സിനാൻ ഇന്ന് 11 വയസ്സിലെത്തി. അവൻ ഇപ്പോഴും നടക്കുകയോ വർത്തമാനം പറയുകയോ ചെയ്യില്ലെങ്കിലും വീടിന്റെ പ്രകാശമായി തന്നെ അവനെ ഞങ്ങൾ കാണുന്നു. എല്ലാവരുടെയും ഇഷ്ട ഭാജനം. കഴി ഞ്ഞ വർഷത്തേക്കാളും ദൈവ കാരുണ്യത്താൽ അവന് കാര്യങ്ങൾ മനസിലാക്കി വരുന്നുണ്ട്. ഇപ്പോഴും ഇഡ്ഡിലിയും സാമ്പാറും ശാസ്ത്രീയ സംഗീതമോ അഥവാ പഴയ സിനിമാ ഗാനങ്ങളോ കാറിന്റെ മുൻ സീറ്റിലിരുന്നുള്ള യാത്രയോ അവന് പ്രിയംകരമായി അനുഭവപ്പെടുന്നുണ്ടെങ്കിലും പുതിയ പുതിയ ആൾക്കാരെ ഇഷ്ടപ്പെടാനും അവരുമായി ഇടപഴകാനും അവൻ മടി കാണിക്കുന്നില്ല.
ഇപ്പോൾ ഞാൻ അവന് ഒഴിച്ച് കൂട്ടാനാവാത്ത ഒരു വസ്തുവാണ്. എന്നെ കണ്ടില്ലെങ്കിൽ ഉള്ളിൽ നിന്ന് ഉമ്മറത്തേക്ക് മുട്ടിൽ ഇഴഞ്ഞ് വന്ന് ഞാൻ ഇരിക്കുന്ന ചാര് കസേര നോക്കി നെടുവീർപ്പിടും. അവന്റെ വല്യുമ്മ അടുത്ത് വന്ന് വല്യുപ്പാ ഇപ്പോൾ വരും കേട്ടോ എന്ന് പറഞ്ഞാൽ പതുക്കെ അകത്തെക്ക് തിരിച്ച് പോകും. എന്റെ ചാര് കസേരയിൽ കയറി ഞാൻ ഇരിക്കുന്നത് പോലെ ചാരി ഇരിക്കുന്നത് അവന് ബഹു സ്ന്തോഷമുള്ള കാര്യമാണല്ലോ. ഏതെങ്കിലും കാരണ വശാൽ ഉമ്മറത്തെക്കുള്ള വാതിൽ അടഞ്ഞ് കിടന്നാൽ ആ വാതിൽ വരെ ഇഴഞ്ഞ് വന്ന് കത്ക് തുറക്കാൻ അറിയാത്തതിനാൽ വാതിലിനെ നോക്കി നെടു വീർപ്പിടും. അവന്റെ മാതാ പിതാക്കൾ ഷൈനിയും സൈഫുവും കോടതിയിൽ നിന്ന് തിരികെ വരുന്ന സമയം അവന് കൃത്യമായി അറിയാം. ആ സമയം അവൻ മുൻ വശത്ത് വന്ന് കസേരയിൽ ഇരുന്ന് വഴിയിലേക്ക് കണ്ണും നട്ടിരിക്കുന്ന കാഴ്ച തന്നെ കൗതുകം നിറഞ്ഞതാണ്. ഇതെല്ലാം അവന്റെ ശാരിരികാവസ്ഥയുടെ വളർച്ച കാണിക്കുന്നതിനാൽ എല്ലാം നേരെ ആകും എന്ന പ്രതീക്ഷയോടെ അവന് വേണ്ടിയുള്ള പ്രാർത്ഥനയുമായി ഞങ്ങളെല്ലാം കഴിയുന്നു നിങ്ങളും പ്രാർത്ഥിക്കുമല്ലോ
No comments:
Post a Comment