Wednesday, October 29, 2014

ചുംബന കോലാഹലവും തീപ്പൊരികളും...

ഇന്ന്  ഫെയ്സ് ബുക്കിലൂടെ  കടന്ന്  പോയപ്പോൾ വായിച്ച  ഒരു  പോസ്റ്റിലെ  ചില  ഭാഗങ്ങൾ   അസത്യവും  പൊതുജനങ്ങളെ  തെറ്റിദ്ധരിപ്പിക്കുന്ന  വിധത്തിലുള്ളതുമായിരുന്നു.   ഈ വക പോസ്റ്റുകൾക്ക്  അഭിപ്രായം  പറയുക  ആ പോസ്റ്റിന്  അർഹിക്കാത്ത  ശ്രദ്ധ  നേടി  കൊടുക്കുവാൻ  ഇടയാക്കുമെന്നതിനാൽ  ആ വക  ഇനങ്ങളെ  ഒഴിവാക്കുകയായിരുന്നു  പതിവ്.  പക്ഷേ ഒരു  സമുദായത്തെ  ഇതര സമുദായവുമായി  ഉരസലിന്  കാരണമാക്കാവുന്ന  വിധത്തിൽ   ചില  പരാമർശങ്ങൾ   ആ  വരികളിൽ   അന്തർലീനമായിരിക്കുന്നതായി   എനിക്ക്   തോന്നിയതിനാൽ  ആ പോസ്റ്റിന്മേൽ   ഒരു  അഭിപ്രായം  എഴുതി  ഇടുകയുണ്ടായി. പ്രസ്തുത  പോസ്റ്റിലെ   അവസാന  ഭാഗവും എന്റെ  കമന്റും    തെറ്റിദ്ധാരണകൾ  ഒഴിവാകാണമെന്ന് കരുതി   താഴെ  ചേർക്കുന്നു.
പോസ്റ്റിലെ  അവസാന ഭാഗം
>>> .ഈ കിസ്സ്ഡേ സംഘടിച്ചിരി്ക്കുന്നവർ മുഴുവൻ മുസ്ലീം സംഘടനകളാണ്.സൈബർ ലോകത്തെ മുഴുവൻ മുസ്ലീം ഗ്രൂപ്പുകളും പേജുകളും ഇിതിനുവേണ്ടി പണിചെയ്യുന്നു. നല്ലവരും വിവേകികളുമായ ചിലരൊഴിച്ച്, ബാക്കിയുള്ളവരെല്ലാം ഇതിനെ അന്ധമായി ഇതിനെ പിന്താങ്ങുകയും അനുകൂലിക്കുകയും ചെയ്യുന്നു. ഇതു കാണുന്പോൾ പേടിയേക്കാൾ വിഷമമാണ് തോന്നുന്നത്..ഇത് ബിജെപ്പിക്കാരായാതിനാൽ അതിനെ താങ്ങാൻ അപൂർവ്വം കൃസ്ത്യാനികളും മേന്പൊടിക്കുണ്ട്...ഇപ്രകാരം ജനങ്ങളെ വേർതിരിക്കുന്നതും വർഗ്ഗീയവൽക്കരിക്കുന്നതും കൊടിയ ആപത്തിനു കാരണമാകും..ഇത്തരത്തിലുള്ള ഏതു പ്രതിഷേധവും അത് ഏതു പക്ഷത്തു നിന്നായാലും , അത് മുസ്ലീം സംഘടനകളാകട്ടെ ഹിന്ദുസംഘടനകളാട്ടെ..ജനം ജാഗ്രതയായിരിക്കുക ..അല്ലെങ്കിൽ വരുന്ന കുഴപ്പം ഇപ്പോൾ ..ഉദാസീനമായിരിക്കുന്ന (.പാസീവായിരിക്കുന്ന) ഒരു മഹാഭൂരിപക്ഷമുണ്ട് അവരു കൂടി വർഗ്ഗീയ വൽക്കരിച്ച് ഈ നാട് കുട്ടിച്ചോറാക്കുകയാകും..ഇതിനെക്കുറിച്ച് നിയമ നീതിപീഠങ്ങൾ കരുതലടെയിരിക്കേണ്ടതുണ്ട് ..ഇതിനെതിരെ ശക്തമായി പ്രതികരിക്കുക..ജാഗ്രതയായിരിക്കുക..<<<<
  എന്റെ  അഭിപ്രായം
