Monday, July 23, 2012

സ്വാമിയും റംസാനും

(ഈ  അനുഭവം  മൂന്ന്  വര്‍ഷങ്ങള്‍ക്ക്  മുമ്പ്   എന്റെ  ബ്ലോഗ്ജീവിതത്തിന്റെ  ആരംഭകാലത്ത്  പ്രസിദ്ധീകരിച്ചതാണ്. അന്ന്  ഞാന്‍  ബ്ലോഗ്  ലോകത്ത്  പുതിയ ആളായതിനാല്‍     ഈ പോസ്റ്റ്  കൂടുതല്‍  ആള്‍ക്കാര്‍ക്ക്  എത്തിച്ച്  കൊടുക്കാന്‍  സാധിച്ചില്ല.  ഇതിലെ  പ്രതിപാദ്യ വിഷയം  ഇപ്പോഴും പ്രസക്തമായതിനാല്‍  അന്ന്  വായിക്കാത്തവര്‍ക്കായി  വീണ്ടും  പോസ്റ്റ്  ചെയ്യുന്നു.)

ബാല്യകാലത്തു എത്ര വയസ്സിലായിരുന്നു ആദ്യ നോമ്പ്‌ എന്നത്‌ മറന്നു പോയെങ്കിലും ആദ്യ കാലത്തെ നോമ്പിനോടൊപ്പം ഓർമ്മയിൽ തെളിയുന്നതു സ്വാമിയുടെ മുഖമാണു.സ്വാമിയുടെ ശരിയായ പേരു ശ്രീധരൻ എന്നാണു. അദ്ദേഹം ആലപ്പുഴയിലെ വട്ടപ്പള്ളിയിൽ ഒരു കുടിപ്പള്ളിക്കൂടം നടത്തിയിരുന്നു. 

നോമ്പു കാലത്തോടൊപ്പം സ്വാമിയും മറക്കാനാവാത്ത ഓർമകളുമായി  ഇപ്പോഴും  മനസ്സിൽ കടന്നു വരുന്നു.

സക്കര്യാ ബസ്സാറിലും വട്ടപ്പള്ളിയിലും വൃത കാലത്തു   തുറന്ന്  പ്രവര്‍ത്തിച്ചിരുന്ന  ചായക്കടകളുടെ മുമ്പിൽ ചാക്കു വിരികൾ കെട്ടി    കച്ചവടം അകത്ത്  ഒളിച്ച് നടത്തുമായിരുന്നു .  ആരും  ഭീഷണിപ്പെടുത്താന്‍  വന്നിരുന്നില്ലാ എങ്കിലും  റംസാന്‍  കാലത്തോടുള്ള    ബഹുമാനം  കൊണ്ടാണ്  അങ്ങിനെ  ഒരു  മറക്കല്‍ നടത്തിയിരുന്നത്.പകൽ ആഹാരം കഴിക്കുന്നതു നാണക്കേടായി കരുതിയിരുന്ന അന്നു പരസ്യമായി പുക വലിക്കുന്നതു പോലും നിഷിദ്ധമായിരുന്നു. ഇതര സമുദായത്തിൽപ്പെട്ടവരും സ്വമനസ്സാലെ ഇതെല്ലാം അംഗീകരിച്ചിരുന്നു. "ഇന്നു നോമ്പു എത്ര ആയി" എന്നു ചോദിച്ചാൽ കൃത്യമായി മറുപടി പറയാൻ സഹോദര സമുദായത്തിൽപ്പെട്ടവർക്കും കഴിഞ്ഞിരുന്ന സുവർണ്ണദിനങ്ങൾ  ആയിരുന്നു  അന്നുണ്ടായിരുന്നത്.


ഞങ്ങൾ ചെറിയ കുട്ടികൾ സെയ്തു പൂക്കോയാ തങ്ങളുടെ മഖാമിൽ നിന്നും നോമ്പു തുറ സൂചിപ്പിക്കുന്ന വെടിയൊച്ചകൾക്കായി കാതോർത്തു നിമിഷങ്ങൾ തള്ളി നീക്കും. ഒരു വേനല്ക്കാലത്തായിരുന്നു അന്ന് നോമ്പു.കഠിനമായ വെയിലിൽ വട്ടപ്പള്ളിയിലെ മണൽ പരപ്പ്‌ കത്തിജ്വലിച്ചു നിന്നപ്പോൾ അതിയായ ദാഹത്താൽ ഞങ്ങൾ കുട്ടികൾ വലഞ്ഞു. റോഡിൽ പലസ്ഥലങ്ങളിലായി സ്ഥാപിച്ചിരുന്ന മുനിസിപ്പാലിറ്റി വക പൈപ്പുകളിൽ നിന്നായിരുന്നു വട്ടപ്പള്ളിയിൽ കുടിവെള്ളം ലഭിച്ചിരുന്നത്‌. നോമ്പു മൂന്നാം ദിവസം പകൽ രണ്ടു മണി കഴിഞ്ഞപ്പോൾ എന്റെ തൊണ്ട വരണ്ടു. ചുണ്ടുകൾ ഉണങ്ങി. വീട്ടിൽ സൂക്ഷിച്ചിരുന്ന വെള്ളം കട്ടു കുടിക്കുന്നതു കണ്ടാൽ അടി ഉറപ്പു. എന്റെ കൂട്ടുകാരൻ ഗഫൂറിനും ഈ അവസ്ഥ തന്നെ ആയിരുന്നു. ഞങ്ങൾ പരസ്പരം നോക്കി.രണ്ടു പേരുടെയും ആഗ്രഹം ഒന്നായിരുന്നെന്നു ഞങ്ങൾ തിരിച്ചറിഞ്ഞു.

