വെളുത്ത് തടിച്ച് കൊഴുത്ത കുഞ്ഞുങ്ങളെ തെരഞ്ഞെടുത്ത് പരസ്യ കമ്പനിക്കാർ ബേബീ ഫുഡ് വ്യാപാരികൾക്ക് വേണ്ടി പരസ്യം തയാറാക്കി ദൃശ്യ മാധ്യമങ്ങളിലൂടെ പ്രദർശിപ്പിക്കുന്നു. ടിന്നിലടച്ച അവരുടെ പൊടിയോ കുറുക്കോ ആ കുട്ടിക്ക് അമ്മ കോരിക്കൊടുക്കുന്ന ചിത്രമായിരിക്കും സാധാരണ പ്രദർശിപ്പിക്കുക. കുഞ്ഞിന്റെ ആസ്വദിച്ചുള്ള കഴിപ്പും മുരളലും ചിണുങ്ങലും റ്റി.വി.യിൽ കണ്ട് ആകർഷിക്കപ്പെട്ട നാട്ടിലെ അമ്മമാർ ആ ബേബി ഫുഡ് വാങ്ങി “ തിന്നു മോനേ..തിന്ന് കുഞ്ഞേ....“ എന്നും പറഞ്ഞ് നരുന്ത് പോലിരിക്കുന്ന ആ കുഞ്ഞിന്റെ വായിൽ കുത്തി ചെലുത്താൻ ശ്രമിക്കുമ്പോൾ ഇഷ്ടപ്പെടാത്ത ആഹാരം വായിൽ ചെന്ന കുഞ്ഞ് അലറി കരഞ്ഞ് ബഹളം കൂട്ടുകയും പൊടി കഴിക്കാതിരിക്കുകയും ചെയ്തതിൽ അരിശം മൂത്ത തള്ള അതിന്റെ തുടയിൽ പൊത്തോ പൊത്തോ എന്ന് വീക്കുന്നിടത്ത് കാര്യങ്ങൾ എത്തി ചേരും .അതോടെ കുഞ്ഞ് കരച്ചിലിന്റെ വോളിയം വർദ്ധി പ്പിക്കുമ്പോഴാണ് “ എന്തിനാടീ ആ കുഞ്ഞിനെ ഇങ്ങിനെ നീ തല്ലി കൊല്ലുന്നത്“ എന്ന് ചോദിച്ച് കൊണ്ട് കുഞ്ഞിന്റെ പിതാ ശ്രീയുടെ വരവ് ഉണ്ടാകുന്നത്. റ്റി.വി. കുഞ്ഞിനെ പോലെ തന്റെ കുഞ്ഞ് തുടുത്ത് കൊഴുക്കാത്തതിലെ എല്ലാ പകയും മനസിൽ വെച്ച് കൊണ്ട് അയാളുടെ പണി കുറ്റത്താലാണ് ആ കുഞ്ഞ് മെലിഞ്ഞിരിക്കുന്നതെന്ന വിചാരത്തോടെ അയാളുടെ നേരെ കുഞ്ഞിന്റെ അമ്മ ഒരു നോട്ടമുണ്ട്. ഹയ്യോ! ശിവന്റെ മൂന്നാം കണ്ണിനും ഇത്രയും മൂർച്ച കാണില്ല.
റ്റി.വി.യിലെ പരസ്യങ്ങൾ എല്ലാം യാത്ഥാർത്ഥ്യങ്ങളായിരുന്നെങ്കിൽ ഈ നാടെന്നേ രക്ഷപെട്ടേനെ. ഇനിയെങ്കിലും സമൂഹം ഈ സത്യം തിരിച്ചറിഞ്ഞിരുന്നെങ്കിൽ.....
റ്റി.വി.യിലെ പരസ്യങ്ങൾ എല്ലാം യാത്ഥാർത്ഥ്യങ്ങളായിരുന്നെങ്കിൽ ഈ നാടെന്നേ രക്ഷപെട്ടേനെ. ഇനിയെങ്കിലും സമൂഹം ഈ സത്യം തിരിച്ചറിഞ്ഞിരുന്നെങ്കിൽ.....