Thursday, August 13, 2020

വലിയ ലോകം ചെറിയ മനുഷ്യർ

സക്കീർ ഗൾഫിൽ നിന്നും  നാട്ടിലെത്തിയപ്പോൾ  അധികാരികളുടെ നിർദ്ദേശാനുസരണം 4 ആഴ്ചത്തെ ക്വാറന്റൈനിൽ പോയി. സ്വന്തം വീട്ടിലെ ഒരു മുറിയിലാണ് അയാൾ കഴിഞ്ഞിരുന്നത്. ഭാര്യ ഒഴികെയുള്ള വീട്ടിലെ മറ്റ് അന്തേ വാസികളെ നേരത്തെ അവിടെ നിന്നും ബന്ധു വീടുകളിലേക്ക് മാറ്റി പാർപ്പിച്ചിരുന്നു. ആഹാരം ഭാര്യ വാതിൽക്കൽ കൊണ്ട് ചെന്ന് കൊടുക്കും.  വർഷങ്ങൾക്ക് ശേഷം കാണുന്ന ഭാര്യ അയാളെ വല്ലാതെ  മാനസികമായി പ്രലോഭിപ്പിക്കുകയും ഏകാന്തത അനുകൂല സാഹചര്യം തോന്നിപ്പിക്കുകയും ചെയ്തെങ്കിലും  “ നമുക്കും നമ്മുടെ കുഞ്ഞുങ്ങൾക്കും വേണ്ടിയല്ലേ ഇക്കാ ഈ കഷ്ടപ്പാട് “ എന്ന ഭാര്യയുടെ അനുനയത്തിലുള്ള പ്രതികരണം അയാളെ  ക്വാറാന്റയിൻ  അതിന്റെ ശരിയായ അർത്ഥത്തിൽ   പാലിച്ച് കഴിയാനും കാലാവധി പൂർത്തിയാക്കാനും സഹായിക്കുകയും ചെയ്തു.
ബാബുക്കുട്ടൻ  ഗുജറാത്തിൽ നിന്നും ഒരു വർഷത്തിന് ശേഷം വീട്ടിലെത്തിയതാണ്. “എനിക്കൊന്നുമില്ല, എനിക്കൊന്നുമില്ല, വെറുതെ  ആൾക്കാരുടെ പേടിയാണ് “ എന്നൊക്കെ വന്ന അന്നു മുതൽ അയാൾ നിരന്തരം ഉരുവിട്ടെങ്കിലും  ആരോഗ്യ പ്രവർത്തകരും ബന്ധപ്പെട്ട അധികാരികളും കർശന നിർദ്ദേശം നൽകിയതിനാൽ  ബന്ധുക്കൾ അയാളെ വീട്ടിലെ ഒരു മുറിയിൽ റ്റിവി.ഉൾപ്പടെ  എല്ലാ സൗകര്യം ഒതുക്കി, ആ മുറിയിൽ അയാളെ കുടിയിരുത്തി. സമയാ സമയങ്ങളിൽ ഭാര്യ ആഹാരം കൊണ്ടെത്തിച്ചു. മറ്റ് കുടുംബാംഗങ്ങൾ  അടുത്ത് തന്നെയുള്ള മറ്റൊരു വീട്ടിലേക്ക് സ്ഥലം മാറി. ഭാര്യ ജനലിന് സമീപം ചെന്ന് നിന്ന് നാല് ആഴ്ച  ദാ! ന്ന് പറന്ന് പോകും ചേട്ടൻ  അടങ്ങി ഒതുങ്ങി കഴിഞ്ഞാൽ മതി  എന്ന് തണുപ്പൻ സ്വരത്തിൽ ഉപദേശിച്ചു. പക്ഷേ ബാബുക്കുട്ടൻ ഭാര്യയെ കാണുമ്പോൾ കാളക്കൂറ്റൻ മുക്കുറ ഇടുന്നത് പോലെ മുക്കുറ ഇടുകയും, “എടീ, എനിക്കൊന്നുമില്ല, ഈ പിരാന്തന്മാരെല്ലാം കൂടി വെറുതെ ആളെ മക്കാറാക്കുകയാണ്, നീ ഇങ്ങ് കയറി വാ എന്ന് പല തവണ നിർബന്ധിച്ചു. ചേട്ടൻ കാപ്പി കുടി, ചേട്ടൻ ചോറു കഴിക്ക് എന്നൊക്കെ ഭാര്യ ഒഴിവ് പറഞ്ഞ്  മാറി.  “എടീ, പണ്ട് ഭാര്യ നേരത്തേ മരിച്ച  കാർന്നോരെ കാണാൻ കൊച്ച് മക്കൾ ചെന്ന് , കാപ്പി കുടി വല്യപ്പാ, കഞ്ഞി കുടി വല്യപ്പാ എന്ന് സ്നേഹ സ്വരത്തിൽ പറഞ്ഞപ്പോൾ  വല്യപ്പൻ “കാപ്പി കുടി വല്യപ്പാ, കഞ്ഞി കുടി വല്യപ്പാ , എന്നൊക്കെ നീ പറഞ്ഞാൽ മതി ഭാര്യ മരിച്ച എന്റെ സൂക്കേടെന്താണെന്ന് നിനക്കൊന്നും അറിയേണ്ടല്ലോ എന്ന് ചീറി പറഞ്ഞത് പോലെ എന്റെ വിഷമം എന്താണെടീ നീ മനസിലാക്കാത്തത് എന്ന് ദേഷ്യപ്പെട്ട് ചോദിച്ചു. ഭാര്യ അത് കേട്ട് പുസ്കെന്ന് തിരിഞ്ഞ് പോയപ്പോൾ ബാബുക്കുട്ടന്റെ ദേഷ്യം ഇരട്ടിച്ച്   “കാണിച്ച് തരാമെടീ നിന്നെ ഞാൻ“ എന്ന് ഭാര്യയുടെ നേരെ ആക്രോശിച്ചിട്ട് അയാൾ കതക് തുറന്ന് പുറത്തിറങ്ങി നേരെ വഴിയിലേക്കിറങ്ങിയപ്പോൾ  “അയ്യോ ചേട്ടൻ കയറും പൊട്ടിച്ച് പുറത്ത് ചാടിയേ എന്ന് ഭാര്യ ഉച്ചത്തിൽ നിലവിളിച്ചു. അയൽ വാസികൾ ആരോ ബന്ധപ്പെട്ട അധികാരികൾക്ക് ഫോൺ ചെയ്തു. അവർ ഉടൻ തന്നെ  ബാഹ്യാകാശ സഞ്ചാരികളുടെ യൂണി ഫോം അണിഞ്ഞ്  പാഞ്ഞെത്തി  റോഡിൽ നിന്നിരുന്ന ബാബുക്കുട്ടനെ ഓടിച്ചിട്ട് പിടിച്ച് എവിടെയോ കൊണ്ട് പോയി. പോകുമ്പോഴും അയാൾ ഭാര്യയെ  ശ്രേഷ്ഠ മലയാളത്തിൽ സംബോധന ചെയ്യുന്നുണ്ടാ‍ായിരുന്നു.
അരുൺ ചെറുപ്പക്കാരനാണ് എങ്ങിനെയോ അയാൾക്ക് കോവിഡ് ബാധിച്ചു. പക്ഷേ യാതൊരു ബാഹ്യ രോഗ ലക്ഷണവും അയാൾക്കില്ലായിരുന്നു. രക്ത പരിശോധന അയാൾ കോവിഡ് രോഗിയെന്ന് സ്ഥാപിക്കുകയും , സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. പക്ഷേ നിർഭാഗ്യവാനായ ആ യുവാവ്  മാനസിക സമ്മർദ്ദം താങ്ങാനാവാതെ ആശുപത്രിയിൽ തന്നെ  ആത്മഹത്യ ചെയ്തു.
ഈ മൂന്നു കേസുകളിലെയും പേരുകൾ മറ്റൊന്നാണ്. പക്ഷേ കോവിഡിനെ നേരിടുന്ന മനുഷ്യരുടെ വിവിധ  മാനസികാവസ്ഥ ചൂണ്ടിക്കാണിച്ചത് യഥാർത്ഥമാണ്.
നാളിത് വരെ ഇപ്രകാരമുള്ള  രോഗവും അതിന്റെ പരിചരണവും നാട്ടിൽ ഉണ്ടായിട്ടില്ല.മുൻ അനുഭവങ്ങൾ ഇല്ലായെങ്കിലും  സന്ദർഭാനുസരണം യുക്തമെന്ന് തോന്നുന്നത് സർക്കാർ ചെയ്യുന്നു. പക്ഷേ അതിനോടൊപ്പം  ഗൗരവതരമായി കാണേണ്ടത് രോഗ ശങ്ക ഉള്ളവരുടെയും രോഗം ബാധിച്ചവരുടെയും മാനസികാവസ്ഥയെ എങ്ങിനെ കൈകാര്യം ചെയ്യാം എന്നതാണ്. നാം പത്രം വായിക്കുകയും റ്റി.വി. കാണുകയും ചെയ്ത് കാര്യങ്ങൾ  അറിയുന്നു എങ്കിലും  ക്വാറന്റയിനിൽ കഴിയുന്നവന്റെ മാനസികാവസ്ഥ അതത്തോളം ഗൗരവ തരമായി എടുക്കുന്നില്ല.
ആവശ്യമായ കൗൺസിലിംഗുകൾ ഇപ്പോൾ അത്യന്താപേക്ഷിതമായിരിക്കുന്നു. കോവിഡ് പരിഹാരത്തിന്റെ തീവ്ര യത്നത്തിനിടയിൽ ഇനി അതും കൂടി വേണോ എന്ന ചോദ്യത്തിന് ജോലി ഒന്നും ഇല്ലാതെ ശമ്പളം കൈ പറ്റി  കഴിയുന്ന സൈക്കിയാട്രിക്സും  സൈക്കോളജിസ്റ്റുകളും  വകുപ്പിൽ ധാരാളമായിട്ടുണ്ടല്ലോ, അവരെ ഈ ചുമതല ഏൽപ്പിക്കുക, അവർക്കും ഒരു ജോലി ആകട്ടെ. അങ്ങിനെ ഈ പ്രശ്നത്തിന് ഒരു പരിഹാരം ഉണ്ടാകട്ടെ.

