ഒരു വർഷം -100പോസ്റ്റ്-പിന്നെ ചെറായി മീറ്റും.
ബൂലോഗത്തു ഞാൻ കടന്നു വന്നതു 2009 മാർച്ചിലായിരുന്നു. ഒരു വർഷം കഴിഞ്ഞു. ഇതു നൂറാമത്തെ പോസ്റ്റ്. ചെറായിയുടെ കാര്യം അവസാനം പറയാം.ബൂലോഗത്തു നിസ്സഹായനായ ഒരു ശിശുവായി കൈകാലിട്ടടിച്ചു ള്ളേ..ള്ളേ.... കരഞ്ഞു കൊണ്ടിരുന്ന ഞാൻ ഇപ്പോൾ കമഴ്‌ന്നു വീണു മുട്ടുകാലിൽ ഇഴയാൻ പരുവത്തിലായി.
പ്രോഫെയിലും മറ്റും ശരിയാക്കി തന്നതു എന്റെ സ്നേഹിതൻ മനു ആണു.മനു കൊട്ടാരക്കരയിൽ ഇന്റർ നെറ്റ് കഫേ നടത്തുന്ന ആളും ഒരു ബ്ലോഗറും ആണു.
കമ്പ്യൂട്ടറിന്റെ പ്രാഥമിക പരിജ്ഞാനം പോലും പൂർണ്ണമായി ഇല്ലാതിരുന്ന ആ കാലഘട്ടത്തിൽ പോസ്റ്റുകളുടെ കമന്റുകളിൽ സാങ്കേതികപരമായ നിർദ്ദേശങ്ങൾ വന്നു കൊണ്ടിരുന്നപ്പോൾ എനിക്കു ഒന്നും അറിയില്ല എന്ന സത്യം പുറത്തു അറിയിക്കാതെ ഞാൻ ആ നിർദ്ദേശങ്ങൾ എന്തെന്നു പഠിക്കാനും അതു പ്രാബല്യത്തിൽ വരുത്താനും ശ്രമിച്ചു.ഉദാ:- ആരംഭ കാലത്തു എന്റെ ഒരു പോസ്റ്റിൽ ആരോ ഇങ്ങിനെ ഒരു കമന്റിട്ടു.
"ഈ മോഡറേഷൻ എടുത്തു മാറ്റിയില്ലെങ്കിൽ മേലിൽ ഞാൻ കമന്റിടില്ല." മോഡറേഷൻ എടുത്തു മാറ്റാമെന്നു ഞാൻ മറുപടി ഇട്ടെങ്കിലും കമന്റു മോഡറേഷൻ എന്തെന്നു എനിക്കറിഞ്ഞിട്ടു വേണ്ടേ ഞാൻ അതു എടുത്തു മാറ്റാൻ. ഉടനെ മനുവിനെ അഭയം പ്രാപിച്ചു സംഗതി എന്തെന്നു മനു പറഞ്ഞു തന്നു.അങ്ങിനെ അങ്ങിനെ പല കാര്യങ്ങളും ഞാൻ മനസ്സിലാക്കി പഠിച്ചു.എങ്കിലും എച്.ടി.എം.എൽ. എന്നൊക്കെ നിങ്ങൾ എന്നോടു പറയരുതു. കാരണം ആ വകയൊന്നും ഇപ്പോഴും പിടി കിട്ടിയിട്ടില്ല. സമയം കിട്ടാത്തതു കൊണ്ടാണു.കാര്യങ്ങൾ തുടർന്നും പഠിക്കാൻ ആഗ്രഹിക്കുന്ന ഒരു വിദ്യാർത്ഥിയാണു ഞാൻ ഇപ്പോഴും.ഫോട്ടോ ബ്ലോഗ് പഠിക്കണമെന്ന ആശയുമുണ്ടു.
