Monday, November 18, 2024

മെഡിക്കൽ കോളേജ് ഡയറി. 18--11-1997


ഇന്ന്  പഴയ ഡയറിക്കുറിപ്പുകളിലൂടെ കടന്ന് പോയപ്പോൾ  കണ്ടത്. 

27 വർഷങ്ങൾക്ക് മുമ്പുള്ള ഈ കുറിപ്പുകൾ പുസ്തകമായി പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്.

18--11--1997

ഇപ്പോൾ പുലർച്ച 2മണി. എനിക്കു ഉറക്കം വരുന്നില്ല. വെളിയിൽ നിരത്തു നിശ്ശബ്ദമാണു. പകൽ എന്തു തിരക്കായിരുന്നു. സമീപത്തുള്ള ക്യാഷ്വാലിറ്റിയിലേക്കു സൈറൺ മുഴക്കി ആംബുലൻസ്കൾ വന്നു കൊണ്ടേ ഇരിക്കും .ജീവിതത്തിനും മരണത്തിനും ഇടയിലെ നൂൽപ്പാലത്തിലൂടെ സഞ്ചരിക്കുന്ന രോഗിയേയും കൊണ്ടു അലറി വിളിച്ചു വരുന്ന ആംബുലൻസ്‌ എപ്പോഴും ഭയം മാത്രം കാഴ്ച്ച വെയ്ക്കുന്നു. 

ഇപ്പോൾ എവിടെയും അനക്കമില്ല. അടുത്ത മുറികളിൽ ഗുരുതരമായ രോഗം ബാധിച്ചവരാണു. പ്രമേഹത്താൽ കാൽ പഴുത്തവർ, രക്ത സമ്മർദ്ദത്താൽ തലച്ചോറിലെ സിരകൾ പൊട്ടി കൈകാലുകൾ തളർന്നവർ അങ്ങിനെ പലരും. നാട്ടിൽ ഇത്രയും രോഗികളുണ്ടോ?!എല്ലാവരുടെയും അവസാന ആശ്രയം മെഡിക്കൽകോളേജാണു. ഇവിടെ എത്തിക്കഴിഞ്ഞാൽ രണ്ടിലൊന്നു തീരുമാനിക്കപ്പെടുന്നു. ഒന്നുകിൽ ജീവിതത്തിലേക്കു തിരികെ വരുന്നു. അല്ലെങ്കിൽ എന്നെന്നേക്കുമായി ലോകത്തു നിന്നും കടന്നു പോകുന്നു. ഇവിടെ ഞങ്ങളും ഞങ്ങളുടെ വിധി കാത്തു കഴിയുകയാണു.

