Tuesday, October 4, 2011

ഇതാ നന്മയുടെ കിരണങ്ങള്‍

മനസിനു ഏറ്റവും സന്തോഷം തരുന്ന ഒരു വാര്‍ത്ത നമ്മുടെ എല്ലാം പ്രിയ സ്നേഹിതന്‍ നാമൂസില്‍ നിന്നും ഇന്ന് ഫോണിലൂടെ എനിക്ക് ലഭിച്ചു.

ജിത്തു എന്ന നമ്മുടെ പ്രിയപ്പെട്ട സഹോദരനു ജീവിതോപാധിക്കായി ബ്ലോഗ് സമൂഹം സ്വരൂപിക്കുന്ന ധനസഹായ ഫണ്ടിലേക്ക് ഗള്‍ഫിലെ ഒരു ബ്ലോഗര്‍ സുഹൃത്ത് ഇരുപത്തിഅയ്യായിരത്തോളം ഇന്ത്യന്‍ കറന്‍സിക്ക് തുല്യമായ 2000ഖത്തര്‍ ദിനാര്‍ നാമൂസിനെ ഏല്‍പ്പിച്ചു എന്നായിരുന്നു നാമൂസ് എന്നെ വിളിച്ച് പറഞ്ഞത് . ഈ തുക ഉടനെ തന്നെ നമ്മുടെ അരീക്കോടന്‍ മാഷിന്റെ അക്കൌണ്ടിലേക്ക് അയക്കും.സഹായം നല്‍കിയ ബ്ലോഗര്‍ സുഹൃത്ത് നമുക്ക് സുപരിചിതനും ബ്ലോഗിലും ഫെയിസ് ബുക്കിലും സജീവ സാന്നിദ്ധ്യം അറിയിക്കുന്ന ആളുമാണ്. പക്ഷേ തന്റെ പേരു പരസ്യപ്പെടുത്തരുത് എന്ന അദ്ദേഹത്തിന്റെ സ്നേഹപൂര്‍വമുള്ള അപേക്ഷ ഉപേക്ഷിക്കാന്‍ സാധിക്കാത്തതിനാല്‍ ഞാന്‍ ആ കാര്യത്തില്‍ മൌനം ദീക്ഷിക്കുകയാണ്. ഈ അടുത്ത കാലത്ത് ഫെയിസ് ബുക്കിലാണോ അതോ മലയാളം ബ്ലോഗേര്‍സിലാണോ( ഓര്‍മ കൃത്യം വരുന്നില്ല) രസകരമായ ഒരു ചര്‍ച്ചയുടെ അന്ത്യത്തില്‍ സ്ത്രീധനം നല്‍കാന്‍ നിവര്‍ത്തിയില്ലാത്ത ഒരു വിധവയുടെ പെണ്‍കുട്ടിക്ക് രണ്ട് പവന്‍ സ്വര്‍ണം നല്‍കാന്‍ ഔദാര്യം കാണിച്ച ആ നല്ല മനസിനെയും സ്തുതിക്കുക.
ഇവിടെ നന്മയുടെ കിരണങ്ങള്‍, പൂനിലാ മഴ പെയ്യിക്കുകയാണ്. എത്രത്തോളം ആ നല്ല മനസുകള്‍ക്ക് നന്ദി പറഞ്ഞാല്‍ മതിയാകും. മനസില്‍ നന്മയുടെ പ്രകാശം നിറച്ച് ആ പ്രകാശത്തിന്റെ സുവര്‍ണ കിരണങ്ങള്‍ അന്ധകാരത്തിലാണ്ട സഹജീവിയുടെ ജീവിതത്തിലേക്ക് പകര്‍ന്ന് നല്‍കി അവരുടെ ജീവിതവും പ്രകാശമാനമാക്കുന്ന നല്ലവരായ സുഹൃത്തുക്കളേ! നിങ്ങളുടെ മുമ്പില്‍ കൃതജ്ഞയാല്‍ തലകുനിക്കുകയാണ് ഞങ്ങള്‍.

