Wednesday, October 29, 2025

മെഡിക്കൽ കോളേജ് ഡയറിക്കുറിപ്പ് 29--10--1997

 



 മെഡിക്കൽ കോളേജു ഡയറി കുറിപ്പുകൾ എന്ന എന്റെ പുസ്തകത്തിൽ നിന്നും എടുത്തത്.

ഇന്നേക്ക് 28 വർഷങ്ങൾക്ക് മുമ്പ് മൈനഞിറ്റീസും ബ്രൈൻ അബ്സസുമായി    തിരുവനന്ത പുരം മെഡിക്കൽ കോളെജിൽ അഡ്മിറ്റായി 56 ദിവസം ചികിൽസയിൽ കഴിഞ്ഞിരുന്ന മകൻ സൈഫുവുമായി  അവിടെ കഴിഞ്ഞപ്പോൾ ഉണ്ടായ അനുഭവങ്ങൾ ജീവിതത്തിൽ ഒരിക്കലും മറക്കാനാവില്ല. അത് പിന്നീട് പുസ്തകമായി പ്രസിദ്ധീകരിച്ചു. ആ പുസ്തകത്തിലെ ഇന്നത്തെ തീയതിയിലെ കുറിപ്പാണിത്.

29--10--1997

നഴ്സ്സുമാർ രോഗികളുടെ കിടക്കവിരി നേരെയാക്കുന്നതോടെ മെഡിക്കൽ കോളേജിലെ ജീവനക്കാരുടെ ഡ്യൂട്ടി തുടങ്ങുകയായി.പ്രോഫസ്സറും(ചീഫ്‌ ഡോക്റ്റർ) പരിവാരങ്ങളും സന്ദർശിക്കാൻ വരുന്നതിന്റെ മുന്നോടിയാണതു. എല്ലാ വാർഡിലും ഇപ്രകാരമാണു തുടക്കം. വിരികൾ നേരെ വിരിച്ചു , കേസ്സു ഷീറ്റ്കൾ കട്ടിലിൽ വെയ്ക്കുന്നു. അടുത്തതു സെക്യൂരിറ്റിക്കാരുടെ പ്രകടനമാണു. ഒരു രോഗിക്കു ഒരു കൂട്ടിരിപ്പുകാരൻ/കാരി എന്നാണു കണക്കു. പക്ഷേചില രോഗികൾക്കു തുണക്കു ഒരാൾ മാത്രം മതിയാവില്ല. തീരെ അവശനായ രോഗിയുടെ മൂത്രം പാത്രത്തിലെടുത്തു പുറത്തു കളയാനും മറ്റു അത്യാവശ്യ കാര്യങ്ങൾക്കും ഒരാൾ പുറത്തു പോകുമ്പോൾ മറ്റൊരാളുടെ സാമീപ്യം രോഗിക്കു അവശ്യം ആവശ്യമാണു. ചില രോഗികളെ താങ്ങി ഇരുത്താൻ രണ്ടു ആൾക്കാർ വേണ്ടി വരും. 
കൂട്ടിരിപ്പുകാരെ സെക്യൂരിറ്റിക്കാർ ശത്രുക്കളായി കണക്കാക്കുമ്പോൾ ആ കാഴ്ച്ചപ്പാടു തന്നെയാണു തിരികെ എതിർഭാഗത്തു നിന്നും ഉണ്ടാകുന്നതു.രോഗത്തിന്റെ മൂർദ്ധന്യ ദശയിലാണു മെഡിക്കൽ കോളേജിൽ ഒരു രോഗി പ്രവേശിക്കപ്പെടുന്നതെന്നും ആ കാരണത്താൽ തന്നെ രോഗിയുടെ ബന്ധുക്കൾ ഉൽക്കണ്ഠയും പരിഭ്രമവും കാരണം പെട്ടെന്നു സമനില കൈ വിടുമെന്നും അതിനാൽ സംയമനത്തോടെ പെരുമാറണമെന്നും സെക്യൂരിറ്റിക്കാർ മനസ്സിലാക്കാത്തതിനാൽ ഇവിടെ വഴക്കും വാക്കു തർക്കവും സാധാരണമാണു.
രാവിലെ സെക്യൂരിറ്റിക്കാർ പറ്റമായി വന്നു ഒന്നിലധികം കൂട്ടിരുപ്പുകാരെ പുറത്തേക്കു ആട്ടിതെളിക്കുന്നു.ഡോക്ടര്‍ വരുമ്പോൾ ആൾക്കൂട്ടം ഉണ്ടാകാതിരിക്കാനാണു ഇപ്രകാരം ചെയ്യുന്നതു.പതിവു പോലെ ഇന്നു രാവിലേയും അവർ വെട്ടു കിളി കൂട്ടം പോലെ വന്നു. മകന്റെ തലയിൽ തലോടിക്കൊണ്ടിരുന്ന അവന്റെ അമ്മയോടു കട്ടിലിൽ ഇരുന്നതിനു അവർ കയർത്തു. വരാന്തയില്‍ നിന്നിരുന്ന ഞാൻ ഓടിയെത്തി. ആരെങ്കിലും ഒരാൾ പുറത്തു പോകണമെന്നായി സെക്യൂരിറ്റിക്കാരൻ. ഡോക്ടര്‍ പരിശോധനയ്ക്ക്‌ വരുമ്പോള്‍ വിവരങ്ങള്‍ പറയാന്‍ ഞാൻ അവിടെ ഉണ്ടാകണം. അമ്മ അടുത്തു നിന്നു പോകുന്നതിന്റെ പ്രയാസം മകന്റെ മുഖത്തു ഞാൻ കണ്ടു.
"പുറത്തു പോകാൻ പറഞ്ഞതു കേട്ടില്ലേ" എന്നു സുരക്ഷാ സൈന്യം ഭാര്യയോടു കയർത്തു. ഞാൻ ഏതു സ്ഥാപനത്തിൽ ജോലി ചെയ്യുന്നെന്നും എന്റെ ജോലി എന്താണെന്നും ഞാൻ അയാളോടു പതുക്കെ പറയുകയും അൽപ്പം ദയവു കാണിക്കാൻ അപേക്ഷിക്കുകയും ചെയ്തു. "നിയമത്തിന്റെ കാര്യം അപ്പോൾ സാറിനെ പറഞ്ഞു മനസ്സിലാക്കണ്ടല്ലോ " എന്നായി അയാൾ . ഒരു അയവുമില്ലാത്ത പെരുമാറ്റം കണ്ടപ്പോൽ ദേഷ്യവും സങ്കടവും എന്നിൽ പതഞ്ഞു പൊന്തി. മകന്‍ മെനൈഞ്ചിറ്റിസ്‌ രോഗിയാണെന്നും അവന്റെ അമ്മ സമീപം ഇരിക്കേണ്ടത് അത്യാവശ്യമാണെന്നും പറഞ്ഞപ്പോള്‍
