Monday, May 23, 2011

അബുവിന്റെ മുന്‍ഗാമി

"ആദമിന്റെ മകന്‍ അബു " മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടു. സലീം കുമാറിന് അവാര്‍ഡും ലഭിച്ചു. നല്ല ചിത്രത്തിനും ഒരു നടന്റെ അഭിനയ മികവിനു ലഭിച്ച അംഗീകാരത്തിനും പക്ഷാന്തരമില്ല; സമ്മതിക്കുന്നു. മാത്രമല്ല സാധാരണ ഈ വക അവാര്‍ഡുകള്‍ പ്രാഖ്യാപിക്കുമ്പോള്‍ തര്‍ക്കവും ബഹളവും സാധാരണമായിരുന്നു; പക്ഷേ ഈ വര്‍ഷം അങ്ങിനെ ഒരു കോണില്‍ നിന്നും അല്‍പ്പം പോലും വിമര്‍ശം ഉണ്ടായില്ലാ എന്നും എടുത്ത് പറയേണ്ടതുമാണ്.

പക്ഷേ അവാര്‍ഡിനെയും ചിത്രത്തിന്റെ കഥയേയും പറ്റിയുള്ള പത്രവാര്‍ത്തകളിലൂടെ കണ്ണോടിച്ചപ്പോള്‍ ഈ ചിത്രത്തിന്റെ കഥയുടെ പുതുമ പലരും എടുത്തു പറഞ്ഞു. സിനിമ ഇതുവരെ പുറത്തു വരാത്തതിനാല്‍ കഥയുടെ പൂര്‍ണ രൂപം നമുക്ക് വിവരിക്കാനാവില്ലെങ്കിലും പത്രങ്ങളില്‍ നിന്നും മനസിലാക്കാനായതിന്റെ ഏകദേശ രൂപം ഇപ്രകാരമാണു:-

അത്തറും, വിശുദ്ധ ഗ്രന്ഥങ്ങളും വിറ്റ് ഉപജീവനം നടത്തുന്ന ഒരു സാധുവാണ് കഥാനായകനായ അബു. വിശ്വാസിയായ ഏതൊരു മുസ്ലിമിനെയും പോലെ അയാളുടെ ജീവിത അഭിലാഷം പരിശുദ്ധ മക്കാ--മദീനാ ദര്‍ശനമാണ്. ഉറുമ്പ് അരിമണികള്‍ ശേഖരിക്കുന്നത് പോലെ തന്റെ അല്‍പ്പ വരുമാനത്തില്‍ നിന്നും ഈ പുണ്യ യാത്രക്കായി അയാള്‍ മിച്ചം പിടിക്കാന്‍ ശ്രമിക്കുന്നു. എന്നിട്ടും ആവശ്യമുള്ള തുകയുടെ അയലത്തെത്താന്‍ പോലും അയാള്‍ക്ക് സാധിക്കുന്നില്ല. ഒടുവില്‍ വീട്ടു മുറ്റത്തെ വൃക്ഷം മുറിച്ചു വിറ്റ് തുക തികക്കാന്‍ അയാള്‍ ശ്രമിക്കുന്നെങ്കിലും അതും ഏതോ കാരണത്താല്‍ ( ചിത്രം കാണാന്‍ കഴിയാത്തതിനാല്‍ വിശദ വിവരങ്ങള്‍ അറിയില്ല)വിഫലമാകുന്നു. പക്ഷേ അയാള്‍ ഒരു സത്യം മനസിലാക്കുന്നു. വൃക്ഷത്തിനും ദൈവം നല്‍കുന്ന ജീവന്‍ ഉണ്ട്, അതില്‍ കൂടു വെച്ചു കഴിയുന്ന പറവകള്‍ക്ക് വൃക്ഷം മുറിക്കുന്നതോടെ സ്വന്തം ഗേഹം നഷ്ടമാകുന്നു. അത് ദൈവത്തിന് നിരക്കാത്ത കാര്യമാണ് അതു കൊണ്ടായിരിക്കാം തനിക്ക് തന്റെ പുണ്യ യാത്ര തരപ്പെടാതെ പോയതു.... കഥയില്‍ ഉടനീളം പു ണ്യ സ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്നത് ജീവിത അഭിലാഷമായി കാണുന്ന ഒരു സാധുവിന്റെ കഷ്ടപ്പാടുകളുടെ കാഴ്ചകളാണ് നിറഞ്ഞു നില്‍ക്കുന്നത്. അരി മണി പോലെ ശേഖരിച്ച് ഉണ്ടാക്കിയ സമ്പാദ്യം അവസാനം ഉപയോഗിക്കാനാകാതെ വരുക... ഹജ്ജ് യാത്ര ,ജീവിത ലക്ഷ്യമായി കണ്ട് ജീവിക്കുന്ന ഒരു സാധുവിന്റെ കഥ അഭ്രപാളിയില്‍ ആദ്യമാണെന്ന് ഒരു പത്രത്തില്‍ ഞാന്‍ വായിച്ചു. അവിടെയാണ് എനിക്ക് വിയോജിപ്പ്; അത് കൊണ്ടു തന്നെയാണു ഈ കുറിപ്പുകള്‍ പിറവി കൊണ്ടതും.

ഹജ്ജ് തീര്‍ത്ഥാടനം ജീവിത അഭിലാഷമായി കണ്ട് തന്റെ തുഛ വരുമാനത്തില്‍ നിന്നും ഹജ്ജ് യാത്രക്കായി പണം സ്വരൂപിക്കുക എന്ന ആശയം അടങ്ങിയ കഥ മലയാള സിനിമയില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് അവതരിപ്പിച്ചിട്ടുണ്ടായിരുന്നു. വളരെ പഴയ ഒരു മലയാള ചിത്രത്തില്‍. ആദാമിന്റെ മകന്‍ അബുവിന്റെ കഥ മേല്പറഞ്ഞ ചിത്രം പകര്‍ത്തിയതാണെന്ന് എനിക്ക് അഭിപ്രായമില്ല. സംവിധായകന്‍ ഈ തീം വര്‍ഷങ്ങളായി മനസില്‍ കൊണ്ടു നടന്നതാണെന്നും ഞാന്‍ എവിടെയോ വായിച്ചു. അദ്ദേഹം ഞാന്‍ പറഞ്ഞ പഴയ മലയാള ചിത്രം കണ്ടിരിക്കാന്‍ ഒരു സാധ്യതയും ഇല്ലാ എന്നും ഞാന്‍ സമ്മതിക്കുന്നു. പക്ഷേ ആശയത്തിന്റെ പുതുമ മാത്രം അവകാശപ്പെടരുതു എന്ന് മാത്രം.