 വട്ടപ്പള്ളിയിലെ പൈപ്പുകളിൽ നിന്നും പകൽ പരസ്യമായി വെള്ളം കുടിക്കുന്നതു കണ്ടാൽ ആൾക്കാർ പരിഹസിക്കും. അവസാനം ഞങ്ങൾ തീരുമാനിച്ചു. ആലിശ്ശേരിയിൽ പോകാം. സഖാവു സുഗതന്റെ കുടുംബ വീടു സ്ഥിതി ചെയ്യുന്ന ആലിശ്ശേരിയിൽ അധികവും ഹിന്ദുക്കളായിരുന്നു താമസിച്ചിരുന്നതു.
 ഞങ്ങളെ തിരിച്ചറിയാത്ത ആലിശ്ശേരി വാർഡിലെ ഏതെങ്കിലും പൈപ്പിൽ നിന്നും വെള്ളം കുടിക്കാൻ ചുട്ടു പഴുത്ത മണൽ പരപ്പ്‌ താണ്ടി ഞങ്ങൾ പാഞ്ഞു. ആലിശ്ശേരി അമ്പലത്തിലേക്കു തിരിയുന്ന റോഡിൽ സ്ഥാപിച്ചിരുന്ന പൈപ്പിനു സമീപമെത്തി ഗഫൂർ വെള്ളം കുടിക്കാനായി കുനിഞ്ഞു.
 പെട്ടെന്നു പുറകിൽ നിന്നും "എടാ" എന്നൊരു വിളി. ഞെട്ടി തിരിഞ്ഞു നോക്കിയപ്പോൾ സ്വാമി! ഞങ്ങളുടെ കുടിപ്പള്ളിക്കൂടം വാദ്ധ്യാർ!
അരികിൽ നിന്ന വേലിയിൽ നിന്നും സ്വാമി വടി ഒടിച്ചെടുത്തു ഞങ്ങളുടെ ചന്തിയിൽ രണ്ടു അടി വീതം തന്നു.
"ദൈവ ദോഷം കാണിക്കുന്നോ" സ്വാമി കയർത്തു.
"ഞങ്ങൾ മുഖം കഴുകാൻ പോകുവായിരുന്നു". ഗഫൂർ തടി തപ്പാൻ നോക്കി.
"നോമ്പും പിടിച്ചു കള്ളവും പറയുന്നോ" എന്നായി സ്വാമി.
അടിയുടെ വേദനയേക്കാൾ കുറ്റബോധം എന്നെ കരയിച്ചു.
എന്റെ കണ്ണീർ കണ്ടതു കൊണ്ടാവാം അദ്ദേഹം ശാന്തനായി. എന്റെ തലയിൽ തലോടി.
"കുഞ്ഞുങ്ങളേ! ....നോമ്പു നോമ്പായി തന്നെ പിടിക്കണം; നോമ്പു പിടിക്കുമ്പോൾ തെറ്റു ചെയ്യരുതു കള്ളം പറയരുതു" സ്വാമി പറഞ്ഞു.
പിൽക്കാലത്തു വായിച്ചും പ്രഭാഷണങ്ങൾ ശ്രവിച്ചും ഞാൻ അറിവു നേടി. പക്ഷേ ആ അറിവിനേക്കാളും സ്വാമി തന്ന ഉപദേശം വൃതം അനുഷ്ഠിക്കുമ്പോൾ എന്റെ മനസ്സിൽ മായാതെ നില നിൽക്കുന്നു.


Tuesday, July 17, 2012

അപകടങ്ങള്‍!.അപകടങ്ങള്‍.

എനിക്ക്   പ്രത്യേക  സ്വഭാവ  ഗുണമുള്ള   ചില യുവ  സുഹൃത്തുക്കളുണ്ട്. അതില്‍  ഒരാളാണ്  ഫാസില്‍ ഇസ്മെയില്‍. അദ്ദേഹം ഫെയ്സ് ബുക്കില്‍   സുപരിചിതനാണ്.

കമ്പ്യൂട്ടര്‍  വിദഗ്ദനായ  ഫാസില്‍  നല്ലൊരു  ഫോട്ടോഗ്രാഫര്‍  കൂടിയാണ്. വാഹന അപകടങ്ങളുടെ  ഫോട്ടോ  എടുക്കുന്നതിലാണ്   കൂടുതല്‍  താല്പര്യം  എന്നിടത്താണ്  അയാളുടെ  പ്രത്യേകത.  സമീപസ്ഥലങ്ങളിലും  യാത്രാ വേളകളിലും   കാണപ്പെടുന്ന   വാഹന അപകടങ്ങളുടെ  ബാക്കി  ഫലം  അയാള്‍   ക്യാമറയുടെ  ഉള്ളിലേക്ക്  ആവാഹിക്കും. അങ്ങിനെ  എടുത്തതും  മറ്റ്  പലതരത്തില്‍  സംഘടിച്ചതുമായ അപകട  രംഗങ്ങളുടെ    ഒരു    ചിത്ര ശേഖരം   ഈ യുവാവിന്റെ  കൈവശം  കണ്ട  ഞാന്‍   അതില്‍  കുറച്ച്  ആവശ്യപ്പെട്ടപ്പോള്‍   അയാള്‍  മടികൂടാതെ  തന്നതാണ്   ഈ  ലേഖനത്തില്‍  ചേര്‍ത്തിരിക്കുന്നത്.

ഈ ചിത്രങ്ങളിലൂടെ  കണ്ണോടിക്കുക.

വളരെ  വര്‍ഷങ്ങള്‍ക്ക്  മുമ്പ്  പത്ത്   കാള  വണ്ടികളും   രണ്ട്  സൈക്കിളുകളും  വല്ലപ്പോഴും  ഒരു  കാറും  പോകാനായി  വെട്ടി  ഉണ്ടാക്കിയ   പാതകള്‍  പരിഷ്കരിച്ച്  റോഡുകളാക്കിയതാണ്  ഇപ്പോള്‍  ഈ  നാട്ടിലെ  പ്രധാന  സഞ്ചാര  മാര്‍ഗങ്ങളില്‍    പലതും.  അതിലൂടെയാണ്   ഓരോ  നിമിഷത്തിലും  നൂറു  കണക്കിനു  വാഹനങ്ങള്‍  ചീറി  പായുന്നത്.

 ഈ  നാട്ടിലെ   മൊത്തം  വാഹങ്ങള്‍  ഒരു  ദിവസം  ഒരു  പ്രത്യേക    സമയത്ത്    നിരത്തില്‍  ഇറക്കി  നിര്‍ത്തി  എന്ന്  സങ്കല്‍പ്പിക്കുക.  കേരളത്തിലെ  മൊത്തം   റോഡുകളുടെ   നീളം  അളന്ന്   കണ്ടെത്തുക.  തുടര്‍ന്ന്   ഇവിടെ  രജിസ്റ്റര്‍  ചെയ്ത  വാഹനങ്ങളുടെ  നീളവും  കണക്ക്   കൂട്ടി  എടുക്കുക.  റോഡുകളുടെ  നീളത്തേക്കാളും  അധികമായിരിക്കും  ആകെ  വാഹനങ്ങളുടെ  നീളം  എന്ന്  കണ്ടെത്താനാകും.  അതായത്  നമ്മുടെ  ഈ കൊച്ച്  കേരളത്തിലെ  റോഡുകള്‍ക്ക്  നമ്മുടെ  നാട്ടിലെ   മൊത്തം  വാഹനങ്ങളെ   ഉള്‍ക്കൊള്ളാന്‍  തക്ക വിധം  സൌകര്യം  ഇല്ലാ എന്ന് വ്യക്തം.

