Monday, August 3, 2020

മനപ്പൂർവമല്ലാത്ത തെറ്റ്

രണ്ട് ദിവസത്തെ അവധിക്ക് ശേഷം തുറന്ന  ബാങ്കിൽ പണമിടപാടുകൾക്കായി ധാരാളം പേർ ഇന്നത്തെ ദിവസം വന്നിരുന്നു. ആൾക്കൂട്ടത്തിലൊരാളായി പ്രവേശന കവാടത്തിന് സമീപം കാത്ത് നിന്ന എന്നിൽ നിന്നും ഇത് വരെ ഉണ്ടാകാത്ത പെരുമാറ്റം പ്രായം ചെന്ന രണ്ട് പേരോട് ഉണ്ടായി,  അത് മനപ്പൂർവമല്ലെങ്കിൽ കൂടിയും ആ പെരുമാറ്റത്തിലെ കർശനതക്കിരയായ വ്യക്തികളുടെ മുഖത്തെ ജാള്യത  തിരികെ വീട്ടിലെത്തിയപ്പോഴും മനസ്സിൽ തെളിഞ്ഞ് വന്നു.
ഇടപാടുകാർക്ക് കാത്തിരിക്കാൻ ബാങ്ക്കാർ പുറത്ത് കസേരകൾ നിരത്തി ഇട്ടിരുന്നു, കൈ കഴുകാൻ ഹാന്റ് വാഷും വെള്ളവും തയാറാക്കിയിട്ടുണ്ട്. അകത്തേക്ക് തള്ളീ കയറാതിരിക്കാൻ ടോക്കൺ സമ്പ്രദായം  ഏർപ്പെടുത്തുകയും ചെയ്തു. എനിക്ക് കിട്ടിയ ടോക്കൺ നമ്പറും  ഇത് വരെ വിളിച്ച നമ്പറും താരതമ്യം ചെയ്തപ്പോൾ ഉണ്ണാനായി വീട്ടിൽ നിന്നും പൊതിച്ചോറ് കെട്ടിക്കൊണ്ട് വരേണ്ടതായിരുന്നു എന്ന് അമർഷത്തോടെ ഞാൻ ചിന്തിച്ചു; അത്രത്തോളമായിരുന്നു ബാങ്ക് ഉദ്യോഗസ്ഥരുടെ കാര്യക്ഷമത.

