Friday, May 28, 2010

നനഞ്ഞ ചിരി




ഓമല്‍ പിച്ചിചെടി മരുല്ലോളിതാ വര്‍ഷ ബിന്ദു സ്തോമക്ലിന്നാ
പുതു മലര്‍ പതുക്കെ സ്ഫുടിപ്പിചിടുമ്പോള്‍ ,
പ്രേമക്രോധ ക്ഷുഭിത ഭവതീ ബാഷ്പധാരാവിലാംഗീ
ശ്രീ മന്ദസ്മിത മാകുന്നതോര്‍മിചിടുന്നേന്‍
പുതു മഴയില്‍ നനഞ്ഞ ചെടിയിലെ പുഷ്പങ്ങള്‍ കണ്ടപ്പോള്‍ കേരളവര്‍മ വലിയ കോയിത്തമ്പുരാന്റെ സന്ദേശ കാവ്യമായ മയൂര സന്ദേശത്തിലെ വരികള്‍ ഓര്‍മ വന്നു. ചെടി പിച്ചി ചെടി അല്ലന്നേ ഉള്ളൂ.
സാരം:- മഴയത്ത് നനഞ്ഞ പിച്ചിചെടി പുതിയ പുഷ്പങ്ങള്‍ പുറപ്പെടുവിപ്പികുമ്പോള്‍ പ്രണയ കലഹത്താല്‍ പിണങ്ങി കരഞ്ഞു കൊണ്ടിരുന്ന പ്രേയസി കലഹം തീര്‍ന്നു പുഞ്ചിരിക്കുന്നത് എനിക്ക് ഓര്‍മ വരുന്നു.
മഴയില്‍ വിരിഞ്ഞ പുഷ്പങ്ങളെ!നിങ്ങളെത്ര സുന്ദരികള്‍!!!

Thursday, May 20, 2010

ഉസ്താദും ഭാര്യയും

ഉസ്താദ്‌ ക്രുദ്ധനായി കാണപ്പെട്ടു. ശാന്തനായിരിക്കാൻ പലതവണ ഞാൻ ആവശ്യപ്പെട്ടെങ്കിലും അനുസരിക്കാൻ അദ്ദേഹം ഒരുക്കമായിരുന്നില്ല.ഭാര്യയെ ഇപ്പോൾ കടിച്ചു തിന്നും എന്ന മട്ടിലായിരുന്നു, മദ്രസ്സാ അദ്ധ്യാപകനായിരുന്ന ഉസ്താദ്‌.
ഭാര്യയും മോശമല്ലായിരുന്നു.ജിൽ ജിൽ എന്നു ചീവീടു ചിലക്കുന്നതു പോലെ അവർ സം സാരിച്ചു കൊണ്ടേ ഇരുന്നു. അതെല്ലാം ഭർത്താവിനെതിരെയുള്ള പരാതി കൂമ്പാരങ്ങളായിരുന്നു.
ഭാര്യയെയും ഭർത്താവിനെയും അമ്പരപ്പോടെ മാറി മാറി നോക്കി അവരുടെ രണ്ടു കുട്ടികൾ-മൂത്തവൻ ആൺകുട്ടി അഞ്ചു വയസ്സ്‌,ഇളയവൾ പെൺകുട്ടി മൂന്നു വയസ്സ്‌ - രണ്ടു പേരും അവരുടെ ഉമ്മയുടെ സമീപം നിന്നു.
കൊച്ചു കുടുംബം എന്റെ മുമ്പിൽ എത്തി ചേർന്നതു ഉസ്താദും ഭാര്യയുമായുള്ള ദാമ്പത്യ ജീവിതത്തിലെ പൊരുത്തക്കേടുകൾ പരിഹരിക്കുന്നതിനു വേണ്ടി ആയിരുന്നു.
നീതി ന്യായ വകുപ്പിലെ ദീർഘകാല സേവനവും കേസ്സുകൾ ഒത്തുതീർക്കുന്നതിനു വേണ്ടി രൂപീകരിക്കപ്പെട്ട അദാലത്തുകളിലെ പ്രവര്‍ത്തന പരിചയവും എന്റെ മുമ്പിലേക്കു ധാരാളം കക്ഷികളെ അവരുടെ പ്രശ്ന പരിഹാരത്തിനായി
വരുത്തുവാനിടയാക്കി
.അങ്ങിനെയാണു ബന്ധുക്കളുടെ പ്രേരണയാൽ ഉസ്താദും കുടുംബവും എന്റെ മുമ്പിലെത്തിയതു.അവർ തമ്മിലുള്ള അകൽച്ചയുടെ കഥ താഴെ പറയും വിധമാണു.
ആറു വർഷമായി അവരുടെ വിവാഹം കഴിഞ്ഞിട്ടു.രണ്ടു കുട്ടികളും ജനിച്ചു.വിവാഹ സമയം പെൺകുട്ടിക്കു ഇരുപതു പവന്റെ സ്വർണ്ണവും മദ്രസ്സാ അദ്ധ്യാപകനായ വരനു വിവാഹത്തിനു മുമ്പുള്ള അച്ചാരം വെയ്പ്പു ചടങ്ങിൽ വെച്ചു ഒരു ലക്ഷം രൂപ പോക്കറ്റു മണിയും പെൺകുട്ടികളുടെ മാതാപിതാക്കൾ നൽകി.
