വർഷങ്ങൾക്കപ്പുറത്ത് ഒരു വിവാഹ ചടങ്ങ് നടക്കുന്ന വേദിയാണ് രംഗം.
വേദിയിൽ വരനും അടുത്ത ബന്ധുക്കളും പെൺകുട്ടിയുടെ പിതാവും ചടങ്ങ് നടത്തിക്കൊടുക്കുന്ന ഇരു ഭാഗത്തെയും ഉസ്താദന്മാരും ഇരിപ്പുണ്ട്. അപ്പോഴാണ്` എന്റെ സ്നേഹിതനും സഹോദര സമുദായത്തിൽ പെട്ട ആളുമായ ഫോട്ടോ ഗ്രാഫർ വീഡിയോ എടുക്കാൻ വേദിയിലേക്ക് കയറിയത്. അയാളുടെ ജോലി ആരംഭിച്ചപ്പോൾ വരന്റെ ഭാഗം ഉസ്താദ് ശബ്ദം ഉയർത്തി പറഞ്ഞു,
“വീഡിയോ എടുക്കരുത്...“ ഫോട്ടോഗ്രാഫർ എന്നെ ജാള്യതയോടെ നോക്കി.ഞാൻ ആ ഉസ്താദിനെ സമീപിച്ച് ഭവ്യതയോടെ പതുക്കെ പറഞ്ഞു. “അയാളുടെ വയറ്റിപ്പിഴപ്പാണ് വീഡിയോ എടുക്കാൻ അനുവദിച്ചൂടെ....“
ഉസ്താദ് ഒന്നു കൂടി ചൂടായി എടുക്കരുതെന്ന് പറഞ്ഞാൽ എടുക്കരുത്....അത് ഹറാമാണ്`.ഹറാമിന് വേണ്ടി എന്നെ ശുപാർശ ചെയ്യരുത്.“
അത്രയും ആൾക്കാരുടെ മുമ്പിൽ വെച്ച് അയാൾ എന്റെ നേരെ തട്ടിക്കയറി.എന്നിൽ അരിശം പതഞ്ഞ് പൊന്തി
“ഹജ്ജിന് പോകാൻ പാസ്പോർട്ട് എടുക്കാൻ ഫോട്ടോ എടുക്കില്ലേ....അത് ചെയ്യാമെങ്കിൽ പിന്നെ ഇതിനെന്താ കുഴപ്പം“ ഞാൻ അൽപ്പം ചൂടായി തന്നെ ചോദിച്ചു.
ഉസ്താദ് ചാടി എഴുന്നേറ്റ് പെൺകുട്ടിയുടെ പിതാവിന് നെരെ ആക്രോശിച്ചു, “ഈ നിക്കാഹ് നടക്കണമെന്ന് ആഗ്രഹമുണ്ടോ എങ്കിൽ വീഡിയോ എടുക്കരുത്. “ ആ പിതാവ് എന്നോട് പറഞ്ഞു, “എന്റെ കുട്ടിയുടെ കല്യാണം മുടക്കരുതേ...“
ഞാൻ പെട്ടെന്ന് നിശ്ശബ്ദനായി. ഫോട്ടോഗ്രാഫറും രംഗത്തിന്റെ ഗൗരവം മനസിലാക്കി അവിടെ നിന്ന് പിൻ വാങ്ങി. ഇത് എത്രയോ വർഷങ്ങൾക്ക് മുമ്പ് നടന്ന സംഭവമായിരുന്നു. അന്ന് അങ്ങിനെയായിരുന്നു. ക്യാമറാ കണ്ടാൽ ചുവപ്പ് കണ്ട കാളയെ പോലെ ഈ പുരോഹിത വർഗം കുതറി ഓടുന്ന കാലം. പുരോഹിതൻ എന്ന് പറഞ്ഞാൽ അവർ പ്രതിഷേധിക്കും ഞങ്ങൾ പുരോഹിതരല്ല, പണ്ഡിതന്മാരാണ്. പക്ഷേ കയ്യിലിരിപ്പ് മുഴുവൻ പുരോഹിതന്മാരുടെ ഭാവവും പ്രകൃതവുമാണ്. ഏതോ ഒരു പ്രത്യേക വർഗം പോലെ. എന്നാൽ പ്രവാചകൻ പുരോഹിതന്മാരെ പോലെ അരമനയിൽ കഴിയുകല്ലായിരുന്നു. അദ്ദേഹം ജനങ്ങളുമായി അവരുടെ എല്ലാ പ്രശ്നങ്ങളിലും ഇടപെട്ട് ജീവിച്ചു. മുട്ടിന് മുട്ടിന് പ്രവാചകനെ അനുകരിക്കുന്നു എന്ന് വിളിച്ച് കൂവുന്ന ഈ വർഗം പ്രവാചകൻ ചെയ്തത് പോലെ ഭാരം ചുമന്ന് അവശയായ ഏതെങ്കിലും വൃദ്ധയുടെ വിറക് കെട്ട് ചുമക്കുകയോ ഏത് പ്രശ്നത്തിലും സഹിഷ്ണതയോടെ പെരുമാറുകയോ ചെയ്യില്ല.
