെ അസഹിഷ്ണത മാറ്റാനും ഭർത്താവിനെ നോക്കി ചിരിക്കാനും അവൾ ശ്രമിച്ചു.
"പഠനകാലത്തു കവിയത്രി ആയിരുന്നു എന്നതു കൊണ്ടു ഇപ്പോഴും പൂവിനും പക്ഷികൾക്കും പുറകെ നടന്നാൽ മോനെ ശ്രദ്ധിക്കാൻ പറ്റുമോ?"

അയാളുടെ സ്വരത്തിൽ പരിഭവം പുരണ്ടിരുന്നതായി അവൾ സം ശയിച്ചു.

മരകുതിരയുടെ സമീപത്തു ചെന്നു ഭര്‍ത്താവ് മകനെ എടുത്തു തോളിൽ വെയ്ക്കുന്നതും കണ്ണാടിക്കൂട്ടിലെ സ്വർണ്ണ മൽസ്യത്തെ ചൂണ്ടിക്കാണിക്കുന്നതും അവൾ കൗതുകത്തോടെ നോക്കി നിന്നു.
ഒരു ഒഴിവു ദിവസം കിട്ടിയാൽ അഛൻ മകന്റെ അരികിൽ നിന്നും മാറില്ല. അഛനു മകനെ ജീവനാണു.

കുയിൽ കുഞ്ഞു വീണ്ടും കരഞ്ഞപ്പോൾ അവൾ മാവിന്റെ കൊമ്പിൽ നോക്കി.

 ഇപ്പോൾ കാക്ക അരികിലില്ല.

എന്തൊരു ശബ്ദമാണു ഈ ജീവിയുടേതു. അവൾ അരിശത്തോടെ ചിന്തിച്ചു. കാക്കയുടേതുമല്ല കുയിലിന്റേതുമല്ലത്ത സ്വരം.
ആഹാരത്തിനു ആർത്തി കാണിക്കുന്ന സത്വം. കയ്യിലൊരു കല്ലു വേണമെന്നും കുയിൽ കുഞ്ഞിനെ എറിഞ്ഞു കൊല്ലണമെന്നും അവൾ ആഗ്രഹിച്ചു.

തനിക്കെന്തു പറ്റിയെന്നും ഈ വിധത്തിൽ തനിക്കു ചിന്തിക്കാൻ കഴിയുന്നതെങ്ങിനെയെന്നും അവൾ അതിശയിക്കുകയും ചെയ്തു.

എന്താണു തന്റെ അസഹിഷ്ണതയുടെ കാരണമെന്നു തിരിച്ചറിഞ്ഞപ്പോൾ ഉണ്ടായ ഞെട്ടൽ ഭർത്താവിൽ നിന്നും മറച്ചു വെക്കാണുള്ള ശ്രമത്തിലായി അവൾ.
ഇപ്പോൾ കുയിൽ കുഞ്ഞു നിശ്ശബ്ദനാണു. അതു ആണോ പെണ്ണോ എന്നറിഞ്ഞിരുന്നെങ്കിലെന്നു അവൾ കൊതിച്ചു.അതിന്റെ മാതാ പിതാക്കൾ എവിടെ പോയി.
അടുത്ത പുരയിടത്തിൽ പടർന്നു പന്തലിച്ചു നിൽക്കുന്ന ആൽമരത്തിലിരുന്നു ഒരു പക്ഷേ അവർ തങ്ങളുടെ കുഞ്ഞിനെ ഒളിഞ്ഞു നോക്കുന്നുണ്ടാകാം
അവരുടെ കുഞ്ഞിനെ കാക്ക പൊൻ കുഞ്ഞായി വളർത്തുമെന്നു അവർക്കറിയാം.

മഞ്ഞ വെയിൽ പ്രകാശം പരത്തിയ ഒരു സായാഹ്നത്തിൽ കിളിച്ചുണ്ടൻ മാവിന്റെ തുഞ്ചാണി കൊമ്പത്തു കൂടു കെട്ടാൻ കാക്ക ഒരുക്കങ്ങൾ നടത്തുന്നതു അവൾ കണ്ടിരുന്നു. ചുണ്ടിൽ ചില്ലകളും നാരുമായി കാക്ക ദമ്പതികൾ മാറി മാറി പറന്നു വന്നു. കൂടു പൂർത്തിയായതിനു ശേഷം ഒരു കാക്ക (അതു ഭാര്യയോ ഭർത്താവോ എന്നറിയില്ല)ചുണ്ടിൽ പഞ്ഞി തുണ്ടുമായി പറന്നു വന്നു കൂടിനുള്ളിൽ പഞ്ഞി താഴ്ത്തി വെയ്ക്കുന്നതും അവൾ കണ്ടു.