ദക്ഷിണ കേരളത്തിൽ മുസ്ലിം സമൂഹത്തിൽ ബഹുഭൂരി ഭാഗവും കല്യാണത്തിനു മുമ്പു അച്ചാരം വൈപ്പു എന്നൊരു ചടങ്ങു നടത്താറുണ്ടു.വരന്റെ യോഗ്യതക്കു അനുസൃതമായി ലക്ഷങ്ങളുടെ പോക്കറ്റു മണി വരന്റെ വിവാഹചെലവിനായി നൽകും.ചിലപ്പോൾ ഒരു കാറോ റാഡോ വാച്ചോ സ്വർണ്ണ മോതിരമോ മാലയോ നൽകാറുണ്ടു.(ഇന്നു മോതിരം പരിപാടി നിർത്തി. പകരം തൂക്കം കൂടിയ മാല തന്നെയാണു) കല്യാണം കഴിഞ്ഞു ഒന്നോ രണ്ടോ വർഷത്തിനകം സ്ത്രീധനം വേറെയും ലഭിക്കും.
ഇസ്ലാമികദൃഷ്ട്യാ അനുവദനീയമല്ലാത്ത പോക്കറ്റുമണി ദാരിദ്ര്യക്ലേശത്താൽ കൈപറ്റുന്നതിൽ ഉസ്താദിനു മടിയില്ലായിരുന്നു.അതു നാട്ടു നടപ്പാണല്ലോ എന്ന ന്യായീകരണവും അദ്ദേഹം കണ്ടെത്തിയിരുന്നിരിക്കാം.
വിവാഹശേഷം ഭർത്തൃഗൃഹത്തിൽ കഴിഞ്ഞിരുന്ന ഭാര്യ ഉസ്താദുമായി ഏറെ സ്നേഹത്തിൽ കഴിഞ്ഞുകൂടി.പക്ഷേ കുറച്ചു കാലത്തിനു ശേഷം ഭർത്തൃമാതാവുമായി സ്വാഭാവിക അമ്മയിയമ്മ-മരുമകൾ പോരിൽ ഏർപ്പെടുകയും രണ്ടു സ്ത്രീകളും "ഇതുപോലത്തെ ഒരു സാധനത്തെ സഹിക്കാനാണല്ലോ എന്റെ തലയിലെഴുത്തു" എന്നു പരസ്പരം ആവലാതിപ്പെടുകയും ചെയ്തു..ആവലാതികൾ അലവലാതി തലത്തിലേക്ക് എത്തി ചേർന്നപ്പോൾ വീട്ടിൽ സ്വസ്ഥത ഇല്ലാതായി.
വർഷങ്ങൾ കടന്നു പോയി. ഇതിനിടയിൽ രണ്ടു കുട്ടികൾ ജനിച്ചു.ആദ്യത്തെ കുട്ടിയെ പ്രസവിച്ചപ്പോൾ ഉണ്ടായ ആശുപത്രി ചെലവു സംബന്ധമായി രണ്ടു കൂട്ടരുടെയും ബന്ധുക്കൾ ആരോപണങ്ങൾ ഉന്നയിച്ചു.കുട്ടിക്കു അരഞ്ഞാൺ കെട്ടിയ ആഭരണത്തിന്റെ തൂക്കത്തെ പറ്റി പുഛിച്ചു ചിരിയും ചുണ്ടു പിളർത്തലും ഉണ്ടായി.കുത്തുവാക്കുകള്‍ ലോഭമില്ലാതെ ചെലവായി.തുടർന്നു ഭാര്യാ ബന്ധുക്കൾ ഉസ്താദിന്റെ വീട്ടിൽ വരാതെയുമായി.അതോടെ അമ്മായിയമ്മ-മരുമകൾ പോരു മൂർദ്ധന്യ ദശയിലെത്തി.
ഉസ്താദിന്റെ പിതാവു പാവം വൃദ്ധൻ രണ്ടു കൂട്ടരെയും ഉപദേശിക്കുകയും ശാസിക്കുകയും ചെയ്തു എങ്കിലും "അവിടെങ്ങാനും മുണ്ടാണ്ടിരുന്നോളീൻ" എന്ന പ്രതികരണമായിരുന്നു അമ്മായിയിലും മരുമകളിലും നിന്നു ഉണ്ടായതു. മനുഷ്യനെ ശകാരിക്കുന്നതിൽ അവർ ഇരുവരും ഐക്യമുന്നണിയായിരുന്നു.
ഉസ്താദ്‌ നിശ്ശബ്ദ നിരീക്ഷകനായി കഴിഞ്ഞു കൂടി.ഭാര്യയെ കുറ്റപ്പെടുത്തിയാൽ അന്നു രാത്രി അദ്ദേഹത്തിനു ഉറക്കമില്ലയ്മയായിരിക്കും അഭിമുഖീകരിക്കേണ്ടി വരിക.ഭാര്യ ഉറങ്ങാതെയും അദ്ദേഹത്തെ ഉറക്കാതെയും ശകാരിച്ചു കൊണ്ടേ ഇരിക്കും. മാതാവിനെയാണു വഴക്കു പറഞ്ഞതെങ്കിൽ"നിനക്കു ഭാര്യയെ മതിയല്ലോ, ഉമ്മയെ വേണ്ടല്ലോ; നീ എന്തിന്റെ ഉസ്താദ്‌? നീ ഇങ്ങിനെയാണോ പിള്ളാരെ പഠിപ്പിക്കുന്നതു?" എന്നാകും പ്രതികരണം.