സൈഫുവും അവന്റെ അമ്മയും ഞാനും തിരുവനന്തപുരം മെഡിക്കൾ കോളേജ് ആശുപത്രിയിലാണ്. ആരും ഞങ്ങളെ തിരിഞ്ഞു നോക്കുന്നില്ല. പേരിനു ഏതെങ്കിലും ഹൗസ്സ്‌ സർജൻ വന്നു പരിശോധിച്ചു പോകും. ചിലപ്പോൾ പ്രധാന ഡോക്റ്ററും പരിവാരങ്ങളും വന്നെങ്കിലായി. ഈ യാന്ത്രികമായ പരിശോധനക്കു പകരം ആത്മാർത്ഥമായി അവർ എന്റെ മകൻ സൈഫുവിന്റെ രോഗവും നാളിതുവരെ ചെയ്ത ചികിൽസയും പഠിച്ചു ശുഷ്കാന്തിയോടെ ചികിൽസിച്ചിരുന്നെങ്കിൽ അവനു രോഗ ശമനം എളുപ്പമായേനെ. പലരും വന്നു പരിശോധിക്കുന്നതിനാൽ മുൻ ഗാമി ചെയ്ത ചികിൽസ്സാ നിർദ്ദേശം ഭേദഗതി ചെയ്യാതെ കുത്തിവെയ്പ്പു പഴയതു തന്നെ തുടരാൻ നിർദ്ദേശിച്ചു കേസ്‌ ഷീറ്റിൽ കുറിച്ചിടും. (ഞാനായി ഒരു ഭേദഗതി എന്തിനെന്നാണു ഓരോരുത്തരും ചിന്തിക്കുന്നതു.)യാന്ത്രികമായ ഈ ചികിൽസ കാരണമാണു രോഗശമനം വൈകുന്നതു. എന്റെ മകന്റെ കാര്യം ആയതു കൊണ്ടാവാം ചികിൽസ യാന്ത്രികമെന്നു എനിക്കു അനുഭവപ്പെടുന്നതു. ഒരു പക്ഷേ അവർക്കു ഇത്രമാത്രമേ ചെയ്യാൻ സാധിക്കുകയുള്ളൂ എന്നു വരാം. എന്റെ ഉത്ക്കണ്ഠയും സംഭ്രമവും കാരണം എനിക്കു ഈ രീതിയിൽ തോന്നുന്നതു ആകാം, എന്നൊക്കെ ഞാൻ സമാധനിക്കാൻ ശ്രമിക്കുന്നു. പക്ഷേ ഒരു സത്യം എന്റെ മുമ്പിലുണ്ടു.13 വയസ്സ്കാരനായ എന്റെ മകൻ മെനൈഞ്ചിറ്റിസ്സും ബ്രൈൻ ആബ്സസ്സും ബാധിച്ചു ഗുരുതരാവസ്ഥയിലാണു. അവൻ രോഗ ബാധിതനായി മെഡിക്കൽ കോളേജിൽ വന്ന ആദ്യ ദിനങ്ങളെപ്പോലെ ഇപ്പോഴും തലവേദനയെപ്പറ്റി ആവലാതിപ്പെടുന്നു. ശക്തമായ പനി ബാധിച്ചു അവൻ ഇന്നു മയക്കത്തിലായിരുന്നു. ചൊറിച്ചിലും തിണർപ്പും കുറേശ്ശെയായി ഇപ്പോഴും ഉണ്ടു. തീർച്ചയായും അവനു വിദഗ്ദ്ധചികിൽസയുടെ അഭാവം അനുഭവപ്പെടുന്നു എന്നു ഞാൻ വിശ്വസിക്കുന്നു.
