Sunday, May 31, 2009

കോടതിക്കഥകള്‍..(.ഭാഗം നാല്)

റെയില്‍വേ കോടതിയിലാണ് നാം ഇപ്പോള്‍ . അന്ന് രാവിലെ പതിനൊന്നു മണിക്ക് തുടങ്ങിയ സിറ്റിംഗ് രണ്ടു മണി ആയപ്പോഴാണ് തീര്‍ന്നുകിട്ടിയത്.അവസാന കേസ്സ് വിളിച്ചപ്പോള്‍ ആര്‍.പീ.എഫ്‌കാര്‍ (റെയില്‍വേ സംരക്ഷണ സേന)ഒരു പ്രതിയെ ഹാജരാക്കി.നാല്‍പ്പതു വയസ്സ് കാണും. അമിതമായി മദ്യപിചിരിക്കുന്നു എന്ന് കാഴ്ചയില്‍ തന്നെ വ്യക്തം.ആള്‍ രണ്ടു വശത്തേക്കും ആടുന്നുണ്ട്. കണ്‍ പോളകള്‍ പണിപ്പെട്ടാണ് തുറന്നു കോടതിയെ നോക്കുന്നത്. നമുക്കു ഈ പ്രതിയെ രാമുഎന്നു വിളിക്കാം. മജിസ്ട്രേട്ട് കുറ്റപത്രം വായിച്ചു."പ്രതി ട്രെയിനില്‍ മദ്യപിച്ചു ഉന്മത്തനായി മറ്റു യാത്രക്കാര്‍ക്ക് ശല്യം ഉണ്ടാക്കിയും അറപ്പുംവെറുപ്പും ഉളവാക്കുന്ന രീതിയില്‍ അശ്ലീല വാക്കുകള്‍ പറഞ്ഞും എതിര്‍ ഭാഗം സീറ്റില്‍ ഇരുന്ന സ്ത്രീയുടെ മടിയിലേക്ക്‌ കാല്‍ നീട്ടി വെച്ചു അവരെ ഉപദ്രവിച്ചും അത് എതിര്‍ത്ത അവരെ ചീത്ത പറഞ്ഞും ബഹളം കേട്ടുഎത്തിയ ഡ്യൂട്ടി പോലീസുകാരന്റെ ജോലിക്ക് തടസ്സം ഉണ്ടാക്കിയതിനും റെയില്‍വേ ആക്റ്റ്‌ വിവിധ വകുപ്പുകള്‍ പ്രകാരമുള്ള കുറ്റം പ്രതി ചെയ്തിരിക്കുന്നു എന്ന്". കുറ്റപത്രം പ്രതിയെ വായിച്ചു കേള്‍പ്പിച്ചതിന് ശേഷം "കുറ്റം ചെയ്തിട്ടുണ്ടോ " എന്ന് മജിസ്ട്രേട്ട് ആരാഞ്ഞു. "ഹൊ! ഒന്നു കാലെടുത്തു എന്ന് വെച്ചു അവളുടെ ചാരിത്ര്യം അങ്ങ് പോയോ" പ്രതിയുടെ ചോദ്യം കോടതിയോടാണ്. "നിങ്ങളെ വായിച്ചു കേള്‍പ്പിച്ച കുറ്റം നിങ്ങള്‍ ചെയ്തിട്ടുണ്ടോ എന്നാണു ചോദിക്കുന്നത്" മജിസ്ട്രേട്ട് കര്‍ശനമായി വീണ്ടും ചോദിച്ചു "വെള്ളം അടിച്ച് അത് കുറ്റമാണോ? സര്‍ക്കാരിന്റെ ബാറില്‍ നിന്നും ഞാന്‍ ജോലി ചെയ്ത പൈസ്സ കൊടുത്തു വാങ്ങി കുടിച്ചു . അത് കുറ്റമാണോ? എന്നാല്‍ ഈ ബാര്‍ എല്ലാം സര്‍ക്കാര്‍ അങ്ങ് പൂട്ടട്ടെ. കാല് ഒന്നു നീട്ടി വെച്ചു. പോലീസ്സ്കാരന്‍ വന്നു കയ്ക്ക് പിടിച്ചു ഞാന്‍ അയാളോട് പച്ച മലയാളത്തില്‍ മറുപടി പറഞ്ഞു. അതൊരു സില്ലീ മാറ്റര്‍. ഞാന്‍ ഒരു വക്കീല്‍ ഗുമസ്തനാണ്‌ സാറേ എനിക്ക് നിയമം അറിയാം".പ്രതിയുടെ മറുപടി ഇങ്ങിനെ ആയിരുന്നു. "ഉച്ചക്ക് രണ്ടു മണി നേരത്ത് കൊണ്ടു വരാന്‍ കണ്ട കേസ്സ്" എന്നഭാവത്തിലായിരുന്നു ആര്‍.പീ.എഫ്‌. ഭാഗം വക്കീലിനെ മജിസ്ട്രേട്ട് നോക്കിയത്. "നിങ്ങള്‍ കുറ്റപത്രത്തില്‍ പറഞ്ഞിരിക്കുന്ന കുറ്റം ചെയ്തിട്ടുണ്ടോ ഉണ്ട് അല്ലങ്കില്‍ ഇല്ലാ ഇതില്‍ ഏതെങ്കിലും മറുപടി പറഞ്ഞാല്‍ മതി" ആര്‍.പീ. എഫ്‌. വക്കീല്‍ കര്‍ശനമായി പറഞ്ഞു. "ഇല്ലാ" പ്രതിയുടെ മറുപടി. പ്രതി കുറ്റം നിഷേധിചിരിക്കുന്നതിനാല്‍ കേസ്സ് തെളിവിനായി മാറ്റണം. എന്നാല്‍ പ്രതിയെ ജാമ്യക്കാരില്ലാതെ വിട്ടാല്‍ കേസ്സ് വിചാരനെക്കെടുക്കുമ്പോള്‍ പ്രതി മുങ്ങിക്കളയും എന്ന് വാദി വക്കീല്‍. പ്രതിയോട് ജാമ്യക്കാര്‍ ഉണ്ടോ എന്ന് അന്വേഷിച്ചതില്‍ "എനിക്ക് ജാമ്യക്കാരെനെ വേണ്ടാ" എന്നായിരുന്നു പ്രതിയുടെ ധിക്കാരം നിറഞ്ഞ മറുപടി. രണ്ടു പേരുടെ മതിയായ ജാമ്യത്തില്‍ പ്രതിയെ ജാമ്യത്തില്‍ വിടാനും ജാമ്യക്കാര്‍ ഇല്ലാ എങ്കില്‍ ജാമ്യക്കാര്‍ വരുന്നതു വരെ പ്രതിയെ റിമാന്റ് ചെയ്യാനും ലഭ്യമായ വിലാസത്തില്‍ അയാള്‍ ഇപ്പോള്‍ ജയിലില്‍ ആണ് എന്ന് കാണിച്ചു ടെലഗ്രാം അയക്കാനും നിര്‍ദേശിച്ചു കോടതി പ്രതിയെ പതിനാലു ദിവസത്തേക്ക് റിമാന്റ് ചെയ്തു ബെഞ്ച് പിരിഞ്ഞു. കോടതി പിരിഞ്ഞു മജിസ്ട്രേട്ട് തൊട്ടു അടുത്തുള്ള സ്വന്തം ചേംബറില്‍ എത്തിയതെ ഉള്ളൂ. കോടതി ഹാളില്‍ നിന്നും പ്രതിയുടെ ശബ്ദം ഉയര്‍ന്നുകേട്ടു. "ഏത് പട്ടാളത്തെ കൊണ്ടു വന്നു കാവല്‍ ഇട്ടാലും ശരി എന്നെ റിമാന്റ് ചെയ്ത മജിസ്ട്രേട്ടിനെ ഞാന്‍ ചവിട്ടും...."