വീട്ടുജോലികൾ ചെയ്യാൻ വേലക്കാർ ധാരാളം ഉള്ളതിനാൽ ഈ വക കാര്യങ്ങൾ ശ്രദ്ധിച്ചായിരുന്നല്ലോ അവൾ സമയം ചെലവഴിച്ചിരുന്നതു.
മകൻ എല്ലാ നേരവും ആയയുമായി കഴിഞ്ഞു

പൂവിലും പൂനിലാവിലും തുമ്പിയിലും തുമ്പപ്പൂവിലുമായിരുന്നു ബാല്യം മുതൽ തന്റെ താൽപര്യം.
 പ്രപഞ്ചമാകെ സ്നേഹം നിറഞ്ഞു നിൽക്കുന്നു എന്നും താനൊരു പ്രേമഗായികയാണെന്നും അവൾ വിശ്വസിച്ചു. കോളേജിൽ "പ്രേമഭിക്ഷുകി" എന്ന ഓമനപ്പേരു വീണപ്പോൾ അവൾക്കു നാണം തോന്നിയില്ല. കവിയരങ്ങിൽ പരിചയപ്പെട്ട കവിയുമായി ആരംഭിച്ച പരിശുദ്ധ സ്നേഹം ഹോട്ടൽ മുറിയിൽ കവിയാൽ വിവസ്ത്രയാക്കപ്പെട്ടതിനു ശേഷം അവസാനിച്ചപ്പോൾ അവൾക്കു വേദനയും തോന്നിയില്ല.
"നീ ഈ ലോകത്തു ഉണ്ടോ?!" ഭർത്താവിന്റെ ശബ്ദം അവളെ ഭയപ്പെടുത്തി. താൻ അയാളെ ഭയക്കുന്നു എന്നവൾ തിരിച്ചറിഞ്ഞു.

തന്റെ ശരീരത്തിൽ ചാരി നിന്നു തന്നെ നോക്കി ചിരിക്കുന്ന മകന്റെ ചുരുണ്ട തലമുടിയിലൂടെ വിരലോടിക്കുമ്പോൾ അവൾ മാവിൻ കൊമ്പിൽ ഒളിഞ്ഞു നോക്കി.
കുയിൽ കുഞ്ഞിനെ കാണാനില്ല. ആ ജീവി ഇനി ശബ്ദിക്കാതിരുന്നെങ്കിൽ സ്വസ്ഥത കിട്ടിയേനെ എന്നവൾ കരുതി.
കല്യാണം കഴിഞ്ഞു എട്ടാം മാസം താൻ പ്രസവിച്ചപ്പോൾ മാസം തികയാതെ ജനിച്ച കുഞ്ഞിനെ ജീവനോടെ കിട്ടുമോ എന്നായിരുന്നു ഭർത്താവിന്റെ ഭയം. കമ്പിളി തുണിയിൽ പൊതിഞ്ഞ കുഞ്ഞിന്റെ ആരോഗ്യ നില തൃപ്തികരമാണെന്നു ഡോക്റ്റർ പറഞ്ഞപ്പോൾ ആ മുഖത്തെ സന്തോഷം കാണേണ്ടതു തന്നെയായിരുന്നു.

"കഥയോ കഥകളിയോ സ്വപ്നം കണ്ടു നീ ഇവിടെ ഇരുന്നോളൂ ഞാനും മോനും കുറച്ചു നേരം കൂടി കളിക്കട്ടെ" എന്നും പറഞ്ഞു അയാൾ മകന്റെ കുഞ്ഞി കയ്യിൽ പിടിച്ചു പുൽതകിടിയിലൂടെ നടന്നു പോകുന്നതും മകൻ കൊഞ്ചലോടെ അഛനുമായി വർത്തമാനം പറയുന്നതും അവൾ നോക്കി നിന്നു.

