Sunday, March 31, 2013

കൈരളി നെറ്റിനു നന്ദി

   കൈരളിനെറ്റ്  മാഗസിൻ  മാർച്ച് ലക്കം  ഉള്ളടക്കം  അർത്ഥസമ്പുഷ്ടമായ   ലേഖനങ്ങളാലും  അനുഭവങ്ങളെന്ന്  തോന്നിപ്പിക്കുന്ന   കഥകളാലും  സുന്ദരമായ  കവിതകളാലും  സമ്പന്നമായിരിക്കുന്നു   എന്ന്  പറയാതിരിക്കാൻ  കഴിയില്ല.മലയാള  ഭാഷയിലെ  അച്ചടി  രംഗത്ത്  ഇന്ന്  നിലവിലുള്ള  മെച്ചപ്പെട്ട  ആനുകാലികങ്ങളുമായി  ഒപ്പത്തിനൊപ്പം  കിടനിൽക്കാൻ  തക്കവിധം  കൈരളിനെറ്റ്  വളർന്നിരിക്കുന്നു.  

മാർച്ച് മാസ  ലക്കത്തിൽ  നിരക്ഷരൻ  മുതൽ  ശങ്കരനാരായണൻ  മലപ്പുറം  വരെയുള്ളവരും  പിന്നെ  പ്രമുഖരായ  പല  ബ്ലോഗറന്മാരും  അണി നിരന്നിരിക്കുന്നു. ഒരു  അച്ചടി  മാധ്യമത്തിൽ  ബ്ലോഗറന്മാർക്ക്  ഇത്രയും  ഇടം  ലഭിക്കുന്നത്  കാണുന്നത്  തന്നെ  സന്തോഷം  തരുന്ന  വസ്തുതയാണു.  അച്ചടി  ലോകത്തെ  മഹാരഥന്മാരുടെ  ഒപ്പം  അഥവാ  ചിലതിൽ  അവരേക്കാളും  സാഹിത്യ  രചനയിൽ  ബൂലോഗം  വർത്തിക്കുന്നു  എന്ന്  ബൂലോഗവാസികളുടെ  അക്ഷരപ്രവർത്തനത്തിലൂടെ  വെളിവാകുന്നുണ്ട്.   ഇങ്ങിനെയും  കുറച്ച്  പേർ  മലയാള  ഭാഷയെ  പരിപുഷ്ട്മാക്കുന്നു  എന്ന  സത്യം  പത്ത്  മാലോകരെ  അറിയിക്കാൻ  സഹായിക്കുന്ന  കൈരളി  നെറ്റിനും  അതിന്റെ   ശിൽപ്പികൾക്കും   ബൂലോഗത്തിന്റെ  നന്ദി.


  

Sunday, March 17, 2013

“നിന്നെ ഫൈസ്ബുക്കില്‍ കയറ്റും”

