Sunday, August 31, 2014

"ആ കടലാസ്സ് ഞാൻ വലിച്ച് കീറും"

 പെട്ടെന്നായിരുന്നു അത് വരെ ശാന്തനായിരുന്ന ആ പയ്യൻ  പൊട്ടി  തെറിച്ചത്.  അവന് ഒൻപത് വയസ്  പ്രായമുണ്ടായിരുന്നു,  അവന്റെ ഇളയവന്  ഏഴു വയസ്സും.
 അവരുടെ  മാതാപിതാക്കൾ  തമ്മിലുള്ള  സംഘർഷം      വിവാഹ ബന്ധം    വേർപിരിയുന്ന  ഘട്ടം വരെ എത്തിയിരുന്നു.
 വർഷങ്ങളുടെ  പഴക്കമുള്ള  ഈ ദാമ്പത്യ ബന്ധം  തകരുന്നതിന്റെ  വിശദാംശങ്ങളിലേക്ക്  കടക്കുന്നില്ല.    ഒരു  ചെറിയ  ശതമാനം  ഗൾഫുകാരുടെ   കുടുംബ  ജീവിതത്തിൽ  പലപ്പോഴും  സംഭവിക്കാവുന്നതായി   പറഞ്ഞ്  കേട്ടിട്ടുള്ള  കഥകളുടെ  ഒരു  ശരി  പകർപ്പ്   തന്നെ  ഈ കഥയും. "നിങ്ങളെ  എനിക്ക് വേണ്ടാ" എന്ന് അയാളുടെ  മുഖത്ത് നോക്കി  ഭാര്യ   പറഞ്ഞ  സന്ദർഭങ്ങൾ പലപ്പോഴും  ഉണ്ടായത്  കൂടാതെ  ഞങ്ങളുടെ  മുമ്പിലും അത്  ആവർത്തിക്കപ്പെട്ടപ്പോൾ   ഭർത്താവിന്  ആ ബന്ധം  തുടരുന്നതിൽ ബുദ്ധിമുട്ട്  അനുഭവപ്പെട്ടു.
സമാധാനപരമായ  ഒരു  തീരുമാനത്തിലെത്തി  ചേരാൻ  വേണ്ടി   മഹല്ല് കമ്മിറ്റി   പള്ളിയിൽ  വിളിച്ച് കൂട്ടിയ   അനുരഞ്ജന  ചർച്ചയിൽ  മാതാവ്   കുട്ടികളെ  കൂടി  കൊണ്ട്  വന്നു.  മണിക്കൂറുകൾ  ദീർഘിച്ച ചർച്ചയുടെ  അവസാനം  അവരെ കൂട്ടിച്ചേർക്കുക  ദുഷ്ക്കരമെന്ന്  ബോദ്ധ്യപ്പെട്ടപ്പോൾ   വിവാഹ ബന്ധം  വേർപിരിയുക  അല്ലാതെ  മറ്റ്  പോം വഴികളില്ലെന്നും     ഇനി   വിവാഹ മോചനത്തെ  തുടർന്നുള്ള   വ്യവസ്തകളെ  പറ്റി സംസാരിക്കുന്നതാണ്  ഉചിതമെന്നും  മധ്യസ്തന്മാർക്കും  മഹല്ല് കമ്മറ്റികൾക്കും  ബോദ്ധ്യം  വന്നു. തുടർന്ന്      ചർച്ചകൾ  ആ വഴിക്ക്  തിരിഞ്ഞു.
അത് വരെ  ആ കുട്ടികൾ  മഹല്ല്  കമ്മിറ്റി  ഓഫീസ്  മുറ്റത്ത്  ഓടിക്കളിക്കുകയും  ചിലപ്പോൾ  പിതാവിനോടൊപ്പം   കുശലം  പറഞ്ഞ്  പിതാവിന്റെ കയ്യിൽ  തൂങ്ങി നടക്കുകയും  മറ്റ്  ചിലപ്പോൾ  മാതാവിന്  സമീപം  വന്നിരിക്കുകയും   ചെയ്തു    .  അവിടെ  നടക്കുന്ന  ചർച്ചകൾ  അവരുടെ  ഭാവിയെ സംബന്ധിച്ചതാണെന്നുള്ള  തിരിച്ചറിവ്  അവർക്കില്ലാതിരുന്നതിനാലോ  എന്തോ   ജ്യേഷ്ടനും  അനുജനും  ആഹ്ലാദചിത്തരായി  കളികളിൽ  മുഴുകി  ഇരിക്കുകയായിരുന്നല്ലോ.
വിവാഹ  മോചനത്തെ  തുടർന്ന്   സ്ത്രീക്ക്   കൊടുക്കേണ്ട  സാമ്പത്തിക  അവകാശങ്ങളെയും  വസ്തുക്കളെയും  സംബന്ധിച്ചും   ധാരണയെത്തിയതിന്  ശേഷം  ചർച്ചകൾ   കുട്ടികളെ  സംബന്ധിച്ചായി. അവരുടെ  ഭാവി,  അവർ  ആരോടൊപ്പം  താമസിക്കും  ഇതെല്ലാം  ചർച്ച ചെയ്യപ്പെട്ടു. രണ്ട്  കുട്ടികളേയും താൻ  വളർത്തിക്കൊള്ളാമെന്ന്  പിതാവ്  ആദ്യം  മുതൽ  പറഞ്ഞ്  കൊണ്ടിരുന്നു.  കുട്ടികളെ  വളർത്തുന്ന  പാട്  അയാളും  അറിയട്ടെ,  ഇനി  അയാൾ  വളർത്തട്ടെ  എന്ന  വാദവുമായി  നിന്ന  മാതാവ് അയാളുടെ  സഹോദരങ്ങളുടെ  വീട്ടിലൊന്നും  കുട്ടികളെ  കൊണ്ട്  പോകരുതെന്നും  അയാൾ  തന്നെ  വളർത്തണമെന്നും  ശാഠ്യം  പിടിച്ചുവെങ്കിലും  അവസാന  നിമിഷത്തിൽ  അവർ കാല്  മാറി,  കുട്ടികളെയും  പങ്ക് വെക്കണമെന്നായി.

ഒരു  കുട്ടിയെ  അവർക്ക് വേണമെന്ന  ആവശ്യം  ഉന്നയിച്ചപ്പോൾ "അപ്പോൾ  നിങ്ങൾക്ക്  ഏത്  കുട്ടിയെ  വേണം"      എന്ന  ഞങ്ങളുടെ     മറു ചോദ്യം   അവരെ കുഴക്കി.  ഏത് കുട്ടിയെ  വേണമെന്ന   വാദവും  മറ്റേ  കുട്ടിയെ തഴയുന്ന  അവസ്ഥ  ഉണ്ടാക്കും.  അവസാനം  ഞങ്ങൾ  തന്നെ പോം വഴി  പറഞ്ഞു,  മൂത്ത കുട്ടിയെ  പിതാവും  ഇളയകുട്ടിയെ  (ഏഴു വയസ്സ്കാരൻ)   മാതാവും  എടുക്കട്ടെ.   അവർ പരസ്പരം  പിരിഞ്ഞ്    ഒരാൾ  പിതാവിനൊപ്പവും  മറ്റേ  ആൾ  മാതാവിനൊപ്പവും  താമസിക്കേണ്ടി  വരുമെന്നതാണ് വേദനാജനകമായ  അവസ്ഥ..

ഒരു കുട്ടിയെ കൂടെ നിർത്തിയാൽ ആ കുട്ടിയുടെ  ചെലവിന് തുക    പിതാവിൽ നിന്നും ആവശ്യപ്പെടാമെന്ന്   അവർ മനസിലാക്കിയിരുന്നു. അത് ചർച്ചകളിൽ അവർ ഉന്നയിക്കുകയും പക്ഷേ  മദ്ധ്യസ്തന്മാർ അത്  നിരസിക്കുകയും ചെയ്തു.  രണ്ട് കുട്ടികളെയും  പിതാവ്  സംരക്ഷിക്കണമെന്ന്  ഇരു കൂട്ടരും ആദ്യം സമ്മതിച്ചതായിരുന്നുവെന്നും  ഇപ്പോൾ  കുട്ടിയുടെ പേരിൽ ലഭിക്കാവുന്ന സാമ്പത്തിക മെച്ചം പ്രതീക്ഷിച്ചാണ്     ഇളയ കുട്ടിയെ  കൊണ്ട്  പോകുന്നതെന്നും   സാമ്പത്തിക ലാഭം പ്രതീക്ഷിച്ച് കുഞ്ഞുങ്ങളെ  പിരിക്കാൻ കൂട്ട് നിൽക്കില്ലെന്നും   മാതാവിന് കുട്ടിയെ പോറ്റാൻ    ബുദ്ധിമുട്ടാണെങ്കിൽ  പിതാവ്  സംരക്ഷിച്ച് കൊള്ളുമെന്നും  മദ്ധ്യസ്തന്മാർ അഭിപ്രായപ്പെട്ടപ്പോൾ  കുട്ടിയുടെ പേരിലുള്ള സാമ്പത്തിക ലാഭം അവർ ഉപേക്ഷിച്ചു. കുട്ടിയെ മാത്രം  മതിയെന്നായി.

