Wednesday, July 8, 2020

ഇബുലീസ് ഉണ്ടാക്കിയ പുക്കാർ

പഴയ ഒരു വടക്കൻ തമാശ പാട്ട് ആരംഭിക്കുന്നത് ഇങ്ങിനെയാണ്:-    “ഇബിലീസുണ്ടാക്കി തീർത്തൊരു ഇബിലീസ്.....“
ആ പാട്ടിന്റെ അടിസ്ഥാനമായ കഥ ഇപ്രകാരമാണ്.
ധൃതി പിടിച്ച് ഓടി പോകുന്ന ഇബിലീസിനെ (പിശാച്) കണ്ട് ദിവ്യൻ  ചോദിച്ചു.
“ജ്ജ് എന്തെടാ പഹയാ, മണ്ടിപ്പാഞ്ഞ് പോയ് ആൾക്കാരെ  മക്കാറാക്കണത്....“
അതിന് ഇബിലീസ് പറഞ്ഞ മറുപടി  ഇതായിരുന്നു,..
“ആൾക്കാര് ബെർക്കനെ എന്നെ പഴി പറയുവാ....ഞാൻ ആരെയും ഒന്നും ചെയ്യണില്ല, സംശയം ഉണ്ടെങ്കിൽ എന്നോടൊപ്പം വരിക....ഞാൻ ബോദ്ധ്യപ്പെടുത്തി തരാം....“
ദിവ്യൻ കൂടെ പോയി.കുറച്ച് ദൂരം പോയപ്പോൽ ഒരു ഹലുവാ കട കണ്ട് പിശാച് അവിടെ കയറി, ഹലുവാ പാത്രത്തിൽ കയ്യിട്ടു. കയ്യിൽ പറ്റിയ എണ്ണ ഭിത്തിയിൽ തുടച്ച് ഒന്നുമറിയാത്ത പോലെ മാറി നിന്നു. എണ്ണ മയം കണ്ട് അവിടെ ഈച്ച വന്നു. ഉടനെ ഈച്ചയെ പിടിക്കാൻ പല്ലി വന്നു. പല്ലിയെ കണ്ട് അതിനെ ശാപ്പിടാൻ പൂച്ച വന്നു പല്ലിയുടെ നേരെ ചാടി. ചാട്ടം പിഴച്ച പൂച്ച അലുവാ പാത്രം തട്ടി മറിച്ചു. അലുവാക്കാരൻ പൂച്ചയെ തല്ലി, പൂച്ചയുടെ ഉടമസ്ഥൻ അലുവാക്കാരനെ തല്ലി, അലുവാക്കാരൻ അലുവാ മുറിക്കുന്ന കത്തി എടുത്ത് കാച്ചി, അവസാനം ചോര കളിയിൽ കാര്യം കലാശിച്ചു.
പിശാച് ദിവ്യനോട് ചോദിച്ചു, “ ഞാനെന്തെങ്കിലും ചെയ്തോ, വെറുതെ കയ്യൊന്ന് ഭിത്തിയിൽ തുടച്ചു , അത്രേള്ളൂ....“
പറഞ്ഞ് പഴകിയ ഈ കഥ ഇപ്പോൾ ഇവിടെ പറയാൻ കാര്യം: കൊട്ടാരക്കര പുലമൺ ജങ്ഷന് സമീപം താമസിക്കുന്ന 80 വയസ്സുകാരൻ കാർന്നോര് ഇതര സംസ്ഥാനത്ത് നിന്നു വന്ന ബന്ധുവുമായി ( അയാൾ കോവിഡ് ടെസ്റ്റ് നടത്തി നെഗറ്റീവെന്ന് കണ്ടെത്തിയതാണ്) എന്തോ അസുഖത്തിന് ചികിൽസക്കായി പല ആശുപത്രിയിലും പോയി., തുടർന്നുള്ള ദിവസങ്ങളിൽ അദ്ദേഹം പല കടകളിലും ചന്ത മുക്കിലും,    എട്ട് കിലോ മീറ്റർ ദൂരത്തിലുള്ള കുന്നിക്കോട് എന്ന സ്ഥലത്ത്  ബേക്കറിയിലും പോയി. കാർന്നോർക്ക് രാത്രി ആയപ്പോൽ ചുമയും ശ്വാസം മുട്ടും കണ്ട് അയൽ വാസി കാറിൽ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ കൊണ്ട് പോകാനിട വന്നു. കോവിഡ് ഭീഷണി നില നിൽക്കുന്നതിനാലും സാഹചര്യങ്ങൾ മനസിലാക്കിയതിനാലും ചുമയും ശ്വാസം മുട്ടും  രോഗ ലക്ഷ്ണം കണ്ടതിനാലും സ്വകാര്യക്കാരൻ  പെട്ടെന്ന് മെഡിക്കൽ കോളേജിലേക്ക്  റഫർ ചെയ്തു.