തുടര്‍ന്ന് ആരോ അയാളുടെ വായ് പൊത്തി പിടിച്ചത് പോലെ ശബ്ദം നിലച്ചു. പ്രതിക്കെതിരെ കര്‍ശന നടപടി എടുക്കാന്‍ മജിസ്ട്രേറ്റിന്റെ ഉള്ളില്‍ ഇരുന്നു ആരോ ചുര മാന്തി എങ്കിലും പെട്ടെന്ന് തന്നെ സംയമനം വീണ്ടെടുത്തു. അതോടൊപ്പം മറ്റൊരു കാര്യവും തലയില്‍ വന്നു. പ്രതിയുടെ ഈ ഭീഷണിയും ധിക്കാരവും കണ്ടറിഞ്ഞ പോലീസ്സുകാര്‍ അയാളെ ജെയിലില്‍ എത്തിക്കുന്നതിന് ഇടയില്‍ അയാളെ പൊരിക്കും. അത് തീര്‍ച്ച.മദ്യപിച്ചവനെ തല്ലുന്നതും പട്ടിയെ തല്ലുന്നതും ഒരു പോലെയാണ്. പക്ഷെ പോലീസുകാര്‍ക്ക് കലി ബാധിച്ചു നില്‍ക്കുകയാണ്‌.മജിസ്ട്രേട്ട് ഉടനെ കാളിംഗ് ബെല്‍ അടിച്ച് പോലീസുകാരെ ചേംബറില്‍ വരുത്തി. പ്രതിയുടെ ഭീഷണി മജിസ്ട്രേട്ട് കേട്ടു കാണുമോ എന്ന പരിഭ്രമം പോലീസ്സുകാരുടെ ഉള്ളില്‍ ഉണ്ടായിരുന്നതിനാലാവം അവര്‍ പറഞ്ഞു"അവന്‍ അഹങ്കാരി ആണ് സാര്‍" "അവന്‍ ആരും ആകട്ടെ പക്ഷെ നിങ്ങള്‍ ആരും അയാളെ ഉപദ്രവിക്കരുത്. ജയില്‍ ജീവനക്കാരോടും ഇതു പറയണം അവരും അയാളെ തൊടരുത്."മജിസ്ട്രേട്ട് കര്‍ശനമായി താക്കീത് ചെയ്തു.പോലീസുകാര്‍ പോയത് നിരാശയോടെ ആണ് എന്നത് തീര്‍ച്ച . പതിനാലു ദിവസത്തിന് ശേഷം പ്രതിയെ മജിസ്ട്രേറ്റിന്റെ മുമ്പില്‍ ഹാജരാക്കി. പ്രതി ശാന്തനാണ്.കയ്യില്‍ ഇരുന്ന അപേക്ഷ ബെഞ്ച് ക്ലാര്‍ക്ക് മുഖേനെ മജിസ്ട്രേറ്റിനു കൊടുത്തു. കഴിഞ്ഞ തവണ കുറ്റപത്രം വായിച്ചപ്പോള്‍ അത് മനസ്സിലായില്ലെന്നും മനസ്സിലാക്കാതെയാണ് ഉത്തരം പറഞ്ഞതെന്നും അതിനാല്‍ ദയവു ചെയ്തു കുറ്റപത്രം വീണ്ടും വായിക്കനമെന്നായിരുന്നു അപേക്ഷ. അപേക്ഷ അനുവദിച്ചു മജിസ്ട്രേട്ട് കുറ്റപത്രം വീണ്ടും വായിച്ചു കുറ്റം ചെയ്തിട്ടുണ്ടോ എന്ന് ചോദിച്ചു."ഉണ്ടേ കുറ്റം ചെയ്തിട്ടുണ്ടേ മാപ്പാക്കണേ മേലില്‍ ചെയ്യില്ലേ " എന്നുള്ള പ്രതിയുടെ മറുപടി കേട്ടു കോടതി അമ്പരന്നു. യാതൊരു ധിക്കാരവുമില്ല; വിനയത്തോടും എളിമയോടും കൈ കൂപ്പി തലയും കുനിച്ചു നില്‍പ്പാണ്."സ്വന്തം ഇഷ്ട പ്രകാരമാണോ കുറ്റം സമ്മതിക്കുന്നത് " മജിസ്ട്രേട്ട് വീണ്ടും ചോദിച്ചു. "ആണേ ആരും പ്രേരിപ്പിചില്ലേ" ഇതായിരുന്നു മറുപടി. മജിസ്ട്രേട്ട് പോലീസുകാരെ സൂക്ഷിച്ചു നോക്കി"ഇവര്‍ ഇയാളെ കൈ കാര്യം ചെയ്തോ" ഞങ്ങളൊന്നും ചെയ്തില്ലേ ഇതായിരുന്നു അവരുടെ മുഖത്തെ ഭാവം. ജയില്‍ ഉദ്യോഗസ്ഥര്‍ പ്രതിയെ പൊരിച്ചോ മജിസ്ട്രേറ്റിനു പിന്നെയും സംശയം. ഒരു അന്വേഷണാത്മക സ്വഭാവം മജിസ്ട്രേറ്റിനു ഉള്ളതിനാല്‍ കേസ്സ് പിന്നീട് വിളിക്കാന്‍ മാറ്റിയതിനു ശേഷം കുറച്ചു കഴിഞ്ഞു ബെഞ്ച് പിരിഞ്ഞു. ബന്ധപ്പെട്ട പോലീസ്സ് അധികാരിയെ മജിസ്ട്രേട്ട് ചേംബറില്‍ വിളിപ്പിച്ചു."നിങ്ങള്‍ ആ പ്രതിയെ ഉപദ്രവിച്ചോ അടി കിട്ടാതെ അയാള്‍ ഇത്രയും മര്യാദക്കാരന്‍ ആവില്ല." മജിസ്ട്രേട്ട് ദേഷ്യപ്പെട്ടു. "സത്യമായിട്ടും ഞങ്ങളോ ആര്‍.പീ. എഫ്കാരോ ജയില്‍ അധികാരികളോ അയാളെ ഉപദ്രവിച്ചിട്ടില്ല" ആ മറുപടിയിലെ ഒരു സൂചന മജിസ്ട്രേട്ട് കണ്ടെത്തി. "അപ്പോള്‍ ഈ മൂന്ന് പേരുമല്ലാത്തആരോ അയാളെ ഉപദ്രവിച്ചു അല്ലെ സത്യം പറയുക" മജിസ്ട്രേറ്റിന്റെ കര്‍ശനമായ ചോദ്യത്താല്‍ അയാള്‍ സത്യം പറഞ്ഞു.