Monday, May 23, 2016

ഞാൻ കാസ്ട്രോ അല്ല.

 ശീതീകരിച്ച റൂം വേണ്ട,  പ്രസവ സംരക്ഷണം വേണ്ടാ, ബേബി ഫുഡ് ആവശ്യമില്ല, ജോൺസൺ ബേബി പൗഡറും വേണ്ട, ഈ വിറകു പുരയിൽ  ഉള്ള സൗകര്യത്തിൽ  അമ്മയും കുഞ്ഞുങ്ങളും സുഖമായി കഴിഞ്ഞ് കൊള്ളും. ചിക്കഗുനിയാ, ഡെങ്കി, മങ്കി,ചെള്ള് ഈ വക പനി ബാധിക്കുകയും ഇല്ല. മൂന്നാം മാസത്തിലും ആറാം മാസത്തിലും ഒന്നര വയസിലും  പ്രതിരോധ കുത്തി വെയ്പ്പും ഇല്ല, പോളിയോ തുള്ളിയുമില്ല. മുകളിലെ വലിയ ഡോക്ടർ ഇവർക്കെല്ലാം  ആവശ്യത്തിനുള്ള സരക്ഷണവും നൽകിയിരിക്കുന്നു. മൂപ്പരെന്തേ മഹാനായ  മനുഷ്യന് ഇതൊന്നും നൽകാത്തതെന്ന്  ഒരു പിടിയുമില്ല. ചിന്ത ഇത്രയുമായപ്പോൾ അമ്മയുംകുഞ്ഞുങ്ങളുടെ ഒരു പോട്ടം പിടിക്കാമെന്ന് കരുതി മുമ്പിൽ പോയിരുന്ന്  ക്യാമറ എടുത്തു.
 കഴിഞ്ഞ ആഴ്ച ഇവരെ ഒന്ന് താലോലിക്കാനായി ചെന്നപ്പോൽ അതിൽ ഒരു കുഞ്ഞൂട്ടി എന്റെ കയ്യിൽ പരിക്ക് പറ്റിച്ചതിന് പ്രതിരോധ കുത്തിവെയ്പ്പുകൾ മൂന്ന് കഴിഞ്ഞു.
"കയ്യിൽ മാന്തിയതിന്  കുത്തിവെയ്പ്പ് മൂന്നായി,  ഇനി അതിന്റെ മുമ്പിൽ പോയി പോട്ടം പിടിക്കാനിരുന്ന്  വേറെ വല്ലിടത്തും കടിയോ മാന്തലോ കിട്ടിയാൽ  ഒരു പാട് കുത്തേണ്ടി വരുമേ , ഞാൻ പറഞ്ഞില്ലെന്ന് വേണ്ടാ.... " പുറകിൽ നിന്ന്   വീടിലെ ആഭ്യന്തര വകുപ്പിന്റെ  മുന വെച്ച വർത്തമാനം കേട്ടപ്പോൾ തിരിഞ്ഞ്   അവളെ  രൂക്ഷമായി ഒന്ന് നോക്കി.
""ഫ!!!"  ഹമുക്കേ! എനിക്ക് അത്രക്ക് വയസായിട്ടൊന്നുമില്ല എന്നെ നീ വെറും ഫിഡിൽ കാസ്ട്രൊ  ആക്കി ഒരു മൂലയിൽ ഇരുത്താൻ നോക്കുകയും വേണ്ടാ...എനിക്ക് ആവശ്യത്തിന് വകതിരിവുണ്ട് .." ഞാൻ ശരിക്കും ഒന്ന് ചീറ്റിയപ്പോൾ അവൾ സ്കൂട്ടായി.  ഹല്ല പിന്നേ....ഉദാത്തമായ ചിന്തകൾ വരുമ്പോഴല്ലേ ഒരു ഉപദേശം.....