  താങ്കളുടെ  പോസ്റ്റുകൾ   കഴിവതും   ഒഴിവാക്കി വരുകയായിരുന്നു. കാരണം   സമൂഹത്തിലെ     ഒരു  ഭാഗം ആൾക്കാരെ  ചില  പ്രത്യേക  താല്പര്യത്താൽ  മനപൂർവം  തേജൊവധം  ചെയ്യണമെന്നുള്ള  ദുരുദ്ദേശത്തോടെ  വരികൾ      ചമച്ച്  വിടുക  എന്നതാണ്   താങ്കളുടെ   രീതി  എന്ന്  തിരിച്ചറിഞ്ഞതിനാൽ     നിശബദനായിരിക്കുന്നതാണ്  ഉത്തമം  എന്ന്  കരുതി.  മാത്രമല്ല  നാനാ ജാതി  മതസ്തർ  ഒത്തൊരുമയോടെ  കഴിയുന്നതും    പരസ്പരം  വിശ്വാസത്തിൽ      അടുത്തിടപഴകുന്നതുമായ  ഒരു  ദേശമാണിത്.   അതിനാൽ  ഈ വക  തീപ്പൊരികൾ   അവർ  അപ്പോഴേ   തല്ലിക്കെടുത്തുമെന്ന  വിശ്വാസം   ഏവർക്കുമുണ്ടല്ലോ .         പക്ഷേ യാദൃശ്ചികമായി   ഈ  പോസ്റ്റ്  കണ്ണിൽ പെട്ടപ്പോൾ    സത്യമെന്ന്  ധ്വനിപ്പിക്കുന്ന  വിധത്തിൽ   ഗീബൽസീയൻ  ഫോർമുലയിൽ   താങ്കൾ  ഈ വാചകം  വെച്ച്  കാച്ചിയത്     (   >>>ഈ കിസ്സ്ഡേ സംഘടിച്ചിരി്ക്കുന്നവർ മുഴുവൻ മുസ്ലീം സംഘടനകളാണ്.സൈബർ ലോകത്തെ മുഴുവൻ മുസ്ലീം ഗ്രൂപ്പുകളും പേജുകളും ഇിതിനുവേണ്ടി പണിചെയ്യുന്നു. <<<)    ചില  പാവങ്ങൾ  ശരിയെന്ന്  ധരിച്ചേക്കുമെന്ന്    ഭയന്നപ്പോൾ ഇത്രയും  പറയണമെന്ന്  തോന്നി.    കേരളത്തിലെ   ഒരു  ഇസ്ലാമിക  സംഘടനയും  ഈ ചുംബന  കോലാഹലത്തെ  അനുകൂലിച്ചില്ലെന്ന്  മാത്രമല്ല  അവർ   അതിനെ  ശക്തമായി  നേരിടുമെന്ന്  പരസ്യമായി  പ്രഖ്യാപിക്കുകയും   ചെയ്തത്  പത്രങ്ങളിൽ   വരുകയും   ചെയ്തു. ഫെയ്സ് ബുക്കിൽ   ഏതെങ്കിലും   മുസ്ലിം  നാമധാരികൾ   എന്തെങ്കിലും  കോപ്രായം  പറഞ്ഞിട്ടുണ്ടെങ്കിൽ  അത്   ആ വ്യക്തിയുടെ  അഭിപ്രായം  മാത്രമാണിത്.  ഇത്   താങ്കളും   വായിച്ചിട്ടുണ്ടാകും.   എന്നിട്ടും   ഒരു  വിഭാഗത്തോടുള്ള   അതൃപ്തി   താങ്കളെ   ഈ വരികൾ   എഴുതാൻ  പ്രേരിപ്പിച്ചു.
 മുസ്ലിമിൻടേതായാലും  മറ്റ്  സഹോദര  മതത്തിലെ  ആരുടേതായാലും   ഒരു  ഹോട്ടലിൽ    അഹിതമായത്   നടക്കുന്നു  എങ്കിൽ  അത്  ഈ നാട്ടിലെ നിയമം  കൈകാര്യം  ചെയ്യുന്ന  അധികാരികളെ  തെര്യപ്പെടുത്തി   നടപടികളെടുപ്പിക്കുക  എന്നതായിരുന്നു  വേണ്ടിയിരുന്നത്.    അല്ലാതെ  ഒരിക്കലും  നിയമം  കയ്യിലെടുക്കുന്നത്   ശരിയല്ല.
 എറുണാകുളത്ത്   നടത്തുമെന്ന്    പറയുന്നതും  ഈ നാട്ടിലെ  സംസ്കാരത്തിനു  ചേരാത്തതും  എന്നാൽ  ചില  അധിനിവേശ  സംസ്കാരം     ഇവിടെ  നടപ്പിലാക്കണമെന്ന  താല്പര്യത്തോടെ   ചിലർ   പാവങ്ങളായ  കൗമാരക്കാരെയും  യുവാക്കളെയും  വലവീശി നടത്താനുദ്ദേശിക്കുന്നതുമായ       ആഭാസ പ്രവർത്തികളെ     കട  തല്ലി  പൊളീച്ച  കക്ഷികൾ    എറുണാകുളത്ത്  പോയി     സമാധാനപരമായി   പ്രതിരോധിക്കുന്നു   എങ്കിൽ  ഈ നാട്ടിലെ  ജാതിമത   ഭേദമന്യേ   എല്ലാവരും  അവരെ പ്രകീർത്തിച്ചേനെ  എന്ന്കൂടി  ഇവിടെ  പറഞ്ഞ്   വെക്കട്ടെ.
