ഇടവഴിയിൽ നിന്ന് മതിലിനപ്പുറമുള്ള ആ രണ്ട് നില വീടിനെ ഞാൻ കണ്ണിമക്കാതെ നോക്കി നിന്നു. മനസ്സ് വല്ലാതെ തുടിച്ചു. ഓർമ്മകൾ ഇരമ്പി എത്തുന്നു.
അത് ഞാൻ കളിച്ച് വളർന്ന വീടാണ്. ഈ രണ്ട് നില കെട്ടിടം അല്ല. ഈ വീട് ഇരിക്കുന്ന സ്ഥലത്ത് പണ്ട് ഉണ്ടായിരുന്ന ഒരു വീട്.
അതിന്റെ തൊട്ടടുത്ത് ഉണ്ടായിരുന്ന ഒരു ചെറിയ വീടിനെയും ഈ വീടിനെയും വേർ തിരിച്ച് വേലി ഉണ്ടായിരുന്നു. ആ വേലിയുടെ കിഴക്ക് ഭാഗത്ത് പലപ്പോഴും വള കിലുങ്ങിയിരുന്നു. ചെറുപ്പം മുതൽ കളിച്ച് വളർന്ന കൗമാരക്കാരായ ഒരു ആണും പെണ്ണും അവിടുണ്ടായിരുന്നു. വേലി പ്പഴുതിലൂടെ മുല്ലപ്പൂവിന്റെ ചെറിയ പൊതികൾ അവന് അവൾ എറിഞ്ഞ് കൊടുത്തിരുന്നു. അവന് മുല്ലപ്പൂ വളരെ ഇഷ്ടമായിരുന്നെന്ന് അവൾക്ക് അറിയാമായിരുന്നല്ലോ. വിശന്ന് തളർന്നിരിക്കുന്ന അവന് ചിലപ്പോൾ അവൾക്ക് കിട്ടുന്ന ആഹാരം അവൾ കഴിക്കാതെ അവന് കൈമാറാൻ മടിക്കാത്ത വിധം അവൾക്ക് അവനോടുള്ള സ്നേഹം അഗാധമായിരുന്നല്ലോ.
ഭൂമിയിലാകെ പാൽ നിലാവ് പരന്നൊഴുകിയ പൗർണമികളിൽ അവർ വേലിക്കപ്പുറമിപ്പുറം നിന്ന് പതുക്കെ സംസാരിച്ചു. അന്തരീക്ഷമാകെ വെണ്ണിലാവിന്റെ പ്രഭയിൽ കുളിക്കുന്നത് കണ്ട് മനസ്സിലേക്ക് ആ നിലാവിനെ ആവാഹിച്ച് മുറ്റത്തെ മണലിൽ അവൻ നിലാവിനെ നോക്കി മലർന്ന് കിടക്കും.അപ്പോഴാണ് വേലിക്കൽ നിലാവുദിച്ചെന്ന് വള കിലുക്കം കൊണ്ട് മനസ്സിലാകുന്നതും വേലിക്കപ്പുറവും ഇപ്പുറവും നിന്ന് സംസാരിക്കാൻ ഓടി പോകുന്നതും.
പിന്നെയും പൂർണ ചന്ദ്രൻ പലതവണകളിൽ വന്ന് പോയി. ഈ പ്രണയത്തിന്റെ തീവൃത വീട്ടിൽ എങ്ങിനെയോ അറിഞ്ഞത് കൊണ്ടാണോ എന്തോ പരീക്ഷാ ഫലം വന്നതിന് ശേഷം ഒരു പരിചയക്കാരനുമായി ഉപജീവനാർത്ഥം മലബാറിൽ പോകുന്നതിൽ വീട്ടിൽ മാതാപിതാക്കൾ തടസ്സം പറഞ്ഞില്ല. അവരുടെ നിസ്സംഗത അന്ന് എനിക്ക് അതിശയമായിരുന്നു. ഞാൻ വീട് വിട്ട് ദൂരെ പോകുന്നതിൽ അവർ എന്ത് കൊണ്ട് തടസ്സം നിന്നില്ലാ....!!!?
പക്ഷേ പിന്നീട് ഞാൻ സത്യം തിരിച്ചറിഞ്ഞു. കൗമാര പ്രണയത്തിൽ നിന്നും ഞാൻ രക്ഷപെടട്ടേയെന്ന് അവർ കരുതിക്കാണണം.
പക്ഷേ കൗമാര പ്രണയത്തിന്റെ സ്മരണകളിൽ നിന്നും ഞാൻ രക്ഷപെട്ടോ? എത്രയോ വസന്തങ്ങളും വർഷങ്ങളും വെണ്ണിലാവും വന്ന് പോയി. ഓർമ്മകൾക്ക് മരണമില്ലല്ലോ.
