എന്റെ നെഞ്ചിൽ ഞാൻ സ്വയം ഇടിക്കുകയും വാവിട്ട് നിലവിളിക്കുകയും ചെയ്തു കൊണ്ടിരുന്നു. ഇടക്കിടക്ക് ചാരി ഇരുന്ന മുരിങ്ങ മരത്തിൽ തല കൊണ്ടിടിക്കുകയും ചെയ്തു. ഇടിയുടെ ആഘാതത്താൽ മുരിങ്ങ മരം കുലുങ്ങുകയും പൊഴിഞ്ഞ് വീഴാൻ തയാറായി നിന്ന ചെറിയ മഞ്ഞ ഇലകൾ എന്റെ തലയിലേക്കും ശരീരത്തിലേക്കും തുരു തുരാ വീഴുകയും ചെയ്തപ്പോൾ .സായാഹ്നത്തിലെ മഞ്ഞ വെയിൽ തട്ടി ആ ഇലകൾ സ്വർണ പൊട്ടുകൾ പോലെ തോന്നിച്ചു. എന്റെ അപ്പച്ചി (പിതൃ സഹോദരി) ഓടി വന്ന് എന്നെ തടയാൻ ശ്രമിച്ചു, പക്ഷേ 12 വയസ്സ്കാരനായ ഞാൻ ഒട്ടും തന്നെ വഴങ്ങിയില്ല. എന്റെ മനസ്സിൽ അത്രത്തൊളം ദുഖം തളം കെട്ടി നിന്നിരുന്നല്ലോ. എന്തൊരു ചതിയാണ് എന്നോട് എന്റെ വീട്ടുകാർ കാണിച്ചത്..മാസങ്ങളായി ഞാൻ കണ്ട സ്വപ്നമാണ് തകർന്ന് പോയിരിക്കുന്നത്.
ഈ സംഭവം നടക്കുമ്പോൾ എന്റെ ഉമ്മ നിശ്ശബ്ദയായി കട്ടിള പടിയും ചാരി ഇരിക്കുകയായിരുന്നു. എന്നെ തടയാനോ "പോട്ടേ മോനേ! നമുക്ക് പരിഹാരം കാണാമെന്നോ" ഒന്നും പറയാതെ വിദൂരതയിലേക്ക് നോക്കിയായിരുന്നു ആ ഇരിപ്പ്.. എന്റെ ദുഖത്തിന്റെ ആഴം ഉമ്മക്കറിയാം. അതാണ് അവർ അനങ്ങാതിരുന്നത്.
ഞങ്ങൾ താമസിക്കുന്ന ആലപ്പുഴ വട്ടപ്പള്ളിയിൽ സഹോദരന്മാരായ രണ്ട് എലിവിഷ വ്യാപാരികളുണ്ട്.അതിൽ അനിയൻ വ്യാപാരി താമസിക്കുന്നത് വീടിനടുത്താണ്. അയാൾ എലിവിഷം പായ്ക്ക് ചെയ്യാനുപയോഗിക്കുന്ന കൂട് നിർമ്മിക്കുവാനായി ഹാർഡ് ബോർഡ് പാകത്തിൽ മുറിച്ച് കൊണ്ട് വരും. തുരിശ് ചേർത്ത പച്ച നിറത്തിലുള്ള മാവ് പശ ഉപയോഗിച്ച് ഞങ്ങൾ കുട്ടികൾ മുറിച്ച ഹാർഡ് ബോർഡ് മടക്കി പശ തേച്ച് കൂട് ഉണ്ടാക്കി ഒരു ചെറിയ പൊതി എലി വിഷം അതിൽ ഉള്ളടക്കം ചെയ്ത് പണി പൂർത്തിയാക്കി കൊടുക്കുന്നു. ഒരു നിശ്ചിത എണ്ണത്തിന് ക്ളിപ്തപ്പെടുത്തിയ പൈസ്സാ ലഭിക്കും. സ്കൂൾ വിട്ട് വന്നാലുള്ള സമയത്ത് ഞാൻ ഈ ജോലി ചെയ്തത് ഒരു പ്രത്യേക ലക്ഷ്യത്തിന് വേണ്ടിയായിരുന്നു.