  പ്രിയ  സുഹൃത്തേ!   താങ്കൾക്ക്  ഒരു  വിഭാഗത്തോട്    ഇഷ്ടക്കേടും  അതൃപ്തിയുമാകാം.   പക്ഷേ  പക   അരുത്.  അവർ  ഈ പുണ്യ     മണ്ണിൽ  ജീവിച്ച് പോകട്ടെ.    മൂന്നു  നാലു   തലമുറക്ക്  മുമ്പ്  അവരുടെ  പ്രപിതാക്കന്മാർ  ഈ നാട്ടിലെ     തന്നെ   സഹോദര  മതത്തിൽ  പെട്ടവരായിരുന്നു . അല്ലാതെ  വിദേശത്ത്  നിന്നും  വന്നവരൊന്നുമല്ല...അവർ    ഈ  നാട്ടിന്റെ   സന്തതികൾ  ... അവരുടെ  നേരെ    ഇത്  പോലുള്ള     പകയുടെ  തീപ്പൊരികൾ  ഒരിക്കലും  അരുത്.


Friday, October 17, 2014

ജീൻസും യേശുദാസ്സും പിന്നെ സരിതയും

   "കഴിയുന്നതും ജീൻസ്  ഒഴിവാക്കുന്നതാണ്  നല്ലത് " എന്ന് പെൺകുട്ടികളോടായി  ഉപദേശ രൂപത്തിൽ  ഗാനഗന്ധർവനായ  ശ്രീ യേശുദാസ്  പറഞ്ഞത്  രാഷ്ട്രീയ വ്യത്യാസമില്ലാതെ  ജാതി മത അന്തരമില്ലാതെ  നമ്മുടെ  സമൂഹത്തിലെ  മഹിളാമണികളെ  പ്രകോപിപ്പിക്കുകയും  അവർ കിട്ടുന്ന  വേദികളിൽ  കിട്ടുന്ന  സന്ദർഭത്തിൽ പാവം ഗായകനെ  തകർത്ത് വാരുകയും  ചെയ്യുന്ന  കാഴ്ച നാം  പോയ  ദിവസങ്ങളിൽ    കണ്ടു  കഴിഞ്ഞു. കുറച്ച് കാലങ്ങൾക്ക്  മുമ്പ്     തിരുവനന്തപുരത്ത്  ചില   കാര്യങ്ങൾ  പച്ചക്ക്  തുറന്നു    പറഞ്ഞു എന്ന    കാരണത്താൽ  മറ്റൊരു കഥാപാത്രത്തെ    നാരികളെല്ലാം  കൂടെ  നാലായി  കീറി  ഭിത്തിയിലൊട്ടിച്ചതും  നാം  കണ്ടു. ജീൻസ്  പ്രശ്നത്തിൽ  ഫെയ്സ്ബുക്ക്    അന്തേവാസികൾ  കിട്ടാവുന്ന  മാരകായുധങ്ങൾ എല്ലാമെടുത്ത്  വനിതകൾക്ക്  പിൻ താങ്ങായി    യേശുദാസിനെതിരെ  അണി  നിരന്നതും  നാം  ഇപ്പോൾ  കണ്ടുവല്ലോ!   . "അത്  കൊണ്ടരിശം തീരാഞ്ഞവനപ്പുരയുടെ  ചുറ്റും   മണ്ടി  നടന്നു" എന്ന് പണ്ട് നമ്പിയാരാശാൻ  പാടിയ മട്ടിൽ  കഴിഞ്ഞ  ദിവസം ഒരു മാന്യ  സഹോദരി  യേശുദാസിന്റെ പുത്ര വധുക്കൾ  ജീൻസിട്ട്  നിൽക്കുന്ന  ചിത്രം കഷ്ടപ്പെട്ട് സമ്പാദിച്ച്   എഫ്.ബി.യിലിട്ട്  സായൂജ്യം  കൊണ്ടു.  (യേശുദാസ്  ഇപ്രകാരം  പറയാൻ    കാരണമാക്കിയ  വിധമുള്ള  ജീൻസ്  ധാരണമല്ല  ആ  ചിത്രത്തിൽ  കണ്ടതെന്നത്  വേറെ കാര്യം.  ജീൻസെന്ന്  പറഞ്ഞത്  കൊണ്ട്   അത്    ജീൻസാണെന്ന്  മനസിലായി,  മാത്രമല്ല  പ്രസ്തുത വസ്ത്രം ഷർട്ടിന് കീഴിലും  ഷർട്ടിനാൽ  പുറക് വശം  മറച്ചുമാണ് എന്നത്       ചിത്രത്തിൽ  വ്യക്തം.)   അതെന്തുമാകട്ടെ,  "സ്വന്തം  കുടുംബത്തിൽ  നിയമം  നടപ്പിലാക്കിയിട്ട് പോരേ?..മറ്റുള്ളവരെ  ഉപദേശിക്കാൻ ...?"  എന്ന  ഒരു  ധ്വനി  ആ സ്റ്റാറ്റസിലും  കമന്റുകളിലും  നിറഞ്ഞ്  നിന്നു.  ഇത്രത്തോളം  പ്രകോപനം  ഉണ്ടാകത്തക്ക  വിധം  അദ്ദേഹം  വല്ലതും  കർശനമായി  പറഞ്ഞു  എന്ന്  റിപ്പോർട്ടുകളിൽ  കാണുന്നുമില്ല.
