എന്തോ വിപത്ത് കേരളത്തിൽ ഉണ്ടാകാൻ പോകുന്നു എന്ന തരത്തിലാണ് കിറ്റക്സ് കമ്പനിയിലെ ഇതര സംസ്ഥാന തൊഴിലാളികളുടെ കലാപ വാർത്തയെ മാധ്യമങ്ങൾ കൈകാര്യം ചെയ്യുന്നത്. കലാപമുണ്ടാക്കാൻ മുതിരുന്നവരെ ശരിക്കും കൈകാര്യം ചെയ്യാൻ കഴിവുള്ളവരാണല്ലോ നമ്മുടെ പോലീസ് സേന. അത് കൊണ്ടാണല്ലോ ആയിരക്കണക്കിന് പ്രവർത്തകരടങ്ങുന്ന രാഷ്ട്രീയ പ്രകടനക്കാർ ബസ്സിന് തീവെക്കുകയും പോലീസിനെ കല്ലെറിയുകയും മറ്റും ചെയ്യുമ്പോൾ പോലീസ് അവരെ ക്ഷിപ്ര സാധ്യം അടിച്ചമർത്തുന്നത്.പിന്നെയാണോ ഈ തൊഴിലാളികളെ കൈകാര്യം ചെയ്യാൻ പോലീസിന് സാധ്യമല്ലാത്തത്.
Wednesday, December 29, 2021
കിറ്റക്സും തൊഴിലാളികളും
Saturday, December 25, 2021
മാർക്ക കല്യാണവും പാവ കല്യാണവും
പതിവായി കണ്ട് കൊണ്ടിരുന്ന സ്നേഹിതനെ നാലഞ്ച് ദിവസങ്ങളായി കാണാതിരുന്നതിന് ശേഷം അയാളെ വീണ്ടും കണ്ടപ്പോൾ അയാൾ എവിടെയായിരുന്നു എന്നന്വേഷിച്ചു. മകനെ ആശുപത്രിയിൽ കൊണ്ട് പോയി സുന്നത്ത് ചടങ്ങ് നടത്താനും പിന്നെ നാലഞ്ച് ദിവസങ്ങൾ അവനെ പരിചരിക്കാനും വീട്ടിൽ തന്നെ കഴിഞ്ഞു അതാണ് തമ്മിൽ കാണാതിരുന്നതെന്ന് അയാൾ എന്നോട് പറഞ്ഞു .
“ ചടങ്ങിന് ഞങ്ങളെ വിളിച്ച് ബിരിയാണി തരാതിരുന്നതെന്തേ “ എന്ന് ഞാൻ തമാശക്കായി ചോദിച്ചപ്പോൾ “ഓ! ഇപ്പോൾ ആ പരിപാടിയൊന്നുമില്ലല്ലോ ആശുപത്രിയിൽ കൊണ്ട് പോയി കാര്യം നടത്തും വീട്ടിൽ കൊണ്ട് വന്ന് പരിചരിക്കും അല്ലാതുള്ള ബഹളമെല്ലാം എന്നേ നാട്ടിൽ പതിവല്ലാതായി തീർന്നിരിക്കുന്നു എന്നയാൾ മറുപടി പറഞ്ഞു.
ശരിയാണ്. ആ കാലമെല്ലാം പോയി കഴിഞ്ഞിരിക്കുന്നു. പണ്ട് അതൊരു കല്യാണം തന്നെ യായിരുന്നു. മാർക്ക കല്യാണം !.ബന്ധുക്കളെയെല്ലാം ക്ഷണിച്ച് ആഘോഷമായി നടത്തുമായിരുന്നു.
ഞാൻ ജനിച്ച് വളർന്ന ആലപ്പുഴ വട്ടപ്പള്ളിയിൽ പണ്ട് എല്ലാത്തരം ആർഭാടങ്ങളോടെ മാർക്ക കല്യാണം നടത്തിയിരുന്നത് ഓർമ്മയിൽ വരുന്നു. ബന്ധുക്കളെയെല്ലാം സമയമെടുത്ത് ക്ഷണിച്ച് അന്ന് വീട്ടിൽ വരുത്തുമായിരുന്നു. ഉറ്റ ബന്ധുക്കൾ തലേന്ന് തന്നെ വീട്ടിലെത്തും.വൈദ്യുതി സാധാരണമല്ലാതിരുന്ന ആ കാലത്ത് കല്യാണ വീട്ടിൽ ഗ്യാസ് ലൈറ്റ് എന്ന പെട്രോമാക്സ് വിളക്കുകൾ നാല് ചുറ്റും പ്രകാശിച്ച് നിൽക്കും. കൂടാതെ വൈദ്യുതി കണക്ഷൻ അടുത്തെവിടെയെങ്കിലും വീടുകളിൽ ഉണ്ടെങ്കിൽ അവിടെ നിന്നും നീളമുള്ള വയറുകളിലൂടെ കല്യാണ വീട്ടിൽ കറന്റ് എത്തിക്കുമായിരുന്നു. എന്നിട്ട് “തെങ്ങുമ്മേൽ കെട്ടിയും ബടി ബിളക്കും“ ( ലൗഡ് സ്പീക്കറും ട്യൂബ് ലൈറ്റും) പവർത്തിപ്പിക്കും. ഈണമാർന്ന സിനിമാ ഗാനങ്ങൾ മൈക്കിലൂടെ ഉച്ചത്തിൽ കേൾക്കുമ്പോൾ ആൾക്കാർ ചോദിക്കും “ അതാരുടെ വീട്ടിൽ?
