Monday, February 17, 2014

എന്റേത് അല്ലാത്ത എന്റെ വീട്

ബാല്യകാല സ്മരണകൾ മനസിലേക്ക് തള്ളിക്കയറുമ്പോൾ ആലപ്പുഴയിലേക്ക് ഒരു യാത്ര ചെയ്യും. ജനിച്ച് വളർന്ന മണ്ണും അന്നവിടെ ഉണ്ടായിരുന്നവരിൽ ഇന്ന് അവശേഷിക്കുന്നവരെ കാണാനുമുള്ള യാത്ര. അങ്ങിനെ ഉണ്ടായ യാത്രയിലെ ഒരു  പ്രഭാത സവാരിക്കിടയിൽ  ബാല്യം കഴിച്ച് കൂട്ടിയ പ്രദേശത്ത് എത്തി ചേർന്നപ്പോൾ  ബാല്യത്തിൽ അന്തി ഉറങ്ങിയിരുന്ന വീട് കാണുവാനുള്ള ആഗ്രഹമുണ്ടായി. ആ വീട് നിന്ന സ്ഥലത്തെത്തിയ ഞാൻ അന്തം വിട്ട്  നിന്ന് പോയി. എന്റെ ചെറിയ വീട് നിന്നിടത്ത്  സുന്ദരമായ ഒരു രണ്ട് നില കെട്ടിടം പണി തീർത്തിരിക്കുന്നു. ഉദയ സൂര്യൻ ചുവന്ന രശ്മികൾ വിതറുന്ന  അന്തരീക്ഷത്തിൽ ആ വീട് നോക്കി മിഴിച്ച് നിന്നപ്പോൾ മനസ്സിൽ  എന്തെന്ന് നിർവചിക്കാനാവാത്ത വികാരങ്ങളുടെ വേലിയേറ്റം ഉണ്ടായി. നേരം നന്നെ പുലരാത്തതിനാൽ മകരമാസ മഞ്ഞിന്റെ ആലസ്യത്തിൽ പെട്ട് ആ വീട്ടിലും അടുത്ത വീടുകളിലും  ഇനിയും  ആരും ഉറക്കം എഴുന്നേറ്റിട്ടില്ലാ. ഞാൻ വീടിന്റെ ചുറ്റും നടന്ന് നോക്കി. കിഴക്ക് വശം എത്തിയപ്പോൾ മനസിന്റെ മൂലയിലെവിടെയോ നിന്നും മുല്ലപ്പൂവിന്റെ മണവുമായി ഓർമ്മകൾ തിക്കി തിരക്കി വരുന്നു. കൗമാരത്തിൽ ഒരു ധനു മാസ രാത്രിയിലെ നിലാവൊളിയിൽ മാനത്ത് ചന്ദ്രനേയും നോക്കി നിന്ന എന്റെ മുമ്പിൽ അപ്പുറത്തെ വീട്ടിൽ നിന്നും ഒരു കടലാസ് പൊതി വന്ന് വീണതും അതിലുണ്ടായിരുന്ന മുല്ലപ്പൂക്കളുടെ സുഗന്ധം  മനസിൽ പൂ മഴ പെയ്യിച്ചതും  ഇന്നലെ സംഭവിച്ചത് പോലെ എനിക്ക് തോന്നി. ആ മുല്ലപ്പൂക്കളുടെ സുഗന്ധം ഇന്ന് ഈ പുലരിയിലും അനുഭവപ്പെടുന്നതായി എനിക്ക് തോന്നിയപ്പോൾ  ഒരിക്കലുമൊരിക്കലും മറക്കാനാവാത്ത സംഭവങ്ങളുടെ സ്മരണകൾ മനസിന്റെ തീരത്തേക്ക് ഒന്നിന് പുറകേ ഒന്നായി അലയടിച്ച് വരുന്നതായി ഞാൻ കണ്ടു. 
. മാതാപിതാക്കളും സഹോദരങ്ങളുമായി കഴിഞ്ഞ് വന്നിരുന്ന കൊച്ച് വീട്. ഒരു മുറിയും അടുക്കളയുമുള്ള ചെറ്റക്കുടിൽ. അത് പിന്നെ അൽപ്പം വലുതാക്കി. വർഷങ്ങൾ കഴിഞ്ഞപ്പോൾ പിന്നെയും വലുതാക്കി ഓടിട്ടു. ബാല്യവും കൗമാരവും അവിടെ കഴിഞ്ഞ് കൂടി. , അന്ന് കുട്ടികളായി കഴിഞ്ഞിരുന്ന ഞങ്ങൾ  പിൽക്കാലത്ത് എവിടെല്ലാമോ ഇടങ്ങളിലേക്ക് ചിതറി പോയി  പ്രത്യേക കുടുംബമായി കഴിയുമെന്ന്  അന്ന് സങ്കൽപ്പിക്കുക പോലും ചെയ്തിരുന്നില്ലല്ലോ. പിന്നീട് മാതാപിതാക്കൾ മരിച്ചു, മൂത്ത സഹോദരി മരിച്ചു. കാലത്തിന്റെ കുത്തൊഴുക്കിൽ എല്ലാവരും പലയിടങ്ങളിലായി. ആദ്യം സ്ഥലം വിട്ട് പോയത് ഞാനാണ്. എങ്കിലും   എനിക്ക് വീട്ടിൽ എപ്പോഴും തിരിച്ചെത്താതിരിക്കാൻ കഴിഞ്ഞിരുന്നില്ലല്ലോ. അന്ന് കുടുംബാംഗങ്ങളോട് പറയുമായിരുന്നു, "പെൻഷൻ പറ്റി കഴിഞ്ഞ്  എന്റെ ഈ അലച്ചിൽ അവസാനിപ്പിച്ച് ഞാൻ ഇവിടെ വന്ന് സ്ഥിരമായി കഴിയും".
