Friday, February 26, 2016

ന്യൂ ജനറേഷനും ബൈക്ക് യാത്രയും

21 വയസ്സുള്ള ചെറുപ്പക്കാരൻ ബൈക്ക് അപകടത്തിൽ മരിച്ച വിവരം അറിഞ്ഞ്   പരപ്പനങ്ങാടി   ചെട്ടിപ്പടിയിലെ  മരണ വീട്ടിലേക്കുള്ള യാത്രയിലായിരുന്നു ഞങ്ങളുടെ കുടുംബം. മരുമകളുടെ അടുത്ത ബന്ധുവായ ഈ യുവാവ് കഴിഞ്ഞ ഡിസംബറിൽ  ഒരു വിവാഹത്തിൽ പങ്കെടുക്കാൻ  ഞങ്ങളുടെ വീട്ടിൽ വന്നിരുന്നു. ആകസ്മികമായുള്ള അവന്റെ മരണ വിവരം അറിഞ്ഞപ്പോൾ പകച്ചു പോയി.  ഫറോക്കിലുള്ള കോളേജിലേക്ക് റോഡിലൂടെ പോയിരുന്ന അവന്റെ ബൈക്കും മറ്റൊരു വാഹനവുമായുള്ള കൂട്ടിമുട്ടൽ  അവനെ മരണത്തിലേക്ക് നയിച്ചു.
ഫെബ്രുവരി  പിറന്നതിന് ശേഷം  മൂന്ന് അപകടമരണം ഞങ്ങളുടെ ചുറ്റുപാടിൽ നടന്നു.  അതിൽ ഒരെണ്ണം മറ്റൊരു 21 വയസ്സ്കാരന്റേതായിരുന്നു. അവനും കോളേജിലേക്കായിരുന്നു,  യാത്ര. ശാസ്താംകോട്ട കോളേജിലേക്ക്. ഓവർടേക്ക് ചെയ്ത് കയറി വന്ന  ബസ്സ് അവന്റെ ജീവനും കൊണ്ടാണ് പോയത്.  അവന്റെ മരണത്തിന് ശേഷമുള്ള ദിനങ്ങളിൽ  പുലർകാല വെളീച്ചത്തിൽ പള്ളിയിൽ നമസ്കാരത്തിന് വരുന്ന  അവന്റെ പിതാവിന്റെ മുഖം  ദു:ഖത്തിന്റെ  മൂളൽ  പോലെ എനിക്കനുഭവപ്പെട്ടു. മറ്റൊന്ന് ഒരു ചെറുപ്പക്കാരി. പട്ടാളത്തിലായിരുന്ന ഭർത്താവ് അവധിയിൽ വന്നപ്പോൾ സ്വന്തം  ഗൃഹത്തിൽ  മാതാപിതാക്കളെ കാണാൻ വന്ന ആ യുവതി ഭർത്താവും കുഞ്ഞുമായി സ്കൂട്ടറിൽ സഞ്ചരിക്കുമ്പോഴാണ്  വാഹനം തട്ടി റോഡിൽ വീണതും മറ്റൊരു വാഹനം തലയിലൂടെ കയറി ഇറങ്ങിയതും.  മൂന്നാമത്  എല്ലാവർക്കും പ്രിയപ്പെട്ട  ഒരു വല്യമ്മ. റോഡ് ക്രോസ്  ചെയ്യുമ്പോൾ ബസ്സ് തട്ടി അപ്പോൾ തന്നെ  മരിച്ചു.
പരപ്പനങ്ങാടിയിലേക്കുള്ള യാത്രയിൽ ഈ മരണങ്ങളായിരുന്നു തലയിലുണ്ടായിരുന്നത്.  എന്ത് കൊണ്ടാണ് ഈ മരണങ്ങൾ  സംഭവിക്കുന്നത്. അനുഭവിച്ച് തീർക്കേണ്ട യൗവ നങ്ങളാണ് ഇങ്ങിനെ അകാലത്തിൽ പൊഴിയുന്നത്. ന്യൂ ജനറേഷൻ  ബൈക്ക് മിക്കതും200 സി.സി.ക്ക്  മേളിലാണ്. കാൽ കൊടുത്താൽ ഓടുകയല്ല, പറക്കുകയാണ്  ഫലം. പത്ത് 10 കാളവണ്ടിയും 2 സൈക്കിളും  പോകാൻ പണ്ട്  നിർമ്മിച്ച കേരളത്തിലെ ആ പഴയ നിരത്തുകൾ  ഇന്ന് വാഹനങ്ങളാൽ ശ്വാസം മുട്ടിയിട്ടും  പുതുതായി നിരത്തുകൾ സൃഷ്ടിക്കാൻ ബന്ധപ്പെട്ട  ഭരണ വർഗം ഒരിക്കലും മുതിരാറില്ല. റോഡ് ടാക്സ്  എന്ന പേരിൽ വാഹന ഉടമകളിൽ നിന്നും വൻ തുക   പിഴിയുമ്പോഴും  നിരത്തിൽ അറ്റകുറ്റ പണികൾ  സമയത്തും കാലത്തും ചെയ്യാൻ ആർക്കും ബാദ്ധ്യത്യില്ല. ഈ നിരത്തുകളിലൂടെയാണ് ഏതോ   സമ്രാജ്യം വെട്ടിപ്പിടിക്കാനെന്നവണ്ണം  ചെറുപ്പക്കാർ തലങ്ങും വിലങ്ങും പാഞ്ഞ്കൊണ്ടിരിക്കുന്നത്.
 കാറിന്റെ മുൻ സീറ്റിലിരുന്ന ഞാൻ റോഡിലൂടെ  പൊയ്ക്കൊണ്ടിരിക്കുന്ന ബസ്സ്കൾക്കിടയിലൂടെ ലോറിക്ക് തൊട്ട് പിന്നാലെ  കാറുമായി  തൊട്ട് തൊട്ടെന്ന വണ്ണം പോകുന്ന  പാമ്പ് പോലെ വളഞ്ഞും പുളഞ്ഞും  ഒരു ഭാഗം തറ വരെ ചരിഞ്ഞും പാഞ്ഞ് പോകുന്ന യുവാക്കളുടെ ബൈക്ക് യാത്ര കണ്ട് അന്തം വിട്ടു  . ഇവരുടെ വീട്ടിലുള്ളവരെ പറ്റി ഒരു ചിന്തയും ഇവർക്കില്ലേ?!  ഇവർക്കെന്തെങ്കിലും സംഭവിച്ചാൽ  അവർക്കുണ്ടാകുന്ന ദുഖത്തിന്റെ ആഴം ഇവർക്കറിയുമോ?!
പൊതു നിരത്തുകളെ പറ്റി ഒരു ചിന്തയും ഇല്ലാത്ത ഭരണ വർഗവും പൊട്ടിപ്പൊളിഞ്ഞ റോഡിലൂടെ ഒരു സൂക്ഷമതയും ഇല്ലാതെ പായുന്ന   ന്യൂ ജനറേഷനും  നാടിന് ശാപമായി പരിണമിച്ചിരിക്കുന്നു  എന്ന  സത്യം പറയാനാണ്  ഇത് ഇവിടെ കുറിച്ചിട്ടത്.