ഏതെങ്കിലും ഡോക്റ്റർക്കു ഫീസ്സ്‌ കൊടുക്കാൻ ഞാൻ തയാറാണു. പക്ഷേ ആർക്കാണു കൊടുക്കേണ്ടതു? സ്ഥിരമായി ഒരു ഡോക്റ്റർ വരുന്നില്ല. മെഡിക്കൽ കോളേജു ആശുപത്രി പ്രവേശനത്തിനു മുമ്പു ഈ രോഗത്തിന്റെ ചികിൽസാ വിദഗ്ദ്ധനെ പോയികണ്ടു മതിയായ ഫീസ്‌ കൊടുക്കാൻ സാവകാശം ലഭിച്ചിരുന്നില്ല. അഡ്മിറ്റ്‌ ചെയ്തു കഴിഞ്ഞ രോഗികളിൽ നിന്നും അപൂർവ്വം ചിലരൊഴികെ മറ്റു ഡോക്റ്ററന്മാർ ഫീസ്‌ വാങ്ങുകയില്ല.(പൊടി പുരട്ടിയ നോട്ടിനെ ഭയന്നാണു ഇപ്രകാരം വാങ്ങാതിരിക്കുന്നതു എന്നു അറിയൻ കഴിഞ്ഞു.)
ഈ അവസ്ഥയിൽ രോഗ ശുശ്രൂഷ ഒരു വഴിപാടു മാത്രമായി നടക്കുന്നു. ഭാഗ്യം ഉണ്ടെങ്കിൽ രക്ഷപെടും.
ഏതോ സിനിമാ താരം അടുത്ത റൂമിലെ രോഗിക്കു വേണ്ടി ശുപാർശ ചെയ്തപ്പോൾ ഡോക്റ്റർ രണ്ടു നേരവും വന്നു പരിശോധിക്കുന്നു എന്നു ഭാര്യ പറഞ്ഞു.
എന്റെ സഹപാഠിയായിരുന്ന സിനിമാ സംവിധായകൻ ഫാസ്സിൽ ഈ ആശുപത്രിയിൽ എന്തെങ്കിലും ആവശ്യത്തിനു വന്നിരുന്നെങ്കിലെന്നും എന്നെ കാണുകയും തുടർന്നു ഏതെങ്കിലും ഡോക്റ്ററെ ശുപാർശ ചെയ്തു എന്റെ മകനെ ശുഷ്കാന്തിയോടെ പരിശോധിക്കാൻ ഏർപ്പാടു ചെയ്തിരുനെങ്കിലെന്നും ഞാൻ വ്യാമോഹിച്ചു. മനസിലെ സംഘർഷം കുറക്കാൻ മനുഷ്യനു ഇപ്രകാരം ദിവാസ്വപ്നം കാണാൻ കഴിവു പ്രക്രുതി നൽകിയിരിക്കുന്നതു അനുഗ്രഹം തന്നെയെന്നു ഞാൻ തിരിച്ചറിഞ്ഞു. നടക്കാത്ത കാര്യത്തെപ്പറ്റി ദിവാസ്വപ്നം കണ്ടു കൊണ്ടിരിക്കുക എന്നുള്ളതല്ലാതെ ഫലപ്രാപ്തി ഒന്നും ഉണ്ടാവില്ല എന്ന സത്യം മനസ്സിൽ കടന്നുവന്നപ്പോൾ ഞാൻ നിരാശനായി.ഫാസ്സിൽ എന്നെ ഓർമ്മിക്കുന്നു പോലുമില്ലെന്നും ഫാസ്സിലിനു ഈ ആശുപത്രിയിൽ വരേണ്ട കാര്യമില്ലെന്നും എനിക്കു അറിയമായിരുന്നിട്ടും നടക്കാത്ത കാര്യങ്ങളാണു ഭാവനയിൽ കാണുന്നതു. ഇത്രയും സംഘർഷം മനസ്സിൽ നിറഞ്ഞിരിക്കുമ്പോൾ എങ്ങിനെ ഉറക്കം വരാനാണു.-എങ്കിലും ഇന്നു ഈ കുറിപ്പുകൾ നിർത്തി ഞാൻ എന്റെ മകനു സമീപം കിടക്കാൻ പോകുന്നു. സമയം പുലർച്ച 3.15 മണി.