അതിനോടൊപ്പം പുലമൺ ജങ്ഷനിലെ ഒരു മോബൈൽ കടക്കാരൻ (അദ്ദേഹം നീണ്ടകരയിൽ നിന്നും സ്കൂട്ടറിൽ കൊട്ടാരക്കരയിൽ ദിവസവും വന്ന് ജോലി ചെയ്യുന്നവനാൺ`) കോവിഡ് രോഗ ലക്ഷണം കണ്ടെത്തി ആശുപത്രിയിലായി.     രണ്ട് കേസുകൾ ഒരേസ്ഥലത്ത് കണ്ടെത്തിയപ്പോൽ  ഒട്ടും താമസമുണ്ടായില്ല,  കൊട്ടാരക്കരയിലെ മുനിസിപ്പാലിറ്റിയിലെ ചില വാർഡുകൾ നിരോധിത മേഖലയായി പ്രഖ്യാപിക്കപ്പെട്ടു, കർശനമായി കാര്യങ്ങൾ കൈ കാര്യം ചെയ്യാൻ തുടങ്ങി.മൊബൈൽ കടയിലെ മറ്റൊരു ജീവനക്കാരനെ നിരീക്ഷണത്തിലാക്കി, അയാൾ താമസിക്കുന്ന വീടുള്ള വാർഡും  നിയന്ത്രണത്തിലായി.
കർശനമായി കാര്യങ്ങൾ നിയന്ത്രിച്ചപ്പോൾ നിരത്തുകളെല്ലാം ജനശൂന്യമായി, കടകൾ അടക്കപ്പെട്ടു, വാഹനങ്ങൾ നിയന്ത്രിക്കപ്പെട്ടു,
രണ്ട് മാസം അടഞ്ഞ് കിടന്ന കടകൾ തുറന്ന് അൽപ്പ ദിവസമായി  കച്ചവടം നടന്ന് വരുന്നതേ ഉള്ളൂ. അപ്പോഴേക്കും വീണ്ടും ലോക് ഡൗണായി.
സംഭവങ്ങളുടെ അവസാനത്തിൽ ഇപ്പോൾ കേട്ടത്, കാർന്നോരുടെ സ്രവം പരിശോധനയിൽ നെഗറ്റീവാണത്രേ!( ശരിയോ എന്നറിയില്ല, പറഞ്ഞ് കേൾവിയാണ്) മൊബൈൽ കടക്കാരൻ ആശുപത്രിയിലാണ്.
ഇവിടെ ഈ സംഭവം കുറിച്ചത്, ഒന്നോ രണ്ടോ പേരുടെ അലക്ഷ്യം കൊണ്ട് ഒരു പ്രദേശമാകെ  സ്തംഭിച്ചു എന്ന് പറയാനാണ്. കുറേ ദിവസത്തേക്ക് ആൾക്കാർ  കൈകൾ കഴുകിയും അസുഖമുള്ളവർ വീട്ടിലിരുന്നും മുഖാവരണം അണിഞ്ഞും പൊതു സ്ഥലത്ത് ഇട പഴകിയാൽ ഒരു സമൂഹത്തെ ആകെ കഷ്ടതയിൽ പെടുത്താൻ ഇടയാകില്ല, എന്ന് സൂചിപ്പിക്കാനും കൂടിയാണ്.
