മകൻ സൈലു ഇന്നലെ അവൻ ജോലി ചെയ്യുന്നതും മൂന്നാം നിലയിലുള്ളതുമായ സ്ഥാപനത്തിലേക്ക് പടികൾ കയറി പോയ്ക്കൊണ്ടിരുന്നപ്പോൾ നെഞ്ചിൽ വേദന അനുഭവപ്പെട്ടു. ഉടനെ തന്നെ കൊട്ടാരക്കരയിലെ താലൂക്ക് ആശുപത്രിയിൽ ചെന്നപ്പോൾ പകൽ മൂന്നു മണി കഴിഞ്ഞ ആ സമയം കാർഡിയോളജി സംബന്ധമായ ഡോക്ടറെ കാണാൻ കഴിയാതെ അവിടന്നു തിരിച്ച് നഗരത്തിലെ സ്വകാര്യ ആശുപത്രിയെ അഭയം പ്രാപിച്ചു. മറ്റൊരു മാർഗവും ഇല്ലാത്തതിനാലാണ് ആ സ്വകാര്യ സ്ഥാപനത്തിലെത്തിയത്. വേദന അധികമായി ഉണ്ടായിരുന്നതിനാൽ കിലോ മീറ്റർ അകലെയുള്ള കൊല്ലത്തോ മറ്റോ പോകാൻ സാവകാശം ലഭിച്ചില്ല.
300 രൂപാ മുടക്കി ആ സ്വകാര്യത്തിലെ അഡ്മിഷൻ എന്ന “നടയടിയും“ മറ്റും കഴിഞ്ഞ് ബന്ധപ്പെട്ട ഡോക്ടറോട് രോഗ വിവരങ്ങൾ പറഞ്ഞു. ഉടനെ തന്നെ 200 രൂപാ അടച്ച് ഇ.സി.ജി എടുത്തു പരിശോധിച്ചതിൽ കുഴപ്പങ്ങൾ കണ്ടെത്താൻ കഴിഞ്ഞില്ല. തുടർന്ന് ഹാർട്ട് അറ്റാക്ക് ഉണ്ടായോ എന്ന പരിശോധനാക്കായുള്ള രക്ത പരിശോധനാ നടപടി ആരംഭിച്ചു. അതിനിടയിൽ ഗ്യാസ് ട്രബ്ൾ ആയിരിക്കുമോ എന്ന സംശയത്താൽ അതിന്റെ കുത്തി വെപ്പും ട്രിപ്പ് ഇടലും നടത്തി. ദോഷം പറയരുതല്ലോ ഒരുമിച്ച് ബില്ല് തന്ന് നമ്മൾക്ക് അറ്റാക് വരുത്താതിരിക്കാൻ ഓരോ ഇനത്തിനും അപ്പോഴപ്പോൾ ബിൽ തന്നു കൊണ്ടിരുന്നു. അറ്റാക് ഉണ്ടായോ എന്ന രക്ത പരിശോധനക്ക് 950 ഗ്യാസിങ്കുത്തിവെപ്പും ട്രിപ്പിനും1500... അങ്ങിനെ കഷണം കഷണമായി ബില്ല് തന്ന് ഞങ്ങളെ സമാധാനിപ്പിച്ച് ചികിൽസ മുന്നേറി. രക്ത പരിശോധനയിൽ അറ്റാക്ക് ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല. നെഞ്ച് വേദ്ന അപ്പോഴേക്കും മാറി. എങ്കിലും എല്ലാ പരിശോധനയും ഒന്നു കൂടി നടത്താം എന്നായി സ്വകാര്യക്കാർ.
രോഗ സംബന്ധമായി ആധികാരികമായ അഭിപ്രായം ആശുപത്രിയുടേതാണ്. എതിർത്ത് പറയാൻ രോഗിക്കോ ബന്ധുക്കൾക്കൊ മുട്ട് വിറക്കും. അതിനാൽ ഞങ്ങൾ “ആമാ സാമീ“ എന്ന് തലകുലുക്കി. വീണ്ടും 300 രൂപ ഇ.സി.ജി. 950 രൂപാ അറ്റാക്ക് രക്ത പരിശോധനാ അടച്ചു റിസൽട്ടിനായി കാത്തിരിപ്പ് തുടങ്ങി രാത്രി ഒൻപതരയോടെ ഫലം പുറത്ത് വന്നു. ഇ.സി.ജി. നെഗറ്റീവ്. രക്ത പരിശോധന നെഗറ്റിവ്. മുകളിൽ ഇരിക്കുന്ന സർവ ശക്തനോട് നന്ദിയും പറഞ്ഞ് ഇറങ്ങാമെന്ന് കരുതിയപ്പോൾ ബന്ധപ്പെട്ട ഡിപ്പാർട്ട്മെന്റിൽ നിന്നും ഒരു വനിതാ ഡോക്ടർ വന്ന് പരിശോധന നടത്തിയിട്ട് ചോദിച്ചു “ റിസൽട്ടുകൾ നെഗറ്റീവ് ആണ് എന്നാലും മെയിൻ ഡോക്ടറെ കണ്ടീട്ട് നാളെ പോയാൽ പോരേ...?