Monday, August 10, 2020

മനസ്സിൽ ഇരുട്ട് നിറച്ചവർ.

ഒരു വശത്ത് മരണ ഭീതി പരത്തി കോവിഡ്. പിന്നൊരു വശത്ത് എല്ലാം നഷ്ടപ്പെടുത്തി  പെരുമഴയും കാറ്റും. ഇനിയും മറ്റൊരു ഭാഗത്ത്  ഉരുൾ പൊട്ടി, ഉറങ്ങാൻ കിടന്നവർ  എന്നെന്നേക്കും ഉറങ്ങി പോയ പ്രകൃതി ദുരന്തം , ഇനി ഒരിടത്ത്  സ്വന്തം നാട് തൊട്ട് തൊട്ടില്ലാ എന്ന അവസ്ഥയിൽ ആകാശത്ത് നിന്നും ഭൂമിയിലെത്തിയപ്പോഴുണ്ടായ വിമാന ദുരന്തം  . അങ്ങിനെ എല്ലാ തരത്തിലും വിധത്തിലും മനുഷ്യ ജീവിതം ഇത്രക്കേ ഉള്ളൂ എന്ന്  പ്രകൃതി മനുഷ്യനെ ബോദ്ധ്യപ്പെടുത്തിയിട്ടും  മനുഷ്യൻ പഠിക്കുന്നില്ലാ എന്ന് ഫെയ്സ്ബുക്കിലെ ചില കുറിപ്പുകൾ നമ്മെ ചൂണ്ടിക്കാണിക്കുന്നു. മനസ്സിൽ നിറയെ ഇരുട്ട് നിറച്ചവർ  ഇപ്പോഴും മദിച്ച് വാഴുകയാണ്.
എന്നാണിവർ നന്നാവുക?.
 എന്റെ മതവും വിശ്വാസവും എനിക്ക് വലുതാണ്. പക്ഷേ ഞാൻ അതിൽ അഭിരമിക്കുന്നതോടൊപ്പം ഞാൻ അല്ലെങ്കിൽ ഞങ്ങളുടെ മതവും വിശ്വാസവും പരിപാലിക്കുന്നവർ മാത്രം ഈ ഭൂമിയിൽ മതിയെന്നും അല്ലാത്തവർ  വെറും  നികൃഷ്ടരാണെന്ന കാഴ്ചപ്പാടിൽ ഗർവോടെ പെരുമാറുകയും ചെയ്യുന്നവർ ഇരുട്ടിന്റെ സന്തതികൾ തന്നെയാണ്, അവർ ഏത് മതക്കാരായാലും ശരി.
ഒരാൾ ദുരന്തത്തിലാകുമ്പോൾ അവൻ മറ്റവനാണ് അങ്ങിനെയും കുറേ ചാകട്ടെ എന്ന് കരുതി  മാറി പോകുന്നവൻ ഏത് മതത്തിൽ പെട്ടവനായാലും മനുഷ്യനല്ല, അവൻ നരഭോജിയേക്കാളും അധമനാണ്.
അന്യ ദു:ഖത്തിൽ  കരുണ കാണിക്കാത്തവൻ  ഏത് മത വിശ്വാസിയായാലുമെന്താണ് പ്രയോജനം.
ഉത്തരേന്ത്യയിലെ  വർഗീയത ഇവിടെ ഇല്ലല്ലോ എന്ന് സമാശ്വസിച്ചിരുന്നു. ചെറുപ്പത്തിൽ നാനാ ജാതി മതസ്തരും ഒന്നിച്ചിരുന്ന് പള്ളിക്കൂടങ്ങളിൽ ഇടപഴകിയിരുന്നത്  മുതിർന്ന് പ്രായം ചെന്നിട്ടും മറക്കാതെ പഴയ ആ സൗഹൃദം എപ്പോഴും മനസ്സിൽ നില നിർത്തി പോന്നവരായിരുന്നു നമ്മൾ. ബാല്യകാല സുഹൃത്തുക്കളെ  വർഷങ്ങൾക്കു ശേഷം കാണുമ്പോൾ “ എവിടെ ആണെടോ താനിപ്പോൾ“ എന്ന് തോളിൽ തട്ടി ചോദിക്കുന്ന നല്ല സംസ്കാരത്തിലായിരുന്നു നമ്മൾ.
 പണ്ട് കാലത്തും മനസ്സിൽ ഇരുട്ട് നിറച്ചവർ ഉണ്ടായിരുന്നിട്ടും അവർ തുച്ഛത്തിൽ തുഛമായിരുന്നു. അയൽ വാസിയുടെ ആഹാരം പങ്കിട്ടും അവന്റെ സുഖ ദു:ഖങ്ങളെ തന്റേതായി കണ്ടും നാം കാലം പോക്കി. അന്നും എല്ലാവരും മത വിശ്വാസികളായിരുന്നു. പക്ഷേ ആ മത വിശ്വാസം അപരനെ ആശുപത്രിയിൽ കൊണ്ട് പോകാൻ സഹായിക്കാനും അവന്റെ വീട്ടിലെ എല്ലാ അടിയന്തിരങ്ങളും നമ്മുടേതെന്ന പോലെ ചുമതലയേറ്റാനും  പ്രേരിപ്പിക്കുന്നതായിരുന്നു. അവന്റെ പുര ഓല മേയുന്നതും നമ്മൾ എല്ലാവരും ചേർന്നായിരുന്നു. അന്ന് സമ്പത്തും പണക്കൊഴുപ്പും കുറവായിരുന്നു, പട്ടിണി കൂടെ ഉണ്ടായിരുന്നു. ഇന്ന് സമ്പത്തിന്റെ ആധിക്യത്തിൽ പട്ടിണി എന്തെന്ന് ആർക്കുമറിയാത്ത സ്തിതി വന്നത് കൊണ്ടാണോ ഈ അഹങ്കാരം.
മനസ്സിലെ ഇരുട്ട് മാറ്റി മനുഷ്യനെ മതം കൊണ്ട് വേർ തിരിക്കാതെ മനുഷ്യനെ മനുഷ്യനായി കാണാനുള്ള സന്മനസ്സ് ഉണ്ടാകാത്തിടത്തോളം ഇനിയും പല ദുരന്തങ്ങൾ വഴി പ്രകൃതി നമ്മളെ നേരെയാക്കാൻ ശ്രമിച്ച് കൊണ്ടിരിക്കുമെന്ന് കാലം സാക്ഷി.