ഇന്ന് ഞാൻ വളർന്ന ആ വീട് അന്യ കൈവശമാണ്. ആ വീട്ടിൽ ആ മണ്ണീൽ നിലാവിനെ നോക്കി പഴയ ഓർമ്മകളിൽ മുഴുകി കുറേ നേരം ഇരിക്കാൻ എന്നും ഞാൻ കൊതിക്കും ഒരിക്കലും സഫലമാകാത്ത ആഗ്രഹം. അത് വിലക്ക് വാങ്ങാൻ എന്നെ കൊണ്ടാവില്ല. അന്നത്തെ ആ കൗമാരക്കാരി, പിന്നീട് ഭാര്യയായി ഉമ്മയായി ഉമ്മൂമ്മയായി എവിടെയോ കഴിയുന്നു. അവൾ പണ്ട് താമസിച്ചിരുന്ന ആ കുടിലിന്റെ സ്ഥാനത്തും ഒരു വലിയ വീട്. അവൾ എവിടെയാണോ ആവോ.
കൗമാര പ്രണയത്തിൽ അകപ്പെട്ട ആർക്കാണ് ആ കാലത്തെ ഓർമ്മകൾ മറക്കാൻ സാധിക്കുന്നത്? ആണായാലും പെണ്ണായാലും അവർക്കെല്ലാം ഇണകളും സന്തതികളും അവരുടെ സന്തതികളും ഉണ്ടായാലും, എത്രയെത്ര കാലം കടന്ന് പോയാലും സ്മരണകൾ എന്നും അവരുടെ മനസ്സിൽ നിലാവ് നിറച്ച് കൊണ്ടേ ഇരിക്കും.
ഈ തവണ ഓണക്കാലം കൊട്ടാരക്കരയിൽ നിന്നും ആലപ്പുഴയിൽ പോകാമെന്ന് തീരുമാനിച്ചു. ഓർമ്മകളെ താലോലിക്കാനും പഴയ വീടുകളും സ്ഥലങ്ങളും കളിക്കൂട്ടുകാരെയും കാണാൻ വലിയ ആഗ്രഹം. ഭാര്യയും മക്കളും സമ്മതിച്ചു. എത്രയോ വർഷങ്ങളായി ഓണക്കാലത്ത് കൊട്ടാരക്കര വിട്ട് മറ്റെവിടെയും പോയിട്ടില്ല.
ആലപ്പുഴയിൽ ഞാൻ കളിച്ച് വളർന്ന മുസ്ലിം ഭൂരിപക്ഷ പ്രദേശമായ വട്ടപ്പള്ളിയിൽ ഓണാ ഘോഷമില്ല. എന്നാൽ ഞങ്ങളുടെ വീടിന്റെ കിഴക്ക് ഭാഗം കുറച്ച് ഹിന്ദു വീടുകളിൽ ഓണം അതിന്റെ പൂർണ രൂപത്തിൽ ആഘോഷിച്ചിരുന്നു. ഓണ നാളുകളിൽ ഞാൻ അവിടെ ഊഞ്ഞാലാടാനും മറ്റ് കളികളിൽ ഏർപ്പെടാനും പോയിരുന്നു. അവിടെ ഉണ്ടായിരുന്ന സ്വാമി എന്ന് വിളിക്കപ്പെടുന്ന എന്റെ ഗുരുനാഥനും വാസു ചേട്ടനും രാധ ചേച്ചിയും രമണിക്കും രവി അണ്ണനും സരള ചേച്ചിക്കും രാജിക്കും എന്നോട് വലിയ സ്നേഹമായിരുന്നു. ഈ യാത്രയിൽ ആ പ്രദേശത്ത് പോകാനും അവരെയെല്ലാം കാണാനും ഉദ്ദേശിച്ചിരുന്നു.
അവിടെ എത്തിയപ്പോൾ ഞാൻ വല്ലാതെ നിരാശനായി. അന്നത്തെ ഒരു വീടുമില്ല. എല്ലാം പുതിയ കെട്ടിടങ്ങൾ. ഊഞ്ഞാലാടിയ ആ പറമ്പുമില്ല കളിച്ചിരുന്ന ഇടങ്ങളുമില്ല. ആ ആൾക്കാരും ഇല്ല. പലരും മരിച്ചു. പലരും സ്ഥലം മാറി പോയി. കളിക്കൂട്ടുകാർ ആരുമില്ല. അവിടെ ഉള്ളവർ എന്നെ അപരിചിതനെ പോലെ നോക്കി. അതേ! എത്രയോ വർഷങ്ങൾക്ക് മുമ്പ് അവിടം വിട്ട ഞാൻ അവർക്ക് അപരിചിതൻ തന്നെയാണല്ലോ.
എന്റെ ദുഖം കുടുംബാംഗങ്ങൾക്ക് മനസ്സിലായി. ഞങ്ങൾ നടന്ന് റോഡിൽ ഇറങ്ങിയപ്പോൾ ഞാൻ ഒന്ന് ആ ഇടവഴിയിലേക്ക് തിരിഞ്ഞ് നോക്കി. ഒരു കാലത്ത് എന്റെ എല്ലാമെല്ലാമായിരുന്നതും ഇപ്പോൾ ഒന്നുമല്ലാത്തതുമായ ആ വഴിയും എന്നെ മറന്ന് കാണൂം