"എങ്കിൽ നിങ്ങൾ പുറത്തു പോകണമെന്നു" അവർ ആവശ്യപ്പെട്ടു. അവരുടെ അംഗ സംഖ്യ കൂടിവന്നു. രംഗം കൊഴുത്തതോടെ മറ്റു രോഗികളുടെ ശ്രദ്ധ ഇങ്ങോട്ടായി. അൽപ്പം പോലും കരുണയില്ലാത്ത പെരുമാറ്റം. ഭാര്യ പതുക്കെ വരാന്തയിലേക്കു നടന്നു. പലയിടങ്ങളിൽ നിന്നും സെക്യൂരിറ്റിക്കാർ തെളിച്ചു കൊണ്ടു വന്നു വരാന്തയിൽ നിർത്തിയിരുന്ന ആൾക്കൂട്ടത്തിൽ അവളും പെട്ടു. ആൾക്കൂട്ടത്തെ മൊത്തമായി സെക്യൂരിറ്റിക്കാർ തെളിച്ചു പുറത്തേക്കു കൊണ്ടു പോയി. കൂടെ അവളും പോയി.രോഗം ഗുരുതരമായി ബാധിച്ചു തലതിരിക്കാൻ പോലും കഴിയാത്ത മകനെ വിട്ടുമാറാൻ എനിക്കു കഴിഞ്ഞില്ല.അവന്റെ രോഗവിവരം ഡോക്റ്ററോടു വിശദമായി പറയാൻ ഞാൻ അവിടെ ഉണ്ടായേ മതിയാകൂ. മെഡിക്കൽ കോളേജിലോ സമീപപ്രദേശങ്ങളിലോ യാതൊരു മുൻ പരിചയവുമില്ലാത്ത എന്റെ ഭാര്യ പുറത്തു പോയി എവിടെ നിൽക്കുമെന്നു ഞാൻ ഭയന്നു. 
ഞെട്ടലോടെ മറ്റൊരു കാര്യം അപ്പോൾ ഓർത്തു. അകത്തു കടക്കാൻ ഉപയോഗിക്കേണ്ട പാസ്സു എന്റെ കയ്യിലാണു. പാസ്സില്ലതെ അവൾ തിരികെ എങ്ങിനെ അകത്തു കയറും. ഉച്ച കഴിഞ്ഞാൽ പൊതുജനങ്ങൾക്കു സന്ദർശനത്തിനു നൽകുന്ന വിലകൊടുത്തു വാങ്ങാവുന്ന പാസ്സു കിട്ടുന്നതു വരെ അപരിചിതമായ സ്ഥലത്തു അവൾ നിൽക്കേണ്ടി വരും. ഏതു ഗേറ്റിൽ കൂടി അകത്തു കടക്കണമെന്നു അവൾക്കറിയില്ല. പലനിലകളിലായി വരാന്തകളും ഇടനാഴികളും കൂടിക്കലർന്ന ആശുപത്രിക്കെട്ടിടത്തിൽ എത്ര അലഞ്ഞു തിരിഞാലാണ് ഒന്നാം വാര്‍ഡ് കണ്ടെത്തുക.വീടും അടുക്കളയും കുട്ടികളുമായി മാത്രം കഴിഞ്ഞിരുന്ന അവളുടെ പരിഭ്രമം ഞാന്‍ മനസ്സില്‍ കണ്ടു .സെക്യൂരിറ്റിക്കാരുടെ നിര്‍ദേശ പ്രകാരം ഞാന്‍ പുറത്ത് പോയാല്‍ മകന്റെ അടുത്ത് നിന്നു ഡോക്ടറോട് രോഗവിവരം അവള്‍ക്ക് കഴിയില്ല. അതിനാലാണ് ഞാന്‍ ഇവിടെ നിന്നത് .
സെക്യൂരിറ്റിക്കാരുടെ പട അകന്നകന്നു പോയി. പല കൂട്ടിരുപ്പുകാരും തിരിച്ചെത്തി തുടങ്ങി. ഭാര്യയെ മാത്രം കണ്ടില്ല. അപ്പോഴേക്കും പ്രോഫസ്സറും പരിവാരങ്ങളും എത്തി ചേർന്നു. വാർഡിന്റെ അങ്ങേത്തലക്കൽ നിന്നും ഒരോ രോഗിയേയും പരിശോധിച്ചു പതുക്കെ വരുകയാണു. അവർ പെട്ടെന്നു ഇവിടെ വന്നെങ്കിൽ എന്നു ഞാൻ ആശിച്ചു. സൈഫു വീണ്ടും മയക്കത്തിലായി.അവന്റെ വായ്ക്കു ചുറ്റും വന്നിരുന്ന ഈച്ചകളെ ഞാൻ ഓടിച്ചു. അവൻ വല്ലതെ മെലിഞ്ഞിരിക്കുന്നു.
പ്രോഫസ്സറോടു എന്റെ ദുഃഖങ്ങൾ പ്രകടിപ്പിക്കാൻ ഞാൻ ഭയന്നു. ഇന്നലെ ഉണ്ടയ അനുഭവം എനിക്കു ഒരു താക്കീതാണു. ഇരുവശത്തെയും കട്ടിലുകളിലെ കേസ്സു ഷീറ്റുകൾ പരിശോധിച്ചു രോഗികളോടു വിവരങ്ങൾ ചോദിച്ചു വരുന്ന ഡോക്ടര്‍ ചില കട്ടിലുകൾക്കു സമീപം കൂടുതൽ സമയമെടുക്കുന്നതു ഞാൻ കണ്ടു. എന്റെ തിടുക്കം കണ്ടതു കൊണ്ടാവാം അടുത്ത കട്ടിലിലെ കൂട്ടിരുപ്പുകാരി എന്നോടു പറഞ്ഞു.
"അതു ഡോക്റ്ററുടെ രോഗിയാണു." 
എല്ലാ രോഗികളും ഡോക്റ്ററുടേതല്ലേ ഞാൻ തിരക്കി.