Friday, August 7, 2020

വൈദ്യുതി ഇല്ലാതെ.....

ഇന്നലെ ഈ പ്രദേശവുംചുറ്റുപാടും  വൈദ്യുതി ഇല്ലാതെ വല്ലാതെ കഷ്ടത്തിലായിരുന്നു   മിനഞ്ഞാന്ന് രാത്രിയിലുണ്ടായ  ശക്തമായ കാറ്റിലും മഴയത്തും  ലൈനുകളിൽ മരങ്ങൾ വീണ് വൈദ്യുതി വിതരണം തടസ്സപ്പെട്ടതിനാലാണ് അപ്രകാരം സംഭവിച്ചത്. മിനഞ്ഞാന്ന് രാത്രി മുതൽ    ഇന്ന് രാത്രി പത്തുമണിവരെ വിദ്യുഛക്തി ജീവനക്കാർ കോരി ചൊരിയുന്ന മഴയത്ത്  അശ്രാന്ത പരിശ്രമം നടത്തിയാണ്` വിതരണം പുന:സ്ഥാപിച്ചത്.
വൈദ്യുതിയെ ആശ്രയിച്ച് ജീവിതം ചിട്ടപ്പെടുത്തിയവർ  അതില്ലാതെ വന്നപ്പോൾ വല്ലാതെ കുഴഞ്ഞു. 26 മണിക്കൂർ വിതരണം നിലച്ചപ്പോൾ കിണറുകളിൽ സ്ഥാപിച്ച പമ്പുകൾ പ്രവർത്തിപ്പിക്കാനാവാതെ  പ്രാഥമികാവശ്യങ്ങൾക്കു പോലും വെള്ളം കിട്ടാതെ ജനം കഷ്ടപ്പെട്ടു.രാത്രി ആയി ഇരുട്ട് കടന്ന് വരുകയും മെഴുകുതിരികൾ പോലും കത്തിക്കാൻ (അത് വിൽക്കുന്ന കടകളിൽ പോകാനും വാങ്ങാനും കോവിഡ് ഭീഷണി ഉള്ളതിനാൽ സാധിക്കുകയുമില്ല) കഴിയാതെ വന്നു. ഇന്വർട്ടർ എന്ന സൂത്രം അതിനാകുന്ന  സമയം വരെ പ്രവർത്തിക്കുകയും അത് കഴിഞ്ഞപ്പോൽ ഇനി എന്നെ കൊണ്ട് വയ്യേ എന്ന് ബീപ് ബീപ് ശബ്ദത്താൽ കരഞ്ഞ് നിശ്ചലമാവുകയും  ലൈറ്റുകൾ അണയുകയും ചെയ്തു.
 പ്രസവിച്ചിട്ടത് മുതൽ തന്നെ ഫാനിന്റെ കീഴിൽ കഴിഞ്ഞ് വരുന്ന പുതു തലമുറ  കൊതുകിന്റെ മൂളിച്ചകളെ കൈ കൊണ്ട് ആട്ടി മാറ്റി കഴിഞ്ഞു. അടുക്കള പരിപാലനക്കാർ  മാറ്റി വെച്ച അരകല്ലു പ്രയോഗത്തിൽ വരുത്തി. റ്റിവി. കണ്ട് സമയം പോക്കുന്ന  പുരുഷ ശിങ്കങ്ങളെ  കിണറുകളിലെ  വെള്ളം കോരി തരാനും വെള്ളം ഇല്ലെങ്കിൽ  ഇന്ന് ഗോവിന്ദാ...