Sunday, August 2, 2020

കുളങ്ങൾ...ഒരു അപകടത്തിന്റെ ഓർമ്മ....

ജലാശയങ്ങൾ എപ്പോഴും മനുഷ്യനെ കൈകാട്ടി വാ...വാ...എന്ന് വിളിക്കും. കടലും പുഴയും തോടും  കുളവും കാണുമ്പോൾ  അതിൽ ഇറങ്ങാനും  കഴിയുമെങ്കിൽ ഒന്ന് നീന്താനും ആഗ്രഹം തോന്നും. നീന്തൽ അറിയാത്തവർ പലപ്പോഴും  അപകടത്തിൽ  ചെന്ന് ചാടുന്നത് അപ്രകാരമാണ്. നീന്തൽ അറിയാവുന്നവർ പോലും ചിലപ്പോൾ ചെളിയിലും ചുഴിയിലും പെട്ട് പോകാറുണ്ട്. വെള്ളം കണ്ടപ്പോൾ കുളിക്കാനെന്ന വ്യാജേനെ കുളത്തിലിറങ്ങി ദുരന്തത്തിന്റെ  പടി വാതിൽ വരെ എത്തിയ അനുഭവം പത്ത് വയസ്സുള്ളപ്പോൾ എനിക്കുണ്ടായി.
 തകർത്ത് പെയ്യുന്ന കാലവർഷത്തിൽ സ്ഥലത്തെ എല്ലാ കുളങ്ങളും സാധാരണ നിറഞ്ഞ് കവിയാറുള്ളത് പോലെ ആ വർഷവും  സംഭവിച്ചു.വീടിനടുത്തുള്ള കുളത്തിൽ ജല ദൗർലഭ്യമുള്ള വേനൽ കാലത്ത്  താഴെ ഇറങ്ങി ചെന്ന് വെള്ളം കോരുന്നതിന് തെങ്ങും തടികൾ ഉപയോഗിച്ച് പടികൾ കെട്ടിയിരുന്നു. മഴക്കാലത്ത്  ആ പടികൾക്കും മീതെ  വെള്ളം കവിഞ്ഞ് വരാറുണ്ട്.
ദിവസങ്ങൾക്ക് ശേഷം വന്ന വെയിലിൽ ഉൽസാഹത്തോടെ ഞാൻ കുളത്തിലേക്കിറങ്ങി. ഉമ്മ കുറച്ച് അകലെ മാറി നിൽപ്പുണ്ട്. പടികൾ ഏകദേശം  നിശ്ചയമുണ്ടായിരുന്നല്ലോ. കുളത്തിൽ ഞങ്ങളുടെ അയൽ വാസി പരീതിക്ക നീന്തി തുടിച്ച് കുളിക്കുന്നു. കുളത്തിലേക്കിറങ്ങിയ എന്റെ കാൽ പടികളിൽ നിന്നുംപെട്ടെന്ന് തെന്നി മാറി ഞാൻ ആഴത്തിലേക്ക് വീണു.വെള്ളത്തിലേക്ക് താഴ്ന്നു പോകുമ്പോൾ കൈകാലിട്ടടിച്ചെങ്കിലും കരയിലേക്കെത്താൻ സാധിച്ചില്ല.നിലവിളിക്കാൻ വായ് തുറന്നതോടെ ശരിക്കും വെള്ളം കുടിച്ചു.കണ്ണിൽ ചുവപ്പ് കലർന്ന  ഇരുട്ട് വ്യാപിച്ചു. ഇതാണ് അവസാനം എന്ന് സുനിശ്ചിതമായ നിമിഷങ്ങൾ. ബോധം പതുക്കെ മറഞ്ഞ് പൊയ്ക്കൊണ്ടിരുന്ന ആ നിമിഷത്തിൽ  ആരോ എന്റെ മുതുകിൽ ചവിട്ടുന്നതായി എനിക്ക് അനുഭവപ്പെട്ടു. ആദ്യത്തെ ചവിട്ടിന്റെ ഊക്കിൽ കരയിലേക്ക് കുറച്ച് അടുത്തു. രണ്ടാമത്തെ ചവിട്ടിൽ എന്റെ കാൽ നിലം തൊട്ടു.ഞാൻ വെള്ളത്തിൽ നിന്നും തല പൊക്കി.  ബോധത്തിന്റെയും അബോധത്തിന്റെയും ഇടയിൽ വേച്ച് വേച്ച് കരയിലെത്തിയ എനിക്ക് ഉമ്മായുടെ നില വിളി നല്ലവണ്ണം കേൾക്കാമായിരുന്നു.. പരീതിക്കായുടെ സ്വാന്തനവും.  “ഇല്ലാ...കുഴപ്പമൊന്നുമില്ല.... കമഴ്ത്തി ഇട്ട് വയറ്റിൽ നിന്നും ഈ  വെള്ളമൊന്ന് കളഞ്ഞോട്ടെ......“
“ഇവന്റെ അടുത്ത് ചെന്ന് ഇവനെ കയറി പിടിച്ചാൽ  മരണ വെപ്രാളത്തിൽ ഇവൻ എന്നെ ചുറ്റി പിടിച്ച് ഇവനും പോകും ഞാനും പോകും...അതാ ഞാൻ ചവിട്ടിയത്....“ കമഴ്ത്തി കിടത്തി മുതുകിൽ അമർത്തുമ്പോൾ പരീതിക്ക ഉമ്മായോട് പറഞ്ഞു കൊണ്ടിരുന്നു.
അതിന് ശേഷം വെള്ളം കാണുമ്പോൾ ഞാൻ ഒന്ന് ആലോചിച്ചേ വെള്ളത്തിൽ ഇറങ്ങാറുള്ളൂ. കൊട്ടാരക്കരക്കടുത്ത് നെല്ലിക്കുന്നം ഗ്രാമത്തിലെ തോടും ഒരു ചെറിയ അണയും കാണുമ്പോൾ കയ്യും കാലും തരിക്കുമായിരുന്നു ഒന്ന് ഇറങ്ങി നീന്താൻ. അപ്പോഴെല്ലാം പണ്ടത്തെ കുളം ഓർമ്മയിലെത്തി പിൻ മാറ്റം നടത്തിക്കും. എങ്കിലും പിന്നീട് പലപ്പോഴും ഭാരതപ്പുഴയിലും ആരവല്ലി ക്ഷേത്രത്തിനടുത്ത പുഴയിലും കല്ലടയാറ്റിലും  സൂക്ഷ്മത പാലിച്ച് ഇറങ്ങിയിട്ടുണ്ട്.
 വെള്ളം എനിക്ക് അത്രമാത്രം ഭ്രമം ഉണ്ടാക്കുന്ന ഒന്നാണല്ലോ.

No comments:

Post a Comment