അത് ഇങ്ങിനെ ആയിരുന്നു. കോടതിയിലെ പ്രതിയുടെ പരാക്രമങ്ങള്‍ പോലീസ് വഴി ജെയിലില്‍ അറിഞ്ഞു. മജിസ്ട്രേറ്റിന്റെ താക്കീത് കാരണം പോലീസോ ആര്‍.പീ.എഫോ ജെയില്‍ അധികാരികളോ പ്രതിയെ തൊട്ടില്ല.പക്ഷെ മറൊന്നു നടന്നു.ജെയില്‍ അങ്കണത്തില്‍ വെച്ചു മൂന്ന് തടിമാടന്മാര്‍ ജയില്‍ പുള്ളികള്‍ നമ്മുടെ പ്രതിയെ സ്വീകരിച്ചു.മൂന്നു പേരും കൈ കൂപ്പി അയാളെ തൊഴുതു."കോടതിയെ ശരിയാക്കും എന്ന് സാര്‍ പറഞ്ഞതായി അറിഞ്ഞു" അവര്‍ വീണ്ടും തൊഴുതു.പ്രതി ഗമയില്‍ ഞെളിഞ്ഞു നിന്നു."കോടതിയെ ചവിട്ടും എന്ന് പറഞ്ഞ കാല്‍ ഒന്നു കാണിച്ചേ"മദ്യ ലഹരിയില്‍ ആയിരുന്ന പ്രതി ഗമയില്‍ ഒരു കാല്‍ പൊക്കി കാണിച്ചു.ഒറ്റക്കാലില്‍ നിന്ന പ്രതിയുടെ മറ്റേ കാലില്‍ ഓര്‍ക്കാപ്പുറത്ത് ഒരു തടിയന്‍ ഒരു തട്ട് കൊടുത്തു. പ്രതി മലര്‍ന്നു വീണു.വീണ്ടും എഴുനേറ്റു നിന്ന പ്രതിയോട് അവര്‍ കാല്‍ കാണിക്കാന്‍ പിന്നെയും ആവശ്യപ്പെട്ടു.തന്ത്രം മനസ്സിലാക്കിയ പ്രതി അനങ്ങിയില്ല. അപ്പോള്‍ ഒരു തടിയന്‍ മുതുകില്‍ നല്ല ഒരു ഇടി പാസ്സാക്കി ആവശ്യപ്പെട്ടു."കാല് കാണിക്കെടാ" നിവര്‍ത്തി ഇല്ലെന്നു വന്നപ്പോള്‍ പ്രതി കാല് പൊക്കി കാണിച്ചതും മറ്റേ കാലില്‍ തട്ട് കിട്ടി അയാള്‍ മറിഞ്ഞു വീണതും ഒപ്പമായിരുന്നു. പ്രതി മറു കടകം എടുത്തു. കിടന്നിടത്ത് നിന്നു എഴുനെല്‍ക്കാനെ മുതിര്‍ന്നില്ല.നിന്നാലല്ലേ വീഴുകയുള്ളൂ.അപ്പോള്‍ മൂന്നാമത്തെ തടിയന്‍ പ്രതിയുടെ കാലുകള്‍ക്ക് ഇടയില്‍ പ്രതിക്ക് പുറം തിരിഞ്ഞു നിന്നു പ്രതിയുടെ കാല് രണ്ടും പൊക്കി പഴയകാലത്ത് മനുഷ്യന്‍ വലിക്കുന്ന റിക്ഷ വണ്ടി പോലെ കാലും വലിച്ചു ഓടി. തറയില്‍ തല തട്ടി പ്രതി വലിച്ചു ഇഴക്കപ്പെട്ടു. പിന്നീടുള്ള ദിവസങ്ങളില്‍ പ്രതി രണ്ടു കാലില്‍ നിവര്‍ന്നു നിന്നാല്‍ അപ്പോള്‍ ഏതെങ്കിലും പുള്ളി ഓടിവന്ന് കാലില്‍ തട്ടി താഴെ ഇടും."ഇപ്രകാരം ഒരു ഒരുക്കല്‍ അവിടെ നടന്നു എന്ന് കൂടെ ഉണ്ടായിരുന്ന റിമാന്റ് പ്രതികളില്‍ നിന്നും അറിഞ്ഞു .സത്യം ആണോ എന്ന് അറിയില്ല" പോലീസ്സുകാരന്‍ ചുരുക്കി. വാര്‍ത്തസത്യം ആണെങ്കില്‍ മജിസ്ട്രേട്ട് പറഞ്ഞതു അവര്‍ അക്ഷരാര്‍ഥത്തില്‍ അനുസരിച്ചു. പോലീസോ മറ്റു ഒരു അധികാരികളുമോ പ്രതിയെ തൊട്ടില്ല.അയാള്‍ക്ക്‌ കൊടുക്കണമെന്ന് അവര്‍ നിച്ചയിച്ചത് അവര്‍ കൊടുപ്പിച്ചു. പ്രതിക്ക് പരാതി ഇല്ലാത്തിടത്ത് മജിസ്ട്രേറ്റിനു എന്ത് ചെയ്യാന്‍ കഴിയും. വീണ്ടും പ്രതിയോട് സ്വന്ത മനസ്സാലെ ആണോ കുറ്റം സമ്മതിക്കുന്നതെന്നും ജയിലില്‍ ആരെങ്കിലും ഉപദ്രവിച്ചോ എന്ന് അന്വേഷിച്ചപ്പോള്‍ സ്വന്തം മനസ്സാലെ ആണ് കുറ്റം സമ്മതിക്കുന്നതെന്നും ജയിലില്‍ തന്നെ ആരും ഉപദ്രവിചിട്ടില്ലാ എന്നുമാണ് മറുപടി തന്നത് .പ്രതിയെ മൂന്ന് സെക്ഷനുകളില്‍ ആയി പതിനാലു ദിവസം വീതം തടവിനു ശിക്ഷിച്ചു. ശിക്ഷ ഒരുമിച്ചു അനുഭവിച്ചാല്‍ മതിയെന്നും അതിനാല്‍ ആകെ പതിനാലു ദിവസം മാത്രം ജയിലില്‍ കിടന്നാല്‍ മതിയെന്നും റിമാന്റില്‍ കിടന്ന ദിവസം ശിക്ഷയില്‍ തട്ടികഴിക്കാനും അതുകൊണ്ട് നടപടികള്‍ പൂര്‍ത്തീകരിച്ചു അന്ന് തന്നെ ജയിലില്‍ നിന്നു വിടാനും ഉത്തരവ് ചെയ്തു. ശിഷ്ടം:- ജയില്‍ നടപടി പൂര്‍ത്തീകരിച്ചു പ്രതിയെ ജെയിലില്‍ നിന്നും വിടുതല്‍ ചെയ്തപ്പോള്‍ കുട്ടയില്‍ അടച്ചിട്ട പൂച്ച കുട്ട തുറക്കുമ്പോള്‍ പാഞ്ഞു കളയുന്നത് പോലെയാണ് പ്രതി ഓടിയതെന്ന് പിന്നീട് ആരോ പറഞ്ഞു കോടതിയില്‍ അറിഞ്ഞു. ഇനി ജീവിതത്തില്‍ അയാള്‍ ജെയിലിന്റെ പടിവാതില്‍ക്കല്‍ പോലും വരില്ലാ എന്ന് ഉറപ്പു .

