Thursday, June 18, 2020

1962ലെ ഇന്ത്യയല്ല ഇന്ന്....

പഞ്ചശീല ഉടമ്പടി ചൈനീസ് പ്രധാനമന്ത്രി ചൗ എൻ ലായിയുമായി ഒപ്പിടുകയും വെള്ള പ്രാവുകളെ ആകാശത്തേക്ക് പറത്തുകയും ചെയ്ത് കഴിഞ്ഞപ്പോൾ പണ്ഡിറ്റ് ജവഹാർലാൽ നെഹ്രുവിന്റെ നേത്രുത്വത്തിലുള്ള സർക്കാർ കരുതി മാന്യന്മാർ ഒപ്പിട്ട് ലോകത്തെ ബോധിപ്പിച്ച ഈ പ്രമാണത്തിന്റെ അന്തസ്സത്ത ഉൾക്കൊണ്ട് ചൈനാക്കാർ നല്ല അയൽക്കാരായിരിക്കുമെന്ന്. ആ വിശ്വാസ്ത്താൽ അതിർത്തിയിൽ അന്ന് വലിയ ശ്രദ്ധ ഒന്നും കൊടുത്തിരുന്നില്ല. പക്ഷേ ഒരു ഭാഗത്ത് സമാധാന ചർച്ച നടക്കുമ്പോൾ മറുഭാഗത്ത് ആയുധത്തിന്റെ മൂർച്ച കൂട്ടുകയായിരുന്നു ചൈനാക്കാർ. അവർ അന്നും ഇന്നും അങ്ങിനെ തന്നെയാണ് സ്വന്തം കാര്യം തന്നെയാണ് അവർക്ക് മുഖ്യം. അങ്ങിനെ1962ൽ എല്ലാ ഉടമ്പടികളും പഞ്ചശീല തത്വങ്ങളും കാറ്റിൽ പറത്തി, “അവർ അവരുടേതെന്ന് പറയപ്പെടുന്ന സ്ഥലത്തേക്ക്“ ഇരച്ച് കയറി. 1947ൽ ബ്രിട്ടീഷ്കാർ വിട്ട് പോയപ്പോൾ ഉണ്ടായിരുന്ന മോഡൽ ആയുധങ്ങളുമായി അതിർത്തി കാത്തിരുന്ന ഇന്ത്യൻ സൈനികരെ ആക്രമിച്ച് ഒരുപാട് ദുരന്തങ്ങൾ വരുത്തി വെച്ചു. അന്ന് റേഡിയോയിൽ കേട്ടിരുന്ന ഒരു സ്ഥിരം വാചകമായിരുന്നു ഇന്ത്യൻ സൈന്യം വിജയ പൂർവം പിൻ മാറി“ എന്ന്. കൊടിയ തണുപ്പിൽ മരണമടഞ്ഞിരുന്ന സൈനികരും ധാരാളം. തണുപ്പിനെ നേരിടാനുള്ള പ്രതിരോധങ്ങളോ പരിശീലനങ്ങളോ അന്ന് അവർക്കില്ലായിരുന്നുവല്ലോ. വി.കെ.ക്രിഷ്ണ മേനോനൻ ആയിരുന്നു അന്നത്തെ യുദ്ധകാര്യമന്ത്രിയെന്ന് തോന്നുന്നു. ഏതായാലും ആ യുദ്ധത്തിന് ശേഷം മേനോൻ രാജിവെച്ചെന്നാണ് ഓർമ്മ.
ഇന്ത്യ കരുതി ഇരുന്നു, വേണ്ട ആധുനിക ആയുധങ്ങളും പരിശീലനം ലഭിച്ച സൈനികരുമായി, ശത്രുവിനെ നേരിടാൻ. 1965ൽ അതിന് അവസരം ലഭിച്ചു. പക്ഷേ ശത്രു മാറി പോയിരുന്നു. അന്ന് നമ്മുടെ സൈന്യ ബലത്തിന്റെ മികവ് അനുഭവിച്ചത്, പാക്കിസ്ഥാൻ സൈന്യം ആയിരുന്നു. പാക്കിസ്ഥാനുമായുള്ള 1965ലെ യുദ്ധത്തിൽ ഇന്ത്യൻ സൈന്യം പാക്കിസ്ഥാനിലേക്ക് ഇരച്ച് കയറി. പാക്കിസ്ഥാന് പകരം ചൈനയെയായിരുന്നു അന്ന് നേരിട്ടതെങ്കിൽ ചൈനാക്കാർ അന്ന് മനസ്സിലാക്കിയേനെ ഇന്ത്യൻ സൈന്യത്തിന്റെ ഉയിർത്തെഴുന്നേൽപ്പ്.
ഇപ്പോൾ ചൈനാ പഴയ സ്വഭാവം പുറത്തെടുത്തു. സമാധാന ചർച്ചയുടെ മറ പറ്റി അതിക്രമം കാണിക്കാൻ തുടങ്ങിയിരിക്കുന്നു. 1962ലെ ഇന്ത്യൻ സൈന്യമല്ല 2020ലെ സൈന്യമെന്ന് അവർക്ക് ബോധ്യമാകണമെങ്കിൽ സമാധാന ചർച്ച ഒരു വശത്ത് തുടരുകയും മറുവശത്ത് ആക്രമണം നടത്തുകയാണ് അവരുടെ സ്വാഭാവമെന്ന് തിരിച്ചറിഞ്ഞ് ചുട്ട മറുപടി കൊടുക്കുകയാണ് വേണ്ടത്.

No comments:

Post a Comment