Sunday, September 8, 2024

ആദ്യ മലയാള സിനിമ വിഗതകുമാരനും ജെസി.ഡാനിയലും

 ഹേമ കമ്മീഷൻ റിപ്പോർട്ട് പുറത്ത്  വന്നതിനെ തുടർന്ന് നാട്ടിലുണ്ടായ കോലാഹലം  പത്രത്തിൽ വായിച്ചപ്പോൾ  മലയാള സിനിമാ ഇന്നത്തെ നിലയിൽ എത്തിച്ചതിന്റെ ആദ്യ കാല  കഷ്ടപ്പാടുകൾ  ഇപ്പോൾ അർമാദിക്കുന്നവർക്ക് അറിയുമായിരുന്നോ എന്ന സംശയം മനസ്സിലുണ്ടാകുന്നു. വർഷങ്ങൾക്ക് മുമ്പ് ഇത് സംബന്ധിച്ച് ഞാൻ പ്രസിദ്ധപ്പെടുത്തിയിരുന്ന ഒരുപോസ്റ്റ് അത് വായിക്കാത്തവർക്കായി വീണ്ടും പുറത്ത് വിടുന്നു.  

                              മലയാള സിനിമയുടെ പിതാവേ! മാപ്പ്.

  സെലുലോയി ഡ്  മലയാളം സിനിമ പുറത്ത് വരുന്നതിനു മുമ്പ് തന്നെ കെ.സി.ഡാനിയലിനെയും മലയാള സിനിമയിലെ ആദ്യ നടി റോസിയെയും കുറിച്ച് “ആദ്യ മലയാള സിനിമ നടി റോസി” എന്ന പേരിൽ ഞാൻഎന്റെ ബ്ലോഗിൽ ഒരു ലേഖനം പ്രസിദ്ധീകരിച്ചിരുന്നു.

ആദ്യ മലയാള ചലചിത്രം വിഗതകുമാരനെ സംബന്ധിച്ചു എന്റെപിതാവിൽ നിന്ന് ബാല്യകാലത്ത് കേട്ട വിവരങ്ങൾ മനസിലുണ്ടായിരുന്നത് ഉപയോഗപ്പെടുത്തിയും  പിൽക്കാലത്ത് പലപ്പോഴായി ഞാൻ നടത്തിയ   യാത്രകളിൽ ഈ വിഷയ സംബന്ധമായി കൂടുതലായി എനിക്ക് ലഭ്യമായ അറിവുകൾ പ്രയോജനപ്പെടുത്തിയുമാണ് പ്രസ്തുത ലേഖനം തയാറാക്കിയത്.
അന്ന് റോസിയെ പറ്റി കിട്ടിയ സൂചനകൾ ഉപയോഗിച്ച് ഞാൻ  നാഗർകോവിൽ വരെ എത്തിയെങ്കിലും അവിടെ നിന്ന് ശരിയും സത്യസന്ധവുമായ വിവരങ്ങൾ ലഭ്യമാകാതിരുന്നതിനാൽ എന്റെ യാത്ര വിഫലമാകുകയും മലയാളത്തിലെ ആദ്യ നടി ആരാലും തിരിച്ചറിയപ്പെടാതെ മണ്മറഞ്ഞ് പോയി എന്ന് എനിക്ക് ബോദ്ധ്യം വരുകയും ചെയ്തു.

 ജെ.സി.ഡാനിയൽ അവസാനകാലം കഴിച്ച്കൂട്ടിയ അഗസ്തീശ്വരം സന്ദർശിക്കണമെന്ന് പലപ്പോഴും ആഗ്രഹിച്ചു എങ്കിലും അവിടേക്കുള്ള യാത്ര പല കാരണങ്ങളാലും നീണ്ട് പോയി.സെലുലോയിഡ് സിനമാ പുറത്ത് വന്നപ്പോൾ പഴയ ആഗ്രഹം വീണ്ടും തലപൊക്കി. അങ്ങിനെ കഴിഞ്ഞ 2013 മാർച്ച് 28 പെസഹാ വ്യാഴാഴ്ച്ച ദിവസം അഗസ്തീശ്വരം ലക്ഷ്യമാക്കി ഇറങ്ങി തിരിച്ചപ്പോൾ എന്റെ നല്ല പാതിയും മകൻ സൈലു,അവന്റെ ഭാര്യ സുമയ്യ, അവരുടെ സന്തതികളായ സൽമാൻ, സ അദ്, സഫാ എന്നിവരും  യാത്രയിൽ എനിക്ക് കൂട്ടായി വന്നു.
. വഴിയിലെ അന്വേഷണത്തിൽ നാഗർകോവിലിൽ നിന്ന് തിരിഞ്ഞ് പോകാതെ കന്യാകുമാരി വഴി അഗസ്തീശ്വരം പോകുന്നതാണ് ഉത്തമമെന്ന് അറിഞ്ഞതിനാൽ നേരെ കന്യാകുമാരിക്ക് വെച്ച്പിടിച്ചു. കത്തിക്കാളുന്ന മീന വെയിലിന്റെ ചൂടിന് ശമനം വരുന്നത് വരെ കന്യാകുമാരിയിൽ തങ്ങി.