ആ കാലം നാടൊട്ടുക്ക് പട്ടിണിയാണ്. റേഷൻ കാർഡ് സാധാരണക്കാർക്ക് നിധിയുമാണ്.കാർഡിലൂടെ ലഭിക്കുന്ന റേഷൻ അരിയാണ് നേരത്തോട് നേരമാകുമ്പോളൂള്ള ഭക്ഷണത്തിനുള്ള ഏക ഉപാധി. അത് കൊണ്ട് തന്നെ റേഷൻ കാർഡിലെ യൂണിറ്റുകൾക്ക് വിലയേറെയാണ്. അംഗ സംഖ്യ കൂടുതലുള്ള കുടുംബത്തിന്റെ റേഷൻ കാർഡിൽ യൂണിറ്റ് അധികം കാണും. എങ്കിലും പെട്ടെന്ന് സാമ്പത്തിക ബുദ്ധിമുട്ട് അനുഭവപ്പെടുമ്പോൾ കാർഡിലെ കുറേ യൂണിറ്റുകൾ അരി ആവശ്യമുള്ളവർക്കോ അരി വിൽപ്പനക്കാർക്കോ പണയം കൊടുത്ത് പൈസാ വാങ്ങും. എപ്പോഴെങ്കിലും പൈസ്സാ കിട്ടുമ്പോൾ തിരികെ കൊടുത്ത് യൂണിറ്റ് തിരികെ വാങ്ങും. അത് വരെ പണയപ്പെടുത്തിയ യൂണിറ്റിലെ അരി പണയക്കാരൻ വാങ്ങി എടുക്കും പരസ്പര വിശ്വാസം ഉപയോഗപ്പെടുത്തിയുള്ള ഒരു തരം പണമിടപാടായിരുന്നു ഈ യൂണിറ്റ് പണയം വെയ്പ് പരിപാടി.. ഞങ്ങളുടെ കാർഡിലെ അൽപ്പം യൂണിറ്റുകൾ ഇപ്രകാരം പണയത്തിലായിരുന്നു, അത് കൊണ്ട് തന്നെ പതിവായി കിട്ടുന്ന അരിയുടെ അളവ് കുറയുകയും വീട്ടിൽ അരവയർ ഭക്ഷണം പിന്നെയും കുറയുകയും ചെയ്തുവല്ലോ.
ഞാനന്ന് ആറാം സ്റ്റാൻഡാർഡിൽ പഠിക്കുകയായിരുന്നെന്നാണെന്റെ ഓർമ്മ
സ്കൂൾ ബാഗ് ആ കാലത്ത് പാവപ്പെട്ടവർക്ക് അപൂർവ വസ്തുവാണ്. ഞങ്ങളുടെ ക്ളാസ്സിൽ മിക്കവർക്കും ബാഗുണ്ട്.എനിക്കൊരു ബാഗ് സ്വന്തമാക്കാൻ അതിയായ കൊതി തോന്നി
. വീട്ടിലെ ദാരിദ്രാവസ്ഥയിൽ മിണ്ടാൻ പറ്റില്ല എങ്കിലും ഉമ്മായോട് എന്റെ ആഗ്രഹം ഞാൻ പറഞ്ഞു. ഉമ്മായാണ് എലി പാഷാണ കൂട് നിർമ്മാണത്തിനായി എന്നെ പറഞ്ഞ് വിട്ടത്. ആറ് രൂപായാണ് ബാഗിന്റെ വില എന്ന് ഞാൻ അറിഞ്ഞു. ആലപ്പുഴ കോൺ വെന്റ് ജംഗ്ഷനിലെ എസ്.റ്റി. റെഡിയാർ ആന്റ് സൺസിൽ പോയി ഞാൻ ബാഗ് നോക്കി വെച്ചു. ചുവന്ന കളറിൽ മദ്ധ്യ ഭാഗത്ത് രണ്ട് കറുത്ത വരയുള്ള ഒരു ബാഗ്. എന്റെ പൊന്നോമന ബാഗ്. ദിവസവും അതിനെ ഞാൻ സ്വപ്നം കണ്ടു. കൂട്ടുകാരെ ആ ബാഗ് കാണിക്കുന്നത് ഭാവനയിൽ കണ്ടു ഞാൻ പുളകം കൊണ്ടു. ആറ് രൂപാ തികയുന്നത് വരെ ഞാൻ എലിവിഷ കൂട് നിർമ്മാണത്തിൽ മുഴുകി. ഉമ്മായും എന്നെ സഹായിച്ചു. അങ്ങിനെ ആറ് രൂപാ ടാർജറ്റിലെത്തി. ഇനി മുതലാളി പാഷാണം വിറ്റ് വരുന്നത് വരെ കൂലിക്കായി കാത്തിരിക്കണം, . ഓരോ ദിവസവും അയാൾ വരുന്നത് കണ്ണിൽ എണ്ണയൊഴിച്ച് ഞാൻ നോക്കിയിരുന്നു. അവസാനം അയാൾ വന്നുവെന്നറിഞ്ഞപ്പോൾ ഞാൻ എസ്.റ്റി.റെഡിയാർ കടയിലേക്ക് പാഞ്ഞു പോയി ബാഗ് അവിടെ ഉണ്ടോ എന്നുറപ്പ് വരുത്തണമല്ലോ.. അത് അവിടെ തന്നെ തൂങ്ങി കിടപ്പുണ്ട്. ഉടനെ ഞാൻ തിരികെ വീട്ടിലേക്ക് പാഞ്ഞു. അന്ന് വൈകുന്നേരം മുതലാളി വീട്ടിൽ പൈസാ കൊണ്ട് തരും. അതുമായി നാളെ രാവിലെ ബാഗ് വാങ്ങണം. എന്തെല്ലാം മനക്കോട്ടകൾ.!!