ഇപ്പോൾ ഇവിടെ ഈ കാര്യം എടുത്തുദ്ധരിച്ചത് ഒരു ഉസ്താദ് ബിരിയാണിയിൽ മന്ത്രിച്ചൂതിയെന്നോ അത് വീഡിയോ എടുത്ത് പ്രസിദ്ധപ്പെടുത്തിയെന്നോ ഒക്കെ പുകിലുകൾ കേട്ടത് കൊണ്ടാണ്. ഊതിയതിരിക്കട്ടെ അതെന്തിന് വീഡിയോ എടുത്ത് പരസ്യം ചെയ്തു.വീഡിയോ ഹറാമായ ഈ ഉസ്താദുമാർക്ക് എന്നാണത് ഹലാൽ ആയത്? സംശയാസ്പദമായ പലതും ഈ പ്രശ്നത്തിന് പുറകിലുണ്ട്..ഇത് കഴിഞ്ഞ ഉടനെയാണ് ഹലാൽ ബോർഡ് വിഷയം രംഗം കൊഴുപ്പിച്ചത്. കഥ എങ്ങിനെ മാറിയെന്ന് നോക്കുക, ഹലാൽ എന്നാൽ മന്ത്രിച്ചൂതുക എന്നോ തുപ്പുകയോ എന്നാക്കി മാറ്റാൻ ഈ നവ മാധ്യമ കാലത്ത് വളരെ എളുപ്പമാണല്ലോ. ഇത് രണ്ടും തമ്മിൽ കടലും കടലാടിയും തമ്മിലുള്ള വ്യത്യാസം ഉണ്ടെന്ന് സാദാ മനുഷ്യർ മനസിലാക്കിയില്ല. പക്ഷേ ഇത് രണ്ടും കൂടി ഒന്നിച്ചാക്കി, പഴക്കച്ചവടക്കാരനും ചെരിപ്പ് കച്ചവടക്കാരനും ഒന്നിച്ച് അവരുടെ വിൽപ്പന ചരക്കിന്റെ വിളിച്ച് പറയലിലൂടെ പഴഞ്ചെരിപ്പ് ആക്കിയത് പോലെ ഹലാൽ എന്നാൽ ഊത്ത്/ തുപ്പൽ എന്നാക്കി മാറ്റാൻ തല്പര കക്ഷികൾക്ക് സാധിച്ചു. ഇത് പരസ്പരം ഗൂഡാലോചന നടത്തി പുറത്തിറക്കിയ ഒരു തന്ത്രമല്ലേ എന്ന് സംശയിക്കെണ്ടിയിരിക്കുന്നു.
ഹലാൽ ഹോട്ടലുകൾ പണ്ട് മുതലേ ഈ ഭൂമി മലയാളത്തിലുണ്ട്. അത് ബ്രാഹ്മണകർകൾ ശാപ്പിടും സ്ഥലമെന്നോ പോറ്റി ഹോട്ടലെന്നോ നായർ വിലാസം ഹോട്ടലെന്നോ വെജിറ്റേറിയൻ ഹോട്ടലെന്നോ ബോർഡ് തൂക്കാതെ തന്നെ ജനകീയമായി തന്നെ നാട്ടിൽ നിലവിലുണ്ട്. ആവശ്യമുള്ളവർ ഹോട്ടലുകാരന്റെ ജാതി നോക്കാതെ അവിടെ കയറി ആഹാരം കഴിച്ചു. . ഇസ്ലാം മത വിശ്വാസികൾ നടത്തുന്ന ഹോട്ടലിൽ ബോർഡ് തൂക്കാതെ തന്നെ ഹലാൽ ഭക്ഷണമേ കിട്ടൂ എന്നത് പരസ്യമായ വസ്തുത തന്നെയാണ് അതായത് പന്നിയിറച്ചി കിട്ടില്ല, അറുത്ത് ചോര കളഞ്ഞ മാംസമേ ഉപയോഗിക്കൂ ഇങ്ങിനെ ചില നിബന്ധനകളോട് കൂടി ഹോട്ടൽ നടത്തുന്നു.. വലിയ വ്യാപാരം നടത്തുന്നവർ മുതൽ ചെറിയ മക്കാനി നടത്തുന്നവർ വരെ ഹലാൽ ഭക്ഷണം കച്ചവടം ചെയ്യുന്നവരാണ്. അവിടെ ഒന്നും ഊതലുമില്ല തുപ്പലുമില്ല. “ കോയിക്കോട്ടങ്ങാടിയിലെ കോയാക്കാടെ കടയിൽ പോയി കോയി ഇറച്ചി കയിക്കുന്നതിൽ“ ഒരു മടിയുമില്ലാത്തവരായിരുന്നു, മലയാളികൾ. അവർ പുലർച്ചെ എഴുന്നേറ്റ് നായരുടെ ടീ ഷോപ്പോ ബാപ്പുട്ടിയുടെ മക്കാനിയോ എന്ന വ്യത്യാസമില്ലാതെ രുചികരമായ ആഹാരമുള്ള എല്ലാ കടയിലും കയറി ആഹാരം കഴിച്ചിരുന്നു, അടുത്തടുത്തിരുന്ന് രാഷ്ട്രീയം പറഞ്ഞു, ലോക കാര്യങ്ങൾ പറഞ്ഞു, പത്രം വായിച്ചു,
അങ്ങിനെ സമാധാനപരമായ ഒരു സമൂഹം നില നിൽക്കുന്നിടത്ത് ആവശ്യമില്ലാത്ത പ്രശ്നങ്ങൾ കുത്തിപ്പൊക്കി കലഹം ഉണ്ടാക്കുന്നവർക്ക് അവർ ആരായാലും അവർക്ക് മറ്റെന്തോ ലക്ഷ്യമുണ്ടെന്ന് തിരിച്ചറിയുക.
No comments:
Post a Comment