Monday, February 15, 2016

ഭീകരർ...

   സഹപ്രവർത്തക ആയിരുന്ന  ഒരു സ്ത്രീയുടെ  മകന്റെ വിവാഹ  ചടങ്ങിൽ പങ്കെടുക്കാൻ  ഒരു ക്ഷേത്രത്തോടനുബന്ധിച്ച ആഡിറ്റോറിയത്തിൽ കഴിഞ്ഞ ദിവസം പോയിരുന്നു.
നിറയെ ആൾക്കാർ സംബന്ധിച്ചിരുന്ന  ആ വിവാഹ ചടങ്ങിലെ തിരക്കു കാരണം പുറത്തിറങ്ങി      പരിസരത്തുണ്ടായിരുന്ന     ആൽമരത്തിന്റെ തണലിൽ ഞാൻ   അഭയം തേടി.ആൽമരത്തിന്റെ തണലിൽ കൂട്ടമായി നിന്ന് ലോകകാര്യം ചർച്ച ചെയ്യുന്ന ഒരു സംഘത്തിന് സമീപമായിരുന്നു  ഞാൻ നിന്നിരുന്നത്.   ചർച്ച നടത്തുന്ന സംഘത്തിലെ ഒരു മനുഷ്യനിൽ നിന്നും അപ്പോൾ ഉണ്ടായ ഒരു കമന്റ്  കേട്ട് ഞാൻ വല്ലാതെ ഞെട്ടി.

