Friday, August 7, 2020

വൈദ്യുതി ഇല്ലാതെ.....

ഇന്നലെ ഈ പ്രദേശവുംചുറ്റുപാടും  വൈദ്യുതി ഇല്ലാതെ വല്ലാതെ കഷ്ടത്തിലായിരുന്നു   മിനഞ്ഞാന്ന് രാത്രിയിലുണ്ടായ  ശക്തമായ കാറ്റിലും മഴയത്തും  ലൈനുകളിൽ മരങ്ങൾ വീണ് വൈദ്യുതി വിതരണം തടസ്സപ്പെട്ടതിനാലാണ് അപ്രകാരം സംഭവിച്ചത്. മിനഞ്ഞാന്ന് രാത്രി മുതൽ    ഇന്ന് രാത്രി പത്തുമണിവരെ വിദ്യുഛക്തി ജീവനക്കാർ കോരി ചൊരിയുന്ന മഴയത്ത്  അശ്രാന്ത പരിശ്രമം നടത്തിയാണ്` വിതരണം പുന:സ്ഥാപിച്ചത്.
വൈദ്യുതിയെ ആശ്രയിച്ച് ജീവിതം ചിട്ടപ്പെടുത്തിയവർ  അതില്ലാതെ വന്നപ്പോൾ വല്ലാതെ കുഴഞ്ഞു. 26 മണിക്കൂർ വിതരണം നിലച്ചപ്പോൾ കിണറുകളിൽ സ്ഥാപിച്ച പമ്പുകൾ പ്രവർത്തിപ്പിക്കാനാവാതെ  പ്രാഥമികാവശ്യങ്ങൾക്കു പോലും വെള്ളം കിട്ടാതെ ജനം കഷ്ടപ്പെട്ടു.രാത്രി ആയി ഇരുട്ട് കടന്ന് വരുകയും മെഴുകുതിരികൾ പോലും കത്തിക്കാൻ (അത് വിൽക്കുന്ന കടകളിൽ പോകാനും വാങ്ങാനും കോവിഡ് ഭീഷണി ഉള്ളതിനാൽ സാധിക്കുകയുമില്ല) കഴിയാതെ വന്നു. ഇന്വർട്ടർ എന്ന സൂത്രം അതിനാകുന്ന  സമയം വരെ പ്രവർത്തിക്കുകയും അത് കഴിഞ്ഞപ്പോൽ ഇനി എന്നെ കൊണ്ട് വയ്യേ എന്ന് ബീപ് ബീപ് ശബ്ദത്താൽ കരഞ്ഞ് നിശ്ചലമാവുകയും  ലൈറ്റുകൾ അണയുകയും ചെയ്തു.
 പ്രസവിച്ചിട്ടത് മുതൽ തന്നെ ഫാനിന്റെ കീഴിൽ കഴിഞ്ഞ് വരുന്ന പുതു തലമുറ  കൊതുകിന്റെ മൂളിച്ചകളെ കൈ കൊണ്ട് ആട്ടി മാറ്റി കഴിഞ്ഞു. അടുക്കള പരിപാലനക്കാർ  മാറ്റി വെച്ച അരകല്ലു പ്രയോഗത്തിൽ വരുത്തി. റ്റിവി. കണ്ട് സമയം പോക്കുന്ന  പുരുഷ ശിങ്കങ്ങളെ  കിണറുകളിലെ  വെള്ളം കോരി തരാനും വെള്ളം ഇല്ലെങ്കിൽ  ഇന്ന് ഗോവിന്ദാ...ഗോവിന്ദാ...ആയിരിക്കും ഉണ്ണാൻ നേരം സംഗതി കുഴയും എന്നൊക്കെ ഭീഷണിപ്പെടുത്തി തട്ടിൻ പുറത്തെവിടെയോ എന്നോ വലിച്ചെ റിഞ്ഞ ബക്കറ്റും കയറും തപ്പിയെടുത്ത് കിണറിലെ വെള്ളം മുകളിൽ വരുത്തി.
 എല്ലാവരും വെട്ടിൽ വീണത് എന്തെങ്കിലും പ്രതിസന്ധിയിലകപ്പെട്ട് അടുക്കള പ്രവർത്തിച്ചിലെങ്കിൽ നാട്ടിൽ ധാരാളമായുണ്ടായിരുന്ന ഹോട്ടലുകളെ ആശ്രയിച്ച് ഇഷ്ടമുള്ള  ആഹാരം വാങ്ങാവുന്ന ആ ഈസീ പ്രതിവിധി കോവിഡ് നിയമത്താൽ ഹോട്ടലുകൾ അടഞ്ഞ് കിടക്കുന്നതിനാൽ പൊളിഞ്ഞ് പോയതിനാലാണ്.
മണ്ണെണ്ണ വിളക്കിന്റെ വെട്ടത്തിൽ കുത്തിക്കൂനി ഇരുന്ന് പുസ്തകങ്ങൾ വായിക്കുകയും മുനിഞ്ഞ് കത്തുന്ന  മൊട്ട വിളക്കുകളിന്റെ പ്രകാശം കുറഞ്ഞാലും കൈ ചെല്ലുമ്പോൾ വായ തുറന്നോളും എന്ന പ്രമാണം പാലിച്ച ഉള്ള കഞ്ഞി പാതിരാത്രി കഴിച്ച് ശീലിച്ച ഞങ്ങളുടെ തലമുറയെ തോൽപ്പിക്കാൻ കറന്റിനാവില്ലല്ലോ. കുടിക്കാൻ ചോര ശരീരത്തിൽ കുറവായതിനാൽ കൊതുകും ചെറിയ മര്യാദയെല്ലാം അന്ന് കാണീച്ചിരുന്നു. ഫാൻ ആവശ്യമില്ലായിരുന്നു. പെണ്ണുങ്ങൾ അരകല്ലിൽ അരച്ചും ആട്ടുകല്ലിൽ ആട്ടിയും ഉരലിൽ ഇടിച്ചും പ്രമേഹവും രക്ത സമ്മർദ്ദവും മാറ്റി വെച്ചു. ആണുങ്ങൾ സ്ത്രീകളെ സഹായിക്കാൻ വിറക് മുട്ടി കീറി കൊടുത്തു. വെള്ളം കോരുകയും ചെയ്തു..
ആ കാലം കഴിഞ്ഞ് പോയി. ജീവിതം സുഖമയമായി. സുഖം വർദ്ധിച്ചു. കഷ്ടപ്പാടുകൾ കുറഞ്ഞു.
 എങ്കിലും പഴയ കാലം എങ്ങിനെ ആയിരുന്നു എന്ന് വല്ലപ്പോഴെങ്കിലും ഓർമ്മിക്കാൻ ഇടക്കിടക്ക് ഇപ്രകാരം വൈദ്യുതി  ഒരു ദിവസമെല്ലാം ലീവെടുക്കണമെന്നാണ് ഈയുള്ളവന്റെ ഒരു ഇത്......

No comments:

Post a Comment