Saturday, May 14, 2016

വല്യപ്പന്റെ അസുഖമെന്ത്?

 മദ്ധ്യ തിരുവിതാംകൂറിൽ പരക്കെ അറിയപ്പെടുന്ന ഒരു തമാശ കഥയുണ്ട്.
വാർദ്ധക്യ കാലത്ത് ഭാര്യ മരണപ്പെട്ട ഒരു കാർന്നോര് തന്റെ ഏകാന്തത സഹിക്കാനാവാതെ മ്ലാനവദനായി  കൂനിക്കൂടി കഴിഞ്ഞ് വന്നു. അമ്മാവന്റെ ദു:ഖം കൊച്ചു മക്കളോട് പറയാൻ കഴിയുന്നതുമല്ലല്ലോ. തനിക്ക് ഒരു ഇണ  വേണമെന്ന് എങ്ങിനെ പറയാൻ കഴിയും. കൊച്ച് മക്കളും മക്കളും അമ്മാവന്റെ സുഖാന്വേഷണവുമായി ഏത് നേരവും അടുത്തുണ്ട്. "കാപ്പി വേണോ വല്യപ്പാ,"   "കഞ്ഞി വേണോ വല്യപ്പാ"   എന്നിങ്ങനെ  തുരു തുരാ അന്വേഷണം  വന്നപ്പോൾ അവസാനം സഹി കെട്ട് അമ്മാവൻ അലറി പറഞ്ഞു വത്രേ!  "കാപ്പി കുടി വല്യപ്പാ,  കഞ്ഞി കുടി വല്യപ്പാ, എന്നോക്കെ നീയെല്ലാം എപ്പോഴും ചോദിക്കുന്നല്ലോ , വല്യപ്പന്റെ ശരിക്കുള്ള അസുഖം എന്തെന്ന് ഏതെങ്കിലും ഒരുത്തൻ പോലും  ചോദിക്കുന്നില്ലല്ലോ...."  എന്ന്.
ഈ കഥ ഇപ്പോൾ ഇവിടെ പറയാൻ കാരണം  തെരഞ്ഞെടുപ്പ് ബഹളം അതിന്റെ മൂർദ്ധന്യ ദശയിൽ നിൽക്കുമ്പോൾ പോലും  ഏതെങ്കിലും ഒരു കക്ഷി കേരളത്തിന്റെ ഇപ്പോൾ നിലവിലുള്ള പ്രശ്നം എന്തെന്നും അത് പരിഹരിക്കാനുള്ള  മാർഗമെന്തെന്നും ഒരു കൊച്ച് പ്രസ്താവനയുമായി പോലും  കാണാത്തതിനാലാണ്. ഒരു കൂട്ടർ വികസനവുമായി മുറവിളി കൂട്ടുമ്പോൾ അപര കക്ഷി ഇപ്പോ ശരിയാക്കി തരാം എന്നും പറഞ്ഞ് നിൽക്കുന്നു.  പണ്ട് പണ്ട് സൂര്യ നെല്ലി മുതൽ നടന്നതിൽ തുടങ്ങി  സരിതയിൽ കൊണ്ടെത്തിച്ച് സ്ത്രീ പീഡനവും  ബാറ് മുതൽ പാമോയിലും വസ്തു കൈമാറ്റവും കടന്ന് അഴിമതിയുടെ നാറ്റ കഥകൾ മൈക്ക് കെട്ടി പാടുമ്പോൾ എതിരാളികൾ 52 വെട്ടും  സഖാവ് നേതാവിന്റെ തന്തക്ക് വിളിയും കിളിരൂരിലെ  വി.ഐ.പി. ആരെന്നും, പെണ്ണുള്ളിടത്ത് വാണിഭവും നടക്കുമെന്നും പീഡനക്കാരെ കയ്യാമം വെച്ച് നടത്തിക്കുമെന്ന് പറഞ്ഞിട്ട് എന്തായെന്നും കാനഡാ കമ്പനിയുമായുള്ള അഴിമതിയും  വിളിച്ച് കൂവുന്നു.  മറ്റൊരു കൂട്ടർ ഇവർ രണ്ടും ശരിയല്ലെന്നും സോമാലിയാ മാറ്റി തരാമെന്നും പ്രഖ്യാപിക്കുന്നു.
പക്ഷേ  ഏതെങ്കിലും ഒരു കക്ഷി ഇവിടെ കേരളം ചുട്ട് വേവുകയായിരുന്നെന്നും കോടികളുടെ വിളകൾ നശിച്ചതും അതിന് പരിഹാരമെന്തെന്നും, ഞങ്ങൾ വന്നാൽ അതിന് പരിഹാരം കണ്ടെത്തുന്നുവെന്നും പറയുന്നുണ്ടോ? വരും കൊല്ലങ്ങളിലും കേരളത്തിന്റെ അവസ്ഥ ഈ ചൂട് തന്നെ  ആയിരിക്കാൻ സാധ്യതയുള്ളതിനാൽ അതിനെ നേരിടുമെന്ന വാഗ്ദാനം ഒരു പ്രകടന പത്രികയിലും കണ്ടില്ല.അമേരിക്കയെ പോലും നാണിപ്പിക്കുന്ന വിധം ഇവിടെ വിവാഹ മോചനം വർദ്ധിക്കുന്നതിൽ ഉത്ക്കണ്ഠ രേഖപ്പെടുത്തി സമൂഹാന്തരീക്ഷത്തിൽ  കാര്യമായ വ്യതിയാനം വരത്തക്ക വിധം  നടപടികൾ കൈക്കൊള്ളുമെന്നും  ആരെങ്കിലും പറയുന്നുണ്ടോ/ വീട്ടിനുള്ളിലും പുറത്തും പെണ്ണിന് രക്ഷയില്ലാത്ത ഈ നാട്ടിൽ അതിന് പരിഹാരം കണ്ടെത്തുമെന്ന്  ഒരുത്തരും പറഞ്ഞ്   കണ്ടില്ല.  ഇത് മാത്രമല്ല ഇനിയുമുണ്ട് കേരളത്തിന്റെ ആവശ്യങ്ങൾ. ഇങ്ങിനെ സമൂഹത്തിന്റെ കെട്ടുറപ്പിനും സമൃദ്ധിക്കും  സമാധാനത്തിനുമുള്ള   ശരിയായ വാഗ്ദാനങ്ങൾ ഒരു കക്ഷിയിലും കാണാൻ കഴിഞ്ഞില്ല. വികസനവും  ശരിയാക്കലുമല്ല വല്യപ്പന്റെ അസുഖം. അതെന്താണെന്ന് തിരിച്ചറിഞ്ഞ് പ്രവർത്തിക്കാൻ കക്ഷികൾ തയാറാകേണ്ടിയിരിക്കുന്നു.

No comments:

Post a Comment