 പക്ഷേ അത് സഫലീകരിക്കാനാവാത്ത സ്വപ്നമായി തീരുമെന്ന് അറിഞ്ഞിരുന്നില്ലല്ലോ.  . ഞാൻ സ്ഥിരമായി ഇവിടെ കഴിയാം എന്ന് തീരുമാനിച്ചപ്പോൾ വീട് അന്യ കൈവശത്തിലായി കഴിഞ്ഞിരുന്നു. അത് കൈ വിട്ട സമയം സാമ്പത്തിക ക്ലേശത്താൽ നിസ്സഹായതയോടെ കണ്ട് നിൽക്കാനേ അന്ന് കഴിഞ്ഞുള്ളൂ. ബന്ധങ്ങൾ പലപ്പോഴും നാവിനെ ബന്ധനത്തിലാക്കുകയും  ഇഷ്ടമില്ലാത്തത് കാണുമ്പോൾ അത് ചെയ്യരുത് എന്ന് പറയാനാവാത്ത വിധം മനസ്സിൽ നിസ്സഹായത സൃഷ്ടിക്കുകയും ചെയ്യും. അങ്ങിനെയൊരു ചുറ്റുപാടിലായിരുന്നു വീട് വിൽപ്പന സമയം ഞാൻ.
ഇന്നെനിക്ക്  ഞാൻ ജനിച്ച് വളർന്ന് വന്ന ഈ മണ്ണിൽ എന്റെ ദിവസങ്ങളുടെ പുലരിയും അസ്തമയവും ദർശിച്ച് എന്റെ മാതാപിതാക്കളുടെ നിശ്വാസങ്ങൾ ഇപ്പോഴും അലയടിക്കുന്ന ഈ വായു ശ്വസിച്ച് ജീവിക്കണമെന്നുണ്ട്.
 ചെറുപ്പം മുതലേ പരസ്പരം സ്നേഹിച്ച് വളർന്ന് കൗമാരത്തിൽ പൂത്തുലഞ്ഞ് പിന്നീട് എന്നെന്നേക്കുമായി പിരിഞ്ഞ് പോയതുമായ  നഷ്ടപ്രണയത്തിന്റെ ഓർമകളിൽ ശിഷ്ട ജീവിതം കഴിച്ച് കൂട്ടണമെന്ന ആഗ്രഹമുണ്ട്. പരന്നൊഴുകുന്ന നിലാവിൽ കണ്ണും നട്ടിരുന്ന് കഴിഞ്ഞ് പോയ ഓരോ നിമിഷവും മനസിലിട്ട് താലോലിക്കണമെന്നുണ്ട്.    ണ്ണൂംനട്ടിരുന്ന്എന്റെ വായനയും എന്റെ കുത്തിക്കുറിക്കലും ഈ പൂഴി മണ്ണിന്റെ ഗന്ധമേറ്റിരുന്ന് നിർവഹിക്കണമെന്ന് കൊതിയുണ്ട്. 
സഫലീകരിക്കാനാവാത്തതാണ് എന്റെ ഈ ആഗ്രഹങ്ങളെന്ന് അറിഞ്ഞ് കൊണ്ട് തന്നെ ഇപ്പോൾ അന്യന്റെ വസതിയായ ഈ വീടിന്റെ മുമ്പിൽ നിന്ന് ആ ആഗ്രഹങ്ങളെ താലോലിച്ച് വിതുമ്പുമ്പോൾ സ്വന്തമായിരുന്ന പെണ്ണിനെ അന്യൻ കൈവശപെടുത്തി കഴിഞ്ഞ്  പിന്നെ എന്നെങ്കിലും അവളെ നേരിൽ കാണാനിടയായാൽ   അവളുടെ ആരുമല്ലല്ലോ ഞാൻ  എന്ന ചിന്തയാൽ അവളെ നോക്കി കരഞ്ഞ് നിൽക്കുന്നവന്റെ മാനസികാവസ്ഥയാണ് എനിക്കെന്ന് ഞാൻ ഇപ്പോൾ തിരിച്ചറിയുന്നു.

6 comments:

  1. സ്മരണയിലെ പ്രിയഭവനം. അല്ലേ?

    ReplyDelete
  2. നന്നായെഴുതി മാഷേ, ടച്ചിങ്ങ്!

    ReplyDelete
  3. ഹൃദയസ്പർശിയായി ഈ ഓർമ്മകൾ ... വിട്ടു പോകുന്ന ഓരോ വീടും ഗൃഹാതുരതയോടെ ഓർമിപ്പിക്കുന്ന എഴുത്ത്....!

    ReplyDelete
  4. അവസാന വരികള്‍ വളെരെ touching sir - basheer doha

    ReplyDelete
  5. This comment has been removed by the author.

    ReplyDelete
  6. മൂത്താപ്പാ സങ്കടമായി ഈ പോസ്റ്റിട്ടപ്പോ, നില നിര്ത്തനമെന്നു നമ്മൾ ആഗ്രഹിക്കുന്നത് മറ്റുള്ളവര്ക്ക് അങ്ങനെ ആവില്ലല്ലോ, ആ വീടിനെ ചുറ്റിപ്പറ്റി ആഗ്രഹങ്ങൾ മാറ്റിയാലും ഓർമ്മകൾ മായില്ലല്ലോ....

    ReplyDelete