ഞാന്‍ പറഞ്ഞ പഴയ മലയാള സിനിമയുടെ പേരു:-
കണ്ടം ബെച്ച കോട്ട്” അതിലെ നായകന്റെ പേരു മമ്മദ്, അദ്ദേഹം ഒരു ചെരിപ്പ് കുത്തിയാണു. പഴയ നടന്‍ മുത്തയ്യാ ആണ് ഈ കഥാപാത്രത്തെ അവതരിപ്പിച്ചത്. മറ്റൊരു നായകന്‍ പ്രേം നവാസ്. തിക്കുറിശ്ശി സുകുമാരന്‍ നായര്‍, അംബിക, നെല്ലിക്കോടു ഭാസ്കരന്‍, തുടങ്ങി അന്നത്തെ പ്രഗല്‍ഭരായ എല്ലാ താരങ്ങളും അണി നിരന്ന ഈ ചിത്രത്തിന് മറ്റൊരു പ്രത്യേകതയും ഉണ്ട്. മലയാളത്തിലെ ആദ്യ മുഴുനീള കളര്‍ ചിത്രമായിരുന്നു കണ്ടം ബെച്ച കോട്ട്. ഇതിന്റെ സിനിമാ നോട്ടീസ് ഹെലി കോപ്റ്ററില്‍ വിതരണം ചെയ്തു എന്നൊക്കെ അന്ന് പരസ്യം ഉണ്ടായിരുന്നതായി ഓര്‍ക്കുന്നു. അന്ന് ഈ കുറിപ്പ്കാരന്റെ വളരെ ചെറുപ്പത്തിലായിരുന്നു ഈ ചിത്രം വന്നതെങ്കിലും അതിലെ പാട്ടുകള്‍ ഇന്നും ഓര്‍മയില്‍ നില്‍ക്കുന്നു. അതിലെ ഒരു തമാശ പാട്ടാണു:- “കണ്ടം ബെച്ചൊരു കോട്ടാണ്, പണ്ടേ കിട്ടിയ കോട്ടാണ് , മമ്മദ് കാക്കായുടെ കോട്ടാണ്, ഇദ് നാട്ടില്‍ മുഴുവന്‍ പാ...ട്ടാ...ണ്...“ ഈ പാട്ടിന്റെ താഴെ പറയുന്ന വരികള്‍ പാടിയപ്പോള്‍ കൊട്ടകയില്‍ ഗംഭീരമായ കയ്യടി ഉയര്‍ന്നതും എന്റെ ബാല്യ കാല സ്മരണയില്‍ തെളിഞ്ഞ് നില്‍ക്കുന്നു.” തൊഴിലാളികളെ കൊള്ള അടിക്കണ മുതലാളികളുടെ കോട്ടല്ലാ..കഷ്ടത പെരുകിയ സാധു ജനങ്ങളുടെ കണ്ണീരൊപ്പണ കോ..ട്ടാ...ണ്....”

ഈ സിനിമയിലെ കഥ ഇപ്രകാരമാണ്. മമ്മദ് കാക്കാ ഒരു പാവം ചെരിപ്പ്കുത്തിയാണ്. ശരിക്കും ഒരു വിശ്വാസിയും കൂടിആണ് അദ്ദേഹം. ആരെയും സഹായിക്കും, അവരുടെ ദു:ഖത്തില്‍ പങ്ക് ചേരും. അദ്ദേഹത്തിന്റെ ഏക അഭിലാഷം മക്കാ-മദീനാ ദര്‍ശനം മാത്രം. അതിനായി ആ പാവം അശ്രാന്തം പരിശ്രമിക്കുന്നുമുണ്ട്. അരിഷ്ടിച്ചു ജീവിക്കുന്ന ആ സാധുവിന്റെ വസ്ത്രം ഒരു പഴയ കോട്ടാണ്. ആ കോട്ട് നിറയെ കണ്ടം വെച്ചിട്ടുമുണ്ട്. കീറി പോകുന്നിടം തുണി വെച്ചു കണ്ടം വെക്കുന്നു എന്നാണ് നാട്ടുകാര്‍ ധരിച്ചിരുന്നത്. പക്ഷേ അരിമണികള്‍ ശേഖരിക്കുന്നത് പോലെ തന്റെ മക്കാ യാത്രക്കായി മിച്ചം വെക്കുന്ന ചില്ലറ തുക കോട്ടില്‍ വെച്ചു അദ്ദേഹം തുന്നി പിടിപിക്കുകയായിരുന്നു എന്ന വിവരം അവസാനമാണ് വെളിപ്പെടുന്നതു. ഒരു പാവം പെണ്‍കുട്ടിയുടെ വിവാഹം, സ്ത്രീധനം പറഞ്ഞ സമയത്ത് കൊടുക്കാന്‍ കഴിഞ്ഞില്ല എന്ന കാരണത്താല്‍ വരന്റെ പിതാവ് ഹാജിയാര്‍ കല്യാണ പന്തലില്‍ നിര്‍ത്തി വെപ്പിച്ചപ്പോള്‍ പെണ്‍കുട്ടിയുമായി യാതൊരു ബന്ധവുമില്ലാത്ത സാധു ചെരിപ്പുകുത്തിയായ മമ്മദ് കാക്കാ ഹാജിയാരുടെ കാലു പിടിച്ചു യാചിച്ചിട്ടും ആ മനുഷ്യന്‍ വഴങ്ങാതിരുന്ന സന്ദര്‍ഭത്തില്‍ കല്യാണ പന്തലില്‍ നാട്ടുകാരുടെ മുമ്പില്‍ വെച്ചു തന്റെ പഴയ കോട്ടില്‍ തുന്നി പിടിപ്പിച്ചിരുന്നതും തന്റെ ജീവിത ലക്ഷ്യമായ പരിശുദ്ധ ഹജ്ജ് കര്‍മ്മത്തിനായി ശേഖരിച്ചിരുന്നതുമായ നോട്ടുകള്‍ “ഇന്നാ പിടിച്ചോ"
എന്നും പറഞ്ഞു ഹാജിയാരുടെ മുഖത്തേക്ക് എറിഞ്ഞു കൊടുത്ത് ആ കല്യാണം അദ്ദേഹം നടത്തി. ഒരു പെണ്‍കുട്ടിയുടെ കണ്ണീര്‍ മാറ്റുന്നതാണ് താന്‍ ഹജ്ജിനു പോകുന്നതിനേക്കാളും പടച്ചവന്‍ ഇഷ്ടപ്പെടുന്നത് എന്നായിരുന്നു മമ്മത് കാക്കയുടെ ആ സന്ദര്‍ഭത്തിലെ അഭിപ്രായം. പുതിയ സിനിമയിലെ പ്രമേയവും ഹജ്ജിനു പോകുന്നത് ജീവിത അഭിലാഷമായി കാണുന്ന ഒരു സാധുവിന്റെ യാത്രാ ചിലവു സമാഹരണവും അവസാനം അതിനു സാധിക്കാതെ വരുന്നതുമാണ് . അതു കൊണ്ടാണ് ആദാമിന്റെ മകന്‍ അബുവിന്റെ കഥയിലെ ഹജ്ജ് യാത്രാ പ്രമേയം മുമ്പ് അവതരിക്കപ്പെട്ടതാണ് എന്ന് ഞാന്‍ പറഞ്ഞതും.

