Wednesday, April 17, 2013

ഗാർഹിക പീഡനത്തിൽ നിന്നുള്ള സംരക്ഷണ നിയമം

മന്ത്രിമാർ വരെ ഗാർഹിക പീഡന കേസുകളിൽ  പ്രതികളായി കാണപ്പെടുമ്പോൾ എന്താണ് ഈ ഗാർഹിക പീഡന നിയമം എന്നത് അൽപ്പമായി എങ്കിലും നാം അറിഞ്ഞിരിക്കേണ്ടതാണ് .

ഈ നിയമത്തിന്റെ പൂർണമായ പേര് ഗാർഹിക പീഡനത്തിൽ നിന്നുള്ള സ്ത്രീ സംരക്ഷണ നിയമം എന്നാണ്.(Protection of women from Domestic violence Act 2005) 2005 ലെ ഈ ആക്റ്റിന്റെ ചട്ടങ്ങൾ 2006ൽ നിലവിൽ വന്നു.

നിലവിലുണ്ടായിരുന്ന മറ്റ് സ്ത്രീ സംരക്ഷണ നിയമങ്ങൾ പോലെ ഈ നിയമവും സ്ത്രീകളെ പീഡനങ്ങളിൽ നിന്ന് രക്ഷിക്കുക എന്ന ലക്ഷ്യത്തോടെ തയാർ ചെയ്യപ്പെട്ടതാണ്.ജമ്മു കാശ്മീർ ഒഴികെ ഇന്ത്യയിൽ മറ്റെല്ല സ്ഥലങ്ങളും ഈ നിയമത്തിന്റെ പരിധിയിൽ വരുന്നു.

ഈ നിയമത്തിൽ പീഡിക്കപ്പെട്ട ആൾ എന്ന് ഉദ്ദേശിക്കുന്നത് ആർക്കെതിരെയാണോ ആരോപണങ്ങൾ ഉന്നയിക്കപ്പെട്ടത് ആ വ്യക്തിയുമായി ഗാർഹിക ബന്ധമുള്ള സ്ത്രീ എന്നാണ്.

ഗാർഹിക ബന്ധമെന്നാൽ വിവാഹത്താലോ രക്തബന്ധത്താലോ വിവാഹ സ്വാഭാവത്തിലുള്ള ബന്ധത്താലോ ദത്തെടുക്കലിലൂടെയോ  ബന്ധപ്പെട്ട് എപ്പോഴെങ്കിലും  വീട് പങ്ക് പറ്റിക്കൊണ്ട് ഒരുമിച്ച് താമസിക്കുകയോ താമസിച്ചിരിക്കുകയോ ചെയ്തിട്ടുള്ള വ്യക്തികൾ തമ്മിലുള്ള ബന്ധം എന്നാണ്.

സ്ത്രീയായ നിങ്ങൾ താമസിക്കുന്ന അതേ വീട്ടിൽ താമസിക്കുന്ന ഒരാൾ ആ വീട്ടിൽ വെച്ച് നിങ്ങളെ ഉപദ്രവിച്ചാൽ ആ ഉപദ്രവം ശാരീരികമായാലും ലൈംഗികമായാലും കേവലം വാക്ക് കൊണ്ടായാലും സാമ്പത്തികമായാലും  നിങ്ങൾ ഗാർഹിക പീഡനത്തിനു ഇരയായി എന്ന കാഴ്ചപ്പാടിൽ പ്രസ്തുത നിയമത്തിന്റെ സംരക്ഷണം ആവശ്യപ്പെടാൻ നിങ്ങളെ അർഹയാക്കും.

ശാരീരിക ഉപദ്രവമെന്നാൽ മർദ്ദനവും അടിയും ഇടിയും കടിയും ഉന്തലും തൊഴി മുതലായതും സമാനമായത് ഏതും  ഉൾപ്പെടും.