സഹി കെട്ടപ്പോൾ പിതാവിന്റെ ഉപദേശാനുസരണം ഉസ്താദ്‌ ഒരു വാടക വീടു കണ്ടെത്തി, തന്റെ കൊച്ചു കുടുംബവുമായി താമസം മാറ്റി.
"
തലപ്പാവും താടിയും വെച്ച നടക്കുന്ന സത്വങ്ങൾ" എന്നു ആക്ഷേപിക്കപെടുന്ന പാവങ്ങൾക്കു ശമ്പളമായി പള്ളി ഭാരവാഹികൾ നൽകുന്നതു ഒരു ചെറിയ തുക മാത്രമാണെന്നും സാധുക്കൾ വളരെ കഷ്ടതയിലണു ജീവിതം കഴിച്ചു കൂട്ടുന്നതെന്നും പലപ്പോഴും ആഹാരം കഴിക്കാന്‍ പോലും വക കാണില്ലാ എന്നും പലർക്കും അറിയില്ല.നേർച്ചകൾക്കോ ഖുർ ആൻ പാരായണങ്ങൾക്കോ സമുദായാംഗങ്ങളുടെ വീട്ടിൽ പോകുമ്പോൾ കിട്ടുന്ന ചെറിയ കൈ മടക്കു മാത്രമാണു ശമ്പളം കൂടാതെയുള്ള പുറം വരുമാനം."ഖുർ ആൻ പാരായണം ചെയ്തു പ്രതിഫലം പറ്റുന്നതു അഗ്നിയാൽ ഉദരം നിറക്കപ്പെടുന്നതിനു തുല്യമാണെന്ന" വചനം ജീവിതത്തിന്റെ രണ്ടറ്റം മുട്ടിക്കാനുള്ള ബദ്ധപ്പാടിൽ സാധുക്കൾ മറക്കുകയാണു പതിവു.അവർക്കു കിട്ടുന പ്രതിഫലം " ദഖ"(ദാനം) അക്കൗണ്ടിൽ പെടുത്തി ഞങ്ങളോടു പൊറുക്കണേ പടച്ചോനേ എന്ന പ്രാർത്ഥന പരമകാരുണീകൻ സ്വീകരിക്കും എന്നും അവർക്കു ഉറപ്പുണ്ടു.മദ്രസ്സാ അദ്ധ്യാപകരുടെ കഷ്ടതകൾ പള്ളി ഭാരവാഹികൾ ഗൗരവമായി കണക്കിലെടുക്കുകയുമില്ല.
വാടക വീട്ടിലേക്കു മാറിയപ്പോൾ ഉസ്താദിന്റെ ചെലവുവർദ്ധിച്ചു. വാടക, നിത്യവുമുള്ള വീട്ടുചെലവു,കറണ്ടു ചാർജു,കുട്ടികളുടെ ചികിൽസ,:-ഉസ്താദ്‌ വട്ടം കറങ്ങി പോയി.ഭാര്യയുടെ ആഭരണങ്ങളെല്ലാം മേൽകാണിച്ച ചെലവുകൾക്കും വാടക വീടിന്റെ അഡ്വാൻസ്‌ നൽകാനുമായി ആദ്യം പണയത്തിലും തുടർന്നു വിൽപ്പനയിലുമായി.വീട്ടിൽ അസ്വസ്ഥ്തകൾ പെരുകി.ഭാര്യയുടെ മാതാപിതാക്കൾ മകളുടെ വീട്ടിൽ പലപ്പോഴും വിരുന്നിനു വന്നു രണ്ടു മൂന്നു ദിവസം തങ്ങുമ്പോൾ ചെലവഴിക്കാൻ പൈസാ ഇല്ലാതെ ഉസ്താദ്‌ ഭാര്യയുടെ നേരെ കണ്ണ് ഉരുട്ടും."നിങ്ങളുടെ ഉമ്മയും വാപ്പയും ഇങ്ങ്നെ വന്നു നിന്നാ നിങ്ങൾ ഇങ്ങിനെ കണ്ണു ഉരുട്ടുമോ"എന്ന മറുചോദ്യം കൊണ്ടു ഭാര്യ ഉസ്താദിനെ നേരിടും.പല്ലു ഞെരിച്ചു ഉസ്താദ്‌ അപ്പോൾ കോപം അടക്കുമെങ്കിലും വിരുന്നുകാർ പോയി കഴിയുമ്പോൾ ഭാര്യയും ഭർത്താവും തമ്മിലുള്ള സംഘർഷം പതിവു ചടങ്ങായി മാറി.
ഭാര്യയുടെ ആഭരണങ്ങൾ വിറ്റു പോയതിനെ സംബന്ധിച്ചു ഭാര്യാ മാതാവു ഒരുദിവസം ഉസ്താദിന്റെ മുമ്പിൽ ഇട്ട കമന്റ്‌ അദ്ദേഹത്തിന്റെ എല്ലാ നിയന്ത്രണങ്ങളും നഷ്ടപ്പെടുത്തി.