ഈ ചിത്രത്തിന്റെ സംവിധായകന്റെ കഴിവിനെ ഇകഴ്ത്തി കാട്ടാനോ അദ്ദേഹം അറിഞ്ഞു കൊണ്ട് ഈ പ്രമേയം പകര്‍ത്തി എന്നോ എനിക്ക് ഒരിക്കലും അഭിപ്രായമില്ലാ എന്നുകൂടി പറഞ്ഞു കൊള്ളട്ടെ.

Wednesday, May 18, 2011

എന്റെ എല്ലാം പോയി മോളെ!

ചിത്രത്തില്‍ കാണുന്ന മാന്യ ദേഹത്തെ കൊല്ലം കരിക്കോട് ഡോക്റ്റര്‍ ലത്തീഫ് സാഹിബിന്റെ ആശുപത്രിയില്‍ കൊണ്ടു പോയി സുന്നത്ത് അടിയന്തിരം നടത്തി കൊണ്ടു വന്നു കിടത്തിയിരിക്കുകയാണ്. സുന്നത്ത് നടത്തിയ ഭാഗം തുണി തട്ടാതിരിക്കാന്‍ ചിത്രത്തില്‍ കാണുന്ന വിധം കൂടാരം മോഡലില്‍ ഒരു തുണി കെട്ടുകയാണ് പലയിടത്തും പതിവ്. നഗ്നത മറയാനുള്ള മറയായും അത്യാവശ്യത്തിന് പുതക്കാനും എളുപ്പത്തില്‍ മുറിവ് പരിശോധിക്കാനും ഈ കൂടാര സംവിധാനം ഉപകാരപ്പെടുന്നു എന്ന് മാത്രമല്ല സുന്നത്ത് കല്യാണത്തിന്റെ പ്രതീകം കൂടിയാണ് ഈ കൂടാരം എന്നറിയുക.ഇവിടെ കഥാപുരുഷനെ (അദ്ദേഹത്തെ പറ്റി അറിയാന്‍ ഇവിടെയും പിന്നെ അവിടെയും ഞെക്കുക) അവന്റെ പ്രായത്തിലുള്ള കൂട്ടുകാര്‍ എന്തോ എല്ലാം പറഞ്ഞു ഭയപ്പെടുത്തിയിരുന്നതിനാല്‍ കട്ടിലിന് താഴെ ഒളിച്ചിരുന്ന ടിയാനെ അല്‍പ്പം ബലം പ്രയോഗിച്ചാണ് സംഭവ സ്ഥലത്ത് കൊണ്ട് പോയത്.“സംഗതി” മുറിച്ചു മാറ്റുമെന്ന് ഒരാളും നല്ല വണ്ണം കരഞ്ഞില്ലെങ്കില്‍ തുടയില്‍ നുള്ളി കരയിക്കുമെന്നു മറ്റൊരു കൂട്ടുകാരനും പറഞ്ഞു ഭയപ്പെടുത്തിയപ്പോല്‍ “ഒന്നുമില്ല വെറും ഉറുമ്പ് കടിക്കുന്ന വേദനയേ ഉണ്ടാകൂ“ എന്ന് വേറൊരു അനുഭവജ്ഞന്‍ അദ്ദേഹത്തെ സമാധാനിപ്പിച്ചു. ഏതായാലും അയാള്‍ വിരളുകയും കട്ടിലിനടിയില്‍ അഭയം തേടുകയും തുടര്‍ന്നുള്ള വീട്ടുകാരുടെ അന്വേഷണത്തില്‍ പുള്ളിയെ കണ്ടെത്തി കസ്റ്റഡിയില്‍ എടുത്ത് ആശുപത്രിയില്‍ എത്തിച്ച് കാര്യം നടത്തുകയും ചെയ്തു.

