ഇന്ന് രാവിലെ ഞങ്ങളുടെ ഒരു കുട്ടിയുമായി കൊല്ലത്തെ ഒരു സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോയി. ഒരു വർഷത്തിനു മുമ്പ് അവൻ ഫുട്ബാൾ കളിച്ചതിൽ വെച്ചുണ്ടായ കാലിലെ പൊട്ടലിൽ കമ്പി ഇട്ടിരുന്നു, അത് എടുത്ത് മാറ്റേണ്ടതിലെക്കുള്ള നടപടികൾക്കാണ്` അതേ ആശുപത്രിയെ സമീപിച്ചത്.
കൊറോണാ പ്രതിരോധ നടപടിയുടെ ഭാഗമായി ആശുപത്രിയുടെ മുമ്പിൽ മേശയും ഇട്ടിരുന്ന് ജീവനക്കാർ സന്ദർശകരുടെ പേരും മേൽ വിലാസവും ഫോൺ നമ്പറും ശേഖരിക്കുന്നു. നീണ്ട ക്യവാണ് അവിടെ കാണപ്പെട്ടത്.. പക്ഷേ ഒരു അകലവും പാലിക്കാതെ ആൾക്കാർ സാധാരണ പോലെ പെരുമാറുന്നു. പുറകിൽ നിൽക്കുന്ന ആളുടെ മൂക്ക് മുമ്പിൽ നിൽക്കുന്ന ആളിന്റെ തലയിൽ മുട്ടുന്ന ഞെരുക്കത്തിലാണ് ജനം നിൽക്കുന്നത്.അൽപ്പം അകലം പാലിച്ചാൽ എന്തോ സംഭവിക്കുമെന്ന മട്ടിലുള്ള ആ കൂട്ടത്തിനെ നിയന്ത്രിക്കാനും സാമൂഹ്യ അകലം പാലിക്കാൻ നിർദ്ദേശിക്കാനും സെക്യൂരിറ്റിക്കാർ അശ്രാന്ത പരിശ്രമം നടത്തുന്നെങ്കിലും എല്ലാം നിഷ്ഫലമായിക്കൊണ്ടിരുന്നു. . ഒരിക്കലും നന്നാകാത്ത ആ മനുഷ്യ കൂട്ടങ്ങളെ ഒഴിഞ്ഞ് വെച്ച് എങ്ങിനെയോ അകത്ത് കയറി പറ്റി.
പരിചിതനും ദയാലുവുമായ ഡോക്ടർ പരിശോധനക്ക് ശേഷം ഇന്ന് അഡ്മിറ്റ് ചെയ്യാനും നാളെ ഓപ്പറേഷനിലൂടെ കമ്പി എടുത്ത് മാറ്റാമെന്നും അറിയിച്ചതോടെ അതിന്റെ പ്രാംഭ പ്രവർത്തനങ്ങൾക്കും പലവിധ ടെസ്റ്റുകൾക്കുമായി പലയിടങ്ങളിലായി കയറി ഇറങ്ങാൻ തുടങ്ങി. നെഞ്ചിന്റെ എക്സറേ, (അതെന്തിനെന്ന് എനിക്കറിയില്ല) ഈ.സി.ജി, അനസ്തേഷ്യാ, രക്തപരിശോധന അങ്ങിനെ പലവിധ കലാപരിപാടികൾ. അതിലൊന്നായിരുന്നു. രോഗിയുടെയും കൂട്ടിരിപ്പുകാരുടെയും കോവിഡ് ടെസ്റ്റ്.