 പണ്ട്   ഒരു  പ്രദേശത്തെ  വീടുകളില്‍  ചിലതില്‍,   സഞ്ചരിക്കാനായി  ഒരു  സൈക്കില്‍  ഉണ്ടാകുമായിരുന്നു.  വലിയ  പണക്കാരുടെ  വീടുകളില്‍  കാറും.  കാറ്  ആഡംബരത്തിന്റെയും  സമ്പത്തിന്റെയും  പ്രതീകമായിരുന്നു. ഇന്ന്  നാലക്ക സംഖ്യ   കയ്യിലുണ്ടെങ്കില്‍  കാറു  വാങ്ങാന്‍  ബാങ്ക്കാര്‍    ബാക്കി  തുകയുടെ   ലോണുമായി   നമ്മുടെ  വീടിനു  മുന്‍‌വശത്ത്  തയാറായി   നില്‍ക്കുന്നതിനാല്‍    ഓരോ  വീടിലും    ഒന്നിലധികം  വാഹനങ്ങള്‍   കാണപ്പെടുന്നു  എന്നതില്‍  അതിശയിക്കേണ്ടതില്ല.ഇവയെല്ലാം  ഒരുമിച്ച്  വിദ്യാലയവും  ആഫീസുകളും   പ്രവര്‍ത്തിക്കുന്ന   സമയത്തു    നിരത്തിലേക്കിറങ്ങുമ്പോഴുള്ള  അവസ്ഥ ചിന്തിച്ച്  നോക്കുക.  നിയമം  ധിക്കരിക്കാനുള്ള  മലയാളിയുടെ  സവിശേഷതയും  മറ്റുള്ളവരോടുള്ള  അസഹിഷ്ണതയുടെ   ആഴവും  ഒരുമിക്കുമ്പോള്‍  അപകടങ്ങളുടെ  തോത്  വര്‍ദ്ധിക്കുന്നതിനു  കാരണമാകുന്നു.






























അപകടങ്ങള്‍! അപകടങ്ങള്‍! ദിവസവും  പത്ര  താളുകളില്‍  അപകടങ്ങളുടെ  വാര്‍ത്തകള്‍  മാത്രം.  ദിനേനെ  എത്രയെത്ര വിലയുറ്റ  ജീവിതങ്ങള്‍  പൊലിയുന്നു. ജീവിച്ചിരുന്നിട്ടും  മരിച്ചതിനൊപ്പം  എത്രയോ  യുവത്വങ്ങള്‍! മൂക്കിനു  താഴെ  നാലു രോമം  വന്നു കഴിഞ്ഞാല്‍  ആണ്‍കുട്ടികള്‍ക്ക്  ഇരുചക്ര വാഹനം  ഒഴിച്ചുകൂടാനാവാത്ത വസ്തു  ആയി  മാറുന്നു.അരുമ പുത്രന്റെ  നിര്‍ബന്ധത്തിന്  വഴങ്ങി  മോട്ടോര്‍  സൈക്കില്‍  വാങ്ങിക്കൊടുക്കുന്ന  മാതാപിതാക്കള്‍  മകന്‍   വീട്ടില്‍  തിരിച്ചെത്തുന്നത്  വരെ  നെഞ്ചിടിപ്പോടെ  കഴിയുന്ന  വിവരം   ഒരു  കുട്ടികളും  തിരിച്ചറിയുന്നില്ലാ  എന്നുള്ളതാണ് സത്യം. നമ്മുടെ  റോഡിന്റെ  ദുരവസ്ഥയും  വാഹനങ്ങളുടെ  നിയന്ത്രണാതീതമായ  മരണ പാച്ചിലും  ദിനേനെ  കാണുന്ന   മാതാപിതാക്കള്‍ക്ക്  എങ്ങിനെ  നെഞ്ചിടിപ്പില്ലാതെ  ജീവിക്കാന്‍  കഴിയും! എന്തെങ്കിലും  ദുരന്തം സംഭവിച്ച്  കഴിഞ്ഞാല്‍  ഇര അപ്പോള്‍ തന്നെ  ഈ  ലോകത്തോട് യാത്ര  പറയുന്ന  സംഭവങ്ങളില്‍  ജീവിച്ചിരിക്കുന്നവര്‍  അവരുടെ  ജീവിത   അവസാനം  വരെ,  തങ്ങളെ  വിട്ട്  പോയവരുടെ   ദു:ഖസ്മരണകളുമായി  നിമിഷങ്ങള്‍  കഴിച്ചു  കൂട്ടേണ്ടി  വരുന്ന  അവസ്ഥ ദയനീയമാണ്. മോട്ടോര്‍  സൈക്കിളിലും  കാറിലും   ചീറി പായുന്ന  പുതിയ  തലമുറ  അല്‍പ്പമെങ്കിലും  ഇതിനെ  പറ്റി  ചിന്തിച്ചിരുന്നെങ്കില്‍.

എന്റെ ഒരു  സഹപ്രവര്‍ത്തകയുടെ  കാര്യം  ഓര്‍മയില്‍  വരുന്നു.  അവരുടെ  രണ്ട് കുട്ടികളില്‍  മൂത്തത്    പെണ്‍കുട്ടിയും  രണ്ടാമത്തേത്  ആണ്‍കുട്ടിയും  ആയിരുന്നു. ആഫീസില്‍  വരുമ്പോള്‍  മകന്റെ  കുസൃതികളും മറ്റും  പറയുമ്പോള്‍  ആ  മാതാവിന്റെ  മുഖത്ത്  വിരിഞ്ഞിരുന്ന  പാല്‍  നിലാവ്  ഇപ്പോഴും  എന്റെ  ഓര്‍മ്മകളില്‍  നിറഞ്ഞ്  നില്‍ക്കുകയാണ്.അവരുടെ  എല്ലാ ദു:ഖങ്ങളും  മകനുമായി  സമയം  പങ്കിടുമ്പോള്‍  മറന്നിരുന്നു.  വര്‍ഷങ്ങള്‍  കടന്ന്  പോയി. സഹപ്രവര്‍ത്തക  ശിരസ്തദാരായി  ഉദ്യോഗക്കയറ്റം കിട്ടി വിദൂരമായ  നഗരത്തില്‍  ജോലിക്ക്  പോയി   തുടങ്ങി. ജോലി സ്ഥലത്ത്  നിന്നും  തിരികെ  വരുമ്പോള്‍ സന്ധ്യ   കഴിഞ്ഞിരിക്കും.  എങ്കിലും    മകന്‍  ബസ് സ്റ്റോപ്പില്‍  കാത്ത്  നിന്ന്  അമ്മയെയും  മോട്ടോര്‍സൈക്കിളില്‍  ഇരുത്തി   തമാശകളും  പറഞ്ഞ്  വീട്ടിലേക്ക്  തിരിക്കും.  വീടിന്റെ  പടിക്കല്‍  എത്തി  ചേരുമ്പോള്‍   അമ്മയെ  മുമ്പേ  നടക്കാന്‍  പറഞ്ഞിട്ട്  ഇരുള്‍ നിറഞ്ഞ്  നില്‍ക്കുന്ന  മുറ്റത്തേക്ക്   മകന്‍   പുറകില്‍  നിന്നും  മോട്ടോര്‍ സൈക്കിളിന്റെ  ലൈറ്റ്   തെളിച്ച്  കൊടുക്കുമായിരുന്നു.ആ  കാലഘട്ടത്തില്‍ യാദൃശ്ചികമായി  തമ്മില്‍  കണ്ടപ്പോള്‍  മകന്റെ  സ്നേഹാധിക്യത്തെ പറ്റി    എന്നോട്  പറയുന്നതില്‍   ആ  അമ്മക്ക്  നൂറ്   നാവായിരുന്നു . അമ്മക്ക് ഉച്ചക്കുള്ള  ചോറ് പൊതി കെട്ടാന്‍   രാവിലെ  തന്നെ   അടുത്തുള്ള   അങ്ങാടിയില്‍   പോയി  മകനാണ്  മത്സ്യം  വാങ്ങി  വരുന്നത്.