                            വിവാഹം  കഴിഞ്ഞ് മൂന്നുമാസമായപ്പോഴേക്കും  വിവാഹമോചനം  ആഗ്രഹിച്ച   ഒരു  പെണ്‍കുട്ടിയുമായി   കഴിഞ്ഞ  ദിവസങ്ങളില്‍  സംസാരിക്കാനിടയായി.  ഭാര്യയും  ഭര്‍ത്താവും തീരെ  ചെറുപ്പം.  അവര്‍  തമ്മിലുള്ള  ദാമ്പത്യ  ബന്ധ  പൊരുത്തക്കേടുകള്‍  പരിഹരിക്കുന്നതിനായി  പിന്നീട്  ഭര്‍ത്താവുമായും  എനിക്ക്  സംസാരിക്കേണ്ടി  വന്നു. ഇവരുമായുള്ള   സംഭാഷണത്തില്‍  എനിക്ക്  തിരിച്ചറിയാന്‍  കഴിഞ്ഞത്  വിവാഹമോചനത്തില്‍  പെണ്‍കുട്ടി  ആണി  അടിച്ചത്  പോലെ   ഉറച്ച്  നില്‍ക്കുമ്പോള്‍  ഭര്‍ത്താവിനു  ആ  കാര്യത്തില്‍  ഒട്ടും  താല്പര്യമില്ലാ എന്നാണ്. പക്ഷേ  പെണ്‍കുട്ടി  തീരെ  ചെറുപ്പമാണെങ്കിലും   അവളുടെ  നിരീക്ഷണങ്ങളും   വിവാഹമോചനത്തിനു  വേണ്ടിയുള്ള  വാദഗതികളും  വെറും  ഉപരിപ്ലവമായ   ചിന്താ  സരണിയില്‍  നിന്നും  ഉല്‍ഭവിച്ചതല്ലാ  എന്നും   അവള്‍  ഈ കാര്യത്തില്‍  ഏറെ  തലപുകച്ചിരിക്കുന്നു  എന്നും   എനിക്ക്  പെട്ടെന്ന്  തന്നെ  മനസിലായി. രൂപത്തില്‍  ഒട്ടും  തുലനം ഇല്ലാത്ത  അവര്‍  തമ്മില്‍ എങ്ങിനെ  ഈ  ബന്ധത്തില്‍  ഏര്‍പ്പെട്ടു  എന്നത്   അന്വേഷിച്ചപ്പോള്‍   സുന്ദരിയായ  അവളുടെ  നിര്‍ബന്ധത്തിനു   വഴങ്ങിയാണ്   മാതാപിതാക്കള്‍   ഈ  ബന്ധത്തിനു  മുതിര്‍ന്നെതെന്നും  വെളിപ്പെട്ടു. അത്കൊണ്ട്  തന്നെ   അവര്‍  വിവാഹബന്ധത്തില്‍   ഏര്‍പ്പെടുന്നതിനു  മുമ്പുള്ള  കാലഘട്ടം  എന്റെ  അന്വേഷണത്തിനു  വിധേയമായപ്പോള്‍   പെണ്‍കുട്ടിയുടെ  വാക്കുകളില്‍  നിന്നും എനിക്ക്  ലഭിച്ചതും  എന്നെ  സ്പര്‍ശിച്ചതുമായ  ഒരു  വാചകമാണ്   ഈ  കുറിപ്പുകള്‍ക്ക്  ആധാരം.

ആ   വാചകം  ഇപ്രകാരമായിരുന്നു.”  നിന്നെ  ഫൈസ്ബുക്കില്‍  കയറ്റും” എന്ന്  അയാള്‍  എന്നെ  ഭീഷണിപ്പെടുത്തി;  കൂട്ടുകാരികളുടെയും  മറ്റും  മുമ്പില്‍  പരിഹാസ  കഥാപാത്രമാകുമെന്ന്  ഭയന്നപ്പോള്‍   വെറും സൌഹൃദം  മാത്രമായി  അതിര്‍ത്തി  നിര്‍ണയിക്കപ്പെട്ടിരുന്ന  ആ  ബന്ധത്തില്‍  നിന്നും  പിന്‍‌മാറാന്‍  കഴിയാതെ   മുമ്പോട്ടു  പോകേണ്ടി  വന്നു.,  അവസാനം  വിവാഹത്തില്‍  എത്തിച്ചേരേണ്ടിയും  വന്നു.

  അവരുടെ  ബന്ധത്തിന്റെ  മറ്റ്  വശങ്ങളും എന്ത്  കൊണ്ട്  പെണ്‍കുട്ടി  വിവാഹമോചനത്തിനായി  നിര്‍ബന്ധിക്കുന്നു  എന്നതും  എനിക്ക്  ഇപ്പോള്‍  മറ്റ്  ചില  കാരണങ്ങളാല്‍  വെളിപ്പെടുത്താന്‍  നിവര്‍ത്തിയില്ല.