അവിടെ നിന്നും അഗസ്തീശ്വരത്തേക്ക് യാത്ര തുടർന്നപ്പോൾ സായാഹ്നം ആരംഭിച്ചിരുന്നു. 
കൃസ്ത്യൻ നാടാർ സമുദായത്തിൽ പെട്ട ധാരാളം ആൾക്കാർ ജീവിക്കുന്ന അഗസ്തീശ്വരത്ത് ചെന്ന് ജെ.സി.ഡാനിയലിനെ പറ്റി അന്വേഷിച്ചാൽ പറഞ്ഞ് തരാൻ ധാരാളം ആൾക്കാർ കാണുമെന്ന വിശ്വാസം എനിക്ക് ധൈര്യം നൽകിയിരുന്നല്ലോ.38കൊല്ലത്തിനു മുമ്പ് മരിച്ച ഡാനിയലിനെ പറ്റി കൂടുതൽ അറിയാൻ പ്രായമുള്ള ആൾക്കാരെ സമീപിക്കുന്നതാണ് ഉചിതമെന്ന തിരിച്ചറിവിനാൽ എതിർ ദിശയിൽ നിന്നും വന്ന വൃദ്ധന്റെ സമീപം കാർ നിർത്തി ഞാൻ ഡാനിയലിനെ പറ്റി തിരക്കി. മലയാള സിനിമയുടെ പിതാവ്, പ്രസിദ്ധനായ ദന്ത ഡോക്ടർ, എന്നീ നിലയിൽ ഡാനിയൽ ഏവർക്കും സുപരിചിതൻ ആയിരിക്കുമെന്ന് ഞാൻ കരുതിയിരുന്നു. മാത്രമല്ല എല്ലാ മലയാള സിനിമകളും നാഗർകോവിലിൽ പ്രദർശിപ്പിക്കുമെന്നതിനാൽ സെലുലോയിഡ് സിനിമയും അവിടെ പ്രദർശിപ്പിച്ചിരിക്കുമെന്നും അത് വഴി അഗസ്തീശ്വരവും ഡാനിയലും ആ നാട്ടുകരാൽ ബഹുമാനിക്കപ്പെട്ടിരിക്കുമെന്നും എനിക്ക് വിശ്വാസമുണ്ടായിരുന്നു. 
 എന്റെ എല്ലാ വിശ്വാസങ്ങളും ധാരണകളും കടപുഴുകി എറിയപ്പെട്ടു ആ വൃദ്ധന്റെ പ്രതികരണത്തിൽ.
“ഡാനിയലാ……,അവർ യാരു?.....വീട് എങ്കേ?  സിനിമാ പുടിച്ചാച്ചാ….മലയാളമാ…അവരെ എനക്ക് തെരിയാത്… അങ്കേ പോയി കേട്ട് പാരു…” വൃദ്ധൻ ഒന്ന് രണ്ട് കടകളും ഒരു ചെറിയ പ്രിന്റിംഗ് പ്രസ്സും സ്ഥിതി ചെയ്യുന്ന കവലയിലേക്ക്  കൈ ചൂണ്ടി.ഞാൻ വഴിയിൽ കണ്ട നാലഞ്ച് പേരോട് ഡാനിയലിനെ പറ്റി അന്വേഷിച്ചതിൽ അവരിൽ നിന്നും ഡാനിയലിനെ പറ്റി അറിയില്ല  എന്ന മറുപടിയാണ് ലഭിച്ചത്. തുടർന്ന് കവലയിൽ ഉണ്ടായിരുന്ന പ്രിന്റിംഗ് പ്രസ്സിലേക്ക് കയറി ചെന്ന് അവിടെ കണ്ട പെൺകുട്ടിയോട് സിനിമാ പ്രൊഡ്യൂസറായിരുന്ന ഡാനിയൽ… എന്ന  മുഖവുരയോടെ അന്വേഷണം ആരംഭിച്ചു.പെൺകുട്ടികൾ സിനിമാ ഭ്രാന്ത്കാരായിരിക്കുമെന്നതിനാൽ എന്തെങ്കിലും സൂചനകിട്ടുമെന്ന് എനിക്ക് പ്രത്യാശ ഉണ്ടായിരുന്നു. പക്ഷേ ആ പെൺകുട്ടിയും കൈ മലർത്തി.
   “എൻ  താത്താ ഇപ്പോ വരുവാര്, അവർക്കിട്ട കേട്ടാൽ വെവരം കെടക്കുമേ…അവർ  രൊമ്പ പ്രായമായവർ…….അവളുടെ മുത്തഛൻ പ്രായമുള്ള ആളായതിനാൽ അയാൾക്ക് വിവരം നൽകുവാനാകുമെന്ന് അവൾ പറഞ്ഞുവെങ്കിലും സമയം ഏറെ കഴിഞ്ഞിട്ടും “താത്താ വന്നില്ല
പ്രസ്സിനു എതിർവശം ഒരു കൃസ്തീയ ദേവാലയം തല ഉയർത്തി നിന്നിരുന്നു.
  “ചർച്ചിലെ ഫാദർ കിട്ടെ കേട്ട് പാരു…..അവർക്ക് എല്ലാം തെരിയുമേ” എന്ന് പെൺകുട്ടി പറഞ്ഞ് തന്നപ്പോൾ “ശ്ശോ ഈ ബുദ്ധി എനിക്കിത് വരെ തോന്നിയില്ലല്ലോ”എന്ന് ഞാൻ സ്വയം കുറ്റപ്പെടുത്തി.
ആ കൃസ്തീയ ദേവാലയത്തിൽ എത്തിയ എനിക്ക് അവിടെ ഉണ്ടായിരുന്ന ഫാദറിന്റെ ചിരിച്ച മുഖം ആശ്വാസം നൽകിയെങ്കിലും ഡാനിയലിനെ പറ്റി അന്വേഷിച്ചപ്പോൾ ജെ.സി.ഡാനിയലിനെന്താണ് പ്രാധാന്യമെന്ന് റവറന്റ് ഫാദറിനെ ഞാൻ പഠിപ്പിക്കേണ്ടി വന്നു. വിഗതകുമാരനും ജെ.സി.ഡാനിയലും സെലുലോയിഡുമൊന്നും അച്ചന്റെ അറിവിന്റെ അയൽ പക്കത്തൊന്നും ഇല്ലായിരുന്നു.തുടർന്ന് ഞാൻ ദന്ത ഡോക്ടറായിരുന്ന ഡാനിയലിനെ പറ്റി ചോദിച്ചു.മാത്രമല്ല ഞാൻ വിദൂര സ്ഥലമായ കൊട്ടരക്കരയിൽ നിന്നും അദ്ദേഹത്തിന്റെ വിവരങ്ങൾ അറിയാനായി മാത്രം എത്തിയതാണെന്നും എങ്ങിനെയെങ്കിലും എന്നെ സഹായിച്ചില്ലെങ്കിൽ എന്റെ  യാത്ര വിഫലമാകുമെന്നും അച്ചനെ വിനയപുരസ്സരം അറിയിച്ചപ്പോൾ  “ഇവനു വട്ടാണോ, 38കൊല്ലത്തിനു മുമ്പ്  ചത്ത ആളെ തിരക്കി വരാനെന്ന” ചോദ്യ ഭാവംഅച്ചന്റെമുഖത്തുണ്ടായിരുന്നു    എങ്കിലും ആ നല്ലവനായ പുരോഹിതൻ പതുക്കെ എഴുന്നേറ്റ് ഒരു പഴയ രജിസ്റ്റർ എടുത്ത് താളുകൾ മറിക്കാൻ തുടങ്ങി.മരിച്ചവരെ മറവ് ചെയ്യുന്നത് ആ പള്ളിയിലാണെങ്കിൽ എന്തെങ്കിലും രേഖകൾ അത് സംബന്ധമായി   കാണുമായിരിക്കും എന്ന് കരുതിയാണ് ഞാൻ പ്രത്യാശയോടെ അവിടെ കാത്ത് നിന്നത്. കുറേ ഏറെ പേജുകൾ മറിച്ചതിനു ശേഷം രണ്ട് ജെ.സി.ഡാനിയലുകാരുടെ മേൽ വിലാസം ഫാദർ എനിക്ക് തന്നു.ഡാനിയൽ കുടുംബത്തിൽ പെട്ടവരായിരിക്കും അവരെന്ന വിശ്വാസത്തിൽ അച്ചനോട് നന്ദിയും പറഞ്ഞ് ആ മേൽ വിലാസത്തിലെ വീടും അന്വേഷിച്ച് പള്ളിക്ക് സമീപമുള്ള സ്കൂളിനടുത്തെത്തിയ എന്റെ എല്ലാ പ്രതീക്ഷകളും തകർത്ത്കൊണ്ട് ആ വീടിന്റെ  ഗേറ്റ് പുറത്ത് പൂട്ടിട്ട നിലയിൽ കാണപ്പെട്ടു.അയൽ വാസിയായ ഡേവിഡിനോട് അന്വേഷിച്ചതിൽ അവർ നാഗർകോവിലിൽ പോയി കാണുമെന്ന മറുപടിയാണ് ലഭിച്ചത്.ഡേവിഡുമായി ഞാൻ ഏറെ നേരം സംസാരിച്ച് നിന്നു.ഞാൻ പോയ പള്ളിയിലല്ല ജെ.സി.ഡാനിയലിനെ മറവ് ചെയ്തിരിക്കുന്നതെന്നും അവിടെ നിന്നും കുറേ അകലെ ഏതോ ഒരു പറമ്പിൽ ആണെന്നും എനിക്ക് അറിയാൻ കഴിഞ്ഞു. ആ സ്ഥലം എനിക്ക് കണ്ട് പിടിക്കാനാവാത്ത വിധം പ്രധാന വീഥിയിൽ നിന്നും ഉള്ളിലേക്ക് മാറിയാണെന്നും ഡേവിഡ് പറഞ്ഞു.