ഗോവിന്ദാ...ആയിരിക്കും ഉണ്ണാൻ നേരം സംഗതി കുഴയും എന്നൊക്കെ ഭീഷണിപ്പെടുത്തി തട്ടിൻ പുറത്തെവിടെയോ എന്നോ വലിച്ചെ റിഞ്ഞ ബക്കറ്റും കയറും തപ്പിയെടുത്ത് കിണറിലെ വെള്ളം മുകളിൽ വരുത്തി.
 എല്ലാവരും വെട്ടിൽ വീണത് എന്തെങ്കിലും പ്രതിസന്ധിയിലകപ്പെട്ട് അടുക്കള പ്രവർത്തിച്ചിലെങ്കിൽ നാട്ടിൽ ധാരാളമായുണ്ടായിരുന്ന ഹോട്ടലുകളെ ആശ്രയിച്ച് ഇഷ്ടമുള്ള  ആഹാരം വാങ്ങാവുന്ന ആ ഈസീ പ്രതിവിധി കോവിഡ് നിയമത്താൽ ഹോട്ടലുകൾ അടഞ്ഞ് കിടക്കുന്നതിനാൽ പൊളിഞ്ഞ് പോയതിനാലാണ്.
മണ്ണെണ്ണ വിളക്കിന്റെ വെട്ടത്തിൽ കുത്തിക്കൂനി ഇരുന്ന് പുസ്തകങ്ങൾ വായിക്കുകയും മുനിഞ്ഞ് കത്തുന്ന  മൊട്ട വിളക്കുകളിന്റെ പ്രകാശം കുറഞ്ഞാലും കൈ ചെല്ലുമ്പോൾ വായ തുറന്നോളും എന്ന പ്രമാണം പാലിച്ച ഉള്ള കഞ്ഞി പാതിരാത്രി കഴിച്ച് ശീലിച്ച ഞങ്ങളുടെ തലമുറയെ തോൽപ്പിക്കാൻ കറന്റിനാവില്ലല്ലോ. കുടിക്കാൻ ചോര ശരീരത്തിൽ കുറവായതിനാൽ കൊതുകും ചെറിയ മര്യാദയെല്ലാം അന്ന് കാണീച്ചിരുന്നു. ഫാൻ ആവശ്യമില്ലായിരുന്നു. പെണ്ണുങ്ങൾ അരകല്ലിൽ അരച്ചും ആട്ടുകല്ലിൽ ആട്ടിയും ഉരലിൽ ഇടിച്ചും പ്രമേഹവും രക്ത സമ്മർദ്ദവും മാറ്റി വെച്ചു. ആണുങ്ങൾ സ്ത്രീകളെ സഹായിക്കാൻ വിറക് മുട്ടി കീറി കൊടുത്തു. വെള്ളം കോരുകയും ചെയ്തു..
ആ കാലം കഴിഞ്ഞ് പോയി. ജീവിതം സുഖമയമായി. സുഖം വർദ്ധിച്ചു. കഷ്ടപ്പാടുകൾ കുറഞ്ഞു.
 എങ്കിലും പഴയ കാലം എങ്ങിനെ ആയിരുന്നു എന്ന് വല്ലപ്പോഴെങ്കിലും ഓർമ്മിക്കാൻ ഇടക്കിടക്ക് ഇപ്രകാരം വൈദ്യുതി  ഒരു ദിവസമെല്ലാം ലീവെടുക്കണമെന്നാണ് ഈയുള്ളവന്റെ ഒരു ഇത്......