ഇതിനു  മുമ്പും  പല കേസുകളിലും   പെണ്‍കുട്ടികളുമായി   സംസാരിച്ചപ്പോള്‍  പലരും  ഭീതിയോടെ  ഈ  വാചകം  ഉരുവിട്ടിട്ടുണ്ട്. “എന്നെ  ഫൈസ്ബുക്കില്‍  കയറ്റുമെന്ന്  പറഞ്ഞു.  അതാണ്   ഞാന്‍  വഴങ്ങിയത്.“

 സ്നേഹബന്ധത്തിലായിരുന്നപ്പോള്‍   സ്നേഹപൂര്‍വമായും  നിര്‍ദ്ദോഷമായും  പറഞ്ഞ  വാക്കുകള്‍/ ഫോണ്‍കാളുകള്‍/ മെയിലുകള്‍/മെസ്സേജുകള്‍/ഫോട്ടോകള്‍  എന്നിവ  റിക്കാര്‍ഡ്  ചെയ്ത്  പിന്നീട്  ആയവ  സ്ഥാപിത  താല്പര്യത്തിനായി   ദുരുപയോഗം  ചെയ്ത്   ഭീഷണിപ്പെടുത്തുന്നത്  ഇപ്പോള്‍  പതിവ്  ശൈലിയായി  തീര്‍ന്നിരിക്കുന്നു. ഭീഷണിക്ക്  ഉപകരണമായി  ഉപയോഗിക്കുന്നവ  ചിലപ്പോള്‍  വെറും  നിരുപദ്രവകരമായിരിക്കുമെങ്കിലും  ദുരഭിമാനം  പേറുന്ന  മലയാളി  പെണ്‍കുട്ടിക്ക്   താന്‍  മറ്റൊരാളുമായി  അല്‍പ്പമെങ്കിലും  സ്നേഹത്തിലായിരുന്നെന്ന്  മറ്റുള്ളവര്‍/ബന്ധുക്കള്‍/കൂട്ടുകാരികള്‍/ രക്ഷിതാക്കള്‍  അറിയുന്നത്  ദുസ്സഹമാണ്.അപ്പോള്‍ പിന്നെ  അല്‍പ്പമെങ്കിലും  കുരുത്തക്കേടുകള്‍  ഉള്ള    റിക്കാര്‍ഡുകളാണെങ്കില്‍   പറയേണ്ടതുമില്ല. ഇവിടെ  മുകളില്‍  സൂചിപ്പിച്ച  പെണ്‍കുട്ടിയെ  അവളുടെ  സാധാരണയുള്ള  ഒരു  പാസ്പോര്‍ട്ട്  സൈസ്   ഫോട്ടോ  കാണിച്ചാണ്  വിരട്ടി  കല്യാണത്തിനു  നിര്‍ബന്ധിച്ചത്.  അന്യനൊരുത്തന്റെ  കയ്യില്‍  തന്റെ  ചിത്രം/‌മെസ്സേജുകള്‍/ഫോണ്‍ വിളിച്ചിരുന്നതിന്റെ രേഖകള്‍   വന്നതെങ്ങിനെ  എന്ന്  രക്ഷിതാക്കളോട്  മറുപടി  പറയാനുള്ള  വൈക്ലബ്യം  പെണ്‍കുട്ടികളെ  സംഭ്രമത്തിലാക്കുന്നു.  ഇന്നും  മലയാളി  പെണ്‍കുട്ടികളില്‍ പലരും    സ്വഭാവത്തില്‍  ശുദ്ധ നാട്ടിന്‍പുറംതന്നെയായി  കഴിച്ചു കൂട്ടുന്നു  എന്നത്  വിചിത്രം  തന്നെ..  മാനക്കേട്  അല്‍പ്പമായ  അളവിലായാലും  അവര്‍  തളരുന്നു. രക്ഷിതാക്കള്‍  കര്‍ശനക്കാരായാല്‍  അവരോട്  ഒന്നും  തുറന്ന്  പറയാനാവാത്ത  അവസ്ഥയില്‍  വില്ലന്റെ  ഭീഷണി  പെണ്‍കുട്ടിയുടെ  സംഭ്രമത്തെ വര്‍ദ്ധിപ്പിക്കുന്നു.   ഈ വക  കാരണങ്ങളാല്‍   അവരുടെ   സംഭ്രമവും  ദുരഭിമാനവും   അവരെ  ഭീഷണിക്ക്  വഴങ്ങാന്‍   പ്രേരിപ്പിക്കുകയും  ചെയ്യുന്നു.  ഇതില്‍  തുലോം  ന്യൂനപക്ഷം  ഈ  സ്വഭാവത്തില്‍  വ്യത്യസ്തത  പുലര്‍ത്തി  ചിലപ്പോള്‍  ഉറ്റ  സുഹൃത്തുക്കളോടോ   തങ്ങള്‍ക്ക്  ഗാഢ  വിശ്വാസം  ഉള്ളവരോടോ  മനസ്  തുറന്നേക്കാം.  എന്നാല്‍  ഭൂരിപക്ഷവും   വിരണ്ട്  പോവുകയാണ്  പതിവ്.  ഈ  അവസ്ഥ   ചൂഷണം  ചെയ്യുന്നവര്‍  ഇന്ന്  ധാരാളമാണ്. എന്നാല്‍  ഈ  ചൂഷകരില്‍  ഭൂരിഭാഗവും ഭീരുക്കളാണ്.  തിരിച്ചൊന്ന്  വിരട്ടിയാല്‍  അപ്പോഴേ  അവര്‍  രംഗം  കാലിയാക്കുമെന്ന് പെണ്‍കുട്ടികള്‍  മനസിലാക്കുന്നുമില്ല.  തങ്ങളെ  ഭീഷണി  പെടുത്തുന്നവര്‍ക്കെതിരെ  നിയമ  നടപടികള്‍ക്ക്  പോലും  പെണ്‍കുട്ടികള്‍  മുതിരുന്നില്ല.