എന്റെ യാത്ര വിഫലമായി തീർന്നു എന്ന സത്യം മനസിലേക്ക് വേദന കൊണ്ട് വന്നെങ്കിലും മലയാള സിനിമയുടെ പിതാവ് അവസാനകാലം തന്റെ യാതനകൾ അനുഭവിച്ച് തീർത്തത് ഈ ഭാഗത്ത് എവിടെയോ ഒരുവീട്ടിൽ വെച്ചായിരുന്നു എന്ന തിരിച്ചറിവ് തുടരന്വേഷണത്തിനു എന്നെ പ്രേരിപ്പിച്ച് കൊണ്ടേ ഇരുന്നു.
മടക്ക യാത്ര നാഗർകോവിൽ വഴി ആകാമെന്ന് കരുതി മുമ്പോട്ട് പോയപ്പോൾ അവിടെ ഒരു ബസ് സ്റ്റോപിൽ മൂന്ന് നാലു പേർ സൊറ പറഞ്ഞിരിക്കുന്നത് കണ്ട എന്റെ ഉള്ളിലുണ്ടായ പ്രേരണയാൽ ഡ്രെയ്‌വ് ചെയ്തിരുന്ന മകൻ സൈലുവിനോട് കാർ നിർത്താൻ ഞാൻ  ആവശ്യപ്പെട്ടു.അവരുടെ സമീപം ചെന്ന്
“നാൻ കൊല്ലം പക്കം നിന്ന് വരേൻ, ഇങ്ക ജെ.സി.ഡാനിയൽ…..” എന്ന് എനിക്ക് വാചകം പൂർത്തിയാക്കേണ്ടി വന്നില്ല, അവരിൽപ്രായമുള്ള ഒരാൾ പറഞ്ഞു “മലയാളത്തിലേ അന്ത മിണ്ടാ പടം എടുത്തവരാ…..?
“അതേ…….അതേ…..”എനിക്ക് സന്തോഷം അടക്കാനായില്ല. ചിലരെങ്കിലും അദ്ദേഹത്തിന്റെ പ്രാധാന്യം തിരിച്ചറിയുന്നുണ്ടല്ലോ!
“സാർ, അവർ ഏറെ നാൽ മുമ്പ് ശത്ത് പോയിട്ടേൻ…അവരുടെ വീട് ഇപ്പോൾ ഇങ്കേ ഇല്ലെ…പുത് വീട് എന്ന് താൻ  അന്ത വീട് പേർ.പെരിയ വീട്..അവരെ അപ്പാവുടെ വീട് താനത്. ഇങ്ക എല്ലാം വിറ്റ് സൊന്തക്കാരെല്ലാം നാഗർകോവിലിൽ പോയിരിക്ക്…..അങ്കേ  ഒരു പെരിയ ആശുപത്രി പോട്ടിരിക്കണത് ഡാനിയലുടെ സഹോദരൻ മകൻ താൻ……” അയാളിൽ നിന്നും  അവിടെ കൂടിയിരുന്ന പ്രായമുള്ള മറ്റ് ആൾക്കാരിൽ നിന്നും വാക്കുകൾ നിർഗമിച്ച് കൊണ്ടേ ഇരുന്നു.അവരുമായി സംസാരിച്ച് കൊണ്ടിരുന്നപ്പോൾ മറ്റൊരാൾ മോട്ടോർ സൈക്കിളിൽ  അവിടെയെത്തി. അൽപ്പം മുമ്പ് ഡേവിഡും ഞാനുമായി സംസാരിച്ച് നിന്നത് അയാൾ കണ്ടിരുന്നുവത്രേ!.ഡാനിയലിനെ അടക്കിയിരിക്കുന്ന സ്ഥലം അയാളുടെ കുടുംബത്തിന്റേതായിരുന്നുവെന്നും അതിനു അടുത്ത് തന്നെ അയാൾക്ക് വേറെ സ്ഥലം ഉണ്ടെന്നും അതിൽ നിൽക്കുന്ന തെങ്ങ്കൾക്ക് വെള്ളം പമ്പ് ചെയ്യാൻ അയാൾ ആ പറമ്പിലേക്ക് പോവുകയാണെന്നും പറഞ്ഞപ്പോൾ എനിക്ക് സന്തോഷം അടക്കാനായില്ല.എന്നോടൊപ്പം വന്നിരുന്ന കുടുംബാംഗങ്ങൾക്കും സന്തോഷമായി.ഞാൻ നടത്തിയിരുന്ന അന്വേഷണം നിഷ്ഫലമായി തീരുന്നത് അവർ കുറേ നേരമായി കണ്ട് കൊണ്ടിരിക്കുകയായിരുന്നല്ലോ. മോട്ടോർ സൈക്കിൾകാരനെ ഞങ്ങൾ കാറിൽ പിന്തുടർന്നു.
പ്രധാന റോഡിൽ നിന്നും വിട്ടകന്ന് ഒരു ബൈ റോഡിലൂടെ അയാൾ ഒരു പറമ്പിൽ ചെന്ന് കയറി.ഞങ്ങളുടെ വഴികാട്ടിയായി വന്ന നാരായണന്റേതായിരുന്നു ആ പറമ്പ്. ആ പറമ്പിലൂടെ നടന്ന് ഞങ്ങൾ ഡാനിയലിനെ അടക്കിയിരുന്ന സ്ഥലത്തെത്തി.രാവിലെ തുടങ്ങിയ ക്ലേശകരമായ യാത്രക്കൊടുവിൽ പ്രശാന്തമായ  സായാഹ്നത്തിൽ ആ കല്ലറക്ക് സമീപം നിന്നപ്പോൾ എന്റെ ചിന്തകൾ വർഷങ്ങൾക്ക് പുറകിലേക്ക് പൊയ്കൊണ്ടിരുന്നു, ഞാൻ ജനിക്കുന്നതിനും മുമ്പുള്ള വർഷങ്ങളിലേക്ക്.
ഇവിടെ  ഇതാ അദ്ദേഹം ഉറങ്ങുന്നു. സിനിമാ നിർമാണം എന്ന ഭ്രാന്തിൽ തന്റെ എല്ലാ സ്വത്തും മലയാളത്തിലെ ആദ്യ സിനിമാ നിർമ്മിക്കുന്നതിനു വേണ്ടി ചെലവഴിച്ച് ആരാലും അറിയപ്പെടാതെ ഈ ഒഴിഞ്ഞ കോണിൽആ മനുഷ്യൻ യാത്ര അവസാനിപ്പിച്ചിരിക്കുന്നു. അന്ത്യകാലം ഭാര്യ ഒഴികെ ഉറ്റവർ എല്ലാവരിലും നിന്നും ഒഴിവാക്കപ്പെട്ട് സംരക്ഷിക്കേണ്ട സ്വന്തം ആണ്മക്കളുടെ സാമീപ്യമില്ലാതെ, വാർദ്ധക്യത്തിലുണ്ടായ തളർവാതത്താൽ അവശനായി മരണത്തിലെത്തി ചേർന്ന ആ മനുഷ്യന്റെ മൃതദേഹത്തിൽ ആരെങ്കിലും ഒരു റീത്ത് എങ്കിലും വെച്ചിരുന്നോ ആവോ? . പിന്നീടാരോ ഈ കല്ലറ കെട്ടി അതിൽ ജെ.സി.ഡാനിയൽ 1900-1975 എന്നും ഡന്റൽ സർജനെന്ന് ആദ്യവും മലയാള സിനിമായുടെ പിതാവെന്ന് രണ്ടാമതും രേഖപ്പെടുത്തിയിട്ടുണ്ട്. 

