പരേതർ നിത്യ നിദ്രയിൽ കഴിയുന്ന ആ സ്ഥലത്തേക്ക് ഞാൻ കണ്ണ് മിഴിച്ച് നോക്കിയിരുന്നു. കാരണം അവിടെ നിന്ന് അവൻ എന്നെ നോക്കി ചിരിക്കുന്നത് പോലെയും സുഖമാണോ വാപ്പാ എന്ന് എന്നോട് ചോദിക്കുന്നത് പോലെയും എനിക്ക് തോന്നി. അതെന്റെ വെറും തോന്നലാണെന്ന് എനിക്ക് തിരിച്ചറിയാൻ കഴിയുന്നുണ്ട്. പക്ഷേ അവനെ അവിടെയാണ് അടക്കിയിരിക്കുന്നതെന്ന് എനിക്കറിയാം.
പതിവ് പോലെ പള്ളിയിൽ നോമ്പ് തുറക്കായി ഞാൻ എത്തിയതാണ്. നോമ്പ് തുറക്കായി പള്ളിയിൽ സജ്ജീകരിച്ചിരിക്കുന്ന പന്തലിൽ ഇരുന്നാൽ അൽപ്പം ദൂരെയായി കബറിടങ്ങൾ കാണാൻ കഴിയും. എന്റെ മകനും അതിലൊന്നിൽ ഉറങ്ങുകയാണ്.
സായാഹ്നാന്ത്യവും സന്ധ്യാരംഭവും സമ്മേളിക്കുന്ന ഈ മുഹൂർത്തം മനസ്സിനെ വല്ലാതെ സ്വാധീനിക്കും. പ്രഭാതം ഒരു ദിവസത്തിന്റെ പിറവിയാണ്. സന്ധ്യ ദിവസത്തിന്റെ അന്ത്യവും. അത് കൊണ്ട് തന്നെ സന്ധ്യാ സമയം ഒരു വിഷാദ രാഗം മനസ്സിലേക്ക് ഒഴുകിയെത്തുന്നതിൽ അതിശയമില്ല. അതിനോടൊപ്പം മകനെ അടക്കിയിരിക്കുന്ന ഇടത്തിന്റെ ദർശനവും കൂടി ഉണ്ടായപ്പോൾ മനസ്സ് വല്ലാതെ തരളിതമാകുന്നുണ്ട്. അവൻ യാത്ര പറഞ്ഞ് പോയിട്ട് ഒരു വർഷവും ഒരു മാസവും പതിനൊന്ന് ദിവസവുമായി. എങ്കിലും എനിക്കത് ഇന്നലെയായി അനുഭവപ്പെടുന്നുണ്ട്.
നീല ആകാശത്ത് പഞ്ഞിക്കെട്ട് പോലെ വെളുത്ത മേഘം ഒഴുകി നടക്കുന്നതിൽ ഇപ്പോൾ ആരോ ചോര കലക്കി ഒഴിച്ചത് പോലെ അവിടവിടെ ചുവപ്പ് നിറം കാണുന്നുണ്ട്. ഈ അന്തരീക്ഷത്തിലാണ് എനിക്ക് തോന്നിയത് അവൻ അവിടെ നിന്ന് ചിരിക്കുന്നെന്നും സുഖമാണൊ എന്ന് ചോദിക്കുന്നതെന്നും.
എന്നെ വാപ്പാ എന്ന് ആദ്യം വിളിച്ച മകനാണ്. അവനെ തോളിലിട്ട് എത്രയോ കാലം ഞാൻ പാട്ട് പാടി ഉറക്കിയിരിക്കുന്നു. കാലം സൃഷ്ടിച്ച കാരണങ്ങൾ എന്നിൽ നിന്നും അവനെ അകറ്റാൻ ഇടയാക്കിയപ്പോളും അവൻ ഇളയ സഹോദരനോട് പറഞ്ഞുവത്രേ ! “വാപ്പായുടെ വഴക്ക് കേൾക്കാഞ്ഞിട്ട് ഒരു സുഖവുമില്ലെന്ന് “ ജീവിതമേ അവന് ഒരു തമാശയായിരുന്നല്ലോ. അത് കൊണ്ട് തന്നെയാണല്ലോ ഗുരുതരമായ വൃക്ക രോഗത്തെ അവൻ തമാശയോടെ കണ്ടതും. അസഹനീയമായ വേദന അനുഭവിക്കുമ്പോഴും അവന് എല്ലാം നിസ്സാരമായിരുന്നു. സ്വന്തം മരണം പോലും അവന് ഗുരുതരമല്ലായിരുന്നു.. മരണ ശേഷം ചെയ്യേണ്ട നടപടി ക്രമങ്ങൾ വരെ അവൻ വാട്ട്സ് അപ്പിൽ അയച്ചു തന്നു.
വല്ലാത്ത വേദന എനിക്ക് നൽകിയിട്ടാണ് അവൻ പിരിഞ്ഞ് പോയത്.
നോമ്പ് തുറയുടെ ഈ സമയം മനസ്സ് ഏകാഗ്രമാക്കി ഞാൻ പ്രാർത്ഥിക്കുന്നു.
കരുണാമയനായ നാഥാ! അവന് സ്വർഗം നൾകേണമേ...