Saturday, May 21, 2016

സമരം പലവിധം ഉലകിൽ

സർക്കാർ വക താലൂക്ക് ആശുപത്രിയിലെ  പ്രസവ മുറിയിലേക്ക്  കയറി പോകുമ്പോൾ വെളിയിൽ  ഭർത്താവിനരികിൽ നിന്ന കുഞ്ഞിനോട്  ഗർഭിണി ആയ അമ്മ പറഞ്ഞു " മോൻ അഛനോടൊപ്പം  നിൽക്ക്, അമ്മ കുഞ്ഞു വാവയുമായി ഇപ്പോൾ വരാം...ട്ടാ....." ഗർഭിണിക്ക്  ഡ്രിപ്പിട്ട്  കിടത്തിയിരിക്കുന്നതായാണ് ആദ്യം കിട്ടിയ വിവരം.  പിന്നീട്  കിട്ടിയ വിവരം  ഗർഭിണി മരിച്ചു  എന്നാണ് . ഭർത്താവ് ഉൾപ്പടെ   പുറത്ത് കാത്ത് നിന്നവർ  പ്രകോപിതരാകുന്നത്  സ്വാഭാവികം. ഡ്രിപ്പ് ഇട്ട് കഴിഞ്ഞ്  ഡോക്ടർ ശ്രദ്ധിക്കാതെ പുറത്ത് പോയി എന്നും  മരുന്ന് മാറി കുത്തി വെച്ചെന്നും  പലവിധ ആരോപണങ്ങൾ ഉയർന്നു. ലേഡീ ഡോക്ടറെ കൈ വെച്ചെന്നും  ആരോപണം ഉണ്ടായി. ലേഡീ ഡോക്ടറും ഗർഭിണി  ആയിരുന്നത്രേ! ഏതായാലും അവർ ജില്ലാ ആശുപത്രിയിൽ  അഡ്മിറ്റായി.  കേസിൽ നിന്നും രക്ഷപെടാൻ ഒരു മുൻ കരുതലെന്ന നിലയിലാണ് ഈ ആശുപത്രി പ്രവേശനം എന്ന് മരിച്ച ഗർഭീണിയുടെ ബന്ധുക്കൾ പറയുമ്പോൾ  അല്ലാ ഡോക്ടർക്ക് മർദ്ദനമേറ്റുവെന്ന് സഹ പ്രവർത്തകർ ആരോപിക്കുന്നു. ഏതിനും പ്രതിഷേധമായി സർക്കാർ ഡോക്ടറന്മാർ  ഒരു ദിവസം പണിമുടക്ക് പ്രഖ്യാപിച്ചു.
   ഒരാഴ്ച മുമ്പ്   ഒരു പൂച്ചക്കുഞ്ഞിനെ താലോലിച്ച വകയിൽ ആ ജീവിയിൽ നിന്നും   കിട്ടിയ മുറിവുമായി  നടന്ന എനിക്ക്  കുത്തിവെച്ച് കൊണ്ടിരുന്ന മൂന്നാമത്തെ  ഡോസ്  ഈ പണി മുടക്ക് ദിവസം തന്നെ  ആയിരുന്നു എടുക്കേണ്ടിയിരുന്നത്. അതി രാവിലെ ആശുപത്രിയിലെത്തിയ ഞാൻ കണ്ടത് പതിവ് ചടങ്ങായ ഓ.പി. പുതുക്കൽ വിഭാഗം  അടച്ച് പൂട്ടി  കിടക്കുന്ന കാഴ്ചയാണ് . പ്രതിഷേധം അറിയാതെ  ആശുപത്രിയിൽ ചികിൽസക്ക് വന്ന പൊതുജനമെന്ന കഴുത (ഡോക്ടർമാർക്ക് ശംബളം കൃത്യമായി കൊടുക്കുവാൻ കരം ഒടുക്കുന്നവരാണവർ) തെക്കും വടക്കും ഓടി നടന്നു. ഡോക്ടറന്മാർ ഇല്ലെങ്കിൽ എന്ത് ഓ.പി. സെക്ഷൻ. അവിടെയും മുടക്ക് തന്നെ. കുത്തി വെയ്പ്പ് പരിഹാരത്തിന് ആശുപത്രി കാമ്പൗണ്ട് പലതവണ ഞാൻ ചുറ്റി നടന്നു. ആശുപത്രിയിൽ നിന്നും മാത്രം  ലഭിക്കുന്ന ആ സിറം  പുറത്ത് ലഭ്യമായിരുന്നെങ്കിൽ അത് വാങ്ങാമായിരുന്നു. ഏതായാലും രണ്ട് മണിക്കൂറിന് ശേഷം  ഫ്ലോറൻസ് നൈറ്റിഗ്ലിന്റെ ഒരു പിൻ ഗാമി എന്നെ സഹായിച്ചതിനാൽ  കുത്തി വെപ്പ് നടന്നു. ആ ലലനാമണി  കനിഞ്ഞില്ലായിരുന്നെങ്കിൽ  നമ്മുടെ കാര്യം കട്ടപ്പുറത്ത്.