വഴികാട്ടിയായി വന്ന നാരായണനും ഞാനുമായി ആ കല്ലറക്ക് സമീപം നിന്നത് മകൻ ക്യാമറയിൽ പകർത്തി.
.ചുറ്റും മറ്റ് ചില കല്ലറകളുണ്ടായിരുന്നെവെങ്കിലും ജെ.സി. ഡാനിയലിനെ അവസാനം വരെ സ്നേഹപൂർവം പരിചരിച്ചിരുന്ന ഭാര്യയുടെ കല്ലറ അവിടെങ്ങും കണ്ടില്ല. തിരുവനന്തപുരം എൽ.എം.എസ്.ജംഗ്ഷനിലെ പുസ്തക വ്യാപാരി  ആയിരുന്ന ജോയൽ സിംഗിന്റെ           അതി സുന്ദരിയായ മകൾ ഡാനിയലിന്റെ പ്രിയ പത്നി ആയതിനു ശേഷം അദ്ദേഹത്തിന്റെ എല്ലാ സുഖ ദുഖങ്ങളിലും പങ്ക് കൊണ്ട് ഒരുനിഴൽ പോലെ അദ്ദേഹത്തെ പിന്തുടർന്നിരുന്നുവല്ലോ.എവിടെയോ ഏതോ മണ്ണിൽ ആരാലും തിരിച്ചറിയപ്പെടാതെ ആ സാധ്വി ഉറങ്ങുന്നുണ്ടായിരിക്കാം.ഡാനിയൽ മലയാള സിനിമാ ആദ്യമായി നിർമ്മിച്ചതിലൂടെ അനുഭവിച്ച യാതനകളുടെ ഒരു വിഹിതം ആ പാവം സ്ത്രീയും അനുഭവിച്ചിരുന്നല്ലോ.അദ്ദേഹം അവസാന കാലം തളർന്ന് കിടന്നപ്പോഴും കൂട്ടിനു അവരുണ്ടായിരുന്നു.അദ്ദേഹത്തിന്റെ വിയോഗത്തിനു ശേഷമാണ് അവർ മരിച്ചത്. ആരോരുമറിയാതെ അവരും യവനികക്ക് പുറകിലേക്ക് പോയി മറഞ്ഞു.
 അഗസ്തീശ്വരത്ത് ഞാൻ സംസാരിച്ചവരിൽ നിന്നും എനിക്ക്കിട്ടിയ വിവരങ്ങൾ പ്രകാരം ഡാനിയലിന്റെ മൂത്തപുത്രനും മലയാള സിനിമയിലെ ആദ്യ ബാലതാരവുമായ  സുന്ദരം         ഡാനിയൽ ആസ്ത്രേല്യായിലേക്ക് പോയി എന്നും അവിടെ വെച്ച് മരിച്ചു എന്നും ഇളയ മകൻ ഹാരിസ് ഡാനിയൽ ഇൻഷുറൻസ് കമ്പനിയിൽ ജോലിയായതിനാൽ പിതാവിൽ നിന്നും അകന്ന് കഴിയേണ്ടി വന്നുവെന്നും പിതാവിന്റെ മരണ സമയം ഇവർ ആരും അദ്ദേഹത്തിന്റെ അരികിൽ ഇല്ലായിരുന്നു എന്നും അറിയാൻ കഴിഞ്ഞു. എന്തിന് അവരുടെ പിതാവ് മരിച്ചു എന്ന വിവരം പോലും നാളുകൾ കഴിഞ്ഞാണ് അവർ അറിഞ്ഞതത്രേ! ഒരു മകളുടെ കുടുംബം മാത്രം അദ്ദേഹത്തിന്റെ അന്ത്യ നാളുകളിൽ അടുത്തുണ്ടായിരുന്നു. അദ്ദേഹത്തിന്റെ സഹോദരന്റെ മകളാണ് ശവസംസ്കാര ചടങ്ങുകൾ നടത്തിയത് എന്നും അന്വേഷണത്തിൽ അറിയാൻ കഴിഞ്ഞു. ഇവിടെ നാം ഓർമ വെക്കേണ്ട വസ്തുത, 1975ൽ മലയാള സിനിമയുടെ പിതാവ് മരിക്കുമ്പോൾ മലയാള സിനിമയുടെ പുഷ്കല കാലമായിരുന്നു എന്നതാണ്. കൃഷ്ണൻ നായരും ശശികുമാറും മെരിലാൻഡ് എസ്.കുമാറും, നവോദയാ അപ്പച്ചനും വാസുദേവൻ സാറും നസീറും കെ.പി.ഉമ്മറും അങ്ങിനെ പ്രഗൽഭരായ പലരും ജ്വലിച്ച് നിന്ന കാലം. ഡാനിയലാണ് മലയാള സിനിമയുടെ പിതാവെന്ന് അന്ന് സ്ഥിരപ്പെട്ടു കഴിഞ്ഞിരുന്നു.എന്നിട്ട് പോലും അദ്ദേഹത്തിന്റെ മരണം ആരുമറിയാതെ പോയി.ഒരു അനുശോചന യോഗം പോലും ആരും വിളിച്ച് കൂട്ടിയുമില്ല.
വിഗതകുമാരൻ സിനിമാ നിർമ്മിച്ചതിലൂടെ ഡാനിയലിനു സാമ്പത്തിക നഷ്ടം വന്നു എങ്കിലും പിൽക്കാലത്ത് ഡെന്റൽ സർജൻ എന്ന നിലയിൽ അദ്ദേഹം കഠിനാധ്വാനം ചെയ്ത് സമ്പത്തുണ്ടാക്കി. പക്ഷേ സിനിമാ ഭ്രാന്ത് മൂത്ത് മദ്രാസിലെ ഏതോ സ്നേഹിതൻ മുഖേനെ വീണ്ടും സിനിമാ നിർമാണത്തിനയി ഒരുങ്ങി ഇറങ്ങിയ അദ്ദേഹത്തിന് കനത്ത സാമ്പത്തിക നഷ്ടം നേരിടുകയും ആദ്യ സിനിമാ നിർമാണത്തിനു എതിരു പറയാതിരുന്ന കുടുംബാംഗങ്ങൾ പലരും രണ്ടാമത്തെ ശ്രമത്തെ എതിർക്കുകയും ചെയ്തു എന്നും അറിയാൻ കഴിഞ്ഞു. എങ്കിലും അവസാന നിമിഷം വരെ ആ മനുഷ്യന് സിനിമാ ഹരം തന്നെ ആയിരുന്നു.
ഇന്ന് കോടികൾ ലഭിക്കുമായിരുന്ന തന്റെ സ്വത്തുക്കളെല്ലാം സിനിമാ നിർമാണത്തിനായി നഷ്ടപ്പെടുത്തിയ ആദ്യ മലയാള സിനിമാ നിർമ്മാതാവ് തന്റെ അവസാന കാലത്തെ കഷ്ടതയാൽ കേവലം 350രൂപാ ലഭിക്കുന്ന അവശ കലാകാര പെൻഷനു വേണ്ടി കേരള സർക്കാരിലേക്ക് അപേക്ഷിച്ചു എന്നും അദ്ദേഹം മലയളി അല്ല എന്ന കാരണത്താൽ അദ്ദേഹത്തിന്റെ അപേക്ഷ നിഷ്കരണം തള്ളി മലയാളികളായ നമ്മൾ അദ്ദേഹത്തോട് നന്ദി കാണിച്ചു എന്നതും പിൽക്കാല ചരിത്രം. എല്ലാ കഷ്ടതകളും അനുഭവിച്ച് ആ മനുഷ്യൻ മരിച്ചതിന് ശേഷം നാം അദ്ദേഹത്തിന്റെ പേരിൽ ഒരു വൻ തുക ജെ.സി.ഡാനിയൽ അവാർഡ് എന്ന പേരിൽ ഇപ്പോൾ മലയാള സിനിമ പ്രവർത്തകർക്ക് നൽകുന്നുമുണ്ട്.
സിനിമ എന്തെന്നറിയാത്ത കാലഘട്ടത്തിൽ മലയാളികൾക്ക് ഒരു സിനിമ നിർമ്മിച്ചു കാണിച്ച് കൊടുത്തു എന്നതാണ് അദ്ദേഹം ചെയ്ത ഏക കുറ്റം. തന്റെ ആസ്തികൾ വിറ്റ് പെറുക്കി അദ്ദേഹം സിനിമാ നിർമ്മിച്ചപ്പോൾ ആ സിനിമാ കാണാനെത്തിയ നമ്മുടെ കാരണവന്മാർക്ക് സിനിമയെന്ത് യാഥാർത്ഥ്യമെന്ത് എന്ന് തിരിച്ചറിയാൻ സാധിക്കാതിരുന്നതിനാൽ താഴ്ന്ന ജാതിയിൽ പെട്ട ഒരു സ്ത്രീ സവർണയായി അഭിനയിച്ചത് സഹിക്കാവുന്നതിനുമപ്പുറമായിരുന്നു.അവർ സിനിമാ പ്രദർശിപ്പിച്ച ക്യാപിറ്റോൾ ഹാൾ അടിച്ചു പൊളിച്ചു. തിരശ്ശീല വലിച്ചു കീറി.ഇനി ഒരു ഹീന ജതിക്കാരി ആ തിരശ്ശീലയിൽ സവർണയായി വരുവാനും തന്റെ തലയിൽ നിന്നും ഒരു പുരുഷന് പൂ എടുക്കാൻ അനുവാദം കൊടുക്കാനും  പാടില്ലാ എന്നും അവർ തീരുമാനിച്ചു.
ആദ്യ നടി റോസിയുടെ കുടിൽ കരപ്രമാണിമാർ കത്തിച്ചതിനെ തുടർന്ന് ആ സ്ത്രീ ജീവനും കൊണ്ടോടി നാഗർകോവിലിൽ എത്തി തന്റെ പേരും മാറ്റി അജ്ഞാതയായി ശിഷ്ടകാലം കഴിച്ച് കൂട്ടി.
 ഡാനിയലിനും കൂട്ടർക്കും ജീവൻ രക്ഷിക്കാൻ പലായനം ചെയ്യേണ്ടി വന്ന കഥ പണ്ട് എന്റെ പിതാവിൽ നിന്നും കേട്ടപ്പോൾ മനസിലുണ്ടായ ചോദ്യം ഇന്നും മനസിൽ നില നിൽക്കുന്നു.വിഗത കുമാരൻ എന്ന  ഒരു സാമൂഹ്യ ചിത്രം നിർമ്മിക്കുന്നതിനു പകരം അന്ന് ഡാനിയൽ ആദ്യ മലയാള ചിത്രമായി ഒരു മിശിഹാ ചരിത്രമോ രാജാ ഹരിശ്ചന്ദ്രായോ മറ്റോ നിർമ്മിച്ചിരുന്നെങ്കിൽ മലയാള സിനിമാ ചരിത്രത്തിനും ഡാനിയലിന്റെ ജീവിതത്തിനുമുണ്ടാകുന്ന മാറ്റങ്ങൾ എന്തൊക്കെ ആയിരിക്കും? പക്ഷേ ആ കലാകാരന് പണമല്ലായിരുന്നു വലുത്. കലയോടുള്ള പ്രതിബദ്ധത വലുതായി കണ്ട ആ മനുഷ്യൻ പണം വലുതായി കണ്ടില്ലാ എന്നതാണ് അദ്ദേഹത്തിന്റെ മഹത്വം ഉയർത്തുന്നത്. സാമ്പത്തികമായി തകർന്ന് കടം കയറിയപ്പോൾ തിരുവനന്തപുരം പട്ടത്തുണ്ടായിരുന്ന ട്രാവൻകൂർ നാഷണൽ പിക്ചേഴ്സ് സ്റ്റുഡിയോയും സ്ഥലവും വിറ്റ് അദ്ദേഹം നാട്ടിൽ തിരിച്ചെത്തി.
അപ്പോഴും എപ്പോഴും സിനിമാ ഹരമായിരുന്ന ആ മനുഷ്യൻ അവസാനം ഇതാ ഈ ചൊരി മണലിൽ  ആരാലും ശ്രദ്ധിക്കപ്പെടാതെ അന്ത്യ വിശ്രമം കൊള്ളുന്നു, മലയാളിയുടെ നന്ദികേടിന്റെ പ്രതീകമായി.മലയാള സിനിമാ ചരിത്രത്തിലൂടെ കണ്ണോടിച്ചവരിൽ ചിലർ ഇവിടെ വല്ലപ്പോഴും വന്നെങ്കിലായി.കാലം കടന്ന് പോകുമ്പോൾ ആ വരവും നിലക്കും. ഈ തിരക്ക് പിടിച്ച ലോകത്തിൽ ആർക്കുണ്ട് സമയം.