കാക്കയുടെ ശബ്ദം അവളെ മാവിൻ കൊമ്പിലേക്കു വീണ്ടും നോക്കാൻ പ്രേരിപ്പിച്ചു. കുയിൽ കുഞ്ഞിന്റെ കരച്ചിലും കേട്ടു.പൊളിഞ്ഞു പോയ കാക്കകൂടിനു സമീപമാണു ഇപ്പോൾ അതിനെ കണ്ടതു.

മാസങ്ങൾക്കു മുമ്പു കാക്ക അതിന്റെ കൂടു കെട്ടുമ്പോൾ അടുത്ത പുരയിടത്തിലെ ആൽമരത്തിൽ പുലർ കാലത്തും സായാഹ്നത്തിലും കുയിൽ ഇണയെ വിളിച്ച്‌ നീട്ടി പാടുന്നതു അവൾ ശ്രദ്ധിച്ചിരുന്നു.മറ്റൊരു ദിവസം കാക്ക ഇല്ലാതിരുന്ന നേരം കാക്കയുടെ കൂട്ടിൽ നിന്നും കുയിൽ പറന്നു പോകുന്നതും അവൾ കണ്ടിരുന്നു. കാക്ക അറിയാതെ കുയില്‍ അതിന്റെ കൂട്ടിൽ മുട്ടയിട്ടു കാണുമെന്നു അവൾക്കു മനസ്സിലായി.

പാവം കാക്ക തന്റെ കുഞ്ഞാണെന്നു കരുതി കുയിൽ കുഞ്ഞിനു കൊക്കിൽ തീറ്റ കൊണ്ടു വന്നു കൊടുക്കുന്നു.അടങ്ങാത്ത ആർത്തിയോടെ ആ ജീവി അതു വിഴുങ്ങുന്നതും കാക്ക അതു നോക്കി ഇരിക്കുന്നതും മാവിൻ ചില്ലകൾക്കിടയിലൂടെ അവൾ കണ്ടു.

പാവം കാക്ക. അവളുടെ മനസ്സു മന്ത്രിച്ചു.

"കാക്കേ അതു നിന്റെ കുഞ്ഞല്ല, കുയിലിന്റെ കുഞ്ഞാണു" എന്നു കാക്കയോടു വിളിച്ചു കൂവാൻ അവൾ ആഗ്രഹിച്ചു.

സഫലമാകാത്ത താണു തന്റെ ആഗ്രഹമെന്നും കാക്ക നിരന്തരം വഞ്ചിക്കപ്പെടുക തന്നെ ചെയ്യുമെന്നും ചിന്തിച്ചപ്പോൽ അവളുടെ കണ്ണുകൾ ഈറനായി.

"സ്വപ്നം കണ്ടു നീ കരയാനും തുടങ്ങിയോ" എന്നു ചോദിച്ചു ഉൽക്കണ്ഠയോടെ തന്നെ നോക്കി നിൽക്കുന്നതു തന്റെ ഭർത്താവല്ലെന്നും ആ കാക്കയാണെന്നും അയാളുടെ തോളിൽ തല ചായ്ച്ചു ഉറങ്ങുന്ന തന്റെ മകനു കുയിൽ കുഞ്ഞിന്റെ ഛായ ഉണ്ടെന്നും അവൾക്കു തോന്നിയപ്പോൾ അവൾ പൊട്ടിക്കരഞ്ഞു കൊണ്ടു അയാളുടെ നെഞ്ചിൽ മുഖം അമർത്തി.

"എന്തു പറ്റിയെടോ തനിക്കു" എന്ന അയാളുടെ ചോദ്യത്തിനു ഉത്തരം നൽകാൻ അവൾക്കു കഴിയാത്തതിനാൽ ആ മാറിൽ മുഖം അമർത്തി നിന്നു "എന്റെ കാക്കേ പ്രിയപ്പെട്ട കാക്കേ" എന്നു മാത്രം അവൾ മന്ത്രിച്ചു.

(മാക്സിയും ബെർമൂഡായും എന്ന എന്റെ പുസ്തകത്തിൽ ഈ കഥ ചേർത്തിരുന്നു)