ആശുപത്രി യില്‍ നടത്തുന്ന സുന്നത്ത് കര്‍മത്തില്‍ “ സംഗതി“ മരവിപ്പിച്ച് ചെയ്യുന്ന ഏര്‍പ്പാട് ഉള്ളതിനാല്‍ പണ്ടത്തെ പോലെ ഇരയുടെ വിളിച്ച് കൂവലും “എന്റുപ്പോ എന്നെ രക്ഷിക്കണേ... ” “എന്റുമ്മോ ഓടി വായേയ്” “ എടാ ഒസാനേ അറാമ്പെറന്നോനേ എന്നെ വിടെടാ ഹമുക്കേ” എന്നുള്ള അലമുറകളും ഇന്ന് കേല്‍ക്കാനില്ല.( ഒസാന്‍ =മുസ്ലിം സമുദായത്തിലെ ക്ഷുരകവൃത്തിയും സുന്നത്ത് അടിയന്തിരവും നടത്തുന്ന ആള്‍. ഇപ്പോള്‍ ഞങ്ങളുടെ നാട്ടില്‍ ആ വംശം കുറ്റി അറ്റ് പോയി. അവശേഷിക്കുന്നവര്‍ ഇപ്പോള്‍ ഡോക്റ്ററന്മാരും എഞ്ചിനീയറന്മാരും മറ്റുമാണ്. അതിനാല്‍ സുന്നത്ത് അടിയന്തിരം നടത്താന്‍ ആശുപത്രികളെ അഭയം പ്രാപിക്കുകയാണ് ഇപ്പോള്‍ പതിവ്)
നമ്മുടെ കഥപാത്രം പ്രതീക്ഷിച്ചത് പോലെ സുന്നത്ത് നടന്നപ്പോള്‍ വേദനയോ നീറ്റലോ ഒന്നും ടിയാന്അനുഭവപ്പെട്ടില്ല. എന്നിട്ടും അദ്ദേഹത്തിന്റെ പരിഭ്രമത്തിന് ഒട്ടും കുറവുണ്ടായില്ല. തിരിച്ച് വീട്ടിലേക്കുള്ള യാത്രയില്‍ ഇടക്കിടക്ക്”സംഗതി”യിലേക്ക് കുനിഞ്ഞു നോക്കി ഞങ്ങളുടെ നേരെ നോക്കി വിമ്മുകയും അകാശത്തിലേക്ക് രണ്ടു കൈ പൊക്കി “ഇനി എന്ത് ഗതി “ എന്ന് മട്ടില്‍ കേഴുകയും ചെയ്തപ്പോള്‍ ഞങ്ങള്‍ സമാധാനപ്പെടുത്തിയെങ്കിലും അദ്ദേഹത്തിന്റെ ആശങ്കക്ക് യാതൊരു കുറവും ഉള്ളതായി അനുഭവപ്പെട്ടില്ല.
വീട്ടിലെത്തി ചേര്‍ന്ന് കഴിഞ്ഞു ചിത്രത്തില്‍ കാണിച്ച കൂടാരത്തിനകത്ത് അദ്ദേഹത്തെ കിടത്തിയപ്പോള്‍ കുടുംബാംഗങ്ങള്‍ ഓരോരുത്തരായി “പുയ്യാപ്ലയെ” കാണാന്‍ വന്നു പല തമാശകളും പറഞ്ഞുവെങ്കിലും പക്ഷേ മൂപ്പരുടെ സങ്കട ഭാവം അങ്ങിനെ തന്നെ നില നിന്നു. . അപ്പോഴാണ് മൂന്ന് മാസം പ്രായമുള്ള അദ്ദേഹത്തിന്റെ ഇളയ സഹോദരിയെ ( ഇവിടെ ഞെക്കിയാല്‍ ആ മഹതിയെ കാണാം) കൊണ്ടു വന്നു ഇക്കായെ കാണിച്ചത്. അതുവരെ ഇക്കാ പിടിച്ച് നിര്‍ത്തിയിരുന്ന സങ്കടമെല്ലാം സഹോദരിയെ കണ്ടപ്പോള്‍ പൊട്ടി ഒലിച്ച് പുറത്ത് ചാടി.”പോയി മോളേ .... ഇക്കാടെ എല്ലാം പോയി മോളേ, .... ഇക്കാ ഇനി എങ്ങിനെ മൂത്രിക്കും മോളേ..ഏ...ഏ...ഏ...” ഇക്കാ കൊച്ചനിയത്തിയെ നോക്കികേണു.
അപ്പോള്‍ അതായിരുന്നു കാരണം. അദ്ദേഹം ആശുപത്രിയില്‍ പോകുന്നതിന് മുമ്പ് ഉണ്ടായിരുന്ന “സംഗതി”ക്ക് ഒരു ബാന്‍ഡേജിനാല്‍ രൂപ ഭേദം വന്നിരിക്കുന്നതിനാല്‍ എങ്ങിനെ മൂത്രം ഒഴിക്കും എന്നതായിരുന്നു അദ്ദേഹത്തിനെ അലട്ടിയ പ്രശ്നം. കക്ഷിയെ സമാധാനപ്പെടുത്താന്‍ അദ്ദേഹത്തിന്റെ പ്രായത്തില്‍ സീനിയേഴ്സ്സും മുന്‍ അനുഭവക്കാരുമായ താരങ്ങളെ ഞങ്ങള്‍ നിയോഗിച്ചു.അതില്‍ ഒരുവന്‍ (ആ മാന്യന്‍ റാവുത്തര്‍ സമുദായക്കാരനും അദ്ദേഹത്തിന്റെ വീട്ടില്‍ തമിഴ് സംസാരിക്കുന്ന ആളുമാണ്) പറഞ്ഞതാവിത്:-” നാനും കറഞ്ഞെടാ.. പുഞ്ഞാണി കണ്ടിച്ചപ്പം.... സാദനം പാര്‍ത്തപ്പം നാനും ബയന്ത്...കറഞ്ഞ്...എപ്പടി ആയിരുന്ത സാധനത്തെ ഇപ്പടി ആക്കിവിട്ടേനെടാ മഹാ പാപികളേ... എന്ന്. അതുക്കപ്പുറം ബയം പോച്ച്...സാദനം സെറി ആയി വന്ത്.. ഇപ്പോ ഒരു കുളപ്പോം ഇല്ലൈ.... ഇത്രയും കേട്ടപ്പോള്‍ ഇടവപ്പാതിയില്‍ വെയില്‍ ഉദിച്ചത് പോലെ ഞങ്ങളുടെ അദ്ദേഹത്തിന്റെ മുഖത്ത് ചിരി പരക്കുന്നത് ഞങ്ങള്‍ കണ്ടു.

