Friday, May 30, 2025

ഓർമ്മയിലെ കടലാസ്സ് തോണി

 മഴ കോരി ചൊരിയുന്നു.

മഴ വെള്ളം റോഡരികിലൂടെ  പാഞ്ഞൊഴുകി  പോകുന്നത് ഞാൻ കണ്ണിമക്കാതെ നോക്കി നിന്നു.

ആലപ്പുഴ ലജനത്ത്  മാർക്കറ്റിന് സമീപം  കട  വരാന്തയിൽ നിൽക്കുകയാണ് ഞാൻ.

എന്റെ സ്നേഹിതന്റെ മകന് ആലപ്പുഴ കോടതിയിൽ ഒരു കേസുണ്ട്. ആ കേസിന്റെ നടപടികൾക്കായി സ്നേഹിതനോടൊപ്പം  ആലപ്പുഴയിൽ വന്ന ഞാൻ യാദൃശ്ചികമായാണ് ലജനത്ത് മാർക്കറ്റിന് സമീപം വന്ന് പെട്ടത്.

 തുള്ളിക്കൊരു കുടം പെയ്ത് കൊണ്ടിരിക്കുന്ന  മഴ സൃഷ്ടിച്ച വെള്ള ചാലിൽ നോക്കി നിൽക്കവേ ആ ചാലിന് സമീപം  8 വയസ്സുള്ള ഒരു പയ്യനെ ഞാൻ കണ്ടു. 

വെളുത്ത് മെലിഞ്ഞ ഒരു പയ്യൻ.  അവൻ  കടലാസ് വഞ്ചി ഉണ്ടാക്കി ആ  വെള്ളത്തിൽ ഇറക്കി അതിന്റെ പാച്ചിൽ കണ്ട് സന്തോഷിച്ച് നിൽക്കുകയായിരുന്നു.

അത് ഞാനായിരുന്നു. അനേകമനേകം വർഷങ്ങൾക്ക് മുമ്പുള്ള ഞാൻ.

 അവിടെ നിൽക്കുന്ന കട മുറികളിൽ  ഒന്നിലെ ചിട്ടി ആഫീസിൽ വാപ്പാക് ജോലി ഉണ്ടായിരുന്നു. സ്കൂൾ അവധികളിൽ ഉമ്മ എന്നെ വാപ്പാ ജോലി ചെയ്യുന്ന ചിട്ടി ആഫീസിലേക്ക് പറഞ്ഞ് വിടുമെന്നതിനാൽ ബാല്യകാലം പലപ്പോഴും ആ ചിട്ടി ആഫീസിൽ കഴിച്ച് കൂട്ടേണ്ടി വന്നിരുന്നു.

വീട്ടിലെ കുസൃതികൾ കാരണം  ശല്യം ഒഴിവാക്കാനും   വിശക്കുന്നേ എന്ന എന്റെ മുറവിളിയിൽ നിന്നും രക്ഷപെടാനുമായി ഉമ്മ കണ്ടെത്തിയ ആ ഉപായത്താൽ   ഒരു തടവ് പുള്ളിയെ പോലെ എനിക്ക് അവിടെ കഴിയേണ്ടി വന്നു.  രാത്രി ഏറെ ചെന്നാണ് ആ കാലത്ത് വല്ലതും വിശപ്പിന് കിട്ടിയിരുന്നത്.

ആ കാലത്തെ മഴ സൃഷ്ട്ടിക്കുന്ന കൊടും വിശപ്പ് മറക്കാനായി ഞാൻ കണ്ട് പിടിച്ച മാർഗമായിരുന്നു  മഴ വെള്ള ചാലിൽ കടലാസ് വഞ്ചി ഓടിക്കുക.

എത്രയോ വർഷങ്ങൾക്ക് ശേഷം ഞാൻ ഈ സ്ഥലത്ത് എത്തുമെന്നും  മഴയത്ത് ഒഴുകുന്ന വെള്ള ചാലും നോക്കി ഓർമ്മകൾ അയവിറക്കുമെന്നും അന്ന് ഞാൻ സ്വപ്നേപി വിചാരിച്ചിരുന്നില്ല.

എത്രയോ മനുഷ്യ ജന്മങ്ങൾ ഇവിടെ കഴിഞ്ഞ് പോയിരിക്കുന്നു. എത്ര പെട്ടെന്നാണ് കാലം ഓടി പോയത്. ഇന്നലെകളുടെ ശവ ശരീരം കടന്ന് ഇന്നിൽ കാല് ചവിട്ടി നിന്ന് തിരിഞ്ഞ് നോക്കുന്ന ഞാൻ അന്തം വിട്ട് പോകുന്നു. എത്രയെത്ര ജീവിതാനുഭവങ്ങളിലൂടെയാണ് ഞാൻ കടന്ന് വന്നത്.ആ എട്ട് വയസ്സ്കാരനിൽ നിന്നും ഇന്നുള്ള ഞാനിലെത്താൻ  ഒരു പാട് വഴികൾ ഞാൻ താണ്ടിയിരിക്കുന്നല്ലോ. ഒരിക്കലും മറക്കാൻ കഴിയാത്ത  ജീവിതാനുഭവങ്ങൾ

ഓർമ്മകളേ! നിങ്ങൾക്ക് കോടി കോടി നന്ദി.