......"സ്ത്രീകള്‍ ജീന്‍സ് ധരിക്കുമ്പോള്‍ അതിനുമപ്പുറമുള്ളവ ശ്രദ്ധിക്കാന്‍ തോന്നും. മറച്ചുവെക്കേണ്ടത് മറച്ചുവക്കണം. മറച്ചുവെക്കുന്നതിനെ ഉള്‍ക്കൊള്ളുന്നതാണ് നമ്മുടെ സംസ്‌കാരം. ആകര്‍ഷണ ശക്തി കൊടുത്ത്  അവരെ കൊണ്ട് അരുതാത്തത്    ചെയ്യിക്കാന്‍ ശ്രമിക്കരുത്......."

 നാരീമണികൾക്കും   അവരുടെ സൈന്യത്തിനും  വാൾ വീശാൻ  കാരണമാക്കിയ    അദ്ദേഹത്തിന്റെ അഭിപ്രായത്തിന്റെ  ഏകദേശരൂപം    ഇപ്രകാരമാണെന്ന്   പലയിടത്ത്  നിന്നും  വായിച്ച  വാർത്തകളിൽ  നിന്നും   വെളിവാകുന്നു.

പലതും  കണ്ടും  കേട്ടും അനുഭവം കൈ മുതലായുള്ള    മൂത്ത കാർന്നോന്മാർ     നമ്മളെ  ഉപദേശിക്കുന്നത്  നമ്മുടെ  നന്മ കരുതിയിട്ടാണ്. അല്ലാതെ  നമ്മുടെ വസ്ത്രധാരണ  സ്വാതന്ത്രിയത്തിലോ   സഞ്ചാര സ്വാതന്ത്രിയത്തിലോ   കൈകടത്തണമെന്ന  ദുർവാശിയാലല്ല  എന്ന  ഒരു  കാഴ്ചപ്പാട് ഈ  കാര്യത്തിൽ  നമുക്ക്  ഉണ്ടാകേണ്ടിയിരിക്കുന്നു.
മുരട്ട്  കാളയുടെ  മുമ്പിൽ ചുവന്ന സാരിയോ  ചൂരീദാറോ മറ്റ് ചുവന്ന  വസ്ത്രങ്ങൾ  ഏതെങ്കിലുമോ  ധരിച്ച്  നിൽക്കരുത്.  അത്  അപകടമാണ് . കാളയിൽ നിന്നും  ആക്രമണംഉണ്ടായേക്കാം എന്ന് അനുഭവത്തിന്റെ  വെളിച്ചത്തിൽ   ഉപദേശം  ആരെങ്കിലും  നൽകിയാൽ   ചുവപ്പ്  നിറത്തിലുള്ള  വസ്ത്രം  ധരിക്കുന്നത്  എന്റെ  അവകാശമാണ്   അത്  ധരിക്കരുത്  എന്ന്  പറയുന്നത്  എന്റെ മൗലികാവകാശത്തിൽ  കൈ  കടത്തലാണ്   എന്നൊക്കെ  നാം  പ്രതിഷേധിക്കുന്നത്  കാളക്ക്  പ്രാന്ത്  ഇളകുമ്പോൾ  കുത്ത്  ഉറപ്പ്  തന്നെ  എന്നിടത്തേക്ക്  കാര്യങ്ങൾ  എത്തിക്കാൻ  ഇടയാക്കും  .  ജീൻസ്  ധരിക്കുന്നത്  കൊണ്ട്  മാത്രമാണോ  ബലാൽസംഗം  വർദ്ധിക്കുന്നത്  എന്ന ചോദ്യത്തിന്     പലകാരണങ്ങളിൽ  ജീൻസും ഒരു  കാരണം  തന്നെ  എന്ന്  നിസ്സംശയം   ഉത്തരം   പറയാൻ  ഇടയാകത്തക്ക    വിധത്തിലാണല്ലോ    പെൺകുട്ടി  അറിഞ്ഞ്  കൊണ്ട്തന്നെ  ജീൻസ്  അരയിൽ  നിന്നും   ഊർന്നിറങ്ങി   വരുന്നത്. . അതിലേക്ക്  നോക്കാതെ  മാന്യന്മാർ  കണ്ണടച്ചേക്കണം  എന്നാണ്   പ്രതികരണമെങ്കിൽ   മാന്യന്മാർ  കണ്ണടച്ചാലും  കാളകൾ  കണ്ണടക്കില്ല   എന്നതാണ്  സത്യം.