 ലൈംഗിക ഉപദ്രവമെന്നാൽ  അശ്ലീല സിനിമകളോ ലൈംഗിക പരമായ ചിത്രങ്ങളോ അതു പോലുള്ള മറ്റ് വസ്തുക്കളോ കാണാൻ ആഗ്രഹം ഇല്ലാത്ത നിങ്ങളെ അതിനായി  നിർബന്ധിക്കുക, നിങ്ങളെ നിർബന്ധിച്ച് ലൈഗിക ബന്ധത്തിനു ഇരയാക്കുക, നിങ്ങളെ തരം താഴ്ത്തുന്ന വിധത്തിലോ അന്തസിനു ഹാനി വരത്തക്ക വിധത്തിലോ ലൈംഗിക സ്വാഭാവമുള്ള തരത്തിൽ പെരുമാറുക, കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യൽ തുടങ്ങിയവ എല്ലാം  ഉൾപ്പെടും.

നിങ്ങളുടെ ആത്മാഭിമാനത്തെ ബാധിക്കത്തക്ക വിധത്തിൽ പരിഹസിക്കുക, പെൺകുട്ടികളെ മാത്രം പ്രസവിക്കുന്നു അതായത് ആൺകുട്ടി ഇല്ലാ എന്ന കാരണത്താൽ പരിഹസിക്കുക, നിങ്ങളുടെ സ്വഭാവത്തെ പറ്റി ആക്ഷേപിച്ച് പറയുക, സ്ത്രീധനം കൊണ്ട് വരാത്തതിനു ആക്ഷേപിക്കുക, നിങ്ങളുടെ ജോലി ഉപേക്ഷിക്കാൻ നിർബന്ധിക്കുക, നിങ്ങൾക്ക് ഇഷ്ടമുള്ള ആളെ വിവാഹം ചെയ്യുന്നതിനു സമ്മതിക്കാതിരിക്കുകയും ഇഷ്ടമില്ലാത്ത ആളെ വിവാഹം കഴിക്കാൻ നിർബന്ധിക്കുകയും ചെയ്യുക, ആത്മഹത്യ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുക തുടങ്ങിയവ എല്ലാം വാക്കാലുള്ള ഉപദ്രവത്തിന്റെ ഉദാഹരണങ്ങളാണ്.

സ്ത്രീയെന്ന നിലയിൽ നിങ്ങളെയും നിങ്ങളുടെ കുട്ടികളെയും സംരക്ഷിക്കാൻ എതിർകക്ഷി ബാദ്ധ്യസ്തനായിട്ടും അയാൾ അപ്രകാരം ചെയ്യാതിരിക്കൽ, നിങ്ങൾക്കും കുട്ടികൾക്കും ഭക്ഷണവും വസ്ത്രവും തരാതിരിക്കൽ,  ഒരു തൊഴിൽ എടുക്കുന്നതിനു നിങ്ങളെ അനുവദിക്കാതിരിക്കുക, അഥവാ ഒരു തൊഴിൽ നിങ്ങൾ ചെയ്യുമ്പോൾ അതിൽ നിന്നും നിങ്ങൾക്ക് കിട്ടിയ ശമ്പളം നിങ്ങളുടെ അനുവാദമില്ലാതെ എടുത്ത് കൊണ്ട് പോവുക, താമസിക്കുന്ന വീട്ടിൽ നിന്നും ഇറങ്ങി പോകാൻ ആവശ്യപ്പെടുക, നിങ്ങളെ അറിയിക്കാതെയും നിങ്ങളുടെ സമ്മതമില്ലാതെയും നിങ്ങളുടെ സ്ത്രീധനമോ മറ്റെന്തെങ്കിലും വിലപിടിപ്പുള്ള വസ്തുക്കളോ വിൽക്കുകയോ പണയം വെക്കുകയോ ചെയ്യുക, വൈദ്യുതി ബിൽ തുടങ്ങിയവ അടക്കാതിരിക്കുക  തുടങ്ങിയവ എല്ലാം സാമ്പത്തിക പീഡനത്തിന്റെ ഉദാഹരണങ്ങളാണ്.

