നവംബർ 23....ജീവിതത്തിൽ ഒരിക്കലും മറക്കാൻ കഴിയാത്ത തീയതി. അന്നാണ് വാപ്പാ ഞങ്ങളെ വിട്ട് പിരിഞ്ഞ് പോയത്.
വർഷങ്ങൾ എത്രയായി എന്നതല്ല, ഇനിയും എത്ര വർഷങ്ങൾ കഴിഞ്ഞാലും ആ വേർപാട് മനസ്സിൽ ഉണ്ടാക്കിയ വേദനക്ക് ശമനം ഉണ്ടാവില്ല എന്നതാണ് സത്യം. കാരണം ഞങ്ങൾക്ക് വേണ്ടി മാത്രം ജീവിച്ചപ്പോൾ സ്വന്തം കാര്യം നോക്കാൻ അദ്ദേഹം മറന്ന് പോയിരുന്നല്ലോ. ഏവർക്കും മാതൃകയായിരുന്നു അദ്ദേഹം, അത് കൊണ്ട് തന്നെ ആവശ്യപ്പെടാതെ തന്നെ മറ്റുള്ളവരാൽ ബഹുമാനിക്കപ്പെടുകയും ചെയ്തു. ജീവിതത്തിന്റെ തത്രപ്പാടിനാൽ വെറും കാലി ചായയും ചാർമിനാർ സിഗററ്റുമായി ചുരുങ്ങിയപ്പോൾ മാരകമായ ക്ഷയ രോഗം ബാധിക്കുന്നതിന് ഒരു തടസ്സവുമില്ലായിരുന്നു. ആ കാലത്തെ പാവപ്പെട്ടവരുടെ കൂട്ടുകാരനായ ക്ഷയ രോഗം അദ്ദേഹത്തെ കാർന്ന് തിന്നുമ്പോഴും ആവശ്യമായ പരിരക്ഷ നൽകാൻ ആർക്കും കഴിഞ്ഞില്ല. ആ കാലഘട്ടവും അപ്രകാരമായിരുന്നല്ലോ
ഒരു ഫോട്ടോ പോലും എടുക്കാൻ വാപ്പാ തുനിഞ്ഞില്ല, കാരണം ആ പൈസ്സാ മതിയായിരുന്നു അന്തിക്ക് കഞ്ഞി വെക്കാൻ അരി വാങ്ങുന്നതിന്. ഏതെങ്കിലും കല്യാണ ആൽബത്തിൽ വാപ്പായുടെ ഫോട്ടോ ഉണ്ടാകുമോ എന്ന് ഞാൻ തിരക്കി അലഞ്ഞു. ആ അലച്ചിൽ നിഷ്ഫലമായി. ഒരു ഫോട്ടോയും കിട്ടിയില്ല.
നീണ്ട വർഷങ്ങൾക്കിപ്പുറത്ത് നുന്ന് നോക്കുമ്പോൾ വേദനയോടെ മാത്രമേ വാപ്പായുടെ അവസാന ദിവസ്ങ്ങളെ പറ്റി ചിന്തിക്കാൻ കഴിയൂ. നിസ്സഹായതയുടെ ദിവസങ്ങൾ. എല്ലാം ഇന്നും കണ്ണിനു മുമ്പിൽ തെളിഞ്ഞ് വരുന്നു. ആലപ്പുഴ പടിഞ്ഞാറേ ജുമാ മസ്ജിദിന്റെ വെള്ള മണൽ പുത ച്ച ആ പറമ്പിൽ ഒരു അടയാള കല്ല് പോലും നാട്ടാനാവാതെ എവിടെയോ വാപ്പാ ഉറങ്ങുന്നു.
എന്നെ വായനയിലേക്കും എഴുത്തിലേക്കും നയിച്ച വാപ്പാ.
സമ്പത്തല്ല ആഡ്യത, തറവാടിത്വം എന്നത് നമ്മുടെ പെരുമാറ്റമാണ് എന്ന് സ്വന്തം ജീവിതം കൊണ്ട് പഠിപ്പിച്ച വാപ്പാ. അത് കൊണ്ട് തന്നെ വാപ്പായുടെ ശീലങ്ങൾ ഇന്നും എന്നെ പിൻ തുടരുന്നു.
കൊടിയ ദാരിദൃയത്തിൽ ആയിട്ട് പോലും മരിക്കാൻ നേരം ആകെ കടം 65 പൈസാ. അത് കൊടുത്ത് തീർക്കാൻ ഞങ്ങളെ ചുമതലപ്പെടുത്തി. കൂട്ടത്തിൽ ആലപ്പുഴ ലജനത്ത് ലൈബ്രറിയിൽ നിന്നും വായിക്കാൻ എടുത്ത രണ്ട് പുസ്തകങ്ങൾ ലജനത്തിന്റെ ഉദ്യോഗസ്ഥനായ അമാനിക്കായെ ഏൽപ്പിക്കാനുള്ള നിർദ്ദേശവും. തീർന്നു, ഒരു ജീവിതത്തിലെ വരവ് ചെലവ് കണക്കുകൾ.
ഈ നീണ്ട വർഷങ്ങൾക്ക് ശേഷവും വാപ്പാക്ക് വേണ്ടി പ്രാർത്ഥിക്കുന്നു.
No comments:
Post a Comment