Monday, February 24, 2025

വിവാഹാലോചന.....

 അങ്ങിനെ എന്റെ ഈ പ്രിയപ്പെട്ട ഭൂമി സാധാരണ പോലെ കറങ്ങി കൊണ്ടിരുന്ന കഴിഞ്ഞ ദിവസത്തെ പകൽ ദിവ്സത്തിൽ എന്റെ മൊബൈൽ ഫോൺ ശബ്ദിച്ചു. നമ്പർ നോക്കിയതിൽ അപരിചിത നമ്പർ കണ്ടതിനാൽ ഈയുള്ളവൻ ചോദിച്ചു:

“ആരാണ്“

“ ഷരീഫ്   സർ  അല്ലേ ,ഞാൻ  കൊല്ലത്ത്   ............. മാട്രിമോണിയൽ  ആഫീസിൽ നിന്നാണ് വിളിക്കുന്നത്.

മധുര മനോഹരമായ ഒരു പെൺ സ്വരം മറുപടി പറഞ്ഞപ്പോൾ ഞാൻ തിരക്കി:-

“എന്താണാവോ കാര്യം...?

“ സർ, താങ്കളുടെ വീട്ടിൽ  ആർക്കെങ്കിലും വിവാഹാലോചന  നടത്തണമെങ്കിൽ ഞങ്ങൾ നടത്തി തരാം. ഞങ്ങളുടെ ആഫീസിൽ രജിസ്റ്റർ ചെയ്താൽ മതി. എല്ലാ തരത്തിലുള്ള യോജിക്കുന്ന ആലോചനകളുടെ വിവരങ്ങൾ ഞങ്ങളുടെ ആഫീസിൽ റെഡിയാണ് സർ.....“

വാതിൽ പടിയിൽ ചാരി എന്നെ നിരീക്ഷിച്ചും അല്ലാതെയും നിന്നിരുന്ന എന്റെ ഇണയെ ഇടം കണ്ണിട്ട് നോക്കി ഞാൻ പറഞ്ഞു:-

“എനിക്കൊരെണ്ണം  വേണം...കുംഭ മാസം ആണ് ഈ വേനൽ ചൂടിൽ  മുതുകിൽ പൊങ്ങുന്ന  കുഞ്ഞ് കുരുക്കൾ  ചൊറിയാൻ  ഒരാളെ വേണം. വിവാഹ ബന്ധത്തിലൂടെ കിട്ടിയാൽ  ശമ്പളം കൊടുക്കേണ്ടല്ലോ..ആഹാരം കൊടുത്താൽ മതിയല്ലോ..അതിവിടെ ഒരാൾക്ക്കൂടി കൊടുക്കാൻ എപ്പോഴും കാണും. .. പിന്നെ ഉള്ള കാര്യം തുറന്ന് പറയാം ഇപ്പോൾ നിലവിലുള്ളവരോട് മുതുക് ചൊറിയാൻ പറയുമ്പോൾ നമ്മുടെ നേരെ ഇതെന്തൊരു ശല്യം എന്ന മട്ടിലൊരു  നോട്ടമാണ്. അതിനാൽ വരുന്നവരോട് കാര്യം പറഞ്ഞ് നിയമിക്കുമ്പോൾ പിന്നെ കുഴപ്പമില്ലല്ലോ......“

അപ്പുറത്ത് അനക്കമില്ല. ഫോൺ കട്ട് ചെയ്ത് പോയോ..ഞാൻ നോക്കി ഇല്ല സജീവമായി ലൈനിൽ ഉണ്ട്. ഞാൻ മുരടനക്കി..“ഹലോ , നിങ്ങൾക്ക് എന്റെ നമ്പർ എങ്ങിനെ കിട്ടി.....?

“അത്...അത്... ഞങ്ങളുടെ ഹെഡ് ഓഫീസിൽ  നിന്നും അയച്ച് തന്നതാ...സാറേ.... സാറിനെ പിന്നെ വിളിക്കാം...ഫോൺ കട്ടായി. ഞാൻ കതകും ചാരി നിന്നവളെ  ഗർവോടെ നോക്കി.  അവൾ പുസ്കെന്ന മട്ടിൽ  എന്നെ വീക്ഷിച്ചു എന്നിട്ട് വിനയത്തോടെ ചോദിച്ചു “ സാറിന്  ഇപ്പോൾ തന്നെ മുതുക് ചൊറിയണോ......?“

പഴയ ഏതോ ഒരു മലയാള സിനിമയിൽ നടൻ  ഇൻസെന്റിന്റെ വക ഒരു ഡയലോഗ് ഉണ്ട്:

“സമാധാനപരമായ കുടുംബ ജീവിതത്തിന് അനുസരണാ ശീലം അത്യാവശ്യമായി ഒരു ഭർത്താവിനുണ്ടാകേണ്ടതാണ്.....“

അത് കൊണ്ട് ഞാൻ ഉടനെ മറുപടി പറഞ്ഞു “അയ്യോ വേണ്ടായേ..മുതുക് ചൊറിയണ്ടായേ...“

മുകളിൽ പറഞ്ഞ  ഫോൺ വിളിയും മറുപടിയും സത്യസന്ധമായ വസ്തുതയാണ്. ഇത് പോലെ മുമ്പും കേരളത്തിലെ ഒരു പ്രധാന പലിശ  അറുപ്പ് കമ്പനിയിൽ നിന്നും അവരുമായി പണമിടപാട് നടത്താനും  പ്രധാനപ്പെട്ട പ്രസിദ്ധീകരണ ശാലയിൽ നിന്നും പുസ്തക വാങ്ങാനായും എനിക്ക് ഫോൺ വിളികളും മെസ്സേജും  വന്നിട്ടുണ്ട്.ഇപ്പോൾ വിവാഹ നടത്തിപ്പ് കമ്പനിയിൽ നിന്നുമാണ് എന്റെ നമ്പരിലേക്ക് ഫോൺ വന്നത്.

