അപ്പോൾ അങ്ങിനെയാണ് വാർത്തകൾ ഉണ്ടാകുന്നത്.
രാവിലെ കയ്യിൽ കിട്ടിയ ചുട് ചായ അല്ലെങ്കിൽ സുലൈമാനി മൊത്തിക്കുടിച്ച് കൊണ്ട് പത്രത്തിലേക്ക് ഊളിയിടുമ്പോൾ കാണുന്ന കൗതുകവും സംഭ്രമ ജനകവുമായ വാർത്തകൾ വായിച്ച് നമ്മൾ ആങ്ഹാ..! ഊങ്ഹൂം..! എന്നൊക്കെ അതിശയം കൂറുകയും ലോകത്തിന്റെ ഗതിവിഗതികളെ പറ്റി ചിന്തിച്ച് മൂക്കത്ത് വിരൽ വെക്കുകയും ചെയ്യുന്നു. ആ വാർത്തകളുടെ നിജ സ്ഥിതിയെ പറ്റി നമുക്ക് ഒട്ടും തന്നെ സംശയവും ഇല്ല.
സാധാരണ പോലീസ് കേസുകളെ സംബന്ധിച്ച വാർത്ത വന്നാൽ ആ വാർത്ത ശരിയല്ലാ എന്നും കെട്ടിച്ചമച്ചതാണെന്നും കാണിച്ച് രണ്ട് മൂന്ന് ദിവസത്തിനുള്ളിൽ നെഗറ്റീവ് വാർത്ത അതേ പത്രങ്ങളിൽ തന്നെ വരുന്നത് അപൂർവമാണ്. പോലീസ് ഭാഷ്യത്തിനെതിരെ മറ്റൊരു വാർത്ത വരാറില്ല. കിളിക്കൊല്ലൂർ പോലീസ് സ്റ്റേഷനിൽ സൈനികനും ബന്ധുവിനും മർദ്ദനം ഏറ്റതിനെ പറ്റി സൂചിപ്പിക്കുകയാണിവിടെ ഞാൻ.
മയക്ക് മരുന്ന് കേസിലെ പ്രതിയെ ജാമ്യത്തിലിറക്കാൻ വന്ന സൈനികൻ കേസിന്റെ സ്വഭാവം മനസിലാക്കിയപ്പോൾ പിൻവാങ്ങിയതിനെ തുടർന്നാണ് ഈ കേസിന്റെ കാരണത്തിലേക്കുള്ള തുടക്കമെന്നാണ് മനസിലാക്കാൻ കഴിഞ്ഞത്.
പോലീസ് സ്റ്റേഷനിൽ സൈനികനും ബന്ധുവും അതിക്രമിച്ച് കയറി പോലീസ്കാരെ മർദ്ദിക്കുകയും കസേര തല്ലിയൊടിക്കുകയും ഔദ്യോഗിക ജോലിക്ക് തടസ്സം വരുത്തുകയും മറ്റും ചെയ്തു എന്നായിരുന്നു സംഭവത്തിന്റെ പിറ്റെ ദിവസം വന്ന പത്ര വാർത്ത.. . പക്ഷേ ഇപ്പോൾ വന്ന വാർത്ത സൈനികനെയും ബന്ധുവിനെയും പോലീസ് അന്ന് ഇഞ്ച പരുവത്തിൽ ചതച്ചു എന്നാണ്. മാത്രമല്ല രാത്രി തന്നെ സ്റ്റേഷനിൽ പത്രക്കാരെ വിളിച്ച് വരുത്തി പോലീസ് സ്റ്റേഷനിൽ സൈനികൻ കാണീച്ച അതിക്രമത്തെ പറ്റിയുള്ള ചൂട് വാർത്ത നൽകുകയും ചെയ്തു.സ്റ്റേഷനിൽ ചെന്ന് സാധാരണ അന്വേഷിച്ചാൽ പോലും വാർത്ത നൽകാത്ത പോലീസാണ് പത്രക്കാരെ വിളിച്ച് വരുത്തി ലൈവായി വാർത്ത നൽകിയതെന്ന് ഓർക്കുക.
സംഗതിയുടെ മർമ്മം മനസ്സിലാക്കാൻ എളുപ്പമാണ്. ഒരു ഭാഗത്ത് സൈനികൻ. മറു ഭാഗത്ത് പോലീസും. അണ്ടിയോ മാങ്ങയോ മൂത്തത്. സൈനികൻ തന്റെ ശൗര്യം സ്റ്റേഷനിൽ അൽപ്പം പുറത്ത് വിട്ടപ്പോൾ പോലീസ് അയാളെ “മൗന ഗായകാ...“ വിളിച്ച് കാണും.വാക്ക് തർക്കത്തെ തുടർന്ന് അടി ഒരെണ്ണം സൈനികന് കിട്ടികാണൂം. എന്തായാലും അതിന് മറുപടി അടിയും ഉണ്ടായിക്കാണും. പിന്നെ പറയേണ്ടല്ലോ പാറാവ് നിന്നവനും അടുത്ത ഡ്യൂട്ടി ജോയിൻ ചെയ്യാൻ വന്നവനും ഉൾപ്പടെ അവിടെ ഉള്ള എല്ലാവരും സൈനികനെയും ബന്ധുവിന്യും എടുത്ത് പെരുമാറിക്കാണും..