ഓ! എനിക്കൊന്നുമില്ല, എന്ന  അമിത വിശ്വാസമാണ് പല കുഴപ്പങ്ങൾക്കും കാരണം.

Friday, July 3, 2020

65 വയസ്സിന് മുകളിൽ ഉള്ളവർ വീട്ടിലിരിക്കണോ?

പള്ളികളും ഇതര ദേവാലയങ്ങളും തുറന്നതിനെ തുടർന്ന് നിബന്ധനകൾ  ധാരാളമായുണ്ട് പ്രവേശനം ലഭിക്കാൻ.
അതിൽ പ്രധാനപ്പെട്ടത് 65 വയസ്സിനു മുകളിൽ ഉള്ളവർക്ക്  പ്രവേശനമില്ലാ എന്നാണ്.
ചെറുപ്പത്തിൽ അടിച്ച് പൊളിച്ച് ജീവിച്ചിട്ട് വയസ്സാകുമ്പോഴാണ് ലേശം ഭക്തിയൊക്കെ വരുന്നത്, അപ്പോഴാണ് ഒരു തടസ്സ നിയമം!!!
 മൂന്ന് മാസമായി വീട്ടിലിരുന്ന് വിളിച്ചപ്പോൾ  ദൈവം കേട്ടു എങ്കിൽ ഇനി അങ്ങോട്ടുള്ള സമയവും  കരുണാമയൻ പ്രാർത്ഥന കേട്ടോളും. സ്വന്തമായ അലംഭാവത്താൽ ദേവാലയത്തിൽ പോകാത്തതല്ലല്ലോ.  മനുഷ്യ നിർമ്മിതമായ നിയമങ്ങളാൽ തടയപ്പെട്ടതാണ് എന്നൊക്കെ സമാധാനിച്ച് കഴിയുക എന്നതാണ് 65 ന് മുകളിലുള്ളവർക്ക് കരണീയമായ ഏക വഴി.
അല്ലെങ്കിൽ എനിക്ക് 58 വയസ്സേ ഉള്ളൂ എന്ന്  കളവായി ബോധിപ്പിക്കുകയോ എഴുതിക്കൊടുക്കുകയോ ചെയ്യുക, ജനന സർട്ടിഫിക്കേറ്റ് കൊണ്ട് വരാൻ ആവശ്യപ്പെടാൻ തക്കവിധം ഇത് ഗുരുതര നിയമ പ്രശ്നമൊന്നുമല്ല താനും. പക്ഷേ മുകളിലിരിക്കുന്ന വലിയ കണക്ക്കാരൻ  കള്ളം പറഞ്ഞ് പ്രവേശനം വാങ്ങിയാൽ കർശനമായി മൈനസ് മാർക്കിട്ട് തരും, ഒരു സംശയവും വേണ്ട, അവിടന്ന് കളവ് പറയുന്നത് ഇഷ്ടപ്പെടുന്നില്ല.
പക്ഷേ ഈ വിഷയത്തിൽ ഒരു യുക്തിഭംഗം ഉണ്ട്. ചെറുപ്പക്കാരേക്കാളും അരോഗദൃഡഗാത്രരായ 65ന് മുകളിലുള്ളവർ ധാരാളമുണ്ട്. ചെറുപ്പക്കാർ രണ്ട് തുള്ളി മഴവെള്ളം തലയിൽ വീണാൽ പിറ്റേന്ന് ചീറ്റിയും തുമ്മിയും ചുമച്ചും  നടക്കുമ്പോൾ മഴ മുഴുവൻ കൊണ്ടാലും ഊങ്ഹൂം ഒരു കുഴപ്പവുമില്ലാത്ത  മൂപ്പിൽസ് ധാരാളമുണ്ട്. അത് കൊണ്ടല്ലേ ഈ സാധനങ്ങൾ ഇപ്പോഴും ചക്കക്കുരു പോലെ ഇരിക്കുന്നത്.