  

Tuesday, May 20, 2025

ചുക്കിരിയും പെനീസും

 മറ്റുള്ളവരോട് മൂത്രം ഒഴിക്കുന്ന യന്ത്ര സംവിധാനത്തെ  പറ്റി പറയുമ്പോൾ ചുക്കിരി എന്നോ സുനാപ്പീ  എന്നോ അല്ലെങ്കിൽ മറ്റേതെങ്കിലും  മലയാള വാക്കുകൾ ഉപയോഗിച്ചാൽ ഉണ്ടാകുന്ന അശ്ളീലത പെനീസ് എന്ന ആംഗലേയ വാക്ക് ഉപയോഗിക്കുമ്പോൾ ഉണ്ടാകത്തതെന്താണാവോ?

സായിപ്പിനോടുള്ള ബഹുമാനവും ഭയവും ഇന്നും മനസ്സിൽ നിന്നും പോകാത്തതിനാൽ  ചുക്കിരിക്കുള്ള  ജാള്യത പെനീസിന് ഇല്ലാതായതാണ് എന്ന് പറഞ്ഞാൽ ശരിയല്ലേ?

ഫുഡ് കഴിച്ചോ എന്ന ചോദ്യത്തിനേക്കാളും ബഹുമാന്യത കുറവാണല്ലോ ഭക്ഷണം കഴിച്ചോ എന്ന  ചോദ്യത്തിന്.

 ഇത്തിരി കറിയുടെ ചാറ് തരുമോ എന്ന് ഹോട്ടലിലെ  വിളമ്പ്കാരനോട് ചോദിക്കുന്നതിനേക്കാളും ഗമാലിറ്റി ആണ് അൽപ്പം ഗ്രേവി കൊണ്ട് വാ എന്ന് പറയുന്നതിൽ., 

കന്യാകുമാരിയിൽ സൺ റൈസ് കാണാൻ പോകുന്നതിലും താഴത്തെ നിലയിലാണ് സൂര്യോദയം കാണാൻ പോകുന്നു എന്ന് പറയുന്നതിൽ.

ഇറങ്ങി പോടോ എന്ന് പറയുന്നതിലും അധികാരം ഗെറ്റ് ഔട്ട് അലറുന്നതിൽ കാണപ്പെടുന്നു.

നമുക്ക് യാത്ര പോകുന്നതിനേക്കാളും ഇഷ്ടം ടൂർ പോകുന്നതിനാണ്.

ടൈം എന്തായി എന്ന് കേശവദേവിനോട് പണ്ട് ആലപ്പുഴയിലെ  സ്കൂൾ കുട്ടികൾ ചോദിച്ചപ്പോൾ ഫോറേ കാൽ  എന്ന് ദേവ് മറുപടി പറഞ്ഞത് ചുമ്മാതല്ല.

 വൈദ്യുതി ഗമനാഗമന നിയന്ത്രണ യന്ത്രം എന്ന് പറയുന്നതിനേക്കാളും  സ്വിച്ച് എന്നു പറയുന്നതിലും  ഇരുകാലി എന്നതിനേക്കാളും ബെഞ്ച് എന്നു പറയുന്നതിലും ഒരു ചന്തമുണ്ട്.പക്ഷേ മമ്മീ റൈൻ കമ്മിംഗ് പെട്ടെന്ന് റണ്ണിക്കോ എന്ന് അലറുമ്പോൾ ഒരു ചന്തവുമില്ല കുന്തവുമില്ല.

 സായിപ്പിനോടുള്ള ബഹുമാനവും ഭയവും ഇന്നും മനസ്സിൽ നിന്നും പോകാത്തതിനാൽ തന്നെയാണ് സായിപ്പിന്റെ പെനീസിന് നമ്മുടെ നാടൻ ചുക്കിരിയേക്കാളും ഗമ കൂടിയത്.

  സ്ഥാനത്തും അസ്ഥാനത്തും ആംഗലേയം ഉപയോഗിച്ചാൽ സായിപ്പാവൂലാ മോനേ!അതിലും ഭേദം നാടൻ മലയാളി ആകുന്നത് തന്നെയാണല്ലോ.



Friday, May 9, 2025

സച്ചുവിന് ഇന്ന് ഇരുപത്....

 

സച്ചു എന്ന് കൂടി വിളിപ്പേരുള്ള  ഞങ്ങളുടെ സ അദിന് ഇന്ന് ഇരുപത് വയസ്സ്.

കൊട്ടാരക്കര എം.ഇ. എസ്. പ്രൈമറി സ്കൂളിൽ നിന്നും ഈ ചുമടുമായി  തുടങ്ങിയ വിദ്യാഭ്യാസ യാത്ര ഇപ്പോൾ  ചാത്തന്നൂർ എം.ഇ.എസ്. എഞിനീറിംഗ്   കോളേജിൽ കമ്പ്യൂട്ടർ സയൻസിൽ രണ്ടാം കൊല്ലമെത്തിയിട്ടുണ്ട്.

കരുണാമയൻ ആരോഗ്യവും ദീർഘായുസ്സും നേർമാർഗവും പ്രദാനം ചെയ്യാൻ പ്രാർത്ഥിക്കുന്നു.