Thursday, May 28, 2009

ഇതു കോടതിക്കഥകള്‍ (ഭാഗം മൂന്നു)

വളരെ വര്‍ഷങ്ങള്‍ നാം പുറകോട്ടു പോകേണ്ടിയിരിക്കുന്നു. അടിയന്തരാവസ്ഥക്ക്‌ മുമ്പുള്ള കാലം.തനിക്കെതിരായി മൊഴി പറഞ്ഞ ഒരു സാക്ഷിയോട് പ്രതി മനസ്സു ഉരുകി ഒരു ചോദ്യം ചോദിച്ചു.വര്‍ഷങ്ങള്‍ ഏറെ കഴിഞ്ഞിട്ടും ആ ചോദ്യം കേട്ടുനിന്നിരുന്ന അന്നത്തെ ബെഞ്ച് ക്ലാര്‍കിനു ആ ചോദ്യം മറക്കാന്‍ കഴിയുന്നില്ല.കോടതിയിലെ വരാന്തയാണ് രംഗം .ജാമ്യം ലഭിക്കാത്തതും ജെയിലില്‍ സൂക്ഷിക്കുന്നതുമായ പ്രതികളെ കോടതിയില്‍ കൊണ്ടു വരുമ്പോള്‍ പോലീസുകാര്‍ ഈ വരാന്തയില്‍ ആണ് സൂക്ഷിക്കുന്നത്. അങ്ങിനെ ഉള്ള പ്രതികളെ കാണാനായി ബന്ധുക്കള്‍ ഈ വരാന്തക്കു സമീപം വന്നു നില്ക്കും. പോലീസുകാര്‍ക്ക് പടി കൊടുത്താല്‍ പ്രതികളോട് സംസാരിക്കാനുള്ള അവസരം അവര്‍ നല്കുകയും ചെയ്യും. ജാമ്യത്തില്‍ ഇറക്കാന്‍ സാമ്പത്തികമായി കഴിവില്ലാത്തവരും തീരെ സാധുക്കളുമായിരിക്കും ഇങ്ങിനെ അവിടെ വരുക. സംസാരിക്കാനുള്ളവരെ വരാന്തക്കു അകത്തു കടത്തി വിട്ടു വാതില്‍ക്കല്‍ പോലീസുകാരന്‍ പോയി നില്ക്കും. ബെഞ്ച് ഡ്യൂട്ടി കഴിഞ്ഞു ക്ലാര്‍ക്ക് ഇരിക്കുന്ന കസേരയുടെ സമീപമുള്ള ജനലില്‍ കൂടി നോക്കിയാല്‍ വരാന്തയിലെ എല്ലാ വിശേഷങ്ങളും കാണാനും കേള്‍ക്കാനും കഴിയും. അങ്ങിനെയാണ് ബെഞ്ച് ക്ലാര്‍ക്ക് മേല്പ്പറഞ്ഞ രംഗത്തിനു സാക്ഷി ആയതു. പോലീസ്‌ രേഖകള്‍ പ്രകാരം പ്രതിയുടെ കേസ്സ് ഇപ്രകാരമാണ്. പ്രതി സ്ഥിരം മോഷ്ടാവ്. പലതവണ മോഷണ കുറ്റത്തിന് ജെയിലില്‍ കിടന്നിട്ടുണ്ട്. ....തീയതി പാതിരാത്രി പ്രതി ഗ്രാമത്തിലെ അമ്പലം കുത്തി തുറന്നു അകത്തു കയറി ദേവിക്ക് കാഴ്ച ആയി സമര്‍പ്പിച്ചിരുന്ന വെള്ളി കണ്ണ് വെള്ളി മൂക്ക്കുത്തി വെള്ളി കമ്മല്‍ തുടങ്ങിയവ കവര്‍ന്നെടുത്തു . മേല്പ്പറഞ്ഞ സാധനങ്ങള്‍ പ്രതി ഒരു തട്ടാന്റെ കടയില്‍ വിലക്ക് കൊടുത്തു. വിറ്റ സാധനങ്ങള്‍ പോലീസ് കണ്ടെടുത്തിട്ടുണ്ട്. പ്രതി പകല്‍ അമ്പല പരിസരത്ത് കറങ്ങി നടക്കുന്നത് കണ്ട ഒരു ഭക്തന്‍, വാതില്‍ കുത്തി തുറന്നിരുന്നു എന്നും കാഴ്ച വസ്തുക്കള്‍ മോഷണം പോയി എന്നും മൊഴി കൊടുത്ത പൂജാരി, തന്റെ കടയില്‍ മോഷണ വസ്തുക്കള്‍ വിലക്ക് കൊണ്ടു വന്നിരുന്നു എന്നും താന്‍ അത് പ്രതിയില്‍ നിന്നു വിലക്കെടുത്തു എന്നും മൊഴി കൊടുത്ത തട്ടാന്‍ , പ്രതി സ്ഥിരം മോഷ്ടാവാനെന്നും പലതവണ ജയിലില്‍ കിടന്നിട്ടുണ്ട് എന്ന് രേഖകള്‍ കൊണ്ടു സ്ഥാപിച്ച പോലീസ്സ് ഉദ്യോഗസ്ഥന്‍ തുടങ്ങിയവര്‍ കേസ്സിലെ സാക്ഷികളാണ്. കോടതി ഉച്ചക്ക് ഒരു മണിക്ക് പിരിഞ്ഞപ്പോള്‍ പ്രതിയുമായി പോലീസുകാരന്‍ വരാന്തയില്‍ വന്നു. അല്പം കഴിഞ്ഞപ്പോള്‍ അന്ന് രാവിലെ വിസ്തരിച്ച് കഴിഞ്ഞ ഒരു സാക്ഷിയും ഒരു ചെറുപ്പക്കാരിയും ഒരുകുഞ്ഞും വരാന്തയില്‍ കാണപ്പെട്ടു. പ്രതി മോഷണ വസ്തു തന്റെ കടയില്‍ കൊണ്ടു വന്നു എന്നും താന്‍ അത് വിലക്ക് എടുത്തു എന്നും മൊഴി കൊടുത്ത തട്ടാന്‍ ആയിരുന്നു അത്.