 പ്രായമായവർക്ക് രോഗ പ്രതിരോധ ശക്തി കുറവാണെന്നും അവർക്ക് പെട്ടെന്ന് രോഗം ബാധിക്കുമെന്നും ഏതോ അപ്പോത്തിക്കിരി പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ്, വീട്ടിലിരുന്നാൽ മതി മൂപ്പിൽസേ! എന്ന് ഈ  നിയമം എഴുതി ഉണ്ടാക്കിയവന് ബോധം ഇറങ്ങി വന്നത്.
രോഗ പ്രതിരോധ ശക്തി ഇല്ലാത്തവർ ഏത് പ്രായക്കാരായാലും രോഗം പെട്ടെന്ന് ബാധിക്കും.
ഇവിടെ എന്താണ് സത്യസന്ധമായ വസ്തുത എന്ന് നോക്കാം.  ഒരു പ്രായമെത്തുമ്പോൾ ജീവിത ശൈലി രോഗം ബാധിച്ച് അത് പ്രമേഹം, രക്ത സമ്മർദ്ദം, മുതലായ വേഷത്തിൽ  പ്രകടമാകും അതിന് ചികിൽസയും നടക്കും.  ആ രോഗങ്ങൾ ഉള്ളവർ പെട്ടെന്ന് പകർച്ചവ്യാധിക്ക് ഇരയാകുകയും ചെയ്യും. പക്ഷേ ഈ അവസ്ഥ പ്രായമാകാത്തവർക്കും സംഭവിക്കാം, പക്ഷേ  അവർക്ക് നിയമ തടസ്സമൊന്നുമില്ല. ഇത് വിവേചനമാണ്, ബുദ്ധിശൂന്യതയാണ്.
വേണ്ടത് ഇതാണ് രോഗം ബാധിച്ചവർ അവർ ഏത് പ്രായത്തിലുള്ളവരായാലും സ്വയമേ തന്നെ  സാമൂഹ്യ അകലം  പാലിക്കുക.
അപ്പോൾ ഇപ്പോഴുള്ള നിയമത്തിൽ ഒരു വാക്ക് കൂടി ചേർത്താൽ എല്ലാം ശരിയാകും, 65 വയസ്സിനു മുകളിലുള്ള  ”രോഗബാധിതരും ചികിൽസയിലിരിക്കുന്നവരും” ദേവാലയങ്ങളിലും പൊതു ഇടങ്ങളിലും  പങ്കെടുക്കരുത് എന്ന് തിരുത്തിയാൽ  അതൊരു നീതിയായേനെ.

Monday, June 29, 2020

ആരാണ് ശമ്നാ കാസിം ?

ആരാണ് ശം നാ കാസിം ?
സ്വാതന്ത്രിയ സമര പോരാളിയാണോ?
ശാസ്ത്രജ്ഞയാണോ?
സമൂഹത്തിലെ വിവിധ വിഭാഗങ്ങളിൽ പ്രാഗൽഭ്യം കാണിച്ച ആളാണോ?
രാഷ്ട്രീയത്തിൽ ഉന്നത സ്ഥാനം വഹിക്കുന്ന വ്യക്തിയാണോ?
പൊതുപ്രവർത്തകയും സമൂഹ സേവനത്തിൽ എടുത്ത് പറയപ്പെടുന്ന കക്ഷിയാണോ?
ഇതൊന്നുമല്ല .അവർ സിനിമാ അഭിനേത്രി മാത്ര
മാണ്.