ഈ വക ഉപദ്രവങ്ങൾ പീഡനമായി അനുഭവപ്പെടുന്ന ഏതൊരു സ്ത്രീക്കും ഈ നിയമത്തിൽ വിശദീകരിക്കുന്ന പരിഹാരം ആവശ്യപ്പെട്ട് അവർ താമസിച്ചിരുന്ന സ്ഥലത്തിന്റെ അധികാരപരിധിയുള്ള ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഒരു അഭിഭാഷകൻ മുഖേനെ നിർദ്ദിഷ്ട ഫോമിൽ കേസ് ഫയൽ ചെയ്യാം. മുമ്പ് ഈ വക പരാതികൾ സർക്കാർ നിയമിച്ചിട്ടുള്ള പ്രൊട്ടക്ഷൻ ആഫീസർ മുമ്പാകെ ഫയൽ ചെയ്ത് ആ ഉദ്യോഗസ്തന്റെ റിപ്പോർട്ട് സഹിതമായിരുന്നു കോടതിയിൽ ഫയൽ ചെയ്തിരുന്നത്. എന്നാൽ ഇപ്പോൾ നേരിട്ട്  തന്നെ കോടതിയിൽ അഭിഭാഷകൻ മുഖേനെ പരാതി ഫയൽ ചെയ്തു വരുന്നതായി  കാണപ്പെടുന്നുണ്ട്.സർക്കാരിനാൽ അംഗീകരിക്കപ്പെട്ട സന്നദ്ധ സംഘടനകളെയും ഈ വിഷയത്തിൽ സഹായത്തിനു നിങ്ങൾക്ക് സമീപിക്കാം.

 കേസിന്റെ സ്വഭാവം ഫയൽ ചെയ്യപ്പെടുമ്പോൾ സിവിൽ ആണെങ്കിലും  വിധിക്ക് ശേഷം  പരിഹാരം എതിർ കക്ഷിയാൽ നിറവേറ്റപ്പെടാതെ വരുന്ന പക്ഷം ക്രിമിനൽ വിഭാഗമായി മാറുകയും വിധി അനുസരിക്കാതിരുന്നാൽ ചിലപ്പോൾ തടവ് ശിക്ഷ വരെ അനുഭവിക്കേണ്ടതായും വരുന്നു.

ഈ നിയമം നിലവിൽ വരുന്നതിനു മുമ്പ് സ്ത്രീകൾക്കും കുട്ടികൾക്കും ചെലവിനു കിട്ടാൻ സി.ആർ.പി.സി.125 പ്രകാരം കോടതിയിൽ കേസ് ഫയൽ ചെയ്യണമായിരുന്നു. സ്ത്രീധനമാവശ്യപ്പെട്ട് ഭർത്താവും ബന്ധുക്കളും പീഡിപ്പിക്കുമ്പോൾ സെക്ഷൻ 498എ പ്രകാരം പീഡിപിച്ചവർക്കെതിരെ മജിസ്ട്രേറ്റ് കോടതിയിൽ കേസ് ഫയൽ ചെയ്യുമായിരുന്നു.  സ്ത്രീധനമായി കൊടുത്ത തുക തിരികെ കിട്ടാനും എതിർ കക്ഷി വാങ്ങി കൊണ്ട് പോയ സ്വർണാഭരണങ്ങളുടെ വില കിട്ടാനും   കേസുകൾ കുടുംബ കോടതിയിലും ഫയൽ ചെയ്യേണ്ടിയിരുന്നു.എന്നാൽ ഇപ്പോൾ ഭൂരിഭാഗം അഭിഭാഷകരും മുകളിൽ കാണിച്ച പരിഹാരങ്ങൾക്കായി ഗാർഹിക പീഡന നിയമം മാത്രമാണ് ഉപയോഗിച്ച് വരുന്നത്.ചിലർ 498എ പ്രത്യേകമായും ഫയൽ ചെയ്യാറുണ്ട്.

പ്രസ്തുത നിയമത്തിന്റെ ഒരു ചെറു വിവരണം എന്റെ അറിവിൽ വന്നത് മാത്രമാണിവിടെ കുറിച്ചിട്ടത്. പക്ഷേ ഈ വക കേസുകൾ കൈകാര്യം ചെയ്യുന്നവരുമായി ബന്ധപ്പെടുമ്പോൾ നിയമങ്ങളുടെ ദുരുപയോഗം എന്ന ദൂഷ്യം ഈ നിയമത്തേയും ബാധിച്ചിരിക്കുന്നു എന്ന് മനസിലാക്കാൻ കഴിയും. നന്മ ലക്ഷ്യമാക്കി ഒരു നിയമം സൃഷ്ടിക്കപ്പെടുമ്പോൾ അത് തിന്മക്കായി ഉപയോഗിക്കപ്പെടുന്നത് നീതിയല്ല.

