Saturday, December 25, 2021

മാർക്ക കല്യാണവും പാവ കല്യാണവും

 പതിവായി കണ്ട് കൊണ്ടിരുന്ന സ്നേഹിതനെ നാലഞ്ച് ദിവസങ്ങളായി കാണാതിരുന്നതിന്  ശേഷം അയാളെ വീണ്ടും കണ്ടപ്പോൾ  അയാൾ എവിടെയായിരുന്നു എന്നന്വേഷിച്ചു. മകനെ  ആശുപത്രിയിൽ കൊണ്ട് പോയി സുന്നത്ത് ചടങ്ങ് നടത്താനും പിന്നെ നാലഞ്ച് ദിവസങ്ങൾ അവനെ പരിചരിക്കാനും വീട്ടിൽ തന്നെ കഴിഞ്ഞു അതാണ് തമ്മിൽ കാണാതിരുന്നതെന്ന് അയാൾ എന്നോട് പറഞ്ഞു .

“ ചടങ്ങിന് ഞങ്ങളെ വിളിച്ച്  ബിരിയാണി തരാതിരുന്നതെന്തേ “ എന്ന് ഞാൻ തമാശക്കായി ചോദിച്ചപ്പോൾ “ഓ! ഇപ്പോൾ ആ പരിപാടിയൊന്നുമില്ലല്ലോ ആശുപത്രിയിൽ കൊണ്ട് പോയി കാര്യം നടത്തും വീട്ടിൽ കൊണ്ട് വന്ന് പരിചരിക്കും അല്ലാതുള്ള ബഹളമെല്ലാം എന്നേ നാട്ടിൽ പതിവല്ലാതായി തീർന്നിരിക്കുന്നു എന്നയാൾ മറുപടി പറഞ്ഞു.

ശരിയാണ്. ആ കാലമെല്ലാം പോയി കഴിഞ്ഞിരിക്കുന്നു. പണ്ട് അതൊരു കല്യാണം തന്നെ യായിരുന്നു. മാർക്ക കല്യാണം !.ബന്ധുക്കളെയെല്ലാം ക്ഷണിച്ച് ആഘോഷമായി  നടത്തുമായിരുന്നു. 

ഞാൻ ജനിച്ച് വളർന്ന ആലപ്പുഴ വട്ടപ്പള്ളിയിൽ പണ്ട് എല്ലാത്തരം ആർഭാടങ്ങളോടെ മാർക്ക കല്യാണം നടത്തിയിരുന്നത് ഓർമ്മയിൽ വരുന്നു. ബന്ധുക്കളെയെല്ലാം സമയമെടുത്ത് ക്ഷണിച്ച് അന്ന് വീട്ടിൽ വരുത്തുമായിരുന്നു. ഉറ്റ ബന്ധുക്കൾ തലേന്ന് തന്നെ വീട്ടിലെത്തും.വൈദ്യുതി സാധാരണമല്ലാതിരുന്ന ആ കാലത്ത് കല്യാണ വീട്ടിൽ ഗ്യാസ് ലൈറ്റ് എന്ന പെട്രോമാക്സ് വിളക്കുകൾ നാല് ചുറ്റും പ്രകാശിച്ച് നിൽക്കും. കൂടാതെ വൈദ്യുതി കണക്ഷൻ അടുത്തെവിടെയെങ്കിലും വീടുകളിൽ ഉണ്ടെങ്കിൽ അവിടെ നിന്നും നീളമുള്ള വയറുകളിലൂടെ കല്യാണ വീട്ടിൽ കറന്റ് എത്തിക്കുമായിരുന്നു. എന്നിട്ട്  “തെങ്ങുമ്മേൽ കെട്ടിയും ബടി ബിളക്കും“  ( ലൗഡ് സ്പീക്കറും  ട്യൂബ് ലൈറ്റും) പവർത്തിപ്പിക്കും. ഈണമാർന്ന സിനിമാ ഗാനങ്ങൾ മൈക്കിലൂടെ ഉച്ചത്തിൽ കേൾക്കുമ്പോൾ ആൾക്കാർ ചോദിക്കും “ അതാരുടെ വീട്ടിൽ?