രോഗം വരുന്നത് അവിചാരിതമാണ്. ഈ വക പണിമുടക്കിലൂടെ  പൊതുജനത്തെ ശിക്ഷിക്കുന്നതും ജനാധിപത്യ രാജ്യത്തിൽ അനുവദനീയമായ സമരത്തിൽകൂടി തന്നെ. സമരം പാവനമാണെന്നും  അതിനെ വിമർശിക്കുന്നത്  ക്ഷന്തവ്യമല്ലെന്ന അറിവോടെ ചോദിച്ച്കൊള്ളട്ടെ, ഒരു അസുഖവുമില്ലാതെ  അകത്ത് പോയ ഭാര്യയുടെ ശവവും, ഗർഭസ്ത കുഞ്ഞിന്റെ ശവവും  കാണുമ്പോൾ  ഒരു ഭർത്താവിന്  രോഷം ഉണ്ടാകുന്നത് കുറ്റകരമാണോ? ചിലപ്പോൾ ദേഷ്യത്തിന്  നാല് ചീത്തയും  രണ്ട് തല്ലും കിട്ടിയെന്ന് വരും. അതിനെതിരെയും കേസ് എടുക്കാം. പക്ഷേ പണി മുടക്കിയാൽ ഉടനടി ചികിൽസ കിട്ടേണ്ട രോഗിക്ക് കാലതാമസത്താൽ മരണം സംഭവിച്ചാലോ? അത്കൊണ്ട്തന്നെ   ഡോക്ടറന്മാരുടെ പണിമുടക്ക് ഒരുതരത്തിലും ന്യായീകരിക്കാനാവില്ല.

Saturday, May 14, 2016

വല്യപ്പന്റെ അസുഖമെന്ത്?

 മദ്ധ്യ തിരുവിതാംകൂറിൽ പരക്കെ അറിയപ്പെടുന്ന ഒരു തമാശ കഥയുണ്ട്.
വാർദ്ധക്യ കാലത്ത് ഭാര്യ മരണപ്പെട്ട ഒരു കാർന്നോര് തന്റെ ഏകാന്തത സഹിക്കാനാവാതെ മ്ലാനവദനായി  കൂനിക്കൂടി കഴിഞ്ഞ് വന്നു. അമ്മാവന്റെ ദു:ഖം കൊച്ചു മക്കളോട് പറയാൻ കഴിയുന്നതുമല്ലല്ലോ. തനിക്ക് ഒരു ഇണ  വേണമെന്ന് എങ്ങിനെ പറയാൻ കഴിയും. കൊച്ച് മക്കളും മക്കളും അമ്മാവന്റെ സുഖാന്വേഷണവുമായി ഏത് നേരവും അടുത്തുണ്ട്. "കാപ്പി വേണോ വല്യപ്പാ,"   "കഞ്ഞി വേണോ വല്യപ്പാ"   എന്നിങ്ങനെ  തുരു തുരാ അന്വേഷണം  വന്നപ്പോൾ അവസാനം സഹി കെട്ട് അമ്മാവൻ അലറി പറഞ്ഞു വത്രേ!  "കാപ്പി കുടി വല്യപ്പാ,  കഞ്ഞി കുടി വല്യപ്പാ, എന്നോക്കെ നീയെല്ലാം എപ്പോഴും ചോദിക്കുന്നല്ലോ , വല്യപ്പന്റെ ശരിക്കുള്ള അസുഖം എന്തെന്ന് ഏതെങ്കിലും ഒരുത്തൻ പോലും  ചോദിക്കുന്നില്ലല്ലോ...."  എന്ന്.
ഈ കഥ ഇപ്പോൾ ഇവിടെ പറയാൻ കാരണം  തെരഞ്ഞെടുപ്പ് ബഹളം അതിന്റെ മൂർദ്ധന്യ ദശയിൽ നിൽക്കുമ്പോൾ പോലും  ഏതെങ്കിലും ഒരു കക്ഷി കേരളത്തിന്റെ ഇപ്പോൾ നിലവിലുള്ള പ്രശ്നം എന്തെന്നും അത് പരിഹരിക്കാനുള്ള  മാർഗമെന്തെന്നും ഒരു കൊച്ച് പ്രസ്താവനയുമായി പോലും  കാണാത്തതിനാലാണ്. ഒരു കൂട്ടർ വികസനവുമായി മുറവിളി കൂട്ടുമ്പോൾ അപര കക്ഷി ഇപ്പോ ശരിയാക്കി തരാം എന്നും പറഞ്ഞ് നിൽക്കുന്നു.  പണ്ട് പണ്ട് സൂര്യ നെല്ലി മുതൽ നടന്നതിൽ തുടങ്ങി  സരിതയിൽ കൊണ്ടെത്തിച്ച് സ്ത്രീ പീഡനവും  ബാറ് മുതൽ പാമോയിലും വസ്തു കൈമാറ്റവും കടന്ന് അഴിമതിയുടെ നാറ്റ കഥകൾ മൈക്ക് കെട്ടി പാടുമ്പോൾ എതിരാളികൾ 52 വെട്ടും  സഖാവ് നേതാവിന്റെ തന്തക്ക് വിളിയും കിളിരൂരിലെ  വി.ഐ.പി. ആരെന്നും, പെണ്ണുള്ളിടത്ത് വാണിഭവും നടക്കുമെന്നും പീഡനക്കാരെ കയ്യാമം വെച്ച് നടത്തിക്കുമെന്ന് പറഞ്ഞിട്ട് എന്തായെന്നും കാനഡാ കമ്പനിയുമായുള്ള അഴിമതിയും  വിളിച്ച് കൂവുന്നു.  മറ്റൊരു കൂട്ടർ ഇവർ രണ്ടും ശരിയല്ലെന്നും സോമാലിയാ മാറ്റി തരാമെന്നും പ്രഖ്യാപിക്കുന്നു.