പരന്ന വായനയിലൂടെയും സ്വന്തം അനുഭവത്തിലൂടെയും കിട്ടുന്ന അറിവുകൾ ശ്രമം നടത്തി പോസ്റ്റ് ഇടുമ്പോൾ ആരും കമന്റിടാതെ പോകുന്നതു കണ്ടു പലപ്പോഴും വിഷമം ഉണ്ടായിട്ടുണ്ടു. എന്നാൽ ഒരു ശ്രമവും നടത്താതെ ഉഴപ്പി ഇടുന്ന പോസ്റ്റുകൾക്കു ധാരാളം കമന്റുകൾ വീഴുന്നതു കണ്ടു അതിശയിച്ചിട്ടുമുണ്ടു.
മനസ്സിൽ ഉരുത്തിരിയുന്ന ആശയങ്ങൾ,അനുഭൂതികൾ, അനുഭവങ്ങൾ മുതലായവ കഥകളായും ലേഖനങ്ങളായും മറ്റും രൂപാന്തരം പ്രാപിച്ചു പല ദിവസങ്ങളിലെ ശ്രമത്തിലൂടെ അവയെല്ലാം ചെത്തി മിനുക്കി കടലാസ്സിൽ പകർത്തി ആനുകാലികങ്ങളിലേക്കു അയച്ചു കൊടുത്തിട്ടു അവ പ്രസിദ്ധീകരിച്ചു കാണാൻ കൊതിച്ചു കാത്തിരുന്ന നാളുകൾ!ദിവസങ്ങൾക്കു ശേഷം പത്രാധിപരെന്ന ദ്രോഹി ഒരു ദയവുമില്ലാതെ അതെല്ലാം തിരിച്ചയക്കുമ്പോഴുണ്ടാകുന്ന വേദന!എന്റെ രചനയേക്കളും വെറും തറയായ രചനകൾ അതെഴുതിയവൻ പ്രസിദ്ധനാണു എന്ന ഒറ്റ കാരണത്താൽ ആ വാരികയിൽ തന്നെ പ്രസിദ്ധീകരിച്ചു കാണുമ്പോൾ ഉണ്ടാകുന്ന അരിശം! ബ്ലോഗറായി കഴിഞ്ഞപ്പോൽ അതെല്ലാം കഴിഞ്ഞ കാല പേക്കിനാവുകളായി മാറി. ഇന്നു എനിക്കു എന്റെ ഇഷ്ടപ്രകാരം എന്തും എഴുതാം അതു ഇഷ്ടം ഉള്ളപ്പോൾ ബ്ലോഗിൽ പ്രസിദ്ധീകരിക്കാം. എന്തൊരു സുഖം! എന്തൊരു സന്തോഷം! പത്രാധിപരേ! ദ്രോഹീ, പോടാ പുല്ലേ! ബ്ലോഗ് നീണാൽ വാഴട്ടെ!
പലരുമായി നേരിൽ കാണാതെ തന്നെ ബന്ധങ്ങൾ ഉണ്ടാക്കുകയും അങ്ങിനെ സുഹൃത്തുക്കളെ സമ്പാദിക്കുകയും ചെയ്തു എന്നതാണു ബ്ലോഗറായതിന്റെ മറ്റൊരു ഗുണം. ജൂനൈദ്, കൊട്ടോടിക്കാരൻ തുടങ്ങിയവർ ഇ മെയിലിലൂടെ ബന്ധപ്പെട്ടു,കൊട്ടോടിക്കാരൻ പലപ്പോഴും ഫോണിൽ ബന്ധപെടുകയും ചെയ്യുന്നു......
ഇവിടെയാണു ചെറായി മീറ്റ് കടന്നു വരുന്നതു.