 മഹല്ല്  സെക്രട്ടറി  മദ്ധ്യസ്ത  തീരുമാനങ്ങൾ  അപ്പോഴപ്പോൾ    കടലാസ്സിൽ  നോട്ട്   ചെയ്തു കൊണ്ടിരുന്നു.

ആ  നിമിഷത്തിലാണ്  ഒൻപത്  വയസ്സ്കാരൻ   പൊട്ടിത്തെറിച്ചത്. "ഞാൻ   ആ  കടലാസ്  വലിച്ച്  കീറും."  അവൻ  വിളിച്ച്  കൂവുകയും  വിമ്മിക്കരയുകയും  ചെയ്തു  കൊണ്ടിരുന്നു. ഞങ്ങൾ  സ്തബ്ധരായി  പോയി.   കുട്ടികൾ  ഈ വക കാര്യങ്ങൾ  ശ്രദ്ധിച്ച്  കൊണ്ടിരിക്കുകയാണെന്നും  കാര്യങ്ങൾ  അവർക്ക്  മനസിലാകുമെന്നും   ഞങ്ങൾക്ക്  തിരിച്ചറിവ്  ഉണ്ടായിരുന്നെങ്കിലും  കുട്ടികളെ  ഞങ്ങൾ  കുട്ടികളായി  മാത്രം  കണ്ടു. അവരുടെ  ദു:ഖത്തിന്റെ ആഴം  ഞങ്ങൾ  ചിന്തിച്ചതേയില്ലായിരുന്നല്ലോ. ഒരേ  കട്ടിലിൽ     ഉറങ്ങിയിരുന്ന, ഒരേ  ഇടങ്ങളിൽ  കളിച്ചിരുന്ന, ആഹാരം  കഴിച്ചിരുന്ന  അവന്റെ കുഞ്ഞനിയനെ   ഒരു ദിവസം  പിരിയുന്ന ഒരു  തീരുമാനത്തോടും അവന് യോജിക്കാൻ  കഴിഞ്ഞില്ല.  ആ തീരുമാനത്തിനെതിരെ  കരയുകയും  വിമ്മിപ്പൊട്ടുകയുമല്ലാതെ  മറ്റെന്ത്  ചെയ്യാൻ അവന്  കഴിയും  . ഞങ്ങൾക്കോ  അവന്റെ മാതാപിതാക്കൾക്കൊ  ഈ ചിന്ത  ഉണ്ടായിരുന്നില്ലല്ലോ. അവന്റെ കരച്ചിൽ  വികാരരഹിതയായി  മാതാവ്  കേട്ടിരുന്നപ്പോൾ  പിതാവ് അവനെ  ആശ്വസിപ്പിച്ച്  പുറത്തേക്ക്  കൂട്ടിക്കൊണ്ട്  പോയി. അവന്റെ  കുഞ്ഞനിയൻ  കണ്ണും  മിഴിച്ച്  ഇതെല്ലാം  നോക്കിക്കൊണ്ടിരുന്നു.  ഈ കുഞ്ഞിന്റെ കരച്ചിലെങ്കിലും  അവരെ യോജിപ്പിച്ചേക്കാം  എന്ന് ഞാൻ  പ്രത്യാശിച്ചെങ്കിലും  ആ സ്ത്രീയിൽ യാതൊരു മാറ്റവും  കണ്ടില്ല.
പിന്നീട്  നടന്ന ചർച്ചകളിൽ  യാതൊന്നും   ഉരിയാടാതെ ഞാൻ ആ പയ്യനെ മാത്രം ശ്രദ്ധിച്ച് കൊണ്ടിരുന്നു. ഇപ്പോൾ  അവൻ കരച്ചിൽ നിർത്തിയിരുന്നു.  പിതാവ് എന്തെല്ലാമോ  പറഞ്ഞ് അവനെ സമാധാനിപ്പിച്ചിരുന്നത് കൊണ്ടാവാം അവൻ അയാളുടെ സമീപം നിശ്ശബ്ദനായി നിന്ന്  അവന്റെ അനുജനെ നിർന്നിമേഷനായി  നോക്കിയത്.
സാമ്പത്തിക  ഇടപാടുകൾ    സ്ത്രീക്ക്  കൊടുത്ത്    തീർക്കുമ്പോൾ  ഇരു കക്ഷികളും പരസ്പരം സമ്മതിച്ച    മറ്റ്  വ്യവസ്തകൾ  നടപ്പിലാക്കാമെന്ന  തീരുമാനത്തെ തുടർന്ന്    മാതാവ്  കുട്ടികളുമായി  പോയി . ഭർത്താവ്  മറ്റൊരു  വഴിക്കും.
തിരികെ വീട്ടിലേക്കുള്ള യാത്രയിൽ ആ കുട്ടിയുടെ വിമ്മൽ എന്നെ പിന്തുടർന്നു, ഉറക്കത്തിലും അതെന്നെ തേടിയെത്തി.
കുട്ടികളെ  നമ്മൾ ഒരിക്കലും   കണക്കിലെടുക്കാറില്ല.. അവരുടെ മുമ്പിൽ വെച്ച്  മാതാ   പിതാക്കൾ   ശണ്ഠ  കൂടുമ്പോൾ  അവരുടെ മനസിലൂടെ കടന്ന്  പോകുന്ന വിചാര വികാരങ്ങൾ  എന്തൊക്കെയായിരിക്കും  എന്ന്  നമ്മൾ  തിരിച്ചറിയാറേ ഇല്ല.  എന്റെയും  അവസ്ഥ ഇതായിരുന്നുവല്ലോ. ഭാര്യയുമായി പലപ്പോഴും കലഹിച്ചിരുന്നപ്പോൾ  മുമ്പ്   ഇത്  ഞാൻ  ശ്രദ്ധിച്ചിരുന്നില്ല  എന്നെനിക്കുറപ്പുണ്ട്.
വാക്ക് തർക്കമുണ്ടാകുമ്പോൾ  വാശിയാണല്ലോ  നമ്മുടെ  പ്രാണ വായു.  ജയിക്കണം  ജയിക്കണം  എന്ന  വാശി മാത്രം.  വിട്ട് വീഴ്ച  എന്നത്  സ്ത്രീയിലും  പുരുഷനിലും  ഉണ്ടാകാറേ  ഇല്ല. ആ   വാശിയിൽ  കുഞ്ഞുങ്ങളുടെ വേദന എങ്ങിനെ തിരിച്ചറിയാനാണ്.
കുഞ്ഞുങ്ങൾ എല്ലാം കാണുന്നു, അവർ മനസിലാക്കുന്നു, തിരിച്ചറിയുന്നു എന്ന തിരിച്ചറിവ്  നമുക്കില്ലാതായി  പോയി  എന്നത്  യാഥാർഥ്യം  തന്നെയാണ്.

മേൽപ്പറഞ്ഞ കേസിൽ  മാതാവ്  കുഞ്ഞുങ്ങളെ വീട്ടിൽ ഉപേക്ഷിച്ച് അവരുടെ വീട്ടിൽ  പോയെന്നും  പോലീസ്കാരുടെ    സാന്നിദ്ധ്യത്തിൽ  പിതാവ്   കുട്ടികളെ  ഏറ്റെടുത്ത് ഇപ്പോൾ  സംരക്ഷിച്ച് വരുന്നു  എന്നും  അറിയാൻ  കഴിഞ്ഞു.