പക്ഷേ  ഏതെങ്കിലും ഒരു കക്ഷി ഇവിടെ കേരളം ചുട്ട് വേവുകയായിരുന്നെന്നും കോടികളുടെ വിളകൾ നശിച്ചതും അതിന് പരിഹാരമെന്തെന്നും, ഞങ്ങൾ വന്നാൽ അതിന് പരിഹാരം കണ്ടെത്തുന്നുവെന്നും പറയുന്നുണ്ടോ? വരും കൊല്ലങ്ങളിലും കേരളത്തിന്റെ അവസ്ഥ ഈ ചൂട് തന്നെ  ആയിരിക്കാൻ സാധ്യതയുള്ളതിനാൽ അതിനെ നേരിടുമെന്ന വാഗ്ദാനം ഒരു പ്രകടന പത്രികയിലും കണ്ടില്ല.അമേരിക്കയെ പോലും നാണിപ്പിക്കുന്ന വിധം ഇവിടെ വിവാഹ മോചനം വർദ്ധിക്കുന്നതിൽ ഉത്ക്കണ്ഠ രേഖപ്പെടുത്തി സമൂഹാന്തരീക്ഷത്തിൽ  കാര്യമായ വ്യതിയാനം വരത്തക്ക വിധം  നടപടികൾ കൈക്കൊള്ളുമെന്നും  ആരെങ്കിലും പറയുന്നുണ്ടോ/ വീട്ടിനുള്ളിലും പുറത്തും പെണ്ണിന് രക്ഷയില്ലാത്ത ഈ നാട്ടിൽ അതിന് പരിഹാരം കണ്ടെത്തുമെന്ന്  ഒരുത്തരും പറഞ്ഞ്   കണ്ടില്ല.  ഇത് മാത്രമല്ല ഇനിയുമുണ്ട് കേരളത്തിന്റെ ആവശ്യങ്ങൾ. ഇങ്ങിനെ സമൂഹത്തിന്റെ കെട്ടുറപ്പിനും സമൃദ്ധിക്കും  സമാധാനത്തിനുമുള്ള   ശരിയായ വാഗ്ദാനങ്ങൾ ഒരു കക്ഷിയിലും കാണാൻ കഴിഞ്ഞില്ല. വികസനവും  ശരിയാക്കലുമല്ല വല്യപ്പന്റെ അസുഖം. അതെന്താണെന്ന് തിരിച്ചറിഞ്ഞ് പ്രവർത്തിക്കാൻ കക്ഷികൾ തയാറാകേണ്ടിയിരിക്കുന്നു.