ഈ കരച്ചിലും ഭയവും എല്ലാം കേവലം അല്‍പ്പ ദിവസങ്ങളില്‍ മാത്രം. അഞ്ചാം ദിവസം പേരക്കാപറിക്കാന്‍ പേര മരത്തില്‍ കയറിയ പുയ്യാപ്ലയെ താഴെ ഇറക്കാന്‍ വടിയുമായി നില്‍ക്കുന്ന അവന്റെഉമ്മായുടെ കഷ്ടപ്പാടു കാണേണ്ടത് തന്നെ ആയിരുന്നു.

പിന്‍ കുറി:- കൂടുതല്‍ സുന്നത്ത് വാര്‍ത്തകള്‍ക്ക് ഇവിടെ ഞെക്കുക

Friday, May 13, 2011

ഒരു അപകടവും കുറെ ചിന്തകളും




അതിവേഗതയില്‍ കറങ്ങിക്കൊണ്ടിരുന്ന ഒരു യന്ത്രം അടുത്ത നിമിഷം നിലച്ചു പോയതു പോലെയായി കാര്യങ്ങള്‍ എന്ന് എനിക്ക് തോന്നി.

എത്ര തിരക്ക് ഉണ്ടായാലും ഈ ചെറു നഗരത്തില്‍ കാല്‍ നട വാഹനമേ ഞാന്‍ ഉപയോഗിക്കൂ. അതൊരു ശീലമായി പോയി. സമയ കൃത്യത പാലിക്കേണ്ടി വന്നാല്‍ മാത്രം എണ്ണ ഒഴിച്ച് ചലിപ്പിക്കുന്ന വാഹനത്തെ ആശ്രയിക്കും. അത് ചലിപ്പിക്കാന്‍ ഉള്ള അനുമതി പത്രം ബന്ധപ്പെട്ട വകുപ്പ് എനിക്ക് നല്‍കുന്നതിന് മുമ്പ് നടന്ന പരീക്ഷയില്‍ ഇരു ചക്രവും നാലു ചക്രവും ഞാന്‍ ഉരുട്ടി കാണിച്ചതല്ലാതെ പിന്നെ ഒരിക്കല്‍ പോലും ആ വക അലുകുലുത്ത് പണിക്കൊന്നും ഞാന്‍ മിനക്കെടാറില്ല. അതിനാല്‍ അടിയന്തിര ഘട്ടങ്ങളില്‍ വണ്ടി ഉരുട്ടാന്‍ ആരെയെങ്കിലും ആശ്രയിക്കേണ്ടി വന്നു.

അപ്രകാരം ഒഴിച്ച് കൂട്ടാനാവാത്ത ഒരു അടിയന്തിര ഘട്ടത്തില്‍ മറ്റൊരാളുടെ ഇരു ചക്ര വാഹനത്തിന്റെപുറകില്‍ ഇരിപ്പുറപ്പിച്ച ഞാന്‍ കാലുകള്‍ ഉറപ്പിക്കേണ്ട ഇടങ്ങളില്‍ ഉറപ്പിക്കാതെ അത് അങ്ങിനെ നീട്ടിപിടിച്ച് ഇരുന്നു കൊടുത്തു. പുറകില്‍ ഇരിക്കുന്ന ആളോടുള്ള ബഹുമാനത്താലും സ്നേഹത്താലും നിരത്തില്‍ കണ്ട ഒരു കുഴിയില്‍ ചാടിച്ച് ഉണ്ടായേക്കാവുന്ന കുതിര സവാരി സുഖം ഒഴിവാക്കാനായി സാരഥി , വാഹനം നിരത്തിന്റെ അരിക് ചേര്‍ന്ന് പായിച്ചപ്പോള്‍ നിരത്തിന്റെ അരികില്‍പിഴുതു കിടന്ന ഒരു അതിര്‍ത്തി കല്ലില്‍ പുറകില്‍ ഇരുന്ന ഈയുള്ളവന്റെ നീട്ടി വെച്ച കാല്‍ പാദം ശക്തിയായി ഉമ്മ വെക്കുകയും തുടര്‍ന്ന് കല്ലും കാലും തമ്മിലുള്ള സംഘട്ടന ബലത്താല്‍ കാല്‍ വെക്കാന്‍ ഉപയോഗിക്കുന്ന ഇരുമ്പ് ചവിട്ടിയില്‍ പാദത്തിന്റെ മുകള്‍ ഭാഗവും കാലും തമ്മില്‍ ചേരുന്നസന്ധി ഭാഗം ശക്തിയായി വന്നിടിക്കുകയും ചെയ്തു. ഇതൊന്നും അറിയാതെ വാഹനം നിയന്ത്രിച്ചിരുന്ന ആളോടു “ ഒരു ചെറിയ തട്ട് കിട്ടി മോനേ!“ എന്ന് മാത്രം പറഞ്ഞതിനാല്‍ ഉദ്ദിഷ്ട സ്ഥലത്ത്എത്തിക്കഴിഞ്ഞതിന് ശേഷമാണ് വാഹനം നിന്നതു. വാഹനത്തില്‍ നിന്നിറങ്ങിയപ്പോള്‍ പരമ സുഖവുംസുന്ദരവുമായ വേദനയും. ശറ്..റ്... എന്ന ചോര ഒലിക്കുന്നു. തുടര്‍ന്ന് ആശുപത്രി ഗമനം., ...കാലിന്റെ ചിത്രംഎടുപ്പ്.
എല്ല് പൊട്ടിയില്ല പക്ഷേ കാലിന്റെ സന്ധി ഭാഗം എല്ലും ഞരമ്പും ചതഞ്ഞു എന്നും അനങ്ങിയാല്‍ ആപത്ത് ആണെന്നും പരിപൂര്‍ണമായി നിശ്ചലത ആവശ്യമാണെന്നും , ഭിഷഗ്വരന്റെ അഭിപ്രായവും കര്‍ശനമായനിര്‍ദ്ദേശവും ശിരസാ വഹിച്ച് വീട്ടുകാര്‍ എന്നെ ബലമായി കിടത്തിയിട്ടു.

