ഇന്ന് എന്റെ ജന്മ ദിനമാണ്.
ഇന്നാണ് എന്റെ ജന്മദിനമെന്ന്അടുത്ത കാലം വരെ എനിക്കറിയില്ല എന്നതാണ് രസാവഹം.
എന്റെ സ്കൂൾ സർട്ടിഫിക്കറ്റിൽ കാണൂന്നതും എന്റെ സർവീസ് റിക്കാർഡിൽ ഉള്ളതുമായ ജനന തീയതിയും കൃത്യമാണെന്ന് എനിക്ക് ഉറപ്പില്ലായിരുന്നു. കാരണം എന്നെ സ്കൂളിൽ ചേർത്തിരുന്ന കാലത്ത് കുട്ടിയെയും കൊണ്ട് ചെല്ലുമ്പൊൾ ഹെഡ്മാഷ് പിതാവിനെയും മകനെയും ആകെ ഒന്ന് ഉഴിഞ്ഞ് നോക്കി അഞ്ച് വയസ്സ് പൂർത്തിയാക്കുന്ന ഒരു തീയതി അങ്ങ് ഉറപ്പിക്കും.
അതായിരുന്നു അന്നത്തെ രീതി. ജനന സർട്ടിഫിക്കറ്റ് നിർബന്ധമല്ലായിരുന്നു അന്ന് എന്നതും പറഞ്ഞ് വെക്കട്ടെ. ഞങ്ങളുടെ തലമുറയിൽ പെട്ട ഭൂരിഭാഗം കുട്ടികളുടെയും അവസ്ഥ ഇത് തന്നെയായിരുന്നു.
ജീവിതം ശാന്തസുന്ദരമായി അങ്ങിനെ കഴിഞ്ഞ് വരവേ എന്റെ ജന്മ തീയതി എന്നായിരുന്നു എന്നറിയാനൊരു പൂതി മനസ്സിൽ നാമ്പിട്ടു. ജീവിത സായാഹ്നത്തിൽ ഉണ്ടാകുന്ന ഓരോ മോഹങ്ങളേ.....
ആലപ്പുഴയിൽ പോയ ദിവസങ്ങളിലൊന്നിൽ മുനിസിപ്പാലിറ്റിയോട് ബന്ധപ്പെട്ട ജനന മരണ രജിസ്റ്റ്രാർ ഓഫീസിൽ കയറി ശ്രമിച്ച് നോക്കാമെന്ന് കരുതി.
യാതൊരു പ്രതീക്ഷയും ഇല്ലായിരുന്നെങ്കിലും ചുമ്മാ ഒരു പൊട്ടക്കണ്ണൻ മാവിലേറ്.
ഞാൻ ജനിച്ച കാലത്ത് കഞ്ഞി വെക്കാൻ അരി അന്വേഷിക്കാൻ സമയം തികയാതിരിക്കുമ്പോഴാണ് എന്റെ രക്ഷ കർത്താക്കൾ ജനനം രജിസ്റ്റർ ചെയ്യാൻ പോകുന്നത് എന്നത് ചിന്തിക്കാൻ പോലും കഴിയില്ല. എങ്കിലും ഒരു പൊട്ടക്കണ്ണനേറ് പരീക്ഷിക്കാമെന്ന് കരുതി അത്രന്നെ.
ആഫ്ഫീസിലിരിക്കുന്ന ലലനാമണികളോട് മധുരമായ പുഞ്ചിരി ഫിറ്റ് ചെയ്ത് ഞാൻ ആവശ്യം ഉന്നയിച്ചു.
എന്തിനാ സാറേ! ഇപ്പോൾ ഇതെല്ലാം അറിയാൻ താല്പര്യം.
എന്നെ ആകെ ഒന്ന് അവലോകനം ചെയ്തിട്ടാണ് ഒരു പെൺകുട്ടി ചോദിച്ചത്.
ചുമ്മാ...ഒരു കൊതി. ഞാൻ ഉത്തരമേകി.
ഏതായാലും അവർ വലിയ കിതാബുകൾ പരതി നോക്കി. അതിനു മുമ്പ് ആലപ്പുഴയിലെ എന്റെ താമസ സ്ഥലവും സ്കൂളിലെ തീയതിയും മാതാ പിതാക്കളുടെ പേരും അവർ എന്നോട് ചോദിച്ചു അറിഞ്ഞ് വെച്ചിരുന്നു.
മലയാള തീയതികൾ ഇംഗ്ളീഷ് ആക്കി പരിവർത്തനം ചെയ്ത് രേഖപ്പെടുത്തിയ കമ്പ്യൂട്ടറിൽ നോക്കി അതിൽ ഈയുള്ളവൻ ജനിച്ചിട്ടില്ലാ എന്നവർ പറഞ്ഞു.
അതിലൊരാൾ അപ്പോൾ പഴയ ഒരു കിതാബ് പൊക്കി കൊണ്ട് വന്ന് പൊടിയാൻ വെമ്പുന്ന കടലാസ്സുകൾ മറിച്ച് നോക്കി എന്നോട് ചോദിച്ചു സാറിന്റെ പേര് “മുഹമ്മദ് ഷരീഫ്“ എന്നാണോ?

No comments:
Post a Comment