Monday, August 3, 2020

മനപ്പൂർവമല്ലാത്ത തെറ്റ്

രണ്ട് ദിവസത്തെ അവധിക്ക് ശേഷം തുറന്ന  ബാങ്കിൽ പണമിടപാടുകൾക്കായി ധാരാളം പേർ ഇന്നത്തെ ദിവസം വന്നിരുന്നു. ആൾക്കൂട്ടത്തിലൊരാളായി പ്രവേശന കവാടത്തിന് സമീപം കാത്ത് നിന്ന എന്നിൽ നിന്നും ഇത് വരെ ഉണ്ടാകാത്ത പെരുമാറ്റം പ്രായം ചെന്ന രണ്ട് പേരോട് ഉണ്ടായി,  അത് മനപ്പൂർവമല്ലെങ്കിൽ കൂടിയും ആ പെരുമാറ്റത്തിലെ കർശനതക്കിരയായ വ്യക്തികളുടെ മുഖത്തെ ജാള്യത  തിരികെ വീട്ടിലെത്തിയപ്പോഴും മനസ്സിൽ തെളിഞ്ഞ് വന്നു.
ഇടപാടുകാർക്ക് കാത്തിരിക്കാൻ ബാങ്ക്കാർ പുറത്ത് കസേരകൾ നിരത്തി ഇട്ടിരുന്നു, കൈ കഴുകാൻ ഹാന്റ് വാഷും വെള്ളവും തയാറാക്കിയിട്ടുണ്ട്. അകത്തേക്ക് തള്ളീ കയറാതിരിക്കാൻ ടോക്കൺ സമ്പ്രദായം  ഏർപ്പെടുത്തുകയും ചെയ്തു. എനിക്ക് കിട്ടിയ ടോക്കൺ നമ്പറും  ഇത് വരെ വിളിച്ച നമ്പറും താരതമ്യം ചെയ്തപ്പോൾ ഉണ്ണാനായി വീട്ടിൽ നിന്നും പൊതിച്ചോറ് കെട്ടിക്കൊണ്ട് വരേണ്ടതായിരുന്നു എന്ന് അമർഷത്തോടെ ഞാൻ ചിന്തിച്ചു; അത്രത്തോളമായിരുന്നു ബാങ്ക് ഉദ്യോഗസ്ഥരുടെ കാര്യക്ഷമത.