"
തള്ളേ, ഇറങ്ങി പോകുന്നുണ്ടോ ഇവിടന്നു, മേലാൽ ഇവിടെ വന്നു പോകരുതു" എന്നു ഉസ്താദ്‌ ആക്രോശിച്ചപ്പോൾ
"
നിന്റെ തന്തയുടെ വകയൊന്നും കൊടുത്തല്ലല്ലോ വീടു വാടകകു എടുത്തതു എന്റെ മകളുടെ ആഭരണങ്ങൾ വിറ്റിട്ടല്ലേ"എന്നു ഭാര്യാ പിതാവു ഏറ്റു പിടിക്കുകയും "മോനേ" എന്നു ഉസ്താദിനെ നീട്ടി വിളിക്കുകയും "മോന്റെ" മുമ്പിൽ നിഘണ്ടുവിൽ ഇല്ലാത്ത ഒരു പദം കൂട്ടി ചേർക്കുകയും ചെയ്തു.
വഴക്കിൽ ഭാര്യ തന്റെ പക്ഷം ചേരാതെ എതിർ പക്ഷം ചേർന്നു "നിങ്ങട ബാപ്പാ ചീത്ത വിളിച്ചാ നിങ്ങൾ ദേഷ്യപ്പെടുമോ" എന്നു ന്യായീകരിച്ചപ്പോൾ ഉസ്താദിനു ഭാര്യയോടു അസഹനീയമായ ദേഷ്യം ഉണ്ടായി.തുടർന്നു കൈ വലിച്ചു ഭാര്യയുടെ കരണത്തു ഒന്നു കൊടുക്കുകയും ചെയ്തു.
ഭാര്യ ഉടനേ ഉസ്താദിനെ നോക്കി " ദുർ നടപ്പു "എന്നെ അടിച്ചേ എന്നു വിളിച്ചു കൂകി.ഉസ്താദിന്റെ കാലിനു ചെറിയ മുടന്തുണ്ടായരുന്നതിനെ സൂചിപ്പിച്ചാണു ദുർന്നടപ്പു പ്രയോഗം.അപ്പോൾ ഉസ്താദ്‌ ഒന്നു രണ്ടു അടികൂടി ഭാര്യയ്ക്കു കൊടുത്തു.
സംഭവം ഭാര്യയുടെ മാതാപിതാക്കളുടെ മുമ്പില്‍ വെച്ചായിരുന്നു.
ഞങ്ങളെ അടിക്കുന്നതിനു പകരമാണു അവളെ നീ അടിച്ചതു എല്ലേടാ.....” എന്നു ഭാര്യാ പിതാവു ആക്രോശിച്ചപ്പോള്‍
തന്നെ...തന്നെ....” എന്നു ഉസ്താദ് ഹാസ്യ സ്വരത്തില്‍ പ്രതികരിച്ചു.
പിന്നീടുള്ള കാര്യങ്ങളെല്ലാം വളരെ എളുപ്പത്തിലായിരുന്നു.ഭാര്യ അത്യാവശ്യ സാധനങ്ങളെല്ലാം അടുക്കി കെട്ടി കുഞ്ഞുങ്ങളുമായി മാതാപിതാക്കളുടെ അകമ്പടിയോടെ അവരുടെ വീട്ടിലേക്കു പോയി.
സ്ഥിതിഗതികള്‍ ഇവിടെ വരെ എത്തുമെന്നു ഉസ്താദ് കരുതിയില്ലായിരുന്നു എങ്കിലും അദ്ദേഹം ഒട്ടും വിട്ടു കൊടുക്കാതെ അരകല്ലിനു കാറ്റ് പിടിച്ചതു പോലെ , വാശി കൈ വിടാതെ നിന്നു.
പുറത്തേക്കു ഇറങ്ങി പോകുമ്പോള്‍ ഭാര്യാ പിതാവു തിരിഞ്ഞു നിന്നു:-
നിനക്കു കാണിച്ചു തരാമെടാ .....” എന്നു പറഞ്ഞപ്പോള്‍
നിങ്ങടെ പെമ്പ്രന്നോത്തിയെ കൊണ്ടു കാണിക്ക്....” എന്നു ഉസ്താദ് തിരിച്ചടിച്ചു.
കുറച്ചു ദിവസങ്ങള്‍ക്കു ശേഷം ഇരുകൂട്ടരുടെയും ആള്‍ക്കാര്‍ ഇവരെ രാജി ആക്കാന്‍ ശ്രമിച്ചു എങ്കിലും രാജി യോഗത്തില്‍ തന്നെ അടി ഉണ്ടായി. ഇരുകൂട്ടരിലും പെട്ട ഓരോ ആളിനു പരിക്കു പറ്റി, .പി.സി. സെക്ഷന്‍ 323 പ്രകാരം രണ്ടു കേസ്സുകള്‍ ബന്ധപ്പെട്ട മജിസ്റ്റ്രേട്ട് കോടതിയുടെ ഫയലില്‍ വരുകയും ചെയ്തു.