“നമ്മുടെ ..ഇന്നയാളുടെ മക്കളുടെ ചുണ്ണി ചെത്തലാ നാളെ...അതിന്റെ പാട്ടാ കേൾക്കണേ....“

“ഹായ്! എന്നിട്ട് അയാളെന്നെ ബിളിച്ചില്ലല്ലോ മൂപ്പരേ! “ അങ്ങിനെ പോകും സംഭാഷണങ്ങൾ  

കൊതിപ്പിക്കുന്ന ബിരിയാണി മണം അന്തരീക്ഷത്തിൽ പരക്കുമ്പോൾ ഉച്ച നേരമാകും.  അതെല്ലാം കഴിച്ച് കഴിഞ്ഞാണ് മാർക്ക ചടങ്ങ്. ഒന്നിലധികം കുട്ടികളുണ്ടെങ്കിൽ ഓരോരുത്തരെയായി പിടിച്ചോണ്ട് വരും..ചിലരെല്ലാം എവിടെയെങ്കിലും ഒളിഞ്ഞിരിക്കുമായിരുന്നു. ഒസ്സാനാണ് ( ക്ഷുരകൻ) കാര്യം നടത്തുന്നത്. മറ്റൊരാൾ ഉരലിലോ കയ്യില്ലാത്ത കസേരയിലോ മറ്റോ ഇരുന്ന് കുട്ടിയെ  മടിയിലിരുത്തി അനങ്ങാത്ത വിധത്തിൽ പൂട്ടിട്ട് പിടിക്കും. ആ പൂട്ടിടാൻ വിദഗ്ദന്മാർ ധാരാളം ഉണ്ടായിരുന്നു. ആ പൂട്ടിടൽ നടത്തുമ്പോൾ കുനിഞ്ഞ് നോക്കി ഒസ്സാൻ ചെയ്യുന്ന കൃത്യം കാണാൻ സാധിക്കില്ല. ആ സമയം മുസലിയാരും കൂട്ടരും മൈക്കിലൂടെ ഉച്ചത്തിൽ മൗലൂദ് പാരായണം ചെയ്യുകയും ബൈത്തുകൾ ആലപിക്കുകയും ചെയ്യുമായിരുന്നു. മൈക്കിലൂടെ ചിലപ്പോൾ കുട്ടിയുടെ നിലവിളിയും കേൾക്കാം. “ഹള്ളോ!...ഹെന്റുമ്മായോ എന്നെ ബിടോ...എട ഒസ്സാനേ  പന്നി സുവ്വറേ....മൊട്ട ത്തലയാ...എന്നെ ബിടെടാ  ഹമുക്കേ!...“ എന്നൊക്കെ കേൾക്കാം. ഒന്നായാലും ഒന്നിലധികം കുട്ടികൾ ഉണ്ടായാലും പരിപാടി അവസാനിപ്പിക്കുമ്പോൾ പാരായണവും ആലാപനവും തീർന്നിരിക്കും. പുറത്ത് സാന്നിദ്ധ്യമുള്ളവർ പതുക്കെ പറയും. “ സംഗതി കഴിഞ്ഞു...“

 പക്ഷേ അപ്പോഴുള്ള താൽകാലിക പ്രയാസമേ ഉള്ളൂ..പിന്നീടുള്ള 14 ദിവസം സുഭിക്ഷമാണ്. മുട്ടയും ഇറച്ചിയും നെയ്ച്ചോറും  പാലാടയും, ഇഷ്ട വിഭവങ്ങൾ എല്ലാം കഴിച്ച് 14 ദിവസം തള്ളി നീക്കി  ആന മോഡലിലാണ്ട് കുട്ടി  പുയ്യാപ്ളമാർ  പുറത്ത് വരുന്നത്.

കാലം കടന്ന് പോയപ്പോൾ സുന്നത്ത് ആശുപത്രിയിൽ ഡോക്ടറന്മാർ ചെയ്തു തുടങ്ങി. 14 ദിവസം മണിയറയിൽ കിടന്നിടത്ത് ഇന്ന് കഷ്ടിച്ച് മൂന്ന് നാല് ദിവസം കൊണ്ട് മുറിവുണങ്ങും, തെങ്ങുമ്മേ കെട്ടിയുമില്ല ബടി ബിളക്കുമില്ല, ഒസ്സാനെ തെറി വിളിയുമില്ല, കല്യാണവുമില്ല, അയല്പക്കത്തുള്ളവർ പോലുമറിയാതെ കാര്യം നടക്കുന്നു.

  വീടുകളിൽ ബന്ധുക്കളും ഉറ്റവരും ഒത്ത് കൂടിയിരുന്ന് വെടി പറഞ്ഞിരുന്ന  തെരണ്ട് കല്യാണവും പാവക്കല്യാണവും   സുന്നത്ത് കല്യാണവും പോലുള്ള പല ആഘോഷങ്ങളും    പഴമയുടെ താ‍ളിൽ മറഞ്ഞ് പോയിരിക്കുന്നു

ഞാനും എന്റെ ഭാര്യയും ഒന്നോ രണ്ട് കുഞ്ഞുങ്ങളും ഞങ്ങളുടെ മൊബൈലും ആയി വീടിനകത്ത് കഴിയുന്നതാണല്ലോ ഇന്നത്തെ ആഘോഷം.

No comments:

Post a Comment