ഇവിടെ പ്രിയപ്പെട്ട ജിത്തുവിന് വേണ്ടി രൊക്കമായി അരീക്കോടന്‍ (ആബിദ്) മാഷിന്റെ അക്കൌണ്ടില്‍ കിട്ടിയതും പലരുടെയും വാഗ്ദാനങ്ങളും ഇപ്പോള്‍ കിട്ടിയ ഈ തുകയും ചേര്‍ത്ത് ഏകദേശം എണ്‍പതിനായിരം രൂപയോളമായി എന്നാണ് എനിക്ക് അറിയാന്‍ സാധിച്ചത്.. ഒന്നര ലക്ഷമാണ് നമ്മുടെ ലക്ഷ്യം. ഈ തുക ഉടനേ തന്നെ ശേഖരിച്ച് കഴിഞ്ഞാല്‍ മലയാളം ബ്ലോഗേഴ്സിന്റെ പ്രതിനിധികളായി അഞ്ച് പേരെ ജിത്തുവിന് ജീവിതോപാധിക്കായി നാം ലക്ഷ്യമിട്ട സ്ഥാപനം ഫര്‍ണിഷ് ചെയ്ത് താക്കോല്‍ ജിത്തുവിനെ ഏല്‍പ്പിക്കാന്‍ ചുമതലപ്പെടുത്തും. ഇടക്കിടക്ക് സ്ഥാപനത്തിന്റെ പുരോഗതി നമ്മള്‍ നിരീക്ഷിച്ച് കൊണ്ടിരിക്കുകയും ചെയ്യും. ഈ പ്രവര്‍ത്തനത്തിന് തന്റെ പരീക്ഷ കഴിഞ്ഞാല്‍ കോഴിക്കോട് പോയി സഹകരിക്കാമെന്ന് ഹാഷിം (കൂതറ) സമ്മതിച്ചിട്ടുണ്ട്. ഹാഷിമിനു ജിത്തുവിനു വേണ്ടി തയാറാക്കുന്ന ഫീല്‍ഡില്‍ നല്ല പരിചയമുണ്ടെന്നാണ് എന്റെ അറിവ്. കൂടാതെ ജിത്തുവിന്റെ താമസ സ്ഥലത്തിനോട് അടുത്ത് കഴിയുന്ന പ്രദീപ്കുമാര്‍ മാഷിനെയും ഡോക്റ്റര്‍ മുഹമ്മദ് കോയയെയും (രണ്ട് പേരും ബ്ലോഗേഴ്സ്) കൂട്ടത്തില്‍ മൂന്ന് പേരെയും ഹാഷിമിനൊപ്പം ഈ പദ്ധതി സ്ഥാപനത്തിനായി സഹകരിക്കാന്‍ നമുക്ക് അവരോട് അപേക്ഷിക്കുകയും ചെയ്യാം. നമ്മുടെ അപേക്ഷ അവര്‍ നിരസിക്കില്ലാ എന്നാണെന്റെ വിശ്വാസം.

ഇനി ബാക്കി തുകയാണ് ആവശ്യം. എന്റെ പ്രിയ സുഹൃത്തുക്കളേ! ഇവിടെ ചെറുപ്പക്കാരനായ നമ്മളില്‍ ഒരുവന്‍ കാലുകള്‍ക്ക് ചലന ശേഷി നഷ്ടപ്പെട്ട രോഗവുമായി ജീവിതോപാധിക്ക് മാര്‍ഗമില്ലാതെ കഴിയുന്നു. അയാള്‍ തൊഴില്‍ ചെയ്യാന്‍ ഒരുക്കമാണ്. പക്ഷേ വിധി അയാള്‍ക്ക് പരിശീലനം ഉള്ള തൊഴില്‍ ചെയ്യുന്നതില്‍ നിന്നും അയാളെ തടയുന്നു. ലെഡ് രക്തത്തില്‍ കൂടുതലായതിനാലാണ് അയാള്‍ക്ക് ഈ രോഗം ബാധിച്ചിരിക്കുന്നത്. അയാള്‍ക്ക് പരിശീലനം ലഭിച്ച തൊഴിലോ എപ്പോഴും ലെഡ് ഉപയോഗിക്കേണ്ടതും. ഇവിടെയാണ് അയാള്‍ നിസ്സഹായനായത്. വീട്ടിലെ സാമ്പത്തിക സ്ഥിതി തുലോം ദയനീയവും. കഴിഞ്ഞ ദിവസം ഞാന്‍ ആ ചെറുപ്പക്കാരനെ ഫോണില്‍ ബന്ധപ്പെട്ടിരുന്നു. പനി പിടിച്ച് വിറച്ച് കിടക്കുമ്പോഴും അയാള്‍ ഞാനുമായി സംസാരിക്കാന്‍ വെമ്പല്‍ കാട്ടി. അയാള്‍ക്ക് ജീവിതത്തില്‍ ആകെ ഒരു സന്തോഷം ഇങ്ങിനെ പുറം ലോകത്തിലെ ആരെങ്കിലുമായി ബന്ധപ്പെടുന്നതാണ്. ആഗ്രഹിക്കുന്നിടത്ത് ചെന്നെത്തുവാന്‍ അയാള്‍ക്ക് ആവില്ലല്ലോ. കണ്ണൂര്‍ മീറ്റില്‍ എത്താന്‍ അയാള്‍ക്ക് ആഗ്രഹമുണ്ടായിട്ടും സാധിക്കാത്തതിന്റെ നിരാശ അയാളുടെ കമന്റിലൂടെ നാം എല്ലാം കണ്ട് കഴിഞ്ഞു.