“നമ്മുടെ ..ഇന്നയാളുടെ മക്കളുടെ ചുണ്ണി ചെത്തലാ നാളെ...അതിന്റെ പാട്ടാ കേൾക്കണേ....“
“ഹായ്! എന്നിട്ട് അയാളെന്നെ ബിളിച്ചില്ലല്ലോ മൂപ്പരേ! “ അങ്ങിനെ പോകും സംഭാഷണങ്ങൾ
കൊതിപ്പിക്കുന്ന ബിരിയാണി മണം അന്തരീക്ഷത്തിൽ പരക്കുമ്പോൾ ഉച്ച നേരമാകും. അതെല്ലാം കഴിച്ച് കഴിഞ്ഞാണ് മാർക്ക ചടങ്ങ്. ഒന്നിലധികം കുട്ടികളുണ്ടെങ്കിൽ ഓരോരുത്തരെയായി പിടിച്ചോണ്ട് വരും..ചിലരെല്ലാം എവിടെയെങ്കിലും ഒളിഞ്ഞിരിക്കുമായിരുന്നു. ഒസ്സാനാണ് ( ക്ഷുരകൻ) കാര്യം നടത്തുന്നത്. മറ്റൊരാൾ ഉരലിലോ കയ്യില്ലാത്ത കസേരയിലോ മറ്റോ ഇരുന്ന് കുട്ടിയെ മടിയിലിരുത്തി അനങ്ങാത്ത വിധത്തിൽ പൂട്ടിട്ട് പിടിക്കും. ആ പൂട്ടിടാൻ വിദഗ്ദന്മാർ ധാരാളം ഉണ്ടായിരുന്നു. ആ പൂട്ടിടൽ നടത്തുമ്പോൾ കുനിഞ്ഞ് നോക്കി ഒസ്സാൻ ചെയ്യുന്ന കൃത്യം കാണാൻ സാധിക്കില്ല. ആ സമയം മുസലിയാരും കൂട്ടരും മൈക്കിലൂടെ ഉച്ചത്തിൽ മൗലൂദ് പാരായണം ചെയ്യുകയും ബൈത്തുകൾ ആലപിക്കുകയും ചെയ്യുമായിരുന്നു. മൈക്കിലൂടെ ചിലപ്പോൾ കുട്ടിയുടെ നിലവിളിയും കേൾക്കാം. “ഹള്ളോ!...ഹെന്റുമ്മായോ എന്നെ ബിടോ...എട ഒസ്സാനേ പന്നി സുവ്വറേ....മൊട്ട ത്തലയാ...എന്നെ ബിടെടാ ഹമുക്കേ!...“ എന്നൊക്കെ കേൾക്കാം. ഒന്നായാലും ഒന്നിലധികം കുട്ടികൾ ഉണ്ടായാലും പരിപാടി അവസാനിപ്പിക്കുമ്പോൾ പാരായണവും ആലാപനവും തീർന്നിരിക്കും. പുറത്ത് സാന്നിദ്ധ്യമുള്ളവർ പതുക്കെ പറയും. “ സംഗതി കഴിഞ്ഞു...“
പക്ഷേ അപ്പോഴുള്ള താൽകാലിക പ്രയാസമേ ഉള്ളൂ..പിന്നീടുള്ള 14 ദിവസം സുഭിക്ഷമാണ്. മുട്ടയും ഇറച്ചിയും നെയ്ച്ചോറും പാലാടയും, ഇഷ്ട വിഭവങ്ങൾ എല്ലാം കഴിച്ച് 14 ദിവസം തള്ളി നീക്കി ആന മോഡലിലാണ്ട് കുട്ടി പുയ്യാപ്ളമാർ പുറത്ത് വരുന്നത്.
കാലം കടന്ന് പോയപ്പോൾ സുന്നത്ത് ആശുപത്രിയിൽ ഡോക്ടറന്മാർ ചെയ്തു തുടങ്ങി. 14 ദിവസം മണിയറയിൽ കിടന്നിടത്ത് ഇന്ന് കഷ്ടിച്ച് മൂന്ന് നാല് ദിവസം കൊണ്ട് മുറിവുണങ്ങും, തെങ്ങുമ്മേ കെട്ടിയുമില്ല ബടി ബിളക്കുമില്ല, ഒസ്സാനെ തെറി വിളിയുമില്ല, കല്യാണവുമില്ല, അയല്പക്കത്തുള്ളവർ പോലുമറിയാതെ കാര്യം നടക്കുന്നു.
വീടുകളിൽ ബന്ധുക്കളും ഉറ്റവരും ഒത്ത് കൂടിയിരുന്ന് വെടി പറഞ്ഞിരുന്ന തെരണ്ട് കല്യാണവും പാവക്കല്യാണവും സുന്നത്ത് കല്യാണവും പോലുള്ള പല ആഘോഷങ്ങളും പഴമയുടെ താളിൽ മറഞ്ഞ് പോയിരിക്കുന്നു
ഞാനും എന്റെ ഭാര്യയും ഒന്നോ രണ്ട് കുഞ്ഞുങ്ങളും ഞങ്ങളുടെ മൊബൈലും ആയി വീടിനകത്ത് കഴിയുന്നതാണല്ലോ ഇന്നത്തെ ആഘോഷം.
Saturday, December 18, 2021
വിവാഹ പ്രായവും ചില സാഹചര്യങ്ങളും.
വിവാഹ പ്രായം ഉയർത്തുന്നതിനെ സംബന്ധിച്ച വാർത്തകൾ പത്രത്തിൽ വന്നതോടെ വിവിധ ഇടങ്ങളിൽ നിന്നും സംശയ നിവാരണത്തിനായി ഫോൺകാളുകൾ വന്നുകൊണ്ടേ ഇരിക്കുന്നു. ആ വിഷയം സംബന്ധിച്ച് പത്രത്തിൽ നിന്നുള്ള അറിവ് മാത്രമേ എനിക്കുള്ളൂ എന്ന് പലതവണ ആവർത്തിച്ചിട്ടും അവരുടെ ഉള്ളിലെ പരിഭ്രമവും ആശങ്കകളും ഒട്ടും കുറയുന്നില്ല എന്ന് അവരുടെ സ്വരങ്ങളിൽ നിന്നും വ്യക്തമാണ്.18 നും 21നും മദ്ധ്യത്തിൽ പ്രായമുള്ള പെൺ കുട്ടികളുടെ രക്ഷ കർത്താക്കളാണ്` ഇപ്രകാരം എല്ലാവരോടും അന്വേഷണം നടത്തിക്കൊണ്ടിരിക്കുന്നത്. നിയമത്തിന്റെ ഗുണമോ ദോഷമോ എന്തെന്ന് അവർക്കറിയേണ്ട കാര്യമൊന്നുമില്ല. അതിനെ പറ്റിയുള്ള ചർച്ചകൾക്കോ സംവാദത്തിനോ അവർ ഒരുക്കമില്ല എന്റെ മകളുടെ അല്ലെങ്കിൽ എന്റെ സഹോദരിയുടെ വിവാഹം നടക്കുമോ ഇല്ലയോ അത് മാത്രമാണ് അവർക്കറിയേണ്ടത്.