ഇതിപ്പോൾ ഇവിടെ പറയാൻ കാര്യം.... കുറേ ദിവസങ്ങളായി പത്ര താളുകളും ചാനൽ സമയങ്ങളും അവർക്ക് വേണ്ടി നീക്കി വെച്ചിരിക്കുന്നു, സിനിമായിൽ അഭിനയിച്ചാൽ മറ്റെല്ലാ സേവനരംഗങ്ങളേക്കാളും ഉന്നത ശ്രേണിയിലാകത്തക്ക വിധം മാനസിക വിഭ്രാന്തിയിലാണോ മലയാളികൾ.
അവരെ ബ്ളാക്ക് മെയിൽ ചെയ്യാൻ കുറേ പേർ ശ്രമിച്ചെന്നും അവരുടെ മാതാവും ബന്ധുക്കളും സമയോചിതമായി ഇടപെട്ടതോടെ പ്രതികൾ അറസ്റ്റിലാവുകയും മറ്റ് പല കേസുകളും ഇവർക്കെതിരെ ഉണ്ടായിട്ടുണ്ടെന്നും പറയപ്പെടുന്നു,
തീർച്ചയായും അപലപിക്കപ്പെടേണ്ട കുറ്റകൃത്യം, ആ കാര്യത്തിൽ ഒരു തർക്കവുമില്ല.
കഴിഞ്ഞ ദിവസം മാത്രുഭൂമി ചാനൽ ഈ കേസ് സംബന്ധമായി ഒരു പ്രത്യേക പരിപാടി അവതരിപ്പിച്ചു. ഒരു സ്ത്രീതന്നെയായിരുന്നു പരിപാടി മോഡറേറ്റ് ചെയ്തത്. അവരുടെ ഭാവപ്രകടനങ്ങൾ കുറ്റം സംശയാതീതമായി തെളിയിക്കപ്പെട്ടു കഴിഞ്ഞു എന്ന മട്ടിലായിരുന്നു. കോടതിയൊന്നും വേണ്ട ഇവർ തന്നെ വിധി പറഞ്ഞ് കഴിഞ്ഞു.
രണ്ട് അഭിഭാഷകരും ഒരു സിനിമാനടനും, ഒരു റിട്ടേഡ് എസ്,.പി.യും കൂട്ടിനുണ്ട്. അഭിഭാഷകരിൽ ഒരാൾ പ്രതിഭാഗത്തെ വക്കീലായിരുന്നു എന്നുള്ളതായിരുന്നു രസകരം. അയാളുടെ വാദം സി.സി.റ്റി.വി. എല്ലാം തെളിയിക്കുമെന്നാണ്. സിനിമാ നടന്റെ വിഡ്ഡിത്തം നിറഞ്ഞ പ്രതികരണം ഈ വക്കീലാണെങ്കിൽ പ്രതികൾ തീർച്ചയായും ശീക്ഷിക്കപ്പെടുമെന്ന്. അതായത് ആരെങ്കിലും മൂറിയിൽ സി.സി.റ്റി.വി വെക്കുമോ എന്ന ഭയങ്കര കണ്ട് പിടുത്തവും നടൻ നടത്തി. മുറിയിലല്ല, അല്ല, അല്ല എന്ന് പ്രതിവക്കീൽ വിക്കി വിക്കി പറയുന്നെങ്കിലും എവിടെ ഏശാൻ.