സ്ത്രീയെ ഉപദ്രവിക്കുന്നതിനെതിരെ നിയമങ്ങൾ സൃഷ്ടിച്ച് മതിയായ സംരക്ഷണം അവൾക്ക് നൽകേണ്ടത് സമൂഹത്തിന്റെ ചുമതലയിൽ പെട്ടതാണ്.സമൂഹത്തിന്റെ കെട്ടുറപ്പിന് അത് ആവശ്യവുമാണ്.എന്നാൽ  ഭസ്മാസുരന് വരം കിട്ടിയത് പോലെ നിയമത്തിന്റെ ഉപയോഗം എന്റെ സംരക്ഷണത്തിനാണ്, മറ്റവനെ തുലക്കാനല്ല എന്ന ബോധം മനസിൽ ഇല്ലായെങ്കിൽ നിയമത്തെ അവിടെ ഉപയോഗിക്കുകയല്ലാ ദുരുപയോഗം ചെയ്യുകയാണ് എന്ന് തിരിച്ചറിയുക. ദാമ്പത്യബന്ധ പൊരുത്തക്കേടുകൾ സംബന്ധമായ നല്ല ശതമാനം കേസുകളിലും ഇണയെ തോല്പിക്കുക എന്ന ലക്ഷ്യം മാത്രമാണ് കണ്ട് വരുന്നത്.ആ ഇണയുമായി എത്രയോ കാലം അതിയായ സ്നേഹത്തിൽ കഴിഞ്ഞ് വന്നിരുന്നെന്നും ആ സ്നേഹബന്ധത്തിൽ തങ്ങൾക്ക് കുട്ടികൾ ഉണ്ടായി എന്നും ആ കുട്ടികൾ ഇപ്പോഴും നമ്മിലൊരാളോടൊപ്പം വളർന്ന് വരുന്നു എന്നും ആ കുട്ടികളുടെ ജനനത്തിന്റെ പ്കുതി പങ്ക് ഇപ്പോൾ എന്റെ ശത്രു ആയ ആ ഇണയാണെന്നും ആ ഇണയും ഞാനുമായി ചേന്നപ്പോഴാണ് അവർ ജന്മം കൊണ്ടതെന്നും ആവശ്യമെങ്കിൽ എന്റെ കുട്ടികളെ കരുതി   വിട്ട്‌വീഴ്ച ചെയ്യണമെന്നും ആരും ചിന്തിക്കാറില്ല.ഈ നിയമം ദുരുപയോഗം ചെയ്ത് എങ്ങിനെ എതിർഭാഗത്തെ തോൽപ്പിക്കാം എന്ന ഒറ്റ ലക്ഷ്യം മാത്രമാണ് മനസിൽ.  വാശി! പക! ദേഷ്യം! കേസിന് ആസ്പദമായ പരാതികൾ പരിഹരിക്കാൻ മനസില്ലാത്ത എതിർ കക്ഷി ആണെങ്കിൽ കേസിന്റെ താപനില ഉയർന്ന് തന്നെ നിൽക്കും.ചിലപ്പോൾ വെറും നിസ്സാരമായതും ഒരാൾ മനസ് വെച്ചാൽ അണഞ്ഞ് പോകുന്നതുമായ  കൊച്ച് കൊച്ച് പ്രശ്നങ്ങൾഎന്ന് പറയാറില്ലേ  ആ വക കാരണങ്ങൾ  ആയിരിക്കും ആഴത്തിലിറങ്ങി പരിശോധിച്ചാൽ കാണാൻ കഴിയുക, ആ വക നിസ്സാര കാരണങ്ങൾ പോലും വാശി മൂത്ത് പറഞ്ഞ് തീർക്കാതെ കോടതി വരാന്തകളിൽ ജന്മം പാഴാക്കുന്നവർ നിരവധിയാണ്. മനുഷ്യരുടെ ഈ വക സ്വഭാവ വിശേഷങ്ങൾ കണക്കിലെടുത്താണ് കോടതിയിൽ തന്നെ കൗൺസിലിംഗും രമ്യതയിലെത്തിച്ച് കേസ് തീർക്കുക എന്ന ലക്ഷ്യത്തോടുള്ള ലീഗൽ സർവീസ് ആക്റ്റ് പ്രകാരമുള്ള അദാലത്തുകളും സ്ഥാപിച്ചീരിക്കുന്നത്. പക്ഷേ വിട്ട്‌വീഴ്ച ചെയ്ത് കാര്യങ്ങൾ പറഞ്ഞ് തീർക്കുക എന്ന ആഗ്രഹം മനസിൽ ഇല്ലായെങ്കിൽ  കൗൺസിലിംഗുകളും അദാലത്തുകളും ഫലപ്രദമാവാറില്ലല്ലോ.