തുടര്‍ന്നു ഉസ്താദിനെതിരെ സ്ത്രീധന പീഡനത്തിനു 498 വകുപ്പു പ്രകാരവും സ്വര്‍ണാഭരണവില
അച്ചാര തുക, മോട്ടോര്‍ സൈക്കില്‍ വാങ്ങികൊടുത്തതിനും ഭാവി സംരക്ഷണത്തിന് നേരില്‍ കൊടുത്തതുമായ തുക( ഇതു വക്കീല്‍ കൂട്ടി ചേര്‍ത്തതാണു;ഉസ്താദിനു മോട്ടോര്‍ സൈക്കിള്‍ പോയിട്ടു സാദാ സൈക്കിള്‍ പോലും ഓടിക്കാന്‍ അറിയില്ല) എല്ലാം കൂടി അഞ്ചു ലക്ഷം രൂപാ ഈടാക്കാനായി കുടുംബ കോടതിയില്‍ ഒരു കേസ്സും അതിനോടൊപ്പം 125വകുപ്പു പ്രകാരം രണ്ടു കുട്ടികള്‍ക്കും ഭാര്യക്കും പ്രതിമാസം അയ്യായിരം രൂപാ ചെലവിനു കിട്ടാന്‍ മറ്റൊരു കേസ്സുംഫയലില്‍ ആയി.കേസ്സുകള്‍ക്കായി ഉസ്താദ് കോടതി തോറും നെട്ടോട്ടം ഓടി.
ഇത്രയും ആയപ്പോള്‍ ഉസ്താദ് ഭാര്യയെ മൊഴി ചൊല്ലാന്‍ ഒരുങ്ങി ബന്ധപ്പെട്ട ജമാ അത്തില്‍ അപേക്ഷ നല്‍കി.
അവസ്ഥയിലാണു കേസ്സ് എന്റെ മുമ്പില്‍ ഒത്തു തീര്‍പ്പിനു വന്നതു.ആദ്യം തന്നെ ഞാന്‍ ബന്ധുക്കളെയെല്ലാം മുറിക്കു പുറത്തു നിര്‍ത്തി, ഭാര്യയും ഭര്‍ത്താവും കുട്ടികളും മാത്രം എന്റെ സമീപം മതി എന്നു നിര്‍ദ്ദേശിച്ചു. എങ്കിലും ഇരുകൂട്ടരുടെയും ബന്ധുക്കള്‍ വാതില്‍ക്കലും ജനലിന്റെ സമീപവും കൂടി നിന്നു സ്ഥിതിഗതികള്‍ നിരീക്ഷിക്കുന്നുണ്ട്.
കുറിപ്പുകളുടെ ആരംഭത്തില്‍ പറഞ്ഞതു പോലെ ഉസ്താദും ഭാര്യയും ക്രുദ്ധരായി അവരുടെ ഭാഗം ന്യായീകരിക്കാനുള്ള ശ്രമങ്ങള്‍ തുടര്‍ന്നു കൊണ്ടിരുന്നപ്പോള്‍ ഞാന്‍ കര്‍ശനമായി ഇടപെട്ടു രണ്ടു പേരെയും നിശ്ശബ്ദരാക്കി. ഇനി സംസാരിച്ചാല്‍ കേസ്സ് ഞാന്‍ ഉപേക്ഷിക്കും എന്ന താക്കീതു നല്‍കി.എന്റെ ചോദ്യങ്ങള്‍ ഉസ്താദിനോടായി:-
ഉസ്താദ് ഭാര്യയെ അടിച്ചു അല്ലേ...?”
ശരീ അത്തു നിയമ പ്രകാരം ഭാര്യയെ അടിക്കാന്‍ ഭര്‍ത്താവിനു അവകാശമുണ്ടു.”ഉടന്‍ വന്നു ഉസ്താദിന്റെ മറുപടി.
ശരീ അത്തു കോടതിയിലാണോ നിലവിലുള്ള കോടതിയിലാണൊ ഉസ്താദ് കേസ്സിനു പോകുന്നതു, എല്ലാ കാര്യങ്ങളും ശരീ അത്തു അനുസരിച്ചആണൊ ഉസ്താദ് ചെയ്യുന്നതു?” ഞാന്‍ ചോദിച്ചു.
ഞാന്‍ മുസ്ലിമാണു, ശരീ അത്തു അനുസരിച്ചു വേണം ഞാന്‍ കഴിയാന്‍ഉസ്താദിനു സംശയം ഇല്ല.
അച്ചാരം ഒരു ലക്ഷം വാങ്ങിയതു ശരീ അത്തിലെ ഏതു വകുപ്പ് പ്രകാരമാണു..?” എന്റെ ശബ്ദം ഉയര്‍ന്നു.ഉസ്താദിനു മറുപടിയില്ല.
ശരീ അത്തു പ്രകാരം സ്ത്രീയുടെ സ്വകാര്യ സ്വത്തായി കണക്കാക്കപ്പെടുന്ന അവരുടെ ആഭരണങ്ങള്‍ നിങ്ങള്‍ അവരില്‍ നിന്നും വാങ്ങി വിറ്റപ്പോള്‍ ശരീ അത്തു ഓര്‍മ ഇല്ലയിരുന്നോ?”ഞാന്‍ തുടര്‍ന്നു ചോദിച്ചു.