പലവിധ കാരണങ്ങളാണ് പലർക്കും പറയാനുള്ളത്.
കുടുംബത്തിലെ പ്രായമായ, ഇന്നോ നാളെയോ വിട പറയുന്നത് എന്ന് തീർച്ചയില്ലാത്ത ആൾക്കാർ കണ്ണടക്കുന്നതിനു മുമ്പ് അവരുടെ ആഗ്രഹ പ്രകാരം കൊച്ചു മോളുടെ/ കൊച്ച് മകന്റെ വിവാഹം നടത്താൻ പറ്റുമോ? ഇങ്ങിനെ ഒരു കൂട്ടർ.
മറ്റൊരു കൂട്ടരുടെ കാരണം വ്യത്യസ്തമാണ്
പഠിക്കാൻ പോയിടത്തും അല്ലാത്തിടത്തും ഒന്ന് രണ്ട് ശരിയല്ലാത്ത ബന്ധങ്ങളിൽ എന്റെ കുഞ്ഞ് അവളുടെ / അവന്റെ ബുദ്ധി മോശം കൊണ്ട് പെട്ടു പോയി, അവിടെ നിന്നും എങ്ങിനെയെങ്കിലും വിടുതൽ നേടിയതേ ഉള്ളൂ. ഇനി അടുത്ത കുരുത്തക്കെടിൽ എന്റെ മോൾ/മോൻ ചെന്ന് പെടുന്നതിനു മുമ്പ് ഉള്ളത് വിറ്റ് പെറുക്കി അവളെ കെട്ടിക്കണം. അത് നടത്താൻ കഴിയുമോ.
മറ്റൊരെണ്ണം രസകരമാണ്
ഒരു അബദ്ധം അവൾക്ക് അല്ലെങ്കിൽ അവന് സംഭവിച്ചു, ഇപ്പോൾ രണ്ട് മാസമായി സംഗതി. നാല് പേരറിയുന്നതിനു മുമ്പ് പിള്ളാരെ ഒരു താലിയിൽ കൊരുത്തിട്ടാൽ മാനം രക്ഷിക്കാം. കല്യാണം നടത്താൻ പറ്റുമോ എന്ന് ചോദിച്ചിട്ട് ഇത്രയും കൂടി കൂട്ടി ചേർക്കുന്നു.....പത്രമെടുത്താൽ പ്രതിദിനം രണ്ട് കേസെങ്കിലും വിവാഹ വാഗ്ദാനം നടത്തി പീഡിപ്പിച്ചു എന്ന വാർത്തകൾ മാത്രം ഉള്ളിടത്ത് അവന്റെ വാഗ്ദാനം പാലിക്കാൻ അവൻ തയാറായി നിൽക്കേ നീട്ടിക്കൊണ്ട് പോയാൽ സംഗതി കുഴയുമല്ലോ.
ധാരാളമായി കേൾക്കുന്ന വേറെ ഒരു കാരണം ഇതാണല്ലോ.
ചെറുക്കന് ലീവില്ല, ഇരുന്നിരുന്ന് ഒരുപാട് നോക്കിയിട്ട് കിട്ടിയ നല്ല ബന്ധമാണ്`. മാത്രമല്ല ചെറുക്കനും പെണ്ണും തമ്മിൽ സ്നേഹവുമാണ്. അവന്റെ ലീവ് തീരുന്നതിനു മുമ്പ് ആ വിവാഹം നടത്താൻ കഴിയുമോ? കാലം നീണ്ട് പോയാൽ ആറിയ കഞ്ഞി പഴങ്കഞ്ഞി ആവില്ലേ?
ചുരുക്കത്തിൽ പുതിയ നിയമം അവർ നേരത്തെ നടത്താൻ ഉദ്ദേശിച്ച വിവാഹതീയതിയെ തള്ളി നീക്കുമോ എന്നതാണ് അവർക്ക് അറിയേണ്ടത്.
21 ആകുമ്പോൾ പക്വതയും പാകതയുമാകുമല്ലോ എന്ന ചോദ്യത്തിന് രാജ്യത്തെ ഭരിക്കാനായി ചുമതലപ്പെടുത്തുന്നവരെ തെരഞ്ഞെടുക്കാൻ 18 മതിയല്ലോ, പക്വത ഇല്ലാതെയാണോ അവർ ഈ പ്രധാന തെരഞ്ഞെടുപ്പ് നടത്തുന്നത് എന്ന് ചിലർ ചോദിക്കുന്നു കുട്ടിയുടെ ആരോഗ്യത്തെ സംരക്ഷിക്കാനാണ് എന്ന സമാധാനത്തെ നിങ്ങളുടെ അമ്മൂമ്മ, അല്ലെങ്കിൽ അമ്മ എത്ര വയസ്സിലാണ് വിവാഹിതയായത് എന്ന മറുചോദ്യത്താൽ അവർ നേരിടുന്നു, അവരെല്ലാം ഇപ്പോഴും നിങ്ങളേക്കാളും ആരോഗ്യത്തെടെ കഴിയുന്നുമുണ്ട്, അവർക്ക് ജനിച്ച നിങ്ങളൊന്നും മന്ദ ബുദ്ധികളുമല്ലല്ലോ എന്ന് കൂടെ വിശദീകരണം അവർ തരുന്നു. മാത്രമല്ല നിയമത്തെ അനുകൂലിക്കുന്ന ഭൂരിഭാഗവും അവരുടെ വിവാഹം നടത്തിയതിന് ശേഷമാണ് ഈ ഗീർവാണം തട്ടി വിടുന്നതെന്നും അവർ പരിഹസിക്കുന്നു.
പൊതു സമൂഹ നന്മ എന്ന പ്രഖ്യാപിത ലക്ഷ്യത്തോടെ ഏത് നിയമവും ചുട്ടെടുക്കുമ്പോൽ അതിന്റെ ദൂഷ്യ ഫലങ്ങളും വിമർശനവും കൂടെ തന്നെ ഉണ്ടാവും.