അതിനു അവർ പറഞ്ഞ മറുപടി പുതിയൊരറിവായിരുന്നു.മെഡിക്കൽ കോളേജു ആശുപത്രിയിൽ അഡ്മിറ്റു ആകുന്നതിനു മുമ്പു ഈ ആതുരാലയത്തിലെ ഏതെങ്കിലും ഡോക്റ്ററെ വീട്ടിൽ ചെന്നു കണ്ടു ഫീസ്സു കൊടുത്തിരിക്കണം. അങ്ങിനെ ഡോക്റ്ററെ പോയി കാണുന്ന രോഗികളെ സ്വന്തം രോഗികളായി കണ്ടു ഡോക്റ്ററന്മാർ ചികിൽസിക്കും. പക്ഷേ ആശുപത്രിയിൽ ഏതെങ്കിലും ഡോക്റ്റർ മുഖേനെ അല്ലാതെ പ്രവേശനം നേടുകയും അഡ്മിഷനു ശേഷം ഡോക്റ്റരെ കണ്ടു ഫീസ്സു കൊടുക്കാൻ ശ്രമിക്കുകയും ചെയ്‌താല്‍ പല ഡോക്ടറന്മാരും ഫീസ്സു വാങ്ങാറില്ല. (പൊടി പുരട്ടിയ നോട്ടുകളെ ഭയന്നാണു) ഫീസ്സു കൊടുക്കാത്ത രോഗിയെ ഒരു ഡോക്റ്ററും ശരിയായ രീതിയിൽ നോക്കില്ല. ഒന്നുകിൽ എല്ലാവരും വ്‌ന്നു നോക്കി പോകും അല്ലെങ്കില്‍ ആരും നോക്കില്ല. എല്ലാവരും നോക്കുന്നതു ആരും വന്നു നോക്കാത്തതിനു തുല്യമാണു.പരിശോധിക്കാൻ വരുമ്പോൾ വെറുമൊരു വഴിപാടു പോലെ വന്നു നോക്കി പോകും. സൈഫുവിന്റെ ആശുപത്രി അഡ്മിഷൻ പെട്ടന്നായതു കാരണം എനിക്കു ഒരു ഡോക്റ്ററേയും കാണാൻ സാധിച്ചില്ല.
ഞങ്ങളുടെ അയൽ രോഗിയുടെ കൂട്ടിരിപ്പുകാരി പറഞ്ഞതു ശരിയാണെന്നു എനിക്കു ബോദ്ധ്യപ്പെട്ടു. പ്രോഫസ്സറും പരിവാരങ്ങളും സൈഫുവിന്റെ കട്ടിലിനു സമീപം വന്നു കേസ്സു ഷീറ്റു പരിശോധിച്ചു. അവന്റെ തല നെഞ്ചിലേക്കു വളച്ചു നോക്കി ദണ്ഡു കൊണ്ടു കാലിൽ തട്ടുകയും ചുരണ്ടുകയും ചെയ്തു. പരിശോധന തീർന്നു. സൈഫു തല വളക്കുന്നിതിനടയില്‍ ഞെട്ടി ഉണർന്നു. അവൻ ഡോക്റ്ററുടെ മുഖത്തും എന്റെ മുഖത്തും മാറി മാറി നോക്കി. ഡോക്റ്റർ എന്നോടു ഒന്നും ചോദിച്ചില്ല. ഞാൻ അവന്റെ രോഗവിവരത്തെപ്പറ്റി അന്വേഷിക്കാൻ ആരംഭിക്കുമ്പോഴേക്കും സംഘം അവിടെ നിന്നു നീങ്ങി കഴിഞ്ഞിരുന്നു. ഇതെന്തു പരിശോധന! ഞാൻ സ്വയം ചോദിച്ചു. ഒരുപക്ഷേ പരിശോധന ഇപ്രകരം മതിയായിരിക്കും. അവർ എല്ലാദിവസവും ഇതു കാണുന്നതല്ലേ.എന്റെ ഉൽക്കണ്ഠ അവർക്കു ഉണ്ടാകണമെന്നില്ല.ഞാൻ സ്വയം സമാധാനിക്കാൻ ശ്രമിച്ചു.
മകൻ അവ്യക്തമായി എന്തോ പറഞ്ഞു. ഞാൻ മുഖം താഴ്ത്തി എന്താണെന്നു ചോദിച്ചു.
"കടുവാ" അവൻ പറഞ്ഞു. നേരിയ ഒരു പുഞ്ചിരി അവന്റെ ക്ഷീണിച്ച മുഖത്തു വന്നു പോയി.എനിക്കു മനസ്സിലായില്ല. ചോദ്യ ഭാവത്തിൽ അവനെ നോക്കിയപ്പോൾ അവൻ പതുക്കെ പറഞ്ഞു.
"ഡോക്റ്റർക്കു കടുവാ എന്നു പേരിടാം"
ഡോക്റ്ററുടെ മീശയും മുഖത്തെ ഭാവവും ചീറി നിൽക്കുന്ന സ്വഭാവവും ഒരു കടുവയെപ്പോലെ അവനു തോന്നിച്ചു. ഈ ഗുരുതരാവസ്ഥയിലും അവന്റെ തമാശ പറച്ചിൽ നിലനിൽക്കുന്നല്ലോ എന്നു കണ്ടപ്പോൽ ചിരിക്കാനും കരയാനും എനിക്കു തോന്നി. ചെറുപ്പം മുതൽക്കേ ഇപ്രകാരം തമാശ പറയുന്നതിൽ വിരുതനായിരുന്നല്ലോ അവൻ. ആൾക്കാർക്കു പേരിടുന്നതിൽ അവൻ മിടുക്കനായിരുന്നു.
അവന്റെ കണ്ണുകൾ നാലു ചുറ്റും പരതി. ഉമ്മ......?
ഞാൻ ധർമ്മസങ്കടത്തിലയി. അവനെ വിട്ടുപോകാൻ മടി. അവന്റെ ഉമ്മ എവിടെ മാറി നിൽക്കുന്നു എന്നും അറിയില്ല. ചുരുങ്ങിയ വാക്കുകളിൽ സെക്യൂരിറ്റിക്കാരുടെ കാര്യം അവനോടു പറഞ്ഞു. എങ്കിലും ഉമ്മയെ കാണാത്തതിലുള്ള നിരാശ അവന്റെ മുഖത്തു പ്രകടമായിരുന്നു. ഭാഗ്യവശാൽ അപ്പോൾ സലി )എന്റെ ബന്ധുവും നഴിംഗ് കോളേജിലെ ട്യൂട്ടറുമാണവൾ )അതു വഴി വന്നു. ഞാൻ വിവരങ്ങൾ പറഞ്ഞപ്പോൾ അവൾ പെട്ടെന്നു പുറത്തേക്കു പോയി. കുറച്ചു സമയത്തിനുള്ളിൽ ഭാര്യയുമായി തിരിച്ചെത്തി. മെഡിക്കൽ കോളേജു പരിസരത്തു എവിടെയോ ഒരു മരത്തിനു താഴെ കരയുന്ന മുഖത്തോടെ നിസ്സഹായാവസ്ഥയിൽ ഇരുന്ന അവളെ കണ്ടെത്തി സലി കൊണ്ടു വരുകയായിരുന്നു. ആശ്വാസമായി.
അടുത്ത ബെഡ്ഡുകാരി സെക്യൂരിറ്റിക്കാരുടെ ഉപദ്രവം മറി കടക്കാനുള്ള ചില ഉപായങ്ങൾ പറഞ്ഞു തന്നു. നാളെ അതു നടപ്പിൽ വരുത്തണം.
( മെഡിക്കൽ കോളേജു ഡയറി തുടരുന്നു....അടുത്ത ദിവസങ്ങളിലേക്കു......)