അന്നൊരു  ദിവസം  മകന്‍  വാഹനത്തില്‍   രാവിലെ അങ്ങാടിയിലേക്ക്   വേഗത്തില്‍  പോയി.  വഴിയില്‍  കണ്ട  അയല്‍‌വാസിയെയും  പുറകില്‍  കയറ്റി  ഇരുത്തി.  അല്‍പ്പം ദൂരെയുള്ള  കലുങ്കിനു സമീപം  എത്തിയപ്പോള്‍  എതിരെ  നിയന്ത്രണം വിട്ട് പാഞ്ഞ്  വന്ന  ജീപ്പിനെ  ഒഴിവാക്കാനായി  അവനു  കഴിഞ്ഞില്ല.  രണ്ട്  പേരും  സംഭവ സ്ഥലത്ത്  വെച്ച്  തന്നെ  യാത്ര  ആയി. വിവരമറിഞ്ഞ്  മരണ വീട്ടിലേക്ക്  പോകുമ്പോള്‍  മകന്റെ  വേര്‍പാട്   അവര്‍   എങ്ങിനെ  സഹിക്കും  എന്ന ചിന്ത  ആയിരുന്നു  മനസ്സ്  നിറയെ. മകന്റെ  ശരീരത്തിനരികില്‍  ഇരുന്ന  അവര്‍ എന്നെ  കണ്ടപ്പോള്‍  കരയുകയായിരുന്നു  എന്ന്  പറഞ്ഞാല്‍  അതിനു  പൂര്‍ണ  അര്‍ത്ഥം  ആവില്ല.  അതിലുമുപരി അര്‍ത്ഥം  വരുന്ന വാക്ക് എനിക്ക്  അറിയാമായിരുന്നെങ്കില്‍  അത്  ഇവിടെ  ഞാന്‍  ഉപയോഗിച്ചേനെ. അവന്റെ  പഴയ  കാര്യങ്ങള്‍  ഓരോന്നായി  അവര്‍  വിളിച്ച് പറഞ്ഞ്  കൊണ്ടിരുന്നു. ഒന്നും  പറയാനാവാതെ  അല്‍പ്പം  പോലും  സ്വാന്തനം  നല്‍കാനാവാതെ  നിസ്സഹായതയോടെ  നോക്കി  നില്‍ക്കാനേ  അന്ന്  കഴിഞ്ഞുള്ളൂ. അതൊരു  വല്ലാത്ത  രംഗം  ആയിരുന്നു. വര്‍ഷങ്ങള്‍  കഴിഞ്ഞ്   ഭര്‍ത്താവും  മരിച്ചപ്പോള്‍  തനിച്ചായ  അവരെ  വിവാഹിതയായ  മകള്‍  തിരുവനന്തപുരത്തുള്ള   തന്റെ  വീട്ടിലേക്ക്  കൂട്ടി  കൊണ്ട്  പോയി. കുറച്ച്  കാലത്തിനു  മുമ്പ്   ഫോണിലൂടെ  ഞാന്‍  ബന്ധപ്പെട്ടപ്പോള്‍   “എന്നെ  മാത്രം   ദൈവം  കൊണ്ട്  പോകാത്തതെന്തേ!” എന്ന്  എന്നോട്  ദയനീയമായി   ചോദിച്ച  അവര്‍ക്ക്  മറുപടി  നല്‍കാന്‍  എനിക്കായില്ല  തന്റെ  ഓമന  മകന്റെ  ഓര്‍മ്മകളുമായി  ആ  മാതാവ്  തിരുവനന്തപുരം  നഗരത്തിന്റെ  ഏതോ  ഭാഗത്ത്   ഇപ്പോഴും  ജീവിക്കുന്നുണ്ട്.

ഇങ്ങിനെ  എത്രയെത്ര  മാതാപിതാക്കള്‍,  ഭാര്യമാര്‍,  സഹോദരീ  സഹോദരന്മാര്‍  പിരിഞ്ഞ്  പോയവരുടെ  ഓര്‍മ്മകളുമായി   ഇപ്പോഴും  ജീവശ്ചവമായി  കഴിയുന്നു.
















ഇനിയുമിനിയും  ചിത്രങ്ങള്‍  ധാരാളമുണ്ട്, ദുരന്തത്തിന്റെ,  എന്നുമെന്നും  കണ്ണീരിന്റെ,  തലമുറകള്‍  കണ്ണിയറ്റ്  പോകുന്നതിന്റെ  ചിത്രങ്ങള്‍ ! എന്നാണിതിനൊരവസാനം?  ഈ  ദുരന്തങ്ങള്‍ക്ക്   ഇനിയുമൊരു  പരിഹാരംആര്‍ക്കും  കണ്ടെത്താനാവില്ലേ?!!!

(ചിത്രങ്ങള്‍ക്ക്  ഫാസില്‍  ഇസ്മെയിലിനോട്  കടപ്പാട്)




Saturday, June 30, 2012

ബൂലോഗമേ! അഭിമാനിക്കൂ!










ഈ   ചിത്രങ്ങള്‍  ബൂലോഗത്തിനു  അഭിമാനിക്കാന്‍ തക്ക  വിധം പോസ്റ്റ്  ചെയ്യാന്‍  കഴിഞ്ഞതില്‍  എനിക്ക്  സന്തോഷമുണ്ട്.

 ബൂലോഗത്തിന്റെ  കാരുണ്യ  പ്രവാഹം   ചലന ശേഷിയില്ലാതെ    കിടക്കയില്‍  മാത്രമായി  തന്റെ  ലോകം  ഒതുക്കി  കഴിഞ്ഞിരുന്ന  ഒരു  യുവാവിന്  ഒരു  ജീവിതം  നല്‍കിയതിന്റെ  ചിത്രങ്ങളാണ്  ഇവ.