ചാനലിലൂടെയും  സോഷ്യൽ മീഡിയകളിലൂടെയും  വസ്ത്രധാരണ  സ്വാതന്ത്രിയത്തെ    പറ്റി  ഘോരഘോരം  പേച്ചുന്നവർ   ഏട്ടിലെ  പശു   പുല്ല്  തിന്നില്ലാ എന്ന    നേര്   തിരിച്ചറിയുക. നമ്മുടെ  സ്വന്തം  സംസ്കാരം   ലൈംഗികതയെ   എങ്ങിനെ  കാണുന്നു  എന്ന്  അൽപ്പമെങ്കിലും  തിരിച്ചറിവ്  നമ്മുടെ  ഉള്ളിലുണ്ടെങ്കിൽ  "ബലാൽസംഗത്തിന്റെ സ്വന്തം  നാട് "   എന്ന ഖ്യാതി  നമുക്ക്     കൈവരത്തക്ക വിധത്തിൽ പെരുമാറുന്ന    നമുക്ക്  നാലു ചുറ്റുമുള്ളവരുടെ ലൈഗികാസക്തിയെ   നാം കണ്ണ്  തുറന്ന്  കണ്ടേനെ.  കോവളത്ത് വെയിൽ കൊള്ളാൻ  കിടക്കുന്ന മദാമ്മയുടെ  ശരീരഭാഗത്തിൽ  തുറിച്ച്  നോക്കുന്ന  മലയാളിയുടെ   മനോ വൈകൃതമല്ല  സായിപ്പിനുള്ളത്.   അത്  കൊണ്ട്തന്നെ  മെൽബോണിലെയും പാരീസിലെയും  സ്ത്രീകളുടെ   വസ്ത്രധാരണവും അവരോടുള്ള  പുരുഷന്മാരുടെ      പെരുമാറ്റവും   മലയാള സംസ്കാരവുമായി  താരതമ്യം  ചെയ്യുന്നത്  അബദ്ധമാണ്. ഡെൽഹി  പെൺകുട്ടിയോട്  അനുഭാവം  പ്രകടിപ്പിച്ച് പതിനായിരം  മെഴുകുതിരി  കത്തുമ്പോൾ   തന്നെ  അപ്പുറത്തെ സ്ട്രീറ്റിൽ  ഒരു  ഹരിജൻ  പെൺകുട്ടി  പീഡിപ്പിക്കപ്പെട്ടു.  ഗോവിന്ദച്ചാമിയെ  തൂക്കി കൊല്ലാൻ  വിധിച്ച  കാര്യം  പത്രത്തിൽ  വെണ്ടക്കാ  ന്യൂസ്  വന്ന  അടുത്ത ദിവസവും  പീഡന വാർത്തക്ക്  പഞ്ഞമില്ലായിരുന്നു.അതായത്  ശിക്ഷ  എത്ര  കഠിനമാക്കിയാലും  നമ്മുടെ  ലൈംഗിക  തൃഷ്ണയെ  അത്  ഭയപ്പെടുത്തുന്നില്ലാ എന്നാണ്   ഇതെല്ലാം  വ്യക്തമാക്കുന്നത്.   കുളത്തൂപ്പുഴയിൽ   സ്വന്തം  മാതാവിനെ  വീട്ടിൽ  നിന്നും  തുരത്തി റബർ  തോട്ടത്തിൽ  ഇട്ട് മകൻ     ഉപദ്രവിച്ചു   എന്നത്  നമ്മെ  ഒട്ടും  അതിശയപ്പെടുത്തിയില്ല.  അഛൻ  മകളെ  വർഷങ്ങളോളം  കൈകാര്യം  ചെയ്തു   എന്നത്   ഇപ്പോൾ  സാധാരണ  വാർത്തയായി  തീർന്നിട്ടുണ്ടല്ലോ!  നാലു വയസുകാരിയും  ഏഴു വയസുകാരിയും   പീഡിപ്പിക്കപ്പെടുന്നത്   ഒരു  പുതുമയും  ഇല്ലാത്ത  ഏതെങ്കിലും  മൂലയിലെ  വാർത്തയായി    മാറി.  