Saturday, August 30, 2014

സിനിമാക്കാർക്ക് എന്തുമാകാമല്ലോ!

എന്റെ  നല്ല  പകുതി   റ്റിവിയിൽ  സിനിമാ കണ്ട് രസിച്ചിരിക്കുന്ന  സമയത്താണ്  ഞാൻ  അവളെ തലയാട്ടി  വിളിച്ച്  മാറ്റി  നിർത്തി  ചോദിച്ചു,  പൊന്നു  മോളേ!  നമ്മുടെ  വീടിനടുത്ത്   ഒരു  ലോറി  സ്പിരിറ്റ്  കൊണ്ട്  വന്ന്  നിർത്തിയാൽ  നമ്മൾ  എന്ത്  ചെയ്യും?.
നിങ്ങൾക്ക്  പിരാന്തായി  പോയോ?  അവൾക്ക് സിനിമായുടെ  രസച്ചരട്  പൊട്ടിയ  ദേഷ്യമായിരുന്നു.
"നീ മറുപടി  പറയുക,  നമ്മൾ  എന്ത്  ചെയ്യും? ഞാൻ  വീണ്ടും  നിർബന്ധിച്ചു.  ഉത്തരം  പറയാതെ  ഞാനെന്ന  ശല്യം  ഒഴിയില്ലാ എന്ന്  മനസിലാക്കിയ  അവൾ  മൊഴിഞ്ഞു.  "  എന്ത്  ചെയ്യണമെന്ന്  നമ്മുടെ  കുഞ്ഞു മോൻ     സിനാന്  വരെ അറിയാം   അപ്പോൾ  തന്നെ  ലോറി  നംബർ സഹിതം  പോലീസിനെ  അറിയിക്കും....ഈ നാട്ടിൽ  അവന്മാർ  ഇനി  വ്യാജ മദ്യമൊഴുക്കി  ആളെ  കൊല്ലരുത്....."  അവൾ  കർശനമായി  തന്നെ  പറഞ്ഞു. സ്പിരിറ്റ്  കടത്തിനെതിരെ  അവളുടെ  പക  വാക്കുകളിൽ കത്തി  നിന്നു.
"എങ്കിൽ  പിന്നെന്തിനാ മോളേ! നീ കണ്ട്  കൊണ്ടിരുന്ന  പടത്തിൽ  ദിലീപ്  സ്പിരിറ്റ്  കടത്താൻ  ലോറിയിൽ  ചെക്  പോസ്റ്റിൽ  കൊണ്ട്   വരുമ്പോൾ '''അയ്യോ  പിടിക്കരുതേ....എന്ന് പ്രാർത്ഥിച്ചതും  പോലീസ്കാരെ പറ്റിച്ച്     നായകൻ   ദിലീപ്   ലോറി കടത്തി  കൊണ്ട്  പോയപ്പോൾ   നീ കയ്യടിച്ചതും...."  ഇപ്പോഴാണ്   അവൾക്ക്  ഞാൻ  ഉന്നം  വെച്ചത്  മനസിലായത്....
കമലഹാസൻ  എത്ര പെണ്ണ് കെട്ടി?   സിനിമായിൽ  അല്ലാ...സ്വന്തം  ജീവിതത്തിൽ......  "
എന്റെ അടുത്ത  ചോദ്യത്തിൽ  അവൾ  വീണില്ലാ....
എന്താ  അത്  പോലെ  പെണ്ണ്  കെട്ടുന്നോ?  അവൾ  എന്നെ രൂക്ഷമായി  നോക്കി.
അതെന്ത്  നീതിയാടോ?  ഞാൻ  ചോദിച്ചു.  കമലഹാസന്  ഇഷ്ടം  പോലെ  പെണ്ണ് കെട്ടാം...പെണ്ണിനെ  ഒഴിയാം....ഈ  പാവം  ഞാൻ   കെട്ടിയാൽ  നാളെ  പത്രത്തിന്റെ  മുഖ  പേജിൽ...  ഇതെന്ത്  ദുനിയാവാണ്  മോളേ?
അതേ!  സിനിമാ  താരങ്ങൾക്ക്  ഈ ദുനിയാവിൽ  എന്ത്  ചെയ്താലും  അതിൽ  നാണക്കേറ്റുമില്ലാ...മാനക്കേടുമില്ലാ...പാവം  നമ്മൾ  സാധാരണക്കാരൻ  എന്തെങ്കിലും  ഒരു  കൊച്ച്  കൈ  പിഴ  ചെയ്തോ.....പിന്നെ  തീർന്നു   നമ്മുടെ  കച്ചോടം.......
അത്  കൊണ്ട്  തന്നെ  ഒരു  സിനിമാക്കാരൻ  ഫെയ്സ്ബുക്കുകാർ  മനോരോഗികളാണെന്ന്  പറഞ്ഞപ്പോൾ   ചുരുക്കം  ചിലരൊഴികെ  ആർക്കും  പരാതിയുമില്ലാ  പരിഭവവുമില്ല....സിനിമാക്കാർക്കെന്തുമാകാമല്ലോ!!!

Saturday, August 23, 2014

സുധീര വൈരം

സുധീരനെതിരെ  കോൺഗ്രസ് എ ക്കാരും  ഐക്കാരും ഒന്നിക്കുന്നു. അവർ  ഹൈക്കമാന്റിനു  കത്തെഴുതും, സുധീരനെ മാറ്റുവാനായി. മാത്രമല്ല എ  കക്ഷിക്കാർ ഒരു പടി കൂടി മുമ്പിലെത്തി  കോൺഗ്രസ്സിന്റെ നയപരിപാടികളിൽ സുധീരന്റെ അഭിപ്രായം   ആരായണ്ടെന്നും സർക്കാരിന്റെ ഒരു  കാര്യത്തിലും   ഇടപെടുവിക്കണ്ടന്നും  മറ്റും ചില തീരുമാനങ്ങൾ  കൈക്കൊള്ളുകയും ചെയ്തു. 
ഇത്രത്തോളം ഇവർ പ്രകോപിതരാകാൻ കാരണമായി  അവർ പറയുന്നത്  സർക്കാരിന്റെ മുഖഛായ  സുധീരൻ വഷളാക്കിയെന്നും  സർക്കാരിനെ ഒരു പ്രതി സന്ധിയിലകപ്പെടുത്തിയെന്നും മാത്രമല്ല  സ്വയം  വലിയവനാകാനാണ് ഈ പണിയൊക്കെ ചെയ്തതെന്നും മറ്റുമാണ്.   സുധീരൻ ഇപ്പോൾ ചെയ്ത കുറ്റം മദ്യ നയത്തിൽ ഇടപെട്ട് അടച്ച ബാറുകൾ  തുറക്കേണ്ടെന്നും  അത്  തുറന്നില്ലെന്ന് വെച്ച്  ഈ നാട്ടിൽ  ഒരു കുഴപ്പവും സംഭവിക്കില്ലാ എന്നൊക്കെ പ്രസ്താവന നടത്തിയതാണ്.  മൂപ്പര് ആ വാദത്തിൽ ഉറച്ച് നിന്നുവെന്നത് സത്യം തന്നെയാണ്.  അത് കൊണ്ട്  ഈ നാട്ടിലെന്ത് കുഴപ്പം ഉണ്ടായി കോൺഗ്രസ്കാരേ! സുധീരൻ  ആളാകാൻ ചെയ്തതോ എന്തോ  ആകട്ടെ, അതിന്റെ മുകളിൽ ആളാകാൻ  മുഖ്യ മന്ത്രി  ഉ.ചാ. അഞ്ച് നക്ഷത്രം ഒഴികെ ബാക്കി എല്ലാം  പൂട്ടിയില്ലേ?! അതിനു നിങ്ങൾക്ക് പരാതിയില്ലേ?
 സുധീരന്റെ ബദ്ധശത്രു സൂമാരൻ നായരു ചേട്ടനും ഇന്ന് ബാർ പൂട്ടൽ വിഷയവുമായി മദ്യ നയത്തിനെതിരെ പ്രതികരിച്ചിട്ടുണ്ട്.  ആലപ്പുഴയിലെ ഇലക്ഷനിൽ സുധീരനെ പണ്ട്  തോൽപ്പിക്കാൻ ആളും അർത്ഥവും ഇറക്കി പണി നടത്തിയ     മറ്റേ  മാന്യ  ദേഹവും  രംഗത്തുണ്ട്.  താക്കോൽ സ്ഥനത്തിരിക്കുന്നത് സൂമാരൻ നായർ ചേട്ടന്റെ സ്വന്തം  കക്ഷികളായതിനാൽ  സുധീര വൈരത്തിനു  ഒന്നുകൂടി ഊക്ക്  വരും നാളിൽ വർദ്ധിക്കാൻ  ഇടയുണ്ട്. 
ഇതെന്തെരോ ആകട്ടെ,  പൊതുജനത്തിനു ഈ പൊറാട്ട് കളിയിൽ  കാര്യമൊന്നുമില്ല. പക്ഷേ അവർ കഴുതകളല്ല.  എന്തിനു  കോൺഗ്രസ്സ്കാർ ഷാപ്പ് പൂട്ടുന്നതിൽ  വൈരം കാട്ടുന്നതെന്ന് ചിന്തിക്കാൻ  തക്ക വിധം അൽപ്പമെങ്കിലും തലച്ചോർ   പൊതുജനത്തിനുണ്ടെന്നും  കോൺഗ്രസ്സ്കാരുടെ  പുറകിലെ അദൃശ്യ  ശക്തി ആരെന്നു  അവർക്കറിയാമെന്നും     അവർക്കുമൊരു ദിവസം വിരലിൽ മഷി പുരട്ടാനായി  അനുവാദം    ലഭിക്കുമ്പോൾ ഹൈക്കമാന്റിനു പരാതി അയപ്പൊക്കെ അവർ  കുത്തുന്ന ചിഹ്നത്തിൽ പ്രതിഫലിപ്പിക്കുമെന്നും  ഈ കോൺഗ്രസ്കാർ  ചിന്തിക്കാത്തതെന്തേ?
ഭാരതം  മുഴുവൻ ഭരണത്തിലിരുന്ന   ഒരു  പാർട്ടി   ഇപ്പോൾ പ്രതിപക്ഷ നേതാവിന്റെ     പദവി കിട്ടാതി രിക്കാൻ   തക്കവിധം  സീറ്റ്   ശുഷ്കിച്ച് പോയിട്ടും  കോൺഗ്രസ്സ്കാർ   പാഠം  പഠിക്കുന്നില്ലല്ലോ  തമ്പുരാനേ!.