ബെഞ്ച് ക്ലാര്‍ക്ക് വരാന്തയിലേക്ക്‌ നോക്കാനും അതായിരുന്നു കാരണം. തട്ടാന്റെ മൊഴി വളരെ കൃത്യം ആയിരുന്നു.ചീഫില്‍ അയാള്‍ മണി മണി പോലെ കാര്യങ്ങള്‍ പറഞ്ഞു. പ്രതി ഭാഗം വക്കീലിന്റെ ( പ്രതിക്ക് സ്വന്ത നിലയില്‍ വക്കീലിനെ വെയ്ക്കാന്‍ കഴിവില്ലാത്തതിനാല്‍ സര്‍ക്കാര്‍ ചിലവില്‍ നിയമിച്ച ഒരു വക്കീലായിരുന്നു അത്) ക്രോസ്സില്‍ തട്ടാന്‍ പതറിയുമില്ല . അയാളുടെ മൊഴി കൊണ്ടു മാത്രം പ്രതി ശിക്ഷിക്കപ്പെടും എന്ന് കരുതാം. ആ തട്ടാനാണ് പ്രതിയെ കാണാന്‍ വന്നിരിക്കുന്നത്. പ്രതിയുടെ ഭാര്യയും കുഞ്ഞുമാണ് അടുത്ത് നില്ക്കുന്നത് എന്ന് മനസ്സിലായി. ആ കൊച്ചു കുഞ്ഞിനെ കയ്യിലെടുത്തു ഏങ്ങലടിച്ചു കൊണ്ടു പ്രതി സാക്ഷിയോട് ചോദിച്ചു "ഞാന്‍ ഒരു തെറ്റും നിങ്ങളോട് ഇതു വരെ ചെയ്തിട്ടില്ലല്ലോ മേസ്തിരീ പിന്നെന്തിനാണ് നിങ്ങള്‍ ഈ പച്ചക്കള്ളം എനിക്കെതിരെ മൊഴി കൊടുത്തത്" തട്ടാന്‍ എന്ത് പറയുന്നു എന്ന് ബെഞ്ച് ക്ലാര്‍ക്ക് ആകാംക്ഷയോടെ നോക്കി."എന്റെ പൊന്നനിയാ നീ ഒരു സാധനവും എന്റെ കടയില്‍ കൊണ്ടു വന്നിട്ടുമില്ല എനിക്ക് വിറ്റിട്ടുമില്ല പക്ഷെ ഇനിയും വേറൊരു കേസിലും ഇതു പോലെ ഞാന്‍ മൊഴി കൊടുക്കാന്‍ നിര്‍ബന്ധിതനാണ്. ഞാന്‍ അത് ചെയ്തില്ലെങ്കില്‍ ഏതെങ്കിലും കേസ്സില്‍ മോഷണ മുതല്‍ വാങ്ങി എന്നും പറഞ്ഞു പോലീസുകാര്‍ എന്നെ
അകത്താക്കും.. എന്റെ മണ്ടത്തരത്തിന് പണ്ടു ഒരു സാധനം ഞാന്‍ ഒരുത്തന്റെ കയ്യില്‍ നിന്നും വാങ്ങിച്ചു പോയി ആ കേസ്സ് ഒതുക്കി തന്നതിന്റെ പ്രതിഫലമാണ് എന്നെ ഇങ്ങിനെ മൊഴി പറയിപ്പിക്കുന്നത്."പ്രതിയുടെ നേരെ കൈ കൂപ്പിയാണ് തട്ടാന്‍ ഇതു പറഞ്ഞതു.അപ്പോള്‍ പ്രതി തട്ടാനോട് ഒരു ചോദ്യം ചോദിച്ചു.അയാള്‍ മനസ്സു ഉരുകിയാണ് അത് ചോതിച്ചതെന്നു വ്യക്തം "മുകളിലെ കോടതിയില്‍ ഉടയ തമ്പുരാന്റെ മുമ്പിലും നിങ്ങള്‍ ഇങ്ങിനെ മൊഴി കൊടുക്കുമോ"തട്ടാന്റെ മറുപടി മറ്റൊന്നായിരുന്നു".നിന്നോട് മാപ്പു പറയാനാണ് ഞാന്‍ ഇവിടെ കയറി വന്നത് എന്നെ നീ ശപിക്കരുത്." പ്രതി, യുവതി ആയ ഭാര്യെയും കുഞ്ഞിനെയും ചൂണ്ടി കാണിച്ചു ഇങ്ങിനെ ചോദിച്ചു."ഞാന്‍ ജെയിലില്‍ പോയാല്‍ ഇവരുടെ കാര്യം ആര് നോക്കും" അതിന് മറുപടി പറഞ്ഞതു അപ്പോള്‍ അവിടെ കയറി വന്ന പോലീസുകാരനാണ്. "അവളെ നാട്ടുകാര് നോക്കി കൊള്ളും " ആ പോലീസുകാരന്റെ മുഖം അടച്ചു ഒരു അടി കൊടുക്കാനാണ് ബെഞ്ച് ക്ലാര്‍ക്കിനു തോന്നിയത്. താന്‍ പറഞ്ഞ തമാഷ്‌ ആര്‍ക്കും ഇഷ്ടപെട്ടില്ല എന്ന് അവിടെ നിന്നവരുടെ മുഖഭാവം കൊണ്ടു മനസ്സിലാക്കി അയാള്‍ ഉടനെ അധികാരം നടപ്പില്‍ വരുത്തി."മതി മതി പുന്നാരം പറച്ചിലും കുംബസ്സാരവും ഇറങ്ങ് ഇവിടെ നിന്നും" തിരിഞ്ഞു നോക്കി നോക്കി ആ യുവതിയും കുഞ്ഞും കൂട്ടത്തില്‍ തട്ടാനും ഇറങ്ങി പോയി. നമുക്കു ഈ കഥ ചുരുക്കാം .ഹാജരാക്കിയ തെളിവുകളുടെയും സാക്ഷി മൊഴികളുടെയും പ്രോസിക്യൂട്ടെരുടെ വാദത്തിന്റെയും അടിസ്ഥാനത്തില്‍ പ്രതി കുറ്റക്കാരന്‍ എന്ന് കണ്ടു ഒന്നര വര്ഷം തടവിനു പ്രതിയെ ശിക്ഷിച്ചു. (കോടതിക്കഥകള്‍ thudarunnu)