  കേവലം  വര്‍ഷങ്ങള്‍  മാത്രം  പ്രായമുള്ള മലയാള  ബ്ലോഗ്  സമൂഹത്തിന്റെ  കാരുണ്യ  പ്രവര്‍ത്തികള്‍  ശ്ലാഘനീയമാണ്. ഈ  പംക്തിയില്‍  ധാരാളം  ഈ വിഷയ  സംബന്ധമായി   എഴുതി  കഴിഞ്ഞിരിക്കുന്നു.   ബൂലോഗം പിച്ചവെച്ച്  തുടങ്ങിയ    കാലത്ത്  തന്നെ  പലരുടെയും  ജീവിതം  സുഗമമായി  മുന്നോട്ട്  കൊണ്ട്  പോകാന്‍  തക്കവിധം  കാരുണ്യം  ചൊരിയാന്‍  ബ്ലോഗ് സമൂഹത്തിനു   കഴിഞ്ഞിരിക്കുന്നു  എന്ന്  അഭിമാനത്തോടെ  നമുക്ക്  പറയാന്‍  കഴിയും.അതില്‍ എടുത്ത്  പറയത്തക്ക  ഒരു  ഉദാഹരണമാണ്  കോട്ടയം  ജില്ലയിലെ  കിടങ്ങൂര്‍  സ്വദേശി  രാജെഷ്  എന്ന യുവാവ്. ഒരു  നുറുങ്ങ്  എന്ന  ബ്ലോഗ് സുഹൃത്ത്  ഹാറൂണിന്റെ    നേതൃത്വത്തില്‍   ബൂലോഗം  ഒന്ന്  ചെറുതായി  അണി  നിരന്നപ്പോള്‍   ചലന  ശേഷി  ഇല്ലാത്ത  രാജേഷിനു   ലഭിച്ചത്    രാജേഷിനു  തുണയായും  ഇണയായും   അയാളോടൊപ്പം   കഴിയാന്‍    സ്വമനസാലെ  തയാറായി  വന്ന   ഒരു  ജീവിത പങ്കാളി, അവര്‍ക്ക്  ഇപ്പോള്‍   ജനിച്ച  ഒരു  കുട്ടി,  ഒരു  ചെറിയ  വീട്  എന്നിവയാണ്.  ഈ  വക  കാര്യങ്ങള്‍  പരാമര്‍ശിച്ച്  “രാജേഷ്  അച്ഛനായി” എന്നൊരു  പോസ്റ്റും  ഞാന്‍  പ്രസിദ്ധീകരിച്ചു.  അത്  നിങ്ങള്‍ക്ക്  ഇവിടെ  അമര്‍ത്തിയാല്‍  കാണാം.  ഈ  പോസ്റ്റ്  പ്രസിദ്ധീകരിച്ച്  കഴിഞ്ഞതിനു  ശേഷം ഷഫീഖ്  മുല്ല  അലി  എന്ന  ഒരു ബ്ലോഗ് സുഹൃത്ത്   എനിക്ക്  ഒരു   മെയില്‍  അയച്ച്  തന്നു.  അത്  ഇപ്രകാരമാണ്.
പ്രിയ മാഷിനു,
ഞാന്‍  രാജേഷ്  ചേട്ടനെക്കുറിച്ച്  അറിയുന്നത്  ഹാരൂണ്‍  സാഹിബിന്റെ ബ്ലോഗില്‍   നിന്നാണ്.2010ഏപ്രില്‍10മുതല്‍  അവര്‍  ഫോണില്‍  വിളിക്കുമായിരുന്നു.ഞാന്‍  ഖത്തറില്‍  ജോലി  ചെയ്യുകയായിരുന്നു. നാട്ടില്‍  ലീവില്‍  പോകുമ്പോള്‍ രാജേഷ്  ചേട്ടന്റെ  അടുത്ത് പോകുമായിരുന്നു.രാജേഷ്  ചേട്ടന്റെ  വീട് പണിയുന്ന  സമയത്ത്  ഞാനും  സുഹൃത്തുക്കളും അവിടെ  പോയി  കഴിയുന്ന ശരീരിക  സഹായങ്ങള്‍ ചെയ്ത്  കൊടുത്തിരുന്നു. എന്റെ  വീട്  പെരുമ്പാവൂരില്‍  അണ്.  മാഷിനെ  കുറിച്ച്  എനിക്ക് നേരത്തെ  അറിയാമായിരുന്നു. കുന്നിക്കോട്  ഷംനാദിനടുത്തും  വരാറുണ്ട്. ഞാന്‍  ഇപ്പോള്‍  വീണ്ടും  ഖത്തറിലേക്ക്  പോന്നു. ഹാരൂണ്‍  സാഹിബിനെ  ഇത്  വരെ  നേരില്‍  കാണാന്‍  പറ്റിയിട്ടില്ല. ഈ  വീടിന്റെ  പണി  എത്രയും  പെട്ടെന്ന്  തീരാന്‍  കാരണം  ഹാരൂണ്‍  സാഹിബ്  ഒരാള്‍ മാത്രം  ആണ്.
  ഈ  ചിത്രങ്ങള്‍  പോസ്റ്റ്  ചെയ്തോളൂ. താങ്കളുടെയും  ഹാരൂണ്‍  സാഹിബിന്റെയും  ബ്ലോഗില്‍  കമന്റിട്ട  എല്ലാവര്‍ക്കും ഇ മെയില്‍  ചെയ്യണം  എന്നാണ്  വിചാരിച്ചിരുന്നത്.പക്ഷേ  ആരുടെയും  ഇ.മെയില്‍  ഐ.ഡി. ഡിസ്പ്ലേ  ആകുന്നില്ല.  നിങ്ങളാണ്  ഈ ഫോട്ടോ  കാണാന്‍  ഏറ്റവും  അര്‍ഹതപ്പെട്ടവര്‍. നിങ്ങളുടെ  എല്ലാം  കൂട്ടായ  പരിശ്രമത്തിന്റെ  ഫലമാണ് ഈ മാറ്റത്തിനു  കാരണം.
ഇന്‍ഷാ  അല്ലാ,  എപ്പോഴെങ്കിലും  ലീവില്‍  വരുമ്പോള്‍  നേരില്‍  കാണാം.നമുക്ക്  വേണ്ടിയും  പ്രാര്‍ത്ഥിക്കുക.
ഷഫീഖ്  ഖത്തര്‍.