ശാസ്താംകോട്ടയിൽ  ഒരു  മുരട്ട് കാളക്ക്  കിട്ടിയത്  തൊണ്ണൂറ്കാരിയെയാണ്. നമ്മുടെ  നാലുചുറ്റും നടക്കുന്ന  ഈ വക  സംഭവവികാസങ്ങൾക്ക്  സമൂഹത്തിലെ  ഒരു  ചെറിയ  വിഭാഗം  മാത്രമാണ്  കാരണക്കാർ   എന്ന്  വിലയിരുത്താൻ  വരട്ടെ. വരും വരായ്കയെ   ഭയക്കാത്ത  കഠിന ശിക്ഷയെയും  ഭയക്കാതെ  പണി പറ്റിക്കുന്ന  ചിലരെന്ന്  നമുക്ക്  അവരെ  വിളിക്കാം.  പക്ഷേ  ബാക്കി  ഭൂരിഭാഗത്തിന്റെയും  മനസിലിരിപ്പ്   എന്തെന്ന് നാം  കഴിഞ്ഞ  ദിവസം  കണ്ടല്ലോ! സരിതയുടെ  വാട്ട്സ് അപ്പിലെ  പരിപാടി  കാണാൻ     ലക്ഷക്കണക്കിന് മലയാളികൾ    കടിപിടി കൂടി  വാട്ട്സ് അപ്പിന്   അംഗസംഖ്യ  വർദ്ധിപ്പിച്ച് കൊടുത്തു.    ഇവരുടെ  മുമ്പിൽ  കൂടി  വേണം  ശരീര  വടിവ്  വെളിവാകത്തക്ക  വിധത്തിലും പാതി  നിതംബം  പുറത്ത് കാണിച്ചും  ജീൻസ്  ഇട്ട് നടക്കേണ്ടത്.  നേരിട്ടുള്ള  ബലാൽസംഗം  നടക്കുന്നില്ലെങ്കിലും  കണ്ണ് കൊണ്ടും  മനസ് കൊണ്ടും  സംഗങ്ങൾ  നടന്ന്കൊണ്ടേ  ഇരിക്കുമെന്നത്  നിഷേധിക്കാനാവാത്ത  സത്യമാണ്. ആദ്യം  മനസിലാണ്  കാള  ചുരമാന്തുന്നത്   എന്ന  സത്യം   തിരിച്ചറിയുക .  ഏത്  നേരത്തും   എവിടെ  വെച്ചും പെൺകുട്ടികൾ  ഉപദ്രവിക്കപ്പെടുന്നു  എന്ന  അവസ്ഥ  ഇവിടെ രൂപപ്പെട്ടു കഴിഞ്ഞു.   അവിടെ   കാളയുടെ  മുമ്പിൽ  ചുവപ്പ്  ഉടുക്കാതെ  ഒഴിഞ്ഞ്  നടക്കുന്നതല്ലേ  ബുദ്ധി.
  നാലുചുറ്റും  നിരീക്ഷിക്കുന്ന  ഏതൊരുവനും  ബോദ്ധ്യമാകുന്ന   ഈ  സത്യം  യേസുദാസ്  ഉച്ചത്തിൽ  പറഞ്ഞുവെന്നേയുള്ളൂ.   അതായത്   പെട്രോളിനരികിലൂടെ തീയും  കൊണ്ട്  പോകരുതെന്ന്   അഥവാ   മുരട്ട് കാളയുടെ  മുമ്പിൽ  ചുവന്ന  സാരിയുടുക്കരുതെന്ന്......

Monday, October 6, 2014

കഴുത്തറുപ്പന്മാർ

 ഔഷധങ്ങളുടെ  വിലനിയന്ത്രണം  എടുത്ത്  കളയാൻ സർക്കാർ  നീക്കം  തുടങ്ങി.ക്യാൻസർ  തുടങ്ങിയ  രോഗങ്ങൾക്ക്  ഇപ്പോൽ  കൊടുക്കുന്ന  വിലയേക്കാളും150 ശതമാനം  വരെ വില  വർദ്ധിക്കാൻ  സാദ്ധ്യത ഉണ്ടെന്ന്  ഈ മേഖലയിലെ വിദഗ്ദ്ധർ  അഭിപ്രായപ്പെടുന്നു.  നമ്മുടെ ബഹുമാനപ്പെട്ട പ്രധാനമന്ത്രി  അമേരിക്കൻ  സന്ദർശനം  കഴിഞ്ഞ്  തിരിച്ചെത്തുന്ന   മുറക്ക്  ഈ കാര്യത്തിൽ  തീരുമാനമായേക്കാം. 