Tuesday, May 26, 2009

ഇതു കോടതിക്കഥകള്‍ (ഭാഗം ഒന്നു)

പ്രതികള്‍ നാലുപേര്‍ .ഒന്നു ഒരു പെണ്‍കുട്ടി.പത്തൊമ്പത് വയസ്സ്.ബാക്കി മൂന്നു ആണ്‍കുട്ടികള്‍ എല്ലാം ഇരുപതിന് അടുത്ത് വരും. കുറ്റം : ഒഴിച്ചിട്ടിരുന്ന ട്രെയിനില്‍ ആരും ഇല്ലാത്ത കംബാര്ടുമെന്റില്‍ കയറി യാത്രക്കാര്‍ക്ക് അറപ്പുംവെറുപ്പും ഉളാവാക്കുംവിധം ബഹളം വെച്ചും പെരുമാറിയും ശല്യം ഉണ്ടാക്കി. ഒരു പെറ്റികേസ്സ് മാത്രം. കേസ്സ് എടുത്തപ്പോള്‍ തന്നെ മജിസ്ട്രേട്ട് ഈ കേസ്സ് ഫയല്‍ ചെയ്ത റെയില്‍വെ സംരക്ഷണ സേനയോട് ചോദിച്ചു."യാത്രക്കാര്‍ക്ക് അറപ്പും വെറുപ്പും ഉണ്ടാവാന്‍ ഒഴിഞ്ഞ കംബാര്റ്റ്‌ മെന്റ് ആയിരുന്നല്ലോ?ട്രെയിന്‍ മാറ്റി ഇട്ടതായിരുന്നല്ലോ " സംരക്ഷണ സേന തല ചൊറിഞ്ഞു."അത് സാര്‍ ഇങ്ങിനെ ഒഴിച്ചിട്ട ട്രെയിനില്‍ കയറുന്നത് കുറ്റകരമാണ്". "അപ്പോള്‍ കുറ്റം അത് മാത്രം;അറപ്പും വെറുപ്പിന്റെയും പ്രശ്നമില്ല." മജിസ്ട്രേട്ട് പിറുപിറുത്തു. "കുറ്റപത്രം വായിച്ചത് കേട്ടോ;മനസ്സിലായോ?" പ്രതികളോട് മജിസ്ട്രേറ്റിന്റെ ചോദ്യം "കേട്ടു മനസ്സിലായി"ഉത്തരം ".അതില്‍ പറയുന്ന കുറ്റം ചെയ്തിട്ടുണ്ടോ?" വീണ്ടും ചോദ്യം .പ്രതികള്‍ നാല്പേരും സേനക്കാരെന്റെമുഖത്തേക്ക് നോക്കി.എന്ത് ഉത്തരം കൊടുക്കണം എന്ന് അറിയാന്‍.സംരക്ഷണ സേന തലകുലുക്കിയത് മജിസ്ട്രേട്ട് ഇടം കണ്ണില്‍ കൂടി കണ്ടു. കുറ്റം സമ്മതിച്ചു പിഴ അടച്ചു പോ പിള്ളാരെ എന്ന് വ്യംഗം. അങ്ങിനെ വിട്ടാല്‍ പറ്റില്ലല്ലോ എന്നചിന്ത മജിസ്ട്രേറ്റിനു ഉണ്ടായി."നിങ്ങളുടെ വീട് എവിടെയാണ്"പെണ്‍കുട്ടിയോട് മജിസ്ട്രേട്ട് ചോദിച്ചു."തകഴി ആലപ്പുഴക്ക് അടുത്ത്" വീട് എവിടെ? ആണ്‍ കുട്ടികളോട് ആയിരുന്നു ആ ചോദ്യം "ഒലവക്കോട്" ആണ്‍കുട്ടികളുടെ മറുപടി. പാലക്കാടിന് സമീപം. തകഴിയും പാലക്കാടും തമ്മില്‍ എങ്ങിനെ ഘടിപ്പിച്ചു എന്നായി മജിസ്ട്രേറ്റിന്റെ ചിന്ത"എന്ത് ജോലി ? പെണ്‍കുട്ടിയോട് വീണ്ടും ചോദിച്ചു. തുണി കടയില്‍ സെയില്‍സ്‌ ഗേള്‍ ആണ് എന്നായിരുന്നു മറുപടി. ഒരു പന്തി ഇല്ലായ്മ. സൂര്യ നെല്ലി പോലെ വല്ലതും ആണോ.റെയില്‍വേ സേനയെ മാറി നിര്‍ത്തി കോടതിക്ക് കാവല്‍ നിന്ന ലോക്കല്‍ പോലീസുകാരനെ വിളിച്ചു വിശദ വിവരേം തിരക്കാന്‍ കോടതി ഇടപാട് ചെയ്യുന്നു. അല്‍പ നേരം കഴിഞ്ഞു വിശദ വിവരം കിട്ടി. ആണ്‍കുട്ടികളില്‍ (ഇയാളെ ഒന്നാമന്‍ എന്ന് വിളിക്കാം) ഒരാളും പെണ്‍കുട്ടിയും പതിവായി മിസ്സയില്‍ വിടുന്നവരും മിസ്സയില്‍ സ്വീകരിക്കുന്നവരും ആണ്. "മിസ്സയിലോ"? മജിസ്ട്രേട്ട് അന്തം വിട്ടു. "സാര്‍ മിസ്സയില്‍ എന്ന് വെച്ചാല്‍ മിസ്കാള്‍. ചുമ്മാ ഇവര്‍ ഏത് എങ്കിലും നമ്പരുകളില്‍ മിസ്കാള്‍ ലക്‌ഷ്യം ഇല്ലാതെ വിട്ടു കൊണ്ടിരിക്കുകയും ഇതേ സ്വഭാവത്തില്‍ ഉള്ളവര്‍ അയക്കുന്നതും സ്വന്തം മൊബൈലില്‍ വരുന്ന മിസ്കാള്‍ നമ്പരുകളില്‍ തിരിച്ചു വിളിക്കുകയും ചെയ്യും.ഒരേ തൂവല്‍ പക്ഷികള്‍ ആണെങ്കില്‍ ബന്ധം പൂത്തു ഉലയും. മിസ്കാള്‍ കൊത്തുന്നവര്‍ വല്യപ്പന്മാരോ വല്യമ്മമാരോ ആണെങ്കില്‍ സോറി പറഞ്ഞു തടി രക്ഷിക്കും ഇതെല്ലാം ഇപ്പോഴത്തെ പിള്ളാരുടെ ഒരു കളിയാ സാറേ " പോലീസുകാരന്‍ ഈ കളി കുറെ കണ്ടിരിക്കുന്നു. "ഈ കേസില്‍..."? ഈ കേസില്‍ പെണ്‍കുട്ടി ഒരു മിസ്സൈല്‍ വിട്ടു. ഒന്നാമന്‍ അത് സ്വീകരിച്ചു. കുറച്ചു നാള്‍ മൊബൈലില്‍ ബന്ധം പൂതുലഞ്ഞപ്പോള്‍ തമ്മില്‍ കാണാന്‍ ഒരു ആശ. സ്ഥലവും സമയവും നിച്ചയിച്ചു. എര്ണാകുളം റെയില്‍വേ സ്റ്റേഷന്‍ പരസ്പരം തിരിച്ചു അറിയാന്‍ ധരിക്കുന്ന വേഷം അറിയിക്കുന്നു. പക്ഷെ ഇതിനിടയില്‍ ഒരു വ്യാകരണ പിശക് പറ്റി. ഒന്നാമന്‍ സ്വന്തം കൂട്ടുകാരോട് തന്റെ മിസ്സയില്‍ പ്രക്ഷേപണ രഹസ്യം പറയുന്നു. പക്ഷെ യാത്രയില്‍ അവരെ പങ്കു ചേര്‍ത്തില്ല. ഇവന്റെ യാത്ര മണത്തു അറിഞ്ഞ കൂട്ടുകാര്‍ ട്രെയിനില്‍ രഹസ്യമായി പിന്തുടര്‍ന്ന്. അതും ഒരു സാഹസികത എന്ന് കൂട്ടികൊളിന്‍. എറണാകുളം എത്തി മിസ്സയില്‍ രണ്ടും കൂട്ടിമുട്ടി. സ്വൈരമായിരിക്കാന്‍ ഒഴിഞ്ഞു കിടക്കുന്ന ട്രയിന്‍ ശരണം. കംബാര്ടു മെന്റില്‍ കയറി പ്രാരംഭ നടപടികളിലേക്ക് കടന്നപ്പോള്‍ കൂട്ടുകാര്‍ രണ്ടു പേരും പ്രത്യക്ഷരായി.ഒന്നാമന്‍ കൂട്ടുകാരോട് ദേഷ്യപ്പെട്ടു. സ്വര്‍ഗത്തിലെ കാട്ടാനകള്‍! അവന്മാരും വിട്ടില്ല."ഈ കളി ഞങ്ങളോട് വേണ്ട എല്ലാറ്റിലും ഞങ്ങള്‍ക്കും ഷെയറ് തരണം" ആകെ ബഹളമായി. നിര്‍ഭാഗ്യത്തിനു റെയില്‍വെ സംരക്ഷണ സേനക്കാര്‍ അതിലെ വന്നു.പെണ്‍കുട്ടി ഉള്‍പ്പടെ നാല് പേരെയും പിടികൂടി പെറ്റി കേസ്സ് എടുത്തു കോടതിയില്‍ ഹാജരാക്കി. കഥ കേട്ട മജിസ്ട്രേട്ട് വിരട്ടി. "എല്ലാവരുടയും രക്ഷിതാക്കളെയും വിളിക്കുക" "പൊന്നു സാറേ എന്റെ കല്യാണം അടുത്ത ആഴ്ചയാ കൂട്ടുകാരനോട് യാത്ര പറയാന്‍ വന്നതാണേ"പെണ്‍ കുട്ടി ഒറ്റ കരച്ചില്‍. "മേലില്‍ മിസ്സൈല്‍ വിടുമോ?" വിടില്ലേ" ഒരു കോറസ് പോലെ ആയിരുന്നു മറുപടി ".മര്യാദക്ക് ജീവിക്കുമോ"? ജീവിക്കാമേ" വീണ്ടും കോറസ്സ്. ആണ്‍കുട്ടികള്‍ക്ക് പിഴയും പെണ്‍കുട്ടിക്ക് താക്കീതും ശിക്ഷ വിധിച്ചു. പിഴ ഒടുക്കിയപ്പോള്‍ പ്രതികളെ വിട്ടയച്ചു.
പക്ഷെ മജിസ്ട്രേറ്റിന്റെ തലയില്‍ മറ്റൊരു മിസ്സയില്‍ ആയിരുന്നു. കാരണം അന്ന് രാവിലെ ഇളയ മകന് ഒരു മൊബൈല്‍ വാങ്ങി കൊടുത്തിരുന്നു.ഇതേ പ്രായത്തില്‍ ഉള്ളവന്‍. ഇനി അവനും വല്ല മിസ്സയിലും....കാലം ഇതല്ലേ ! ഗുണത്തിന് ചെയ്യുന്നത് എല്ലാം ദോഷമായി ഭാവിക്കുന്ന കാലം!!!
(കോടതിക്കഥകള്‍ ഇനിയും തുടരും...)