“നമുക്ക് തിരികെ പോകണ്ടേ? ഭാര്യയുടെ ചോദ്യം എന്നെ ചിന്തയിൽ നിന്നും ഉണർത്തി. മകനും ഭാര്യയും സൽമാനും സ അദും സഫായും എന്നെ തന്നെ നോക്കി നിൽക്കുകയാണ്. നേരം ഏറെ വൈകിയിരിക്കുന്നു.ഞാൻ ഒന്നുകൂടി ആ കല്ലറയിലേക്ക് നോക്കി.
“മലയാള സിനിമയുടെ പിതവേ! ഞങ്ങൾ മലയാളികൾ നനികെട്ടവരായി പോയി.ഞങ്ങളോട് ക്ഷമിക്കുക”.മനസ് മന്ത്രിച്ചു.

Friday, August 23, 2024

പിതാവിനെ തേടി

കഴിഞ്ഞ ദിവസം ബസ് സ്റ്റാൻടിൽ അരക്ക് താഴെ തളർന്ന ഇഴഞ്ഞ് നടന്ന് ആൾക്കാരോട് ഭിക്ഷ ചോദിക്കുന്ന ഒരു ചെറുപ്പക്കാരനെ കണ്ടപ്പോൾ ഹുസ്സൈൻ  എന്റെ തലയിലേക്ക് കയറിവന്നു. വളരെ വർഷങ്ങൾക്ക് മുമ്പുള്ള സംഭവമായിരുന്നത്. ഓരോ വ്യക്തിയുടെയും ജീവിതത്തിലും ഓരോരോ കഥകൾ കാണും. നമ്മൾ കാണുമ്പോൾ ആ കഥയെന്തെന്ന്  നമുക്ക് മനസ്സിലാവില്ല. പക്ഷേ മനസ്സിനെ ദ്രവിപ്പിക്കുന്ന  കഥയായിരിക്കുമത്. ഹുസ്സൈന്റെ കഥയും അപ്രകാരമൊന്നാണ്. അത് കൊണ്ട് തന്നെ എന്റെ ബ്ളോഗിൽ ഞാൻ പണ്ട് അത് പോസ്റ്റ് ചെയ്തിരുന്നു. എന്റെ ജീവിത അനുഭവങ്ങൾ  അതേ പടി പകർത്തി പ്രസിദ്ധപ്പെടുത്തിയ “ അമ്പഴങ്ങാ പ്രേമവും പിന്നെ കുറേ അനുഭവങ്ങൾ എന്ന പേരിള്ള പുസ്തകത്തിലും ഈ കഥ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ടല്ലോ.  

എന്തായാലും ഹുസ്സൈനെ ഒന്നു കൂടി നിങ്ങൾക്ക് മുമ്പിൽ പറഞ്ഞ് വിടുന്നു.

                                 പിതാവിനെ തേടി.  

രാവിലെ മുതൽ കഠിനമായി ജോലി ചെയ്തതിന്റെ ക്ഷീണം, മടുപ്പു ഇവ അനുഭവപ്പെട്ടപ്പോൾ വീട്ടിൽ പോകാനായി കസേരയിൽ നിന്നും എഴുന്നേറ്റു.
മതി....ഇന്നു ഇത്രയും മതി. ഞാൻ മനസ്സിൽ കരുതി.
നാളെ ബലി പെരുന്നാൾ അവധിയാണു. ഇപ്പോൾ വരുന്ന ട്രെയിനിൽ പോയാൽ വീട്ടിൽ നേരത്തെ എത്താം.

