Wednesday, June 23, 2021

കുരുവിക്കൂടിന്റെ കഥ ചിലന്തിയുടേതും

 




വിരസമായ ദിവസങ്ങളെ എങ്ങിനെ കടത്തി വിടുമെന്ന ചിന്തയിൽ കഴിയുമ്പോഴാണ് ഞാൻ ആ കുരുവിക്കൂട് കണ്ടത്.  പത്ത് ദിവസങ്ങൾക്ക് മുമ്പുള്ള ഒരു തിങ്കളാഴ്ചയാണ് ആ കുരുവികളും അത് നിർമ്മിക്കുന്ന കൂടും എന്റെ ശ്രദ്ധയിൽ പെട്ടത്. വളരെ ചെറിയ രണ്ട് കുരുവികൾ. അവയുടെ ചുണ്ട് സൂചി പോലെ നീണ്ട് പിന്നെ അൽപ്പം വളഞ്ഞിരുന്നു, ഉമ്മറത്ത് വെയിലിൽ നിന്നും രക്ഷ തേടാൻ കെട്ടിയ പച്ച  വലയുടെ സമീപം  കമ്പി അഴികളിൽ തൂങ്ങി കിടന്ന ഒരു കയറിന്റെ അറ്റത്തായിരുന്നു അവരുടെ നിർമ്മാണം നടന്ന് കൊണ്ടിരുന്നത്. എന്റെ ചാര് കസേരയിൽ നിശ്ശബ്ദനായി ഞാൻ അവരെ  ശ്രദ്ധിച്ച് കൊണ്ടിരുന്നു. കൊക്കിൽ അവർ ചെറിയ വള്ളികളും നാരും മറ്റും കൊണ്ട് വന്ന് അത് വിദഗ്ദമായി കൂട്ടിച്ചേർത്ത് കൂട് വളർത്തിക്കൊണ്ട് വരുന്നത് ഞാൻ അതിശയത്തോടെ നോക്കി ഇരുന്നു.. ചൊവ്വായും ബുധനും കൊണ്ട് കൂടിന്റെ ബാഹ്യ രൂപം തീർന്നുവെങ്കിലും പിന്നെയും അവർ മാറി മാറി പറന്ന് വന്ന് മിനുക്ക് പണികൾ നടത്തുകയായിരുന്നുവല്ലോ. വ്യാഴാഴ്ച  അതി രാവിലെ ഞാൻ കസേരയിൽ ഇരുന്ന് കുരുവികളെ ശ്രദ്ധിക്കാൻ തുടങ്ങി . ഇപ്പോൾ അവർ കൊത്തിക്കൊണ്ട് വരുന്നത് പഞ്ഞി കഷണങ്ങളാണ്. അത് ഉള്ളിൽ നിക്ഷേപിച്ച് വീണ്ടും പറന്ന് പോകും. കുറേ കഴിഞ്ഞ് രണ്ട് പേരും പറന്നെത്തി ചുണ്ടിലെ വസ്തു കൂട്ടിനകത്ത് നിക്ഷേപിക്കും. മുട്ട ഇടുന്നതിന് മൃദുലമായ കിടക്ക രൂപം കൊടുക്കുകയായിരിക്കാം ആ ദമ്പതികൾക്ക്. കടയിൽ പോകേണ്ട പർച്ചേസ് ചെയ്യേണ്ട, ജി.എസ്.റ്റി.യും  മറ്റ് ടാക്സും അടക്കേണ്ട ഇപ്പോൾ മെത്ത ശരിയായി കാണുമായിരിക്കും എന്ന് ഞാൻ തീച്ചയാക്കിയത് ശനിയാഴ്ച വൈകുന്നേരമാണ്.

അതിനോടൊപ്പം വരാന്തയുടെ മുൻ വശത്ത് നിൽക്കുന്ന പൈൻ മരത്തിന് സമീപം ഒരു ചിലന്തി വല നെയ്യുവാൻ തുടങ്ങിയത് ഞാൻ കണ്ടു.  അതൊരു വിചിത്ര രൂപത്തിലുള്ള എട്ടു കാലിയായിരുന്നു. ഒറ്റ നോട്ടത്തിൽ നാല് കാല് തൊന്നിക്കുമെങ്കിലും  ആ കാലിന് കീഴെ ചെറിയ നാല് കാലുകൾ.നീല നിറമായിരുന്നു ചിലന്തിക്ക്. (ചിത്രം കാണുക) 

കുരുവികൾ  കൂട് നിർമ്മാണത്തിനിടയിൽ ഈ ചിലന്തിക്ക് ചുറ്റും വട്ടമിട്ട് പറക്കുന്നതും  ഭാര്യയും ഭർത്താവും എന്തോ ചിലച്ച് സംസാരിക്കുകയും ചെയ്തു. കുഴപ്പക്കാരനൊന്നുമാണെന്ന് തോന്നുന്നില്ല, അയാളും വീട് വെക്കട്ടെ എന്നോ മറ്റോ ആയിരിക്കും അവർ പറഞ്ഞത്.