 സമൂഹത്തിന്റെ ഒരു ഭാഗം പീഡിപ്പിക്കപ്പെടുകയും   പീഡിത വിഭാഗത്തിന്റെ സംരക്ഷണത്തിനായി  നിയമ നിർമ്മാതാക്കൾ  നിയമം പടച്ച് വിടുകയും ചെയ്യുമ്പോൾ  ആ നിയമങ്ങൾ  ശരിയായ വിധത്തിൽ ഉപയോഗിക്കപെടുന്നു എന്ന  ഉറപ്പിലേക്കായി  ദുരുപയോഗത്തിനെതിരായുള്ള  നിർദ്ദേശങ്ങളും അത്  ലംഘിച്ചാലുളള ഭവിഷ്യത്തും പ്രസ്തുത നിയമങ്ങളിൽ ഉൾക്കൊള്ളിക്കേണ്ടത്  സമൂഹത്തിന്റെ എല്ലാ വിഭാഗത്തോടുമുള്ള നീതി മാത്രമായിരിക്കും.


9 comments:

  1. ഒരു പെണ്ണിനെ കെട്ടി അവൾക്ക് തിന്നാനും കുടിക്കാനും ഉടുക്കാനും കൊടുത്ത് സംരക്ഷിച്ച് അവൾക്കും കുട്ടികൾക്കും വേണ്ടി ചോര നീരാക്കി കഷ്ടപ്പെടുന്നവനെ സംരക്ഷിക്കാൻ ഇവിടെ എന്തു തേങ്ങാക്കൊലയാണുള്ളത്? എന്ത് എങ്ങനെ സംഭവിച്ചാലും നഷ്ടം പുരുഷനാണ്. അവന്റെ ജീവിതകാലത്തെ മുഴുവൻ സമ്പാദ്യവും പെണ്ണിന്റെ മുന്നിൽ അടിയറവെച്ച് നാടു വിട്ടുകൊള്ളണം. അവൾ എന്തു തോന്ന്യാസം കാണിച്ചാലും നിയമം സംരക്ഷിച്ചുകൊള്ളും. പറയാൻ കൂടുതലുണ്ട്, തൽക്കാലം അതിനു സമയമില്ല.... ഏതായാലും ഇവിടെ പുരുഷ പീഢനമാണ് കൂടുതലും നടക്കുന്നതെന്നാണ് എന്റെ അഭിപ്രായം.

    ReplyDelete
  2. സമൂഹത്തിന്റെ ഒരു ഭാഗം പീഡിപ്പിക്കപ്പെടുകയും പീഡിത വിഭാഗത്തിന്റെ സംരക്ഷണത്തിനായി നിയമ നിർമ്മാതാക്കൾ നിയമം പടച്ച് വിടുകയും ചെയ്യുമ്പോൾ ആ നിയമങ്ങൾ ശരിയായ വിധത്തിൽ ഉപയോഗിക്കപെടുന്നു എന്ന ഉറപ്പിലേക്കായി ദുരുപയോഗത്തിനെതിരായുള്ള നിർദ്ദേശങ്ങളും അത് ലംഘിച്ചാലുളള ഭവിഷ്യത്തും പ്രസ്തുത നിയമങ്ങളിൽ ഉൾക്കൊള്ളിക്കേണ്ടത് സമൂഹത്തിന്റെ എല്ലാ വിഭാഗത്തോടുമുള്ള നീതി മാത്രമായിരിക്കും.Aashamsakal dear
    www.hrdyam.blogspot.com

    ReplyDelete
  3. കൊള്ളാവുന്നൊരു പോസ്റ്റ്.ആശംസകൾ.