ഉദ്ദേശിക്കുന്നിടത്ത് നമുക്ക് എത്താന്‍ കഴിയുന്നു. ഇഷ്ടമുള്ള ആഹാരം നാം കഴിക്കുന്നു. ഇഷ്ടമുള്ള വസ്ത്രങ്ങള്‍ ധരിക്കുന്നു. നാം പിക്നിക്കിന് പോകുന്നു. കൂട്ടുകാരുടെ സമീപത്ത് ഓടിയെത്തുന്നു. ഇതെല്ലാം നാം യഥേഷ്ടം ചെയ്യുമ്പോള്‍ ഇതൊന്നും സാധിക്കാത്ത നാലു ചുവരുകള്‍ക്കുള്ളില്‍ അടച്ചിട്ട് ജീവിതോപാധിക്ക് പോലും വഹ കണ്ടെത്താന്‍ കഴിയാതെ എത്രയോ പേര്‍ നമ്മുടെ നാലു ചുറ്റും ജീവിക്കുന്നു. ഒരു നിമിഷമെങ്കിലും നാം അവരെ പറ്റി ചിന്തിക്കുക. നമുക്ക് സാധിക്കുന്നതും അവര്‍ക്ക് സാധിക്കാത്തതുമായ കാര്യങ്ങളെ പറ്റി നിരീക്ഷിക്കുക. അവരെ സഹായിക്കാന്‍ വലുതായി ഒന്നും നല്‍കാന്‍ സാധിക്കാത്തവര്‍ കഴിയുമെങ്കില്‍ ഒരു ഷര്‍ട്ട് വാങ്ങുവാന്‍ ചെലവഴിക്കുന്ന തുകയെങ്കിലും ഈ സാധുക്കള്‍ക്ക് വേണ്ടി ചെലവഴിക്കുക. സാമ്പത്തികമായി കഴിവുള്ളവര്‍ ഈ കുറിപ്പുകളുടെ ആദ്യത്തില്‍ പരാമര്‍ശിച്ച നല്ലവനായ സുഹൃത്തിന്റെ പാത പിന്തുടരുക. നിങ്ങള്‍ നല്‍കുന്ന ഓരോ പൈസായും കൃത്യമായ കണക്കോടെ കൈകാര്യം ചെയ്യാന്‍ തക്കവിധമുള്ള സംവിധാനമാണ് ഇതിന്റെ സംഘാടകര്‍ ചെയ്തിരിക്കുന്നത് എന്ന് ഞാന്‍ മനസിലാക്കുന്നു.

എത്രയും പെട്ടെന്ന് ജിത്തുവിന് ജീവിതോപാധിക്കുള്ള സ്ഥാപനം എസ്റ്റാബ്ലിഷ് ചെയ്ത് നിങ്ങളെ എല്ലാവരെയും അറിയിക്കാന്‍ സാധിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു.

തുക അയക്കേണ്ടുന്ന വിലാസം:

ABID THARAVATTATH

A/C : 10770100109384

IFCC: FDRL, 0001077

FEDERAL BANK

AREACODE BRANCH

MUKKAM ROAD.

673639.PN

-

---------------------------------------------------------------------------------------

ഇത് സംബന്ധമായ എഴുത്ത്കുത്തുകളും സംശയങ്ങളും നിവര്‍ത്തിക്കുവാന്‍ താഴെ പറയുന്ന ഇ.മെയിലില്‍ ബന്ധപ്പെടുക.

naamoosdoha@gmail.com,

tamsheriff@gmail.com,

noumonday@gmail.com

abid.areacode@gmail.com,


ജിത്തുവിലേക്കെത്താനുള്ള മറ്റു വഴികള്‍.

വിധിയെ നേരിടാൻ നമുക്ക് ജിത്തുവിനെ സഹായിക്കാം...!!