“അവിടെ കിടക്ക്...ഓട്ടം...ഓട്ടം... എന്തൊരു സ്പീഡ്....അവിടെ കിട...“ ഭാര്യയും മക്കളും ഏകസ്വരത്തില്‍ മുദ്രാ വാക്യം മുഴക്കി.

ഈ അവസ്ഥക്കാണ് ഞാന്‍ ഈ കുറിപ്പിന്റെ ആദ്യം പറഞ്ഞ ഉപമ പ്രയോഗിച്ചത്. അതി വേഗത്തില്‍കറങ്ങിക്കൊണ്ടിരുന്ന ഒരു യന്ത്രം അടുത്ത നിമിഷം നിശ്ചലമാകുക, അതായി എന്റെ ഗതി. പ്രാഥമികആവശ്യങ്ങള്‍ക്ക് പോലും മറ്റുള്ളവരെ ആശ്രയിക്കുക. മുറ്റത്ത് വെയിലും നിഴലും ഒളിച്ചു കളിക്കുന്നത് കാണാന്‍കഴിയായ്ക, പ്രഭാത സവാരിയിലൂടെ എനിക്ക് ലഭ്യമായിരുന്ന ഗ്രാമീണ ദര്‍ശനം അപ്രാപ്യമാകുക. ആരോടും ഒന്നും പറയാനാകാതെ ദിവസങ്ങള്‍ കൊഴിഞ്ഞു വീഴുക. ഒരേ കിടപ്പ്. ഞാന്‍പുസ്തകങ്ങളിലേക്ക് തിരിഞ്ഞു. ആടു ജീവിതവും(ബെന്യാമിന്‍ ) , കൊച്ചു കൊച്ചു കാര്യങ്ങളുടെ ഉടയതമ്പുരാനും(അരുന്ധതീ റോയ്), ഒരു കടലോര ഗ്രാമത്തിന്റെ കഥ(തോപ്പില്‍ മുഹമ്മദ് മീരാന്‍ )യും (രവിമേനോന്റെ )എങ്ങിനെ നാം മറക്കും, പിന്നെ കയ്യില്‍ കിട്ടിയതു എല്ലാം വീണ്ടും വീണ്ടും വായിച്ചു. എന്നിട്ടുംസമയം ബാക്കി.വിരസതയുടെ ആ നിമിഷങ്ങളില്‍ പുറം ലോകവുമായി ഞാന്‍ ബന്ധപ്പെട്ടത് ശ്രവണ ഭാഷണ സഹായിയില്‍ കൂടി മാത്രം. (മൊബൈല്‍ ഫോണ്‍ എന്ന് കുട്ടികളുടെ ഭാഷ്യം) കൊട്ടോട്ടിയും ഹാഷിമും പിന്നെ പലരും എന്നെ വിളിച്ചു കൊണ്ടേ ഇരുന്നു.
ഇതിനിടയില്‍ രണ്ട് തവണ കുട്ടികള്‍ എല്ലാവരും ചേര്‍ന്ന് വീണ്ടും ഭിഷഗ്വരനെ കാണിക്കാന്‍ എന്നെ കൊണ്ട് പോയി. കാര്യങ്ങള്‍ പുരോഗമിക്കുന്നു എന്ന് അദ്ദേഹംഅഭിപ്രായപ്പെടുകയും എനിക്ക് ഏറ്റവും അഹിതമായ ഔഷധങ്ങള്‍ (ആന്റി ബയോട്ടിക്ക് എന്ന്ആംഗലേയം) വീണ്ടും വിഴുങ്ങാന്‍ കല്‍പ്പിക്കുകയും ചെയ്തു.

അങ്ങിനെ വിരസതയുടെ നിമിഷങ്ങളിലൂടെ, ദിവസങ്ങളിലൂടെ , ഞാന്‍ ഊളിയിട്ടു പോകവേ എന്റെ ഉള്ളില്‍ ഒരു വെളിച്ചം ഉണ്ടായി. ആ വെളിച്ചത്തില്‍ ‍ ഞാന്‍ അന്തം വിട്ടു. എന്റെ മുറിവുകള്‍‍ ഏറ്റവും നിസാരമായിഎനിക്കനുഭപ്പെട്ടു. ഈ പരിക്കുകള്‍ വലുതായി കണ്ടിരുന്നഎന്റെ കുടുംബാംഗങ്ങളോട് എനിക്ക് അരിശംതോന്നി. എന്നോടു തന്നെയും എനിക്ക് പുശ്ചം തോന്നി. ഛേ! കേവലം ദിവസങ്ങള്‍ ‍ മാത്രം ഇങ്ങിനെ അനങ്ങാതെകിടന്നപ്പോള്‍ ‍ എനിക്ക് എത്രമാത്രംവിരസത അനുഭവപ്പെട്ടു. എന്റെ ഹാറൂണ്‍ ‍ ഭായി(ഒരു നുറുങ്ങു), എസ്.എം. സാദിഖ്, റഈസ്, കുന്നിക്കോട്ടുകാരന്‍ ഷംനാദ്, സുരേന്ദ്രന്‍ , കോട്ടയത്ത്കാരന്‍ ‍ ഷാജി, അങ്ങിനെ എത്രയോപേര്‍‍. ജീവിതത്തിന്റെ നല്ല നിമിഷങ്ങള്‍ ചലന ശേഷി ഇല്ലാതെ കഴിച്ചു കൂട്ടുന്നവര്‍. ഇവിടെ ഒരുചെറിയമുറിവുമായി കുറച്ച് ദിവസം കിടന്നപ്പോള്‍ എന്റെ പ്രിയം നിറഞ്ഞ സുഹൃത്തുക്കളേ ! എന്താണ് നിങ്ങള്‍ അനുഭവിച്ചു കൊണ്ടിരിക്കുന്നത് എന്ന് ഞാന്‍ തിരിച്ചറിയുന്നു. എന്റെ പ്രിയഹാറൂണ്‍ ‍ സാഹിബ്, അന്ന് ഞാന്‍ താങ്കളെ കാണാന്‍ വന്നപ്പോള്‍ കുളി പൂര്‍ത്തിയാക്കി വരാന്‍ എടുത്ത സമയം ഞാന്‍ ‍ കാത്തിരുന്നതിന് ക്ഷമപറഞ്ഞതിനോടൊപ്പം താങ്കള്‍ ഒരു തമാശപറഞ്ഞത് അന്ന് ഞാന്‍ ‍ ആസ്വദിച്ചെങ്കിലും ഇന്ന് ആ തമാശയില്‍ അടങ്ങിയിരുന്ന വേദന ‍ ഞാന്‍ മനസിലാക്കുന്നു. എന്നിട്ടും എത്ര ലഘുവായാണ് താങ്കള്‍ ജീവിതത്തെ അഭിമുഖീകരിക്കുന്നത്.

