ഇത് ജെ.സി. ഡാനിയലിന്റെ കല്ലറ. മലയാളത്തിൽ ആദമായി ഒരു സിനിമാ എടുത്തതിന് ആജീവനാന്തം ശിക്ഷിക്കപ്പെട്ട ഒരു കലാകാരൻ അന്ത്യ വിശ്രമം കൊള്ളുന്ന സ്ഥലം. ഞാൻ ഇതിനെ പറ്റി പറയാനല്ല മുതിരുന്നത്. പല തവണകളിൽ അവഗണിക്കപ്പെട്ട ഈ കുടീരത്തെ പ്പറ്റി ഞാൻ പറഞ്ഞ് കഴിഞ്ഞു. ആദ്യ നടി റോസിയെ പറ്റിയും പറഞ്ഞ് കഴിഞ്ഞു. അഗസ്തീശ്വരത്തിൽ പോയി പൊരി വെയിലത്ത് അലഞ്ഞ് തിരിഞ്ഞിട്ടും ആദ്യ സിനിമാ നിർമ്മാതാവിനെ പറ്റി അദ്ദേഹത്തിന്റെ ജന്മ സ്ഥലത്ത് ആ പേര് പോലും അറിയാത്ത സ്ഥിതിയെ പറ്റിയും ഞാൻ പറഞ്ഞ് കഴിഞ്ഞു. അവസാനം കഷ്ടപ്പെട്ട് ആ കുടീരം കണ്ടെത്താനും ഈ ഫോട്ടോ എടുക്കാനും കഴിഞ്ഞതും ഭാഗ്യമായി ഞാൻ കരുതുന്നു.
ഇപ്പോൾ ഇവിടെ പറയാനുള്ളത് മലയാളത്തിന്റെ നിത്യ ഹരിത നായകൻ പ്രേം നസീറിന്റെ ചിറയങ്കീഴിലെ വസതിയെ പറ്റിയാണ്. ഡാനിയലിന്റെ വീടും അടക്കിയ സ്ഥലവും വിസ്മൃതിയിലാണ്ടത് പോലെ ഇന്നും കലാപ്രേമികൾ സ്നേഹിക്കുന്ന ആ മഹാ നടന്റെ വസതിയും നാശോന്മുഖമായി എന്നും അത് ഇപ്പോൾ വിൽപ്പനക്ക് വെച്ചിരിക്കുന്നതായും പത്ര വാർത്തയിലൂടെ അറിയുവാൻ കഴിഞ്ഞു.
വർഷങ്ങൾക്കപ്പുറത്ത് ചിറയൻ കീഴിൽ പോയതും നസീറിന്റെ വീട് സന്ദർശിച്ചതും ഓർമ്മ വരുന്നു. അന്നും അവിടെ ആൾ താമസമില്ലായിരുന്നു. ഒരു കാവൽക്കാരൻ മാത്രം നസീർ സാറിനെ പറ്റി പറഞ്ഞ് തരാനായി അവിടുണ്ട്. ആ വീട് അദ്ദേഹത്തിന്റെ ഒരു മകൾക്ക് കൊടുത്തു. അവർ അവരുടെ മകൾക്കും. ആ കുട്ടി അമേരിക്കയിലാണെന്നും അതിനാൽ ഈ വീട് വിൽപ്പനക്ക് വെച്ചിരിക്കുകയാണെന്നും പത്രം പറയുന്നു. എന്റെ പ്രിയ സ്നേഹിതൻ പത്ര പ്രവർത്തകനായ ഷാജി ലാൽ ആണ് അവിടെ സന്ദർശിച്ച് ഈ വാർത്ത മാധ്യമം പത്രത്തിൽ നൽകിയത്..
ഇന്നും ജനങ്ങൾക്ക് ഹരമായ ആ നടന്റെ വസതി ഇപ്രകാരം അവഗണീക്കപ്പെടേണ്ടതാണോ? ഇനിയും അദ്ദേഹത്തിന്റെ സിനിമാ റിക്കാർഡ് ആരും മറി കടന്നിട്ടില്ല. പുതു തലമുറക്ക് പോലും ഇഷ്ടപ്പെടുന്ന ആ നടന്റെ വീട് ഒരുസ്മാരകമാക്കുകയല്ലേ വേണ്ടത്.
ജീവിച്ചിരുന്ന സമയം ജീവിത ചെലവിന് പോലും ബുദ്ധിമുട്ടി കലാകാരന്മാർക്കുള്ള 3500 രൂപാ പെൻഷനായി ജെ.സി. ഡാനിയൽ അപേക്ഷിച്ചപ്പോൾ മലയാളി അല്ല എന്ന കാരണത്താൽ നിഷ്ക്കരണം ആ അപേക്ഷ തള്ളി അദ്ദേഹത്തിനോട് നന്ദി കാണിച്ചതിന് ശേഷം ഇപ്പോൾ അദ്ദേഹത്തിന്റെ പേരിൽ ജെ.സി.ഡാനിയൽ അവാർഡ് കൊടുത്തിട്ട് കാര്യമില്ലല്ലോ.അഗസ്തീശ്വരം ഇന്ന് കേരളത്തിലല്ല. പക്ഷേ അദ്ദേഹം ആദ്യ സിനിമാ നിർമ്മിക്കുമ്പോൾ ആ സ്ഥലം കേരളത്തിൽ അതായത് തിരുവിതാംകൂറിലായിരുന്നു എന്ന് നമ്മൾ സൗകര്യ പൂർവം മറന്നു.
ജെ.സി. ഡാനിയലിന്റെ കാര്യത്തിൽ കാണിച്ച അവഗണന നസീറിന്റെ കാര്യത്തിൽ സംഭവിക്കാതിരുന്നാൽ കൊള്ളാം.
നസീറിന്റെ വീട് സർക്കാർ ഏറ്റെടുത്ത് അത് ആ മഹാ നടന്റെ സ്മാരകമായി സൂക്ഷിക്കുക തന്നെ വേണം.