Wednesday, October 22, 2025

സിനിമ ഗാനങ്ങളിലൂടെയുള്ള പ്രണയം

കഴിഞ്ഞ ദിവസം റ്റി.വി പ്രോഗ്രാമിലൂടെ പഴയ ഒരു ഹിന്ദി  ഗാനം   കേൾക്കാനിടയായി. റാഫി  പാടിയ  ആ ഗാനം  ഒരു  ചെറുപ്പക്കാരൻ മധുരമായി  ആലപിച്ചപ്പോൾ  ഇത്രയും  വർഷങ്ങൾക്ക്  ശേഷവും ആ  പാട്ടിന്റെ  മാസ്മരികത മനസ്സിനെ  സ്വാധീനിക്കുന്നല്ലോ    എന്ന്   അതിശയിച്ച്  പോയി.  പ്രോഗ്രാമിൽ  പങ്കെടുത്ത യുവതലമുറ  ആ  പാട്ടിൽ ലയിച്ച്  പോയതായി  കാണപ്പെട്ടു.  "ഹൃദയത്തിൽ  തൊട്ട പാട്ട്"  എന്ന്  ഗാനം  കേട്ട്കൊണ്ടിരുന്ന  ഒരു  വിധികർത്താവ്  ഉരുവിട്ടപ്പോൾ  മറ്റുള്ളവർക്ക്  അതേറ്റ്  പറയേണ്ടി വന്നു.

ബഹാരോം  ഫൂലു ബർസാവോ
മേരാ  മഹ്ബൂബ്  ആയാഹേ
മേരാ...മെഹ്ബൂബ്  ആയാഹേ......
മുഹമ്മദ്  റാഫിയുടെ  സ്വര മാധുരിയിലൂടെ ഞങ്ങളുടെ  തലമുറ  കൗമാര  പ്രായത്തിൽ ആ ഗാനം മനസ്സിലേറ്റി  നടന്നിരുന്നു.

അതേ! ഞങ്ങളുടെ  തലമുറക്ക് കൗമാരത്തിലും  യൗവ്വനത്തിലും മനസ്സിലേറ്റാൻ  അങ്ങിനെ ഒരു പിടി  സിനിമാ ഗാനങ്ങളുണ്ടായിരുന്നു;  ഹിന്ദിയിലും  മലയാളത്തിലും  തമിഴിലുമായി  ഞങ്ങൾ  അതേറ്റ്  പാടി. ഞങ്ങൾക്ക്  മുമ്പുള്ള  തലമുറയും ആ  കാര്യത്തിൽ  ഭാഗ്യം  ചെയ്തവരായിരുന്നു. എന്റെ ബാപ്പയും  കൊച്ചാപ്പായും അവരുടെ  തലമുറയും  "സോജാ  രാജകുമാരിയിലും"  ദുനിയാ കേ  രഖ്  വാലയിലും  "  അലിഞ്ഞ്  ചേർന്നിരുന്നല്ലോ!.  അവരുടെ  അനന്തര  തലമുറയായ  ഞങ്ങളുടെ    കൗമാര കാലത്തും  മധുര ഗാനങ്ങൾ  പെയ്തിറങ്ങിയെങ്കിലും  ഇന്നത്തെ  തലമുറക്ക്  ആ ഭാഗ്യം  കൈ വന്നിട്ടില്ലാ   എന്ന്   ദു:ഖത്തോടെ  സമ്മതിക്കേണ്ടി  വരുന്നു.     
ഞങ്ങളുടെ  കൗമാരകാല  പ്രണയങ്ങൾ  ആഘോഷത്തോടെ  കൊണ്ടാടുവാൻ  തക്ക വിധം  അർത്ഥസമ്പുഷ്ടിയുള്ള  ഗാനങ്ങൾ  സുലഭമായിരുന്നു.. ഇന്നും  ആ ഗാനങ്ങൾ  കേൾക്കുമ്പോൾ  ഞങ്ങളുടെ  പ്രണയവും  പ്രണയഭംഗവും  സിനിമയിലെന്ന വണ്ണം ഞങ്ങളുടെ  മനസ്സിലൂടെ  ഇരമ്പി  പായാൻ തക്കവിധം അവ  ഞങ്ങളെ  സ്വാധീനിച്ചിരുന്നു.

വീട്ടിൽ  നിന്നും  പുറത്തേക്കിറങ്ങുമ്പോൾ  ഞങ്ങളെ  നോക്കി  നിൽക്കുന്ന  അയല്പക്കത്തെ  കാമിനിയെ  നോക്കി    " അയലത്തെ  സുന്ദരീ  അറിയാതെ  വലക്കല്ലേ,  അപരാധമൊന്നും  ഞാൻ  ചെയ്തില്ലല്ലോ"  എന്ന്   നീട്ടി  പാടാൻ  മൂട് പടം  എന്ന  ചിത്രത്തിൽ  മധു പാടി  അഭിനയിച്ച  ഗാനം  ഉപകാരപ്പെട്ടിരുന്നു.  

വീട്ടുകാരുടെ  കണ്ണ് വെട്ടിച്ച്  " ഓട്ടക്കണ്ണിട്ട്  നോക്കും  കാക്കേ, തെക്കേ  വീട്ടിലെന്ത്  വർത്താനം  കാക്കേ"  എന്ന്  ഞങ്ങൾ  ചോദ്യ  രൂപത്തിൽ  പാടുമ്പോൾ  "പൂവാലനായി  നിൽക്കും  കോഴീ,  ഇപ്പോൾ  കൂവിയതെന്താണ്  കോഴീ"  എന്ന്  അവൾക്ക്  മറുപടി  പറയാൻ  തക്കവിധം  നീലീ  സാലീ    എന്ന  മലയാളത്തിലെ ആദ്യ  തമാശ  ചിത്രത്തിലെ  ഗാനം  ആണിനും  പെണ്ണിനും  അന്ന് പരുവപ്പെട്ട്  കിട്ടിയിരുന്നു. അല്ലെങ്കിൽ  "നാൻ  പേശ  നിനപ്പതെല്ലാം  നീ പേശ വേണ്ടും എന്ന  തമിഴ് പാട്ട് (പാലും  പഴവും)  കാമുകൻ  പാടുമ്പോൾ  "നാളോടും  പൊഴുതോടും  ഉരൈവാര വേണ്ടും,  നാനാകെ   വേണ്ടും മ് മ് മ്  "  എന്ന്  അവൾക്ക്  മറുപടി  പറയാനും  സാധിച്ചിരുന്നു.

ഈ  അനുരാഗ നദിക്ക്  വിഘ്നം  നേരിടുന്ന  വിധത്തിൽ  കാമുകിയുടെ  പിതാവ്  വഴിയിൽ  വെച്ച്   കാമുകനെ  മീശ  വിറപ്പിച്ച്  വിരട്ടുകയോ   മറ്റോ  ചെയ്യുമ്പോൾ    ആ വിവരം  കാമുകിയെ അറിയിക്കാൻ
"കൊല്ലാൻ  നടക്കുന്നു കൊമ്പുള്ള  ബാപ്പാ
കൊല്ലാതെ  കൊല്ലുന്നു  ബമ്പത്തി മോള്
ബല്ലാത്തതാണെന്റെ  കല്യാണ  കോള്
പൊല്ലാപ്പിലായി  മുസീബത്ത് ഞാനു് "
എന്ന് "സുബൈദാ" സിനിമയിൽ  ബഹദൂർ പാടി  അഭിനയിച്ച  പാട്ട് കോഡ് ഭാഷയായി  പ്രയോഗിക്കാൻ  ഞങ്ങൾക്ക്  സാധിക്കുമായിരുന്നു..