 ബ്ലോഗിലും  ഫൈസ്ബുക്കിലും  അല്‍പ്പസ്വല്‍പ്പം  കവിതയെഴുത്തും  മറ്റുമായി  കഴിഞ്ഞ്  വന്നിരുന്ന   ഒരു  പെണ്‍ കുട്ടിയെ   സൌഹൃദം  ഭാവിച്ച്   വശത്താക്കാന്‍  ബൂലോഗത്തില്‍  ഇതേ  ഉദ്ദേശത്തോടെ  കഴിഞ്ഞ്  വന്ന  ഒരു  വിദ്വാന്‍   ശ്രമിക്കുകയും  അയാളുടെ   ഉദ്ദേശം  മനസിലായപ്പോള്‍  പെണ്‍ കുട്ടി   പിന്തിരിയാന്‍  ശ്രമിച്ച  സന്ദര്‍ഭത്തില്‍   കയ്യിലുള്ള ഫോട്ടോയും  മെയിലും  മെസ്സേജും  നെറ്റില്‍  ഇടുമെന്ന്  ഭീഷണിപ്പെടുത്തി  ഉദ്ദേശിച്ച  സ്ഥലത്ത്  ചെല്ലാന്‍  കുട്ടിയെ വില്ലന്‍  നിര്‍ബന്ധിക്കുകയും ചെയ്തു.   പെണ്‍കുട്ടി  എന്നെ  സമീപിച്ചപ്പോള്‍  ആ വിദ്വാനെതിരെ  പരാതി  കൊടുക്കാന്‍  സഹായിക്കാമെന്ന്  ഞാന്‍   പറഞ്ഞിട്ട്  പോലും   കുട്ടി  അതിനു  വിമുഖത  കാണിച്ചതിനാല്‍  വിദ്വാനെ  വിരട്ടാന്‍  എനിക്ക്   “ബൂലോഗത്തില്‍  കാളകള്‍  മേയുന്നു”  എന്ന  പേരില്‍  ഒരു  പോസ്റ്റ്  ഇടേണ്ടി  വന്ന  കഥ  നിങ്ങള്‍ക്ക്  ഇവിടെ  http://sheriffkottarakara.blogspot.in/2012/04/blog-post_7482.html  വായിക്കാം. എന്റെ  ഉപായം  ഫലിക്കുകയും  വില്ലന്‍  അക്കൌണ്ട്  ക്ലോസ്  ചെയ്ത്  ഇടം  കാലിയാക്കുകയും  ചെയ്തുവെങ്കിലും   എന്റെ   പോസ്റ്റില്‍   കമന്റിട്ടവര്‍  പലരും   പറഞ്ഞത്    പെണ്‍കുട്ടി  സൈബര്‍  സെല്ലില്‍  പരാതി  നല്‍കേണ്ടിയിരുന്നു എന്നാണ്. ഒരു  കാരണവശാലും  അത്  വേണ്ടാ  എന്നായിരുന്നു  ആദ്യം  മുതല്‍ക്ക്  പെണ്‍കുട്ടി എന്നെ  അറിയിച്ചിരുന്നത്.   ഇതാണ്  നമ്മുടെ  പെണ്‍കുട്ടികളില്‍ പലരുടെയും  മാനസികാവസ്ഥ.  നിയമത്തേയും  കോടതി  കയറ്റത്തേയും  അവര്‍  ഭയപ്പെടുന്നു  എന്നതും ഈ  അവസ്ഥക്ക്  കാരണമാണ്.