ഉടനെ വരുന്ന ട്രെയിനിൽ പോകാനുള്ള തിരക്കിൽ ഞാൻ ബാഗിൽ പേനയും കണ്ണടയും എടുത്തു വെച്ചു.അപ്പോഴാണു ബെഞ്ചു ക്ലാർക്കു ചേമ്പറിന്റെ വാതിൽക്കൽ പ്രത്യക്ഷപ്പെട്ടതു.
"ഒരു സ്ത്രീ കാണാൻ വന്നിരിക്കുന്നു."
"ആരായാലും ഇന്നു ഇനി വയ്യ, മറ്റന്നാൾ വരാൻ പറയുക" എന്റെ സ്വരത്തിൽ ഈർഷ്യ പ്രകടമായിരുന്നു .
"ജെയിലിലേക്കു പറഞ്ഞയച്ച ഹുസ്സൈന്റെ ഉമ്മയാണു.....കാസർഗോഡ്‌ നിന്നാണു വരുന്നതു.....എന്റെ ഈർഷ്യ കണ്ടു മടിച്ച ബഞ്ചുക്ലാർക്കു പതുക്കെ പറഞ്ഞു.
ഹുസ്സൈന്റെ കേസ്സു എനിക്കു ഓർമ്മ വന്നു. ......
ട്രൈനിലെ ഒരു പോക്കറ്റടി സംഘത്തെ അഞ്ചു ദിവസം മുമ്പു റെയിൽ വേ പ്രോട്ടക്ഷൻ ഫോഴ്സ്സു(ആർ.പി.എഫ്‌.) പിടിച്ചു കൊണ്ടു വന്നിരുന്നു.
ട്രയിനിൽ ആൾക്കാർ കയറും നേരം തിക്കും തിരക്കും ഉണ്ടാക്കി ആ ബഹളത്തിൽ പോക്കറ്റടിക്കുന്നവരും, പെട്ടി മോഷ്ടാക്കളും ആ കൂട്ടത്തിൽ ഉണ്ടായിരുന്നു. സ്ഥിരം കുറ്റവാളികൾ ആണു ഇവർ. റെയിൽ വേ കോടതിയിൽ ഹാജരാക്കിയാൽ ഈ വർഗക്കാർ ഉടനെ കുറ്റം സമ്മതിക്കുമായിരുന്നു.തൊണ്ടി കണ്ടെടുക്കാത്തതിനാലും പോക്കറ്റടി ശ്രമം സംശയിച്ചു മാത്രം കസ്റ്റഡിയിലെടുക്കുന്നതിനാലും മിക്കവാറും പെറ്റി ചാർജുകൾ ചുമത്തിയാണു ഈ മഹാന്മാരെ കൊണ്ടു വന്നിരുന്നതു.
കുറ്റം സമ്മതിച്ചു പിഴ ഒടുക്കി പോകാനുള്ള ത്വര അവരിൽ പ്രകടമായിരുന്നതു ആദ്യ കാലങ്ങളിൽ ഞാൻ നിരീക്ഷിച്ചു. പിഴ ശിക്ഷ വിധിച്ചാൽ പലപ്പോഴും പുറത്തുള്ള കൂട്ടുകാർ ഉടനെ തന്നെ പിഴ ഒടുക്കി അവരെ ഇറക്കി കൊണ്ടു പോകും.അവർ അടുത്ത ട്രൈനിൽ കയറി ഓപറേഷൻ നടത്തി അടച്ച പിഴ ഫൈൻ സഹിതം ജനങ്ങളിൽ നിന്നും ഈടാക്കുകയും ചെയ്യും. ഈ പ്രവണത മനസ്സിലായപ്പോൾ ഈ വക കേസുകളിൽ നിയമത്തിൽ അനുശാസിക്കുന്ന പരമാവധിതടവു ശിക്ഷ നൽകാൻ തുടങ്ങിയതോടെ പല സംഘങ്ങളും ട്രെയിനിലെ മോഷണത്തിൽ നിന്നും പിന്മാറി.
ഇപ്പോൾ പിടിച്ചു കൊണ്ടു വന്നതു അവശേഷിക്കുന്ന ഒരു സംഘത്തെ ആയിരുന്നു.ആ കൂട്ടത്തിൽ കാലു തളർന്ന ഒരു ചെറുപ്പക്കാരനെയും കണ്ടപ്പോൾ വിശദ വിവരങ്ങൾ അറിയാൻ അവന്റെ ചാർജു ഷീറ്റ്‌ നോക്കി.
മുഹമ്മദ്‌ ഹുസ്സൈൻ 20 വയസ്സു.കാസ്സർഗോഡ്‌.
ചെയ്ത കുറ്റം:- അനധികൃതമായി ട്രെയിനിൽ കയറി ഭിക്ഷാടനം, പൊതു ശല്യം തുടങ്ങിയവ. ഈ കുറ്റങ്ങൾക്കു 2000 രൂപ വരെ പിഴയോ 6 മാസ്സം തടവോ അഥവാ പിഴയും തടവും ഒരുമിച്ചോ ശിക്ഷ ലഭിക്കാം.
കൂട്ടത്തിൽ ഹാജരാക്കിയ കേസ്സിലെ ഒന്നാം പ്രതി മൈതീൻ കുട്ടി മുതൽ അഞ്ചാം പ്രതി നാരായണൻ വരെയുള്ളവർ മുൻ കുറ്റവാളികളാണു.ട്രെയിനിൽ അക്രമം കാണിച്ചതിനും മറ്റുമാണു ഇപ്പോൾ പിടിച്ചു കൊണ്ടു വന്നതു.അവർ കുറ്റം സമ്മതിച്ചു.അകത്തു പോയാൽ മട്ടൻ കറി കൂട്ടി ആഹാരം കിട്ടുമെന്നു അവർക്കു അറിയാം.
തടവും പിഴയും ശിക്ഷ അവർക്കു വിധിച്ചതിനു ശേഷം ഹുസ്സൈന്റെ കേസ്സു വിളിച്ചു.
അവൻ മുൻ കുറ്റവാളിയല്ല.വിക ലാംഗനുമാണു.അടുത്തു വരാൻ പറഞ്ഞപ്പോൾ കോർട്ടു ഹാളിലൂടെ ഡയസ്സിനു സമീപത്തേക്കു അവൻ കൈകുത്തി ഇഴഞ്ഞു വന്നു.
എന്നിൽ നിന്നും അവനു അനുകമ്പ ലഭിക്കുമെന്നു ശങ്കിച്ചതു കൊണ്ടാവാം ആർ.പി.എഫ്‌. ഓഫീസ്സർ പ്രോസക്യൂട്ടറുടെ ചെവിയിൽ എന്തോ പിറു പിറുത്തതും പ്രോസക്യൂട്ടർ എഴുന്നേറ്റു നിന്നതും.
" ഈ പ്രതി പോക്കറ്റടിക്കാരുടെ ഇൻഫോർമറാണു സർ;" പോസക്യൂട്ടർ ആരംഭിച്ചു.
"ഇയാൾ റിസർവ്വേഡ്‌ ക്ലാസ്സിൽ അനധികൃതമായി പ്രവേശിച്ചു ആദ്യം കമ്പാർട്ടുമന്റിന്റെ തറയും സീറ്റുകളുടെ അടിഭാഗവും തുണി കൊണ്ടു തുടച്ചു ചവറുകൾ നീക്കം ചെയ്യും.അതിനു ശേഷം ആൾക്കാരോടു കൈ നീട്ടി നിർബന്ധമായി കൂലി എന്ന വ്യാജേന പൈസ്സാ വാങ്ങി സ്ഥലം വിടും.ഇതിനിടയിൽ പെട്ടികൾ, ബാഗുകൾ, മുതലായവ എവിടെയെല്ലം ഇരിക്കുന്നു എന്നും മറ്റും മനസ്സിലാക്കി ട്രെയിനിലെ സ്ഥിരം മോഷ്ടാക്കൾകു അറിവു കൊടുക്കും.അവർ  ഇരയെ ലക്ഷ്യം വെച്ചു അതു അടിച്ചു മാറ്റും. ഇവനാണു പോക്കറ്റടിക്കാരുടെ ഇൻഫോർമർ." പ്രോസക്യൂട്ടർ അവസാനിപ്പിച്ചു.
" ഈ പറഞ്ഞതൊന്നും ചാർജിൽ ഇല്ലല്ലോ"ഞാൻ പറഞ്ഞു.
പ്രോസക്യൂട്ടർ തപ്പി തടഞ്ഞു"....അതു ....യഥാർത്ഥ വസ്തുത അറിയിച്ചെന്നേ ഉള്ളൂ....."
ഞാൻ പ്രതിയോടു തിരക്കി."ടിക്കറ്റു എടുക്കാതെ ട്രെയിനിൽ പ്രവേശിച്ചു ഭിക്ഷാടനം നടത്തുകയും പൊതു ശല്യം ഉണ്ടക്കുകയും ചെയ്തു എന്നു നിങ്ങൾക്കു എതിരെ കേസുണ്ടു.അങ്ങിനെ ഉള്ള കുറ്റം ചെയ്തുവോ?"
" ടിക്കറ്റു എടുത്തില്ല എന്നതു ശരിയാണു...തറ തുടച്ചു വൃത്തിയാക്കി കൈ നീട്ടി ചില്ലറ വാങ്ങിയതും ശരിയാണു....വിശന്നിട്ടാ സാറേ..."
"നിങ്ങൾ ചെയ്തതു നിയമത്തിന്റെ ദൃഷ്ടിയിൽ കുറ്റമാണു.തടവു ശിക്ഷ വരെ ലഭിക്കാം" ഞാൻ പറഞ്ഞു.
അവൻ പെട്ടെന്നു പറഞ്ഞു"വലിയപെരുന്നാൾ വരുന്നു.എനിക്കു ജെയിലിൽ പോകാൻ വയ്യാ, എനിക്കു ഉമ്മായെ കാണാൻ പോകണം...."
അവൻ പറഞ്ഞതു കേട്ടു കോടതിയിൽ ഉണ്ടയിരുന്നവർ ചിരി അമർത്തുന്നതു ഞാൻ കണ്ടു.
പ്രതി കുറ്റം സമ്മതിച്ചതിനാൽ,ട്രെയിനിൽ ടിക്കറ്റു എടുക്കാതെ പ്രവേശിച്ചതിനും ഭിക്ഷാടനത്തിനും മറ്റും മുഹമ്മദ്‌ ഹുസ്സൈനെ ആയിരം രൂപ പിഴ അടക്കാനും പിഴ അടച്ചില്ലെങ്കിൽ ഒരു മാസം തടവിൽ പാർപ്പിക്കാനും വിധിച്ചു.പിഴ ഒടുക്കാത്തതിനാൽ അവനെ ജെയിലിൽ അയക്കേണ്ടി വന്നു.ആർ.പി.എഫ്‌.കാരെ വിളിച്ചു അവന്റെ അടുത്ത ബന്ധുക്കളെ വിവരം അറിയിക്കാൻ ഏർപ്പാടുമാക്കി.
ഇപ്പോൾ ഇതെല്ലാം പെട്ടെന്നു ഓർമ്മയിൽ വന്നതിനാൽ ഞാൻ തിരികെ കസേരയിൽ ഇരുന്നു, ആ സ്ത്രീയെ വരാൻ അനുവദിച്ചു.
45 വയസ്സോളം പ്രായമുള്ള ഒരു പാവപ്പെട്ട സ്ത്രീ തൊഴു കയ്യോടെ ചേമ്പറിൽ കയറി വന്നു. മുഷിഞ്ഞ വേഷം.
"എന്താണു കാര്യം" ഞാൻ തിരകി.
"പോലീസ്സു കാരുടെ കത്തു കിട്ടി, ....ന്റ മോൻ ജേലിൽ ആണെന്നു..." അവർ വിമ്മലോടെ പറഞ്ഞു.
"അതിനു ഞങ്ങൾ ഇനി എന്തു ചെയണമെന്നാണു നിങ്ങൾ പറയുന്നതു...."എനിക്കു പോകാനുള്ള ട്രെയിൻ കടന്നു പോകുമെന്നുള്ള ഈർഷ്യയിൽ ഞാൻ കയർത്തു.
"പുലർച്ചക്കു വീട്ടീ ന്നിറങ്ങീതാ...ഓന്റെ ഇളേതിന്റെ കാതേൽ കിടന്ന ഒരു പൊട്ടു കമ്മലു ഊരി വിറ്റു ഇത്തിരി കാശുണ്ടാക്കി പെഴ ഒടുക്കാൻ കൊണ്ട്വന്നിട്ടിണ്ട്‌...കോടതി സമയം കഴിഞ്ഞെന്നു സാറമ്മാരു പറഞ്ഞീ...നാളെ ഞമ്മടെ പെരുന്നാളാ സാറേ...എബിടെ ആയിരുന്നാലും ഓൻ പെരുന്നളിനു വീട്ടീൽ വരും..ഈ പെരുന്നാളിനു ഓൻ ജേലിൽ കിടക്കുമ്പോ....ഞമ്മളെങ്ങിനെ" അവർ വിമ്മിവിമ്മി കരഞ്ഞു...."അതോർക്കുമ്പോനെഞ്ചു നീറുന്നു....അതാണു സാറിനെ കാണാമ്പന്നതു...പിഴ കൊണ്ടോമ്പന്നിട്ടുണ്ടു...അതു ബാങ്ങി പിഴ ഒടുക്കീന്നു ജേലിലേക്കു കത്തു തരണം....അവർ രണ്ടു കയ്യും കൂപ്പി എന്റെ നേരെ തല കുനിച്ചു.
മനസ്സിന്റെ മൂലയിൽ എവിടെയോ സഹതാപത്തിന്റെ ഉറവ പൊട്ടിയോ?!!!
ട്രെയിൻ പോകുന്നെങ്കിൽ പോകട്ടെ.ഞാൻ ബെഞ്ചു ക്ലാർക്കിനെ നോക്കി."കണക്കു ക്ലോസ്സു ചെയ്തോ"?
"ക്ലോസ്സ്‌ ചെയ്തു സർ"
"ലേറ്റ്‌ രസീതു എന്നെഴുതി പണം സ്വീകരിച്ചു ജെയിലിലേക്കു റിലീസ്‌ ഓർഡർ കൊടുത്തു വിടുക" വേണ്ട നിർദ്ദേശങ്ങൾ കൊടുത്തു കഴിഞ്ഞു ഞാൻ ആ സ്ത്രീയോട് ചോദിച്ചു.
"മകനെ വീട്ടിലിരുത്തിക്കൂടേ, അവന്റെ കാലു തളർന്നതാണല്ലോ"
"ഓന്റെ ബാപ്പാ കൊറച്ചു കാലത്തിനു മുമ്പു പൊറപ്പെട്ടു പോയീ സാറേ....ബാപ്പേം തിരക്കി ട്രെയിനായ ട്രെയിനോക്കെ അവൻ ഇഴഞ്ഞു നടക്ക്വാ....ആ ഉമ്മാ വിതുമ്പി.
ഞാൻ ഒന്നും പറഞ്ഞില്ല.അഥവാ എനിക്കു എന്താണു പറയാനുള്ളതു?!!!
കുറച്ചു സമയത്തിനുള്ളിൽ ആവശ്യമായുള്ള കടലാസ്സുകൾ ഒപ്പിടാനായി കൊണ്ടു വന്നു,ഒപ്പിട്ടു കൊടുത്തു;ആ സ്ത്രീ കോടതിയിലെ ശിപായിയോടൊപ്പം കത്തുമായി ജെയിലിലേക്കു പാഞ്ഞു പോയി.
എന്റെ ട്രെയിൻ കടന്നു പോയിരുന്നു.
പെരുന്നാൾ തലേ ദിവസമായ അന്നു ഏറെ വൈകിയാണു ഞാൻ വീട്ടിലെത്തിയതു.വീടിനു മുൻ വശം മുഖം വീർപ്പിച്ചിരിക്കുന്ന ഭാര്യയേയോ കുഞ്ഞു മക്കളേയേയോ ശ്രദ്ധിക്കാതെ അകത്തേക്കു കടന്നപ്പോൾ ആ ഉമ്മായും പിതാവിനെ അന്വേഷിക്കുന്ന മകനുമായുമായിരുന്നു മനസ്സിൽ.
വർഷങ്ങൾക്കു ശേഷം കഴിഞ്ഞ ബലി പെരുന്നാൾ ദിവസം ഞാൻ ഹുസ്സൈനെ വീണ്ടും ഓർമ്മിച്ചു.
അവൻ ഇപ്പോഴും ട്രെയിനിൽ ചവറുകള്‍ തുടച്ചു മാറ്റിയും കമ്പാർട്ടുമന്റിൽ ഇരിക്കുന്ന ഓരോ മുഖത്തും അവന്റെ ബാപ്പായെ തിരക്കിയും ഇഴഞ്ഞു നടക്കുകയായിരിക്കുമോ?!!!!
എനിക്കറിയില്ല. ഹുസ്സൈൻ ഇപ്പോഴും ഈ ഭൂമിയിൽ ജീവിച്ചിരിക്കുന്നോ? അതുമറിയില്ല. എന്നാലും ഈ കുറിപ്പുകൾ നിനക്ക് വേണ്ടിയുള്ളതാണ്.