(മെഡിക്കൽ കോളേജു ഡയറിക്കുറിപ്പുകൾ  എന്ന പേരിൽ ഞാൻ പ്രസിദ്ധീകരിച്ച പുസ്തകത്തിൽ നിന്നും എടുത്ത് ചേർത്തത്)  ......................................................................................................................................

 പിൻ കുറിപ്പ് :---53 ദിവസത്തെ ചികിൽസക്ക് ശേഷം ദൈവ കാരുണ്യത്താൽ സൈഫു രോഗം ഭേദമായി  വീട്ടിലെത്തി.

27 വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു.
കരുണാമയന്റെ കൃപയാൽ 17 വർഷമായി സൈഫു അഭിഭാഷകനായി കൊട്ടാരക്കരയിൽ പ്രാക്റ്റീസ് ചെയ്യുന്നു.എന്നാലും ഒക്റ്റോബർ നവംബർ മാസങ്ങൾ വരുമ്പോൾ ഒരു ഉൾക്കിടത്തിലൂടെ മാത്രമേ 1997ലെ  ആ  മാസങ്ങളെ ഓർമ്മിക്കാൻ കഴിയുന്നുള്ളൂ.

Thursday, November 14, 2024

ശിശു ദിനത്തിലെ സിനാൻ ചാച്ചാ

 

ഇന്ന് ശിശു ദിനത്തിൽ  സ്കൂളിൽ  സിനാനെ ചാച്ചാ ആക്കി. തൊപ്പി തലയിൽ വെച്ചപ്പോൾ അദ്ദേഹത്തിന്റെ ചിരി നോക്കൂ......

Monday, November 4, 2024

കൗമാര പ്രണയത്തിന്റെ കുതുഹൂലതകൾ റീ പോസ്റ്റ്

   മൂടി പുതച്ച് ഉറങ്ങിയിരുന്ന ഞാൻ  വേലിക്കൽ നിന്നും ശൂ ശൂ ശബ്ദം കേട്ടാണ് ഉണർന്നത്. നേരം പുലർന്ന് വരുന്നതേയുള്ളൂ. അപ്പോഴേക്കും ഇവളെന്തിനാണ് വേലിക്കൽ നിന്നും വള കിലുക്കുന്നത്. ഉറക്കച്ചടവോടെ  നാല് പാടും നോക്കി ആരുമില്ല, എല്ലാരും ഉറക്കത്തിലാണ്. ഓടി ച്ചെന്നു.

“എന്തൊരു ഉറക്കമാണ്, എത്ര നേരം കൊണ്ട് ഞാൻ വിളിക്കുന്നു...“ വാക്കുകളിൽ പരിഭവം പുരട്ടി അവൾ ഒരു പൊതി എന്റെ നേരെ നീട്ടി. പഴുത്ത ചക്കയുടെ മത്ത് പിടിപ്പിക്കുന്ന മണം പുലർകാലത്തെ വായുവിൽ പരന്ന് എന്റെ മൂക്കിലെത്തി.ഏത് വിശേഷ ഭക്ഷണ സാധനങ്ങളും അവൾക്ക് കിട്ടിയാൽ അത് എന്നെ കൊണ്ട് തീറ്റിപ്പിക്കണമെന്നുള്ളത് പണ്ട് മുതലേ അവളുടെ ശീലമാണല്ലോ.

“അതിരാവിലെ വെറും വയറ്റിൽ ചക്കപ്പഴമോ?“ 

“ഇരുട്ടത്തിരുന്ന് പറിച്ചെടുത്തതാണ് ചവണിയും പൊല്ലയും കാണും “ അവൾ പറഞ്ഞു, എന്നിട്ട് കൂട്ടിച്ചേർത്തു. “ഇനി കുറച്ച് ദിവസം എന്നെ കാണില്ല“

അതെന്താണ്? എന്ത് പറ്റി? എവിടെയെങ്കിലും പോകുന്നോ? എന്റെ ചോദ്യത്തിൽ പരിഭ്രമം ഉണ്ടായിരുന്നു.

ദൂരെ കിഴക്ക് കമ്പിക്കകം പറമ്പിലെ തെങ്ങോലകൾക്കപ്പുറം ഉദയ സൂര്യൻ തല കാണിച്ച് വരുന്നതേയുള്ളൂ. അവളുടെ മുഖം പുലരിയുടെ ചുവപ്പ് തട്ടി ചുമന്നതാണോ അതോ നാണത്താൽ ചുമന്നതാണോ.?

“അത്  എന്താണെന്ന് പിന്നെ അറിഞ്ഞോളും“ എന്ന് പറഞ്ഞിട്ട് അവളോടി പോയി.എനിക്കൊന്നും മനസ്സിലായില്ല.