എന്റെ പ്രിയ റ ഈസ് , ഫോണിലൂടെയുള്ള താങ്കളുടെ സംഭാഷണത്തില്‍ നിറഞ്ഞു നിന്ന ആത്മ ധൈര്യം ഞാന്‍ ഇപ്പോള്‍ മാനിക്കുന്നു.

തുഞ്ചന്‍ ‍ പറമ്പില്‍ ‍ വെച്ച് എന്റെ പ്രിയ സാദിക്ക് ബാത്ത് റൂമില്‍ നിന്ന് താങ്കളുടെ ചക്രകസേര ഞങ്ങള്‍ പൊക്കി കടത്തി വിട്ടപ്പോള്‍ ‍ താങ്കള്‍ അവലംബിച്ച മനോധൈര്യത്തിന്റെ ആഴം ഞാന്‍ ‍ ഇപ്പോള്‍ മനസിലാക്കുന്നു..

എന്റെഎത്രയോ സഹോദരങ്ങള്‍ ‍ ഇപ്രകാരം പ്രതിസന്ധികളെ അഭിമുഖീകരിക്കുന്നു.. എല്ലാം ഇപ്പോള്‍ എനിക്ക് തിരിച്ചറിയാന്‍ ‍ കഴിയുന്നു. ഒരു പക്ഷേ എന്റെ ഈതിരിച്ചറിവിന് വേണ്ടി ആയിരിക്കാം എനിക്ക് ഇപ്പോള്‍ ‍ ഈ പരിക്ക് സംഭവിച്ചത്.

എല്ലാം അറിയുന്നവന്‍ അണുവിലും അണ്ഡകടാഹത്തിലും നിറഞ്ഞു നില്ക്കുന്ന ആ ശക്തി മാത്രം.

ഈ തിരിച്ചറിവിനാല്‍ ‍ എനിക്കുണ്ടായ മനോധൈര്യം എന്റെ അസുഖത്തെ എനിക്ക് ലഘുവാക്കി തോന്നിച്ചു. ഇതാ എന്റെ കുടുംബാംഗങ്ങളുടെ എതിര്‍പ്പ് അവഗണിച്ച്, ഭാര്യയുടെ മുഖം വീര്‍പ്പിക്കല്‍ ‍ ശ്രദ്ധിക്കാതെ, കമ്പ്യൂട്ടര്‍ ‍ ഇരിക്കുന്ന ഈ ഭാഗത്തേക്ക് എന്റെ തിരിച്ചറിവ്എന്നെ കൊണ്ടെത്തിച്ചു.

എന്റെ ചിന്തകള്‍ ‍ ഉടനെ തന്നെ നിങ്ങളുമായിപങ്ക് വെക്കുവാനായി....... ‍ ‍

‍ മനസിലാക്കുക ! നമ്മിലേക്ക് മാത്രം നാം ഒതുങ്ങാതെ വല്ലപ്പോഴും നമ്മുടെ സഹോദരങ്ങളിലേക്കും നമ്മുടെ കണ്ണുകളെ അഴിച്ചു വിടുക. ആ നിരീക്ഷണങ്ങളില്‍ നിന്നും നമുക്ക് കിട്ടുന്ന പാഠം നമ്മുടെ ജീവിതത്തിലുണ്ടാകുന്ന പ്രതിസന്ധികളെ നേരിടാന്‍ നമ്മെ സഹായിക്കും. മാത്രമല്ല നമ്മിലെ ഞാനെന്ന ഭാവത്തേയും നമ്മിലെ അഹങ്കാരത്തെയും ഇല്ലാതാക്കുകയും ചെയ്യും.

Friday, April 29, 2011

ഓമനത്തിങ്കള്‍ കിടാവോ



ഓമന തിങ്കള്‍കിടാവോ പാടി , പാടി നിന്നെ ഞാന്‍ ഉറക്കാം......

ഞങ്ങളുടെ കുടുംബത്തിലെ പുതിയ അംഗം.

പേരു :-സഫാ.
പ്രായം
:- 67 ദിവസം.

നിങ്ങളുടെ പ്രാര്‍ത്ഥനകള്‍ക്കായി ഇവളെ ഞാന്‍ പരിചയപ്പെടുത്തുന്നു.