അവള്‍ ആഭരണങ്ങള്‍ വില്‍ക്കാന്‍ സമ്മതിച്ചിരുന്നു.” ഉസ്താദ് പതുക്കെ പറഞ്ഞു.
നിങ്ങള്‍ നിര്‍ബന്ധിച്ചപ്പോള്‍ ഞാന്‍ സമ്മതിച്ചതാണുഭാര്യ ചാടി വീണു അഭിപ്രായപ്പെട്ടു.
മിണ്ടാതിരിഞാന്‍ ഭാര്യയെ താക്കീത് ചെയ്തു.
നാക്കിനു നീളം കൂടിയതാണു പ്രശ്നത്തിനു കാരണമായതു, ഇനിയും അതു നിര്‍ത്തിക്കൂടേ?”എന്നു അരിശത്തോടെ ഞാന്‍ പറഞ്ഞപ്പോല്‍ അവര്‍ അടങ്ങി.ഞാന്‍ വീണ്ടും ഉസ്താദിന്റെ നേരെ തിരിഞ്ഞു.
ശരീ അത്തു പ്രകാരം ഭാര്യയെ അടിക്കാന്‍ നിങ്ങള്‍ക്കു അവകാശമുണ്ടു. സമ്മതിച്ചു.മുഖത്തടിക്കാന്‍ അവകാശമുണ്ടോ?മുഖത്തു അടിക്കരുതു എന്നു വിധി ഉണ്ടായിട്ടും നിങ്ങള്‍ എന്തിനു അതു ചെയ്തു.?”
ഉസ്താദ് പ്രയോഗിച്ച ശരീ അത്തു നിയമം ഉപയോഗിച്ചു തന്നെ അദ്ദേഹത്തിനെ ഞാന്‍ വിരട്ടിയപ്പോള്‍ ഉസ്താദ് പരുങ്ങി.
ഞാന്‍....ഞാന്‍....."
ഒന്നും പറയണ്ടാ, അവനവന്റെ കാര്യം വരുമ്പോള്‍ ശരീ അത്തും വേണ്ടാ മത വിധിയും വേണ്ടാ, എന്നിട്ടു വന്നോളും സ്ഥാനത്തും അസ്ഥാനത്തും ശരീ അത്തും മത വിധികളുമായി....“ഒട്ടും മയമില്ലാത്തതായിരുന്നു എന്റെ വാക്കുകള്‍.ഉസ്താദിന്റെ തല താണു.
(
മദ്ധ്യസ്ഥത ശ്രമം നടത്തുമ്പോള്‍ സന്ദര്‍ഭാനുസരണം നമ്മുടെ ഭാവങ്ങള്‍ മാറ്റേണ്ടതു കക്ഷികളുടെ മേല്‍ നമുക്കു അധീശത്വം സ്ഥാപിക്കാനും അതു വഴി ന്യായമായി നമ്മള്‍ എടുക്കുന്ന തീരുമാനങ്ങള്‍ അവരെ കൊണ്ടു അംഗീകരിപ്പിക്കനും സഹായകരമാകും.)
അങ്ങിനെ ചോദിച്ചു കൊടു സാറേ....” ഭാര്യ ആഹ്ലാദത്തോടെ അഭിപ്രായപ്പെട്ടപ്പോള്‍ ഞാന്‍ അവരുടെ നേരെ തിരിഞ്ഞു.
മഫ്ത്തായുമിട്ടു, തലയും മറച്ചു, പര്‍ദ്ദായും ധരിച്ചു വലിയ ആദരവോടെ ഇവിടെ നില്‍ക്കുന്നല്ലോ!അദ്ദേഹം ഇപ്പോഴും നിങ്ങളുടെ ഭര്‍ത്താവല്ലേ?ഭര്‍ത്താവിനോടു എങ്ങിനെയാണ് ,,,,പെരുമാറേണ്ടതു"?അയാളുടെ അംഗവൈകല്യത്തെപ്പറ്റി നിങ്ങള്‍ പരിഹസിച്ചില്ലേ? പിന്നെന്തിനാണു ഈ മുസ്ലിം വേഷവും ധരിച്ചു നടക്കുന്നതു.ആള്‍ക്കാരുടെ മുമ്പില്‍ വലിയ അദബും ഗുരുത്വവും ഉള്ളവളാണെന്നു കാണിക്കാനാണോ? എന്റെ ശബ്ദത്തില്‍ ഒരു മയവും ഞാന്‍ പുരട്ടിയില്ല.
അവര്‍ പതുക്കെ പുറകോട്ടു മാറി.നെറ്റിയിലേക്കു മഫ്താ വലിച്ചു താഴ്ത്തിട്ടു.
ആരും ഒന്നും ശബ്ദിക്കാതെ കുറെ നിമിഷങ്ങള്‍ കടന്നു പോയി.എന്റെ മനസ്സു പ്രശ്നപരിഹാരത്തിനായി പലവഴികളിലൂടെയും അലഞ്ഞു കൊണ്ടിരുന്നു.