Saturday, August 16, 2014

നമ്മൾ മറന്ന ചിങ്ങം 1.

  ഇനി 10  നിമിഷങ്ങൾക്ക്  ശേഷം  ഇന്ന് രാത്രി 12 മണി കഴിയുമ്പോൾ   ചിങ്ങം  1  പിറക്കുന്നു.  മലയാളിയുടെ   പുതു വർഷാരംഭം. നമ്മുടെ സ്വന്തം കൊല്ല വർഷം.

നമ്മൾ  മഴ കാത്തിരുന്നത്  ഇടവപ്പാതിയിലും  മരം കോച്ചുന്ന  മഞ്ഞിൽ  ഉടുത്ത മുണ്ട് പുതച്ച് ഉറങ്ങിയിരുന്നത്   മകരത്തിലും  "ഹൗ!! എന്തൊരു ചൂട്"  പറഞ്ഞത്  മീനത്തിലും  " വിത്തും കൈക്കോട്ടും  "  പാടുന്ന പക്ഷികളെ കണ്ടിരുന്നത്  മേടത്തിലും  പൊന്നോണ  പുലരിയിൽ  അർമാദിച്ചിരുന്നത് ചിങ്ങത്തിലും  കുപ്പയിലും സ്വർണം വിളയിച്ചിരുന്നത്  കുംഭത്തിലുമായിരുന്നല്ലോ.

സായിപ്പ് പോകുന്നത് വരെ  പത്രങ്ങളും സർക്കാർ പ്രസിദ്ധീകരണങ്ങൾ  ഉൾപ്പടെ  മറ്റ്   എല്ലാ അച്ചടി   കടലാസുകളും കത്തുകളിലും  കൊല്ലവർഷം പ്രാധാന്യത്തോടെ  എടുത്ത് കാണിക്കുമായിരുന്നു.  സായിപ്പ്  പോയി   കഴിഞ്ഞ്  കുറേ കൊല്ലങ്ങൾക്ക്  ശേഷവും   മലയാള വർഷ   കലണ്ടർ  വിൽപ്പനക്ക്  കിട്ടുമായിരുന്നു.  അതിൽ ഗ്രിഗോറിയൻ  കലണ്ടർ (ഇംഗ്ലീഷ് കലണ്ടർ) വലത് വശം ചെറിയ അക്ഷരത്തിൽ ഉണ്ടാകും. ഇന്ന് മലയാളം കലണ്ടർ തീയതികൾ  കാണിക്കുന്നത്  പോലെ.

പക്ഷേ  സായിപ്പ്   പോയിരുന്നില്ല. അദൃശ്യനായി  ഇവിടെ തന്നെ ഉണ്ട്  എന്നറിയുന്നത് പിന്നീടായിരുന്നു,  ഓരോ മാറ്റങ്ങളിലൂടെ.

 മലയാളികളെന്ന്  പുരപ്പുറത്തിരുന്ന് വിളിച്ച് കൂവുന്ന മല്ലൂസ്  ഡിസംബർ  31  രാത്രി 12 മണിക്ക്  " ഹാപ്പീ ന്യൂ  ഇയർ "  വിളിച്ച് കൂവി മുഖ പുസ്തകം  സ്റ്റാറ്റസുകൾ  കൊണ്ട് നിറക്കുന്നത്   സായിപ്പിന്റെ സാമീപ്യത്താലാണ്.

 ആ  സായിപ്പിന്റെ പിടിയിൽ പെടാതെ   ഈ പാവം ഞാൻ  കർക്കിടക അവസാനിക്കുന്ന ഇന്നത്തെ തീയതിയിൽ വിളിച്ച് കൂവുന്നു,  നാളെ ചിങ്ങം ഒന്നാണ്, എല്ലാ മലയാളികൾക്കും  പുതു വൽസരാശംസകൾ.

Thursday, August 7, 2014

എനിക്ക് വിദ്യാഭ്യാസ മന്ത്രി ആകണം

ക്ലാസ് റൂമിൽ  വരി വരിയായി ഇരിക്കുന്ന ഗള കൗപീനം കെട്ടിയ കുരങ്ങന്മാരോട്  പഴകി പതിഞ്ഞ ആ ചോദ്യം  വീണ്ടും........
വലുതാകുമ്പോൾ കുട്ടി  എന്തായി തീരാനാണ് ആഗ്രഹം?
ഉത്തരം പഴയത് തന്നെ...ഒരു മാറ്റവുമില്ല.
ഡോക്റ്റർ.....എഞ്ചിനീയർ...കലക്റ്റർ......
ഈ തവണ  ഒരു ചെറിയ വ്യത്യാസം  ഇല്ലെന്ന്  പറയാതിരിക്കാൻ  വയ്യ. ഒരുത്തൻ  പറഞ്ഞു; " വിദ്യാഭ്യാസ മന്ത്രി ആകണം......"
"അതെന്താണെടോ  അതിനൊരു പുതുമ?!"
"എന്നിട്ട് വേണം എനിക്ക് സാറിനെ ഒന്ന് സസ്പന്റ് ചെയ്യാൻ...... എന്നെ കുറച്ച് ഇമ്പോസിഷൻ എഴുതിച്ചതല്ലേ...."
എന്നിട്ടും ഒരുത്തൻ പോലും ഭാവിയിൽ നല്ല സാദ്ധ്യത ഉള്ള  ഒരു ജോലിയുടെ കാര്യം പറയാനില്ലായിരുന്നു.
25 കൊല്ലം കഴിയുമ്പോൾ  ഡോക്റ്ററന്മാരും എഞ്ചിനീയറന്മാരും  കലക്റ്ററന്മാരും മാത്രം ഉണ്ടാകുന്ന ഈ നാട്ടിൽ  മൈക്കാട്കാരൻ(പലവേല) എന്ന സാധനം മരുന്നിന് പോലും കാണില്ല. അവൻ ബോർഡും വെച്ച് അവന്റെ ഓഫീസിൽ ഇരിക്കും ഡെയിറ്റ് അലോട്ട് ചെയ്യാൻ ...ഈ ഡോക്റ്ററന്മാരും എഞ്ചിനീയറന്മാരും കലക്റ്ററന്മാരും   അവന്റെ ഓഫീസിലെ ക്യൂവിൽ  നിന്നിടി കൂടും  അവന്റെ ഒരു തീയതി കിട്ടാൻ...
കക്കൂസ് നിറഞ്ഞാൽ  കോരി കളയാൻ...ഇടിഞ്ഞ് വീണ  മതിലൊന്ന് കെട്ടാൻ.... അപൂർവ വൃക്ഷമായി നിൽക്കുന്ന തെങ്ങേലൊന്ന് കയറി  ഒരു കരിക്കിടാൻ...
അന്ന് ബംഗാളികളൊന്നും കാണില്ല. അവന്മാർ അപ്പോഴേക്കും ഇവിടെന്ന് ഇപ്പോൾ കിട്ടിയത് അവിടെ കൊണ്ട് പോയി മുടക്കി  പച്ച പിടിച്ച് കാണും...
എല്ലാവനും ഡോക്റ്ററും എഞ്ചിനീയറും കലക്റ്ററും ആകാൻ  പഠിച്ചോ!!!