Saturday, April 23, 2011

തുഞ്ചൻപറമ്പിലെ രാത്രി


സന്ധ്യയുടെ ചെന്തുടിപ്പ് മാഞ്ഞു കഴിഞ്ഞ് തുഞ്ചന്‍ പറമ്പില്‍ ഇരുള്‍ പരന്ന് തുടങ്ങിയ നേരം മണലില്‍ എന്തെല്ലാമോ ചിന്തകള്‍ മനസില്‍ ചുമന്ന് ഞാന്‍ ഏകനായി നിന്നു. അല്‍പ്പം ദൂരെ ഞങ്ങളുടെ രാത്രി വിശ്രമ കേന്ദ്രമായ ഡോര്‍ മിറ്റിന്റെ വാതിലില്‍ കൂടിയുള്ള വെളിച്ചം മുറ്റത്ത് ഒരു ചതുര പ്രകാശം സൃഷ്ടിച്ചു. അവിടെ ബ്ലോഗെര്‍ കായംകുളം സ്വദേശി എസ്.എം. സാദിഖ് തന്റെ വീല്‍ ചെയറില്‍ കരയിക്കാന്‍ എത്ര ശ്രമിച്ചിട്ടും ശ്രമത്തില്‍ പരാജയമടഞ്ഞ വിധിയുടെ നേരെ പുഞ്ചിരിച്ചു കൊണ്ടിരിക്കുന്നു.
തുഞ്ചന്‍ പറമ്പ് നിശബ്ദമാണ്. മാനത്ത് അമ്പിളി തെളിഞ്ഞു നിന്നു.
നിലാവും നിഴലും ഒളിച്ചു കളിക്കുന്ന പറമ്പില്‍ മാനത്തേക്ക് കണ്ണും നട്ട് നിന്ന എന്റെ ഉള്ളില്‍ നൂറ്റാണ്ട്കള്‍ക്ക് മുമ്പ് അവിടെ താമസിച്ച് തന്റെ പൈങ്കിളിയെ കൊണ്ട് കവിത പാടിച്ച ഭാഷാ പിതാവിന്റെ ഓര്‍മ അലതല്ലി. അദ്ദേഹം പറമ്പിന്റെ ഏതെങ്കിലും ഭാഗത്ത് വീട് വെച്ച് ഇത് പോലെ നിശാരംഭത്തില്‍ നിലാവ് പരന്നപ്പോള്‍ മാനത്തേക്ക് കണ്ണും നട്ട് നിന്നിരിക്കാം. നില വിളക്കിന്റെയോ മറ്റേതെങ്കിലും ദീപത്തിന്റെയോ അരണ്ട വെളിച്ചത്തില്‍ അദ്ദേഹത്തിന്റെ കളത്രം തന്റെ കാന്തന്‍ വീടിനുള്ളിലേക്ക് വരുന്നത് പ്രതീക്ഷിച്ച് ഉമ്മറപ്പടിയില്‍ കാത്തിരുന്നിരിക്കാം. തന്റെ ആവാസ സ്ഥലം അനേകങ്ങള്‍ സന്ദര്‍ശിക്കുന്ന പുണ്യഭൂവായി മാറുമെന്ന് അദ്ദേഹം അന്ന് നിനച്ചിരുന്നുവോ?! നൂറ്റാണ്ടുകള്‍ക്ക് ശേഷം നാരായത്തിന് പകരം കൈവിരല്‍ കീ ബോര്‍ഡില്‍ പായിച്ച് അദ്ദേഹം സമുദ്ധരിച്ച ഭാഷയില്‍ സാഹിത്യ സൃഷ്ടി നടത്തുന്ന ഒരു പറ്റം ആള്‍ക്കാര്‍ തന്റെ പറമ്പില്‍ രാത്രി വന്ന് ചേക്കേറുമെന്നും അതില്‍ ഒരുവന്‍ അദ്ദേഹത്തിന്റെ സ്മരണയില്‍ മണലില്‍ ഇരുന്ന് തന്റെ ചിന്തകളെ ഇങ്ങിനെ കെട്ട് അയച്ച് വിടുമെന്നും അദ്ദേഹം അന്ന് സങ്കല്‍പ്പിച്ചു പോലും കാണില്ല. ഭൂതവും വര്‍ത്തമാനവും സന്ധിക്കുന്ന വക ചിന്താ വീചികളുമായി ഏകാന്തതയില്‍ കഴിഞ്ഞപ്പോള്‍ മനസ്സില്‍ എന്തെന്നില്ലാത്ത വിഷാദം പടര്‍ന്ന് കയറി. എന്താണ് ജീവിതത്തിന്റെ ഉദ്ദേശം ഒരു നാള്‍ ജനിക്കുന്നു ഒരു ദിവസം മരിക്കുന്നു. ഇതിനിടയില്‍ കുറേ വര്‍ഷങ്ങള്‍ ജീവിക്കുന്നു, പലതിലും ഭാഗഭാക്കായി. ഇതെന്തിന്, ആര്‍ക്ക് വേണ്ടി.
നിലാവും
ഏകാന്തതയും സമ്മേളിക്കുന്ന അവസ്ഥയില്‍ മനസ്സ് ഇങ്ങിനെ വിഷാദ ഭരിതമാകുന്ന അവസ്ഥ മുമ്പും എനിക്ക് ഉണ്ടായിട്ടുള്ളതിനാല്‍ അതിന്റെ പ്രതി വിധിയായ ആള്‍ക്കൂട്ടത്തിലേക്കുള്ള തിരിച്ച് പോക്കിനായി ഞാന്‍ ഡോര്‍ മിറ്റിലേക്ക് നടന്നു. നാളെ പുലര്‍ കാലത്ത് പതിവ് പോലെ എഴുന്നേല്‍ക്കണം. പതിവ് നടത്ത നാളെ തുഞ്ചന്‍ പറമ്പില്‍ ആകട്ടെ!

പ്രഭാതം ഇന്നലെ എന്റെ മനസില്‍ ഉണ്ടായ എല്ലാ ഗ്ലാനിയും തൂത്തെറിഞ്ഞു. പുലരി നല്‍കിയ ആഹ്ലാദം മനസിലേറ്റി ഞാന്‍ തുഞ്ചന്‍ പറമ്പിലൂടെ കറങ്ങി നടന്നു. അപ്പോള്‍ തോന്നി തുഞ്ചന്‍ പറമ്പിലെ പ്രഭാതം ചിത്രങ്ങളായി ബ്ലോഗില്‍ പോസ്റ്റ് ചെയ്യണമെന്നു. പ്രഭാതത്തിന്റെ അരണ്ട വെളീച്ചത്തില്‍ എന്റെ കൊച്ചു ക്യാമറായില്‍ ആവാഹിച്ച ചിത്രങ്ങള്‍ ഇതാ:-