Saturday, September 15, 2018

ഗുസ്തി പ്രേമം

വർഷങ്ങൾക്ക് മുമ്പ്  കേരളത്തിൽ പരക്കെ ഉണ്ടായിരുന്ന പ്രവണത  ഗുസ്തി മൽസരമായിരുന്നു. മലയാള സിനിമയുടെ ആധിക്യം ആരംഭിക്കുന്നതിന് മുമ്പ് വരെ  ഈ ഗുസ്തി പ്രേമം നാട്ടിൽ തുടർന്നിരുന്നു. മിന്നൽ മെയ്തീൻ കുഞ്ഞു,  പോളച്ചിറ രാമചന്ദ്രൻ, നെട്ടൂർ വിശ്വംഭരൻ, ആസാം ബഷീർ തുടങ്ങിയ നാടൻ ഫയൽവാന്മാരുടെ  പ്രകടന ങ്ങൾ കൂടാതെ  ഇമാം ബക്സ്, കൽക്കത്താ അബ്ദുൽ രസാക്ക് ഫയൽവാൻ  ഗാമ,  തുടങ്ങിയ ഉത്തരേന്ത്യൻ  ഇടിവെട്ട്  താരങ്ങളും കേരളത്തിൽ  അങ്ങോളമിങ്ങോളം ഗുസ്തി ഷോകൾ നടത്തി നാട്ടുകാരെ ത്രസിപ്പിച്ചിരുന്നു.  എന്റെ കുഞ്ഞു ചെറുപ്പത്തിൽ ആലപ്പുഴ കടപ്പുറത്ത്  ധാരാസിംഗും  കിംഗ് കോങ്ങുമായുള്ള ഒരു ഗുസ്തി മൽസരം വെച്ച് ദിവസം ഉച്ച കഴിഞ്ഞ്  പട്ടണത്തിൽ ഹർത്താലിന്റെ പ്രതീതി ജനിപ്പിച്ച്  തെരുവുകൾ വിജനമായിരുന്നു അന്ന് ഞങ്ങൾ കുട്ടികൾ  വാഹന ഭയമില്ലാതെ റോഡിലൂടെ നടന്നത് ഓർമ്മ വരുന്നു.  എല്ലാവരും ഗുസ്തി കാണാൻ കടപ്പുറത്ത് പോയി.
 ലങ്കോട്ടി കെട്ടിയ  ഫയൽ വാന്മാരുടെ  ചിത്രങ്ങൾ  അന്ന് കവലകൾ തോറും പ്രദർശിപ്പിക്കുകയും ചെയ്യും.
ഇപ്പോൾ ഗുസ്തി പ്രേമം നാട്ടിൽ ഇല്ലാതായി, ഫയൽ വാന്മാരും ഇല്ലാതായി.

Tuesday, September 11, 2018

നിയമം ദുരുപയോഗം ചെയ്യൽ

നിയമം മനുഷ്യന് വേണ്ടിയാണ് നിർമ്മിക്കപ്പെട്ടത്. മനുഷ്യൻ നിയമത്തിന് വേണ്ടി സൃഷ്ടിക്കപ്പെട്ടതല്ല. അത് കൊണ്ട് തന്നെ മനുഷ്യന് ഉപകാരപ്പെടത്തക്ക വിധം  നിയമം വ്യാഖ്യാനിക്കുകയും പ്രയോജനപ്പെടുത്തുകയും വേണം.  എങ്ങിനെ  നിയമം കൊണ്ട് മനുഷ്യനെ ഉപദ്രവിക്കാൻ സാധിക്കുമെന്ന്  പരീക്ഷിക്കാൻ നിയമം  സൃഷ്ടിക്കുന്നതിന്റെ പേര്  ജനദ്രോഹം എന്നാണ്.