 കോവിഡ് ബാധിത പ്രദേശമായ എന്റെ വാർഡിൽ ആൾക്കാരുടെ പോക്ക് വരവ് നിയന്ത്രിക്കാൻ  കവലയിൽ കർശനക്കാരായി നിന്ന പോലീസുകാരെ എനിക്ക് അത്യാവശ്യമായി പോകേണ്ട കാരണം രേഖ സഹിതം ബോദ്ധ്യപ്പെടുത്തി  ഒന്നര കിലോമീറ്റർ ദൂരത്തിലെ രണ്ട് കയറ്റവും തരണം ചെയ്ത് നടന്നാണ് ഞാൻ ബാങ്കിലെത്തിയത്.
കസേര ഒഴിവ് വന്ന നേരം  പെട്ടെന്ന് തന്നെ അത്  തരപ്പെടുത്തി അതിൽ ഇരുന്ന് കാലിന്റെ വേദന അൽപ്പം കുറച്ച് ശാന്തനായി ഇരുന്നപ്പോഴാണ് വാതിൽക്കൽ നിന്ന സെക്യൂരിറ്റി എനിക്ക് ആവശ്യമുള്ള ഒരു ഫോം വിതരണം ചെയ്യുന്നത് കണ്ടത്. അത് വാങ്ങാനായി എഴുന്നേറ്റ ഉടൻ  ഒരു വൃദ്ധൻ ഞാൻ ഇരുന്ന കസേരയിൽ നോട്ടമിട്ട് അടുത്ത് വന്നു. എന്റെ കയ്യിലിരുന്ന ഒരു ബുക്ക് കസേരയിലിട്ടിട്ട് അയാളെ ഞാൻ രൂക്ഷമായി നോക്കി. ഒന്നും പറയേണ്ടി വന്നില്ല, ആ പാവം പതുക്കെ പുറകോട്ട് മാറി . ഞാൻ ഫോം വാങ്ങി തിരികെ വന്ന് കസേരയിലിരിക്കുന്നതിന് മുമ്പ് കാർന്നോരെ ഒന്ന് ഏറ് കണ്ണിട്ട് നോക്കി,    കയ്യിലിരുന്ന കാലൻ കുടയിൽ തന്റെ  ഭാരം ഊന്നി അവിടെ താഴെപടിയിൽ അയാൾ ഇരിക്കുന്നു.
  കസേരയിൽ ഇരുന്ന് പേന ഉപയോഗിച്ച് ഫോം പൂരിപ്പിച്ച് കഴിഞ്ഞപ്പോൾ ഒരു സ്ത്രീ വന്ന് അവരുടെ ആവശ്യത്തിനായി എന്നോട് പേന ആവശ്യപ്പെട്ടു, ഒട്ടും ദാക്ഷണ്യം ഇല്ലാതെ ഞാൻ പറഞ്ഞു, “പേന എന്റേതാണ് ഞാൻ നിങ്ങൾക്ക് തരില്ല “ ഒരക്ഷരം മറുപടി പറയാതെ മുഖത്ത് ജാള്യതയുമായി അവർ സ്ഥലം കാലിയാക്കി.
മുമ്പ് ഒരിക്കലും ഞാൻ ആരോടും ഇപ്രകാരം പെരുമാറിയിട്ടില്ല എന്നെനിക്കുറപ്പുണ്ട്. കഴിയുമെങ്കിൽ മറ്റുള്ളവർക്ക് എന്തെങ്കിലും സഹായം ചെയ്യാൻ വഴിയുണ്ടോ എന്ന് അന്വേഷിക്കുന്നവനാണ് ഞാൻ.പക്ഷേ.......
രോഗ ബാധയുള്ള സ്ഥലത്ത് നിന്നും വന്നവനാണ് ഞാൻ. ഞാനിരുന്ന കസേരയിൽ പ്രതിരോധ ശക്തി കുറവായ ഒരു വൃദ്ധൻ വന്നിരുന്ന് അയാൾക്ക് കുഴപ്പമൊന്നും ഉണ്ടാകാതിരിക്കട്ടെ എന്ന് കരുതി. അതോടൊപ്പം ഞാൻ ഉപയോഗിച്ച പേന ആ സ്ത്രീ ഉപയോഗിക്കേണ്ടെന്നും കരുതി. ഇതാണ് എന്റെ കർശനതക്ക് കാരണം. ഇതെല്ലാം എന്റെ ഉള്ളിലെ ആശങ്കൾ ആണെങ്കിൽ തന്നെയും എനിക്കിത് അവരോട് പറയാമായിരുന്നു,  കാരണം മനസിലാകുമ്പോൾ ഒരിക്കലും അവരുടെ മനസ്സിൽ പ്രയാസം ഉണ്ടാകില്ലായിരുന്നു. പക്ഷേ ഞാനെന്തിന് ഇത്ര പ്രയാസപ്പെട്ട് കാര്യങ്ങൾ വിശദീകരിക്കണം എന്ന ധാർഷ്ഠ്യത എന്നിൽ ഉണ്ടായിരിക്കാം, നടന്ന് വന്ന വിഷമവും കാത്തിരിപ്പിന്റെ അസഹിഷ്ണതയും ഉള്ളിലെ വിശപ്പും കൊറോണായോടുള്ള അതിയായ ഭയവും ശങ്കയും  ആ ധാർഷ്ഠ്യതക്ക് പ്രേരകമാകാം.
 ഈ പറഞ്ഞവയൊന്നും എന്റെ തെറ്റിനെ സാധൂകരിക്കില്ല എന്ന് ഉള്ളിലാരോ പറയുന്നത് കൊണ്ടാവാം ഇപ്പോൾ ഈ കുറിപ്പുകൾ തയാറാക്കുമ്പോഴും ഉള്ളിലിരുന്ന് ആരോ  “ഛേ“ എന്ന് മുറുമുറുക്കുന്നത്.

Sunday, August 2, 2020

കുളങ്ങൾ...ഒരു അപകടത്തിന്റെ ഓർമ്മ....