Friday, August 1, 2014

രാജശേഖരന്റെ നോമ്പും ചില ചിന്തകളും പിന്നെ ഫെയ്സ്ബുക്കും

 രാജശേഖരന്റെ നോമ്പും  ചില ചിന്തകളും  പിന്നെ ഫെയ്സ്ബുക്കും
റമദാൻ  മുപ്പത് ദിവസക്കാലവും   രാജശേഖരൻ  പള്ളിയിൽ വന്ന് ഞങ്ങളോടൊപ്പം  സമൂഹ നോമ്പു  തുറയിൽ പങ്കെടുത്ത്  ഈന്തപ്പഴവും  മറ്റ് ഫലവർഗങ്ങളും കഴിക്കുകയും  നോമ്പ് കഞ്ഞി  കുടിക്കുകയും ചെയ്തു. പള്ളിയിൽ വന്ന മറ്റുള്ളവരെ പോലെ രാജശേഖരനും  താൻ കഞ്ഞി  കുടിച്ച പാത്രം സ്വയം കഴുകി വെച്ചതിനു  ശേഷം പള്ളിയിൽ നിന്നും പോവുകയും ചെയ്യുന്നത് ഞാൻ ദിനവും കണ്ടു. ഇതിനിടയിൽ  കഞ്ഞി  കുടിക്കുന്നതിനു മുമ്പായി  മഗ് രിബ് നമസ്കാരത്തിനായി (സന്ധ്യക്കുള്ള നമസ്കാരം) ഞങ്ങൾ പള്ളിക്കുള്ളിൽ കയറുമ്പോൾ രാജശേഖരൻ  പള്ളിയുടെ പ്രധാന വാതിൽക്കൽ    കൈ   ഉദരത്തിന് താഴെയായി  കെട്ടി നിർന്നിമേഷനായി  ആദരവോടെ നിൽക്കും.  ഈ നിൽപ്പ്  നമസ്കാരം പൂർത്തി ആകുന്നത് വരെ തുടരും. എന്നിട്ടാണ് ഞങ്ങളോടൊപ്പം  കഞ്ഞി  കുടിക്കാൻ വരുന്നത്. വർഷങ്ങളായി ഞാൻ  ഈ കാഴ്ച  കണ്ടു വരുന്നു.   രാജശേഖരൻ ടൗണിലെ ഒരു വ്യാപാരിയും ഈ സ്ഥലത്തെ  പ്രസിദ്ധമായ  ഹിന്ദു നായർ  കുടുംബത്തിലെ അംഗവും  തന്റെ വീടിനു സമീപത്തെ  അമ്പലക്കമ്മിറ്റിയിലെ അംഗവുമാണ്. റമദാൻ വൃതം മുടങ്ങാതെ  വർഷങ്ങളായി അയാൾ  നോറ്റുവരുകയാണ്. രാജശേഖരനും   സഹോദര സമുദായത്തിലെ അത് പോലുള്ള ചിലരും ഈ പള്ളിയിൽ വരുന്നതും നോമ്പ്  തുറക്കുന്നതും    ഇവിടെ  ഉള്ള മുസ്ലിം സമുദായാംഗങ്ങൾ ആദരവോടും സ്നേഹത്തോടും കാണുകയും ചെയ്യുന്നു.

   കഴിഞ്ഞ ദിവസം ഞങ്ങൾ  നടത്തിയ ഇഫ്ത്താർ  ചടങ്ങിൽ സഹോദര സമുദായത്തിൽപ്പെട്ട    രണ്ട്  അഡ്വൊക്കേറ്റ് ക്ലർക്കുമാർ പങ്കെടുത്തിരുന്നു.  നമസ്കാര സമയം ഒരാൾ  ആദരവോടെ എഴുന്നേറ്റ് നിന്ന്  നമസ്കാരം വീക്ഷിച്ചു. ഇതരൻ  അവസാന വരിയിൽ എന്നോടൊപ്പം  നിന്ന്  ഞങ്ങൾ ചെയ്യുന്നത്  പോലെ  അനുകരിച്ചു. നമസ്കാരാനന്തരം കക്ഷി  എന്നോട് ചെവിയിൽ പറഞ്ഞു. "സാഷ്ടാംഗ നമസ്കാരം (സുജൂദ്) നടത്തുമ്പോൾ ഈ പിറു പിറുക്കുന്നത്  എന്തെന്ന് എന്നെ പഠിപ്പിക്കണേ! അടുത്ത തവണ അത് ചൊല്ലി  വേണം  എനിക്ക് നമസ്ക്കരിക്കാൻ"
ഞാൻ അയാളുടെ ചെവിയിൽ പതുക്കെ പറഞ്ഞു " അതിനു മുമ്പ്  നിന്നെ  ഞാൻ പൊന്നാനിയിൽ കൊണ്ട് പോയി    മൂത്രം ഒഴിക്കുന്ന യന്ത്ര സംവിധാനം പുളി മുട്ടിനു  മുകളിൽ വെച്ച് കൊടു വാളിനു വെട്ടി ശരിപ്പെടുത്തും "  ആ തമാശ ആസ്വദിച്ചുള്ള അയാളുടെ ചിരി  അവിടെ നിന്നും പോകുന്നത് വരെ തുടർന്നു. ഞങ്ങൾ തമ്മിൽ അത്രക്ക് സൗഹൃദത്തിലായിരുന്നല്ലോ. അടുത്ത ഓണത്തിന് അയാളുടെ വീട്ടിൽ ഉണ്ണാൻ ചെല്ലാമെന്ന് എന്നിൽ നിന്നും വാക്കും വാങ്ങിയാണ് അയാൾ പോയത്.

 ഈ തവണ ചെറിയ പെരുന്നാളിന് ആലപ്പുഴയിൽ അനന്തിരവന്റെ വീട്ടിൽ ഞാൻ  പോയിരുന്നു.  ഞാൻ അവിടെ എത്തുമ്പോൾ ഉണ്ണാൻ സമയം കഴിഞ്ഞിരുന്നെങ്കിലും  എന്തുകൊണ്ടോ ആരും ഊണ് കഴിച്ചിരുന്നില്ല. കാര്യം തിരക്കിയപ്പോൾ അനന്തിരവൻ  ബിരിയാണി പൊതിയുന്ന തിരക്കിലായിരുന്നു, അതാണ് വൈകിയത് എന്നറിഞ്ഞു. വീട്ടിലുള്ളവർ കഴിക്കുന്നതിനു മുമ്പ്  ധൃതിയിൽ   ബിരിയാണീ ആർക്കാണ് പൊതികളാക്കി കൊണ്ട് പോയതെന്നുള്ള ചോദ്യത്തിന്  അവന്റെ കൂട്ടുകാരും  അയൽക്കാരുമായ ഇതര മതസ്തർക്കാണ്  ആ പൊതികളെന്ന് അറിഞ്ഞു. അവന്റെ വീട് സ്ഥിതി ചെയ്യുന്ന  വലിയകുളം ഭാഗം  എല്ലാ മതക്കാരും ഇടകലർന്ന് ജീവിക്കുന്ന സ്ഥലമാണെന്നും എല്ലാ മുസ്ലിം വീടുകളിൽ നിന്നും ഇപ്രകാരം ആഹാരം  സഹോദര മതസ്തർക്ക് എത്തിച്ചു കൊടുക്കുന്നത് അവിടത്തെ പതിവാണെന്നും അറിയാൻ കഴിഞ്ഞു.