വിവാഹം അത് രണ്ട് വ്യക്തികൾ തമ്മിലുള്ള ഇടപാടാണ്. അത് എപ്പോൾ വേണമെന്ന തീരുമാനം അവർ തന്നെയാണ്` സ്വീകരിക്കേണ്ടത്.
വിവാഹ പ്രായം നിജപ്പെടുത്തുന്ന പൊതു മാനദണ്ഡം സമൂഹത്തിനാകെ ഉപയുക്തമാക്കാൻ പറ്റാത്ത വിധം മനുഷ്യർ വിവിധ തരക്കാരും വിവിധ ജനുസ്സുകളും വിവിധ സ്വഭാവത്തൊടു കൂടിയവരുമാണല്ലോ. അത് കൊണ്ട് തന്നെ ഒരു വ്യക്തിക്കു പൊതു നിയമത്തെ അനുസരിക്കാൻ പറ്റാത്ത വിധം ആ വ്യക്തിക്ക് കാരണങ്ങളുണ്ടായിരിക്കുകയും ആ കാരണങ്ങൾ ന്യായ യുക്തവുമാണെങ്കിൽ അത് കേൾക്കുവാനും പരിഹരിക്കാനും പറ്റുന്ന വിധം സംവിധാനം ആ നിയമത്തിൽ കൂട്ടി ചേർക്കുന്നു എങ്കിൽ മിക്ക പ്രശ്നവും പരിഹരിക്കാനും നിയമം നിയമമായി തന്നെ നില നിൽക്കാനും വ്യക്തിയുടെ ന്യായമായ പ്രശ്നം പരിഹരിക്കാനും സാധിക്കും.
21 വയസ്സോ അതിൽ കൂടുതലോ വിവാഹ പ്രായം മതി എന്നുള്ളവർക്ക് അപ്രകാരമോ ഇളവ് കിട്ടേണ്ട കാരണമുള്ളവർക്ക് അത് ഒരു വേദിയുടെ മുമ്പാകെ അവതരിപ്പിച്ച് എക്സപ്ഷണൽ കേസായി ബോദ്ധ്യപ്പെടുത്തി പരിഹാരം കണ്ടെത്താൻ അവർക്ക് കഴിയുമെങ്കിൽ അങ്ങിനെയും വിവാഹം നടത്താൻ സാധിക്കുന്ന വിധം നിയമത്തിൽ ഭേദഗതികൾ വരുത്തിയാൽ തീരുന്ന തടസ്സ വാദങ്ങളേ ഉള്ളൂ.
(വിവാഹം പോലെ വ്യക്തിപരമായ വിഷയത്തെ പറ്റിയുള്ള നിയമത്തെ പറ്റിയാണ് ഇവിടെ സൂചിപ്പിക്കുന്നത്. ഇത് വായിച്ചിട്ട് എല്ലാ നിയമവും അപ്രകാരം മാറ്റങ്ങൾ വരുത്താൻ പറയുമോ എന്ന ചോദ്യവുമായി ആരും ഇങ്ങോട്ട് വരേണ്ട)
Friday, December 10, 2021
ഗാർഹിക പീഡനവും അണു കുടുംബവും
ഗാർഹിക പീഡന കേസുകൾ കൊണ്ട് നിറയുന്നു പത്ര താളുകൾ. പക്ഷേ ഈ കേസുകളിൽ യാഥാർത്ഥ്യങ്ങൾ എത്രമാത്രമുണ്ടെന്ന് പരിശോധിക്കാൻ ആരും മെനക്കെടാറില്ല. ഈ വക കേസുകളിൽ പലതും വ്യാജമാണെന്നും വേറെ പലതും വെറും പക തീർക്കാനുള്ളതാണെന്നും കണ്ടപ്പോൾ ഉന്നത കോടതി തന്നെ ഇത് സംബന്ധിച്ച് പരാമർശങ്ങൾ നടത്തിയിട്ടുള്ളതായി ഓർക്കുന്നു.
ഭർതൃഗ്രഹത്തിൽ ധനാർത്തി കാരണത്താൽ പെൺകുട്ടി പീഡിപ്പിക്കപ്പെടുന്നുവെങ്കിൽ ഒട്ടും ദയവ് കാണിക്കാതെ ആ കേസുകളിലെ പെൺകുട്ടിക്ക് എല്ലാ വിധ സഹായവും പിൻ തുണയും നൽകേണ്ടതും ആ വക കേസുകളിലെ പ്രതികളെ കർശനമായി തന്നെ ശിക്ഷിക്കേണ്ടതാണെന്നും ഒരു തർക്കവുമില്ല.
എന്നാൽ സ്ത്രീധന പീഡനത്തിനും ഗാർഹിക പീഡാനത്തിനുമെതിരെ നിയമം ഉണ്ടെന്നും അത് സ്ത്രീക്ക് വേണ്ടി നിർമ്മിക്കപ്പെട്ടതാണെന്നും അതിൽ പ്രതി ചേർക്കപ്പെടുന്നവർ ശരിക്കും കുടുക്കിൽ പെടുമെന്നും അറിഞ്ഞ് കൊണ്ട് തന്നെ ആ നിയമം സ്ഥാനത്തും അസ്ഥാനത്തും പ്രയോഗിക്കുന്നത് എങ്ങിനെ ന്യായീകരിക്കാൻ കഴിയും. നിർഭാഗ്യവശാൽ പോലീസും അഭിഭാഷകരും സമൂഹത്തിൽ ഭൂരിഭാഗം ആൾക്കാരും സത്യമെന്തെന്ന് പരിശോധിക്കാതെ എതിർഭാഗത്തെ ക്രൂശിക്കാനാണ് വ്യഗ്രത കാട്ടുന്നത്. തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ ശിക്ഷിക്കപ്പെടണം അതില്ലെങ്കിലോ?