 കോവിഡ് ബാധിത പ്രദേശമായ എന്റെ വാർഡിൽ ആൾക്കാരുടെ പോക്ക് വരവ് നിയന്ത്രിക്കാൻ  കവലയിൽ കർശനക്കാരായി നിന്ന പോലീസുകാരെ എനിക്ക് അത്യാവശ്യമായി പോകേണ്ട കാരണം രേഖ സഹിതം ബോദ്ധ്യപ്പെടുത്തി  ഒന്നര കിലോമീറ്റർ ദൂരത്തിലെ രണ്ട് കയറ്റവും തരണം ചെയ്ത് നടന്നാണ് ഞാൻ ബാങ്കിലെത്തിയത്.
കസേര ഒഴിവ് വന്ന നേരം  പെട്ടെന്ന് തന്നെ അത്  തരപ്പെടുത്തി അതിൽ ഇരുന്ന് കാലിന്റെ വേദന അൽപ്പം കുറച്ച് ശാന്തനായി ഇരുന്നപ്പോഴാണ് വാതിൽക്കൽ നിന്ന സെക്യൂരിറ്റി എനിക്ക് ആവശ്യമുള്ള ഒരു ഫോം വിതരണം ചെയ്യുന്നത് കണ്ടത്. അത് വാങ്ങാനായി എഴുന്നേറ്റ ഉടൻ  ഒരു വൃദ്ധൻ ഞാൻ ഇരുന്ന കസേരയിൽ നോട്ടമിട്ട് അടുത്ത് വന്നു. എന്റെ കയ്യിലിരുന്ന ഒരു ബുക്ക് കസേരയിലിട്ടിട്ട് അയാളെ ഞാൻ രൂക്ഷമായി നോക്കി. ഒന്നും പറയേണ്ടി വന്നില്ല, ആ പാവം പതുക്കെ പുറകോട്ട് മാറി . ഞാൻ ഫോം വാങ്ങി തിരികെ വന്ന് കസേരയിലിരിക്കുന്നതിന് മുമ്പ് കാർന്നോരെ ഒന്ന് ഏറ് കണ്ണിട്ട് നോക്കി,    കയ്യിലിരുന്ന കാലൻ കുടയിൽ തന്റെ  ഭാരം ഊന്നി അവിടെ താഴെപടിയിൽ അയാൾ ഇരിക്കുന്നു.
  കസേരയിൽ ഇരുന്ന് പേന ഉപയോഗിച്ച് ഫോം പൂരിപ്പിച്ച് കഴിഞ്ഞപ്പോൾ ഒരു സ്ത്രീ വന്ന് അവരുടെ ആവശ്യത്തിനായി എന്നോട് പേന ആവശ്യപ്പെട്ടു, ഒട്ടും ദാക്ഷണ്യം ഇല്ലാതെ ഞാൻ പറഞ്ഞു, “പേന എന്റേതാണ് ഞാൻ നിങ്ങൾക്ക് തരില്ല “ ഒരക്ഷരം മറുപടി പറയാതെ മുഖത്ത് ജാള്യതയുമായി അവർ സ്ഥലം കാലിയാക്കി.
മുമ്പ് ഒരിക്കലും ഞാൻ ആരോടും ഇപ്രകാരം പെരുമാറിയിട്ടില്ല എന്നെനിക്കുറപ്പുണ്ട്. കഴിയുമെങ്കിൽ മറ്റുള്ളവർക്ക് എന്തെങ്കിലും സഹായം ചെയ്യാൻ വഴിയുണ്ടോ എന്ന് അന്വേഷിക്കുന്നവനാണ് ഞാൻ.പക്ഷേ.......
രോഗ ബാധയുള്ള സ്ഥലത്ത് നിന്നും വന്നവനാണ് ഞാൻ. ഞാനിരുന്ന കസേരയിൽ പ്രതിരോധ ശക്തി കുറവായ ഒരു വൃദ്ധൻ വന്നിരുന്ന് അയാൾക്ക് കുഴപ്പമൊന്നും ഉണ്ടാകാതിരിക്കട്ടെ എന്ന് കരുതി. അതോടൊപ്പം ഞാൻ ഉപയോഗിച്ച പേന ആ സ്ത്രീ ഉപയോഗിക്കേണ്ടെന്നും കരുതി. ഇതാണ് എന്റെ കർശനതക്ക് കാരണം. ഇതെല്ലാം എന്റെ ഉള്ളിലെ ആശങ്കൾ ആണെങ്കിൽ തന്നെയും എനിക്കിത് അവരോട് പറയാമായിരുന്നു,  കാരണം മനസിലാകുമ്പോൾ ഒരിക്കലും അവരുടെ മനസ്സിൽ പ്രയാസം ഉണ്ടാകില്ലായിരുന്നു. പക്ഷേ ഞാനെന്തിന് ഇത്ര പ്രയാസപ്പെട്ട് കാര്യങ്ങൾ വിശദീകരിക്കണം എന്ന ധാർഷ്ഠ്യത എന്നിൽ ഉണ്ടായിരിക്കാം, നടന്ന് വന്ന വിഷമവും കാത്തിരിപ്പിന്റെ അസഹിഷ്ണതയും ഉള്ളിലെ വിശപ്പും കൊറോണായോടുള്ള അതിയായ ഭയവും ശങ്കയും  ആ ധാർഷ്ഠ്യതക്ക് പ്രേരകമാകാം.
 ഈ പറഞ്ഞവയൊന്നും എന്റെ തെറ്റിനെ സാധൂകരിക്കില്ല എന്ന് ഉള്ളിലാരോ പറയുന്നത് കൊണ്ടാവാം ഇപ്പോൾ ഈ കുറിപ്പുകൾ തയാറാക്കുമ്പോഴും ഉള്ളിലിരുന്ന് ആരോ  “ഛേ“ എന്ന് മുറുമുറുക്കുന്നത്.

No comments:

Post a Comment