(ഇതിലെ പേരുകള്‍ സാങ്കല്‍പ്പികമാണ് )

Wednesday, July 17, 2024

സിനിമാ ഗർവ്

 ആസിഫ് അലി vers  രമേശ് നാരായണൻ

ആവർത്തന വിരസമായ ഈ വിഷയത്തിൽ ഇനി ഒന്നും പ്രതികരിക്കാനില്ല. പക്ഷേ  ഇപ്പോൾ പുതുതായി എന്തോ സംഭവിച്ചത് പോലെയാണ് ആൾക്കാർ പ്രതികരിക്കുന്നത്. മൂത്ത് പോയാൽ ഏത് കലാകാരനും  പുറത്തെടുക്കുന്ന  ഒന്നാണീ ഗർവ്   ഈ സത്യം നാല് ചുറ്റും നോക്കിയാൽ നമുക്ക് ബോദ്ധ്യപ്പെടാവുന്നതേയുള്ളൂ. വലിയ കലാകാരന്മാരിൽ  ഈ അസുഖം കുറവുള്ളവർ ചുരുക്കമാണ്.

മഹാ നടൻ ജയന്റെ അപകടമരണത്തെ തുടർന്ന്  ക്ളച്ച് പിടിച്ച സിനിമാ  “ കോളിളക്കം“      അൻപതാം ദിവസം ആഘോഷത്തിൽകൊട്ടാരക്കരയിലെ സിനിമാ തീയേറ്ററിൽ  മുഖ്യാതിഥിയായി നടൻ മധുവും   അതിൽ അഭിനയിച്ച മറ്റ് നടന്മാരായ  , കുഞ്ചൻ ,സിലോൺ മനോഹർ തുടങ്ങിയവർ പങ്കെടുത്തിരുന്നു. അതുവരെ ഈയുള്ളവൻ ധരിച്ച് വെച്ചിരുന്നത്  സിനിമയിൽ കാണുന്നത് പോലെ അഭിനേതാക്കൾ വ്യക്തി ജീവിതത്തിലും ഇടപെട്ട് ജീവിക്കുമെന്നായിരുന്നു.  പക്ഷേ ഉയർന്ന നടന്മാരും ഇതര അഭിനേതാക്കളും  തമ്മിലുള്ള ഇടപെടൽ കണ്ട ഞാൻ  അന്ന് അന്തം വിട്ട് പോയി. കുഞ്ചനും മനോഹറും മധുവിന്റെ  മുമ്പിൽ കസേരയിൽ ഇരുന്നത് പോലുമില്ല.  അവസാനം മധു നിർബന്ധിച്ചപ്പോഴാണ് അവർ ഇരുന്നത്. തിരികെ പോരാൻ നേരം മധുവിന്റെ കാറിൽ അദ്ദേഹം മാത്രമുണ്ടായിട്ടും അതേ റൂട്ടിൽ  പോകേണ്ടിയിരുന്ന  അവർ മറ്റൊരു കാറിലാണ് പോയത്.

മലയാളത്തിലെ ഇപ്പോഴത്തെ മെഗാ സ്റ്റാർ കടന്ന് വരുമ്പോൾ  ഇരിക്കുന്നവർ എഴുന്നേറ്റ് നിന്നില്ലെങ്കിൽ  അദ്ദേഹത്തിന് അതിയായ കോപം വരുമത്രേ. മറ്റൊരു മെഗാ സ്റ്റാറിനെ  എയർ പോർട്ടിൽ വെച്ച് കണ്ടപ്പോൾ ആവേശം മൂത്ത ആരാധകൻ കയ്യിൽ ഒന്ന് തൊട്ടപ്പോൽ മെഗാ സ്റ്റാർ ആരാധകനെ കൈ വീശി ഒന്ന് കൊടുത്തത് പരസ്യമായ വസ്തുതയാണ്. എന്തിനേറെ മലയാളത്തിലെ ഗാന ഗന്ധർവന്റെ അടുത്ത് നിന്നിരുന്ന ഒരു ആരാധകൻ അദ്ദേഹത്തിന്റെ അനുവാദമില്ലാതെ സെൽഫി എടുത്തതിൽ രോഷം പൂണ്ട ഗന്ധർവൻ ആരാധകന്റെ മൊബൈൽ  ബലമായി വാങ്ങി അതിലെ ദൃശ്യം ഡിലറ്റ് ചെയ്തത് നാം  കണ്ടതാണല്ലോ.

സിനിമയിൽ മാത്രമല്ല സാഹിത്യ രംഗത്തുമുണ്ട് ഈ തരം ഉച്ച നീചത്വം. മലയാളത്തിലെ കുലപതിയെ കൊണ്ട് അവതാരിക എഴുതിപ്പിക്കാൻ ചെന്ന ചിന്ന സാഹിത്യകാരനെ  കുലപതി ഭയങ്കര കോപത്തോടെ ആട്ടി പായിച്ചത്  ഏതോ ഒരു ബ്ളോഗ് മീറ്റിൽ വെച്ച് എന്റെ ഒരു സ്നേഹിതൻ പറഞ്ഞത് ഓർത്ത് പോകുന്നു. കുലപതി സുഖമില്ലാതെ കിടകുകയായിരുന്നു എന്നത് എന്ത് കൊണ്ട് മനസ്സിലാക്കിയില്ല എന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം,.

എല്ലാ രംഗത്തും ഉണ്ട് ഈ സൂപ്പർ ഈഗോ.  താഴ്ന്ന നിലയിൽ നിന്നും “മൂത്താശാരി “ ആയി കഴിയുമ്പോൾ ഉണ്ടാകുന്ന ഹുങ്ക്. അപ്പോൾ അതേ  ഫീൽഡിലുള്ളവരോടൂം ആരാധകരോടം ഈ ഗർവ് കാണിക്കും. ഒപ്പത്തിനൊപ്പം ഉള്ളവരെ മാത്രം പരിഗണിക്കും. അല്ലാത്തവരോട് അയിത്തവും.  ഇത് സർവ സാധാരണമായ പതിവാണ്. പുതുതായിട്ടുള്ളതൊന്നുമല്ല.

അത് കൊണ്ടാണ് ഒപ്പത്തിനൊപ്പം എന്ന്  രമേശ് ജി  കരുതുന്ന ജയരാജനെ വിളിച്ചതും ആസിഫ് അലിയോട് ഗൊ റ്റു ദി ക്ളാസെന്ന് പറയാതെ പറഞ്ഞതും.

Tuesday, July 16, 2024

മതിലുകൾ...മതിലുകൾ

 മതിലുകൾ...മതിലുകൾ.

മലയാള നാട്ടിൽ അങ്ങോളമിങ്ങോളം മതിലുകളാണ്. മൂന്ന് സെന്റ് സ്ഥലം മാത്രമാണെങ്കിലും അതിൽ വീട് നിർമ്മാണം ആരംഭിക്കുന്നതിന് മുമ്പ് തന്നെ ചുറ്റ് മതിൽ തീർന്നിരിക്കും.മനസ്സ് ഇടുങ്ങുന്നതിനോടൊപ്പം തന്നെ  സ്വാർത്ഥത കൂടിക്കൊണ്ടിരിക്കുന്നു. നമ്മുടെ സുരക്ഷ ആണ് പ്രധാനമെന്നും അത് കൊണ്ട് തന്നെ മതിലുകൾ അത്യന്താപേക്ഷിതമാണ് എന്നൊക്കെ ന്യായീകരണം  ഉയർത്തുന്നുണ്ട്. കുറച്ച് വർഷങ്ങൾക്ക് മുമ്പ് ഇന്ന് കാണുന്ന പോലെയുള്ള മതിലുകൾ ഇല്ലാതിരുന്ന കാലത്ത് മനുഷ്യന് സുരക്ഷ ഇല്ലായിരുന്നോ എന്ന ചോദ്യമാണ് അതിന് മറുപടി.. എന്റേത്....എന്റേത്....എന്ന ചിന്ത ഉടലെടുത്ത നാൾ മുതൽ മതിലിന്റെ ചരിത്രം ആരംഭിക്കുന്നു.