കൂട്ടുകുടുംബത്തിൽ നിന്നും അണു കുടുംബത്തിലേക്കുള്ള മാറ്റം യുവതക്ക് അത് ആണായാലും പെണ്ണായാലും സഹിഷ്ണതയുടെയും സംയമനത്തിന്റെയും പരിശീലനം നഷ്ടപ്പെടുത്തിയെന്നത് ഈ വക കേസുകളുടെ ഒരു കാരണമാണ് എല്ലാം അങ്ങ് ക്ഷമിക്കണമെന്നല്ല അർത്ഥമാക്കുന്നത്, നിസ്സാര കാര്യങ്ങൾ ഒഴിവാക്കാമല്ലോ.കൂട്ടു കുടുംബത്തിൽ പലതും ഉപദേശിക്കാൻ മുതിർന്നവർ ധാരാളമാണ് അണു കുടുംബത്തിൽ ആ സംവിധാനമില്ല, മാത്രമല്ല തന്റെ മകളെ ഉപദേശിക്കുന്നതിനു പകരം അമ്മായി അമ്മയെ ഫയർ ചെയ്യാനും എതിർത്ത് തോൽപ്പിക്കാനുമാണ്` മിക്കവാറും അമ്മമാർ നിർദ്ദേശം നൽകുന്നത്.കൂട്ടത്തിൽ “ ഈ തള്ളക്ക് അടങ്ങിയൊതുങ്ങി അവിടെ കഴിഞ്ഞ് കൂടേ? എന്നൊരു ഡയലോഗും കാച്ചും.
വിവാഹ പൂർവ കൗൺസിലിംഗ് അപൂർവമായേ ചെറുപ്പക്കാർക്ക് ലഭിക്കുന്നുള്ളൂ. അത് മറ്റൊരു കാരണം.
വിവാഹിത ആയ സഹോദരി മാതൃ പേടകത്തിലേക്ക് വിരുന്ന് വരുന്നതാണ്` മിക്കവാറും കേസുകളുടെ ആരംഭമിടുന്നത്. അമ്മയും മകളുമായി ഐക്യ മുന്നണി ഉണ്ടാക്കി പുത്ര വധുവിന്റെ/ നേരെ ഒളിയമ്പ് എയ്യും. അന്ന് രാത്രി ഭർത്താവിന് കാള രാത്രി ആയിരിക്കും. സഹികെട്ട ആ മനുഷ്യൻ രാവിലെ സ്വന്തം സഹോദരിയുടെ നേരെ ചോദിക്കും എന്താ പെങ്ങളേ നിങ്ങളുടെ കുഴപ്പം...?“ അതോടെ ഇടിയും മഴയും ചീറ്റലും പിഴിയലും അന്തരീക്ഷം കലുഷിതമാകുമ്പോൾ അമ്മ ഇടപെട്ട് മോനോട് ചോദിക്കും നിന്റെ പെണ്ണുമ്പിള തലയിണ മന്ത്രം ഓതി തന്നതാണോടാ നിനക്ക് വഴക്കുണ്ടാക്കാൻ....“ അവിടെ ഒരു വ്യവഹാരം ഉൽഭവിക്കുകയാണ്. പരസ്പര സ്നേഹമില്ലായ്മയാണ് ഈ വക കേസ്കൾക്ക് കാരണമായി തീരുന്നത്, കൂട്ടത്തിൽ നിതാന്ത ശത്രുതയും. ഇത് ഒഴിവാക്കണമെന്ന ഉപദേശം ആര് നൽകും.
എന്തും ചെയ്ത് എതിർ കക്ഷിയെ പരാജയപ്പെടുത്തുക എന്ന ലക്ഷ്യത്തൊടെ പെൺകുട്ടി ഇറങ്ങി തിരിക്കുകയും ആ ശ്രമം പരാജയപ്പെടുകയും ചെയ്താൽ ആ സ്ഥിതി വിശേഷം ആത്മഹത്യ ചെയ്തും അവരെ തോൽപ്പിക്കാം എന്ന ചിന്തയിലേക്കെത്തിക്കും. പത്രങ്ങളും മീഡിയാകളും ആ മരണത്തെ മഹത്വപ്പെടുത്തുമ്പോൾ ആ വക മരണങ്ങൾ നല്ലൊരു വിഭാഗം ചെറുപ്പക്കാരെ അനുകരണത്തിലേക്ക് തള്ളി വിടുന്നു എന്നത് നിഷേധിക്കാൻ കഴിയില്ല. ആത്മഹത്യ ഒന്നിനും ഒരു പരിഹാരമല്ല എന്നാരാണ്` സമൂഹത്തൊട് പറഞ്ഞ് കൊടുക്കുക.
രണ്ട് കേസുകൾ നിരീക്ഷിച്ചപ്പോൾ മനസ്സിലുണ്ടായ വിചാര വികാരങ്ങളാണ്` ഈ കുറിപ്പുകൾക്ക് ആധാരമായത്.
(1) സ്വന്തം കുടുംബത്തിനായി ഗൾഫിൽ അഹോരാത്രം ചോരനീരാക്കുന്ന ഒരു ഭർത്താവ്. രണ്ട് കുട്ടികളുമായി ഭാര്യ നാട്ടിൽ കഴിയുന്നു. അസമയത്ത് ആ വീട്ടിൽ അപരിചിതനെ പലപ്പോഴും കണ്ട അയൽക്കാർ ഒരു രാത്രി വീട്ടിൽ ചെന്ന് യുവാവിനെ പറ്റി തിരക്കി വീട്ടുകാരി ഇറങ്ങി വന്ന് അത് അവളുടെ ഫെയ്സ്ബുക്ക് ഫ്രണ്ടാണെന്നും നാട്ടുകാർക്കതിലെന്ത് കാര്യമെന്നും മറ്റും പറഞ്ഞ് ചൂടായി. ആ സമയത്ത് ഭർത്താവിന്റെ ബന്ധുക്കൾ ദേഷ്യപ്പെട്ടു യുവാവിനെ പോലീസ് സ്റ്റേഷനിലെത്തിച്ചു. പോലീസ് സ്ത്രീയെ വരുത്തി ചോദ്യം ചെയ്തപ്പോൾ അയാൾ ഉത്തര കേരള സ്വദേശിയാണെന്നും രണ്ട് വർഷമായി അവർ തമ്മിൽ സ്നേഹത്തിലാണെന്നും സ്ത്രീ സമ്മതിച്ചു. യുവാവിന്റെ രക്ഷ കർത്താക്കൾ നാട്ടിൽ നിന്നും എത്തി ചേരുന്നത് വരെ ഒരു പകലും രാത്രിയും സ്ത്രീ തന്നെ യുവാവിന് ആഹാരം കൃത്യമായി സ്റ്റേഷനിലെത്തിച്ചു, മാത്രമല്ല് ഗൾഫ്കാരനായ തന്റെ ഭർത്താവുമായുള്ള വിവാഹ ബന്ധം വേർപെടുത്തണമെങ്കിൽ അതും ചെയ്യുമെന്ന് അവൾ തുറന്ന് പ്രസ്താവനയും നടത്തി. രക്ഷിതാക്കൾ യുവാവിനെ അയാളുടെ നാട്ടിലേക്ക് കൊണ്ട് പോയി.