രവന്യൂ വരുമാനം വർദ്ധിപ്പിക്കാൻ  സർക്കാർ കണ്ടെത്തിയ നിയമമാണ് ഒറ്റത്തവണ  കെട്ടിട നികുതി. ഒരു നിശ്ചിത അളവിനു മേലുള്ള  കെട്ടിടത്തിന് ഒരിക്കൽ മാത്രം നികുതി നൽകണം. അതിന്റെ നടപടി ആരംഭിക്കുന്നത് വില്ലേജ് ആഫീസിൽ നിന്നുമാണ്. വില്ലേജ് ആഫീസ് ജീവനക്കാരൻ  നമ്മുടെ വീട് നിർമ്മാണം പൂർത്തീകരിച്ചതിന് ശേഷം സ്ഥലത്തെത്തി  വീട് അളന്ന്  നിശ്ചിത നികുതി ചുമത്തുന്നു.  ഈ നികുതി അടച്ച്  രസീത് പഞ്ചായത്ത്/ മുനിസിപ്പാലിറ്റി/കോർപ്പറേഷനിൽ  ഹാജരാക്കിയാലേ അവിടെ നിന്നും  പൂർത്തിയാക്കിയ  വീടിന് സർട്ടിഫിക്കറ്റും വീട്ടു നംബറും ലഭിക്കൂ.

പക്ഷേ 250 സ്ക്വയർ മീറ്ററിന് മുകളിലുള്ള വീട്ന് വില്ലേജ് ആഫീസ് പരിശോധനക്ക് ശേഷം   താലൂക്ക് ഓഫീസിൽ നിന്നും ഡെപ്യൂട്ടി തഹസിൽദാർ വന്ന് വീണ്ടും അളന്ന് പരിശോധിക്കണം. വില്ലേജ് ആഫീസർ  ആദ്യ അളവിൽ എന്തെങ്കിലും കുരുത്തക്കേടുകൾ കാണിച്ചിട്ടുണ്ടെങ്കിലോ? അളവ് ശരിയാണോ എന്ന് ഡെപ്പിടി പരിശോധിച്ച് കഴിഞ്ഞേ സർട്ടിഫിക്കറ്റ് ലഭിക്കൂ.

ഇവിടെയാണ് നിയമം ഉപദ്രവമാകുന്നത്. 250 സ്ക്വയർ മീറ്ററിന് മുകളിൽ   മേലുദ്യോഗസ്ഥൻ പരിശോധിച്ചാലേ ശരിയാകൂ എങ്കിൽ  ആദ്യമേ  അതങ്ങ് ചെയ്തൂടേ? പിന്നെന്തിന് ആദ്യം വില്ലേജാഫീസറുടെ വഴിപാട് വെടി?

ഒരു സാധാരണക്കാരൻ   അവന്റെ 7 ദിവസമെങ്കിലും വില്ലേജ് ആഫീസിൽ കയറി ഇറങ്ങിയാലേ    വില്ലേജ്  മുതലാളി  അളവ് കോലുമായി വരുകയുള്ളൂ. അതിന് ശേഷം ഡെപ്പിടി വരണമെങ്കിൽ കുറഞ്ഞത് 10 ദിവസം താലൂക്ക് ഓഫീസ് കയറി ഇറങ്ങാൻ  വേണ്ടി വരും.

ഈ നിയമം ലഘൂകരിച്ച്  ആദ്യമെ തന്നെ 250 ന് മുകളിൽ ഡെപ്പിടി എന്ന് തീരുമാനിച്ചൂടേ? കുറഞ്ഞത് 7 ദിവസം സമയം    പൗരന്റെ പോക്കറ്റിൽ കിടക്കുമല്ലോ.

ഇവിടെ മനുഷ്യന് വേണ്ടി നിയമം സൃഷ്ടിച്ചതല്ല,  നിയമത്തിന് വേണ്ടി മനുഷ്യനെ സൃഷ്ടിക്കുകയാണ് ചെയ്തത്. അത് കൊണ്ട് തന്നെ  ഈ നടപടിക്രമം ജനദ്രോഹവുമാണ്.

Monday, September 10, 2018

സ്വർഗ രതി പ്രകൃതി വിരുദ്ധം തന്നെ.