" മുസ്ലിംങ്ങൾ അവരുടെ  ധനം മുഴുവൻ ഭീകര പ്രവർത്തനത്തിനായാണ് ഉപയോഗിക്കുന്നത്...അത് അവർക്ക് നിർബന്ധമായ കാര്യമാണ്."
 അയാൾക്ക്  ഈ വിവരം എവിടെ നിന്നും കിട്ടിയെന്ന് എനിക്ക് ഒരു പിടിയുമില്ല.
        ഒരു ഭീകര സംഘടനക്കും കുറിപ്പെഴുതുന്ന ആൾ ഒരു ധന സഹായവും ചെയ്യുന്നില്ല. ഇത് വരെ ചെയ്തിട്ടുമില്ല. . എന്റെ കുടുംബാംഗങ്ങൾ ആരും അപ്രകാരം സംഭാവന നൽകുന്നില്ല എന്ന് മാത്രമല്ല  ഞങ്ങളെല്ലാവരും ഇതര മത വിശ്വാസികളുമായി അങ്ങേ അറ്റം ചങ്ങാത്തത്തിലുമാണ്എന്റെ    അയൽ വാസികളും അങ്ങിനെ തന്നെ എന്റെ ദേശക്കാരും അങ്ങിനെ തന്നെഏകോദര സഹോദരങ്ങളെ പോലെ ഞങ്ങൾ കഴിയുന്നു. ഞങ്ങൾ പ്രവാസികളാകുമ്പോൾ ഒരു റൂമിൽ ഇതര മതസ്തരുമായി  വെച്ചുണ്ടും ഉറങ്ങിയും കഴിയുന്നുഒരു വ്യത്യാസവും ഞങ്ങൾക്ക് കാണാൻ  കഴിയുന്നില്ല. പിന്നെങ്ങിനെ ഞങ്ങൾ ഭീകരർ ആയി തീർന്നു.
  മുകളിൽ കാണിച്ച    അഭിപ്രായം പറഞ്ഞ ആൾ എനിക്ക് പുറം തിരിഞ്ഞ് നിൽക്കുകയാണ്. അയാൾ എന്നെ കാണാതെയാണ് ഈ അഭിപ്രായം പാസ്സാക്കിയതെന്ന് വ്യക്തം. കാരണം എന്നെ അറിയാവുന്ന ആ സംഘത്തിലെ പലരും കണ്ണ് കൊണ്ട് ഒരു മുസ്ലിമായ  ഞാൻ അവിടെ നിൽക്കുന്നു എന്ന് സൂചന അയാൾക്ക്നൽകിയതിനാൽ   ജാള്യത നിറഞ്ഞ ചിരി മുഖത്ത് വരുത്തി അയാൾ  എന്റെ നേരെ നോക്കിയപ്പോൾ  അയാൾ  പറഞ്ഞതൊന്നും ഞാൻ കേട്ടില്ലാ എന്ന മട്ടിൽ ഞാൻ തിരികെ പുഞ്ചിരിച്ചു. അവിടെ നിന്ന എല്ലാവരും ഹിന്ദു സമുദായാംഗങ്ങളാണ് .എല്ലാവർക്കും എന്നെ അറിയാം അവരെ എനിക്കുമറിയാം.കമന്റ് പാസാക്കിയ ആ മനുഷ്യൻ ഉൾപ്പടെ എല്ലാവരും ശുദ്ധ ഗ്രാമീണർ. തന്ത്രവും കുതന്ത്രവും അറിയാത്ത ആര് പറഞ്ഞാലും എന്ത് പറഞ്ഞാലും വിശ്വസിക്കുന്ന, എന്നാൽ ആചാരങ്ങളോടും മത വിശ്വാസത്തോടും കൂറ് കാണിക്കുന്ന നാട്ടുംപുറത്തെ സാധാരണക്കാർ.