Saturday, May 7, 2016

കണ്ണീര് വീണ ചോറിന്റെ രുചി

 അന്ന് ഞാൻ ആലപ്പുഴ മുഹമ്മദൻ സ്കൂളിൽ  ഏഴാം ക്ലാസ് വിദ്യാർത്ഥിയാണ് .കേരളത്തിലെ ഏറ്റവും രൂക്ഷമായ പട്ടിണി കാലമായിരുന്നു 1960-70 കാലഘട്ടം. ഇട പരീക്ഷ എന്ന ഓമന പേരിനാൽ അറിയപ്പെട്ടിരുന്ന ക്രിസ്തുമസ് പരീക്ഷക്ക്  ഉത്തരം  എഴുതുന്നതിന് പേപ്പർ വാങ്ങാൻ 10 പൈസാ വീട്ടിൽ നിന്നും തന്നു. ഫുൾസ്കേപ് നാല് പേപ്പർ 10 പൈസാക്ക് കിട്ടും. രാവിലെയും വൈകുന്നേരവുമുള്ള രണ്ട് പരീക്ഷക്ക് ആ നാല് പേപ്പർ   മതിയാകും അഥവാ ഞാൻ  മതിയാക്കും. ഞാൻ അഞ്ച് പൈസക്ക് രണ്ട് പേപ്പർ വാങ്ങി, ഒരു പേപ്പർ  അറബി പരീക്ഷ എഴുതി, ഉച്ച കഴിഞ്ഞുള്ള കണക്ക് പരീക്ഷക്ക്  ഒരെണ്ണം കയ്യിൽ സൂക്ഷിച്ചു. ബാക്കി അഞ്ച് പൈസക്ക് ഗോതമ്പ് ഉണ്ട ഒരെണ്ണം വാങ്ങി തിന്നു പച്ചവെള്ളവും കുടിച്ചു. പരീക്ഷയേക്കാളും പ്രധാനം വിശപ്പിനാണല്ലോ. ആ ഒരു പേപ്പറിൽ  ഞാൻ കണക്കിന്റെ ഉത്തരം ചെറുതായി എഴുതി. എന്നിട്ടും ഒന്ന് രണ്ട് ചോദ്യത്തിന്റെ ഉത്തരം എഴുതാൻ സ്ഥലം തികഞ്ഞില്ല.
ക്രിസ്തുമസ്  അവധി കഴിഞ്ഞു പുതിയ വർഷത്തിൽ പള്ളിക്കൂടം തുറന്നു. എഴുതിയ പേപ്പറുകളുടെ  റിസൽറ്റ്  അദ്ധ്യാപകൻ ഉത്തര പേപ്പറുമായി ക്ലാസിൽ വന്ന് വായിക്കും. അന്ന് കണക്ക് അദ്ധ്യാപകനായ റഷീദ് സാർ ആണ്  ഉത്തര പേപ്പറുമായി വന്നത്. ഉത്തര പേപ്പറുകൾ നോക്കി സാർ മാർക്ക് വായിച്ച് കൊണ്ടിരുന്നു. എന്റെ  പേപ്പർ നോക്കി  സാർ പേര് വിളിച്ചു എന്നാൽ  മാർക്ക് വായിച്ചില്ല. രണ്ട് വിരൽ കൊണ്ട് എന്റെ ആ ഒറ്റ പേപ്പർ സാർ നുള്ളിയെടുത്ത് പൊക്കി കാണിച്ചിട്ട് മേശയുടെ അറ്റത്തേക്ക് മാറ്റി വെച്ചു."നീ അവിടെ നിൽക്ക് " എന്ന്  എന്നോട് പറഞ്ഞു. ഉത്തര വായന കഴിഞ്ഞ് സാർ എന്റെ പേപ്പർ പഴയത് പോലെ രണ്ട് വിരലിനാൽ നുള്ളിയെടുത്ത് ക്ലാസ്സിൽ ഉയർത്തി കാണീച്ചു.  എന്നിട്ട് പറഞ്ഞു " ഒറ്റ പേപ്പറിൽ ഇവൻ ഉത്തരം കുനുകുനാ എഴുതി...മാർക്ക്..."  എന്നിട്ട് സാർ ഒന്ന് നിർത്തി.  ഞാൻ  ആകാംക്ഷ കൊണ്ട് വീർപ്പ് മുട്ടി. സാർ പറഞ്ഞു." അൻപതിൽ നാൽപ്പത്തിയെട്ട്...