കാമുകനോടുള്ള  അനുരാഗം  ഉച്ചസ്ഥായിയിലെത്തുമ്പോൾ  കാമുകനെ  നോക്കി  കാമുകി,
വെളുക്കുമ്പം  കുളിക്കുവാൻ  പോകുന്ന  വഴിവക്കിൽ
വേലിക്കൽ നിന്നവനേ!
കൊച്ച് കിളിച്ചുണ്ടൻ  മാമ്പഴം കടിച്ചു കൊണ്ടെന്നോട്
കിന്നാരം പറഞ്ഞവനേ! "
എന്ന്  ഉറക്കെ പാടുവാൻ കുട്ടിക്കുപ്പായം  സിനിമാ കാമുകിക്ക് ധൈര്യം കൊടുത്തപ്പോൾ  നേരം  വെളുത്ത് കഴിഞ്ഞ് വെയിൽ  ദേ! അവിടെ  വന്നടിച്ചാലും  ഉണരാത്ത  ഇന്നത്തെ  തലമുറക്ക് പുഴയും കുളിയും വേലിയും  അന്യമായിരിക്കുന്നു എന്ന്  മാത്രമല്ല കിളൂച്ചുണ്ടൻ  മാങ്ങാക്ക്  പകരം ഐസ്ക്രീം  നക്കി തിന്നാൻ  മാത്രമാണ് അവർ പരിശീലിക്കപ്പെട്ടിരിക്കുന്നത് എന്ന്കൂടി  പറഞ്ഞാലേ  ചിത്രം  പൂർത്തിയാകൂ.

സ്കൂളിൽ  പുതുതായി വന്ന കാമിനിയെ കൂടുതൽ പരിചയപ്പെടാൻ  കഴിയാതെ വരുകയും  എന്നാൽ  അവളോടുള്ള  പ്രിയം  വർദ്ധിച്ച്  വരുകയും അത് അവളെ  അറിയിക്കേണ്ട  ആവശ്യം  വന്ന്  ചേരുകയും  ചെയ്താൽ " അനുരാഗ ഗാനം പോലെ അഴകിന്റെ അലപോലെ, ആര് നീ, ആര്  നീ ദേവതേ!"എന്ന്  ഞങ്ങൾ  ആലപിച്ച് "ഉദ്യോഗസ്ഥ" സിനിമാ പ്രയോജനപ്പെടുത്തി.

അടുത്ത വീട്ടിലെ  ഞങ്ങളുടെ  സുന്ദരിയായ കാമുകിയെ അന്നത്തെ ദിവസം  പുറത്തൊന്നും  കാണാതിരിക്കുകയും  ഹേമന്ത യാമിനി തൻ  പൊൻ വിളക്ക് പൊലിയാറാകുകയും  മാകന്ദ ശാഖകളിൽ രാക്കിളികൾ മയങ്ങാറാവുകയും  എന്നിട്ടും     എന്തേ  കന്യകേ നീ വരാത്തേ!െന്ന്  മനസ്സ് വ്യാകുലപ്പെടുകയും  ചെയ്യുമ്പോൾ
താമസമെന്തേ  വരുവാൻ പ്രാണ സഖീ എന്റെ  മുന്നിൽ
താമസമെന്തേ  അണയാൻ
പ്രേമമയീ, എന്റെ  കൺ  മുന്നിൽ
താമസമെന്തേ  വരുവാൻ.....
എന്ന്  ഹൃദയത്തിൽ  തട്ടി  പാടാനായി  പ്രസിദ്ധമായ  ആ ഗാനം  പി. ഭാസ്കരനും  ബാബുക്കായും  കൂടി  ബഷീറിന്റെ  ഭാർഗവീ നിലയത്തിലൂടെ  ഞങ്ങൾക്ക്  നൽകിയത്  ഒരു  വരപ്രസാദമായാണ്  ഞങ്ങൾക്ക്  അന്ന്  അനുഭവപ്പെട്ടത്.

കാമുകി  വലിയ വീട്ടിലെ  കൊച്ച് തമ്പുരാട്ടി  ആകുകയും കാമുകൻ അധസ്ഥിതിക്കാരനാകുകയും  ചെയ്താൽ  ഞങ്ങൾ  "പരീക്ഷയിലെ" പ്രാണസഖീ ഞാൻ  വെറുമൊരു  പാമരനാം  പാട്ടുകാരൻ,  ഗാനലോക വീഥികളിൽ വേണു ഊതും  ആട്ടിടയൻ"  എന്ന  പാട്ടോ രമണനിൽ രാഘവൻ  മാഷ്  ഈണമിട്ട" വെള്ളി നക്ഷത്രമേ  നിന്നെ  നോക്കീ  തുള്ളി തുളുമ്പുകയന്യേ,  മാമക  ചിത്തത്തിലെന്നും ഇല്ലാ മാദക വ്യാമോഹമൊന്നും"  എന്ന  വരികളോ  അവളുടെ  ചെവികളിൽ 
മന്ത്രാക്ഷരങ്ങളായി മൂളുമായിരുന്നല്ലോ .

കൗമാരം  യവ്വനത്തിലേക്ക് കടക്കുകയും  പ്രണയം  എട്ടരക്കട്ടയിൽ തന്നെ  മൂളിക്കൊണ്ടിരിക്കുകയും  ചെയ്തുവെങ്കിലും  വിധി  ഞങ്ങളിലെ  കാമുകന് നിരാശ  മാത്രം  നൽകി   കാമുകിയെ  മറ്റൊരാളുമായി  വിവാഹ  ബന്ധത്തിലേർപ്പെടുത്തുകയും  ചെയ്തു. അപ്പോൾ  ഞങ്ങൾ  "അനുരാഗ നാടകത്തിൻ അന്ത്യമാം  രംഗം  തീർന്നു,   അരങ്ങിതിൽ  ആളൊഴിഞ്ഞു  കാണികൾ  വേർപിരിഞ്ഞു '  എന്ന  നിണമണിഞ്ഞ കാല്ൽപ്പടുകളിൽ  ഉദയഭാനു  പാടിയ  ദുഖം ഇറ്റ്  വീഴുന്ന  വരികൾ  കണ്ണീരൊലിപ്പിച്ച്  ആലപിക്കുകയും  കാമുകി  ഭർതൃഗൃഹത്തിലേക്ക്  യാത്രയാവുമ്പോൾ  വിവാഹിതയിലെ ,
സുമംഗലീ  നീ  ഓർമ്മിക്കുമോ
 സ്വപ്നത്തിലെങ്കിലും ഈ ഗാനം,
ഒരു ഗദ്ഗ്ദമായി  മനസ്സിൽ  അലിയും
  ഒരു  പ്രേമ കഥയിലെ  ദു:ഖഗാനം
  എന്നതോ  അല്ലെങ്കിൽ ഹൃദയം ഒരു  ക്ഷേത്രം  എന്ന ചിത്രത്തിലെ
  മംഗളം  നേരുന്നു  ഞാൻ
 മനസ്വിനി മംഗളം  നേരുന്നു  ഞാൻ 
 എന്ന  ഗാനമോ   പ്രയോജനപ്പെടുത്തുമായിരുന്നു. 
ആ  അവസ്ഥയിൽ പാടാനായി  ഞങ്ങൾക്ക് മറ്റൊരു  കിടിലൻ  ഈരടികൾ  സിനിമാഗാനമായി  ലഭിച്ചിരുന്നു  എന്ന കാര്യം  കൂടി  പറഞ്ഞ് വെക്കട്ടെ.
എല്ലാ ദു:ഖവും  എനിക്ക്  തരൂ
 എന്റെ  പ്രിയ  സഖീ നീ പോയ് വരൂ
..............മധുവിധു നാളുകൾ  മാദക നാളുകൾ
മദനോൽസവമായി  ആഘോഷിക്കൂ 
എല്ലാ ദു:ഖവും  എനിക്ക് തരൂ എന്റെ പ്രിയ സഖീ പോയി വരൂ.