 സായിപ്പിന് വ്യാപാരമാണ് വലുത്.  മരുന്നായാലും  ആയുധമായാലും  എങ്ങിനെയെങ്കിലും അമിത  ലാഭം  കൊയ്യണം. 2017 ആകുമ്പോഴേക്കും  3000  കോടി  ഡോളർ വിലക്കുള്ള  മരുന്ന്  ഇന്ത്യയിൽ വിറ്റഴിക്കപ്പെടുമെന്നാണ്  അമേരിക്ക  കണക്ക്  കൂട്ടിയിരിക്കുന്നത്.  ഇത്രയും  ഭീമമായ തുകക്കു  വ്യാപാരം  നടക്കുന്ന  ഈ  കമ്പോളത്തിൽ  വില  നിയന്ത്രണം  എന്നൊക്കെ  ഉള്ള  കുരുത്തക്കേടുകൾ  നിയമമാക്കിയാൽ  സായിപ്പിന്  അത്  സഹിക്കാൻ  പറ്റുമോ? 108  മരുന്നുകൾ  വില  നിയന്ത്രണ പട്ടികയിൽ  ഉൾപ്പെടുത്തിയപ്പോൾ  തന്നെ സായിപ്പിന്  അരിശം  തുടങ്ങിയതാണ് .  പക്ഷേ  ശക്തമായ രാഷ്ട്രീയ സമ്മർദ്ദത്താൽ കഴിഞ്ഞ  സർക്കാർ  നിയന്ത്രണം  എടുത്ത്  മാറ്റിയില്ല.  ഇപ്പോൾ  ഇവിടെ രാഷ്ട്രീയ     സമ്മർദ്ദം  ആര്   കൊണ്ട്  വരാൻ?! തമ്മിൽ  തല്ലാൻ  സമയം  കിട്ടാതിരിക്കുമ്പോഴാണ് സമ്മർദ്ദത്തിന്  നേരം  കണ്ടെത്താൻ പോകുന്നത്.
 .എന്നും  ജനങ്ങളെ കൊള്ളയടിക്കുക  എന്നതാണല്ലോ വ്യാപാരികളുടെ  ലക്ഷ്യം.  അതിന്  അവർ  എല്ലാ തന്ത്രവും  പയറ്റും.  അവരെ സഹായിക്കുന്ന  സർക്കാർ  അധികാരത്തിൽ വരുവാൻ  എത്ര  കോടികൾ  വേണമെങ്കിലും  അവർ  ഇറക്കി  കളിക്കും.കഴിഞ്ഞ   പാർലമന്റ് തെരഞ്ഞെടുപ്പിൽ    കോർപ്പറേറ്റുകളുടെ  അജൻഡക്ക്  അനുസൃതമായാണ്   പ്രചരണം  നടന്നതെന്ന്  തിരിച്ചറിയുക. 
ലോകത്തെ   ഏത്  വ്യാപാരിയും  തന്റെ  ഉൽപ്പന്നം  ചെലവാകാൻ  എന്ത്  തന്ത്രവും പ്രയോഗിക്കാൻ  മടിയില്ലാത്തവനാണ്. വ്യാപാരി  ആദ്യം  വധിക്കുന്നത്  സത്യത്തെയാണ്. അതിന്റെ  ഒന്നാമത്തെ  ഉദാഹരണം  പരസ്യങ്ങളാണ്.  ഒരാഴ്ചയിലേറെ   പഴക്കമുള്ള  തന്റെ കൈവശമുള്ള  മത്തി  എടുത്ത്  നീട്ടി  പച്ച  മത്തി  എന്ന്   കൂവി  വിളിക്കുന്ന   മീൻ കാരൻ  മുതൽ  ജനകോടികളുടെ  വിശ്വാസം  വിളിച്ച് കൂവുന്ന  സ്വർണ കച്ചവടക്കാരൻ  വരെയും  സെന്റീ മീറ്റർ  കണക്കിൽ  കുട്ടികളുടെ  ഉയരം കൂട്ടിതരുന്ന  ടിൻ മിൽക്ക്  പൊടിക്കാരൻ  മുതൽ പനം കുല തലമുടി  വാഗ്ദാനം  ചെയ്യുന്ന  കേശ ലേപന വ്യാപാരി  വരെയും  ആദ്യം  വധിക്കുന്നത്  സത്യത്തെയാണ്. യാതൊരു  ഉളുപ്പുമില്ലാതെ  പച്ചക്കള്ളം  തട്ടി വിടുന്ന  ഇവരുടെ ഉൽപ്പന്നങ്ങൾ  പരസ്യത്തിൽ  പറയും  വിധം  ഉപകരിക്കപ്പെടുമോ എന്ന്  പരിശോധിക്കാൻ  ഒരു  സർക്കാരും  നിയമം  സൃഷ്ടിക്കാറില്ല. അഥവാ അത്രയും  ധൈര്യം  കാണിക്കുന്ന  സർക്കാരിനെ  അവർ  വെച്ച്  വാഴിക്കാറില്ല.