   ആലപ്പുഴയിലെ വട്ടപ്പള്ളിയിലാണ്  എന്റെ ബാല്യകാലം കഴിച്ച് കൂട്ടിയിരുന്നത്. വട്ടപ്പള്ളിയും തൊട്ടടുത്തായി സ്ഥിതി ചെയ്യുന്ന സക്കര്യാ ബസാറും മുസ്ലിം പോക്കറ്റുകളാണ്. ഇതര സമുദായാംഗങ്ങളുടെ  ചുരുക്കം ചില വീടുകൾ മാത്രമാണ് അവിടുള്ളത്. ഞങ്ങളുടെ വീടിന് കിഴക്ക് ഭാഗത്ത് നാലഞ്ച് വീടുകൾ ഹിന്ദുക്കളുടേതാണ് .  ഒരു തിരുവോണ ദിവസം  ആ  വീടുകളിലൊന്നിലെ കാർത്യായനി  അമ്മൂമ്മ ഒരു പാത്രത്തിൽ പായസവുമായി ഞങ്ങളുടെ വീട് വാതിൽക്കൽ വന്ന്  " ഇതാ കുറച്ച് പായസം ഇന്ന് ഞങ്ങളുടെ  തിരുവോണമാണ്"  എന്ന് പറഞ്ഞു. എട്ട് വയസ്കാരനായ  ഞാൻ കൈ നീട്ടി അത് വാങ്ങി  അതുമായി അകത്ത് പോയി. അമ്മൂമ്മ  പായസവും തന്ന് തിരികെ പോയപ്പോൾ  എന്റെ ഉമ്മൂമ്മ  ഓടി വന്ന് എനിക്ക് രണ്ട് നുള്ളും  മൂന്ന് നാല്  അടിയും  തന്നിട്ട് പറഞ്ഞു " നിനക്ക് അത്രക്ക് കൊതിയായി പോയോ പന്നി ബലാലേ് ! അവരുണ്ടാക്കിയത് വാങ്ങി കഴിക്കാൻ.."  എന്താണ് ഞാൻ ചെയ്ത തെറ്റെന്ന് എനിക്ക് അന്ന് മനസിലായില്ല  അത് കൊണ്ട് പായസ  പാത്രം  കയ്യിൽ വെച്ച്  ഞാൻ ഉറക്കെ കരഞ്ഞു..   നിലവിളി കേട്ട  എന്റെ  വാപ്പാ ഉമ്മയോട്  കാര്യം  തിരക്കി  അറിഞ്ഞതിന് ശേഷം എന്നെ അരികിലേക്ക് വിളിച്ചു.  ഇനി ബാക്കി അടി വാപ്പായിൽ നിന്നും പ്രതീക്ഷിച്ച്  വിറച്ച് വിറച്ച് ചെന്ന എന്റെ  കയ്യിൽ നിന്നും  വാപ്പാ പായസ പാത്രം വാങ്ങി "ബിസ്മി" (ദൈവ നാമത്തിൽ) എന്നുരുവിട്ട്  ( ആഹാരം കഴിക്കാൻ ആരംഭിക്കുമ്പോൾ ഞങ്ങൾ  അങ്ങിനെ ഉരുവിടാറുണ്ട്) പാത്രത്തിൽ നിന്നും അൽപ്പം കുടിച്ച്  ബാക്കി എനിക്കും മറ്റുള്ളവർക്കും തന്നു. വിവരം അറിഞ്ഞ  ഉമ്മൂമാ എന്തോ  പിറു പിറുത്തു.  കാര്യം അവിടം കൊണ്ടവസാനിച്ചില്ല.  വാപ്പാ ജോലി ചെയ്യുന്ന ചിട്ടി സ്ഥാപനത്തിൽ  കേസ് കാര്യവുമായി  പതിവായി വന്നിരുന്ന  വക്കീൽ ഗുമസ്തൻ  മാധവൻ പിള്ളയുടെ ക്ഷണം സ്വീകരിച്ച്   പിറ്റേ ദിവസം അവിട്ടത്തിന്  വാപ്പാ  എന്നെ സൈക്കിളിൽ  പുറകിൽ  ഇരുത്തി  പുന്നപ്ര വരെ  സൈക്കിളിൽ സഞ്ചരിച്ച് മാധവൻ പിള്ളയുടെ വീട്ടിൽ ചെന്ന്  അവിടെ നിന്നും ആഹാരം കഴിച്ചു.  ജീവിതത്തിൽ ആദ്യമായി  ഇലയിൽ ചോറുണ്ടതും  ശർക്കര പുരട്ടി  എന്ന പലഹാരം കഴിച്ചതും അന്നായിരുന്നു.
എന്റെ വാപ്പാ നമസ്കാരവും മറ്റ് മതാനുഷ്ഠാനങ്ങളും നിർബന്ധമായി  പാലിക്കുന്ന ആളായിരുന്നു  എന്ന്കൂടി  പറഞ്ഞ് വെക്കട്ടെ..
ഉള്ളിൽ പകയും വൈരാഗ്യവും ഇല്ലാതെ കേരള ജനത പരസ്പരം സ്നേഹത്തോടെയും സഹകരണത്തോടെയും കഴിഞ്ഞ്   വരുന്നതിന്റെ  ഉദാഹരണങ്ങളാണ് ഞാൻ ഇവിടേ ചൂണ്ടിക്കാണിച്ചത്. മുസ്ലിം മുസ്ലിമായും ഹിന്ദു ഹിന്ദുവായും ക്രിസ്ത്യൻ ക്രിസ്ത്യനുമായി തന്നെ കഴിഞ്ഞ് വരുന്നതിന് ഈ നാട്ടിൽ പരസ്പരം ആർക്കും  അസഹിഷ്ണതയും  വെറുപ്പും ഇല്ലാതിരിക്കാൻ തക്കവിധം  സ്വർഗമായിരുന്നല്ലോ നമ്മുടെ ഈ മലയാള നാട്.

 എന്റെ   കുടുംബ പുരാണം   കൊച്ചാപ്പാ  പിൽക്കാലത്ത്  ഞങ്ങൾക്ക് പറഞ്ഞ് തന്നത് ഞങ്ങൾ കൗതുകത്തോടെ കേട്ടിരുന്നിട്ടുണ്ട്..
പണ്ട്   പണ്ട് വളരെ പണ്ട്    കല്ലേലിൽ എന്ന  പ്രസിദ്ധമായ  ഒരു നായർ  കുടുംബത്തിലെ ഒരു അച്ചിക്ക് തന്റെ നായരിൽ ശങ്ക ഉണ്ടായി.  ഒരു ദിവസം നായർ അറിയാതെ    അച്ചി പിന്തുടർന്ന് ചെന്ന് നായരുടെ  ചിന്ന വീട് സംബന്ധം കയ്യോടെ പിടിച്ചു. അപ്പോൾ  കിട്ടിയ ചൂലിനാൽ  അച്ചി നായരെ  തന്റെ വീട് വരെ പ്രഹരിച്ചുവത്രേ!. ഈ പ്രവർത്തിയിൽ  അസഹിഷ്ണത പൂണ്ട   കുടുംബ കാരണവർ അച്ചിയെ  വിളിച്ച്   ശകാരിച്ചതിൽ   അച്ചിക്ക് സങ്കടവും  പകയും ഉണ്ടായി. തന്റെ ഭർത്താവിന്റെ കൊള്ളരുതായ്മയെ കുറ്റപ്പെടുത്താതെ തന്നെ  മാത്രം  ശകാരിച്ചതിൽ വൈരാഗ്യത്തിലായ  അവർ    തന്റെ മകളുമായി തറവാട് വിട്ടിറങ്ങി  നേരെ മുസ്ലിം പള്ളിയിൽ ചെന്ന് കുപ്പായമിട്ടു.(മതം മാറി)  ഏതായാലും മതത്തിൽ ആകൃഷ്ട ആയി   അവർ മതം മാറിയതല്ല എന്നുറപ്പ്.  സ്വന്തം കുടുംബത്തിന് എങ്ങിനെ അപമാനം ഉണ്ടാക്കാം  എന്ന ചിന്തയാൽ നായരച്ചി ഉമ്മച്ചി  ആയി ജീവിച്ച്  കാണിക്കാൻ തയാറായതോ അതോ ഇനി ആ വീട്ടിലേക്കില്ലാ എന്ന നിർബന്ധത്താലോ  ഉള്ള ഒരു മതം മാറ്റമായിരിക്കാമത് . ഏതായാലും കാലം കഴിഞ്ഞപ്പോൾ   അവരുടെ  മകളെ  ഒരു മുസ്ലിം തന്നെ വിവാഹം കഴിച്ചു. ആ മകളാണ്  എന്റെ  വാപ്പയുടെ  പിതാവിന്റെ ഉമ്മ ശൂദ്രത്തി ആമിനാ എന്ന് വിളിക്കപ്പെട്ടിരുന്ന ആമിന.. എന്റെ വാപ്പായും കൊച്ചാപ്പായും  ഹിന്ദുവായ ഒരു ഹേഡ് അങ്ങത്തയുടെ (അന്നത് ഒരു വലിയ ഉദ്യോഗമാണ്) വീട്ടിൽ അവരുടെ ബാല്യകാലത്ത് പോയി ഇഡ്ഡിലി എന്ന അപരിചിത ആഹാരം  ചമ്മന്തിയിൽ കുതിർത്ത് തിന്ന കാര്യവും  അതിശയത്തോടെ പറഞ്ഞ് തന്നിട്ടുണ്ട്. കല്ലേലി തറവാട്ടിലെ  വലിയ കാർന്നോരായിരുന്ന ആ ഹേഡ്  തന്റെ കൊച്ചനന്തിരവന്മാരോട്  സ്നേഹത്തോടെയും വാൽസല്യത്തോടെയുമാണ് പെരുമാറിയതെന്ന് കൊച്ചാപ്പാ പറഞ്ഞു തന്നു.
 
