ഇന്ന് ആലപ്പുഴ മുല്ലക്കൽ ഉൽസവം ആറാം ദിവസമാണ്
മുല്ലക്കൽ ക്ഷേത്രത്തിലെ പ്രതിഷ്ഠ എന്താണെന്ന് എനിക്കറിയില്ല. പക്ഷേ ആലപ്പുഴ വിട്ടതിന് ശേഷം പത്ത് ദിവസമുള്ള ഉൽസവത്തിൽ ഏതെങ്കിലും ഒരു ദിവസം ഞാൻ ആലപ്പുഴ പോകുകയും ഉൽസവ തിരക്കിൽ മുല്ലക്കൽ റോഡിലൂടെ കാഴ്ചകൾ കണ്ട് പതുക്കെ നടന്ന് പോകുകയും ചെയ്യുമായിരുന്നു. ഈ യാത്രയിൽ പഴയ സുഹൃത്തുക്കൾ ആരെയെങ്കിലും കാണും. റോഡിന്റെ വടക്കേ അറ്റത്ത് നടക്കുന്ന ശാസ്തീയ സംഗീത സദസ്സിൽ ഒരു മൂലയിൽ പോയി നിന്ന് സംഗീതം ആസ്വദിക്കും. പുസ്തക കടകളിൽ കയറി പുതിയ പുസ്തകങ്ങളെ പറ്റി തിരക്കും, ഇതിനിടയിൽ ബാല്യ കാല അനുഭവങ്ങളുടെ സ്മരണകളിലൂടെ ഊളിയിടും. ഞാൻ ഈ ദിവസം ഇവിടെ വരുന്നത് തന്നെ ആ സ്മരണകളെ മനസ്സിൽ ഊതി കത്തിക്കാനാണല്ലോ.
ധനു മാസ കുളിരിൽ മാനത്ത് അമ്പിളി തെന്നി നീങ്ങുന്ന രാവുകളിൽ ചെറുപ്പത്തിൽ വാപ്പാ എന്നെ ഉൽസവ സ്ഥലത്ത് കൊണ്ട് പോകുമായിരുന്നു. ജോലി കഴിഞ്ഞ് വാപ്പാ വീട്ടിൽ വരുമ്പോൾ ഏറെ രാത്രി ചെന്നിരിക്കും, എന്നാലും മഞ്ഞ് കൊള്ളാതെ തലയിൽ ഒരു തോർത്തു കെട്ടി തന്ന് വട്ടപ്പള്ളിയിൽ നിന്ന് നടന്ന് മുല്ലക്കലെത്തും. അന്ന് ആട്ടോ റിക്ഷായോ മറ്റ് വാഹന സൗകര്യമോ ഇല്ലാതിരുന്നതിനാൽ ഒരു മടിയും കൂടാതെ രണ്ടര മൈൽ നടക്കും. തിരികെ വരുമ്പോൽ കരിമ്പ്, ഈന്തപ്പഴം, പൊരി, അലുവാ, തുടങ്ങിയവയിൽ ഏതെങ്കിലുമെല്ലാം വാങ്ങി തരുമായിരുന്നു. ഏറ്റവും സന്തോഷമുള്ളത് ഒരു കമ്പിന് അറ്റത്ത് ഉടപ്പിച്ച തടി ചക്രം ഉരുട്ടുമ്പോൾ ചക്രത്തിന്റെ കറക്കത്തിനോടൊപ്പം കുനിയുകയും നിവരുകയും ചെയ്യുന്ന പോലീസ്കാരനെ ഫിറ്റ് ചെയ്ത വണ്ടി ആയിരുന്നു.വാപ്പ അതും വാങ്ങി തരും.
കച്ചവടക്കാരിൽ ഭൂരിഭാഗവും മുസ്ലിങ്ങൾ ആയതിനാൽ ഉൽസവം ഹിന്ദുക്കളുടേതാണെന്ന ഒരു ഭാവവും ഇല്ലാതെ നാട് ഒന്നടങ്കം പങ്കെടുക്കുന്ന ഉൽസവമായിരുന്നു അത്.
കൗമാരത്തിലേക്ക് കടന്നപ്പോൾ സുഹൃത്തുക്കളോടൊപ്പമായി മുല്ലക്കൽ യാത്ര. . എന്തെല്ലാം കുസൃതികൾ. മറക്കാനാവാത്ത സ്മരണകൾ. അത് കൊണ്ട് തന്നെയാണ് ആലപ്പുഴ വിട്ടിട്ടും മുല്ലക്കൽ ഉൽസവ കാലത്ത് ഒരു ദിവസമെങ്കിലും ഞാൻ അവിടെ പോയിരുന്നത്. പക്ഷേ ഈ വർഷം എനിക്ക് മുല്ലക്കൽ പോകാൻ കഴിയാത്ത വിധം സാഹചര്യങ്ങൾ ഉണ്ടായിരിക്കുന്നു. മുല്ലക്കൽ ഉൽസവം മാത്രമല്ല, എന്റെ എല്ലാമെല്ലാമായ ആലപ്പുഴ കടപ്പുറത്തും ഈ ഒരു ദിവസം പോയി ആ മണൽ തിട്ടയിൽ രാവ് ഏറെ ചെല്ലുന്നത് വരെ മാനത്ത് നോക്കി കിടക്കുന്നതും പതിവായിരുന്നല്ലോ. ഇതൊന്നും സംഭവിക്കാത്തതിനാൽ മനസ്സ് ഇപ്പോൾ വല്ലാതെ മൗനത്തിലായിരിക്കുകയും ചെയ്യുന്നു. ഞാൻ ആലപ്പുഴക്കാരനല്ലാതായി തീർന്നിരിക്കുന്നുവോ?
ഏതൊരു മനുഷ്യനും അവന്റെ ബാല്യവും ചെറുപ്പത്തിൽ കഴിച്ച് കൂട്ടിയ സ്ഥലങ്ങളും അവയെ പറ്റിയുള്ള ഓർമ്മകൾ ഓരോന്നും അവനെ വികാര തരളിതനാക്കും. ഇത് മറ്റൊരാളെ പറഞ്ഞ് മനസ്സിലാക്കാൻ കഴിയില്ല. അത് കൊണ്ട് തന്നെ മനസ്സിനുള്ളിൽ തിങ്ങി നിറയുന്ന വികാര വിചാരങ്ങൾ എവിടെയെങ്കിലും കുത്തിക്കുറിച്ചിടുമ്പോൾ കിട്ടുന്ന ആശ്വാസം എത്രയോ വലുതാണ്.