    ReplyDelete
  4. കുറെ പെണ്ണുങ്ങൾ അവനവന്റെ ഭർത്താക്കന്മാരെ അനുസരിക്കാതെ കക്ഷം കാണിച്ചു ഇവിടെ കുറെ സമരം ചെയ്യും , വാര്ത്ത ഇല്ലാത്ത കാക്കതോള്ളായിരം ചാനലുകൾ അത് പ്രക്ഷേപണം ചെയ്യും ജാഥയിലെ നാലും മൂന്നും ഏഴു പേരെ ഫോട്ടോഷോപ്പ് വച്ച് നൂറും ആയിരവുമാക്കി കാണിക്കും പിന്നെ കുറെ നിയമങ്ങൾ ഉണ്ടാക്കും പണി ഇല്ലാതെ നടക്കുന്ന കുറെ അഡ്വക്കേറ്റ് മാർ ആള്ക്കാരെ തെറ്റിധരിപിച്ചു കേസ് കൊടുപ്പിക്കും , അങ്ങിനെ താമസിയാതെ എല്ലാ ആണുങ്ങളും ജയിലിൽ ആകും കല്യാണം കഴിച്ചവരും കഴിക്കാത്തവരും പേരക്കുട്ടിയെ മടിയിൽ വച്ച മുത്തച്ചനും , ഒളികണ്ണിട്ടു നോക്കി എന്ന കുറ്റത്തിന് വഴിയെ പോകുന്നവരും എല്ലാ ആണുങ്ങളും അകത്താകും , ഇന്ന് കണ്ടില്ലേ ഒരു മജിസ്ട്രെട്ടായിരുന്ന ലാ പ്രൊഫസർ കൊട്ടിയത്ത് പീഡനം നടത്തിയത്രേ അയാളുടെ ഫോട്ടോ എല്ലാം ഉണ്ട് അയാൾക്ക്‌ കുടുംബം ഇല്ലേ അതെ സമയം പെണ്ണിന്റെ പടം ഇല്ല , വാര്ത്ത വായിച്ചപ്പോൾ മനസ്സിലായത് പരാതി നല്കിയ പെണ്ണ് 1) സുഹ്രത്തിന്റെ കൂടെ താമസിക്കുന്നു - എന്ന് വച്ചാൽ കല്യാണം കഴിക്കാതെ കണ്ണിൽ കണ്ടവന്റെ കൂടെ താമസിക്കുന്നു - അവനു പീഡനം ഇല്ല 2) പെണ്ണിന്റെ നഗ്ന ഫോട്ടോ എടുത്തു , - നഗ്ന ആകാതെ ഫോട്ടോ എടുക്കാൻ പറ്റില്ലല്ലൊ 3) പലയിടത്തും കൊണ്ട് പോയി കല്യാണം കഴിക്കാം എന്ന് പറഞ്ഞു പീടിപ്പിച്ചു പ്രതിയെ കണ്ടാൽ അറിയാം ഒരു അപ്പൂപ്പന ആണെന്ന് അയാള് കല്യാണം കഴിക്കാം എന്ന് പറഞ്ഞ ഉടനെ ഇവൾ നഗ്ന ആയി നിന്ന് പോസ് ചെയ്തു ,പീഡനവും നാടുനീളെ നടന്നു അനുവദിച്ചു 4) ലാ പരീക്ഷയിൽ പാസക്കം എന്ന് പറഞ്ഞു വേറേയും നാലഞ്ചു പെണ്ണുങ്ങളെ (വിദ്യാര്തിനികളെ) ഇയാള പീഡിപ്പിച്ചതായി അറിയുന്നു

