ജൂൺ മാസം ഏഴാം തീയതി പതിവ് പോലെ ഞാനും സിനാനും നിങ്ങളുടെ മുമ്പിൽ വന്നിരിക്കുന്നു. ഇന്ന് ഞങ്ങളുടെ സിനാന്റെ ജന്മ ദിനമാണ്`ദൈവാനുഗ്രഹത്താൽ. 12 വയസ്സ് പൂർത്തീകരിച്ച് പതിമൂന്നാം വയസ്സിലേക്ക് എത്തി സിനാൻ.
കാര്യങ്ങൾ എല്ലാം ഇപ്പോഴും പഴയ പടി തന്നെ. എങ്കിലും ഇപ്പോൾ പഴയതിൽ നിന്നും വലുതായ മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട്. പറയുന്നത് അൽപ്പ നിമിഷങ്ങൾ വൈകി ആണെങ്കിലും അവന് മനസ്സിലാകുന്നുണ്ട്. എങ്കിലും മറ്റുള്ളവരുടെ സഹായം കൂടാതെ സ്വന്തമായി നടക്കുന്നില്ല, വർത്തമാനവും പറയുന്നില്ല. പക്ഷേ പാട്ട് ശരിക്കും മൂളുന്നുണ്ട്. പാട്ടാണല്ലോ അവന്റെ പ്രാണ വായു. അവന്റെ മാതാ പിതാക്കൾ പാട്ട് സേവ് ചെയ്യാനായി മൊബൈലുകൾ വാങ്ങി അവന്റെ സമീപം വെച്ചിട്ടുണ്ട്. അതിൽ നിറയെ സോ ജാ രാജ കുമാരിയും ദുനിയാ കേ രക് വാലേയും മണന്ത് മലരാകെ പാതി മലർ ചൂടിയും തുടങ്ങിയ പഴയ പാട്ടുകളും ഹരി മുരളീ രവം, പ്രമദ വനം വീണ്ടും, നഗുമോ, സംഗീതമേ അമര സല്ലാപവും പിന്നെ പ്രാവഹമേ! ഗംഗാ പ്രവാഹമേ! തുടങ്ങിയ ഗാനങ്ങളും നിറച്ചിട്ടുണ്ട്. ഈ തരത്തിലല്ലാത്ത ഒരു പാട്ടും അവന് വേണ്ടാ എന്നത് ഇന്നും ഞങ്ങൾക്ക് അതിശയകരമായ കാര്യമാണ്. ആഹാരം പ്രിയം സാമ്പാറും ഇഡ്ഡിലിയും തന്നെ`. പിന്നെ വാഹനത്തിന്റെ മുമ്പിൽ തന്നെ ഇരുന്ന് അൽപ്പം യാത്രയും വേണം ബാക്കി സമയം മൊബൈലിൽ പാട്ടും കേട്ട് തല കുലുക്കിയും തല ആട്ടിയും സമയം പോക്കുന്നു. അവന്റെ മാതാ പിതാക്കളുടെ ഏക മകനായ അവൻ ഞങ്ങളുടെ കുടുംബത്തിലെ എല്ലാവർക്കും പ്രിയംകരൻ തന്നെ. കൂടുതലും അവന് സന്തോഷം അവന്റെ പിതൃ സഹോദര പുത്രി സഫായുമായുള്ള കളികളാണ്.
പ്രസവ ശേഷമുണ്ടായ ഒരു മെഡിക്കൽ നെഗ്ളിജൻസ് കാരണത്താലാണ് (ഓ! ഇപ്പോൾ ആ പേര് പോലും പറയുന്നത് കുറ്റകരമാണെന്നാൺ് നിയമം) അവന് ഈ ബുദ്ധിമുട്ടുകൾ ഉണ്ടായത്.
അവനിപ്പോൾ പന്ത്രണ്ട് പൂർത്തിയാക്കി പതിമൂന്നിലേക്ക് കടന്നിരിക്കുന്നു. കാലം കടന്ന് പോകുമ്പോൾ ദൈവാനുഗ്രഹത്താൽ അവന്റെ എല്ലാ ബുദ്ധിമുട്ടുകളും മാറി അവൻ നടക്കുകയും വർത്തമാനം പറയുകയും സാധാരണ കുട്ടികളെ പോലെ ആയി തീരുകയും ചെയ്തേക്കാം. ദൈവം തുണക്കട്ടെ..കാരണം അദ്ദേഹം കരുണാമയനാണല്ലോ. പ്രതീക്ഷിക്കുക, കാത്തിരിക്കുക, അതല്ലേ നമ്മൾ ചെയ്യേണ്ടത്. കൂട്ടത്തിൽ അവന്ആരോഗ്യത്തോട് കൂടിയ ദീർഘായുസ്സിനായി പ്രാർത്ഥിക്കുകയും ചെയ്യുന്നു.