ലൈംഗിക വികാരം ജീവികളിൽ പ്രകൃതി  സൃഷ്ടിച്ചത്  അത് വഴി പ്രജനനം നടക്കാനും അങ്ങിനെ എന്നെന്നേക്കും ജീവന്റെ നില നിൽപ്പ് തുടരുവാനുമാണ്.    സ്വ വർഗ  രതിയിൽ പ്രജനനം ഇല്ല,  അത് കൊണ്ട് തന്നെ അത് പ്രകൃതി വിരുദ്ധ വു മാണ്.  പ്രകൃതി  വൈരുദ്ധ്യത്തോട് വെറുപ്പും അറപ്പും  ഒഴിഞ്ഞ് വെപ്പും  സ്വാഭാവികമായി തന്നെ ഉണ്ടാകുന്നു.  ആരിലെങ്കിലും  ആ വിരുദ്ധത ഉണ്ടാകുന്നത്  രോഗമായി തന്നെ കാണണം. അല്ലാതെ പരമോന്നത കോടതി അത്  പൗരന്റെ    മൗലികാവകാശമാണെന്നും ന്യൂന പക്ഷത്തിന്റെ അവകാശം സംരക്ഷിക്കപ്പെടണമെന്നൊക്കെ പറഞ്ഞാൽ  പ്രകൃതി വിരുദ്ധതയോടുള്ള  വെറുപ്പ്  ഭൂരിപക്ഷത്തിന്റെ മനസിൽ നിന്നും ഒരിക്കലും  മാഞ്ഞ് പോവില്ല.

Monday, September 3, 2018

അച്ചായനും കാള വണ്ടിയും

കൊട്ടാരക്കരക്ക് സമീപമുള്ള നെല്ലിക്കുന്നം ഗ്രാമത്തിലെവിടെയോ    താമസിച്ചിരുന്ന അച്ചായൻ വീട്ടിലെത്തുമ്പോൾ രാത്രി പത്ത് മണി ആകുമെന്നുള്ള കഥ പണ്ട് ഞങ്ങൾ പറഞ്ഞ് ചിരിക്കുമായിരുന്നു. അച്ചായന് പൊതുമരാമത്ത് വകുപ്പിലെ ലാസ്റ്റ് ഗ്രേഡ്  ജോലി ഉണ്ടായിരുന്നു. വൈകുന്നേരം ആഫീസിൽ നിന്നുമിറങ്ങി  ചന്തയിൽ  പോയി  മീനും  വാങ്ങി വീട്ടിലേക്ക് തിരിക്കുന്ന അച്ചായൻ  അന്നത്തെ കാലത്തെ പതിവ്  ട്രാൻസ്പോർട്ടിംഗ് വാഹനമായ ഭാരം കയറ്റി വരുന്ന  കാള വണ്ടി കണ്ടാൽ വീട്ടിൽ പോകുന്ന കാര്യം മറന്ന്   പുറകിൽ നിന്ന്  വണ്ടി തള്ളി  കാളകളെ ഒരു കൈ സഹായിക്കും. കയറ്റം കയറുന്ന ആ  വണ്ടി  തള്ളി കടത്തി വിട്ട്  ഇറക്കത്തിലേക്ക് തിരിച്ച് വരുമ്പോഴാണ്  അടുത്ത വണ്ടിയും കാളകളെയും കാണുന്നത്. ഉടനെ ആ വണ്ടിയും തള്ളി കയറ്റം കടത്തി വിടുമത്രേ!. ഈ കാരണത്താലാണ് അച്ചായൻ  വീട്ടിൽ താമസിച്ച് ചെല്ലുന്നത് സഹജീവികളോട് കരുണകാട്ടുന്ന ഈ സർക്കാർ ജീവനക്കാരൻ  ആഫീസിൽ തന്നെ സമീപിക്കുന്ന പൊതു ജനങ്ങളോട് എത്ര കരുണയോടെ  പെരുമാറുമെന്ന് പറയേണ്ടതില്ലല്ലോ.