 കേരളത്തിലുണ്ടായിരുന്ന  ആദ്യ സമുദായങ്ങളിൽ നിന്നും  ഇപ്രകാരമുള്ളതോ  മറ്റ് കാരണങ്ങളാലോ ഇസ്ലാമിലേക്ക് പരിവർത്തനം ചെയ്തവരാണ്  ഇവിടെയുള്ള മുസ്ലിംങ്ങളിൽ ഭൂരി ഭാഗവും; അല്ലാതെ മക്കയിൽ നിന്നും നേരിട്ട് ഇറക്ക്മതി ചെയ്തവരല്ല.. മതത്തിന്റെ അടിസ്ഥാന നന്മ  മനസിലാക്കി ഇസ്ലാമിലേക്ക് വന്നവരും ധാരാളം ഉണ്ടെന്ന് വിസ്മരിക്കുന്നില്ല.  പക്ഷേ അവരുടെയും  അടിസ്ഥാന സമുദായം കേരളത്തിലെ  നമ്പൂതിരിയോ നായരോ  ഈഴവനോ/ തീയനോ  ദളിതനോ  തന്നെ ആണ്. ചുരുക്കത്തിൽ മലയാള നാട്ടിലെ മുസ്ലിംങ്ങളിൽ  ഭൂരി ഭാഗത്തിന്റെയും  പൂർവ സമുദായം  ഇവിടെ തന്നെ കഴിഞ്ഞിരുന്ന  ഇതര സമുദായാങ്ങൾ തന്നെ ആയിരുന്നു എന്നത് നിസ്തർക്കമായ  വസ്തുതയാണ്. ഇസ്ലാമിലേക്ക് മതം മാറിയവർ  ഇവിടെ തന്നെ ജീവിക്കുന്നതിന്  ഭീഷണി ഇല്ലാതിരുന്നതിനാലാണല്ലോ  കേരളത്തിലെ   മുസ്ലിംങ്ങളുടെ ജനസംഖ്യ  ഇപ്പോഴും  രണ്ടാം സ്ഥാനത്ത് നിൽക്കുന്നത്. എല്ലാ മുസ്ലിംങ്ങളും മുസ്ലിമായി തന്നെ ജീവിക്കുന്നതിനും അവൻ താടിയും തൊപ്പിയും വെക്കുന്നതിനും പള്ളിയിൽ പോകുന്നതിനും  ഇവിടെ ആർക്കും പരാതിയോ പരിഭവമോ ഇല്ലാത്തതിനാൽ അവനെ വർഗീയവാദി എന്നാരും  അൽപ്പകാലം മുമ്പ് വരെ  വിളിച്ച്ചിരുന്നില്ല.  ഈ നാടിന്റെ സംസ്കാരം അങ്ങിനെയായിരുന്നു. അൽപ്പ സ്വൽപ്പം  അപസ്വരങ്ങൾ  മാറ്റി വെച്ച് നിരീക്ഷിക്കുമ്പോൾ എന്നും മത സൗഹാർദ്ദത്തിന് പേര് കേട്ട  സ്ഥലം തന്നെ ആയിരുന്നു കേരളം. ഹിന്ദുവും മുസ്ലിമും ക്രിസ്ത്യാനിയും  ഒരമ്മ പെറ്റ മക്കളെ പോലെ ഇവിടെ കഴിഞ്ഞിരുന്നതും അത് കൊണ്ട് തന്നെ ആയിരുന്നു. ഏത് സമുദായത്തിലും ഗോത്രത്തിലും  വർഗത്തിലും മനസിൽ വിഷവുമായി  ജനിക്കുന്നവർ  എപ്പോഴും ഒരു ചെറിയ ന്യൂനപക്ഷം നിലവിലുണ്ടായിരുന്നുവല്ലോ. പക്ഷേ  അവരുടെ വിഷം ചീറ്റൽ  ഇവിടെ നിറഞ്ഞ് നിന്നിരുന്ന  മത  സാഹോദര്യത്താൽ  വലിയ രീതിയിൽ ഫലിക്കാതെ പോയി.
കുറച്ച് വർഷങ്ങൾക്ക് മുമ്പ് വരെ ഒരു മുസൽമാൻ ബാഹ്യ വീക്ഷണത്തിൽ കർക്കശനും  ആന്തരികമായി കനിവിന്റെ ആൾരൂപവുമായിരുന്നു. അതാത് കാലഘട്ടം  കഥകളിലും സിനിമകളിലും പ്രതിബിംബിക്കുന്നത് സാധാരണമാണ് . നടേ പറഞ്ഞ മുസ്ലിം കാക്കാ എം.റ്റി. വാസുദേവൻ നായരുടെ കുഞ്ഞരക്കാർ  തുടങ്ങിയ കഥാപാത്രങ്ങളിലൂടെയും "കായലരികത്ത് വളകിലുക്കിയ" പാടിയ നീലക്കുയിൽ കാക്കയിലും പാലും പഴം സിനിമയിലെ  സേട്ടുവിലൂടെയും  മറ്റും  മുസ്ലിമിനെ  നന്മ നിറഞ്ഞവനായി  പ്രതിബിംബിപ്പിച്ചു. അനാഥരെയും അഗതികളെയും നിസ്സഹായരെയും വിപത്തിൽ നിന്നും രക്ഷിക്കുന്ന ഹൃദയാലുവായിരുന്നു  അടുത്തകാലം വരെ  അയാൾ.
 2001 സെപ്റ്റംബറിൽ അമേരിക്കയിലെ ഇരട്ട ഗോപുരം വിമാനമിടിച്ച് തകർത്തതിന് ശേഷം  മുസ്ലിം എന്നാൽ " ബോംബാണോ  അത്  ഇവിടെ അടുത്ത് മലപ്പുറത്ത് കിട്ടും " എന്ന ആറാംതമ്പുരാൻ സിനിമ ഡയലോഗ് മാതൃകയിൽ   പ്രതിബിംബിക്കാൻ തുടങ്ങി. അത് വരെ ഉണ്ടായിരുന്നതിൽ നിന്നും വ്യത്യസ്തമായ ഒരു കാഴ്ചപ്പാട്  അവനു കിട്ടി. ഏതോ ദുഷ്ടന്മാർ (അത് ആരോപിക്കപ്പെടുന്നവരല്ല, അവരെ പഴി കേൾപ്പിക്കാൻ മറ്റാരോ ചെയ്തതാണെന്ന വാദം ഇപ്പോഴും അമേരിക്കയിൽ അലയടിക്കുന്ന സത്യം വിസ്മരിക്കുന്നില്ല) ചെയ്ത കുറ്റത്തിന് ലോക മുസ്ലിങ്ങൾക്ക് മറ്റൊരു നിറം പകർന്ന് കിട്ടി.