ഈ കേസിൽ പോലീസ് നിലപാട് വളരെ വിചിത്രമായിരുന്നു,നിങ്ങൾ സദാചാര പോലീസുകാരെ ഞങ്ങൾ അകത്താക്കുമെന്നായിരുന്നു അവരുടെ നിലപാട്.ബന്ധുക്കൾ ഇടപെട്ട് സംസാരിച്ചപ്പോൾ വിവാഹിത ആണെങ്കിൽ പോലും ആണും പെണ്ണൂം തമ്മിൽ ഇടപെട്ടാൽ അതിൽ കുറ്റമില്ലെന്ന് സുപ്രീം കോടതി പറഞ്ഞിട്ടുണ്ടെന്ന് ഒരു ഏമാൻ കാച്ചി. പരസ്യമായി നടന്ന ഈ സംഭവത്തിന് ശേഷം ആഴ്ചകൾ കഴിഞ്ഞ് ഭർത്താവ് നാട്ടിലെത്തിയപ്പോൾ അവിടെ നടന്ന എല്ലാ കഥകളും അറിയാവുന്ന ഭാര്യാ വീട്ടുകാർ നേരെ തിരിഞ്ഞ് ആ പാവം പ്രവാസിയെ കുരുക്കിലാക്കാനാണ്` ഇപ്പോൾ ശ്രമം നടക്കുന്നത്. പോലീസ് കൈ മലർത്തി കാണിക്കുന്നു, പോലീസ് ആഫീസർ സ്ത്രീ പക്ഷക്കാരനാണ്` പോലും. അതങ്ങിനെ തന്നെ വേണമല്ലോ, പക്ഷേ ഈ കേസിൽ ആരുടെ ഭാഗത്താണ് ന്യായം.
(2) അമ്മായി അമ്മയോടുള്ള ദേഷ്യത്താലും പ്രതികാരത്താലും ഒരു മരുമകൾ അമ്മായി അമ്മയുടെ വിവാഹിതയായ മകളെ സംബന്ധിച്ച് മറ്റൊരു പുരുഷനുമായി ചേർത്ത് മോശമായ ആരോപണം അവരുടെ ഭർത്താവിന് മെസ്സേജയച്ചു കൊടുത്തു. മേസ്സേജ് കിട്ടിയ ഗൾഫ്കാരൻ ഭർത്താവ് വാളെടുത്ത് വീശി നിൽക്കുകയാണ്` തന്റെ രണ്ട് കുട്ടികളുടെ അമ്മയെ കാച്ചിക്കളയുമെന്നാണ് തത്ര ഭവാന്റെ കലിപ്പ്. കാരണം മെസ്സേജയച്ച കക്ഷി സ്വന്തം അളിയന്റെ ഭാര്യയല്ലേ അതെങ്ങിനെ വിശ്വസിക്കാതിരിക്കും. അളിയൻ സ്വന്തം ഭാര്യയൊട് ഈ വിവരം അന്വേഷിച്ചപ്പോൾ “അവൾക്കിട്ട് ഒരു പണി കൊടുക്കണമെന്ന് വിചാരിച്ച് ചെയ്തതാണെന്ന്“ കുറ്റം സമ്മതിച്ചു. വേണമെങ്കിൽ അത് കളവാണെന്ന് ഞാൻ അയാൾക്ക് വേറൊരു മെസ്സേജയക്കാമെന്ന് ഭാര്യ ഈസിയായി പറഞ്ഞു.സത്യം തിരിച്ചറിഞ്ഞ അമ്മായി അമ്മയും മരുമകളും കലഹമായി മരുമകൾ വീട്ടിൽ പോയി. അവിടെ നിന്നു കൊണ്ട് അമ്മായിക്കും ഭർത്താവിനുമെതിരെ പോലീസിൽ പരാതി കൊടുത്തു. ആവശ്യം ഇത്രമാത്രം താനും ഭർത്താവും കുഞ്ഞുങ്ങളും മാത്രമടങ്ങിയ ഒരു വീട്. ഭർത്താവ് തരപ്പെടുത്തി അതിൽ സമാധാനപരമായ കുടുംബ ജീവിതം നയിക്കണം. അത് വാടകക്കെടുത്താൽ മതി. അപ്പോൾ ഹൃദൃ രോഗിയായ എന്റെ അമ്മയെ എനിക്ക് പരിചരിക്കേണ്ടേ എന്ന് നിസ്സഹായതയോടെ ഭർത്താവ് ചോദിച്ചപ്പോൽ അത് അവൾക്കറിയേണ്ട. പോലീസും കൂടെ നിന്നു, അവളെ കൊണ്ട് വേറെ മാറി താമസിപ്പിക്കുക എന്നതാണ് പോലീസിന്റെ നിർബന്ധം. ഭാര്യയോടുള്ള സ്നേഹം പോലീസ് വിരട്ടിയാൽ ഉണ്ടാകുമോ എന്ന് ഭർത്താവ്...