പണ്ട്നിരത്തിനരികിലും പണക്കാർക്കുമായിരുന്നു മതിലുകൾ കണ്ട് വന്നിരുന്നത്. സാധാരണക്കാർ പത്തലുകളും മുളവാരിയും കൊണ്ടും മറ്റും വേലികൾ ഉണ്ടാക്കിയിരുന്നു. മണൽ പ്രദേശങ്ങളല്ലാത്തിടത്ത് മൺ കയ്യാലകളും കാണപ്പെട്ടു. പക്ഷേ അതൊന്നും അയല്പക്കക്കാർക്ക് കയറി വരാനുള്ള തടസ്സം സൃഷ്ടിച്ചിരുന്നില്ലല്ലോ. അവർ വേലിക്കരികിൽ നിന്നും കയ്യാലക്കപ്പുറവും ഇപ്പുറവും നിന്നും ഞായം പറഞ്ഞു,നാട്ടിലെ വിശേഷങ്ങൾ പങ്ക് വെച്ചു.

  പക്ഷേ മതിലുകളും അതിൽ ഉറപ്പിച്ചിരിക്കുന്ന ഗേറ്റുകളും അയൽ വാസിക്ക് സുഗമമായി കടന്ന് കയറുന്നതിന് മനസ്സിൽ മടി ഉളവാക്കിയെന്നത് തികച്ചും സത്യമായിരുന്നു. അങ്ങിനെ മതിൽ ജ്വരം നാടിലാകെ പടർന്ന് പിടിച്ചു നാട്ടിലാകെ മതിലുകളായി.മനുഷ്യന്റെ മനസ്സും ഇടുങ്ങി പോയി.

എന്റെ ബാല്യത്തിൽ ആലപ്പുഴ വട്ടപ്പള്ളിയിൽ മതിലുകൾ അപൂർവമായിരുന്നു. പണക്കാരിലും നിരത്തിനരികിലും മാത്രം മതിലുകൾ. ബാക്കി ഇടങ്ങളിലെല്ലാം വേലികൾ ഉണ്ടായപ്പോൾ ചില ഇടങ്ങളിൽ അതുമില്ലാതായിരുന്നു. ഒരു തടസ്സവുമില്ലാതെ ആളുകൾ നിർബാധം പറമ്പുകളിലൂടെ കടന്ന് സഞ്ചരിച്ചിരുന്നു. . അന്ന് ഞങ്ങൾ വെളുക്കുമ്പോൾ കുളിക്കാൻ പോകുമ്പോൾ വേലിക്കൽ നിന്നവരൊട് കിന്നാരം പറഞ്ഞു. വേലിപ്പഴുതിലൂടെ  ഒളിച്ചും പാത്തും സംസാരിച്ചു. അത്യാവശ്യം ശ്രദ്ധ ആകർഷിക്കാൻ ചെറു കല്ലുകൾ വേലിക്ക് മുകളിലൂടെ എറിയുകയും ചെയ്തു. അങ്ങിനെ ഒരു കല്ല് എന്റെ കളിക്കൂട്ടുകാരി എറിഞ്ഞത് എന്റെ ഉമ്മയുടെ ശരീരത്ത് വീഴുകയും  “ഏത് പന്നി ബലാലാണ് കല്ലെറിയുന്നത് എന്ന് ഉമ്മാ ചോദിച്ച സംഭവങ്ങളും ഞങ്ങളുടെ ബാല്യ കാലത്ത് ഉണ്ടായിട്ടുണ്ട്.

മതിലുകൾ ഇല്ലാത്ത ആ കാലത്ത് രാത്രിയിൽ നിലാവ് പരന്നൊഴുകുമ്പോൾ അയൽ പക്കക്കാർ ഉറക്കം വരുന്നത് വരെ മുറ്റത്ത് വട്ടം കൂടി ഇരുന്ന് നാട്ട് വിശേഷങ്ങൾ പറയുമായിരുന്നു. നാട്ടിലെ എല്ലാ അത്യാഹിതങ്ങളും പരിഹാരങ്ങളും അവിടെ ചർച്ച ചെയ്യപ്പെടും. സ്വന്തം ആവലാതികളും ബുദ്ധിമുട്ടും ദാരിദ്യവും പർസ്പരം പങ്ക് വെച്ചിരുന്നു. അത് പരസ്പരം പറയാൻ മടിയുമില്ലായിരുന്നു എന്നത് മാത്രമല്ല ആ പരസ്പരം പങ്ക് വെക്കൽ മനസ്സിന് ആശ്വാസവുമായിരുന്നു അപ്രകാരമുള്ള ചർച്ചകളിലൂടെ ഇരുന്നാഴി അരിയും അൽപ്പം വെളിച്ചെണ്ണയും  രണ്ട് മുളകും കൊടുക്കാനുള്ള  സന്നദ്ധതയും ഉണ്ടാകുമായിരുന്നു.

കാലം കടന്ന് പോയപ്പോൾ മനസ്സ് ഇടുങ്ങി വന്നു.മനുഷ്യർ സ്വന്തത്തിൽ മാത്രം ഒതുങ്ങുകയും അപരന്റെ ദുഖത്തിൽ ഇടപെടാതിരിക്കുകയും ചെയ്തു. നാണക്കേട് തോന്നൽ അധികരിച്ച് വന്നതിനാൽ ദുഖം പങ്ക് വെക്കലും അവസാനിച്ചു. വെളുക്കുമ്പോൾ കുളിയുമില്ല വേലി ഇല്ലാത്തതിനാൽ  വേലിക്കൽ നിൽപ്പും ഇല്ലാതായി. കിളിച്ചുണ്ടൻ മാങ്ങ പരസ്യമായി കടിക്കൽ നാണക്കേടുമായി. അവരവരുടെ മനസ്സിൽ എല്ലാവരും ഒതുങ്ങി കൂടിയപ്പോൾ മതിലുകൾ അധികരിക്കുകയും ചെയ്തു.

അങ്ങോളമിങ്ങോളം മതിലുകളും മതിലുകൾക്കുള്ളിലെ  റോബോട്ടുകളുമായി മാറി നമ്മൾ.

Friday, July 5, 2024

30 വർഷം.......


അദ്ദേഹം കടന്ന് പോയിട്ട് 30 വഷങ്ങളായി.

എന്റെ ആരുമല്ല എന്നാൽ ചെറുപ്പം മുതലേ  എന്റെ എല്ലാമായിരുന്നു. 

ഒരിക്കലും പ്രതീക്ഷിച്ചില്ല ഞാനെഴുതുന്ന കത്തുകൾക്ക് മറുപടി അയക്കുമെന്ന്. എന്നെ അതിശയിപ്പിച്ച് കൊണ്ട് അദ്ദേഹത്തിന്റെ മറുപടി ലഭിച്ചു. ഒരിക്കലല്ല പലപ്പോഴും. പല കാര്യങ്ങളെ കുറിച്ചും  ഞങ്ങൾ തമ്മിൽ  കത്തിലൂടെ  സവാദം നടന്നു. എല്ലാ കത്തിന്റെയും  അവസാനം  ബേപ്പൂരിലേക്കുള്ള ക്ഷണം ഉണ്ടായിരുന്നു. അവസാനം  ബേപ്പൂരിലേക്ക് പോകാനും അദ്ദേഹത്തെ കാണാനും  സാഹസം കാട്ടി. ആളെ കണ്ടു അൽപ്പം സംസാരിച്ചു എന്റെ ഡയറിയിൽ അന്നത്തെ ദിവസത്തിൽ കയ്യൊപ്പും വാങ്ങി. ആൾ വല്ലാത്ത രോഗ പീഡയിലായിരുന്നുവല്ലോ.

 അപ്പോൽ അവിടെ വന്ന മര്യാദ തൊട്ട് തേച്ചിട്ടില്ലാത്ത ഒരുവന്റെ കർശനമായ പെരുമാറ്റത്താൽ പെട്ടെന്ന് തന്നെ അവിടം വിട്ടിറങ്ങി. ആ മര്യാദ കേടിൽ അദ്ദേഹം നിസ്സഹായനായി തലയും കുമ്പിട്ടിരുന്നത് മറക്കാൻ കഴിയുന്നില്ല. അത് മറ്റൊരു കഥ അത് പലരോടും പറഞ്ഞിട്ടുണ്ട്‘ എഴുതി പ്രസിദ്ധീകരിച്ചിട്ടുമുണ്ട്.....

ഈ ദിവസം...... ആ ഇമ്മിണി വലിയ ഒന്ന് പോയ ദിവസം ...30 വർഷം കഴിഞ്ഞിരിക്കുന്നു.

ഷരീഫ് കൊട്ടാരക്കര.