രണ്ട് വർഷങ്ങൾക്ക് മുമ്പുള്ള  ഒരു റമദാൻ കാലത്ത് ഞങ്ങളുടെ അടുത്ത ഗ്രാമത്തിലുള്ള ഒരു മുസ്ലിം ചെറുപ്പക്കാരി ഗർഭിണി  പതിവ് പരിശോധനക്കായി   ലേഡീഡോക്റ്ററെ സമീപിച്ച് പരിശോധനക്ക് ശേഷം  "ഡോക്റ്റർ  ഞാൻ  നോമ്പ്  പിടിക്കുന്നതിൽ കുഴപ്പമുണ്ടോ" എന്ന് ചോദിച്ചപ്പോൾ  "എന്തിന് നിങ്ങൾ നോമ്പ് പിടിക്കണം  നോമ്പും പിടിച്ചേച്ച്   ബോംബ് പൊട്ടിച്ച്  നിരപരാധികളെ കൊലപ്പെടുത്തലല്ലേ നിങ്ങളുടെ ആൾക്കാരുടെ ജോലി" എന്ന്  ആ ലേഡി ഡോക്റ്റർ പ്രതികരിച്ചു. സംഭവം വൈകാരികമായി പ്രക്ഷോഭണത്തിലേക്ക് തിരിയുന്നതിനു മുമ്പ് നാട്ടിൽ നില നിന്നിരുന്ന മത സൗഹാർദ്ദം  ആ തീ അണച്ച് കളഞ്ഞു. വിശദാന്വേഷണത്തിൽ ആ പാവം ഡോക്റ്റർ ഒറ്റ വാചകത്തിൽ  മനസ് തുറന്നു. റ്റി.വി. തുറന്നാലും പത്രമെടുത്താലും കിട്ടുന്ന വാർത്ത  മുസ്ലിം  ഭീകരന്മാരും ബോംബ് ബ്ലാസ്റ്റിംഗും  മാത്രം.  അതിൽ നിന്നുമുണ്ടായ തെറ്റിദ്ധാരണയാണ് ഡോക്റ്ററെ  മേല്പറഞ്ഞ പ്രകാരം  പ്രതികരിക്കാൻ പ്രേരിപ്പിച്ചത്.
  മീഡിയാകളെ തങ്ങളുടെ ഉദ്ദേശ സാദ്ധ്യത്തിനായി വിനിയോഗിച്ച് ലോകജനസംഖ്യയിൽ  നാലിലൊന്ന്  വരുന്ന ഒരു സമൂഹത്തെ  വെറുക്കപ്പെട്ട ഒരു സമൂഹമായി  ചിത്രീകരിക്കാൻ   കണക്ക്കൂട്ടി പദ്ധതി തയാറാക്കി നടപ്പിൽ വരുത്തുന്നവർ അവർ ആരായാലും അവരുടെ പദ്ധതി ഇത് വരെ വിജയകരമായി നടത്തിയിട്ടുണ്ട്  എന്ന സത്യം ചൂണ്ടിക്കാണിക്കാനാണ്  ഈ സംഭവം ഇവിടെ  വിവരിച്ചത്.  ഈ വസ്തുത  നിഷ്പക്ഷമായി നിരീക്ഷിച്ചാൽ ആർക്കും  ബോദ്ധ്യപ്പെടുന്നത് തന്നെയാണ് .  അത് എളുപ്പത്തിൽ  ബോദ്ധ്യമാകണമെങ്കിൽ കുറച്ച് കാലങ്ങളായുള്ള ഫെയ്സ്ബുക്ക് സ്റ്റാറ്റസുകളും കമന്റുകളും  പരിശോധിച്ചാൽ മാത്രം മതിയാകും. അതിലൂടെ  നമ്മൾ കടന്ന് പോകുമ്പോൾ ഇപ്പോൾ ഭയമാകുന്നുണ്ട്.    ഒരു സമൂഹത്തിന് നേരെയുള്ള വെറുപ്പ്  എത്രമാത്രം പ്രകടിപ്പിക്കുന്നതിനും  ഒരു മടിയുമില്ലാത്ത  അവസ്ഥ കാണുമ്പോൾ ഭയക്കാതിരിക്കുന്നതെങ്ങിനെ!  ആ ഭയത്തിൽ നിന്നുമുള്ള   വേദനയാലും  നാട്ടിൽ    ഇതു വരെനില നിന്നതും   ഇപ്പോഴും ഭൂരിഭാഗം മലയാളികളിലും  നില നിൽക്കുന്നതുമായ  മത സൗഹാർദ്ദം ഒരിക്കലും നശിക്കാൻ  ഇടയാകരുതേ   എന്നുള്ള  പ്രാർത്ഥനയാലുമാണ്  ഈ പോസ്റ്റ് കുത്തിക്കുറിച്ചത്.  സുഹൃത്തുക്കളേ! നിങ്ങൾ  വെറുപ്പോടെ  പരാമർശിക്കുന്ന ഈ ഭീകരന്മാർ മൂന്നോ  നാലോ തലമുറകൾക്ക് മുമ്പ് നിങ്ങളുടെ സമുദായത്തിൽ പെട്ടവർ തന്നെ ആയിരുന്നു. അവർ മതം മാറി എന്നത് അത്രക്കും കൊടിയ കുറ്റമെങ്കിൽ  മറ്റൊരു  വിശ്വാസവുമായി കഴിയാനാവാതെ    ഈ മണ്ണിൽ ആദി സമൂഹം  മാത്രമല്ലേ  അവശേഷിക്കുമായിരുന്നുള്ളൂ . ഭാരതീയ സംസ്കൃതി  എല്ലാം ഉൾക്കൊള്ളുന്നതായിരുന്നല്ലോ. നിങ്ങളുമായി പിച്ച വെച്ച് കളിച്ച് നടന്നിരുന്ന  അന്യ മതസ്തനായ  നിങ്ങളുടെ ബാല്യകാല സുഹൃത്തു തന്നെയാണ്   ഇപ്പോഴും  നിങ്ങളോടൊപ്പമുള്ളത്.  ഒരിക്കലും അവർ വിദേശികളല്ലല്ലോ . ഏതോ കുബുദ്ധികൾ ചെയ്യുന്ന പ്രവർത്തികളിലൂടെ ഒരു സമൂഹത്തെ മുഴുവനായി  കുറ്റക്കാരാക്കുന്നത് നീതിയല്ല.  വ്യകതമായ ചില ഉദ്ദേശങ്ങളിലൂടെ ചിലർ പടച്ച് വിടുന്ന  ദുഷിച്ച ചിന്താഗതിയിൽ  പെട്ട്   പോയാൽ ഇവിടെ ഇല്ലാതാകുന്നത് നാം തന്നെ സൃഷ്ടിച്ച  സ്വർഗമാണ്.  എല്ലാം അറിയാവുന്നവരും സർവജ്ഞാനിയെന്ന് നടിക്കുന്നവരുമായ ചിലർ പടച്ച് വിടുന്ന സ്റ്റാറ്റസുകളും  ഞാൻ വർഗീയ വാദിയല്ലേ  എന്ന് വെപ്രാളപ്പെട്ട് ഘോഷിക്കാനായി വെമ്പുന്ന   സെയിം സൈഡ് ഗോളടിക്കുന്ന ചില ബുദ്ധി  രാക്ഷസന്മാരുടെ കമന്റുകളിലും  നിങ്ങൾ സത്യം  അന്വേഷിച്ചാൽ ലഭിക്കില്ല  എന്ന് മനസിലാക്കുക.  കണ്ണു തുറന്ന് കാണുകയും ചെവി തുറന്ന് കേൾക്കുകയും  ഒരു ന്യായാധിപനെ പോലെ സത്യം കണ്ടെത്താൻ ശ്രമിക്കുന്നവരുമായി  നിങ്ങൾ  മാറിയാൽ ഈ കുറിപ്പുകളുടെ ആദ്യം പരാമർശിച്ച  രാജശേഖരന്റെ  ഹൃദയ വിശാലത നിങ്ങൾക്കും കൈവരുമെന്ന് തീർച്ച.