 നേരം നല്ലവണ്ണം പുലർന്ന് കഴിഞ്ഞ് എന്റെ ഉമ്മ ഉൾപ്പടെ അയൽ പക്കത്തെ സ്ത്രീകൾ അവളുടെ വീട്ടിലേക്ക് പോകുന്നത് കണ്ടപ്പോൾ കാര്യമറിയാനുള്ള എന്റെ ഉൽക്കണ്ഠ അതിന്റെ ഉച്ചസ്ഥായിയിലെത്തി. ഉമ്മയോട്  കാര്യം  ചോദിക്കാൻ മടി . അപ്പോഴാണ് കുഞ്ഞിവീത്ത  അതിലെ പോകുന്നത് കണ്ടത്., അവരോടെ ഞാൻ തിരക്കി. “ഇത്ത എന്തിനാണ് ആ വീട്ടിൽ ആൾക്കാർ പോകുന്നത്...“

“അതോ, ആ പെൺ കൊച്ച്  വലുതായി“ അവർ പല്ലില്ലാത്ത മോണ കാട്ടി ചിരിച്ചിട്ട് കടന്ന് പോയി.

എന്തോ എല്ലാം അവ്യക്തമായി പതിനാറ് വയസ്സ്കാരനായ ഞാൻ തിരിച്ചറിഞ്ഞു. കാര്യങ്ങൾ അങ്ങിനെയൊക്കെയാണ്. അതാണ് അവൾ പറഞ്ഞത്, കുറച്ച് ദിവസം കാണില്ലാ എന്ന്....

 ദിവസങ്ങൾ കുറേ കഴിഞ്ഞ് അയൽ പക്കത്തെ വീട്ടിലെ നേർച്ച ചോറെന്ന് പറഞ്ഞ് ഉമ്മ    വീട്ടിൽ കിട്ടിയതിൽ നിന്നും  എന്റെ വിഹിതമായി അൽപ്പം നെയ്ച്ചോറും  ഇറച്ചി വരട്ടിയതും തന്നു.

രാത്രിയായി. പതിനാലാം രാവായത് കൊണ്ട് പൂർണ ചന്ദ്രൻ മാനത്ത് വെട്ടി തിളങ്ങി നിൽക്കുന്നു. കൂട്ടത്തിൽ താരക കുഞ്ഞുങ്ങളും. അന്തരീക്ഷമാകെ വെണ്ണി ലാവിന്റെ പ്രഭയിൽ കുളിക്കുന്നത് കണ്ട് മനസ്സിലേക്ക് ആ നിലാവിനെ ആവാഹിച്ച് മുറ്റത്തെ മണലിൽ നിലാവിനെ നോക്കി  ഞാൻ മലർന്ന് കിടന്നു.        മാനത്ത് വല്ലാത്ത കാഴ്ച.!

 വീട്ടിൽ എല്ലാവരും ഉറങ്ങി കഴിഞ്ഞു. അപ്പോൾ വേലിക്കൽ നിലാവ് വന്നെന്ന് വളകിലുക്കം കൊണ്ട് ഞാൻ തിരിച്ചറിഞ്ഞു. ഓടി ചെന്നപ്പോൾ  വേലിപ്പഴുതിലൂടെ അവൾ ഒരു പൊതി നീട്ടി. “ഇത് എന്റെ വക നേർച്ചയുടെ പങ്ക്.... നെയ്ച്ചൊറും  കറിയും....“ 

ഞാൻ കണ്ണിമക്കാതെ അവളെ നോക്കി നിന്നു. മറ്റൊരു നിലാവ് ഇതാ എന്റരികിൽ ഉണ്ട്.

 “പെട്ടെന്ന് കഴിക്ക്, ചോറ് ഉച്ചക്ക് വെച്ചതാ...“ എന്ന് പറഞ്ഞിട്ട് അവൾ ഓടി പോയി. കുറച്ച് നേരം കൂടി നിൽക്കൂ എന്ന് പറയാൻ മനസ്സ് വെമ്പിയെങ്കിലും ഒന്നും ഉരിയാടാൻ സാധിച്ചില്ല. ആ നിലാ വെളിച്ചത്തിൽ കുറേ നേരം കൂടി ഞാൻ വേലിക്കരികിൽ നിന്നു. 