ഈ കഥ ഇപ്പോൾ പറയാൻ കാരണം കുറേ നാളുകളായി  ഞാനിപ്പോൾ  വിവിധ സർക്കാർ ആഫീസുകൾ കയറി ഇറങ്ങിക്കൊണ്ടിരിക്കുകയാണ്. കാരണം എന്റെ  മകന് ഒരു വീട് വെക്കാൻ തോന്നി.പല ചിട്ടികൾ പിടിച്ചും വീട്ടിലുണ്ടായിരുന്ന  പൊട്ടും പൊടിയും ആഭരണങ്ങൾ വിറ്റും  പരിചയമുള്ള ചില കടകളിൽ നിന്നും കടമായി സാധനങ്ങൾ എടുത്തും പൈസയുടെ അഭാവത്താൽ  പലപ്പോഴും പണികൾ നിർത്തിയും പിന്നെ തുടങ്ങിയും ഇഴഞ്ഞിഴഞ്ഞ് ഒരു വർഷം കൊണ്ട് ഒരു വിധത്തിൽ പൂർത്തീകരിച്ച് ബന്ധപ്പെട്ട അധികാരികളെ കൊണ്ട്  സർക്കാർ രേഖകളിൽ വീട് ഉൾക്ക്ക്കൊള്ളിക്കാനുള്ള ശ്രമത്തിലാണ് വിവിധ സർക്കാർ ആഫീസുകളിൽ കയറി ഇറങ്ങേണ്ടി വന്നത്.  ആ അനുഭവങ്ങൾ പിന്നീടെഴുതാം. ഈ ആഫീസുകളിലെ കയറി ഇറക്കത്തിൽ  ഞാൻ അനുഭവിച്ച പലതും  ഒരു ജീവനക്കാരനായിരുന്ന അതും വിവിധ തസ്തികകളിൽ 35 കൊല്ലം അനുഭവ സമ്പത്തുള്ള  എന്നെ ഞെട്ടിപ്പിക്കുന്നതായിരുന്നു എന്ന്  പറയേണ്ടി  വരുന്നു.  ഉദാരമായി സഹായിച്ചവർ ഇല്ലാതില്ല, പക്ഷേ കൂടുതലും നിസ്സംഗതയും നിഷ്ക്രിയതവും പലപ്പോഴും യാന്ത്രികതയും ആയിരുന്നു എന്ന് തന്നെ പറയേണ്ടി യിരിക്കുന്നു. നേരായ കാര്യത്തിനായി എന്റെമുമ്പിൽ വന്നിരുന്നവരെ എല്ലാ തരത്തിലും സഹായിച്ചിരുന്നവനാണ് ഞാൻ, എന്റെ സഹജീവികളിൽ ഭൂരി പക്ഷവും അപ്രകാരം തന്നെ ആയിരുന്നു.പക്ഷേ ഇന്നു ആ സേവന സന്നദ്ധത  കാണാനില്ല, അൽപ്പം ചിലരിലൊഴികെ.
 ഇന്നത്തെ ദിവസം  രണ്ടര മണിക്കൂർ ഒരു സർക്കാർ ആഫീസിൽ  ഭിത്തിയിൽ ചാരി നിന്നപ്പോൾ (പല ദിവസങ്ങളിലും ഇത് തന്നെ ഗതി) ഞാൻ ഈ കുറിപ്പിൽ ആദ്യം പറഞ്ഞ അച്ചായനെ ഓർത്തു.
സഹ ജീവിയോട് കരുണ കാണിക്കാനാണ് ആദ്യം ജീവനക്കാർക്ക് പരിശീലനം  നൽകേണ്ടത്. അല്ലാതെ  മാനുവൽ ഓഫ് ഓഫീസ് പ്രൊസീഡറും, കേരളാ സർവീസ് റൂളും  ഫൈനാൻഷ്യൽ കോഡും പരീക്ഷക്കിരുത്തുകയല്ല വേണ്ടത്. നിയമം ജനത്തിന് ഉപകാരമായ രീതിയിൽ വ്യാഖ്യാനിക്കണം ,അല്ലാതെ ഉപദ്രവിക്കാനായി വളച്ചൊടിക്കരുത്.

