ഈ പെരുന്നാൾ തലേ രാത്രിയിൽ തോരാതെ പെയ്യുന്ന മഴയെ നോക്കി ഇരുട്ടിൽ ഇരിക്കുമ്പോൾ ജനിച്ച സ്ഥലം വിട്ട് വന്നവന്റെ മനസ്സിലെ വികാര വിചാരങ്ങൾ എന്തെല്ലാമാണെന്ന് ഞാൻ തിരിച്ചറിയുന്നു. പ്രവാസികളായ ഗൾഫ്കാരിൽ പെരുന്നാളിന് നാട്ടിലെത്താൻ കഴിയാത്തവരും ഈ അവസ്തയിൽ തന്നെ ആയിരിക്കുമെന്ന് എനിക്ക് തീർച്ചയുണ്ട്. ആഘോഷ ദിവസങ്ങളോടനുബന്ധിച്ചുള്ള ദീപ്ത സ്മരണകൾ എല്ലാവർക്കും ഒരുപോലെ ആയിരിക്കുമല്ലോ.
ആലപ്പുഴയിൽ വട്ടപ്പള്ളിയിൽ ബാല്യകാലം കഴിച്ച് കൂട്ടിയ എനിക്ക് പെരുന്നാൾ തലേന്നുള്ള സ്മരണകളെ എങ്ങിനെ ഒഴിവാക്കാൻ കഴിയും.
സെയ്ദ് പൂക്കോയ തങ്ങളുടെ മഖാമിൽ നിന്നും പെരുന്നാളാണെന്ന് അറിയിച്ച് കൊണ്ടുള്ള വെടി ഒച്ച മുഴങ്ങുന്നതോടെ പെരുന്നാൾ തലേന്ന് ആഘോഷം ആരംഭിക്കുകയായി. കത്തി മൂർച്ചയാക്കി നിന്നിരുന്ന അറവ്കാരൻ ഹംസാഇക്കാ മാടുകളെ കശാപ്പ് തുടങ്ങുമ്പോൾ ഇറച്ചി വാങ്ങാൻ നിൽക്കുന്നവരുടെ തിരക്കിൽ പെട്ട് കുഴയുന്നതും പടക്കം വാങ്ങാൻ നെട്ടോട്ടം ഓടുന്നതും ആണ്ടിലൊരിക്കൽ കിട്ടുന്ന പുത്തനുടുപ്പ് തയ്ച്ച് കിട്ടുന്നതിന് തയ്യൽക്കാരൻ വർഗീസ് ചേട്ടന്റെ കടയിലെ കാത്തിരിപ്പും ഇന്നലെ കഴിഞ്ഞത് പോലെ അനുഭവപ്പെടുന്നു. ആ തിരക്കുകളെല്ലാം ഒന്ന് കൂടി അനുഭവിക്കുവാനും മില്ലിൽ മാവ് പൊടിക്കാൻ പോയി താമസിച്ച് വന്നതിന് ഉമ്മായുടെ വഴക്ക് കേൾക്കാനും കൊതിയാകുന്നു. വാപ്പാ പോയി ഉമ്മാ പോയി മൂത്ത സഹോദരിയും പോയി മറ്റുള്ളവർ അവരവരുടെ കുടുംബ വൃത്തത്തിൽ ചുറ്റുമ്പോൾ മനസിൽ എവിടെന്നോ അന്യഥാ ബോധം അരിച്ച് കയറുകയാണ്`. എങ്കിലും ഒന്ന് അവിടം വരെ പോയി ആ മണ്ണിൽ കാൽ കുത്താൻ കൊതിയേറുമ്പോൾ നിസ്സഹായനായി പെയ്യുന്ന മഴയെ നോക്കി ഇരിക്കാനാണ് വിധി.
പെരുന്നാളിനോടനുബന്ധിച്ച് രണ്ട്മൂന്നു ദിവസം മുമ്പേ മൈലാഞ്ചി ഇടലും
വളക്കാരനെ നോക്കി ഇരിപ്പും പതിവായിരുന്നല്ലോ. വള ചെട്ടികൾ വിവിധ വർണങ്ങളിലുള്ള കുപ്പി വളകളുമായി ആ ദിവസങ്ങളിൽ എത്തി ചേരും.
ഇഷ്ടപ്പെട്ട ചുവന്ന കുപ്പി വളകൾ വാങ്ങിക്കാൻ ആ പട്ടിണിക്കാലത്ത് കഴിയാതിരുന്ന ബാല്യസഖിയുടെ മുഖത്തെ നിരാശ കണ്ട ആ 16കാരൻ തന്റെ ഒഴിഞ്ഞ പോക്കറ്റ് നോക്കി നെടുവീർപ്പിട്ടതും കുറച്ച് കാലം കൂടി കഴിയട്ടെ നിനക്ക് രണ്ട് കയ്യിലും നിറയെ ചുവന്ന കുപ്പിവള ഞാൻ വാങ്ങി തരാമെന്ന് കണ്ണിൽ കണ്ണിൽ നോക്കി വ്യാമോഹിപ്പിച്ചതും ഒരു പെരുന്നാൾ രാവിനായിരുന്നുവോ?! ഒരിക്കലും സാധിച്ച് നൽകാത്ത വാഗ്ദാനമായി ആ കുപ്പി വള ഇന്ന് മനസിന്റെ ഏതോ മൂലയിൽ കിലുകിലാരവം മുഴക്കുമ്പോൾ അറിയപ്പെടാത്ത ഏതോ ദേശത്ത് അത് അണീയേണ്ടവൾ അമ്മയായി അമ്മൂമ്മയായി കഴിയുന്നുണ്ടാവണമെന്ന ചിന്ത തന്നെ എന്തിനെന്നറിയാത്ത വിധം മനസിനെ വിവശമാക്കുന്നല്ലോ.
ദൂരെ ദൂരെ പടക്കങ്ങളും കംബിത്തിരിയും മത്താപ്പും കത്തിയമരുമ്പോൾ നിരത്തിലൂടെ ജനം പെരുന്നാൾ തലേന്ന് തിങ്ങി നിറഞ്ഞ് ഒഴുകുമ്പോൾ ആ വളകിലുക്കത്തിന്റെ മധുര സ്മരണയിൽ പെരുന്നാൾ തലേന്നായ ഈ രാത്രിയിൽ ഈ ഇരുട്ടത്ത് ഞാൻ കഴിഞ്ഞോട്ടെ ....