ഞായറും തിങ്കളും ചൊവ്വായും കൂടിന്റെ അറ്റ കുറ്റ പണികൾ ഏതാണ്ട് തീർത്ത ദിവസങ്ങളായിരുന്നു. അവർ ഉച്ചത്തിൽ ചിലച്ച് എങ്ങോട്ടോ മിന്നൽ പോലെ പറ ന്ന് പോകും, പിന്നെ മടങ്ങി വന്ന് കൂടിന് ചുറ്റും റൗണ്ടടിക്കും. പിന്നെ ചിലന്തിയെ ചരിഞ്ഞ് നോക്കും, അടുത്തുള്ള കിളി മരത്തിൽ പോയിരുന്ന് എന്നെ  ശ്രദ്ധിക്കും, അപ്പോഴൊക്കെ ഞാൻ നിശ്ചലനായിരിക്കും.

ഇനി എന്നാണാവോ നിങ്ങൾ ഇതിനകത്ത് മുട്ട ഇടുന്നത് കുരുവികളേ എന്ന് ഞാൻ അവരോട് അപ്പോൾ ചോദിച്ചു.

അടങ്ങ് മൂപ്പരേ! ഓരോന്നിനും അതിന്റേതായ സമയമുണ്ട്, വെയിറ്റ്  ആൻട് സീ എന്നായിരിക്കാം അവർ എന്നോട് ചിലച്ചത്.

ഇതിനിടയിൽ ചിലന്തി  വല നെയ്തു, അതിലേ വരുന്ന പ്രാണികളെ ശാപ്പിടാൻ തുടങ്ങി. ഇന്നലെ ഒരു ചിത്ര ശലഭം പറന്ന് വന്ന് വലയിൽ കുരുങ്ങി. ചിലന്തി  സ്പോട്ടിൽ ഉടനെ പാഞ്ഞ് വന്നു എങ്കിലും ചിത്ര ശലഭം വലയും പൊട്ടിച്ചു പറ പറന്നത് കണ്ട്  ഇളിഭ്യനായി തിരികെ കേന്ദ്ര സ്ഥനത്ത് വന്നിരുന്നപ്പോൾ ഞാൻ അതിനോട് പറഞ്ഞു, “കൊക്കിലൊതുങ്ങുന്നതേ കൊത്താവൂ, പോയി തരത്തിൽ കളിക്കെടാ മോനേ!. കുരുവികൾ അപ്പുറത്തിരുന്ന് ഞാൻ പറഞ്ഞത് ശരിവെച്ചു.

ഇന്ന് ബുധൻ അതിരാവിലെ ഉമ്മറത്ത് വലിയ ബഹളം. കുരുവികളാണ്. ഞാൻ കതക് തുറന്ന് പുറത്തിറങ്ങി അവരെ നോക്കി ചോദിച്ചു “എന്തെരെടേ പ്രശ്നം.“ അവർ പാറി പറന്ന് വല്ലാതെ കരയുകയും ചെയ്യുന്നു. ഞാൻ കൂട് നോക്കി. 

ദൈവമേ! ആ കൂടിന്റെ അടിവശം കപ്പ് പോലുള്ള ഭാഗം കാണാനില്ല താഴെ നോക്കി, അത് അവിടെ കിടപ്പുണ്ട്. ഞാൻ അതെടുത്ത് പരിശോധിച്ചു, ഒട്ടിപ്പ് ശരിയാകാത്തതിനാലോ തുന്നി ചേർത്തതിൽ പിശകുണ്ടായി ഭാരം കൂടി നിലത്ത് വീണതോ ആകാം. പറമ്പിലെ സ്ഥിരം സന്ദർശകരായ പൂച്ചകൾ അവിടെ എത്തിയ ലക്ഷണവുമില്ല.

വലിയ വലിയ പാലങ്ങൾ പൊളിഞ്ഞ് നിലത്ത് വീഴുന്നു, പിന്നെയല്ലേ നിങ്ങളുടെ കൂടെന്ന് ഞാൻ അവരെ സമാധാനിപ്പിച്ചെങ്കിലും  അവർ ശാന്തരായില്ല, നേരെ പറന്ന് വന്ന് ചിലന്തി വലയുടെ ചുറ്റും കറങ്ങി. നിനക്കറിയാമോ മോനേ! ആരാ ഈ പോക്രിത്തരം കാണിച്ചതെന്നായിരിക്കാം അയൽ വാസിയായ ചിലന്തിയോട് അവർ ആരാഞ്ഞത്. ചിലന്തി എന്തോ മറുപടി കൊടുത്തത് കൊണ്ടായിരിക്കാം അവർ നിശ്ശബ്ദരായി. പിന്നെ എന്റെ തലക്ക് ചുറ്റും കറങ്ങി എന്തോ പറഞ്ഞു, എന്നിട്ട് ദൂരേക്ക് പറന്ന് പോയി. എന്നോട് യാത്ര പറഞ്ഞതായിരിക്കാം. 

അവരുടെ ദുഖം എനിക്ക് നന്നായി മനസ്സിലാകുന്നു. കളിച്ച് വളർന്ന ആലപ്പുഴ മണൽ പരപ്പിൽ ഒരു കുടിലെങ്കിലും ഉണ്ടായിരുന്നെങ്കിൽ, ആ മണലിൽ മലർന്ന് കിടന്ന് നിലാവിനെ നോക്കാനും പഴയ മധുര സ്മരണകളിൽ അലിയാനും എത്ര മാത്രം ആഗ്രഹിച്ചിരുന്നു എന്ന് എനിക്കല്ലേ അറിയൂ.....

No comments:

Post a Comment