ഈ വെറും ഒറ്റ പേപ്പറിൽ  48 മാർക്ക്   " ക്ലാസ്സ് നിശ്ശബ്ദമായിരുന്നു, ഞാൻ അന്തം വിട്ടു നിന്നു. ഒറ്റ പേപ്പറിൽ എഴുതി നിർത്തിയപ്പോൾ ഞാനും അത്രത്തോളം പ്രതീക്ഷിച്ചില്ലല്ലോ. "എന്തെടാ ബാക്കി ചോദ്യത്തിന് ഉത്തരം എഴുതാതിരുന്നത്." സാർ  എന്നോട് ചോദിച്ചത് വളരെ മയത്തിലായിരുന്നു. "അവൻ പേപ്പറിന്റെ പൈസാക്ക് ഉണ്ട വാങ്ങി തിന്നു സാർ"  അടുത്തിരുന്ന അബൂബക്കറായിരുന്നു ഈ ബോംബ് പൊട്ടിച്ചത് . ക്ലാസ്സിൽ കൂട്ടച്ചിരി ഉയർന്നു. സാർ അടുത്ത് വന്നു എന്നോട് വിവരങ്ങൾ ചോദിച്ചു. ഞാൻ വിമ്മലോടെ സത്യം പറഞ്ഞു. "വിശപ്പ് സഹിക്കാൻ വയ്യായിരുന്നു സാർ..." സാർ ഒന്നും മിണ്ടിയില്ല, ക്ലാസ് അവസാനിച്ചപ്പോൾ എന്നെ അടുത്ത് വിളിച്ച് ഇത്ര മാത്രം പറഞ്ഞു," ഉച്ചക്ക്   വിടുമ്പോൾ എന്നെ വന്ന് കാണണം " ഞാൻ സാറിനെ പോയി കണ്ടു. സാർ എന്നെയും കൂട്ടി കണ്ണൻ വർക്കി പാലത്തിന് വടക്ക് വശം കോൺ വെന്റ് റോഡിൽ      ഉള്ള ഒരു നായർ വിലാസം ഹോട്ടലിൽ  പോയി. ഊണ് വാങ്ങി തന്നു. ഇലയിൽ വിളമ്പിയ  ചോറിന് മുമ്പിലിരുന്ന് ഞാൻ കരഞ്ഞു.  എന്തിനാണ് കരഞ്ഞതെന്ന് ഇന്നും എനിക്കറിയില്ല. ഞാൻ കരഞ്ഞപ്പോൾ സാർ തോളിൽ തട്ടി ആശ്വസിപ്പിച്ചു, "സാരമില്ലെടാ കരയാതെ, നീ നാളെ നന്നാകും."
വർഷങ്ങളെത്ര കഴിഞ്ഞ് പോയിരിക്കുന്നു, സാറിന്റെ പ്രവചനം പുലർന്നു എന്നെനിക്കുറപ്പുണ്ട്.അന്നത്തേതിൽ നിന്നും    എത്രമാത്രം ഞാൻ മെച്ചപ്പെട്ടു, ഉയർന്ന ശ്രേണികൾ  ഞാൻ സാവകാശം കയറി. ഇന്നെനിക്ക്  ഏത് ആഹാരം വേണമെന്ന് തോന്നിയാലും അത് വാങ്ങി കഴിക്കാനുള്ള കഴിവ് ദൈവം തന്നിട്ടുണ്ട്. പക്ഷേ അന്നത്തെ  കണ്ണീരിന്റെ ഉപ്പ് വീണ ആ ചോറിന്റെ രുചി ഇന്നത്തെ ആഹാരത്തിനില്ലല്ലോ.

Thursday, May 5, 2016

ഒരു ബലാൽസംഗവും ചില ചിന്തകളും

   നിന്ദ്യവും    ക്രൂരവുമായിരുന്നു ആ പാതകം. ജനനേന്ദ്രിയത്തിലുൾപ്പടെ 38 മുറിവുകൾ പച്ച ജീവനോടെ ഏറ്റു വാങ്ങി  നരകിച്ച് നരകിച്ച് ആ പെൺകുട്ടി മരിച്ചു.കൊല്ലപ്പെട്ട ജിഷ  ഏകാന്തമായ സ്ഥലത്തല്ല, ആൾക്കൂട്ടത്തിന്റെ മദ്ധ്യത്തിൽ തന്നെയായിരുന്നല്ലോ താമസിച്ചിരുന്നത്.  എന്നാൽ തന്നെയുംആ വീട്ടിൽ ഒരു ബോംബ് പൊട്ടിയാൽ പോലും അയൽ വാസികളോ നാട്ടുകാരോ എത്തി നോക്കാറില്ലയിരുന്നു  എന്നാണ്  അറിഞ്ഞത്. ഒറ്റ മുറി വീട്ടിൽ ഒരു കക്കൂസ് പണിയാൻ പോലും അനുവദിക്കാതെ അതിന് സഹായിക്കാൻ വന്ന സംഘടനക്കാരെ കൂടി  മുമ്പൊരിക്കൽ അവിടെ നിന്ന് ഓടിച്ചിരുന്ന കഥകൾ മറച്ച് വെച്ചാണ്  ദാരുണമാം വിധം കൊല്ലപ്പെട്ടതിന് ശേഷം  കക്ഷി ഭേദമന്യേ  പ്രദേശ വാസികൾ അഞ്ചാം ദിവസം  പ്രതിഷേധിക്കാൻ ഇറങ്ങിയത്. സോഷ്യൽ  മീഡിയാകൾ ഇടപെട്ടതിന് ശേഷമാണ് അവർക്ക് രോഷം  മുളച്ച് വന്നത്.