വീട്ടിൽ ഉമ്മാ കട്ടിള പടിയും ചാരി ഇരിപ്പുണ്ട്. മുഖത്ത് വല്ലാത്ത മ്ളാനത
. “ഉമ്മാ മുതലാളി പൈസാ കൊണ്ട് തന്നില്ലേ?“ ഞാൻ തിടുക്കപ്പെട്ട് ചോദിച്ചു.
“തന്നു മോനേ!“ ഉമ്മായുടെ മറുപടിയിലും ഒരു പന്തിയില്ലായ്മ.
“പിന്നെന്താണ്.......“ ഞാൻ വെപാളപ്പെട്ടു കൊണ്ടിരുന്നു.
“ അത്....നമ്മുടെ കാർഡിലെ യൂണിറ്റ് പണയം വെച്ചത് തിരിച്ചെടുക്കാൻ വാപ്പാ പറഞ്ഞു, ഞാൻ അതിന് കൊടുത്തു. ഇന്നലെയും നമുക്ക് അരി തികഞ്ഞില്ലല്ലോ മോനേ.. ആ യൂണിറ്റും കൂടി ഉണ്ടായിരുന്നെങ്കിൽ.....എല്ലാവർക്കും കാൽ വയറെങ്കിലും ചോറ് കണ്ടേനെ...“
ഉമ്മാ പൂർത്തീകരിച്ചില്ല. “ഹെന്റള്ളോോ....“ ഞാൻ ആഞ്ഞ് എന്റെ നെഞ്ചിലിടിച്ചു. പിന്നെയും പിന്നെയും അടിച്ചു , ഞാൻ കരഞ്ഞു, പൊട്ടിപൊട്ടിക്കരഞ്ഞു. എത്രയോ നാളുകളിലെ സ്വപ്നമാണ് തകർന്ന് വീണത്. അത് വിവരിക്കാൻ എനിക്ക് വാക്കുകളില്ല.
ഉമ്മാ അനങ്ങിയില്ല. ഇടിച്ചിടിച്ച് തളർന്ന് കുറേ കഴിഞ്ഞ് ഞാൻ ഉമ്മായെ നോക്കിയപ്പോൾ ഉമ്മായുടെ കണ്ണീൽ നിന്നും കണ്ണീർ കവിളിലൂടെ ഒഴുകുന്നു.. ഞാൻ ഇടി നിർത്തി ഉമ്മായുടെ അടുത്ത് പോയിരുന്നു.കരച്ചിൽ നിർത്തി കഴിഞ്ഞുള്ള ശക്തിയായ ഏങ്ങലടി എന്നിൽ നിന്നും വന്ന് കൊണ്ടിരുന്നു. ഉമ്മാ എന്റെ തലയിൽ തലോടി. എനിക്ക് എല്ലാം മനസിലായി ഞാൻ വിങ്ങൽ അടക്കാൻ പാട് പെട്ടു.. വീട്ടിലെ പട്ടിണിയേക്കാളും വലുതാല്ലല്ലോ സ്കൂൾ ബാഗ്. അത് കൊണ്ടായിരിക്കാം വാപ്പാ അങ്ങിനെ തീരുമാനമെടുത്തത്.
വർഷങ്ങൾ എത്രയോ കഴിഞ്ഞിരിക്കുന്നു. എന്റെ സ്കൂൾ ജീവിതത്തിൽ ബാഗ് വാങ്ങിയില്ല. ഇപ്പോൾ വീട്ടിലെ കുട്ടികൾക്ക് 600----700...രൂപക്ക് ബാഗ് വാങ്ങുന്നത് കാണുമ്പോൾ പണ്ട് 6 രൂപാക്ക് ബാഗ് വാങ്ങാൻ കഴിയാതിരുന്ന ആ പന്ത്രണ്ട് വയസ്സുകാരന്റെ ദുഖം ഓർമ്മയിലേക്ക് വരും....എന്റെ ഉമ്മായും വാപ്പായും ലോകം വിട്ട് പോയി എന്നാലും എവിടെയെങ്കിലും മാറി ഇരുന്ന് ചുമ്മാ ഒന്ന് നെഞ്ചത്തിടിച്ച് കരയാൻ ഇപ്പോൾ തോന്നിപ്പോകുന്നു......