വസ്തുതകള്‍ ചികഞ്ഞു പരിശോധിച്ചപ്പോള്‍ അവരുടെ
ദാമ്പത്യ ജീവിതത്തില്‍ പരസ്പര വിശ്വാസവും ആത്മാര്‍ഥ സ്നേഹവും ഉണ്ടായിരുന്നതായി ഞാന്‍ കണ്ടെത്തി. സന്തോഷത്തോടുകൂടിയുള്ള ഒരു ദാമ്പത്യ ജീവിതമായിരുന്നു അവര്‍ നയിച്ചിരുന്നതു.പിടിവാശി സാമ്പത്തിക ക്ലേശം, പുറത്തുള്ളവരുടെ ഇടപെടല്‍ തുടങ്ങിയവയയാണു ബന്ധത്തില്‍ വിള്ളലുണ്ടാക്കിയതും സ്നേഹത്തിനു ഭംഗം വരുത്തിയതും.ഈ പ്രശ്നങ്ങള്‍ പരിഹരിക്കപെട്ടാല്‍ അവര്‍ പരസ്പരം സ്നേഹത്തോടെ ഒരുമിച്ചു ജീവിച്ചേക്കാം. പക്ഷേ ആദ്യം ഈ പിടിവാശിയും അസഹിഷ്ണതയും ഇല്ലാതാക്കണം. അതിനെന്തു വഴി?
അപ്പോഴാണു ഉസ്താദിന്റെ മകന്റെ മുഖത്തു എന്റെ നോട്ടം പതിഞ്ഞതു. അവന്‍ അവന്റെ പിതാവിനെ ആകാംക്ഷയോടെ നോക്കുകയാണു.അവന്റെ ഓരോ നോട്ടവും എന്തിനാണെന്നും അവന്റെ കുഞ്ഞു മനസ്സിലെ ചിന്തകളെന്താണെന്നും ഞാൻ തിരിച്ചറിഞ്ഞു.
പെട്ടെന്നു ഞാൻ ഉസ്താദിനോടു ചോദിച്ചു:-
"ആ നിൽക്കുന്ന കുഞ്ഞു ആരുടേതാണു"?
"എന്റേതാണു രണ്ടു കുട്ടികളും" ഉസ്താദിന്റെ മറുപടിയിൽ ഒരു വിറയൽ ഉണ്ടായിരുന്നോ?
"ഇത്രയും നേരം വരെ നിങ്ങൾ ഇവിടെ നിന്നിട്ടും ആ കുഞ്ഞിനെ നിങ്ങൾ ഒന്നു എടുത്തോ മനുഷ്യാ, ഒന്നു വിളിച്ചോ ഇതുവരെ,...അതിനും ശരീ അത്തു വിധി വേണോ..?"
എന്റെ ശബ്ദം വല്ലാതെ കർക്കശമായപ്പോൾ ഉസ്താദ്‌ മകന്റെ നേരെ കൈ നീട്ടി പറഞ്ഞു:-
"വാ....മോനേ...."
ആ വിളി കേട്ട ഉടൻ അവിശ്വസനീയമായ വേഗതയിലായിരുന്നു അവൻ പിതാവിനു സമീപം ഓടി എത്തിയതു.
ഉസ്താദ്‌ അവനെ എടുത്തു ഉയർത്തി.
അവൻ രണ്ടു കൈകളും ഉസ്താദിന്റെ തോളിൽ വെച്ചു. എന്നിട്ടു പതുക്കെ ചോദിച്ചു:-
"വാപ്പാ ഇതുവരെ എവിടെ ആയിരുന്നു...?
"അതു..... മോനേ....ഞാൻ...."ഉസ്താദ്‌ വിക്കി വിക്കി പറയാൻ ശ്രമിച്ചു.
അവൻ ഉസ്താദിന്റെ താടി തടകി; ആ മുഖത്തു ഉമ്മ വെച്ചു.
അപ്പോൾ കേട്ട തേങ്ങൽ ഭാര്യയിൽ നിന്നായിരുന്നു.
അവൻ അനിയത്തിയുടെ നേരെ തിരിഞ്ഞു പറഞ്ഞു:-
"മോളേ...ഞമ്മടെ വാപ്പായാ ഇതു...."
ആ മൂന്നു വയസ്സുകാരി ചിരിച്ചു. പുഴുപ്പല്ലു കാണിച്ചുള്ള ആ ചിരിയുടെ മനോഹാരിത! എനിക്കതു വിവരിക്കാനാവില്ല.
ഇപ്പോൾ ഉസ്താദിന്റെ കൺകോണിൽ ഞാൻ നനവു കണ്ടു.
അദ്ദേഹം മകളുടെ നേരെ കൈ നീട്ടി. ഭാര്യ മകളെ വാപ്പായുടെ അടുത്തേക്കു തള്ളി വിട്ടു.അവൾ പതുക്കെ പതുക്കെ ഉസ്താദിന്റെ നേരെ വന്നു.ഉസ്താദ്‌ മകനെ താഴെ നിർത്തി; മകളെ എടുത്തു. മകൻ താഴെ നിന്നു പറഞ്ഞു:-
"ഞാൻ വാപ്പാക്കു ഉമ്മ കൊടുത്തു...ഇനി നീ കൊടുക്ക്‌..."