അത് അവിടെ നിൽക്കട്ടെ സംഭവത്തിന് ശേഷം പ്രതിഷേധം അങ്ങിനെ മാധ്യമങ്ങളിലൂടെ  പതഞ്ഞൊഴുകി വന്നു അതിൽ പലരും ബലാൽസംഗത്തിനും പീഡനത്തിനും നൽകുന്ന  നിയമത്തിന്റെ ലാഘവത്തെക്കുറിച്ചും ഗോവിന്ദച്ചാമി സുഖിച്ച് വാഴുന്നതിനെ പറ്റിയും ഉദ്ഘോഷിച്ചു. ഡെൽഹി നിർഭയ കേസിന് ശേഷം  സ്ത്രീകളൂടെ നേരെയുള്ള  ഉപദ്രവങ്ങൾക്ക് കൊടുക്കാവുന്ന ശിക്ഷ പരമാവധി വർദ്ധിപ്പിച്ച്  വധ ശിക്ഷ വരെ  നിയമത്തിൽ ഏർപ്പെടുത്തി. ഒരു പെണ്ണിന് നേരെ ആംഗ്യം കാട്ടിയാൽ പോലും ആംഗ്യം കാട്ടുന്നവന് കഠിന ശിക്ഷ കിട്ടുന്ന വകുപ്പുകൾ  ഇൻഡ്യൻ പീനൽ കോഡിൽ തുന്നി ചേർത്തു. ശിക്ഷ വിധിച്ച വാർത്തകൾ പലതും പുറത്ത് വന്നു. പത്രങ്ങളിലൂടെയും ചാനലുകളിലൂടെയും സോഷ്യൽ മീഡിയകളിലൂടെയും ഈ ശിക്ഷകൾ കൊച്ച് കുട്ടികൾക്ക് പോലും അറിവ് കിട്ടത്തക്ക വിധം  പ്രചരിച്ചു. ചുരുക്കത്തിൽ ഒരു പെണ്ണിന് നേരെ  കൈ ഉയർത്തിയാൽ അവനെ സമൂഹം നീചനും നിന്ദ്യനും ഹിംസ്ര ജന്തുവുമായി കാണുന്നതിന് പുറമേ  അവ്നും അവന്റെ കുടുംബവും  അനുഭവിക്കുന്ന മാനക്കേടും പോലീസിന്റെ  ചോദ്യം  ചെയ്യലും അവസാനം ലഭിക്കുന്ന ശിക്ഷയും  ഇന്ന് ഏവർക്കും സുപരിചിതവും  അത് കൊണ്ട് തന്നെ ഒരുത്തനും രണ്ട് തവണ ആലോചിക്കാതെ ഈ മാതിരി കുറ്റത്തിന് ഇറങ്ങി തിരിക്കില്ലാ എന്നുറപ്പ് തരുന്ന വിധമാണ്   ഈ  കുറ്റത്തെ ഇപ്പോൾ  സമൂഹം കാണുന്നത്   എന്നാണ് നമ്മൾ ധരിച്ചിരിക്കുന്നത്.
എന്നാൽ സത്യം മറ്റൊന്നാണ്. പെരുമ്പാവൂർ ജിഷയുടെ കൊലപാതകം ഇന്നും ലൈവായി  പത്രത്തിലും ചാനലിലും നില നിൽക്കുകയും സംഭവത്തെ തുടർന്ന് നാട്ടിൽ അലയടിക്കുന്ന പ്രതിഷേധവും, ആഭ്യന്തരമന്ത്രി മുഖ്യ മന്ത്രി എന്നിവർക്ക് പോലും പോലീസ് സഹായമില്ലാതെ തല പുറത്ത് കാണിക്കാൻ കഴിയാതെ വരുന്ന വാർത്തകൾ നാട്ടിൽ പരന്നിരിക്കെയും, ഒരു പെണ്ണിന് നേരെ കണ്ണ്  പോലും  ഉയർത്താൻ സാമാന്യ ബുദ്ധി യുള്ളവർ രണ്ട് തവണ ചിന്തിക്കുകയും   ചെയ്യുമെന്ന്   കരുതപ്പെടേണ്ട്  ഇന്നത്തെ ദിവസം കയ്യിൽ കിട്ടിയ പത്രത്തിലെ  പീഡന വാർത്തകൾ താഴെ പറയുന്നവയാണ്.
1വർക്കലയിൽ നഴ്സിംഗ് വിദ്യാർത്ഥിയെ മൂന്ന് പേർ ചേർന്ന്   പീഡിപ്പിച്ച്  പാലത്തിനടിയിൽ തള്ളി.