            മലയാളി  സമൂഹത്തിലെ  ഭൂരിഭാഗത്തിനും   നമ്മുടെ  പെണ്‍കുട്ടികളുടെ  മാനസിക  നിലവാരത്തെ  പറ്റി  പുസ്തകങ്ങളിലൂടെയുള്ള  അറിവ്  മാത്രമേ   ഉള്ളൂവെന്നും  അവരുടെ  തലച്ചോറുകളില്‍  കൂടി  മാത്രമാണ്  പെണ്‍കുട്ടിയെ  അവര്‍  വിശകലനം  ചെയ്യുന്നതെന്നും  ഒരിക്കലും  പെണ്‍കുട്ടിയുടെ  തലച്ചോറില്‍  കൂടി  അവളുടെ  സംഭ്രമത്തെ  വേദനയെ,  ദുരഭിമാനത്തെ,  കാണുന്നില്ലാ  എന്നും  ആ  പോസ്റ്റിലെ  കമന്റുകളില്‍  നിന്നും  ഞാന്‍  തിരിച്ചറിഞ്ഞു.

          ഇന്ത്യന്‍  ശിക്ഷാ  നിയമം അടുത്ത കാലത്ത്  ഭേദഗതി  ചെയ്തതില്‍  ഐ.പി.സി.354ഡി പ്രകാരം  ഇന്റര്‍ നെറ്റിലൂടെയോ  മറ്റോ മാനസികമായി  പീഡിപ്പിച്ചാല്‍  മൂന്നു വര്‍ഷക്കാലം  വരെ  തടവും  പിഴയും  പ്രതിക്കു  ലഭിക്കുമെന്നും, ക്രിമിനല്‍  നടപടിക്രമ  ഭേദഗതി  പ്രകാരം  പരാതിക്കാരിയുടെ  മൊഴിയെടുക്കാന്‍  പോലീസ്  സ്റ്റേഷനില്‍  പോകേണ്ടതില്ലെന്നും  പരാതിക്കാരിയുടെ  വീട്ടിലോ  അവര്‍ക്ക്  സൌകര്യപ്രദമായ  മറ്റ്  സ്ഥലങ്ങളിലോ   ഒരു  വനിതാ  പോലീസ്  ഓഫീസര്‍  പോകണമെന്നും   മൊഴി  എടുക്കല്‍  വീഡിയോ  റിക്കോര്‍ഡ്  ചെയ്യണമെന്നുമുള്ള  വിവരം   ഇനിയെങ്കിലും  പെണ്‍കുട്ടികള്‍   മനസിലാക്കേണ്ടിയിരിക്കുന്നു.  ഭീഷണി  പെടുത്തുന്നവനെതിരെ  ഈ  നിയമങ്ങള്‍  ഉപയോഗിക്കും എന്ന്   അവനെ   തിരിച്ച്  താക്കീത് ചെയ്താല്‍  അവന്‍  ഇടം  കാലിയാക്കും  എന്നുള്ള  പരമാര്‍ത്ഥവും  അവര്‍  തിരിച്ചറിയേണ്ടിയിരിക്കുന്നു.  എങ്കില്‍  മാത്രമേ  ഈ  ഭീഷണിയില്‍  നിന്നും  നമ്മുടെ  കുട്ടികള്‍  രക്ഷപെടുകയുള്ളൂ.