Wednesday, May 13, 2009

വൈദ്യുതി ക്ഷാമം തീരണോ?

കേരളത്തില്‍ പണ്ടു ഉണ്ടായിരുന്ന എല്ലാ നട വഴികളും റോഡ്‌ ആയി.പഞ്ചായത്ത് വാര്‍ഡ്‌ പ്രതിനിധികള്‍ അവരവരുടെ വാര്‍ഡുകളിലെ റോഡുകളില്‍ തെരുവ് വിളക്കുകളുംസ്ഥാപിച്ചു.ഈ വിളക്കുകളുടെ സ്വിച്ച് /ഫ്യൂസ് അതാതു ഭാഗത്തെ ഏതെങ്കിലും വീടുകളില്‍ ഏല്പിച്ചു ലൈന്‍മാന്‍ തടി ഊരി. ആ വീടിലെ ആള്‍ക്കാരുടെ സൗകര്യം അനുസരിച്ചാണ് പിന്നീട് വിളക്ക് കത്തുകയും അണയുകയും ചെയ്യുന്നത്.ഇതു എപ്പോള്‍ കത്തുന്നു എപ്പോള്‍ അണയുന്നു എന്നൊന്നും വൈദുതി വകുപ്പ് അറിയുന്നില്ല. രാവിലെ നടക്കാന്‍ ഇറങ്ങുന്നവര്‍ പതിവായി കാണുന്ന ഒരു കാഴ്ചയാണ് ഈ ഇടവഴികളിലെ ലൈറ്റുകള്‍ നേരം എത്ര പുലര്‍ന്നാലും കത്തി കിടക്കുന്നത്.(പാതിരാത്രി വരെ ടീവിയും കണ്ടു ഇരിക്കുന്നവര്‍ എത്ര മണിക്ക് ഉണരും എന്ന് സങ്കല്‍പ്പിക്കുക) മഴക്കാലത്താണ് ഏറെ കഷ്ടം. അന്ന് ലൈറ്റ്‌ അണയുന്നത്അപൂര്‍വമാണ്. നനഞ്ഞു നില്ക്കുന്ന പോസ്റ്റിലെ ഫ്യൂസ് ഊരാന്‍ ആരും മിനക്കെടാറില്ല.ഓരോ ഇടവഴികളിലെയും ശരാശരി രണ്ടു ലൈറ്റുകള്‍ വെച്ചു കണക്കുകൂട്ടി കേരളത്തിലെ ഇപ്രകാരം അണക്കാത്ത വിളക്കുകള്‍ക്കു ചിലവാകുന്ന കറണ്ട് എത്ര വേണ്ടി വരും എന്ന് ആലോചിക്ക്.

ഇനി മറ്റൊരു രംഗം. സര്‍ക്കാര്‍ ഓഫീസിലെ വൈദ്യുതി പാഴാക്കലാണ് . ആളില്ലാത്ത കസേരകള്‍ക്ക് മുകളിലെ

ഫാനും ലൈറ്റിനും വേണ്ട കറണ്ട് എത്ര ആണ്.ഉച്ചക്ക് ആഹാര സമയത്തും കാപ്പികുടി നേരത്തും എഴുനേറ്റു പോകുമ്പോള്‍ കൃത്യമായി ഫാനും ലൈറ്റും പ്രവര്‍ത്തനം ഇല്ലാതാക്കി പോകുന്നവര്‍ വളരെ കുറവാണ്. രണ്ടാം ശനിയാഴ്ച പിന്തുടരുന്ന വെള്ളിയാഴ്ചകളില്‍ വൈകുന്നേരം കറണ്ട് പോയിട്ടുണ്ട് എങ്കില്‍ അത് കണക്കില്‍ എടുക്കാതെ ബാഗും എടുത്തു വണ്ടി പിടിക്കാന്‍ പായുന്നവര്‍ പലപ്പോഴും സ്വിച്ച് ഓഫ് ചെയ്യാറില്ല.ഫലം ആഫീസും അടച്ചു അവര്‍ പോയി കഴിയുമ്പോള്‍ കറണ്ട് വരും .തിങ്കളാഴ്ച രാവിലെ വരെ ആ ഫാനും ലൈറ്റുകളും ആര്‍ക്കും പ്രയോജനം ഇല്ലാതെ പ്രവര്‍ത്തിച്ച്‌ കൊണ്ടേ ഇരിക്കും.(ആഫീസുകളിലെ രാത്രി ഡ്യൂട്ടിക്കാര്‍ അവരുടെ വീടുകളില്‍ ആണല്ലോ അവധി ദിവസങ്ങളില്‍ ജോലി നോക്കുന്നത്) കേരളത്തിലെ ആഫീസുകളില്‍ ഇപ്രകാരം പാഴാക്കി കളയുന്ന കറണ്ട് എത്രമാത്രം ആണെന്ന് ആരെങ്കിലും കണക്കു എടുത്തിട്ടുണ്ടോ? കാറില്‍ സഞ്ചരിക്കുന്ന മന്ത്രി കാല്നടയില്‍ സഞ്ചരിച്ചാല്‍ ഇതെല്ലാം തിരിച്ചറിയും.

കേരളീയര്‍ സ്വാര്‍ഥതയുടെ പ്രതീകങ്ങള്‍ ആണ്.ഇപ്രകാരമുള്ള ദേശീയ നഷ്ടങ്ങളെ അവര്‍ നിസ്സംഗരായിനിന്നു കാണും. നമുക്കു എന്ത് വേണം എങ്ങിനെയോ തുലയട്ടെ എന്ന മട്ട് . വൈദ്യുതീ ക്ഷാമം എന്ന് കൂവി വിളിക്കാതെ ഉള്ള കറണ്ട് പാഴാകാതെ നോക്കാന്‍ ആദ്യം ശ്രമിക്കുക.