    ReplyDelete
  5. ലാ പരീക്ഷ പാസാക്കാൻ ഇയാള എന്ത് ചെയ്യും കേരള യൂനിവേര്സിടി അല്ലെ പരീക്ഷ നടത്തുന്നത് വാലുവേഷൻ കേന്ദ്രീക്രത വാലുവേഷൻ അല്ലെ ? 5) പരീക്ഷക്ക്‌ സെഷനാൽ മാര്ക്കും അട്ടെന്ടെൻസ് കൊടുക്കാം എന്ന് പറഞ്ഞു വശീകരിച്ചു മറ്റു വിദ്യാര്തിനികളെ പീഡിപ്പിച്ചു - ഈ അമ്പതിൽ കൂടുതൽ വയസ്സുള്ള അദ്ധ്യാപകൻ ആര് ഹെര്കുലീസോ ഇത്രയും പെണ്ണുങ്ങളെ ഭോഗിക്കാൻ ഈ പ്രായത്തിൽ ലൈംഗിക ശേഷി ? എല് എല് ബിക്കു എത്ര പേപ്പര് ഉണ്ട് അതെല്ലാം ഇങ്ങേർ ആണോ പഠിപ്പിക്കുന്നത് പിന്നെ എങ്ങിനെ എല്ലാത്തിനും സെഷനാൽ മാര്ക്ക് കൊടുക്കും അട്ടണ്ടാന്സു പലര അല്ലെ പല ദിവസം എടുക്കുന്നത് അതെല്ലാം ഇങ്ങേർക്ക് റിക്കോര്ഡ് മാറ്റാൻ ൻ പറ്റുമൊ?

    ReplyDelete
  6. വാര്ത്ത പത്ര മുത്തശ്ശിയിൽ ആണ് വായിച്ചത് , മസാല ശരിക്ക് പുരടിയിട്ടു ഉണ്ട് , സർക്കുലേഷൻ കൂടുന്നത് ഇങ്ങിനെ ആണ് , പഴയ തനിനിറം ഗീത സ്ടയിൽ , ഇ വാര്ത്ത കണ്ട പ്രൊഫസറുടെ ഭാര്യം തൂങ്ങിച്ചത്താൽ അതും വാര്ത്ത , കഷ്ടം

    ReplyDelete
  7. പ്രിയ ശ്രീകുമാർ, താങ്കൾ പറഞ്ഞ വാർത്തയെ സംബന്ധിച്ച് ഉന്നയിച്ച ചോദ്യങ്ങൾ ചിന്തനീയമാണ്. അതിൽ യുക്തിയുണ്ട് . പക്ഷേ ഏതെങ്കിലും ഞരമ്പ് രോഗി എവിടെയെങ്കിലും ഹീന പ്രവർത്തികൾ ചെയ്യുമ്പോൾ നിയമ സൃഷ്ടാക്കൾ സ്ത്രീകൾക്കാകമാനമായി നിയമങ്ങൾ ഉണ്ടാക്കും. ആ നിയമങ്ങൾ ദുരുപയോഗം ചെയ്യുന്നതിൽ തടസ്സം ചെയ്യുന്ന വകുപ്പുകൾ ഇല്ലാതാകുന്നത് പുരുഷന്മാരുടെ കഷ്ടകാലം തന്നെയാണ്.

    ReplyDelete
  8. വളരെ നല്ല പോസ്റ്റ്. എന്‍റെ ജീവിതത്തില്‍ എനിക്ക് ആവശ്യം വന്നപ്പോളാണ് ഇത് വായിക്കുവാനും കൂടുതല്‍ അറിയുവാനും ശ്രമിച്ചത്.

    ReplyDelete
  9. ഈ നിയമം വ്യാപകമായി ദുരുപയോഗിക്കപ്പെടുന്നുണ്ട്.ആര്‍ക്കും പ്രതികാരം ചെയ്യാന്‍ പാകത്തിനാണ് ഈ നിയമം ഇപ്പോള്‍.നമുക്ക് വേണ്ടത് Gender Equal ആയ നിയമ പരിരക്ഷയാണ്.

    ReplyDelete