ജലാശയങ്ങൾ എപ്പോഴും മനുഷ്യനെ കൈകാട്ടി വാ...വാ...എന്ന് വിളിക്കും. കടലും പുഴയും തോടും  കുളവും കാണുമ്പോൾ  അതിൽ ഇറങ്ങാനും  കഴിയുമെങ്കിൽ ഒന്ന് നീന്താനും ആഗ്രഹം തോന്നും. നീന്തൽ അറിയാത്തവർ പലപ്പോഴും  അപകടത്തിൽ  ചെന്ന് ചാടുന്നത് അപ്രകാരമാണ്. നീന്തൽ അറിയാവുന്നവർ പോലും ചിലപ്പോൾ ചെളിയിലും ചുഴിയിലും പെട്ട് പോകാറുണ്ട്. വെള്ളം കണ്ടപ്പോൾ കുളിക്കാനെന്ന വ്യാജേനെ കുളത്തിലിറങ്ങി ദുരന്തത്തിന്റെ  പടി വാതിൽ വരെ എത്തിയ അനുഭവം പത്ത് വയസ്സുള്ളപ്പോൾ എനിക്കുണ്ടായി.
 തകർത്ത് പെയ്യുന്ന കാലവർഷത്തിൽ സ്ഥലത്തെ എല്ലാ കുളങ്ങളും സാധാരണ നിറഞ്ഞ് കവിയാറുള്ളത് പോലെ ആ വർഷവും  സംഭവിച്ചു.വീടിനടുത്തുള്ള കുളത്തിൽ ജല ദൗർലഭ്യമുള്ള വേനൽ കാലത്ത്  താഴെ ഇറങ്ങി ചെന്ന് വെള്ളം കോരുന്നതിന് തെങ്ങും തടികൾ ഉപയോഗിച്ച് പടികൾ കെട്ടിയിരുന്നു. മഴക്കാലത്ത്  ആ പടികൾക്കും മീതെ  വെള്ളം കവിഞ്ഞ് വരാറുണ്ട്.
ദിവസങ്ങൾക്ക് ശേഷം വന്ന വെയിലിൽ ഉൽസാഹത്തോടെ ഞാൻ കുളത്തിലേക്കിറങ്ങി. ഉമ്മ കുറച്ച് അകലെ മാറി നിൽപ്പുണ്ട്. പടികൾ ഏകദേശം  നിശ്ചയമുണ്ടായിരുന്നല്ലോ. കുളത്തിൽ ഞങ്ങളുടെ അയൽ വാസി പരീതിക്ക നീന്തി തുടിച്ച് കുളിക്കുന്നു. കുളത്തിലേക്കിറങ്ങിയ എന്റെ കാൽ പടികളിൽ നിന്നുംപെട്ടെന്ന് തെന്നി മാറി ഞാൻ ആഴത്തിലേക്ക് വീണു.വെള്ളത്തിലേക്ക് താഴ്ന്നു പോകുമ്പോൾ കൈകാലിട്ടടിച്ചെങ്കിലും കരയിലേക്കെത്താൻ സാധിച്ചില്ല.നിലവിളിക്കാൻ വായ് തുറന്നതോടെ ശരിക്കും വെള്ളം കുടിച്ചു.കണ്ണിൽ ചുവപ്പ് കലർന്ന  ഇരുട്ട് വ്യാപിച്ചു. ഇതാണ് അവസാനം എന്ന് സുനിശ്ചിതമായ നിമിഷങ്ങൾ. ബോധം പതുക്കെ മറഞ്ഞ് പൊയ്ക്കൊണ്ടിരുന്ന ആ നിമിഷത്തിൽ  ആരോ എന്റെ മുതുകിൽ ചവിട്ടുന്നതായി എനിക്ക് അനുഭവപ്പെട്ടു. ആദ്യത്തെ ചവിട്ടിന്റെ ഊക്കിൽ കരയിലേക്ക് കുറച്ച് അടുത്തു. രണ്ടാമത്തെ ചവിട്ടിൽ എന്റെ കാൽ നിലം തൊട്ടു.ഞാൻ വെള്ളത്തിൽ നിന്നും തല പൊക്കി.  ബോധത്തിന്റെയും അബോധത്തിന്റെയും ഇടയിൽ വേച്ച് വേച്ച് കരയിലെത്തിയ എനിക്ക് ഉമ്മായുടെ നില വിളി നല്ലവണ്ണം കേൾക്കാമായിരുന്നു.. പരീതിക്കായുടെ സ്വാന്തനവും.  “ഇല്ലാ...കുഴപ്പമൊന്നുമില്ല.... കമഴ്ത്തി ഇട്ട് വയറ്റിൽ നിന്നും ഈ  വെള്ളമൊന്ന് കളഞ്ഞോട്ടെ......“
“ഇവന്റെ അടുത്ത് ചെന്ന് ഇവനെ കയറി പിടിച്ചാൽ  മരണ വെപ്രാളത്തിൽ ഇവൻ എന്നെ ചുറ്റി പിടിച്ച് ഇവനും പോകും ഞാനും പോകും...അതാ ഞാൻ ചവിട്ടിയത്....“ കമഴ്ത്തി കിടത്തി മുതുകിൽ അമർത്തുമ്പോൾ പരീതിക്ക ഉമ്മായോട് പറഞ്ഞു കൊണ്ടിരുന്നു.
അതിന് ശേഷം വെള്ളം കാണുമ്പോൾ ഞാൻ ഒന്ന് ആലോചിച്ചേ വെള്ളത്തിൽ ഇറങ്ങാറുള്ളൂ. കൊട്ടാരക്കരക്കടുത്ത് നെല്ലിക്കുന്നം ഗ്രാമത്തിലെ തോടും ഒരു ചെറിയ അണയും കാണുമ്പോൾ കയ്യും കാലും തരിക്കുമായിരുന്നു ഒന്ന് ഇറങ്ങി നീന്താൻ. അപ്പോഴെല്ലാം പണ്ടത്തെ കുളം ഓർമ്മയിലെത്തി പിൻ മാറ്റം നടത്തിക്കും. എങ്കിലും പിന്നീട് പലപ്പോഴും ഭാരതപ്പുഴയിലും ആരവല്ലി ക്ഷേത്രത്തിനടുത്ത പുഴയിലും കല്ലടയാറ്റിലും  സൂക്ഷ്മത പാലിച്ച് ഇറങ്ങിയിട്ടുണ്ട്.
 വെള്ളം എനിക്ക് അത്രമാത്രം ഭ്രമം ഉണ്ടാക്കുന്ന ഒന്നാണല്ലോ.