കുറ്റ ചാർജ് ഫയൽ ചെയ്യാത്ത കേസിൽ പ്രതിഭാഗം പോയിന്റുകൾ പരസ്യമായി വിളിച്ച് പറഞ്ഞാൽ ചാർജ് ഫയൽ ചെയ്യുമ്പോൾ പോലീസ്ആ പഴുതുകൾ അടക്കുമെന്ന് ആ അഭിഭാഷകന് അറിയില്ലായിരുന്നോ? റ്റി.വി.യിൽ മുഖം കാണിക്കണമെന്ന് ആഗ്രഹമായിരിക്കും പാവത്താനെ ഈ വിഡ്ഡി വേഷം കെട്ടാൻ പ്രേരിപ്പിച്ചത്. അഭിഭാഷക പണിക്ക് തന്നെ നാണക്കേടുണ്ടാക്കുന്ന ഒരു പരിപാടിയായിരുന്നു അത്. അന്തസ്സുള്ള ഒരു വക്കീൽ ആയിരുന്നെങ്കിൽ ആ നടന്റെ മുഖത്ത് നോക്കി “തന്റെ ജോലി താൻ ചെയ്താൽ മതി “ എന്ന് പറഞ്ഞേനെ.
നമുക്ക് ആ പ്രശ്നം മാറ്റി വെക്കാം. ഇവിടെ ഈ കുറിപ്പുകൾ മുകളിൽ കാണീച്ച ചാനൽ പ്രകടനം സംബന്ധിച്ചല്ല എന്ന് പറഞ്ഞ് വെക്കുന്നു.
ഈ നാട്ടിൽ സമൂഹത്തിൽ പ്രസിദ്ധിയില്ലാത്തതും നിർദ്ധനരായവരുമായ എത്രയോ സ്ത്രീകൾ അപമാനിക്കപ്പെടുകയും പീഡിപ്പിക്കപ്പെടുകയും ചെയ്യുന്ന വാർത്തകൾ പത്രത്തിന്റെ ഒരു മൂലയിൽ നാലഞ്ച് വരികളിലെ വാർത്തയായി ഒതുക്കപ്പെടുമ്പോൾ ശം നാ കാസിമെന്ന ഈ സ്ത്രീയെ തട്ടിപ്പിനിരയാക്കിയെന്ന വാർത്തയ്ക്ക് മാത്രം ഇത്രത്തോളം പ്രാധാന്യം കൊടുത്ത് സജീവമായി നില നിർത്താൻ മാത്രം അവരുടെ പ്രാധാന്യം സിനിമാ നടി എന്നത് മാത്രമാണ് എന്നുള്ളിടത്ത് നാം അത്രത്തോളം സിനിമാ ഭ്രാന്ത് പിടിച്ചവരായി പോയോ എന്നുള്ളതാണ്.
അതിന് ശേഷം ഉണ്ടായ കേസ് ആരോപണമൊന്നും കൂട്ടി വായിക്കേണ്ടതില്ല. അത് എത്രയോ ദിവസങ്ങൾക്ക് ശേഷമാണ് പോലീസ് പൊക്കി കൊണ്ട് വന്നത്. അതിനിയും ധാരാളം കേസുകൾ ഉണ്ടാകും.
സമൂഹത്തിൽ നിസ്സഹായരായ ശബ്ദമില്ലാത്ത മനുഷ്യരുടെ രോദനങ്ങൾ അത് സ്ത്രീ ആയാലും പുരുഷനായാലും അപ്രസക്തമാക്കുന്നതിന്റെ പ്രതിഷേധമായും സിനിമാ നടിയായാലും പാവപ്പെട്ട ഒരു പെൺകുട്ടിയായാലും തട്ടിപ്പിനിരയായാൽ ഒരേ കാഴ്ചപ്പാടായിരിക്കണമെന്ന അഭിപ്രായമായും ഈ കുറിപ്പുകൾ കണക്കിലെടുക്കുക.

Tuesday, June 23, 2020

ഈ ഇരുണ്ട കാലം എന്ന് മാറും?

ആരോടെങ്കിലും കുശലം പറഞ്ഞിരിക്കാൻ കൊതിയാകുന്നു.
വേഗത്തിൽ കറങ്ങി കൊണ്ടിരുന്ന ഒരു യന്ത്രം പെട്ടെന്ന് നിലച്ചത് പോലുള്ള ഒരു വീർപ്പ് മുട്ട്.