2.  68കാരിയെ വീട്ടിൽ കയറി  ഒരു മണിക്കൂറോളം  അക്രമി ക്രൂരമായി പീഡിപ്പിച്ചു.ആറ്റിങ്ങലാണ്  സംഭവ സ്ഥലം
     .
3. വെള്ളറടയിൽ 14 കാരി വിദ്യാർത്ഥിനിയെ  യുവാവു കടത്തിക്കൊണ്ട് പോയി പീഡിപ്പിച്ചതിന് ശേഷം  വഴിയിൽ ഉപേക്ഷിച്ചു.
4. കഴക്കൂട്ടത്ത്  പത്താം ക്ലാസ്സ്കാരി വിദ്യാർത്ഥിനിയെ  പിതാവ്   പീഡിപ്പിച്ചു.മാതാവിനോട് പറഞ്ഞിട്ട് രക്ഷയില്ലാതെ ചേച്ചിയോട്  പറഞ്ഞ് പോലീസിൽ പരാതി കൊടുത്തു. പ്രതിക്ക് ആകെ 3 പെൺകുട്ടികളുണ്ട്. ഇളയവളാണ് ഇര.
  ഇനിയുമുണ്ട്  ഇന്നത്തെ മാത്രം പീഡന വാർത്തകൾ.  നാട്ടിൽ ഒരു പെൺകുട്ടിയുടെ പീഡനത്തെ തുടർന്ന്  ഇത്രയും പ്രതിഷേധങ്ങളും  ബഹളവും       നടക്കുമ്പോൾ തന്നെ ഒരു കൂസലും കൂടാതെ പെണ്ണിന് നേരെ കൈ പൊക്കാൻ പുരുഷനെ പ്രേരിപ്പിക്കുന്ന ചേതോ വികാരമെന്താണ്? സാമൂഹ്യ ശാസ്ത്രജ്ഞന്മാർ ഉണർന്ന് ചിന്തിക്കേണ്ട കാലം കഴിഞ്ഞിരിക്കുന്നു. ശിക്ഷയെ ഭയമില്ലാതെ മാനക്കേട് വകവെക്കാതെ എന്ത് വന്നാലും സാരമില്ല  എന്ന ഭാവത്തോടെ  പെണ്ണിനെ   കണ്ടാൽ പശുവിനെ കണ്ട കാളയെ പോലെ പാഞ്ഞ് ചെല്ലാൻ തക്കവിധം പുരുഷന്മാരുടെ ഉള്ളിൽ നടക്കുന്ന രാസ മാറ്റം എന്താണ്. പണ്ട്   അത്യപൂർവമായി മാത്രം  ഉണ്ടായിരുന്ന  ഈ കുറ്റം ഇപ്പോൾ സർവസാധാരണമായി  ഉണ്ടാകാൻ തക്കവിധം   സമൂഹത്തിൽ ഉണ്ടായ മാറ്റം  എന്തെന്ന്  ശരിക്കും പഠനം നടത്തേണ്ടതല്ലേ? 25 വർഷത്തിന് മുമ്പുള്ള സമൂഹവും ഇന്നത്തെ സമൂഹവും താരതമ്യം ചെയ്താൽ ശരിക്കുമുള്ള കാരണങ്ങൾ കണ്ടെത്താൻ കഴിയും. അത് കണ്ട് പിടിച്ച് പരിഹാര മാർഗം തേടേണ്ടതിന് പകരം  ഏതെങ്കിലും ഒരു സംഭവം ഉണ്ടാകുമ്പോൾ മാത്രം പ്രതിഷേധ കൊടുംകാറ്റിളക്കി വിട്ടിട്ടൊ ശിക്ഷയിൽ ഒന്നുകൂടി  കാഠിന്യം വർദ്ധിപ്പിച്ചോ പരിഹാരം കണ്ടെത്താനാവില്ലല്ലോ. ചിതലിനെ കൊല്ലുക, ചിതൽ പുറ്റ് തകർത്തിട്ട് എന്ത് ഫലം. ചിതൽ ജീവനോടിരിക്കുന്നിടത്തോളം കാലം പുറ്റ് ഉണ്ടായിക്കൊണ്ടിരിക്കുക തന്നെ ചെയ്യും. കാരണം കണ്ടെത്തുക, അതിന് പരിഹാരം കണ്ടെത്തുക, ശിക്ഷയിൽ കാലോചിതമായി മാറ്റം വരുത്തി വിചാരണ ശീഘ്രത്തിൽ ചെയ്യുക. കുറ്റം ഇല്ലാതാക്കാം.