തന്ന ബില്ലുകൾ അടച്ച് കഴിഞ്ഞുള്ള അത്രയും ചെറിയ സമയത്തേക്ക് ആശുപത്രി വാസത്തിന് 400 രൂപായുടെ ബിൽ കൂടി വന്നത് അടച്ച് വീട് അടുത്താണ് നാളെ വന്ന് കാണാം എന്ന് പറഞ്ഞ് തടി സലാമത്താക്കി. മാത്രമല്ല ഈ സമയത്തിനുള്ളിൽ ഞാൻ തിരുവനന്തപുരം മെഡിക്കൽ കോളേജിലെ കാർഡിയോളജിസ്റ്റുമായി ബന്ധപ്പെട്ടിരുന്നു . വർഷങ്ങളുടെ അനുഭവ ഞ്ജാനമുള്ള സൗമ്യനായ ആ ഡോക്റ്റർ അടുത്ത ദിവസം മകനെ പരിശോധിക്കാം എന്ന് പറഞ്ഞു.. അത് കൊണ്ട് സ്വകാര്യ ആശുപത്രിയിൽ നിന്നും പുറത്ത് ചാടാൻ എനിക്ക് മടിയുണ്ടായില്ല.
ഇവിടെ സ്വകാര്യ ആശുപത്രിയുടെ വില നിലവാരത്തെ പറ്റിയല്ല ഞാൻ ഈ കുറിപ്പുകളിലൂടെ പറയാൻ ശ്രമിക്കുന്നത്. യാതൊരു കഴിവും ഇല്ലാത്ത ഒരു പാവപ്പെട്ടവൻ ഈ അവസ്ഥയിൽ പെട്ടാൽ എന്താണവന്റെ ഗതി? എന്താണിതിനൊരു പരിഹാരം എന്ന് സംവദിക്കാൻ ശ്രമിക്കുകയാണ്. സാദാ പനിക്ക് പരസെറ്റാ മോൾ കൊടുക്കാനാണോ സർക്കാർ ആശുപത്രി തുറന്ന് വെച്ചിരിക്കുന്നത്. ഗുരുതരമായ രോഗങ്ങൾ കൈകാര്യം ചെയ്യാൻ സ്വകാര്യ ആശുപത്രിക്കാർക്ക് ഉള്ള ചങ്കൂറ്റം പോലും സർക്കാർ ആശുപത്രിയിലെ ഭിഷഗ്വരന്മാർക്കില്ലേ?
ഈ താലൂക്ക് ആശുപത്രി രൂപത്തിലും ഭാവത്തിലും പഴയതിൽ നിന്നും ധാരാളം മാറിയിട്ടുണ്ടെന്ന് സമ്മതിക്കുന്നതിനോടൊപ്പം ആ വളർച്ചയോടൊപ്പം നിന്ന് ഗുരുതര രോഗങ്ങൾക്കും പ്രത്യേകിച്ച് ഇപ്പോൾ സാധാരണയായി കണ്ട് വരുന്ന ഹൃദയ സംബന്ധമായ രോഗങ്ങൾക്കും ചികിൽസ ലഭ്യമാകാനുള്ള നടപടികൾ കൈ ക്കൊള്ളാനുള്ള സംവിധാനങ്ങൾ ഉണ്ടായലല്ലേ ആശുപത്രി സാധാരണക്കാർക്ക് തുണയാകൂ. സർക്കാരിന്റെ അവഗണനയല്ല ഇവിടെ, ഡോക്ടറന്മാരുടെ അലസതയും ഉത്തരവാദിത്വം ഏറ്റെടുക്കാനുള്ള മടിയുമാണ് ഇവിടെ പ്രശ്നം.