Sunday, March 21, 2021

അഭിനന്ദനങ്ങൾക്ക് നന്ദി

 


വായനയും എഴുത്തുമായി ഇത്രയും കാലം കഴിച്ച് കൂട്ടി. രണ്ട് മൂന്ന് പുസ്തകങ്ങളും പ്രസിദ്ധീകരിച്ചു. ഇപ്പോഴും എഴുതുന്നു. പക്ഷേ അച്ചടിയുടെ പുറകേ പോകുന്നതിൽ ഇപ്പോൾ വല്ലാത്ത മടിയാണ് അനുഭവപ്പെടുന്നത്. ഹൃദയത്തിൽ തട്ടി എഴുതിയത് പോലും നന്ദിപൂർവം കൈപ്പറ്റി ഖേദപൂർവം തിരിച്ചയക്കുന്ന പത്രക്കാരുടെ അവഗണന മനസ്സിനെ നിരാശപ്പെടുത്തിയിട്ടുണ്ട്. എഴുതാതിരിക്കാൻ കഴിയാത്തത് കൊണ്ട് പിന്നെയും പിന്നെയുമെഴുതി പിന്നെയും അയച്ച് കൊടുക്കുകയും പിന്നെയും ഖേദപൂർവം മടക്കി വരുകയും ചെയ്തു . കഥ പറയുകയും കേൾക്കുകയും ചെയ്യുന്നത് മനുഷ്യനിൽ അലിഞ്ഞ് ചേർന്നിരിക്കുന്ന സ്വഭാവമായതിനാൽ പിന്നെയും പിന്നെയും ഈ പ്രക്രിയ തുടർന്ന് കൊണ്ടിരിക്കുമ്പോഴാണ് ഓൺ ലൈനിൽ ബ്ളോഗിന്റെ ഉദയം ഉണ്ടായത്. ഒരു എഡിറ്ററുടെയും കാല് പിടിക്കാതെ നമ്മുടെ ഉള്ളിലെ തിങ്ങൽ പകർത്തിയത് ബ്ളോഗ് പോസ്റ്റുകളിലൂടെ പത്ത് പേരെയെങ്കിലും കേൾപ്പിക്കാൻ സാധിച്ചപ്പോൾ ആത്മനിർവൃതി അനുഭവപ്പെട്ടു എന്നത് തികച്ചും സത്യമാണ്. അതിപ്പോഴും തുടരുന്നു.
അവാർഡ് സ്വപ്നങ്ങളൊന്നും താഴെക്കിടയിലുള്ള സാഹിത്യകാരന് ഉണ്ടാവില്ല. എന്നാലും പത്ത് പേർ നമ്മുടെ രചനകളെ കുറിച്ച് അഭിപ്രായം രേഖപ്പെടുത്തുന്നത് ഒരു പ്രചോദനമാണല്ലോ. ബ്ളോഗിലൂടെയും ഫെയ്സ് ബുക്കിലൂടെയും അത് ശരിക്കും ലഭിക്കുന്നു. സന്തോഷം. തങ്ങളുടെ സൃഷ്ടികളെ കുറിച്ച് മറ്റുള്ളവർ നല്ലത് പറയുന്നത് സന്തോഷകരം തന്നെയാണല്ലോ.
ഇപ്പോൾ ഇതെല്ലാം ഇവിടെ എഴുതാൻ കാരണം, ചെറുപ്പത്തിൽ ആലപ്പുഴ പുന്നപ്ര കടപ്പുറത്ത് കഴിച്ച് കൂട്ടിയ നാളുകളിൽ ജീവിതത്തിൽ ഉണ്ടായ മനസ്സിൽ തട്ടിയ ഒരു സംഭവം എത്രയോ വർഷങ്ങൾക്ക് ശേഷം യാദൃശ്ചികമായി അവിടെയെത്തിയ എനിക്ക് ഓർമ്മ വന്നത് കഴിഞ്ഞ ആഴ്ച ഞാൻ ഇവിടെ പകർത്തിയിരുന്നു അത് വായിച്ച് പലരും അഭിനന്ദിച്ചു.. ശരിയാണ്,,,വിജയമ്മയുടെ കാര്യം ഹൃദയത്തിൽ നിന്നാണ്` ഞാൻ കുറിച്ചിട്ടത്. അത് വായിച്ച
എനിക്ക് പരിചയമുള്ളവരും അല്ലാത്തവരുമായ നല്ലവരായ ധാരാളം പേർ സ്നേഹ പൂർവം എന്നെ ഫോണിലൂടെ വിളിച്ചിരുന്നു. തൃശൂർ മാധ്യമം ഓഫീസിലെ സക്കീർ ഹുസ്സൈൻ സാർ എന്നെ വിളിച്ച് പ്രസിദ്ധപ്പെടുത്തിയതൊക്കെ പുസ്തകമാക്കാൻ നിർബന്ധിച്ചു. പുന്നപ്ര സ്വദേശിയും ഇപ്പോൾ എറുണാകുളത്ത് താമസക്കാരനും സിനിമാ ഫീൽഡിലുമായി കഴിയുന്ന ഫാസിൽ സാറും ഫോണിൽ വിളിച്ച് എന്നോട് ഏറെ സംസാരിച്ചു, പിന്നെ പലരും.... മനസ്സിന് വല്ലാത്ത കുളിർമ്മ അനുഭവപ്പെട്ടു. ഇതാണ് നമുക്ക് കിട്ടുന്ന അവാർഡ്..ഞാൻ ആ സത്യം തിരിച്ചറിയുന്നു. എന്റെ മനസ്സിൽ കാണാ മറയത്ത് കിടക്കുന്ന പല സ്മരണകളും പുറത്തെടുത്ത് വരികളാക്കാൻ അതെനിക്ക് പ്രചോദനവും നൽകുന്നു...
നനി ചങ്ങാതിമാരെ. ഏറെ ഏറെ നന്ദി

No comments:

Post a Comment