ഈ ഗാനങ്ങളെല്ലാം ഞങ്ങളുടെ  കൗമാരത്തെയും  യൗവ്വനത്തേയും  അതിന്റേതായ  മാദകഭാവത്തിൽ അനുഭവിക്കാൻ തക്കവിധം  സഹായിച്ചിരുന്നു. അന്ന് ഗൾഫ് പ്രവാസം  ആരംഭിക്കുന്നതിന് മുമ്പ് ബോംബൈ  ആയിരുന്നു  പ്രവാസികളുടെ  പറുദീസാ. അവിടെ  നിന്നു  ഹൃദയത്തിൽ  തട്ടി  "മാമലകൾക്കപ്പുറത്ത്  മരതക പട്ടുടുത്ത് മലയാളമെന്നൊരു  നാടുണ്ട് " എന്ന്  പാടുകയും  "വീടിന്റെ  ഉമ്മറത്ത് വിളക്കും  കൊളുത്തി എന്റെ വരവും  കാത്തിരിക്കുന്ന  പെണ്ണുണ്ട്"  എന്ന  വരികളിലെത്തുമ്പോൾ  അറിയാതെ  കണ്ണ്   നിറയുകയും  ചെയ്തിരുന്നു  എന്നത്  ഇന്ന്  ഗൾഫ് പ്രവാസികൾക്ക്  അനുഭവമുള്ള  വസ്തുതയാണ്. നിണമണിഞ്ഞ  കാൽപ്പാടുകൾ എന്ന  ചിത്രത്തിലേതായിരുന്നു ആ ഗാനം.  

തീവ്രമായ ഏകാന്തത  ഞങ്ങളെ ഉമ്മാച്ചുവിലെ   "ഏകാന്ത  പഥികൻ  ഞാൻ" എന്ന  വരികളോ  ഭാർഗവീ നിലയത്തിലെ  "ഏകാന്തതയുടെ  അപാര തീരം " എന്ന  ഈരടികളോ   പാടിക്കുകയും  ചിലപ്പോൾ  ഞങ്ങളിലെ  കാമുകൻ  മണൽ പരപ്പിൽ മലർന്ന്  കിടന്ന്  പതിനാലാം രാവിലെ  പൂർണ ചന്ദ്രൻ അന്തരീക്ഷത്തെ പാൽക്കടലിൽ  കുളിപ്പിക്കുന്നത് കണ്ട് " പതിനാലാം രാവുദിച്ചത് മാനത്തോ  കല്ലായി കടവത്തോ" എന്ന  മരം സിനിമയിലെ  ഗാനമോ " മാനസ  മൈനേ  വരൂ  മധുരം  കിള്ളി  തരൂ" എന്ന   ചെമ്മീൻ ചിത്രത്തിലെ ഗാനമോ  ആലപിക്കുകയും  ചെയ്യുമായിരുന്നു.

പ്രണയം  പൂത്തുലയുകയും  വിധി  ഞങ്ങളെ  വിവാഹത്തിൽ  കൊണ്ടെത്തിക്കുകയും  ചെയ്താൽ   തന്നെയും  അപ്പോഴും   ഞങ്ങൾക്കായി  സിനിമാ ഗാനങ്ങൾ  ഒരുങ്ങി  നിന്നു.ആദ്യ രാത്രിയെ പറ്റി  ഓർത്തപ്പോൾ  ഞങ്ങളുടെ  തലമുറയിലെ  പെൺകൊടി  മൂലധനം  എന്ന  ചിത്രത്തിലെ വരികൾ   പാടി." പുലരറായപ്പോൾ  പൂങ്കോഴി  കൂവിയപ്പോൾ  പുതുമണവാളനൊന്നുറങ്ങിയപ്പോൾ".   എന്റെ  കൗമാരത്തിൽ  ആദ്യം  ഈ  പാട്ട് കേട്ടപ്പോൾ എന്റെ  ബാപ്പയും  ഉമ്മായും  അടുത്തുണ്ടായിരുന്നു.  ഉമ്മായോട്  ബാപ്പാ അന്നൊരു  ചോദ്യം  ചോദിച്ചു " ഒന്നുറങ്ങിയപ്പോൾ....അപ്പോൾ  ആ പഹയൻ  അത് വരെ  എന്ത്  ചെയ്യുകയായിരുന്നു.."  
ഉമ്മാ ഞാൻ  അവിടെ  ഇരിക്കുന്നു  എന്ന്  കൺ  കോൺ  കൊണ്ട്  വാപ്പായെ  ഓർമ്മപ്പെടുത്തിയപ്പോഴും  എനിക്ക്  കാര്യം  പിടി  കിട്ടിയില്ലായിരുന്നു.  പിന്നെ  എത്രയോ  വർഷങ്ങൾക്ക്  ശേഷമാണ്  ആ "ഒന്നുറങ്ങിയപ്പോൾ"  എന്നതിന്റെ   അർത്ഥവ്യാപ്തി  എനിക്ക് പിടി  കിട്ടിയത്.  ഒറ്റ  വാക്കിലൂടെ  ആശയ പ്രവാഹം സൃഷ്ടിക്കാൻ  കഴിവുള്ളവരായിരുന്നല്ലോ  അന്നത്തെ ഗാന രചയിതാക്കൾ.