മറ്റുള്ളവര്‍  ഈ മാതൃക  പിന്‍ തുടര്‍ന്ന്  ഭൂമിയില്‍   നന്മ  വിളയിക്കിട്ടെ  എന്ന  ഉദ്ദേശത്തിലാണ്  ഈ  കുറിപ്പുകള്‍   ഇവിടെ  കോറി  ഇട്ടത്.  മാത്രമല്ല  രാജേഷിന്റെ  ഭാര്യയുടെ  പ്രസവത്തിനായി  ആശുപത്രിയില്‍  നല്ലൊരു  തുക  ചിലവായി. വീടിന്റെ പണി  പൂര്‍ത്തി  ആയിട്ടുമില്ല. ചലന  ശേഷി  ഇല്ലാത്ത  ആ യുവാവിനു  സുമനസ്സുകളുടെ  സഹായമല്ലാതെ  മറ്റെന്ത്  വരുമാനമാണ്  ഉള്ളത്.ഈ  വിവരം  അറിഞ്ഞ  നമ്മുടെ  മാന്യ  സുഹൃത്ത്  ഡോക്റ്റര്‍  ജയന്‍  ഏവൂര്‍ ഞാനുമായി  ഫോണില്‍  സംസാരിച്ചപ്പോള്‍  1000രൂപാ  വീതം അഞ്ച്  പേര്‍  നല്‍കിയാല്‍ 5000ആകുമെന്നും അത്രയുമെങ്കില്‍  അത്ര ആകട്ടെ  എന്നും  ഡോക്റ്ററുടെ  വിഹിതമായ  1000രൂപാ  തരാമെന്നും  പറഞ്ഞിരുന്നു.പക്ഷേ ഈ തുക  രാജേഷിനു  എത്തിക്കാന്‍ അപ്പോള്‍  മാര്‍ഗമില്ലായിരുനു.  എന്നാല്‍   ഹാറൂണ്‍  സാഹിബിന്റെ  പോസ്റ്റില്‍   നിന്നും രാജേഷിന്റെ  അക്കൌണ്ട്  നമ്പര്‍ ലഭിച്ചു  അത്   ഇപ്രകാരമാണ്.
RAJESH.C,
SB A/C 13030100067968
FEDARAL BANK,
KIDANGOOR.
KOTTAYAM.

സന്മനസ്സിന്റെ  ഉടമകള്‍  കയ്യിലുള്ളത് അത്  എത്ര  ചെറിയ  തുക  ആയാലും അയാള്‍ക്ക് അയച്ചാല്‍   പല  തുള്ളി  പെരുവെള്ളമായി   അയാള്‍ക്ക്  ഉപകാരപ്പെടും.
എല്ലാവര്‍ക്കും  നന്മ  വരാനായും  ബൂലോഗത്തിന്റെ  ഈ  കൂട്ടായ്മ  എന്നും  നിലനില്‍ക്കാനും   പ്രാര്‍ത്ഥിക്കുന്നു.


Saturday, June 2, 2012

കൈരളീ നെറ്റും ബൂലോഗവും

കൈരളി നെറ്റ് എന്ന പേരില്‍ കൊല്ലത്ത് നിന്നും ഒരു സാംസ്കാരികാ-കാര്‍ഷിക-വാര്‍ത്താ മാസിക പ്രസിദ്ധീകരിക്കുന്നുണ്ട്. ഒരു ദിവസം അതിന്റെ ചീഫ് എഡിറ്റര്‍ ശ്രീ.സുനില്‍ ഷാ എന്നെ ഫോണില്‍ വിളിച്ച് ഞാന്‍ എന്റെ ബ്ലോഗില്‍ പോസ്റ്റ് ചെയ്ത “ഈ സാധനം എന്റേതല്ലാ” എന്ന അനുഭവക്കുറിപ്പ് കൈരളി നെറ്റില്‍ പ്രസിദ്ധീകരിക്കാനായി അനുവാദം ചോദിച്ചു. ആ പോസ്റ്റ് മാത്രമല്ല എന്റെ ബ്ലോഗിലെ ഏത് പോസ്റ്റ് വേണമെങ്കിലും പ്രസിദ്ധീകരിക്കാനായി ഞാന്‍ അദ്ദേഹത്തിനു അനുവാദം നല്‍കി. തുടര്‍ന്ന് ആ ലക്കം മാസിക അവര്‍ എനിക്ക് അയച്ചു തരികയും ചെയ്തു. മാസിക തുറന്ന് പോലും നോക്കാതെ പിന്നീട് വായിക്കാം എന്ന് കരുതി ഞാന്‍ മാറ്റി വെച്ചു. പക്ഷേ അല്‍പ്പം ദിവസത്തിനുള്ളില്‍ വിവിധ സ്ഥലങ്ങളിലുള്ള എന്റെ പരിചയക്കാര്‍ എന്നെ ഫോണില്‍ ബന്ധപ്പെട്ട് എന്റെ രചനയെ കുറിച്ച് അഭിപ്രായം അറിയിച്ചപ്പോള്‍ ഒരു കാര്യം എനിക്ക് ബോദ്ധ്യമായി; ഈ മാസിക ജീവിതത്തിന്റെ വിവിധ തുറകളിലുള്ളവരുടെ കയ്യില്‍ കൃത്യമായി എത്തുന്നുണ്ടെന്നും അത് അല്‍പ്പം പ്രചാരമുള്ള മാസികയാണെന്നും. ഞാന്‍ മാസിക തപ്പി എടുത്ത് അതിന്റെ പേജുകളിലൂടെ കയറി ഇറങ്ങി. ഒരു കാര്യം ഞാന്‍ അപ്പോള്‍ തിരിച്ചറിഞ്ഞു , അല്‍പ്പം കാമ്പുള്ള സാധനം തന്നെ ആണിത്. വിവിധ വിഷയങ്ങളെ ആസ്പദമാക്കിയുള്ള ലേഖനങ്ങള്‍, ഇന്റര്‍വ്യൂകള്‍, കഥകള്‍ , കവിതകള്‍, എന്നിവയാല്‍ സമ്പുഷ്ടമാണീ മാസിക. പണ്ടത്തെ സോവിയറ്റ് നാട് വാരികയെ പോലുള്ള നല്ല പോളിഷുള്ള പേപ്പര്‍.നല്ല കവറും ലേ ഔട്ടും. പരിണിത പ്രജ്ഞരായ പത്രാധിപ സമിതി, ശ്രീ. എം.എസ്. ജയപ്രകാശും സൈനുദ്ദീന്‍ പട്ടാഴിയും പോലുള്ള അഡ്വിസറീ ബോര്‍ഡ് അംഗങ്ങള്‍. എല്ലാം കൊണ്ടും ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്ന സെറ്റ് അപ്പ്.