കുറേ ദിവസം കഴിയട്ടെ എന്റെ പെങ്ങളുടെ കാര്യം ഒന്ന് ശാന്തമാകട്ടെ ഞാൻ എന്റെ ഭാര്യയെയും കുഞ്ഞുങ്ങളെയും സംരക്ഷിച്ചോളാം അപ്പോഴേക്കും അമ്മയും ഒന്ന് തണുക്കും എന്ന് പറഞ്ഞിട്ടൊന്നും ഒരു രക്ഷയുമില്ല, പോലീസ് തുള്ളിക്കൊണ്ട് നിൽക്കുകയാൺ`. ഭാര്യയെ സംരക്ഷിക്കണം...സംരക്ഷിക്കണം. വേണമല്ലോ ഭാര്യയെ സംരക്ഷിക്കേണ്ടത് ഭർത്താവിന്റെ കടമയാണല്ലോ..ഭർത്താവ് സമ്മതിക്കുന്നു....അപ്പോൾ അമ്മയെ സംരക്ഷിക്കുന്നത് ആര്.../ അത് പോലീസിന് അറിയേണ്ട കാര്യമില്ല, സ്ത്രീ സംരക്ഷണ നിയമങ്ങൾ അത് പാലിച്ചേ പറ്റൂ. ആ സാധു യുവാവെന്ത് ചെയ്യണം.
നിയമം മനുഷ്യനെ സരക്ഷിക്കാനാണ്`, അത് ആരെയും ഉപദ്രവിക്കാനല്ല, നിയമം ദുരുപയോഗം ചെയ്യുന്നതിനെതിരെ കർശന നടപടികൾ ആവശ്യമില്ലേ.../
Thursday, December 2, 2021
ഉസ്താദും വീഡിയോയും
വർഷങ്ങൾക്കപ്പുറത്ത് ഒരു വിവാഹ ചടങ്ങ് നടക്കുന്ന വേദിയാണ് രംഗം.
വേദിയിൽ വരനും അടുത്ത ബന്ധുക്കളും പെൺകുട്ടിയുടെ പിതാവും ചടങ്ങ് നടത്തിക്കൊടുക്കുന്ന ഇരു ഭാഗത്തെയും ഉസ്താദന്മാരും ഇരിപ്പുണ്ട്. അപ്പോഴാണ്` എന്റെ സ്നേഹിതനും സഹോദര സമുദായത്തിൽ പെട്ട ആളുമായ ഫോട്ടോ ഗ്രാഫർ വീഡിയോ എടുക്കാൻ വേദിയിലേക്ക് കയറിയത്. അയാളുടെ ജോലി ആരംഭിച്ചപ്പോൾ വരന്റെ ഭാഗം ഉസ്താദ് ശബ്ദം ഉയർത്തി പറഞ്ഞു,
“വീഡിയോ എടുക്കരുത്...“ ഫോട്ടോഗ്രാഫർ എന്നെ ജാള്യതയോടെ നോക്കി.ഞാൻ ആ ഉസ്താദിനെ സമീപിച്ച് ഭവ്യതയോടെ പതുക്കെ പറഞ്ഞു. “അയാളുടെ വയറ്റിപ്പിഴപ്പാണ് വീഡിയോ എടുക്കാൻ അനുവദിച്ചൂടെ....“
ഉസ്താദ് ഒന്നു കൂടി ചൂടായി എടുക്കരുതെന്ന് പറഞ്ഞാൽ എടുക്കരുത്....അത് ഹറാമാണ്`.ഹറാമിന് വേണ്ടി എന്നെ ശുപാർശ ചെയ്യരുത്.“
അത്രയും ആൾക്കാരുടെ മുമ്പിൽ വെച്ച് അയാൾ എന്റെ നേരെ തട്ടിക്കയറി.എന്നിൽ അരിശം പതഞ്ഞ് പൊന്തി
“ഹജ്ജിന് പോകാൻ പാസ്പോർട്ട് എടുക്കാൻ ഫോട്ടോ എടുക്കില്ലേ....അത് ചെയ്യാമെങ്കിൽ പിന്നെ ഇതിനെന്താ കുഴപ്പം“ ഞാൻ അൽപ്പം ചൂടായി തന്നെ ചോദിച്ചു.
ഉസ്താദ് ചാടി എഴുന്നേറ്റ് പെൺകുട്ടിയുടെ പിതാവിന് നെരെ ആക്രോശിച്ചു, “ഈ നിക്കാഹ് നടക്കണമെന്ന് ആഗ്രഹമുണ്ടോ എങ്കിൽ വീഡിയോ എടുക്കരുത്. “ ആ പിതാവ് എന്നോട് പറഞ്ഞു, “എന്റെ കുട്ടിയുടെ കല്യാണം മുടക്കരുതേ...“
ഞാൻ പെട്ടെന്ന് നിശ്ശബ്ദനായി. ഫോട്ടോഗ്രാഫറും രംഗത്തിന്റെ ഗൗരവം മനസിലാക്കി അവിടെ നിന്ന് പിൻ വാങ്ങി. ഇത് എത്രയോ വർഷങ്ങൾക്ക് മുമ്പ് നടന്ന സംഭവമായിരുന്നു. അന്ന് അങ്ങിനെയായിരുന്നു. ക്യാമറാ കണ്ടാൽ ചുവപ്പ് കണ്ട കാളയെ പോലെ ഈ പുരോഹിത വർഗം കുതറി ഓടുന്ന കാലം. പുരോഹിതൻ എന്ന് പറഞ്ഞാൽ അവർ പ്രതിഷേധിക്കും ഞങ്ങൾ പുരോഹിതരല്ല, പണ്ഡിതന്മാരാണ്. പക്ഷേ കയ്യിലിരിപ്പ് മുഴുവൻ പുരോഹിതന്മാരുടെ ഭാവവും പ്രകൃതവുമാണ്. ഏതോ ഒരു പ്രത്യേക വർഗം പോലെ. എന്നാൽ പ്രവാചകൻ പുരോഹിതന്മാരെ പോലെ അരമനയിൽ കഴിയുകല്ലായിരുന്നു. അദ്ദേഹം ജനങ്ങളുമായി അവരുടെ എല്ലാ പ്രശ്നങ്ങളിലും ഇടപെട്ട് ജീവിച്ചു. മുട്ടിന് മുട്ടിന് പ്രവാചകനെ അനുകരിക്കുന്നു എന്ന് വിളിച്ച് കൂവുന്ന ഈ വർഗം പ്രവാചകൻ ചെയ്തത് പോലെ ഭാരം ചുമന്ന് അവശയായ ഏതെങ്കിലും വൃദ്ധയുടെ വിറക് കെട്ട് ചുമക്കുകയോ ഏത് പ്രശ്നത്തിലും സഹിഷ്ണതയോടെ പെരുമാറുകയോ ചെയ്യില്ല.