ആ ടെസ്റ്റിനായി ഒരു കണ്ണാടി ഭിത്തിക്ക് ഇപ്പുറം കസേരയിൽ ഇരിക്കണം. കണ്ണാടി ഭിത്തിയിൽ വൃത്താകൃതിയിൽ ഒരു ദ്വാരം ഉണ്ട്. അതിലൂടെ അകത്തിരിക്കുന്ന നഴ്സ് അറ്റത്ത് പഞ്ഞി പിടിപ്പിച്ച കമ്പി പുറത്തിരിക്കുന്ന രോഗിയുടെ മൂക്കിൽ കയറ്റി തിരിച്ച് ആ കണ്ണാടി ദ്വാരത്തിൽ കൂടി തന്നെ തിരിച്ചെടുക്കും. എന്നിട്ട് അടുത്ത ആളുടെ പേർ വിളിക്കും ആദ്യത്തെ ആൾ ഇരുന്ന കസേരയിൽ തന്നെ പിറകേ വരുന്ന ആൾ ഇരുന്നു മൂക്ക്, കണ്ണാടി ദ്വാരത്തിലേക്ക് അടുപ്പിച്ച് ഈ പ്രക്രിയ തുടരും. പക്ഷേ ആദ്യം കസേരയിൽ ഇരുന്ന ആൾ കോവിഡ് ബാധിതനാണോ എന്ന് പുറകേ വരുന്ന ആൾക്ക് അറിയില്ല. അയാളും ആ കസേരയിൽ തന്നെ അത് ക്ളീൻ ചെയ്യാതെ കയറി ഇരിക്കും.
ഏതായാലും എന്റെ കുട്ടിയോട് കസേരയിൽ ഒരു ടവ്വലോ പേപ്പറോ വിരിച്ചിട്ട് ഇരിക്കാൻ ഞാൻ പറഞ്ഞു അല്ലാതെന്ത് ചെയ്യും. ആശുപത്രിക്കാർക്ക് ഇത് ശ്രദ്ധിക്കാൻ എവിടെ നേരം. രോഗികളുടെ ആധിക്യം ഈ വക മുൻ കരുതലുകൾ നടത്താൻ അവരെ അനുവദിക്കുന്നില്ലായിരിക്കും. അല്ലെങ്കിൽ അവർ മനപൂർവം ക്ളീനിംഗ് നടത്തുന്നില്ലാത്തതാകാം. കാരണം എത്രത്തോളം രോഗം പകർന്നാലല്ലേ അത്രത്തോളം അവർക്ക് ഗുണം കിട്ടൂ. ഞാൻ ആ ആശുപത്രിയിൽ പോയ എല്ലാ സെക്ഷനുകളിലും ഒരാൾ ഇരുന്ന കസേരയിൽ അയാൾ എഴുന്നേറ്റ് പോയ ശേഷം ഒരു ക്ളീനിംഗും നടത്താതെ തന്നെയാണ് പുറകേ വരുന്നവർ ഇരിക്കുന്നതായി കണ്ടത്..
കേരളത്തിലെ എല്ലാ ആശുപത്രികളിലും ഇത് തന്നെയാണ് സ്ഥിതി. എത്ര ലോക് ഡൗൺ നടത്തിയാലും ഇപ്രകാരം രോഗം പകരാൻ ഇടയുണ്ടാകുമ്പോൾ രോഗ പകർച്ച എങ്ങിനെ തടയാമെന്നാണ്` നമ്മൾ കരുതുന്നത്. കോവിഡ് രോഗിയുടെ അയല്പക്കത്ത് കൂടി പോയാലും രോഗം പകരാൻ സാദ്ധ്യത ഉണ്ടെന്ന് ഡോക്ടറന്മാർ തന്നെയാണ് അഭിപ്രായപ്പെടുന്നത്.
കോവിഡ് വൈറസ് അതിന്റെ പകർച്ചാ രീതി ഒരിക്കലും മാറ്റാൻ പോകുന്നില്ലെന്ന്മാത്രമല്ല ഒന്നുകൂടി മൂർച്ചപ്പെടുത്തി വരുകയാണ്. മാറേണ്ടത് ജനം മാത്രമാണ്. ജനത്തിന് സൂക്ഷ്മതയും ജാഗ്രതയുമുണ്ടെങ്കിൽ കോവിഡ് വൈറസ് ഒരു തരത്തിലും ഭീഷണി ആവില്ല.
പക്ഷേ ജനമൊട്ട് മാറാൻ പോകുന്നില്ല, കോവിഡ് ഉടനെ സ്ഥലം വിടാനും പോകുന്നില്ല.