2009 ജൂലൈയിൽ ചെറായി കടപ്പുറത്തു ലതി എന്ന മാന്യ ബ്ലോഗറിന്റെ ഭർത്താവു സുഭാഷിന്റെ റിസോർട്ടിൽ മലയാള ബ്ലോഗേഴ്സിന്റെ സംഗമം നടക്കുകയുണ്ടായി.അണിയറയിൽ അതിന്റെ ശിൽപ്പികളായി ഹരീഷ്, അനിൽ്ബ്ലോഗ്, നിരക്ഷരൻ, ലതിക, മണികണ്ഠൻ, ജോ,തുടങ്ങിയവർ കഠിനമായി പരിശ്രമിച്ചു.മീറ്റ് ദിവസം അരീകോടൻ മാഷ്,വാഴക്കോടൻ,കൊട്ടോടിക്കാരൻ, രമണിക, ചാണക്യൻ, ചാർവ്വാകൻ, പാവപ്പെട്ടവൻ, പാവത്താൻ, ടൈപ്പിസ്റ്റ്/എഴുത്തുകാരി, ബിന്ദു കെ.പി.കാർട്ടൂണിസ്റ്റ് സജീവു, അപ്പൂട്ടൻ(അപ്പൂട്ടനും ഞാനും പറവൂർ ബസ് സ്റ്റാന്റു മുതൽ ബന്ധം തുടങ്ങി)അപ്പു, ഹാൻലത്തു, ജൂനൈദ്, അങ്കിൾ, കേരളാ ഫാർമർ, ഡോക്റ്റർ നാസ്സ്, നാട്ടുകാരൻ, മാണിക്യം, അരുൺ കായം കുളം ,വേദവ്യാസൻ, ജിപ്പൂസ്സ്, ജയൻ ഏവൂർ, അങ്ങിനെ പല പ്രമുഖരായ ബ്ലോഗറന്മാരും അന്നു ചെറായിയിൽ വന്നു.(അവിടെ വന്ന എല്ലാവരുടെയും മുഖം മനസ്സിൽ ഉണ്ടു പക്ഷേ പേരുകൾ മറന്നു പോയി.മോട്ടോർ സൈക്കിളിൽ വന്ന മെലിഞ്ഞു പൊക്കം കൂടിയ ചെറുപ്പക്കാരൻ അദ്ദേഹത്തിന്റെ പേരു മറന്നു പോയി)അവിസ്മരണീയമായ ഒരു ദിനം.കാർട്ടൂണിസ്റ്റ് സജീവു പങ്കെടുത്ത എല്ലാവരുടെയും നഖ ചിത്രങ്ങൾ വരച്ചു.വാഴക്കോടൻ മിമിക്രി അവതരിപ്പിച്ചു.ചാർവ്വാകൻ നാടൻ പാട്ടുകൾ പാടി.അങ്ങിനെ പലരും അവരുടെ മേഖലകളിലെ പ്രാവീണ്യം വെളിപ്പെടുത്തി. അന്നു എടുത്ത ചില ഫോട്ടോകൾ മുകളില്‍ കൊടുത്തിട്ടുണ്ടു.
വീണ്ടും കാണാം എന്നു വേദനയോടെ ഉരുവിട്ടു എല്ലാവരും പിരിഞ്ഞു.ഇപ്പോൾ മാസങ്ങൾ കടന്നു പോയി. അടുത്ത മീറ്റിനായി നമുക്കു ഒന്നു ശ്രമിക്കേണ്ടേ? ആരാണു അതിനു മുൻ കൈ എടുക്കുക? അന്നുണ്ടായിരുന്ന പലരെയും ഇന്നു കാണുന്നില്ല; ഇന്നു ഉള്ള പലരും അന്നു ബൂലോഗത്തു ജനിച്ചിട്ടുമില്ലായിരുന്നു. അന്നുള്ളവരെയും ഇന്നുള്ളവരെയും ചേർത്തുള്ള ഒരു മീറ്റിനു ചിന്തിക്കേണ്ട സമയമായെന്നു തോന്നുന്നു.ബൂലോഗത്തു സമാധാനവും സൗഹൃദവും പൂത്തു തളിർക്കാനും ഒരു മീറ്റ് അവശ്യം ആവശ്യമാണു.നേരിൽ കണ്ടു രണ്ടു കൊച്ചു വർത്തമാനം പറഞ്ഞാൽ തീരാവുന്ന ഹുങ്കല്ലേ മലയാളീക്കുള്ളൂ.മീറ്റിനായി ആരെങ്കിലും മുൻ കൈ എടുക്കാൻ അപേക്ഷിക്കുന്നു.
ഉടനേ തന്നെ ഒരു ബ്ലോഗ് മീറ്റ് ഉണ്ടാകണേ!എന്ന പ്രാർത്ഥനയോടെ നിർത്തുന്നു.
സ്വന്തം ഷെരീഫ്കൊട്ടാരക്കര.