അലക്ഷ്യമായി കേട്ടിരുന്ന ഫോൺ ബെല്ല് ഇപ്പോൾ കേൾക്കുമ്പോൾ തന്നെ പോയി എടുത്ത് സന്തോഷത്തോടെ സംസാരിക്കുന്നു.
ഇന്ന് സന്ധ്യാ നേരം എന്റെ ഉറ്റ സ്നേഹിതനും ബന്ധുവും ജമാത്ത് പ്രസിഡന്റുമായ സലീം മറ്റൊരു കാര്യത്തിനായി എന്നെ കാണാൻ വന്നപ്പോൾ എത്ര നേരം സംസാരിച്ചിരുന്നിട്ടും മതിയാകാത്തത് പോലെ തോന്നൽ.
കുറച്ച് കാലമായി ഇതാണ് അനുഭവം. ആരെയും കാണാൻ കഴിയാത്ത, ഇഷ്ടമുള്ളിടത്ത് പോകാൻ കഴിയാത്ത, ദൂരത്തിലുള്ള സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യാൻ കഴിയാത്ത, ബന്ധുക്കളുമായി ഇടപഴകാൻ കഴിയാത്ത, കോരിചൊരിയുന്ന മഴയത്ത് ആ മഴയുടെ എല്ലാ ആസ്വാദ്യതയും അനുഭവിച്ച് ദൂരെ ദൂരെ കാണുന്ന കുന്നും പുറങ്ങൾ പെരുമഴയത്ത് കുളിച്ച് നിൽക്കുന്ന കാഴ്ച കാണാൻ കഴിയാത്ത സൗഹൃദങ്ങൾ വീണ്ടും വീണ്ടും പുതുക്കാൻ കഴിയാത്ത ഓരോ ദിവസവും വർദ്ധിച്ച് വരുന്ന കോവിഡ് രോഗ ബാധയുടെ എണ്ണം കണ്ട് പരിഭ്രമിച്ചിരിക്കുന്ന ആവർത്തന വിരസമായ കോവിഡ് കാലം.
ഈ ഇരുണ്ട കാലം മാറി വെളിച്ചത്തിന്റെയും പ്രത്യാശയുടെയും പൊൻ കിരണങ്ങൾ വിരിയുന്ന സമാധാനം നിറഞ്ഞ ദിനങ്ങൾ എന്നാണ് വന്നണയുക.

Thursday, June 18, 2020

1962ലെ ഇന്ത്യയല്ല ഇന്ന്....

പഞ്ചശീല ഉടമ്പടി ചൈനീസ് പ്രധാനമന്ത്രി ചൗ എൻ ലായിയുമായി ഒപ്പിടുകയും വെള്ള പ്രാവുകളെ ആകാശത്തേക്ക് പറത്തുകയും ചെയ്ത് കഴിഞ്ഞപ്പോൾ പണ്ഡിറ്റ് ജവഹാർലാൽ നെഹ്രുവിന്റെ നേത്രുത്വത്തിലുള്ള സർക്കാർ കരുതി മാന്യന്മാർ ഒപ്പിട്ട് ലോകത്തെ ബോധിപ്പിച്ച ഈ പ്രമാണത്തിന്റെ അന്തസ്സത്ത ഉൾക്കൊണ്ട് ചൈനാക്കാർ നല്ല അയൽക്കാരായിരിക്കുമെന്ന്. ആ വിശ്വാസ്ത്താൽ അതിർത്തിയിൽ അന്ന് വലിയ ശ്രദ്ധ ഒന്നും കൊടുത്തിരുന്നില്ല. പക്ഷേ ഒരു ഭാഗത്ത് സമാധാന ചർച്ച നടക്കുമ്പോൾ മറുഭാഗത്ത് ആയുധത്തിന്റെ മൂർച്ച കൂട്ടുകയായിരുന്നു ചൈനാക്കാർ. അവർ അന്നും ഇന്നും അങ്ങിനെ തന്നെയാണ് സ്വന്തം കാര്യം തന്നെയാണ് അവർക്ക് മുഖ്യം. അങ്ങിനെ1962ൽ എല്ലാ ഉടമ്പടികളും പഞ്ചശീല തത്വങ്ങളും കാറ്റിൽ പറത്തി, “അവർ അവരുടേതെന്ന് പറയപ്പെടുന്ന സ്ഥലത്തേക്ക്“ ഇരച്ച് കയറി. 