ഉഭയ സമ്മത പ്രകാരം വിവാഹമോചിതരാകുന്നതിന് ഉപദേശം ആരായുന്നതിന് വേണ്ടിയാണ് ഭാര്യയും ഭർത്താവും ഞങ്ങളുടെ മുമ്പിൽ വന്നത്. കൗമാര പ്രായത്തിലുള്ള അവരുടെ രണ്ട് പെൺകുട്ടികളെ കൂടെ കൂട്ടിയിട്ടുമുണ്ട്. ഭാര്യയ്ക്ക് അയാളെ വേണ്ടാ എന്നും രണ്ട് മൂന്ന് വർഷമായി കൂടെ ജോലി ചെയ്യുന്ന മറ്റൊരു പുരുഷനുമായി അവൾക്ക് ബന്ധമുണ്ട് എന്നും അയാളോടൊപ്പം ജീവിക്കാനാണ് അവൾക്ക് താല്പര്യമെന്ന് തന്നോട് ഭാര്യ തുറന്ന് പറഞ്ഞെന്നും എങ്കിൽ പിന്നെ കുരിശായി താനെന്തിന് അവളുടെ ജീവിതത്തിൽ തൂങ്ങി കിടക്കുന്നതെന്നുമാണ് ഭർത്താവിന്റെ ചോദ്യം. ആദ്യം മൗനം അവലംബിച്ച ഭാര്യ പിന്നീട് സഹപ്രവർത്തകനുമായുള്ള ബന്ധം സമ്മതിച്ചതിന് ശേഷം ഇത്രയും കൂട്ടിചേർത്തു. " എനിക്ക് വേണ്ടി അയാളുടെ കുടുംബത്തെയും മറ്റും ഉപേക്ഷിക്കാൻ തയാറായ ആ മനുഷ്യനോട് വിശ്വാസ വഞ്ചന നടത്താൻ എനിക്കാവില്ല, അല്ലാതെ ഇദ്ദേഹത്തോട് സ്നേഹമില്ലാഞ്ഞിട്ടല്ല."
"അപ്പോൾ എന്നോട് വിശ്വാസ വഞ്ചന കാട്ടുന്നതിൽ കുഴപ്പമൊന്നുമില്ലാ അല്ലേ?" ഭർത്താവ് ഇത് ചോദിച്ചപ്പോൾ തൊണ്ട ഇടറിയിരുന്നു എന്ന് ഞങ്ങൾ തിരിച്ചറിഞ്ഞു . അപ്പോഴാണ് മൂത്ത കുട്ടിയെ ഞാൻ ശ്രദ്ധിച്ചത്. അഛന്റെ വിമ്മൽ തിരിച്ചറിഞ്ഞ അവൾ രൂക്ഷമായി അയാളെ നോക്കുകയാണ്. കേസിന്റെ ദിശ തന്നെ മാറ്റുന്ന എന്തോ ചിലത് ആ കുട്ടിയുടെ തലയിലുണ്ട് എന്ന് മനസിലാക്കിയ ഞാൻ ആ കുട്ടിയെ മാറ്റി നിർത്തി ചോദിച്ചു.
" എന്തിനാണെന്നറിയാതെയാണ് കുട്ടി അഛനും അമ്മയുമൊപ്പം ഇവിടെ വന്നതല്ലേ? ഈ വിവാഹ മോചനത്തിന് കുട്ടി എതിരാണ് അല്ലേ?"
"ഏത് കുട്ടികളാണ് അഛനും അമ്മയും വേർ പിരിഞ്ഞ് താമസിക്കുന്നത് കാണാൻ ഇഷ്ടപ്പെടുക?" എന്ന് അവൾ എന്നോട് തിരിച്ച് ചോദിച്ചപ്പോൾ എനിക്ക് മിണ്ടാട്ടമില്ലാതായി.