വിവാഹം കഴിഞ്ഞ്  ഭാര്യ ഗർഭിണി ആകുമ്പോൾ " വിരുന്നു  വരും   വിരുന്ന്  വരും  പത്താം  മാസത്തിൽ  എന്ന  കുട്ടിക്കുപ്പായ ഗാനം  ഞങ്ങൾക്ക്  സന്തോഷകരമായിരുന്നു.  തറവാട്ടമ്മയിലെ  "കന്നിയിൽ  പിറന്നാലും   കാർത്തിക  നാളായാലും  കണ്ണിന്  കണ്ണായ്  തന്നെ  ഞാൻ  വളർത്തും" എന്ന  ഗാനവും  ആ  അവസ്ഥയിൽ   ഞങ്ങൾക്ക്   സ്നേഹ മന്ത്രധ്വനികളായി  അനുഭവപ്പെട്ടിരുന്നു.
കഴിഞ്ഞ് പോയ  ആ നല്ല  നാളുകളിലെ  പ്രണയവും  പ്രണയഭംഗങ്ങളേയും  കുറിച്ച്  ഓർമ്മിച്ച്  " എന്റെ  കടിഞ്ഞൂൽ  പ്രണയ  കഥയിലെ  സുന്ദരീ  നിന്നെയും  തേടീ...."  എന്ന്  വർഷങ്ങൾക്ക് ശേഷം  ഉൾക്കടലിലെ  പാട്ട് പാടുമ്പോൾ  ഉള്ളിൽ  ഉണ്ടാകുന്ന  അനുഭൂതി പറഞ്ഞറിയിക്കാനാവില്ലല്ലോ!. 

 ഇനിയുമെത്രയെത്ര  മധുരം  കിനിയുന്ന  ഗാനങ്ങൾ...പറഞ്ഞാലും  പറഞ്ഞാലും  തീരാത്ത  അവയുടെ  ലാവണ്യ  ഭാവങ്ങൾ!!!  ഭൂതകാലത്തിന്റെ  സിന്ദൂരച്ചെപ്പിൽ  നിന്നും  ആ പഴയ ഗാന  ശകലങ്ങൾ  നമ്മളെ  തേടി  വന്ന് മനസ്സിനെ  തൊട്ട്  നിൽക്കുമ്പോൾ  ആ കാലത്തെ  വ്യക്തികളും  സംഭവങ്ങളും  മറ്റ്  എല്ലാ സ്മരണകളും  നമ്മളെ  തരളിത ഹൃദയരാക്കുമ്പോൾ  അറിയാതെ  മൂളി  പോകുന്നു:-
മധുരിക്കുന്നോർമ്മകളേ! മലർ  മഞ്ചൽ കൊണ്ട് വരൂ
കൊണ്ട്  പോകൂ  ഞങ്ങളെ  ആ മാഞ്ചുവട്ടിൽ...മാഞ്ചുവട്ടിൽ...

Tuesday, October 14, 2025

നിർദ്ധനന് ജീവിക്കേണ്ടേ?

 നെഞ്ച് വേദന അനുഭവപ്പെട്ടതിനെ തുടർന്ന്   മകൻ സൈലുവിനെ കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്തു.  മെഡിക്കൽ കോളേജിലെ  വിദഗ്ദ്ധ ഡോക്ടറെ കാണിച്ചു. വിശദമായ  പരിശോധനക്ക് ശേഷം  മകന് ബ്ളോക്ക് ഉണ്ടെന്നും  ആഞിയോ പ്ളാസ്റ്ററി  നടത്തണമെന്നും അദ്ദേഹം  അഭിപ്രായപ്പെട്ടു. ഡോക്ടറെ വർഷങ്ങളായി എനിക്ക് പരിചയമുള്ളതിനാലും  അദ്ദേഹത്തിന്റെ ചികിൽസാ  വൈദഗ്ദ്ധ്യത്തിൽ പൂർണ വിശ്വാസം ഉള്ളതിനാലും  ഞങ്ങൾ ആയതിന് സമ്മതിച്ചു. എന്നാൽ അതിന് വേണ്ടി വരുന്ന ചെലവുകളെ പറ്റി  അദ്ദേഹം പറഞ്ഞപ്പോഴാണ് സാമ്പത്തിക ബുദ്ധിമുട്ട് അനുഭവപ്പെടുന്ന  സൈലുവിന്  അത്രയും സാമ്പത്തിക ചെലവുകൾ നേരിടാൻ കഴിയുമോ എന്ന ശങ്ക ഞങ്ങൾക്ക് ഉണ്ടായത്. സർക്കാർ ആശുപത്രി  ആണെങ്കിൽ തന്നെയും  ആഞ്ജിയോ പ്ളാസ്റ്ററിയെ തുടർന്ന് നെഞ്ചിൽ സ്ഥാപ്ക്കേണ്ട സ്റ്റൻടിന്റെ വില  രോഗി തന്നെ കണ്ടെത്തണം. അത് വലിയ തുകയുമാണ് സൈലുവിന് ഇൻഷുറൻസ് പരി രക്ഷ ഉണ്ടെങ്കിലും  സർക്കാർ മെഡിക്കൽ കോളേജിൽ കാരുണ്യാ പദ്ധതി ഒഴികെ മറ്റ്  ഇൻഷുറൻസുകൾ സ്വീകാര്യമല്ലാ എന്ന വിവരം ഡോക്ടർ  പറഞ്ഞു.. കാരുണ്യാ പദ്ധതിയുടെ വരുമാന പരിധിക്ക് പുറത്താണ്  സൈലുവിന്റെ റേഷൻ കാർഡിൽ കാണിച്ചിരിക്കുന്ന  വരുമാനം. ഞങ്ങൾ നിരാശരായി..

മഹാകാവി ഇക്ബാലിന്റെ  ഈരടികൽ മനസ്സിലേക്ക് ഓടിയെത്തി. ഒന്നുകിൽ പണക്കാരനാകണം അല്ലെങ്കിൽ പാവപ്പെട്ടവനാകണം. . എന്നാൽ മദ്ധ്യ അവസ്ഥയിൽ ഉള്ളവാനായാൽ അവന്റെ ഗതി അധോഗതിയാണ്. പൈസാ ഉള്ളവന് അവന്റെ പൈസാ ഉപയോഗിക്കാം. പാവപ്പെട്ടവന് സഹായത്തിന് കൈ നീട്ടി കാര്യം തേടാം. മദ്ധ്യ സ്ഥിതി ഉള്ളവന് പണവുമില്ല  അഭിമാനത്താൽ തെണ്ടാനും പറ്റില്ല..