Tuesday, May 12, 2009

ആത്മബലി

മനുഷ്യരിലും മൃഗങ്ങളിലും പൊതുവായി കാണുന്ന വികാരങ്ങളില്‍ ഒന്നാണ് മാതൃ സ്നേഹം .സ്വന്തം ജീവന്‍ കൊടുത്തും കുഞ്ഞിനെ സംരക്ഷിക്കുക. പ്രപഞ്ചത്തിലെ ജീവന്റെ നില നില്‍പ്പ് തന്നെ ഇതിനെ ആശ്രയിച്ചിരിക്കുന്നു.
ഒരു പൂച്ച പതിവായി വീട്ടില്‍ വന്നു കൊണ്ടിരുന്നു. പൂച്ചയെ ഒരിക്കലും ഇഷ്ടപ്പെടാത്ത ഭാര്യ അതിനെ കാണുമ്പോള്‍ അടിച്ച് ഓടിക്കും. എങ്കിലും അടുക്കള വാതില്‍ക്കല്‍ വന്നിരുന്നു ദയനീയമായി പൂച്ച ഞങ്ങളെ നോക്കി ഇരിക്കും . അത് ഗര്‍ഭിണി ആണെന്നും ഞങ്ങള്‍ക്ക് മനസ്സിലായി. " അത് ഇവിടെ പെറ്റാല്‍ കുഞ്ഞുങ്ങളെ വീടിനകത്ത് കൊണ്ടുവരും " എന്നും ഭാര്യ ഭയപ്പെട്ടു. ഭയന്നതു പോലെ സംഭവിച്ചു. പൂച്ച അടുക്കളയോട് ചേര്‍ന്നവരാന്തയുടെ മൂലയില്‍ കുഞ്ഞുങ്ങളുമായി പ്രത്യക്ഷപ്പെട്ടു. കണ്ണ് വിരിയാത്ത കുഞ്ഞുങ്ങള്‍.പൂച്ചക്ക് ആഹാരം പതിവാക്കിയ ഞാന്‍ ഉള്‍പ്പടെ ഉള്ളവരെ ഭാര്യ കുറ്റപ്പെടുത്തി. പക്ഷെ കണ്ണ് വിരിയാത്ത കുഞ്ഞുങ്ങളുമായി പൂച്ചയെ ഓടിച്ചു കളയാന്‍ എല്ലാവര്‍കും മടി. പൂച്ചകുഞ്ഞുങ്ങള്‍ തള്ളയുടെ വയറിനോട് ചേര്‍ന്ന് പാല്‍ കുടിക്കുന്നത് നോക്കി നില്‍ക്കുന്ന വീട്ടിലെ കുഞ്ഞുങ്ങളെയും ഭാര്യ ഓടിച്ചു. നാലാം ദിവസം രാത്രിയില്‍ ശബ്ദം കേട്ടു പുറത്തു ഇറങ്ങി നോക്കിയപ്പോള്‍ നാലഞ്ചു പട്ടികള്‍ ചേര്‍ന്ന് തള്ള പൂച്ചയെ കടിച്ചു കീറുന്നതാണ് കണ്ടത്.വല്ലാത്ത ഒരു രംഗം ആയിരുന്നു അത്. പൂച്ച കുഞ്ഞുങ്ങളെ വരാന്തയിലെ പാത്രങ്ങള്‍ക്ക് ഇടയില്‍ കണ്ടെത്തി. കണ്ണ് പോലും വിരിയാത്ത കുഞ്ഞുങ്ങള്‍. ഇപ്പോള്‍ ഒരുമാസം കഴിഞ്ഞു പൂച്ച കുഞ്ഞുങ്ങള്‍ ഭാര്യയുടെ സംരക്ഷണയിലാണ്. കഴിഞ്ഞ ദിവസങ്ങളില്‍ എല്ലാം അവള്‍ ഫില്ലറില്‍ പാല്‍ നിറച്ചു പൂച്ചകുഞ്ഞുങ്ങള്‍ക്ക് വായില്‍ വെച്ചു കൊടുത്തു.സമയം എടുത്തു ചെയ്യുന്ന പ്രക്രിയ. ആദ്യം ആദ്യം ആ ജീവികള്‍ പ്രതിഷേധിച്ചു. നിരന്തരം കരച്ചില്‍. മൂന്നു കുഞ്ഞുങ്ങളായിരുന്നു. ഒരെണ്ണം ചത്തു.ബാക്കി രണ്ടെണ്ണം ഇപ്പോള്‍ തടിച്ചു കൊഴുത്തു വീടിലെ കുഞ്ഞുങ്ങളുമായി നിരന്തരം കളിയാണ്. ഭാര്യയുടെ വാല്‍സല്യ ഭാജനങ്ങള്‍.തള്ള പൂച്ച ജീവനോടെ ഉണ്ടായിരുന്നെങ്കില്‍ ഇവറ്റകളെ വീടിന്റെ അരികില്‍ അടുപ്പിക്കുക ഇല്ലായിരുന്നു ഭാര്യ.ഒരു പക്ഷെ ആ കുഞ്ഞുങ്ങള്‍ ജീവനോടെ കാണുകയുമില്ലായിരിക്കാം.തള്ള പൂച്ച സ്വന്തം കുഞ്ഞുങ്ങള്‍ക്ക് ആത്മബലി നല്കി അവരെ അതി ജീവിപ്പിക്കണമെന്നുപ്രകൃതി നിച്ചയിചിരുന്നിരിക്കാം.
ഇതു ഇത്രയും ഇവിടെ കുറിച്ചപ്പോള്‍ വളരെ വര്‍ഷങ്ങള്‍ക്കു മുമ്പു നടന്ന സംഭവം ഓര്‍മ വരുന്നു.മലയാള മനോരമ ദിനപ്പത്രത്തിലെ ഒരു വാര്‍ത്ത."ഭ്രാന്തില്ലാത്ത ലോകം കരുണ കാട്ടട്ടെ" എന്നോ മറ്റോ ആയിരുന്നു.കൊട്ടാരക്കരയിലെ തെരുവുകളില്‍ അലഞ്ഞു നടന്ന ഒരു ഭ്രാന്തിയും മൂന്നു കുഞ്ഞുങ്ങളും.മഴയത്തും വെയിലത്തും ആ അമ്മ അവരെ കൊണ്ടു നടന്നു. ഇരന്നു കിട്ടുന്ന ആഹാരം കുഞ്ഞുങ്ങളെ തീറ്റി. സ്കൂളില്‍ പോകുന്ന കുഞ്ഞുങ്ങളെ കൊതിയോടെ മൂത്ത കുട്ടി നോക്കിനില്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. കുഞ്ഞുങ്ങളെ സ്കൂളില്‍ അയക്കുന്നത് ആ അമ്മയ്ക്ക് ഭാവനയില്‍ പോലും ചിന്തിയ്ക്കാന്‍ സാധിക്കില്ലായിരുന്നു. അല്ലെങ്കിലും അവര്‍ക്ക് ചിന്താ ശക്തി ഇല്ലായിരുന്നല്ലോ! ഒരു ദിവസം ആ ഭ്രാന്തി തള്ള കട തിണ്ണയില്‍ മരിച്ചു കിടന്നു. കുഞ്ഞുങ്ങള്‍ നാലുചുറ്റും ഇരുന്നു കരഞ്ഞു. അതിനെ തുടര്‍ന്നാണ്‌ മനോരമയില്‍ ആ വാര്‍ത്ത വന്നത്. വാര്‍ത്ത കണ്ടു അടൂരിലെ ഒരു അനാഥാലയം ആ കുഞ്ഞുങ്ങളെ ഏറ്റു വാങ്ങി. പിന്നെ നടന്നത് അതിശയിപ്പിക്കുന്ന സംഭവങ്ങള്‍ ആണ്. അമേരിക്കയിലെ ഒരു ധനിക ദമ്പതികള്‍ ആ മൂന്ന് കുട്ടികളെയും ദത്ത് എടുത്തു. പണ്ടു ആ ഭ്രാന്തിയെയും കുഞ്ഞുങ്ങളെയും കണ്ടിരുന്നവര്‍ സ്വപ്നത്തില്‍ പോലും കാണാന്‍ സാധിക്കാത്ത ജീവിതമാണ് ആ കുഞ്ഞുങ്ങള്‍ക്ക് കിട്ടിയത്. ഇന്നു അവര്‍ ഏറെ വളര്‍ന്നു കാണും . അമ്മയുടെ ആത്മബലിയിലൂടെ ആ കുഞ്ഞുങ്ങള്‍ രക്ഷ പെട്ടു. ഇന്നത്തെ ജീവിതം ആ കുഞ്ഞുങ്ങള്‍ക്ക് ലഭിക്കാന്‍ ആ അമ്മ മരിക്കേണ്ടിയിരുന്നു.