വായിക്കാന്‍ കൊള്ളാം എന്ന് തിരിച്ചറിഞ്ഞതോടെ എല്ലാ മാസവും ഞാന്‍ ഈ മാസിക ശ്രദ്ധിക്കാന്‍ തുടങ്ങി. അപ്പോഴാണ് എന്നെ അതിശയപ്പെടുത്തുന്ന മറ്റൊരു സത്യം വെളിവായത്. എന്റെ ബ്ലോഗിലെ പോസ്റ്റുകള്‍ പ്രസിദ്ധീകരിക്കാന്‍ ഞാനുമായി ബന്ധപ്പെട്ടത് പോലെ അവര്‍ ഇതര ബ്ലോഗേര്‍സുമായും ബന്ധപ്പെട്ട് പലരുടെയും രചനകള്‍ പ്രസിദ്ധീകരിക്കുന്നുണ്ട്. ശ്രദ്ധേയന്റെയും മനോരാജിന്റെയും ബ്ലോഗ് പോസ്റ്റുകള്‍ ഞാന്‍ അതില്‍ കണ്ടു. കൊട്ടോട്ടിക്കാരനേയും കണ്ടു. ബൂലോഗവും കൈരളീ നെറ്റുമായി നല്ല ബന്ധത്തിലാണെന്ന് ഞാന്‍ അപ്പോള്‍ മനസ്സിലാക്കി.

നമ്മുടെ രചനകള്‍ അച്ചടി മഷി പുരണ്ട് 10പേര്‍ വായിക്കുന്നത് നമുക്ക് ആനന്ദം തരുന്ന വസ്തുതയാണ്. മഹാ സാഹിത്യകാരന്മാരുടെ ഏത് ചവറും പ്രസിദ്ധപ്പെടുത്താന്‍ യാതൊരു മടിയും കാണിക്കാത്ത മുഖ്യധാരാ അച്ചടി മാധ്യമങ്ങള്‍ ഗുണമേന്മയുള്ള നമ്മുടെ രചനകള്‍ നിഷ്ക്കരുണം തിരിച്ചയക്കുന്ന ഈ കാലഘട്ടത്തില്‍ നമ്മുടെ രചനകള്‍ ബ്ലോഗില്‍ വായിച്ചിട്ട് നമ്മളെ തിരക്കി വന്ന് ആ രചനകള്‍ മാസികയില്‍ പ്രസിദ്ധീകരിക്കാന്‍ തയാറായ കൈരളീ നെറ്റ്കാര്‍ ബ്ലോഗ് ലോകത്തുള്ളവര്‍ക്ക് അംഗീകാരം നല്‍കിയിരിക്കുന്നു എന്നതില്‍ നമ്മള്‍ സന്തോഷിക്കുക തന്നെ വേണം.

നന്ദി, കൈരളീ നെറ്റ്, നിങ്ങള്‍ക്ക് ബൂലോഗത്തിന്റെ അഭിവാദ്യങ്ങള്‍.

മേല്‍വിലാസം:-കൈരളീ നെറ്റ് മാസിക
ഇരവിപുരം പി.ഓ. കൊല്ലം


കൈരളീ നെറ്റിന്റെ ഇ.മെയില്‍:-


krnetklm@gmail.കോം

ചീഫ് എഡിറ്ററുടെ ഫോണ്‍ നമ്പര്‍:9037665581

Thursday, May 10, 2012

രാജേഷ് അച്ഛനായി

രാജേഷ് അച്ഛനായി.

രാജേഷിനെ അറിയില്ലേ?മസ്കുലര്‍ ഡിസ്ട്രോഫി ബാധിച്ച് ശരീരം തളര്‍ന്ന് കിടക്കുന്ന മുപ്പത്തി എട്ട് വയസ്സ്കാരന്‍ കോട്ടയം കിടങ്ങൂര്‍ സ്വദേശി യുവാവ് .

ആത്മഹത്യാ ശ്രമത്തിന്റെ വക്കിലെത്തിയ അയാളെ നമ്മുടെ പ്രിയപ്പെട്ട ഹാറൂണ്‍സാഹിബ്( ഒരു നുറുങ്ങ്) കാരുണ്യത്തിന്റെ പാസ്‌വേര്‍ഡ് ഉപയോഗിച്ച് ജീവിതത്തിലേക്ക് കൊണ്ട് വന്നു.
കണ്ണൂര്‍ നഗരത്തിന്റെ ഒരു മൂലയിലെ വസതിയില്‍ ചലന ശേഷി നഷ്ടപ്പെട്ട അവസ്ഥയില്‍ പോലും തന്റെ കിടക്കയില്‍ കിടന്ന്കൊണ്ട്, തന്നെ പോലെ അവശരായ സഹജീവികളില്‍ കയ്യിലെഫോണ്‍ മാത്രം ഉപയോഗിച്ച് കാരുണ്യ മഴ പെയ്യിക്കുന്ന നമ്മുടെ ഹാറൂണ്‍!

ശാരീരിക അവശതയാല്‍ ഒരു നുറുങ്ങ് എന്ന ബ്ലോഗ് ഇപ്പോള്‍ അദ്ദേഹം സജീവമാക്കുന്നില്ലെങ്കിലുംഇപ്പോഴും അദ്ദേഹത്തിന്റെ നിറസാന്നിദ്ധ്യം ബൂലോഗത്ത് അനുഭവപ്പെട്ട്കൊണ്ടേ ഇരിക്കുന്നു. കഴിഞ്ഞദിവസം ഹാറൂണ്‍ എന്നെ ഫോണില്‍ വിളിച്ചു പറഞ്ഞു.

“ഒരു സന്തോഷ വാര്‍ത്ത അറിയിക്കാനുണ്ട്. നമ്മുടെ രാജേഷ് അച്ഛനായി, മസ്കുലര്‍ ഡിസ്ട്രോഫിബാധിച്ച ആള്‍ക്ക് ഉല്‍പ്പാദന ശേഷി നഷ്ടപ്പെടുന്നില്ല എന്ന് തെളിയിക്കപ്പെട്ടിരിക്കുന്നു.“

ഓര്‍മ്മകള്‍ പുറകിലേക്ക് പോയി. 2010ലെ ഹാറൂണിന്റെ ഫോണ്‍‌വിളികള്‍ എന്നിലേക്കെത്തി.

“
കോട്ടയത്തിനടുത്ത കിടങ്ങൂര്‍ വരെ പോകാമോ? അവിടെ ചലന ശേഷി നശിച്ച ഒരാള്‍ക്ക് ഒരുമൊബൈല്‍ ഫോണ്‍ കൊടുക്കാന്‍ വേണ്ടിയാണ്, ഒന്നു അവിടെ പോയി അയാളെ ( രാജേഷിനെ)സമാധാനപ്പെടുത്തുകയും വേണം.”