അൽപ്പം സംയമനം പാലിച്ചാൽ ഉള്ളി തൊലിച്ചത് പോലെ തീരാവുന്ന ഒരു കേസാണിത്. പോലീസിന്റെ ക്ഷമ ഇല്ലായ്ക സംഗതി നീർക്കോലിയെ പാമ്പാക്കി.
ഇടിച്ച് ഒരു പരുവമാക്കിയപ്പോൾ പോലീസ് ഭവിഷ്യത്തിനെ പറ്റി വീണ്ട് വിചാരം നടത്തിയിട്ടുണ്ടാകാം.. ഇര സൈനികനാണ്. ഡെൽഹിയിൽ നിന്ന് വരെ വിളി വരാം..ഡി.ജി.പി. അർജന്റ് അന്വേഷണം നടത്താം. അതിനാൽ മുൻ കരുതൽ അത്യാവശ്യം. ഉടനെ കരുക്കൾ നീക്കി.. പത്രക്കാരെ വിളിച്ച് ചൂട് വാർത്ത നൽകി. പട്ടാളക്കാരനും ബന്ധുവും പോലീസിനെ ആക്രമിച്ചു...... നമ്മളെല്ലാവരും പിറ്റേ ദിവസത്തെ പത്രത്തിൽ വാർത്ത വായിച്ച് പട്ടാളക്കാരനെ പച്ചത്തെറി മനസ്സിൽ വിളിച്ചു.
ഇപ്പോൾ കാര്യങ്ങൾ മനസ്സിലായിക്കാണുമല്ലോ വാർത്തകൾ ജനിക്കു ന്നതെങ്ങിനെയെന്ന്....
ഇവിടെ ഈ കേസിൽ ഇടി കൊണ്ട പട്ടാളം ജാമ്യത്തിൽ പുറത്തിറങ്ങി മർദ്ദനമേറ്റ മുതുകത്തെ പാട് പത്രക്കാരെ കാണിച്ചു.. അന്നത്തെ ദിവസം നരബലിയും മന്ത്രവാദവും ഇല്ലാത്തതിനാൽ വാർത്താ ക്ഷാമം അനുഭവപ്പെട്ട ബഹുമാനപ്പെട്ട ലേഖകർ അപ്പോൾ തന്നെ സംഗതി കുപ്പിയിലാക്കി പത്രത്തിലേക്ക് വിക്ഷേപിച്ചു. ആ വാർത്തയും നമ്മൾ പിറ്റേ ദിവസം ചായയോടൊപ്പം അകത്താക്കി ഹൗ...ഹൂ...ങാ...എന്നൊക്കെ ഞരങ്ങുകയും ചെയ്തു. മൂന്ന് നാല് ദിവസത്തിനു മുമ്പ് ഈ പട്ടാളം പോലീസ് സ്റ്റേഷൻ ആക്രമിച്ച വാർത്ത ഈ പത്രത്തിൽ തന്നെ നമ്മൾ വായിച്ചതിൽ പുതുമ തോന്നിയതുമില്ല..
സാധാരണക്കാരനായിരുന്നെങ്കിൽ ഒരിക്കലും ഈ നെഗറ്റീവ് വാർത്ത പുറത്ത് വരില്ലായിരുന്നു എന്നും ആ പാവം പ്രതി പോലീസിനെ ആക്രമിച്ച കേസിൽ ഇപ്പോഴും റിമാന്റിൽ കഴിയുകയും ചെയ്തേനെ എന്ന് ഒരിക്കലും നാം ചിന്തിക്കുകയുമില്ല.
മറ്റൊരു കാര്യവും നമ്മൾ മറന്നു അല്ലെങ്കിൽ കണ്ടില്ലെന്ന് നടിച്ചു. അതായത് പോലീസ് കൊടുത്ത വാർത്ത അതേപടി പ്രസിദ്ധീകരിച്ചത് വായിച്ച് ആ പാവം പട്ടാളക്കാരന്റെ വിവാഹം ചീറ്റി പോയി എന്ന സത്യം. ഏതൊരു പെൺ വീട്ടുകാരാണ് ഇത്രയും ഭീകരനായ വഴക്കാളിയുമായി വിവാഹം നടത്തുന്നത്. കാരണം പത്രത്തിൽ വരുന്നത് അതേപടി വിശ്വസിക്കുന്നവരാണല്ലോ നമ്മളെല്ലാവരും.
പോലീസ് കൊടുക്കുന്ന വാർത്ത ഒരു അന്വേഷണവും നടത്താതെ അതേ പടി അച്ച് നിരത്തുന്ന പ്രവണത അവസാനിപ്പിക്കാതെ ഈ നാട് നന്നാവില്ല.