1947ൽ ബ്രിട്ടീഷ്കാർ വിട്ട് പോയപ്പോൾ ഉണ്ടായിരുന്ന മോഡൽ ആയുധങ്ങളുമായി അതിർത്തി കാത്തിരുന്ന ഇന്ത്യൻ സൈനികരെ ആക്രമിച്ച് ഒരുപാട് ദുരന്തങ്ങൾ വരുത്തി വെച്ചു. അന്ന് റേഡിയോയിൽ കേട്ടിരുന്ന ഒരു സ്ഥിരം വാചകമായിരുന്നു ഇന്ത്യൻ സൈന്യം വിജയ പൂർവം പിൻ മാറി“ എന്ന്. കൊടിയ തണുപ്പിൽ മരണമടഞ്ഞിരുന്ന സൈനികരും ധാരാളം. തണുപ്പിനെ നേരിടാനുള്ള പ്രതിരോധങ്ങളോ പരിശീലനങ്ങളോ അന്ന് അവർക്കില്ലായിരുന്നുവല്ലോ. വി.കെ.ക്രിഷ്ണ മേനോനൻ ആയിരുന്നു അന്നത്തെ യുദ്ധകാര്യമന്ത്രിയെന്ന് തോന്നുന്നു. ഏതായാലും ആ യുദ്ധത്തിന് ശേഷം മേനോൻ രാജിവെച്ചെന്നാണ് ഓർമ്മ.
ഇന്ത്യ കരുതി ഇരുന്നു, വേണ്ട ആധുനിക ആയുധങ്ങളും പരിശീലനം ലഭിച്ച സൈനികരുമായി, ശത്രുവിനെ നേരിടാൻ. 1965ൽ അതിന് അവസരം ലഭിച്ചു. പക്ഷേ ശത്രു മാറി പോയിരുന്നു. അന്ന് നമ്മുടെ സൈന്യ ബലത്തിന്റെ മികവ് അനുഭവിച്ചത്, പാക്കിസ്ഥാൻ സൈന്യം ആയിരുന്നു. പാക്കിസ്ഥാനുമായുള്ള 1965ലെ യുദ്ധത്തിൽ ഇന്ത്യൻ സൈന്യം പാക്കിസ്ഥാനിലേക്ക് ഇരച്ച് കയറി. പാക്കിസ്ഥാന് പകരം ചൈനയെയായിരുന്നു അന്ന് നേരിട്ടതെങ്കിൽ ചൈനാക്കാർ അന്ന് മനസ്സിലാക്കിയേനെ ഇന്ത്യൻ സൈന്യത്തിന്റെ ഉയിർത്തെഴുന്നേൽപ്പ്.
ഇപ്പോൾ ചൈനാ പഴയ സ്വഭാവം പുറത്തെടുത്തു. സമാധാന ചർച്ചയുടെ മറ പറ്റി അതിക്രമം കാണിക്കാൻ തുടങ്ങിയിരിക്കുന്നു. 1962ലെ ഇന്ത്യൻ സൈന്യമല്ല 2020ലെ സൈന്യമെന്ന് അവർക്ക് ബോധ്യമാകണമെങ്കിൽ സമാധാന ചർച്ച ഒരു വശത്ത് തുടരുകയും മറുവശത്ത് ആക്രമണം നടത്തുകയാണ് അവരുടെ സ്വാഭാവമെന്ന് തിരിച്ചറിഞ്ഞ് ചുട്ട മറുപടി കൊടുക്കുകയാണ് വേണ്ടത്.