അവരെ എനിക്ക് അൽപ്പം പോലും കുറ്റപ്പെടുത്താൻ തോന്നിയില്ല.  പത്രങ്ങൾ, ചാനലുകൾ, സിനിമകൾ, തുടങ്ങിയവയിലൂടെ വിളമ്പി കിട്ടുന്ന അർദ്ധ സത്യങ്ങൾ മാത്രമണല്ലോ അവരുടെ അറിവിന്റെ സ്രോതസുകൾ. ഒരു കൂട്ടം ആൾക്കാർ സ്ഥാപിത താല്പര്യങ്ങളിലൂടെ ആ മനുഷ്യൻ അഭിപ്രായപ്പെട്ടത് പോലുള്ള  വസ്തുതകൾ പ്രചരിപ്പിക്കുമ്പോൾ സാധാരണക്കാരൻ അത് വിശ്വസിച്ചില്ലങ്കിലല്ലേ  അൽഭുതമുള്ളൂ.ആ വാർത്തകളെ  അരക്കിട്ടുറപ്പിക്കാനായി ആരോപിത സമുദായത്തിലെ  ന്യൂനാൽ ന്യൂനപക്ഷമായ ചിലർ സ്ഫോടനങ്ങൾ  നടത്തുന്നുമുണ്ടല്ലോ.   മറ്റ് വർഗീയ സംഘടനകളും  രാഷ്ട്രീയ പാർട്ടികളും സ്ഫോടനത്തിൽ ഏർപ്പെട്ടാലും   മുസ്ലിംങ്ങളുടെ  സ്ഫോടനത്തിന്റെ ഭീകര നിറം  സ്ഫോടനങ്ങൾക്ക്  കിട്ടുന്നില്ലാ എന്നത് മറ്റൊരു വിചിത്ര സത്യം മാത്രം. ഏത് സ്ഫോടനം ആര് നടത്തിയാലും അത് തെറ്റാണെന്ന് പറയാനുള്ള ചങ്കൂറ്റം  എന്നേ മനുഷ്യ രാശിക്ക് നഷ്ടപ്പെട്ടിരിക്കുന്നു.
എന്റെ അയൽ വാസിയായ ഹിന്ദു സഹോദരന്  എന്താണ് സംഭവിച്ചത്.  ഞാനും അവനുമായി ചെറുപ്പത്തിൽ മാവിൻ ചുവട്ടിൽ കണ്ണിമാങ്ങാ പെറുക്കാൻ പോയപ്പോഴും തോട്ടിൽ കുളിക്കാൻ പോയപ്പോഴും ഞങ്ങൾ  തമ്മിൽ ഇങ്ങിനെ ഒരു വേർതിരിവ്  ഉണ്ടായിരുന്നില്ലാ എന്ന് എനിക്ക് ഉറപ്പ് ഉണ്ടല്ലോ! പിന്നെ എവിടെ വെച്ചാണ് അവൻ  എന്നെ ഭീകരനായി കണ്ട്  തുടങ്ങിയത്? ഈ ചോദ്യത്തിന്  ഇനിയും എനിക്ക് ഉത്തരം കിട്ടിയിട്ടില്ല.
`

Tuesday, February 9, 2016

എന്റെ വോട്ട്

 അടുത്ത തെരഞ്ഞെടുപ്പിൽ  എന്റെ വോട്ട് ഇദ്ദേഹത്തിന് ചെയ്യാൻ ഉദ്ദേശിക്കുന്നു.  ഒന്നുമില്ലെങ്കിലും രാഷ്ടീയ പാർട്ടികളേക്കാളും അൽപ്പം തൊലിക്കട്ടി  ഇദ്ദേഹത്തിന്  കുറവാണ്

Saturday, February 6, 2016

മകരത്തിൽ മീന ചൂട്.

മകര മാസത്തിൽ വസന്തം പൂത്തുലയുമ്പോഴും  മീനത്തിലെ ചൂടാണ്  അന്തരീക്ഷത്തിൽ കത്തി നിൽക്കുന്നത്.