ചെന്നിണം പടിഞ്ഞാറേ മാനത്ത് പരന്ന് തുടങ്ങിയതേ ഉള്ളൂ.
പക്ഷികൾ ചേക്കേറാൻ ബഹളമുണ്ടാക്കി പറന്ന് കൊണ്ടിരുന്ന ആ നേരം സന്ധ്യയുടെ മൗന രാഗത്തിലൂടെ ഉമ്മായുടെ ശബ്ദം ഒഴുകി വന്ന് കൊണ്ടിരുന്നു. ഷരീഫേ!.....
ഉമ്മാ വിളിക്കുകയാണ്. കളി നിർത്തി പൂഴി മണ്ണിൽ നിന്നും ഓടിചെന്നപ്പോൾ തൊട്ടടുത്തുള്ള കുളത്തിൽ നിന്നും വെള്ളം കോരി വെച്ച് ഉമ്മാ കാത്ത് നിൽക്കുന്നു എന്നെ കുളിപ്പിക്കാൻ. ഉടുത്തിരുന്ന നിക്കർ ഊരി കളഞ്ഞ് തുടയിൽ രണ്ട് നുള്ളും തന്ന് ഉമ്മാ ചോദിച്ചു. “എവിടെ ആയിരുന്നെടാ ഇത്രേം നേരം....“
തണുത്ത വെള്ളം ശരീരത്ത് വീണപ്പോളുള്ള സുഖത്താൽ തുള്ളി ചാടിക്കൊണ്ടിരുന്നപ്പോൾ ഉമ്മാ ചോദിച്ചു.
,“ഇത്രേം വലുതായിട്ടും ഇന്നീം ഞാൻ വേണോ നിന്നെ കുളിപ്പിക്കാൻ“
“ഞാൻ വലുതായാലും ഉമ്മാ എന്നെ കുളിപ്പച്ചാൽ മതി“ എന്ന എന്റെ മറുപടി കേട്ടപ്പോൾ മുറുക്കി ചുവപ്പിച്ചിരുന്ന ആ ചുണ്ടിൽ പുഞ്ചിരി വിരിഞ്ഞതു ഇന്നും എന്റെ ഓർമ്മയിലുണ്ട്.
എത്രയോ വർഷങ്ങൾക്ക് സേഷം ആ പുഞ്ചിരി ഒരിക്കൽ കൂടി ഞാൻ കണ്ടു, ഉമ്മായുടെ അന്ത്യ നിമിഷങ്ങളിൽ.
കോടതി ആവശ്യങ്ങൾക്കായി കൊട്ടാരക്കരയിൽ നിന്നും പുനലൂരിലേക്ക് പോയ ഞാൻ അന്ന് കുന്നിക്കോടെത്തിയപ്പോൾ ഉള്ളിൽ പെട്ടൊന്നൊരു വിളി. “ഷരീഫേ!...“
മനസ്സിലെന്തോ ഒരു വിങ്ങൽ. കഴിഞ്ഞ ദിവസം ആലപ്പുഴ ആശുപത്രിയിൽ ആയിരുന്ന ഉമ്മായെ ഞാൻ പോയി കണ്ട് മറ്റ് കുഴപ്പങ്ങളൊന്നുമില്ലെന്ന് ബോദ്ധ്യപ്പെട്ട് തിരിച്ച് വന്നതാണല്ലോ. എന്തായാലും ഞാൻ ബസ്സിൽ നിന്നിറങ്ങി ആലപ്പുഴക്ക് തിരിച്ചു. സന്ധ്യ ആയി ആശുപത്രിയിലെത്തിയപ്പോൾ.
ഉമ്മാ ഊർദ്ധൻ വലിക്കുകയാണ്. പെങ്ങൾ പറഞ്ഞു.“ഉമ്മാ...ദാ...ഷരീഫ് വന്നു...“
ശ്വാസം കിട്ടാൻ പയാസപ്പെടുന്ന ആ നിമിഷത്തിലും ഉമ്മായുടെ ചുണ്ടിൽ നേരിയ പുഞ്ചിരി വിരിഞ്ഞു. എന്റെ മുഖത്തേക്ക് കണ്ണുകൾ തിരിഞ്ഞു. അൽപ്പ നേരം കഴിഞ്ഞു ഉമ്മാ പോയി. വർഷങ്ങൾക്ക് മുമ്പ് നടന്ന ആ സംഭവം ഇന്നത്തെ ദിവസമായിരുന്നു.
ആലപ്പുഴ പടിഞ്ഞാറെ ജുമാ മസ്ജിദിലെ പഞ്ചാര പോലെ വെളുത്ത മണ്ണൂള്ള പള്ളി പറമ്പിൽ ഉമ്മാ ഉറങ്ങുന്നു.
ഉമ്മാക്ക് സ്വർഗം ലഭിക്കുമാറാകട്ടെ......എല്ലാ ദിവസത്തേയും പോലെ ഇന്നും ഞാൻ പ്രാർഥിക്കുന്നു.ഈ ലോകത്ത് നിന്നും ഉമ്മാ പോയ ദിവസമാണല്ലോ ഇന്ന്...