ഇപ്പോൾ ഇവിടെ ഈ കാര്യം എടുത്തുദ്ധരിച്ചത് ഒരു ഉസ്താദ് ബിരിയാണിയിൽ മന്ത്രിച്ചൂതിയെന്നോ അത് വീഡിയോ എടുത്ത് പ്രസിദ്ധപ്പെടുത്തിയെന്നോ ഒക്കെ പുകിലുകൾ കേട്ടത് കൊണ്ടാണ്. ഊതിയതിരിക്കട്ടെ അതെന്തിന് വീഡിയോ എടുത്ത് പരസ്യം ചെയ്തു.വീഡിയോ ഹറാമായ ഈ ഉസ്താദുമാർക്ക് എന്നാണത് ഹലാൽ ആയത്? സംശയാസ്പദമായ പലതും ഈ പ്രശ്നത്തിന് പുറകിലുണ്ട്..ഇത് കഴിഞ്ഞ ഉടനെയാണ് ഹലാൽ ബോർഡ് വിഷയം രംഗം കൊഴുപ്പിച്ചത്. കഥ എങ്ങിനെ മാറിയെന്ന് നോക്കുക, ഹലാൽ എന്നാൽ മന്ത്രിച്ചൂതുക എന്നോ തുപ്പുകയോ എന്നാക്കി മാറ്റാൻ ഈ നവ മാധ്യമ കാലത്ത് വളരെ എളുപ്പമാണല്ലോ. ഇത് രണ്ടും തമ്മിൽ കടലും കടലാടിയും തമ്മിലുള്ള വ്യത്യാസം ഉണ്ടെന്ന് സാദാ മനുഷ്യർ മനസിലാക്കിയില്ല. പക്ഷേ ഇത് രണ്ടും കൂടി ഒന്നിച്ചാക്കി, പഴക്കച്ചവടക്കാരനും ചെരിപ്പ് കച്ചവടക്കാരനും ഒന്നിച്ച് അവരുടെ വിൽപ്പന ചരക്കിന്റെ വിളിച്ച് പറയലിലൂടെ പഴഞ്ചെരിപ്പ് ആക്കിയത് പോലെ ഹലാൽ എന്നാൽ ഊത്ത്/ തുപ്പൽ എന്നാക്കി മാറ്റാൻ തല്പര കക്ഷികൾക്ക് സാധിച്ചു. ഇത് പരസ്പരം ഗൂഡാലോചന നടത്തി പുറത്തിറക്കിയ ഒരു തന്ത്രമല്ലേ എന്ന് സംശയിക്കെണ്ടിയിരിക്കുന്നു.
ഹലാൽ ഹോട്ടലുകൾ പണ്ട് മുതലേ ഈ ഭൂമി മലയാളത്തിലുണ്ട്. അത് ബ്രാഹ്മണകർകൾ ശാപ്പിടും സ്ഥലമെന്നോ പോറ്റി ഹോട്ടലെന്നോ നായർ വിലാസം ഹോട്ടലെന്നോ വെജിറ്റേറിയൻ ഹോട്ടലെന്നോ ബോർഡ് തൂക്കാതെ തന്നെ ജനകീയമായി തന്നെ നാട്ടിൽ നിലവിലുണ്ട്. ആവശ്യമുള്ളവർ ഹോട്ടലുകാരന്റെ ജാതി നോക്കാതെ അവിടെ കയറി ആഹാരം കഴിച്ചു. . ഇസ്ലാം മത വിശ്വാസികൾ നടത്തുന്ന ഹോട്ടലിൽ ബോർഡ് തൂക്കാതെ തന്നെ ഹലാൽ ഭക്ഷണമേ കിട്ടൂ എന്നത് പരസ്യമായ വസ്തുത തന്നെയാണ് അതായത് പന്നിയിറച്ചി കിട്ടില്ല, അറുത്ത് ചോര കളഞ്ഞ മാംസമേ ഉപയോഗിക്കൂ ഇങ്ങിനെ ചില നിബന്ധനകളോട് കൂടി ഹോട്ടൽ നടത്തുന്നു.. വലിയ വ്യാപാരം നടത്തുന്നവർ മുതൽ ചെറിയ മക്കാനി നടത്തുന്നവർ വരെ ഹലാൽ ഭക്ഷണം കച്ചവടം ചെയ്യുന്നവരാണ്. അവിടെ ഒന്നും ഊതലുമില്ല തുപ്പലുമില്ല. “ കോയിക്കോട്ടങ്ങാടിയിലെ കോയാക്കാടെ കടയിൽ പോയി കോയി ഇറച്ചി കയിക്കുന്നതിൽ“ ഒരു മടിയുമില്ലാത്തവരായിരുന്നു, മലയാളികൾ. അവർ പുലർച്ചെ എഴുന്നേറ്റ് നായരുടെ ടീ ഷോപ്പോ ബാപ്പുട്ടിയുടെ മക്കാനിയോ എന്ന വ്യത്യാസമില്ലാതെ രുചികരമായ ആഹാരമുള്ള എല്ലാ കടയിലും കയറി ആഹാരം കഴിച്ചിരുന്നു, അടുത്തടുത്തിരുന്ന് രാഷ്ട്രീയം പറഞ്ഞു, ലോക കാര്യങ്ങൾ പറഞ്ഞു, പത്രം വായിച്ചു,
അങ്ങിനെ സമാധാനപരമായ ഒരു സമൂഹം നില നിൽക്കുന്നിടത്ത് ആവശ്യമില്ലാത്ത പ്രശ്നങ്ങൾ കുത്തിപ്പൊക്കി കലഹം ഉണ്ടാക്കുന്നവർക്ക് അവർ ആരായാലും അവർക്ക് മറ്റെന്തോ ലക്ഷ്യമുണ്ടെന്ന് തിരിച്ചറിയുക.