Sunday, August 26, 2018

തുലാ വർഷം വരുന്നു......

തെക്ക് പടിഞ്ഞാറൻ മൺസൂൺ കേരളത്തിൽ പ്രളയ ദുരന്തം നൽകിയതിന് ശേഷം  ഇപ്പോൾ വിട വാങ്ങിക്കൊണ്ടിരിക്കുന്നു, അണക്കെട്ടുകൾ നിറഞ്ഞാൽ  എന്തെല്ലാമാണ് മലയാള നാട്ടിൽ സംഭവിക്കുന്നതെന്ന്  ഏകദേശം ഒരു ധാരണ എല്ലാവരിലും ഉണ്ടായിട്ടുണ്ട്. അപ്രകാരം ഒരു അവസ്ഥ ഭാവിയിൽ ഉണ്ടായാൽ  എങ്ങിനെ നേരിടണമെന്ന് സർക്കാരിന് ബോദ്ധ്യമാവുകയും ചെയ്തു.
ഇനി  ഒക്ടോബറിൽ  വടക്ക്  നിന്നും  തുലാവർഷം എത്തും. സാധാരണയായി ഉരുൾ പൊട്ടലും അണ ക്കെട്ടുകൾ പെട്ടെന്ന് നിറയുന്നതും  തുലാ വർഷത്തിലാണ്   കണ്ട് വരുന്നത്.  കാല വർഷത്തിൽ സംഭവിച്ചത് പോലെ  അണക്കെട്ട് നിറയട്ടെ ...നിറയട്ടെ എന്നിട്ട് വെള്ളം പുറത്തേക്കൊഴുക്കാം  എന്ന ധാരണയിൽ ഇരുന്നിട്ട് അതിന്  സാവകാശം കിട്ടാതെ ഒന്നര മണിക്കൂർ മുമ്പ് പാതിരാത്രിയിൽ  മൈക്ക് അനൗൺസ്മെന്റ് നടത്തി  വെള്ളം തുറന്ന് വിട്ടാൽ സംഭവിക്കുന്നതും നാം കണ്ട് കഴിഞ്ഞു. അനുഭവങ്ങളാണ്  തിരിച്ചറിവ് നൽകുന്നത്. ആ അനുഭവങ്ങൾ ഉൾക്കൊണ്ട് കാലാവസ്ഥ  പ്രവചനത്തെ വിശ്വസിച്ച് ആവശ്യമെങ്കിൽ തുലാ വർഷ കാലത്ത് സമയാ സമയങ്ങളിൽ   അണക്കെട്ടുകളിലെ ജലം കുറേശ്ശെ പുറത്തേക്കൊഴുക്കാൻ  ബന്ധപ്പെട്ടവർ തയാറായാൽ  ദുരന്തത്തെ വഴി മാറ്റി വിടാൻ സാധിച്ചേക്കാം.
ഒഴുകി വരുന്ന ജലം എതിലെ പോകണം എന്ന് ജലത്തിന് ഇപ്പോഴും ഓർമ്മ ഉണ്ട്. അത് പണ്ടൊഴുകിയ ഇടത്തിൽ കൂടി തന്നെ ഇപ്പോഴും ഒഴുകും, കാരണം കേരളം കിഴക്ക് നിന്ന്പടിഞ്ഞാറേക്ക് ചരിഞ്ഞാണ്  സ്ഥിതി ചെയ്യുന്നത് എന്നതിനാലാണ്. അപ്പോൾ ജലം ഒഴുകി പോകേണ്ട ഇടം കയ്യേറിയാൽ കയ്യേറിയവരെ  ഒഴിപ്പിച്ചെടുത്ത് ജലം അതിന്റെ പാത സുഗമമാക്കും. അവിടെ എത്ര നിലകൾ കെട്ടിപ്പൊക്കിയാലും  ഒരു രക്ഷയുമില്ല, നിമിഷ നേരം കൊണ്ട് എല്ലാം കടപുഴുകുമെന്ന് നാം ലൈവായി  കണ്ട് കഴിഞ്ഞു.
ജനസംഖ്യ വർദ്ധിക്കുമ്പോൾ വസതികൾ ധാരാളമായി വേണ്ടി വരുമെന്നത് സ്വാഭാവികമാണ്. പക്ഷേ  ജല മാർഗത്തിൽ അല്ലെങ്കിൽ ഉരുൾ പൊട്ടൽ മേഖലയിൽ  വസതികൾ നിർമ്മിക്കുമ്പോൾ  വരാവുന്ന ഭീഷണി  മുൻ കൂട്ടി കണ്ട് കൊണ്ടുള്ള നിർമ്മാണമാണ് ആവശ്യം. ഭൂകമ്പ ഭീഷണി നിരന്തരം നേരിടുന്ന  ജപ്പാൻ ജനത ആ മേഖലയിൽ ദുരന്തം മുൻ കൂട്ടി കണ്ട് കൊണ്ടുള്ള വീടുകൾ  നിർമ്മിച്ച്  ഭീഷണിയെ അതി ജീവിക്കുന്നു. കേരളത്തിൽ  പ്രകൃതി ദുരന്തം സംഭവിക്കാവുന്ന മേഖലകളിൽ  അപ്രകാരമുള്ള വീട് നിർമ്മാണത്തിനെ പറ്റി  ചിന്തിക്കാൻ സമയമായി.