എന്തെല്ലാമോ വികാരങ്ങൾ എന്നിലൂടെ കടന്ന് പോയി. അത് സന്തോഷമാണോ സങ്കടമാണോ  ആശയാണോ നിരാശയാണോ എന്താണെന്ന് എനിക്ക് അന്നും ഇന്നും തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല.

പിന്നെയും പൂർണ ചന്ദ്രൻ പലതവണകളിൽ വന്ന് പോയി.  ഈ പ്രണയത്തിന്റെ തീവൃത വീട്ടിൽ എങ്ങിനെയോ അറിഞ്ഞത് കൊണ്ടാണോ എന്തോ പരീക്ഷാ ഫലം വന്നതിന് ശേഷം ഒരു പരിചയക്കാരനുമായി ഉപജീവനാർത്ഥം മലബാറിൽ പോകുന്നതിൽ വീട്ടിൽ മാതാപിതാക്കൾ തടസ്സം പറഞ്ഞില്ല. അവരുടെ നിസ്സംഗത അന്ന് എനിക്ക് അതിശയമായിരുന്നു. ഞാൻ വീട് വിട്ട് ദൂരെ പോകുന്നതിൽ  അവർ എന്ത് കൊണ്ട് തടസ്സം നിന്നില്ലാ....!!!?

പക്ഷേ പിന്നീട് ഞാൻ സത്യം തിരിച്ചറിഞ്ഞു. കൗമാര പ്രണയത്തിൽ നിന്നും ഞാൻ രക്ഷപെടട്ടേയെന്ന് അവർ കരുതിക്കാണണം.

പക്ഷേ കൗമാര പ്രണയത്തിന്റെ സ്മരണകളിൽ നിന്നും  ഞാൻ രക്ഷപെട്ടോ? എത്രയോ വസന്തങ്ങളും വർഷങ്ങളും വെണ്ണിലാവും വന്ന് പോയി. ഓർമ്മകൾക്ക് മരണമില്ലല്ലോ.

ഇന്ന് ഞാൻ വളർന്ന ആ വീട് അന്യ കൈവശമാണ്. ആ വീട്ടിൽ ആ മണ്ണീൽ  നിലാവിനെ നോക്കി പഴയ ഓർമ്മകളിൽ മുഴുകി കുറേ നേരം ഇരിക്കാൻ എന്നും ഞാൻ കൊതിക്കും ഒരിക്കലും സഫലമാകാത്ത ആഗ്രഹം. അത് വിലക്ക് വാങ്ങാൻ എന്നെ കൊണ്ടാവില്ല.

കൗമാര പ്രണയത്തിൽ അകപ്പെട്ട ആർക്കാണ് ആ കാലത്തെ ഓർമ്മകൾ മറക്കാൻ സാധിക്കുന്നത്? ആണായാലും പെണ്ണായാലും  അവർക്കെല്ലാം ഇണകളും സന്തതികളും അവരുടെ സന്തതികളും ഉണ്ടായാലും,  എത്രയെത്ര കാലം കടന്ന് പോയാലും സ്മരണകൾ എന്നും അവരുടെ മനസ്സിൽ  നിലാവ് നിറച്ച് കൊണ്ടേ ഇരിക്കും.

 അത് കൊണ്ട് തന്നെ ഇത് കുത്തിക്കുറിക്കുമ്പോൾ ഒരു ആത്മനിർവൃതി  അനുഭവപ്പെടുന്നല്ലോ.

(ഞാൻ എഴുതിയ അമ്പഴങ്ങാ പ്രേമവും  പിന്നെ കുറേ അനുഭവങ്ങളും  എന്ന പുസ്തകത്തിൽ നിന്നും  എടുത്തത്)

ഷരീഫ് കൊട്ടാരക്കര

9744345476