എന്തായാലും മകന്റെ ചികിൽസ ഉടനെ നടന്നേ മതിയാകൂ. അങ്ങിനെ സൈലുവിന്റെ ഇൻഷുറൻസ് കമ്പനിയായ മണിപ്പാൽ സിഗ്മാ { പേര് കൃത്യമായി ഓർമ്മ വരുന്നില്ല) ഇൻഷുറൻസ് പരിരക്ഷ പദ്ധതി സ്വീകരിക്കുന്നതും ഹൃദയ രോഗ ചികിൽസയിൽ വൈദഗ്ദ്ധ്യം ഉള്ളതും അത് ഉടനെ നടപ്പിൽ വരുത്തുന്നതുമായ  ആശുപത്രികളെ പറ്റിയുള്ള അന്വേഷണം ചെങ്ങന്നൂർ കെ.എം.സി. ആശുപത്രിയിൽ  ഞങ്ങളെ എത്തിച്ചു. കൊട്ടാരക്കരയിൽ നിന്നും 50 കിലോ മീറ്റർ ദൂരത്തിലുള്ള ആ ആശുപത്രിയിൽ  സൈലുവുമായി ഞങ്ങൾ എത്തി വിശദ വിവരങ്ങൾ തിരക്കിയപ്പോൾ തൃപ്തികരമായ  മറുപടി കിട്ടിയതിനാൽ  മകനെ അവിടെ അഡ്മിറ്റ് ചെയ്തു, കഴിഞ്ഞ ദിവസം  ആഞ്ജിയോ ഗ്രാമ് നടത്തിയപ്പോൾ രണ്ട് ബ്ളോക്കുകൾ ഉണ്ടെന്ന നിരീക്ഷണത്താൽ ഉടനെ തന്നെ ആഞ്ജിയോ പ്ളാസ്റ്ററിയും നടത്തി. ഡോക്ടർ മധു പൗലോസിന് നന്ദി. വിദഗ്ദ്ധമായി അദ്ദേഹം ആ കർമ്മം ചെയ്തുവെന്ന്  ഞങ്ങൾക്ക് ബോദ്ധ്യമായി. ബിൽ തുക ഒരു ലക്ഷത്തി എഴുപത്തി നാലായിരം തുക. 

ഇനിയാണ് കാര്യങ്ങളുടെ രസകരമായ പുരോഗമനം സംഭവിക്കുന്നത്. ബന്ധപ്പെട്ട ഇൻഷുറൻസ്കാർക്ക് ഡിസ്ചാർജ് ദിവസം  ആശുപത്രിയിൽ നിന്നും ക്ളൈം  അനുവദിച്ച് കിട്ടാൻ കടലാസ്സുകൾ  അയച്ചു.  ഇൻഷുറൻസ് നിയമ പ്രകാരം ഞങ്ങളുടെ  അപേക്ഷ വഹിക്കത്തക്കതല്ല  എന്നും ആയതിനാൽ അത് നിരസിക്കുന്നു എന്നുമായിരുന്നു ഇൻഷുറൻസ്കാരുടെ മറുപടി. കാരണം അന്വേഷിക്കാനും പിന്നെയും മറുപടി അയക്കാനുമുള്ള മാനസിക നിലയിലല്ലായിരുന്നു ഞങ്ങൾ.  മകനെ ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്തു വീട്ടിൽ കൊണ്ട് വരണം. അതായിരുന്നു ഞങ്ങളുടെ ലക്ഷ്യം.  അതിന് വേണ്ടി നെട്ടോട്ടം ഓടി അവസാനം തുക  എങ്ങിനെയെല്ലാമോ മറിച്ചു ആശുപത്രിയിലടച്ചു പിറ്റേ ദിവസം സൈലുവിനെ. ഡിസ്ചാർജ് ചെയ്തു  വീട്ടിലെത്തിച്ചു.ഇൻഷുറൻസ്കാരുടെ പുറകേ പോകാൻ മകൻ വക്കീലിനെ ചുമതലപ്പെടുത്തി.

ഈ കുറിപ്പുകളിലൂടെ എന്റെ ചോദ്യം   പൈസാ രൊക്കം കയ്യിലില്ലാത്ത ഒരു പാവപ്പെട്ടവൻ ഈ അവസ്ഥയിൽ എന്ത് ചെയ്യും എന്നാണ്. പൈസാ കയ്യിൽ ഇല്ലാത്തവനും ഇൻഷുറൻസ് പദ്ധതിയിൽ ചേർന്നിട്ടില്ലാത്തവനുമായ ഒരു നിർദ്ധനന് ഒരു പരിഹാരവും കണ്ടെത്താനാകാതെ കഷ്ടപ്പാടിനെ നേരിടാനേ കഴിയൂ. 

താലൂക്ക് ഹെഡ്ക്വാർട്ടേഴ്സിൽ  സ്ഥിതി ചെയ്യുന്ന ആശുപത്രികളിലെങ്കിലും  ഇപ്രകാരമുള്ള  അവസ്ഥയിൽ എത്തുന്ന രോഗികൾക്ക് ചികിൽസാ സൗകര്യം  ഏർപ്പെടുത്താൻ അധികാരികൾക്ക് കഴിയില്ലേ? സാധാരണ വരുന്ന പനിക്ക് പാരസെറ്റാമോൽ ഗുളിക നൽകാനും വീണ് പരിക്ക് പറ്റുന്നവന് ഒന്ന് രണ്ട് തയ്യൽ ഇടാനും മാത്രമാണോ താലൂക്ക് ആശുപത്രികൾ.  കോടികൾ മുടക്കി വലിയ കെട്ടിടങ്ങൾ നിർമ്മിക്കുന്നതിന് പകരം  ഇപ്രകാരം ഗുരുതര രോഗങ്ങൾക്ക് ചികിൽസാ സൗകര്യങ്ങൾ ഒരുക്കുകയല്ലേ വേണ്ടത്.  ജീവിത ശൈലീ മൂലം ഉണ്ടാകുന്ന ഗുരുതര രോഗങ്ങൾ ഇപ്പോൾ  പനി വരുന്നത് പോലെയാണെന്ന്  തിരിച്ചറിഞ്ഞ് അതിന് വേണ്ട ചികിൽസാ സൗകര്യങ്ങൾ  താലൂക്ക് ആശുപത്രികളിലെങ്കിലും  ഏർപ്പെടുത്തുകയല്ലേ വേണ്ടത്. അതിന് വൈദഗ്ദ്ധ്യം നേടിയ ഡോക്ടറന്മാരെ മെഡിക്കൽ കോളേജിൽ നിന്നും താലൂക്കിലേക്ക് മാറ്റി നിയമിക്കുന്നത് കാരണത്താൽ മെഡിക്കൽ കോളേജിലെ തിരക്ക് കുറക്കാനും താലൂക്ക് ലവലിൽ ചികിൽസ ലഭ്യമാക്കാനും കഴിയില്ലേ? അതോ മെഡിക്കൽ കോളെജിലെ എം.ബി.ബിഎസ്സും  താലൂക്ക് ആഷുപത്രിയിലെ എം.ബി.ബി.എസ്സും രണ്ടും രണ്ടാണോ? അവസരം കൊടുത്ത് കൈ തഴക്കം വരുത്തിയാലല്ലേ വിദഗ്ദ്ധനാകൂ താലൂക്ക് ആശുപത്രികളിലെ ഡോക്ടരന്മാരെ വെറും പാരസെറ്റാ മോൾ ഡൊക്ടറന്മാരാക്കി മടി പിടിപ്പിക്കാതിരിക്കുന്നത് നാട്ടുകാർക്കും സർക്കാരിനും നല്ലത്.