പിന്നീട് ആ ദൌത്യം ഏറ്റെടുത്ത് ഒരു ബ്ലോഗര്‍ അവിടെ പോയി.(കൊട്ടോട്ടി ആണോ എന്ന് സംശയം)

ഹാറൂണ്‍ അവിടം കൊണ്ട് നിര്‍ത്തിയില്ല. രാജേഷിനു ഒരു ജീവിതം തന്നെ നല്‍കി. ശരീരം തളര്‍ന്ന്കിടക്കുന്ന രാജേഷിന്റെ ജീവിത പങ്കാളി ആകാന്‍ മിനി എന്ന പെണ്‍കുട്ടി വീട്ടില്‍ നിന്നും സ്വന്തംഇഷ്ടത്തില്‍ ഇറങ്ങി വരുന്നിടത്ത് വരെ കാര്യങ്ങള്‍ എത്തിച്ചു. അവരുടെ വിവാഹവും നടന്നു.(പത്രങ്ങളില്‍ വാര്‍ത്തയായി ഈ വിഷയം.) സ്തോഭജനകമായ ഈ സംഭവം വായിക്കുവാനായി നിങ്ങള്‍ തീര്‍ച്ചയായും ഹാറൂണിന്റെ ബ്ലോഗില്‍ ഇവിടെ പോകണം. ആ പോസ്റ്റില്‍(ജീവിക്കാന്‍ കൊതിയോടെ) അവസാന ഭാഗം ഹാറൂണ്‍ ഇങ്ങിനെ പറഞ്ഞ് വെച്ചു:-
“കൂട്ടരേ........ കാര്യങ്ങള്‍ നല്ല നിലയില്‍ മുന്നോട്ട് പോവാന്‍ നമുക്ക് പ്രാര്‍ത്ഥിക്കാം... പക്ഷേ, ധീരമായ ഒരു തീരുമാനമെടുത്ത മിനിക്കും, രാജേഷിനും പല പ്രതിസന്ധികളും തരണം ചെയ്യേണ്ടതായുണ്ട്. പരമ ദരിദ്രരായ അവരുടെ ഒന്നാമത്തെ പ്രശ്നം സാമ്പത്തികം തന്നെയാണ്. ഈ കാര്യത്തില്‍ ചെറിയ സഹായം നല്‍കാന്‍ നമുക്കാവില്ലേ..? മിനിയോട് തയ്യല്‍ പഠനം പൂര്‍ത്തിയാക്കാന്‍ പറഞ്ഞിട്ടുണ്ട്. പ്രിയ ബ്ലോഗ് സുഹൃദ്സമൂഹമേ,..! ഈ നുറുങ്ങിനാല്‍ സാദ്ധ്യമാവുന്ന കൊച്ചു സഹായങ്ങള്‍ ചെയ്തു തുടങ്ങി അത് വളരെ ചെറിയ രീതിയില്‍ മാത്രം..... അണ്ണാറക്കണ്ണനും തന്നാലായത്... ബ്ലോഗുലകത്തിന്‍റെ സഹകരണം ആ “നവദമ്പദികള്‍ക്കായി” നിര്‍ലോഭം നല്‍കുമല്ലോ... പ്രതീക്ഷയോടെ.....”

ആ പ്രതീക്ഷ ഒരു പരിധിവരെ സഫലമായി എന്നാണ് കാലം തെളിയിച്ചത്. ബൂലോഗം ഹാറൂണിന്റെ അപേക്ഷ കൈക്കൊണ്ടു. കാരുണ്യ പ്രവാഹം പലതരത്തില്‍ രാജേഷിലേക്ക് ഒഴുകി. ഹാറൂണ്‍ തന്റെ കിടക്കയില്‍ കിടന്ന് മാര്‍ഗദര്‍ശനം നല്‍കി. ആകെ സ്വത്തായി രാജേഷിന്റെ കുടുംബത്തിനുണ്ടായിരുന്ന മൂന്ന് സെന്റ് വസ്തുവിലെ ബാങ്ക് ബാധ്യത തീര്‍ക്കാന്‍ സഹായിച്ചു. ഇതിനു വേണ്ടി കലക്റ്റര്‍, ബാങ്ക് മാനേജര്‍, തുടങ്ങി പലരെയും തന്റെ ഫോണിലൂടെ ഹാറൂണ്‍ ബന്ധപ്പെട്ടു. ബൂലോഗത്തിലെ സന്മനസുകളുടെ സഹായത്തോടെ രാജേഷിനു ഒരു ചെറിയ വീടിന്റെ നിര്‍മാണം ആരംഭിച്ചു.

ഇപ്പോള്‍ വീടിന്റെ പണി പൂര്‍ത്തിയായില്ലെങ്കിലും മിനിയെ ആശുപത്രിയില്‍ നിന്നും കുഞ്ഞുമായി പുതിയ വീട്ടിലേക്ക് കൊണ്ട് വരാനാണ് രാജേഷ് ആഗ്രഹിക്കുന്നതെന്ന് ഹാറൂണ്‍ എന്നെ അറിയിച്ചു. മാത്രമല്ല ഒന്ന് അവിടം വരെ പോയി ആ ചെറിയ കുടുംബത്തിന്റെ ഒന്ന് രണ്ട് ചിത്രങ്ങള്‍ എടുത്ത് ബ്ലോഗില്‍ പ്രസിദ്ധപ്പെടുത്താനും അദ്ദേഹം എന്നോട് ആവശ്യപ്പെട്ടു. ജോലി തിരക്കിനാല്‍ എനിക്ക് അവിടെ പോകാന്‍ സാധിച്ചില്ല. എങ്കിലും ദൈവം അനുവദിച്ചാല്‍ ഉടനെ പോകണമെന്ന് ആഗ്രഹിക്കുന്നു. അഥവാ ഏതെങ്കിലും ബ്ലോഗറന്മാര്‍ രാജേഷിന്റെ നാടിനു സമീപം താമസിക്കുന്നു എങ്കില്‍ ആ ദൌത്യം ഏറ്റെടുത്താല്‍ അത് സഹായകരമായിരിക്കും.

മസ്കുലര്‍ ഡിസ്ട്രോഫി ബാധിച്ച് കിടക്കുന്നവര്‍ക്ക് പ്രതീക്ഷ നല്‍കാനും പണി തീരാത്ത രാജേഷിന്റെ കൊച്ചു വീടിന്റെ നിര്‍മാണം പൂര്‍ത്തിയാക്കാന്‍ ബൂലോഗത്തിന്റെ കാരുണ്യം ഇനിയും ഉണ്ടാകാനും അതിനോടൊപ്പം ബ്ലോഗ് ലോകത്തിന്റെ കൂട്ടായ്മയാല്‍ സമൂഹത്തില്‍ രാജേഷീനെ പോലുള്ളവര്‍ക്ക് ലഭ്യമാകുന്ന സഹായങ്ങളെ ചൂണ്ടിക്കാണിക്കാനുമാണ് ഇപ്പോള്‍ ഞാന്‍ ഈ കുറിപ്പുകളുമായി നിങ്ങളുടെ മുമ്പില്‍ വന്നത്. ഇത് സദയം മറ്റുള്ളവരിലേക്ക് പങ്ക് വെയ്ക്കുക. രാജേഷിനും ചെറിയ കുടുംബത്തിനും ക്ഷേമത്തിനു വേണ്ടി പ്രാര്‍ത്ഥിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുക.