വെളുത്ത പെണ്ണേ വെളുത്ത പെണ്ണേ
മനസ്സിലെന്താണൂ
വർഷങ്ങൾക്ക് മുമ്പ് “നായരു പിടിച്ച പുലിവാൽ“ എന്ന സിനിമയിലൂടെ മലയാളക്കരയിൽ അലയടിച്ച പാട്ടാണിത്.
അന്നത്തെ ഞങ്ങളുടെ തലമുറ അതേറ്റു പിടിച്ച് ഇന്നത്തെ ഭാഷയിൽ പാട്ട് വൈറലാക്കി.
വെളുത്തതും അല്ലാത്തതുമായ പെൺ കുട്ടികളെ നോക്കി സ്കൂളിൽ ഒഴിവ് സമയങ്ങളിൽ ഞങ്ങളുടെ തലമുറയിലെ വിരുതന്മാർ ഉച്ചത്തിൽ ആ വരികൾ പാടി. ആ പ്രായം അങ്ങിനെയായിരുന്നല്ലോ. സ്വപ്നങ്ങളെ താലോലിച്ച് നടന്നിരുന്ന പ്രായം. പെൺകുട്ടികൾ തലകുനിച്ച് ചെറിയ പുഞ്ചിരിയോടെ ആ വരികൾ സ്വീകരിച്ചു. അവരുടെയും പ്രായം അതായിരുന്നു.
പ്രപഞ്ചമാകെ അന്ന് വെളിച്ചമായിരുന്നു. നീലാകാശത്തിൽ വെളുത്ത പഞ്ഞിക്കെട്ടുകൾ ഒഴുകി നടന്നിരുന്നു. മരങ്ങൾ തളിർത്തും പൂത്തും അതിൽ കൂട് കൂട്ടിയിരുന്ന പക്ഷികളുടെ സംഗീതത്താൽ മുഖരിതവുമായിരുന്നു.അങ്ങിനെ ഈ ലോകമാകെ അനുരാഗത്തിൽ നിറഞ്ഞ് നിൽക്കവേ വിദ്യാഭ്യാസ കാലം പെട്ടെന്ന് കഴിഞ്ഞു. ഞങ്ങൾ പലയിടങ്ങളിലായി ചിതറി പിരിഞ്ഞു. അഛനും അമ്മയുമായി അപ്പൂപ്പനും അമ്മൂമ്മയുമായി പരസ്പരം ഒരു വിവരവും അറിയാത്തവരായി.
ഇന്ന് പെയ്ത തുലാക്കോളിന് ശേഷം പെട്ടെന്നുദിച്ച വെയിലിൽ അക്കാശം നീലനിറമായി മാനത്ത് പഞ്ഞിക്കെട്ടുകൾ പറന്ന് നടന്നു. അപ്പോൾ തന്നെ എവിടെ നിന്നോ പഴയ ആ പാട്ട് ഒഴുകി വന്നു.
വെളുത്ത പെണ്ണേ വെളുത്ത പെണ്ണേ മനസ്സിലെന്താണ്.
ആ പാട്ടിനോടൊപ്പം ബാല്യകാല സ്മരണകളും പാഞ്ഞ് വന്നു.
എല്ലാവരും എവിടെയാണ്`? ആർക്കറിയാം.
No comments:
Post a Comment