"അമ്മയുടെ കരണത്ത് അഛൻ കൈ നിവർത്തി രണ്ട് പൊട്ടിച്ചാൽ ഈ പ്രശ്നം ഇവിടെ തീരും, എന്റഛൻ അവിടെ ഇരുന്ന് വിമ്മിയത് കണ്ടില്ലേ? അതിന് പകരം നല്ല രണ്ട് തെറി അമ്മയെ വിളിച്ചിരുന്നെങ്കിലോ? അമ്മ പറഞ്ഞത് കേട്ടോണ്ട് ഇങ്ങോട്ട് അമ്മയെയും ഞങ്ങളെയും കെട്ടി വലിച്ചോണ്ട് വരുന്നതിന് പകരം നീ പോയി കേസ് കൊട്, അത് ഞാൻ നേരിട്ടോളാം, ഞാൻ നിന്നെ ഒഴിച്ച് വിടാൻ ഒരുക്കമില്ല, എന്ന് പറഞ്ഞിരുന്നെങ്കിലോ ? അമ്മ സർക്കാർ ഉദ്യോഗസ്ഥ ആണ്, മറ്റൊരാളുമായി അവിഹതമായി മാറി താമസിച്ചാൽ വിവരം അറിയുമെന്ന് അഛന് അറിയില്ലേ?, ഈ വിവരം സാർ അച്ചനെ ഒന്ന് പറഞ്ഞ് മനസിലാക്കാമോ? ഞങ്ങളുടെ ഭാവിയെ പറ്റി ഇവർ ചിന്തിച്ചോ...ഞങ്ങളുടെ ജീവിതം എന്തായി തീരും, ഇങ്ങിനെ അച്ചനെ ഒഴിവാക്കി മറ്റൊരുത്തനുമായി കഴിയുന്നവളുടെ മക്കളെ മാന്യമായി കെട്ടിച്ചയക്കാൻ കഴിയുമോ എല്ലാവരും അവരവരുടെ സ്വസ്ഥത ആഗ്രഹിക്കുമ്പോൾ ഞങ്ങളുടെ ഭാവി ആരും കണക്കിലെടുക്കാത്തതെന്ത്? " തുരു തുരാ ആ കുട്ടി നിറ ഒഴിച്ചപ്പോൾ ഞാൻ മിഴിച്ച് നിന്ന് പോയി.
18 വർഷം കൂടെ താമസിച്ചവനേക്കാളും ഇന്നലെ കണ്ട ഒരുത്തനെ വലുതായി കാണുന്ന പത്രാസ് കാരിയായ ആ ഭാര്യയെ ആദ്യമായി കണ്ടപ്പോൾ തന്നെ എന്റെ ഉള്ളിലുണ്ടായ അവജ്ഞ ഇപ്പോൾ 10ഇരട്ടിയായി. ഇവൾക്കൊരു പണി കൊടുക്കണമെന്ന് തന്നെ ഉള്ളിൽ കരുതി.
എങ്ങിനെ ഈ വിഷയം കൈകാര്യം ചെയ്യണമെന്ന് ആ കുട്ടിക്ക് വേണ്ട നിർദ്ദേശങ്ങൾ ഞാൻ പറഞ്ഞ് കൊടുത്തതിന് ശേഷം ഭർത്താവിനെ അരികിലേക്ക് വിളിച്ചു, മകൾ പറഞ്ഞത് അതേ പടി ധരിപ്പിച്ചു. " എന്റെ മോളേ.....! " അഛൻ വീണ്ടും വിമ്മാൻ തുടങ്ങിയപ്പോൾ മകൾ ചീറി "അഛൻ കരച്ചിലൊന്ന് നിർത്തി ഒരു ആണായിട്ട് പെരുമാറാമോ? എനിക്കിപ്പോൾ ഒഴിഞ്ഞ് തരാൻ മനസില്ലാ എന്ന് അമ്മയോട് പറയുക, ബാക്കി ഞങ്ങൾ കൈകാര്യം ചെയ്തോളാം. ' ആ 16 വയസ്സ്കാരി പറഞ്ഞു. പിന്നീട് കാര്യങ്ങൾ എളുപ്പമായിരുന്നു . പെൺകുട്ടികൾ രണ്ട് പേരും കൂടി അഛനെയും കൊണ്ട് വീട്ടിലേക്ക് പോയി. ഇറങ്ങാൻ നേരം മൂത്ത കുട്ടി അമ്മയോട് പറഞ്ഞു " അഛന് ഒഴിഞ്ഞ് തരാൻ മനസില്ല, അമ്മക്ക് വേണമെങ്കിൽ പോയി കേസ് കൊട് , പിന്നെ സമയത്തും കാലത്തും വീട്ടിൽ വന്നോളണം, കണ്ടവനുമായി ജീവിക്കാൻ പോയാൽ, ഞങ്ങൾ പരാതിയുമായി ഓഫീസ് മേധാവിയെ കാണും, ശേഷം ജീവിതം .കട്ട പൊഹ ആകുമേ തള്ളേ..."
ഭാര്യയുടെ മുഖത്തെ അപ്പോഴുണ്ടായ പകപ്പ് വിവരിക്കാൻ എന്റെ പേനയിൽ മഷി മതിയാവില്ല കീ ബോർഡിൽ കട്ടയും ഇല്ല.