ഇപ്പോൾ കേട്ട തേങ്ങൽ ഉസ്താദിൽ നിന്നായിരുന്നെന്നു ഞാൻ മനസ്സിലാക്കി. അദ്ദേഹം മകളുടെ കവിളിൽ ഉമ്മ വൈക്കുമ്പോൾ കരയുന്നുണ്ടായിരുന്നു എന്നു ശബ്ദം കൊണ്ടാണു എനിക്കു മനസ്സിലായതു.കാരണം എന്റെ കണ്ണിനെയും അ രംഗം ഈറനണിയിച്ചതിനാൽ എല്ലാം ഒരു മൂടൽ മഞ്ഞിലൂടെന്ന പോലെയാണു ഞാൻ കണ്ടതു.
എന്റെ ഉള്ളിൽ എവിടെയോ നിന്നും മധുരം നിറഞ്ഞ നൊമ്പരം കിനിഞ്ഞ്‌ വരുന്നതു പോലെ അനുഭവപ്പെട്ടു.
ഇപ്പോൾ ഞാൻ കാണുന്ന കാഴ്ച്ച മറ്റൊന്നാണു.
ഭാര്യ ഉസ്താദിന്റെ തോളിൽ തല ചായ്ച്ചു തേങ്ങുന്നു."ന്നാലും എന്നെ മൊഴി ചൊല്ലാൻ നിങ്ങൾ ഒരുങ്ങിയല്ലോ പൊന്നേ, നിങ്ങടെ രണ്ടു കുഞ്ഞുങ്ങ്ടെ ഉമ്മായെ....."
ഉസ്താദിന്റെ മറുപടി വിമ്മി കരച്ചിലും ഭാര്യയുടെ തലയിൽ തടകുന്നതിലും മാത്രമായി ഒതുങ്ങി. പിന്നീടു കാര്യങ്ങൾ വളരെ എളുപ്പമായിരുന്നു.ഈ രംഗത്തിനു സാക്ഷികളായി വാതിൽക്കൽ നിന്നിരുന്ന ഇരു ഭാഗവും കുടുംബാംഗങ്ങളെയും - മാതാ പിതാക്കൾ ഉൾപ്പടെ- ഞാൻ അകത്തു പ്രവേശിപ്പിച്ചു.കേസ്സുകൾ പിൻ വലിക്കാൻ നടപടികളെടുക്ക‍ൂന്നതുൾപ്പടെയുള്ള ഉടമ്പടിയിൽ ഇരുകൂട്ടരും ഒപ്പു വെച്ചു.ഉസ്താദിന്റെ വാടകവീടു ഒഴിപ്പിച്ചു മാതാപിതാക്കളോടൊപ്പം അവർ താമസമാക്കണമെന്ന തീരുമാനമായി.
ആ തീരുമാനം എഴുതുമ്പോൾ ഉസ്താദിന്റെ പിതാവു സ്വന്തം ഭാര്യയോടു ശാസനാരൂപത്തിൽ ഇങ്ങിനെ പറയുന്നതു കേട്ടു:
" ഇനി ആ പെണ്ണിനോടു വഴക്കിനു പോയാൽ അന്നു നിന്നെ കൊന്നു ഞാൻ ജെയിലിൽ പോകും"
ഭാര്യയുടെ മാതാ പിതാക്കളെ എന്റെ അരികിൽ വിളിച്ചു വരുത്തി കർശനമായി ഞാൻ താക്കീതു ചെയ്തു.
"മകളുടെ കുടുംബ ജീവിതത്തിൽ ആവശ്യമില്ലാതെ ഇടപെട്ടു പോകരുതു."
ഉസ്താദും ഭാര്യാ പിതാവും എന്റെ മുമ്പിൽ വെച്ചു കൈ പിടിച്ചു പരസ്പരം ക്ഷമാപണം നടത്തുകയും കെട്ടി പിടിക്കുകയും ചെയ്തു.
ഉസ്താദിനെ ഞാൻ അടുത്തു വിളിച്ചു പറഞ്ഞു" മദ്രസ്സാ ജോലിക്കു ഭംഗം വരാതെ മാന്യമായ എന്തെങ്കിലും തൊഴിൽ ചെയ്തു വരുമാനം ഉണ്ടാക്കണം.എന്തെങ്കിലും ചെറിയ കച്ചവടമോ മറ്റെന്തെങ്കിലുമോ... പ്രവാചകനും അനുചരന്മാരും അപ്രകാരം ചെയ്തിരുന്നു.മാത്രമല്ല ജോലി ചെയ്തു തഴമ്പുള്ള കൈകൾ പ്രവാചകനു ഇഷ്ടമായിരുന്നു എന്നു ഞാൻ പറഞ്ഞു തരേണ്ടതില്ലല്ലോ....വരുമാനം വർദ്ധിപ്പിക്കുക ആഭരണങ്ങൾ കുറേശ്ശെ തിരികെ വാങ്ങി കൊടുക്കുക...."
കഴിഞ്ഞ ദിവസം ആ ദമ്പതികൾ കുട്ടികളുമായി എന്നെ കാണാൻ വന്നിരുന്നു.
ഉസ്താദിന്റെ മകൻ എന്റെ അരികിൽ വന്നു നിന്നു ചിരിച്ചപ്പോൾ ഞാൻ അവനോടു പറഞ്ഞു:-
"നീയാണെടാ ഉസ്താദ്‌..."