ലെഡ് - നാം അറിയേണ്ട മറ്റൊരു കൊലയാളി.

മനസ്സേ പതറാതെ ....








6 comments:

  1. ഇക്കയടക്കം പലരും ഈ വിഷയത്തില്‍ എടുക്കുന്ന താത്പര്യത്തില്‍ ഞാന്‍ ഏറെ സന്തോഷവാനും ഏറെ പ്രതീക്ഷയിലുമാണ്.
    ഇക്ക പറഞ്ഞത് പോലെ നമുക്ക് സാധിക്കുന്നതെന്തോ... അത്.
    "അണ്ണാറ കണ്ണനും തന്നാലായത്" എന്നല്ലേ..?

    ReplyDelete
  2. മന്‍സൂര്‍ നാമൂസ് വിളിച്ച് കാര്യങ്ങള്‍ സംസാരിക്കാറുണ്ട്.. അതനുസരിച്ച് ഞാനും ഡോക്ടര്‍ മുഹമ്മദ് കോയയും കഴിഞ്ഞ ദിവസം ബ്ലോഗേഴ്സ്ന്റെ പ്രതിനിധികള്‍ എന്ന നിലക്ക് ജിത്തുവിനെ വീട്ടില്‍ പോയി കണ്ടിരുന്നു.ജിത്തു തന്റെ ജീവിതോപാധിയായി കണ്ടുവെച്ചിരിക്കുന്ന കടമുറിയും ഞങ്ങള്‍ കാണുകയുണ്ടായി.ഈ അവസരത്തില്‍ നമ്മുടെ എല്ലാം കൈത്താങ്ങ് ജിത്തുവിന് ആവശ്യമാണ്.

    ഷെറീഫ് സാര്‍ സൂചിപ്പിച്ചതുപോലെ ജിത്തുവിന്റെ അടുത്ത പ്രദേശത്തുകാര്‍ എന്ന നിലയില്‍ ഞങ്ങള്‍ക്കു ചെയ്യാന്‍ കഴിയുന്നതെല്ലാം ചെയ്യാന്‍ ഡോക്ടറും ഞാനും തയ്യാറാണ് എന്ന വിവരം അറിയിക്കുന്നു.

    ReplyDelete
  3. ശരിയായ മാർഗ്ഗത്തിൽ കാര്യങ്ങൾ മുന്നോട്ട്‌ പോകുന്നത്‌ കണ്ട്‌ സന്തോഷം തോന്നുന്നു. എല്ലാം നന്നായി നടക്കാൻ ഈശ്വരൻ സഹായിക്കട്ടെ.

    ReplyDelete
  4. നാമൂസിന്റെ മൈൽ വഴി നമുക്ക് മിക്ക ബ്ലോഗേഴ്സിനേയും ജിത്തുവിനായുള്ള പ്രൊജക്റ്റിനെ പറ്റി അറിയിക്കാൻ കഴിയുകയും അതു വഴി ഒത്തിരി ഓഫറുകൾ ലഭിക്കുകയുമുണ്ടായതിൽ സന്തോഷിക്കാം

    നാമൂസ് ഇതുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ഒത്തിരി നന്നായി മുന്നോട്ട് തന്നെ ചലിച്ചിട്ടുണ്ട് കൂടെ നമ്മളാൽ കഴിയും വിധം നമുക്കും കൂടെ ചേരാം.

    ReplyDelete
  5. നന്മയുടെ കിരണങ്ങള്‍ വിതറുന്ന പ്രിയസുഹൃത്തുക്കള്‍ക്ക് അനുമോദനങ്ങള്‍

    ReplyDelete
  6. നന്മകൾ എല്ലാവരിൽ നിന്നും വിട്ടകന്നു പോയിട്ടില്ല എന്ന അറിവുതന്നെ ഏറെ ആവേശമാണ്. ഇതാ ഇവിടെ നല്ല മനുഷ്യരുണ്ട് എന്ന് ഉറക്കെ വിളിച്ചു പറയാൻ തോന്നുന്നു. ഈ സമയം വേറെയും പല ജീവ കാരുണ്യപ്രവർത്തനങ്ങൾ ബൂലോകത്ത് നടക്കുന്നുവെന്ന അറിവ് ചില പോസ്റ്റുകളിൽ നിന്നറിഞ്ഞു. സഹജീവീയ സ്നേഹത്തിന്റെ ബ്ലോഗ്ഗേഴ്സ് മാതൃകകൾക്ക് എല്ലാ ആശംസകളും നേരുന്നു!

    ReplyDelete