തങ്ങളുടെ  കച്ചവടത്തിൽ   ഇറങ്ങി  കളിക്കുന്ന  സർക്കാർ   അധികാരത്തിൽ  വരാതിരിക്കാൻ അവർ അക്ഷീണ  പരിശ്രമം നടത്തുന്നു.  നമ്മുടെ  കൊച്ച്  കേരളത്തിൽ  കഴിഞ്ഞ  സർക്കാർ  വില  പിടിച്ച്  നിർത്താൻ   ഉൽസവ ദിവസങ്ങളിൽ പൊതുവിതരണ     ചന്തകൾ  സംഘടിപ്പിച്ചപ്പോൾ  തോന്നിയ പടി  വില ചുമത്താൻ  കഴുത്തറുപ്പ്  വ്യാപാരികൾക്ക്  സാദ്ധ്യമല്ലാതായി. പക്ഷേ  ഇപ്പോൾ  നിലവിലുള്ള സർക്കാർ ഈ കാര്യത്തിൽ നിഷ്ക്രിയരായി നിന്നതും കമ്പോളത്തിൽ വില വാണം പോലെ  കുതിച്ചുയർന്നതും  നാം  കണ്ടു  കൊണ്ടിരിക്കുന്നു. കേരം തിങ്ങിയ  കേരള നാട്ടിൽ  ഒരു  നാളികേരത്തിന് ഇവിടെ  കൊല്ലം  മാർക്കറ്റിൽ 25 രൂപയാണ് വില.  സാധാരണക്കാരന്റെ ആഹാരമായ  മരച്ചീനിക്ക് കിലോ 20 രൂപാ. മരച്ചീനി ഉൽപ്പാദനം  ഇപ്പോൾ  3  ഇരട്ടിയാണ്  എന്നിട്ടും  വില  കുറവില്ല. രസകരമായ വസ്തുത  കർഷകന്   കിട്ടുന്ന  ശരാശരി  വില   കിലോ    7 രൂപാ എന്നിടത്താണ്.  കച്ചവടക്കാരൻ  പൊതു ജനത്തെയും  കർഷകനെയും  അറുക്കുന്നു.  നാളികേരത്തിന്റെ അവസ്ഥയും    ഇത്  തന്നെ.  
ഉൽപ്പന്നത്തിന് ദൗലഭ്യം  നേരിടുമ്പോൾ   വിലകൂടുന്നതിനെ  നമുക്ക്  ന്യായീകരിക്കാം.  പക്ഷേ  കൂടിയ  വില  ഒരിക്കലും  കുറക്കില്ലാ എന്നും  ഉൽപ്പന്നം  വർദ്ധിച്ച  തോതിൽ ലഭ്യമായാലും  കൂട്ടിയ  വില  തന്നെ  തുടരുംഎന്നത്  വ്യാപാരികളുടെ  കഴുത്തറപ്പൻ  തിസ്സീസിലൊന്നാണ്.
വ്യാപാരികളിൽ  നിന്നും വൻ തുക  സംഭാവനയായും  മറ്റും  വാങ്ങി  അവരുടെ  താളത്തിന്  തുള്ളുന്ന  സർക്കാരിനേക്കാളും  അവരെ  കടിഞ്ഞാണിൽ  നിയന്ത്രിക്കുന്ന ഭരണക്കാരാണ്  നമുക്ക്  വേണ്ടതെന്ന  ചിന്ത  നമ്മിൽ  ഉണ്ടാകാത്തിടത്തോളം   നമ്മൾ  കൊള്ളയടിക്കപ്പെട്ടുകൊണ്ടിരിക്കും.

പിൻ കുറി.                 കൃത്യ  സമയങ്ങളിൽ കേരളത്തിൽ  ഇപ്പോൾ വൈറൽ  ഫീവർ  പടർന്ന്                                         പിടിക്കുന്നത്    കാണുമ്പോൾ  അമേരിക്കക്കാരന്റെ  3000 കോടി   ഡോളർ                                         ഔഷധ വ്യാപാര  ലക്ഷ്യവും  ഈ വൈറൽ  ബാധയുമായി  എന്തെങ്കിലും                                             ബന്ധമുണ്ടോ  എന്നുള്ളത്   വെറും   സംശയം   മാത്രമായി  കരുതാം                                                     അല്ലേ?!