 ഇനി എന്റെ ചോദ്യം നിങ്ങളോടാണ് ഞാനും.. നിങ്ങളും ഉൾപ്പെടുന്ന നമ്മുടെ സമൂഹത്തിന്റെ ഫോൺ നമ്പറുകളും മറ്റും(ഡേറ്റാ കളക്ഷൻ) ആരാണ് ഈ വക കമ്പനികൾക്ക് നൽകുന്നത്..അല്ലെങ്കിൽ വിൽക്കുന്നത്

നമ്മൾ വിശ്വസിച്ച് സർക്കാർ ഉൾപ്പടെയുള്ള  വേദികളിൽ നൽകുന്ന ഈ ഡേറ്റാകൾ വിപണനം ചെയ്യപ്പെടുന്നു എന്നത് സത്യമാണോ?

Friday, February 14, 2025

കടന്ന് പോയി ഒരു വർഷം


 ഇന്നേക്ക് ഒരു വർഷം മുമ്പ് അതായത് 2024 ഫെബ്രുവരി പതിനാലാം തീയതി പുലർച്ച ഒന്നരമണിക്ക് ഒരു ഫോൺ കാൾ.

അസമയത്തെ ഫോൺ കാൾ പരിഭ്രാന്തി മനസ്സിൽ പടർത്തും. മകൻ ഷിബു ആശുപത്രിയിൽ ആയിരുന്നല്ലോ. അതിനാൽ ഭയം കൂടുതലായി. എന്തായാലും മനസ്സിന്  ദാർഡ്യം വരുത്തി ഫോൺ എടുത്തു.

ഷിബു മരിച്ചു. ഫോണിലൂടെ ആ വിവരം കിട്ടി. എന്റെ ജീവിതത്തിൽ എന്നെ ആദ്യം വാപ്പാ എന്ന് വിളിച്ചവൻ. അവൻ പോയിരിക്കുന്നു. വേദനകളുടെ ലോകത്ത് നിന്നും  എന്നെന്നേക്കുമായി സമാധാനത്തിന്റെ ലോകത്തേക്ക് പോയി.

മനസ്സിൽ തുളുമ്പി നിന്നിരുന്ന അത്യധികമായ ദു:ഖത്തെ  അമർത്തി ശബ്ദത്തിൽ കർശനതയും ദേഷ്യവും വരുത്തി  (എന്റെ സങ്കടത്തെ മറച്ച് വെക്കാനുള്ള ശ്രമമായിരുന്നത്) ഫോൺ വിളിച്ചയാളോട് അവ്ന്റെ  മയ്യത്ത് അടക്കുന്നതിനെ സംബന്ധിച്ചും മറ്റും സംസാരിച്ചു.

ദിവസങ്ങൾക്ക് മുമ്പ് അവന്റെ മയ്യത്ത് സംസ്കരണത്തെ പറ്റിയും പിന്നെ ഞാൻ ചെയ്യേണ്ട ചില വിഷയങ്ങളെ പറ്റിയും അവൻ എന്നോട് സംവദിച്ചിരുന്നിരുന്നു. വൃക്ക രോഗത്തിന്റെ ഗുരുതരാവസ്ഥയിൽ എത്തിയ അവൻ മരണത്തെ മുമ്പിൽ കണ്ടിരുന്നതിനാൽ സാധാരണ കാര്യം ചർച്ച ചെയ്യുന്നത് പോലെയായിരുന്നത്.  അപ്പോഴും അവൻ പോകുമെന്ന് ഞാൻ ഒട്ടും പ്രതീക്ഷിച്ചില്ല.

അവൻ എപ്പോഴും അങ്ങിനെ തന്നെയായിരുന്നു.  ഏത് ഗുരുതര വിഷയവും  തമാശ രൂപേണ അവതരിപ്പിക്കും. ഒരു വിഷയവും അവന് ഗുരുതരമല്ലായിരുന്നു  സ്വന്തം മരണം പോലും. എന്തെല്ലാം അനുഭവങ്ങളിലൂടെ അവൻ കടന്ന് പോയിരിക്കുന്നു.അവനെ എത്രമാത്രം ഞാൻ ശകാരിച്ചിരുന്നു. മറ്റൊരു തരത്തിൽ  എന്നിൽ നിന്നും അവന് കുറ്റപ്പെടുത്തലേ കിട്ടിയിരുന്നുള്ളൂ. അതിനെ പറ്റിയും അവൻ ആരോടോ പ്രതികരിച്ചത് ഇപ്രകാരമായിരുന്നു:-

“വാപ്പായുടെ രണ്ട് വഴക്ക് കേട്ടില്ലെങ്കിൽ എനിക്ക് ഉറക്കം കിട്ടില്ലാ“ 

ഇപ്പോൾ ആരും വഴക്ക് പറയാത്തിടത്തേക്ക് എന്റെ മോൻ പോയിട്ട് ഒരു വർഷമായി. ഞാൻ എത്രമാത്രം  അവനെ സ്നേഹിച്ചിരുന്നെന്ന് എനിക്കല്ലേ അറിയൂ...നിന്റെ ഓർമ്മയിന്മേൽ രണ്ടിറ്റ് കണ്ണീർ.....